ഒറ്റിക്കൊടുത്ത യൂദായുടെ പശ്ചാത്താപവും ആത്മഹത്യയും

ദൈവാലയത്തിലും ജെറുശലേമിന്റെ മതിലുകൾക്കു പുറത്തുള്ള ഒരിടത്തും. വെള്ളിയാഴ്ച രാവിലെ

ക്രി.പി. 30 അല്ലെങ്കിൽ 29

Biblica® Open Malayalam Contemporary Version™ (OMCV)

മത്തായി 27:3–10

27:3 യേശുവിനെ വധശിക്ഷയ്ക്ക് വിധിച്ചു എന്ന് അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ അറിഞ്ഞപ്പോൾ അതിദുഃഖിതനായിത്തീർന്നു. അയാൾ ആ മുപ്പത് വെള്ളിനാണയങ്ങൾ പുരോഹിതമുഖ്യന്മാർക്കും സമുദായനേതാക്കന്മാർക്കും തിരികെ നൽകിക്കൊണ്ട്, 4 “ഞാൻ പാപംചെയ്തിരിക്കുന്നു; നിഷ്കളങ്കരക്തത്തെ ഞാൻ ഒറ്റിക്കൊടുത്തല്ലോ” എന്നു പറഞ്ഞു.

“അതിന് ഞങ്ങൾക്ക് എന്തുവേണം? അത് നിന്റെ കാര്യം,” എന്ന് അവർ മറുപടി പറഞ്ഞു.

5 യൂദാ ആ നാണയങ്ങൾ ദൈവാലയത്തിലേക്കു വലിച്ചെറിഞ്ഞശേഷം പോയി കെട്ടിത്തൂങ്ങി ആത്മഹത്യചെയ്തു.

6 പുരോഹിതമുഖ്യന്മാർ ആ നാണയങ്ങൾ പെറുക്കിയെടുത്തുകൊണ്ട്, “ഇത് രക്തത്തിന്റെ വിലയാകുകയാൽ ദൈവാലയഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതു നിയമവിരുദ്ധമാണ്” എന്നു പറഞ്ഞ്, 7 ആ പണംകൊണ്ട് വിദേശികളെ മറവുചെയ്യുന്ന ഒരു ശ്മശാനത്തിനായി കുശവന്റെ നിലം വാങ്ങാൻ നിശ്ചയിച്ചു. 8 അതുകൊണ്ട് ആ സ്ഥലം ഇന്നും “രക്തനിലം” എന്നപേരിൽ അറിയപ്പെടുന്നു. 9 “ഇസ്രായേൽജനം യേശുവിന് നിശ്ചയിച്ച വിലയായ മുപ്പതു വെള്ളിനാണയങ്ങൾ അവർ എടുത്ത്, 10 കർത്താവ് എന്നോടു കൽപ്പിച്ചിരുന്നതുപോലെതന്നെ കുശവന്റെ നിലം വാങ്ങാൻ അവർ ഉപയോഗിച്ചു” എന്ന് യിരെമ്യാപ്രവാചകൻ പ്രസ്താവിച്ചത് ഇങ്ങനെ നിറവേറി.

യേശു ആദ്യമായി പീലാത്തോസിന്റെ മുമ്പിൽ

ജെറുശലേം. വെള്ളിയാഴ്ച അതിരാവിലെ

മത്തായി 27:2, 11–14

27:2 അദ്ദേഹത്തെ ബന്ധിച്ച് അവിടെനിന്ന് കൊണ്ടുപോയി റോമൻ ഭരണാധികാരിയായ പീലാത്തോസിന് കൈമാറി.

11 ഈ സമയം റോമൻ ഭരണാധികാരിയായ പീലാത്തോസിന്റെ മുമ്പിൽ യേശുവിനെ നിർത്തി. അദ്ദേഹം യേശുവിനോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്നു ചോദിച്ചു.

അതിന് യേശു, “താങ്കൾ പറയുന്നതുപോലെതന്നെ” എന്നു മറുപടി പറഞ്ഞു.

12 പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും യേശുവിന്റെമേൽ കുറ്റങ്ങൾ ആരോപിച്ചുകൊണ്ടിരുന്നു; അതിനു മറുപടിയായി യാതൊന്നും അദ്ദേഹം പറഞ്ഞില്ല.

13 അപ്പോൾ പീലാത്തോസ്, “ഇവർ നിനക്കെതിരായി ഇത്രയേറെ ആരോപണങ്ങൾ ഉന്നയിക്കുന്നതൊന്നും നീ കേൾക്കുന്നില്ലേ?” എന്നു ചോദിച്ചു.

14 എന്നാൽ യേശു ആ ആരോപണങ്ങൾക്കൊന്നും ഒരു വാക്കുകൊണ്ടുപോലും പ്രത്യുത്തരം പറഞ്ഞില്ല എന്നത് പീലാത്തോസിനെ വളരെയേറെ അത്ഭുതപ്പെടുത്തി.

