നികുതിയുടെ കാര്യത്തിൽ യേശുവിനെ കുടുക്കാൻ പരീശന്മാരും ഹെരോദപക്ഷക്കാരും ശ്രമിക്കുന്നു

കൈസർക്കു നികുതി കൊടുക്കുന്ന കാര്യത്തിൽ യേശുവിനെ കുടുക്കാൻ പരീശന്മാരും ഹെരോദപക്ഷക്കാരും ശ്രമിക്കുന്നു.

ക്രി.പി. 30 അല്ലെങ്കിൽ 29

Biblica® Open Malayalam Contemporary Version™ (OMCV)

മത്തായി 22:15–22

22:15 യേശുവിനെ വാക്കിൽക്കുടുക്കി അറസ്റ്റ് ചെയ്യുന്നതിനു പരീശന്മാർ പോയി ഗൂഢാലോചന നടത്തി.

16 അവർ തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടൊപ്പം യേശുവിന്റെ അടുക്കൽ അയച്ചു. അവർ അദ്ദേഹത്തോട്, “ഗുരോ, അങ്ങ് സത്യസന്ധൻ എന്നും ദൈവികമാർഗം അങ്ങ് സത്യസന്ധമായിമാത്രം പഠിപ്പിക്കുന്നു എന്നും ഞങ്ങൾക്കറിയാം. അങ്ങ് പക്ഷപാതം കാണിക്കുന്നില്ല, അതുകൊണ്ട് ആർക്കും അങ്ങയെ സ്വാധീനിക്കാൻ കഴിയുകയില്ല. 17 അങ്ങയുടെ അഭിപ്രായം എന്താണ്? റോമൻ കൈസർക്ക് നികുതി കൊടുക്കുന്നത് ശരിയാണോ?” എന്നു ചോദിച്ചു.

18 യേശു അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിയിട്ട്, “കാപട്യം നിറഞ്ഞവരേ, നിങ്ങൾ എന്നെ കുടുക്കാൻ തുനിയുന്നതെന്തിന്?

19 നികുതി കൊടുക്കാൻ ഉപയോഗിക്കുന്ന ഒരു നാണയം കാണിക്കൂ” എന്നു പറഞ്ഞു. അവർ ഒരു റോമൻ നാണയം കൊണ്ടുവന്ന് അദ്ദേഹത്തെ കാണിച്ചു.

20 യേശു അവരോട്, “ഇതിൽ മുദ്രണം ചെയ്തിരിക്കുന്ന രൂപവും ലിഖിതവും ആരുടേത്?” എന്നു ചോദിച്ചു.

21 “കൈസറുടേത്,” അവർ മറുപടി പറഞ്ഞു.

അങ്ങനെയെങ്കിൽ “കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക” എന്ന് അദ്ദേഹം അവരോടു പറഞ്ഞു.

22 ഇതു കേട്ട് അവർ വിസ്മയിച്ചു, അദ്ദേഹത്തെ വിട്ടുപോയി.

മർക്കോസ് 12:13–17

12:13 പിന്നീട് അവർ യേശുവിനെ അദ്ദേഹത്തിന്റെ വാക്കുകളിൽ കുടുക്കുന്നതിനു ചില പരീശന്മാരെയും ഹെരോദ്യരെയും അദ്ദേഹത്തിന്റെ അടുക്കൽ അയച്ചു.

14 അവർ വന്ന് അദ്ദേഹത്തോട്: “ഗുരോ, അങ്ങ് സത്യസന്ധനാണ്; അങ്ങ് പക്ഷപാതം കാണിക്കുന്നതുമില്ല. അതുകൊണ്ട് ആർക്കും അങ്ങയെ സ്വാധീനിക്കാൻ കഴിയുകയില്ല. ദൈവികമാർഗം അങ്ങ് സത്യസന്ധമായിമാത്രം പഠിപ്പിക്കുന്നു എന്നും ഞങ്ങൾക്കറിയാം” എന്നു പറഞ്ഞിട്ട്, “റോമൻ കൈസർക്ക് നികുതി കൊടുക്കുന്നതു ശരിയാണോ?

