യേശു രണ്ടാംപ്രാവശ്യം പീലാത്തോസിന്റെ മുമ്പിൽ
വെള്ളിയാഴ്ച സൂര്യോദയത്തോടടുത്ത് (യോഹന്നാൻ 19:14)
ക്രിസ്തുവിനെ ക്രൂശിക്കണമെന്ന ന്യായാധിപസമിതിയുടെ ആവശ്യത്തിനു പീലാത്തോസ് സാവധാനം, മനസ്സില്ലാമനസ്സോടെയും ഭയത്തോടെയും വഴങ്ങുന്നു.
ക്രി.പി. 30 അല്ലെങ്കിൽ 29
Biblica® Open Malayalam Contemporary Version™ (OMCV)
മത്തായി 27:15–26
27:15 പെസഹാഘോഷവേളയിൽ ജനക്കൂട്ടം തെരഞ്ഞെടുക്കുന്ന ഒരു തടവുകാരനെ മോചിപ്പിക്കുക ഭരണാധികാരിയുടെ പതിവായിരുന്നു.
16 ആ വർഷം അവിടെ ബറബ്ബാസ് എന്നു പേരുള്ള കുപ്രസിദ്ധനായ ഒരുവൻ തടവിലുണ്ടായിരുന്നു.
17 ജനം പീലാത്തോസിന്റെ അരമനാങ്കണത്തിൽ ഒരുമിച്ചുകൂടിയപ്പോൾ, പീലാത്തോസ് അവരോട്, “ബറബ്ബാസിനെയോ ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന യേശുവിനെയോ; ഇവരിൽ ആരെയാണ് ഞാൻ നിങ്ങൾക്ക് മോചിപ്പിച്ചുതരേണ്ടത്?” എന്നു ചോദിച്ചു.
18 അവർ അസൂയ നിമിത്തമാണ് യേശുവിനെ തന്റെ പക്കൽ ഏൽപ്പിച്ചതെന്ന് അദ്ദേഹത്തിന് വ്യക്തമായിരുന്നു.
19 പീലാത്തോസ് ന്യായാസനത്തിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ പത്നി ഒരു സന്ദേശം കൊടുത്തയച്ചു: “നിരപരാധിയായ ആ മനുഷ്യന്റെ കാര്യത്തിൽ ഇടപെടരുത്. ഇന്ന് അദ്ദേഹംനിമിത്തം ഞാൻ സ്വപ്നത്തിൽ വളരെ അസ്വസ്ഥയായി.”
20 എന്നാൽ, ബറബ്ബാസിനെ മോചിപ്പിക്കുന്നതിനും യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കുന്നതിനുമായി അപേക്ഷിക്കാൻ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും ജനക്കൂട്ടത്തെ വശീകരിച്ചിരുന്നു.
21 “ഈ രണ്ടുപേരിൽ ആരെ മോചിപ്പിക്കണമെന്നതാണ് നിങ്ങളുടെ ആവശ്യം?” ഭരണാധികാരി ചോദിച്ചു.
“ബറബ്ബാസിനെ,” അവർ മറുപടി പറഞ്ഞു.
22 “അപ്പോൾ, ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം?” പീലാത്തോസ് ചോദിച്ചു.
“അവനെ ക്രൂശിക്ക!” അവർ ഏകസ്വരത്തിൽ പ്രതിവചിച്ചു.
23 “എന്തിന്? അയാൾ എന്തു കുറ്റമാണു ചെയ്തത്?” പീലാത്തോസ് ചോദിച്ചു.
എന്നാൽ അവർ അത്യുച്ചത്തിൽ, “അവനെ ക്രൂശിക്ക!” എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു.
24 തനിക്കൊരു തീരുമാനമെടുക്കാൻ സാധിക്കുന്നില്ല, മറിച്ച് ഒരു ലഹള പൊട്ടിപ്പുറപ്പെടാൻ പോകുന്നു എന്നു മനസ്സിലാക്കി, “ഈ മനുഷ്യന്റെ രക്തം സംബന്ധിച്ച് ഞാൻ നിരപരാധിയാണ്, നിങ്ങളാണ് ഇതിന് ഉത്തരവാദികൾ” എന്നു പറഞ്ഞ് പീലാത്തോസ് വെള്ളം എടുത്ത് ജനക്കൂട്ടം കാൺകെ തന്റെ കൈകഴുകി.