മർക്കോസ് 15:2–5

15:2 “നീയാണോ യെഹൂദരുടെ രാജാവ്?” പീലാത്തോസ് ചോദിച്ചു.

“അതേ, താങ്കൾ പറയുന്നതു ശരിതന്നെ,” യേശു ഉത്തരം പറഞ്ഞു.

3 പുരോഹിതമുഖ്യന്മാർ യേശുവിനെതിരായി പല ആരോപണങ്ങളും ഉന്നയിച്ചു.

4 പീലാത്തോസ് വീണ്ടും യേശുവിനോട്, “താങ്കൾ മറുപടി ഒന്നും പറയുന്നില്ലേ? നോക്കൂ, എത്രയോ ആരോപണങ്ങളാണ് ഇവർ താങ്കൾക്കെതിരേ ഉന്നയിക്കുന്നത്?” എന്നു ചോദിച്ചു.

5 എന്നിട്ടും യേശു മറുപടിയൊന്നും പറയാതിരുന്നതുകൊണ്ടു പീലാത്തോസ് ആശ്ചര്യപ്പെട്ടു.

ലൂക്കോസ് 23:1–5

23:1 അനന്തരം ആ സംഘം ഒന്നാകെ എഴുന്നേറ്റ് യേശുവിനെ റോമൻ ഭരണാധികാരിയായ പീലാത്തോസിന്റെ അടുത്തേക്ക് കൊണ്ടുപോയി. 2 “ഈ മനുഷ്യൻ ഞങ്ങളുടെ ജനങ്ങളെ വഴിതെറ്റിക്കുന്നതായി ഞങ്ങൾ കണ്ടിരിക്കുന്നു. കൈസർക്കു നികുതി കൊടുക്കുന്നത് ഇയാൾ വിലക്കുകയും താൻ ക്രിസ്തു എന്ന രാജാവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു,” എന്നു പറഞ്ഞുകൊണ്ട് അവർ അദ്ദേഹത്തിന്റെമേൽ കുറ്റം ആരോപിക്കാൻ തുടങ്ങി.

3 പീലാത്തോസ് യേശുവിനോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്നു ചോദിച്ചു.

അതിന് യേശു, “അതേ, താങ്കൾ പറയുന്നതുപോലെതന്നെ” എന്നു മറുപടി പറഞ്ഞു.

4 അപ്പോൾ പീലാത്തോസ് പുരോഹിതമുഖ്യന്മാരോടും ജനക്കൂട്ടത്തോടും, “ഞാൻ ഈ മനുഷ്യനിൽ കുറ്റമൊന്നും കാണുന്നില്ല” എന്നു പ്രഖ്യാപിച്ചു.

5 അതിന് അവർ, “ഇവൻ അങ്ങ് ഗലീലാപ്രവിശ്യയിൽ ആരംഭിച്ച് ഇങ്ങ് യെഹൂദ്യവരെ എല്ലായിടത്തും ജനങ്ങളെ തന്റെ ഉപദേശംകൊണ്ട് കലഹിപ്പിക്കുകയാണ്” എന്നു തറപ്പിച്ചുപറഞ്ഞു.

യോഹന്നാൻ 18:28–38

18:28 അതിരാവിലെതന്നെ യെഹൂദനേതാക്കന്മാർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽനിന്ന് റോമൻ ഭരണാധികാരിയുടെ ആസ്ഥാനത്തേക്കു കൊണ്ടുപോയി. തങ്ങൾക്കു പെസഹ ഭക്ഷിക്കേണ്ടിയിരുന്നതിനാൽ ആചാരപരമായ അശുദ്ധി ഒഴിവാക്കാൻ അവർ അരമനയിലേക്കു കടന്നില്ല. 29 അതിനാൽ പീലാത്തോസ് പുറത്തേക്കു വന്ന് അവരോട്, “ഈ മനുഷ്യന്റെമേൽ നിങ്ങൾ ആരോപിക്കുന്ന കുറ്റം എന്ത്?” എന്നു ചോദിച്ചു.

30 “കുറ്റവാളി അല്ലായിരുന്നെങ്കിൽ ഞങ്ങൾ ഇയാളെ അങ്ങയുടെപക്കൽ ഏൽപ്പിക്കുകയില്ലായിരുന്നു.” അവർ ഉത്തരം പറഞ്ഞു.

31 അതിനു പീലാത്തോസ്, “നിങ്ങൾതന്നെ അയാളെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണം അനുസരിച്ചു ന്യായവിധിനടത്തുക” എന്നു പറഞ്ഞു.

“മരണശിക്ഷ നൽകാനുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ!” അവർ പറഞ്ഞു. 32 താൻ മരിക്കുന്നത് ഏതുവിധത്തിലായിരിക്കും എന്ന് യേശു മുൻകൂട്ടി അരുളിച്ചെയ്ത വാക്കുകൾ നിറവേറുന്നതിന് ഇതു സംഭവിച്ചു.