15 ഞങ്ങൾ കൊടുക്കണമോ കൊടുക്കാതിരിക്കണമോ?” എന്നു ചോദിച്ചു.

യേശു അവരുടെ കൗശലം മനസ്സിലാക്കിക്കൊണ്ട് അവരോടു ചോദിച്ചു: “നിങ്ങൾ എന്നെ കുടുക്കാൻ തുനിയുന്നതെന്തിന്? ഒരു റോമൻ നാണയം കൊണ്ടുവരൂ, അതു ഞാൻ നോക്കട്ടെ.”

16 അവർ ഒരു റോമൻ നാണയം കൊണ്ടുവന്നു. യേശു അവരോട്, “ഇതിൽ മുദ്രണം ചെയ്തിരിക്കുന്ന രൂപവും ലിഖിതവും ആരുടേത്?” എന്നു ചോദിച്ചു.

“കൈസറുടേത്” അവർ മറുപടി പറഞ്ഞു.

17 അപ്പോൾ യേശു, “കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക” എന്ന് അവരോടു പറഞ്ഞു.

അദ്ദേഹത്തിന്റെ മറുപടികേട്ട് അവർ വിസ്മയിച്ചു.

ലൂക്കോസ് 20:20–26

20:20 അവർ യേശുവിനെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. യേശുവിനെ വാക്കിൽക്കുടുക്കി റോമൻ നിയമപ്രകാരമുള്ള വല്ല കുറ്റവും ചെയ്യിച്ച് റോമൻ ഭരണാധികാരിക്ക് ഏൽപ്പിക്കാനുള്ള പഴുത് അന്വേഷിക്കാനായി, നീതിമാന്മാരെന്നു നടിക്കുന്ന രഹസ്യദൂതന്മാരെ യേശുവിന്റെ സമീപത്തേക്കയച്ചു.

21 അവർ അദ്ദേഹത്തോടു ചോദിച്ചു: “ഗുരോ, അങ്ങ് ശരിയായിട്ടുള്ളതു പ്രസ്താവിക്കുകയും ഉപദേശിക്കുകയും പക്ഷഭേദരഹിതനായി സത്യം അനുസരിച്ചുമാത്രം ദൈവികമാർഗം പഠിപ്പിക്കുകയുംചെയ്യുന്നു എന്ന് ഞങ്ങൾക്കറിയാം.

22 നാം റോമൻ കൈസർക്ക് നികുതി കൊടുക്കുന്നതു ശരിയാണോ?”

23 അവരുടെ തന്ത്രം മനസ്സിലാക്കിയിട്ട് അദ്ദേഹം അവരോട്,

24 “ഒരു ദിനാർനാണയം കാണിക്കുക” എന്നു പറഞ്ഞു. അതിനുശേഷം “ആരുടെ രൂപവും ലിഖിതവുമാണ് ഇതിന്മേലുള്ളത്?” എന്ന് യേശു അവരോടു ചോദിച്ചു.

“കൈസറുടേത്” അവർ മറുപടി പറഞ്ഞു.

25 “അങ്ങനെയെങ്കിൽ, കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക,” എന്ന് അദ്ദേഹം അവരോടു പറഞ്ഞു.

26 അങ്ങനെ, ജനങ്ങളുടെമുമ്പിൽവെച്ച് അദ്ദേഹത്തെ വാക്കിൽ കുടുക്കാൻ കഴിയാതെ അവർ അദ്ദേഹത്തിന്റെ മറുപടികേട്ട് ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.

പുനരുത്ഥാനത്തെക്കുറിച്ചുള്ള സദൂക്യരുടെ കുഴക്കുന്ന ചോദ്യം

സദൂക്യർ യേശുവിനോടു പുനരുത്ഥാനത്തെക്കുറിച്ച് കുഴക്കുന്ന ഒരു ചോദ്യം ചോദിക്കുന്നു.