25 “അയാളുടെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വന്നുകൊള്ളട്ടെ,” അവർ എല്ലാവരുംകൂടി ഉറക്കെ വിളിച്ചുപറഞ്ഞു.
26 അപ്പോൾ പീലാത്തോസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു; യേശുവിനെയോ ചമ്മട്ടികൊണ്ട് അടിപ്പിച്ചതിനുശേഷം ക്രൂശിക്കാൻ പട്ടാളത്തെ ഏൽപ്പിച്ചു.
മർക്കോസ് 15:6–15
15:6 പെസഹാഘോഷവേളയിൽ ജനങ്ങൾ ആവശ്യപ്പെടുന്ന ഒരു തടവുകാരനെ മോചിപ്പിക്കുക പതിവായിരുന്നു.
7 വിപ്ളവത്തിനിടയിൽ കൊല നടത്തിയ ബറബ്ബാസ് എന്നു പേരുള്ള ഒരു തീവ്രവാദി ഈ സമയത്ത് കാരാഗൃഹത്തിൽ ഉണ്ടായിരുന്നു. 8 ജനക്കൂട്ടം പീലാത്തോസിന്റെ അടുക്കൽ ചെന്നു തങ്ങൾക്കുവേണ്ടി പതിവുപോലെ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
9 പുരോഹിതമുഖ്യന്മാർ അസൂയ നിമിത്തമാണ് യേശുവിനെ തന്റെ പക്കൽ ഏൽപ്പിച്ചതെന്ന് അറിഞ്ഞിരുന്ന പീലാത്തോസ് അവരോട്,
10 “യെഹൂദരുടെ രാജാവിനെ നിങ്ങൾക്കായി മോചിപ്പിച്ചുതരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു.
11 എന്നാൽ, ബറബ്ബാസിനെയാണ് മോചിപ്പിക്കേണ്ടതെന്ന് പീലാത്തോസിനോട് ആവശ്യപ്പെടാൻ പുരോഹിതമുഖ്യന്മാർ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചിരുന്നു.
12 “എങ്കിൽ, യെഹൂദരുടെ രാജാവെന്നു നിങ്ങൾ വിളിക്കുന്ന ഇയാളെ ഞാൻ എന്തു ചെയ്യണം?” പീലാത്തോസ് വീണ്ടും അവരോടു ചോദിച്ചു.
13 “അവനെ ക്രൂശിക്ക!” അവർ കൂടുതൽ ഉച്ചത്തിൽ അട്ടഹസിച്ചു.
14 “എന്തിന്? അയാൾ എന്തു കുറ്റമാണു ചെയ്തത്?” പീലാത്തോസ് ചോദിച്ചു.
എന്നാൽ, അവർ അത്യുച്ചത്തിൽ, “അവനെ ക്രൂശിക്ക” എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു.
15 ജനക്കൂട്ടത്തെ അനുനയിപ്പിക്കാൻ ആഗ്രഹിച്ചുകൊണ്ട് പീലാത്തോസ് ബറബ്ബാസിനെ അവർക്കുവേണ്ടി മോചിപ്പിച്ചു. അയാൾ യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചതിനുശേഷം, ക്രൂശിക്കാൻ പട്ടാളത്തെ ഏൽപ്പിച്ചു.
ലൂക്കോസ് 23:13–25
23:13 പീലാത്തോസ് പുരോഹിതമുഖ്യന്മാരെയും ഭരണാധികാരികളെയും ജനങ്ങളെയും വിളിച്ചുകൂട്ടി, അവരോട് ഇങ്ങനെ വിധിപ്രസ്താവിച്ചു: 14 “ഈ മനുഷ്യൻ ജനങ്ങളെ കലഹത്തിനായി പ്രേരിപ്പിക്കുന്നു എന്നു പറഞ്ഞ് നിങ്ങൾ ഇയാളെ എന്റെ അടുക്കൽ കൊണ്ടുവന്നു. ഞാൻ നിങ്ങളുടെമുമ്പാകെ ഇയാളെ വിസ്തരിച്ചിട്ടും ഇയാൾക്കെതിരേ നിങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യാതൊരടിസ്ഥാനവും കാണാൻ കഴിഞ്ഞില്ല; 15 ഹെരോദാവിനും അതു കഴിഞ്ഞില്ല; അദ്ദേഹം ഇയാളെ നമ്മുടെ അടുക്കൽ മടക്കി അയച്ചിരിക്കുന്നല്ലോ. ഇയാൾ മരണയോഗ്യമായതൊന്നും ചെയ്തിട്ടില്ല.