33 പീലാത്തോസ് അരമനയ്ക്കുള്ളിലേക്കു തിരികെപ്പോയി, യേശുവിനെ വിളിപ്പിച്ച് അദ്ദേഹത്തോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്നു ചോദിച്ചു.

34 “ഇത് താങ്കളുടെതന്നെ ചോദ്യമോ? അതോ മറ്റുള്ളവർ താങ്കളെക്കൊണ്ട് ചോദിപ്പിച്ചതോ?” യേശു മറുചോദ്യം ചോദിച്ചു.

35 “ഞാൻ ഒരു യെഹൂദനോ?” പീലാത്തോസ് ചോദിച്ചു. “നിന്റെ ജനങ്ങളും പുരോഹിതമുഖ്യന്മാരുമാണ് നിന്നെ എന്റെപക്കൽ ഏൽപ്പിച്ചത്. നീ എന്തു കുറ്റമാണു ചെയ്തത്?”

36 അതിനുത്തരമായി യേശു പറഞ്ഞു, “എന്റെ രാജ്യം ഈ ലോകത്തിൽനിന്നുള്ളതല്ല. എന്റെ രാജ്യം ഈ ലോകത്തിൽനിന്ന് ഉള്ളതായിരുന്നെങ്കിൽ യെഹൂദനേതാക്കന്മാർ എന്നെ പിടിക്കാതിരിക്കാൻ എന്റെ സൈന്യം പോരാടുമായിരുന്നു. എന്നാൽ ഇപ്പോൾ എന്റെ രാജ്യം ഈ ലോകത്തിൽനിന്നുള്ളതേ അല്ല.”

37 “അപ്പോൾ നീ ഒരു രാജാവുതന്നെയോ?” പീലാത്തോസ് ചോദിച്ചു.

“ഞാൻ ഒരു ‘രാജാവ് ആകുന്നു’ എന്ന് താങ്കളാണു പറയുന്നത്. വാസ്തവത്തിൽ, സത്യത്തിനു സാക്ഷ്യംവഹിക്കാനാണു ഞാൻ ജനിച്ചതും ലോകത്തിലേക്കു വന്നതും. സത്യത്തിന്റെ പക്ഷത്തുള്ളവർ എന്റെ വാക്കു കേൾക്കുന്നു,” യേശു മറുപടി പറഞ്ഞു.

38 “എന്താണ് സത്യം?” പീലാത്തോസ് ആരാഞ്ഞു. അതിനുശേഷം അദ്ദേഹം യെഹൂദനേതാക്കന്മാരുടെ അടുത്തുചെന്ന്, “അയാളിൽ കുറ്റംചുമത്താൻ ഞാൻ ഒരു അടിസ്ഥാനവും കാണുന്നില്ല.

യേശു ചതുർഭരണാധിപനായ ഹെരോദാവ് അന്തിപ്പാസിന്റെ മുമ്പിൽ

ജെറുശലേം. വെള്ളിയാഴ്ച അതിരാവിലെ

ലൂക്കോസ് 23:6–12

23:6 ഇതു കേട്ടപ്പോൾ പീലാത്തോസ് ചോദിച്ചു: “ഈ മനുഷ്യൻ ഗലീലക്കാരനോ?” 7 യേശു ഹെരോദാവിന്റെ അധികാരപരിധിയിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞിട്ട്, അയാൾ അദ്ദേഹത്തെ ആ സമയത്തു ജെറുശലേമിൽ ഉണ്ടായിരുന്ന, ഹെരോദാവിന്റെ അടുത്തേക്കയച്ചു.

8 യേശുവിനെ കണ്ട് ഹെരോദാവ് അത്യധികം ആനന്ദിച്ചു, കാരണം അയാൾ വളരെക്കാലമായി അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. യേശുവിനെക്കുറിച്ചു കേട്ടിരുന്നതിന്റെ അടിസ്ഥാനത്തിൽ, അദ്ദേഹം എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കുന്നതു കാണാമെന്നു പ്രതീക്ഷിച്ചു. 9 അയാൾ യേശുവിനോട് ഒട്ടേറെ ചോദ്യങ്ങൾ ചോദിച്ചെങ്കിലും യേശു അയാൾക്ക് യാതൊരുത്തരവും നൽകിയില്ല. 10 പുരോഹിതമുഖ്യന്മാരും വേദജ്ഞരും ശക്തിയുക്തം അദ്ദേഹത്തിൽ കുറ്റം ആരോപിച്ചുകൊണ്ടിരുന്നു. 11 ഹെരോദാവും അയാളുടെ സൈനികരും അദ്ദേഹത്തെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്തു. പിന്നെ, അദ്ദേഹത്തെ വിശിഷ്ടമായ പുറങ്കുപ്പായം ധരിപ്പിച്ച് പീലാത്തോസിന്റെ അടുത്തേക്ക് മടക്കി അയച്ചു. 12 അന്ന് ഹെരോദാവും പീലാത്തോസും സ്നേഹിതന്മാരായിത്തീർന്നു; അതിനുമുമ്പ് അവർ പരസ്പരം ശത്രുക്കളായിരുന്നു.