ദൈവാലയത്തിന്റെ പ്രാകാരത്തിൽ. (ചൊവ്വാഴ്ച)

മത്തായി 22:23–33

22:23 പുനരുത്ഥാനം ഇല്ലെന്നു വാദിക്കുന്ന സദൂക്യർ ഒരു ചോദ്യവുമായി അന്നുതന്നെ, യേശുവിന്റെ അടുക്കൽവന്നു.

24 “ഗുരോ, മക്കൾ ഇല്ലാതെ ഒരു മനുഷ്യൻ മരിച്ചാൽ അയാളുടെ വിധവയെ അയാളുടെ സഹോദരൻ വിവാഹംകഴിച്ച് ജനിക്കുന്ന സന്തതിയിലൂടെ ജ്യേഷ്ഠസഹോദരന്റെ നാമം നിലനിർത്തണം എന്നു മോശ കൽപ്പിച്ചിട്ടുണ്ട്.

25 ഞങ്ങളുടെ ഇടയിൽ ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ വിവാഹംകഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു. ആ വിധവ രണ്ടാമന്റെ ഭാര്യയായിത്തീർന്നു.

26 അതുപോലെതന്നെ രണ്ടാമനും മൂന്നാമനും അങ്ങനെ ഏഴാമൻവരെ എല്ലാവർക്കും അതുതന്നെ സംഭവിച്ചു.

27 ഒടുവിൽ ആ സ്ത്രീയും മരിച്ചു.

28 അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ ആ സ്ത്രീ ആരുടെ ഭാര്യയായിത്തീരും? ആ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ.”

29 അപ്പോൾ യേശു അവരോട് ഇങ്ങനെ ഉത്തരം പറഞ്ഞു: “തിരുവെഴുത്തുകളും ദൈവശക്തിയും അറിയാത്തതുകൊണ്ടാണ് നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നത്.

30 പുനരുത്ഥിത ജീവിതത്തിൽ മനുഷ്യർ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല. അവർ സ്വർഗീയദൂതന്മാരെപ്പോലെ ആയിരിക്കും.

31-32 മരിച്ചവർ ഉയിർത്തെഴുന്നേൽക്കും എന്നതിനെക്കുറിച്ച്: ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്നു ദൈവം നിങ്ങളോട് അരുളിച്ചെയ്തത് വായിച്ചിട്ടില്ലേ? അവിടന്ന് മരിച്ചവരുടെ ദൈവമല്ല, പിന്നെയോ, ജീവനുള്ളവരുടെ ദൈവമാണ്.”

33 ഇതു കേട്ട ജനസഞ്ചയം, അദ്ദേഹത്തിന്റെ ഉപദേശത്തിൽ വിസ്മയിച്ചു.

മർക്കോസ് 12:18–27

12:18 പുനരുത്ഥാനം ഇല്ലെന്നു വാദിക്കുന്ന സദൂക്യർ ഒരു ചോദ്യവുമായി യേശുവിന്റെ അടുക്കൽവന്നു.

19 അവർ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: “ഗുരോ, ഒരാളുടെ സഹോദരൻ മക്കളില്ലാതെ മരിച്ചുപോകുകയും ഭാര്യ ശേഷിക്കുകയും ചെയ്യുന്നെങ്കിൽ അയാൾ ആ വിധവയെ വിവാഹംചെയ്തു സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കണമെന്നു മോശ കൽപ്പിച്ചിട്ടുണ്ടല്ലോ.

20 ഒരിടത്ത് ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ വിവാഹംകഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു.

21 രണ്ടാമൻ ആ വിധവയെ വിവാഹംചെയ്തു; അയാളും മക്കളില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ സംഭവിച്ചു. 22 ഇങ്ങനെ ഏഴുപേരും മക്കളില്ലാത്തവരായി മരിച്ചു; ഒടുവിൽ ആ സ്ത്രീയും മരിച്ചു.

23 അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ അവൾ ആരുടെ ഭാര്യയായിരിക്കും? അവർ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ!”

24 അപ്പോൾ യേശു അവരോട് ഇങ്ങനെ ഉത്തരം പറഞ്ഞു: “തിരുവെഴുത്തുകളും ദൈവശക്തിയും അറിയാത്തതുകൊണ്ടല്ലേ നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നത്?