16 അതുകൊണ്ട് ഇയാളെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് നാം വിട്ടയയ്ക്കും.”
17 പെസഹാഘോഷവേളയിൽ ജനക്കൂട്ടം തെരഞ്ഞെടുക്കുന്ന ഒരു തടവുകാരനെ ഭരണാധികാരി മോചിപ്പിക്കുക പതിവുണ്ടായിരുന്നു.
18 അവർ ഒറ്റസ്വരത്തിൽ ഉറക്കെ വിളിച്ചു: “ഇവനെ നീക്കിക്കളയുക, ബറബ്ബാസിനെ മോചിപ്പിക്കുക!” 19 (എന്നാൽ ഈ ബറബ്ബാസ് നഗരത്തിലുണ്ടായ ഒരു കലാപവും കൊലപാതകവും നിമിത്തം തടവിൽ അടയ്ക്കപ്പെട്ടവൻ ആയിരുന്നു.)
20 യേശുവിനെ മോചിപ്പിക്കാൻ ആഗ്രഹിച്ച് പീലാത്തോസ് അവരോടു വീണ്ടും സംസാരിച്ചു. 21 അവരോ, അത്യുച്ചത്തിൽ “അവനെ ക്രൂശിക്ക, അവനെ ക്രൂശിക്ക” എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
22 പീലാത്തോസ് മൂന്നാമതും അവരോടു ചോദിച്ചു: “അയാൾ എന്തു കുറ്റമാണു ചെയ്തത്? മരണശിക്ഷയ്ക്കു യോഗ്യമായതൊന്നും ഞാൻ ഇയാളിൽ കണ്ടില്ല; അതുകൊണ്ട് ഞാൻ ഇവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും.”
23 അവരോ, നിർബന്ധപൂർവം “യേശുവിനെ ക്രൂശിക്കണം,” എന്ന് ഉച്ചസ്വരത്തിൽ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവരുടെ നിലവിളി വിജയംകണ്ടു.
24 അങ്ങനെ, അവരുടെ ആവശ്യം സാധിച്ചുകൊടുക്കാൻ പീലാത്തോസ് തീരുമാനിച്ചു.
25 കലാപത്തിനും കൊലപാതകത്തിനും തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നവനെ അവരുടെ ആവശ്യപ്രകാരം മോചിപ്പിക്കുകയും യേശുവിനെ അവരുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കുകയും ചെയ്തു.
യോഹന്നാൻ 18:39–19:16
18:39 പെസഹാപ്പെരുന്നാളിൽ ഒരു തടവുകാരനെ സ്വതന്ത്രനാക്കി വിട്ടുതരുന്ന പതിവുണ്ടല്ലോ. ‘യെഹൂദരുടെ രാജാവിനെ’ ഞാൻ മോചിപ്പിച്ചുതരട്ടേ?” എന്നു ചോദിച്ചു.
40 “വേണ്ടാ, ഇയാളെ വേണ്ടാ, ബറബ്ബാസിനെ ഞങ്ങൾക്കു മോചിച്ചു തരിക,” എന്ന് അവർ ഉച്ചത്തിൽ ആർത്തുവിളിച്ചു. ബറബ്ബാസ് ഒരു വിപ്ളവകാരി ആയിരുന്നു.
19:1 അപ്പോൾ പീലാത്തോസ് യേശുവിനെ അരമനയ്ക്കുള്ളിൽ കൊണ്ടുപോയി ചമ്മട്ടികൊണ്ട് അടിപ്പിച്ചു. 2 സൈനികർ ഒരു മുൾക്കിരീടം മെടഞ്ഞുണ്ടാക്കി അദ്ദേഹത്തിന്റെ ശിരസ്സിൽ വെച്ചു. പിന്നീട് ഊതനിറമുള്ള ഒരു പുറങ്കുപ്പായം ധരിപ്പിച്ചു. 3 “യെഹൂദരുടെ രാജാവ്, നീണാൾ വാഴട്ടെ!” എന്നു (പരിഹസിച്ചു) പറഞ്ഞുകൊണ്ട് യേശുവിന്റെ കരണത്തടിച്ചു.