25 മരിച്ചവർ ഉയിർത്തെഴുന്നേൽക്കുമ്പോൾ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല; അവർ സ്വർഗീയദൂതന്മാരെപ്പോലെ ആയിരിക്കും.

26 എന്നാൽ, മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ: മോശയുടെ പുസ്തകത്തിൽ മുൾപ്പടർപ്പിനെക്കുറിച്ചു വിവരിക്കുന്നിടത്ത് ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്നു ദൈവം മോശയോട് അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലേ?

27 അവിടന്ന് മരിച്ചവരുടെ ദൈവമല്ല, പിന്നെയോ, ജീവനുള്ളവരുടെ ദൈവമാണ്. നിങ്ങൾക്ക് വലിയ അബദ്ധം പിണഞ്ഞിരിക്കുന്നു.”

ലൂക്കോസ് 20:27–40

20:27 പുനരുത്ഥാനം ഇല്ലെന്നു വാദിക്കുന്ന സദൂക്യരിൽ ചിലർ ഒരു ചോദ്യവുമായി യേശുവിന്റെ അടുക്കൽവന്നു.

28 അവർ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: “ഗുരോ, ഒരാളുടെ സഹോദരൻ മക്കളില്ലാതെ മരിച്ചുപോകുകയും ഭാര്യ ശേഷിക്കുകയും ചെയ്യുന്നെങ്കിൽ, അയാൾ ആ വിധവയെ വിവാഹംചെയ്തു സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കണമെന്നു മോശ കൽപ്പിച്ചിട്ടുണ്ടല്ലോ.

29 ഒരിടത്ത് ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ ഒരു സ്ത്രീയെ വിവാഹംകഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു.

30 രണ്ടാമനും പിന്നെ മൂന്നാമനും അവളെ വിവാഹംകഴിച്ചു; 31 അങ്ങനെ ഏഴുപേരും വിവാഹംകഴിച്ചു, മക്കളില്ലാത്തവരായി മരിച്ചു.

32 ഒടുവിൽ ആ സ്ത്രീയും മരിച്ചു.

33 അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ അവൾ ആരുടെ ഭാര്യയായിരിക്കും? അവർ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ!”

34 യേശു അവരോടു പറഞ്ഞത്, “ഈ യുഗത്തിൽ ജീവിക്കുന്നവർ വിവാഹംകഴിക്കുകയും വിവാഹംകഴിപ്പിച്ചയയ്ക്കുകയുംചെയ്യുന്നു. 35 എന്നാൽ, മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന് യോഗ്യരായി വരുംയുഗത്തിൽ പ്രവേശിക്കുമ്പോൾ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല.

36 അവർ പുനരുത്ഥിതരായിരിക്കുകയാൽ ദൈവദൂതതുല്യരും ദൈവപുത്രരും ആകുന്നു, അതുകൊണ്ട് അവർക്ക് ഇനി മരിക്കാനും സാധ്യമല്ല.

37 മോശതന്നെ മുൾപ്പടർപ്പിനെപ്പറ്റിയുള്ള വിവരണത്തിൽ മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു എന്ന് നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്; കർത്താവിനെക്കുറിച്ച് ‘അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്നിങ്ങനെ മോശ പരാമർശിക്കുന്നുണ്ടല്ലോ.

38 അവിടന്നു മരിച്ചവരുടെ ദൈവമല്ല, പിന്നെയോ ജീവനുള്ളവരുടെ ദൈവമാണ്. ദൈവദൃഷ്ടിയിൽ എല്ലാവരും ജീവിച്ചിരിക്കുന്നവർതന്നെ.”

39 “ഗുരോ, അങ്ങയുടെ ഉത്തരം വളരെ നന്നായിരിക്കുന്നു,” വേദജ്ഞരിൽ ചിലർ പ്രതികരിച്ചു. 40 ഇതിൽപ്പിന്നെ അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം വന്നില്ല.