4 പീലാത്തോസ് പിന്നെയും പുറത്തുവന്നു, “ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല!” എന്നും, തുടർന്ന് “അത് നിങ്ങൾ അറിയേണ്ടതിന് ഇതാ ഞാൻ അയാളെ നിങ്ങളുടെ അടുക്കൽ പുറത്തുകൊണ്ടുവരുന്നു.” എന്നും യെഹൂദനേതാക്കന്മാരോടു പറഞ്ഞു. 5 യേശു മുൾക്കിരീടവും ഊതനിറമുള്ള പുറങ്കുപ്പായവും ധരിച്ചു പുറത്തുവന്നപ്പോൾ പീലാത്തോസ് അവരോട്, “ഇതാ ആ മനുഷ്യൻ!” എന്നു പറഞ്ഞു.
6 പുരോഹിതമുഖ്യന്മാരും അവരുടെ സേവകരും യേശുവിനെ കണ്ടപ്പോൾ “ക്രൂശിക്ക, ക്രൂശിക്ക,” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
പീലാത്തോസ്, “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോയി ക്രൂശിക്കുക. ഞാൻ ഇയാളിൽ ഒരു കുറ്റവും കാണുന്നില്ല,” എന്നു പറഞ്ഞു.
7 യെഹൂദനേതാക്കന്മാർ അതിനു മറുപടിയായി, “ഞങ്ങൾക്കൊരു ന്യായപ്രമാണമുണ്ട്. ദൈവപുത്രൻ എന്നു സ്വയം അവകാശപ്പെടുകയാൽ ആ ന്യായപ്രമാണം അനുസരിച്ച് ഇയാൾ മരണയോഗ്യനാണ്” എന്നു പറഞ്ഞു.
8 ഈ പ്രസ്താവം കേട്ടപ്പോൾ പീലാത്തോസ് വളരെയധികം ഭയപ്പെട്ടു. 9 അയാൾ വീണ്ടും അരമനയ്ക്കുള്ളിലേക്കു ചെന്ന്, “നീ എവിടെനിന്നുള്ളവൻ?” എന്ന് യേശുവിനോടു ചോദിച്ചു. എന്നാൽ, യേശു അതിനു മറുപടിയൊന്നും പറഞ്ഞില്ല. 10 പീലാത്തോസ് വീണ്ടും ചോദിച്ചു: “നീ എന്നോടൊന്നും സംസാരിക്കാത്തതെന്ത്? നിന്നെ മോചിപ്പിക്കാനും ക്രൂശിൽ തറപ്പിക്കാനും എനിക്കധികാരമുണ്ടെന്ന് നീ അറിയുന്നില്ലേ?”
11 അതിന് യേശു മറുപടി പറഞ്ഞു, “മുകളിൽനിന്ന് നൽകപ്പെട്ടില്ലായിരുന്നെങ്കിൽ താങ്കൾക്ക് എന്റെമേൽ ഒരധികാരവും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് എന്നെ താങ്കളുടെപക്കൽ ഏൽപ്പിച്ചുതന്നവനാണ് കൂടുതൽ പാപമുള്ളത്.”
12 അപ്പോൾമുതൽ യേശുവിനെ വിട്ടയയ്ക്കാൻ പീലാത്തോസ് പരിശ്രമിച്ചു. എന്നാൽ യെഹൂദനേതാക്കന്മാർ, “ഈ മനുഷ്യനെ വിട്ടയച്ചാൽ, അങ്ങ് കൈസറുടെ സ്നേഹിതനല്ല. സ്വയം രാജാവെന്ന് അവകാശപ്പെടുന്നവൻ കൈസറോടു മത്സരിക്കുന്നു” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
13 ഈ വാക്കുകൾ പീലാത്തോസ് കേട്ടപ്പോൾ, യേശുവിനെ പുറത്തുകൊണ്ടുവന്നു; എബ്രായഭാഷയിൽ ഗബ്ബഥാ, അതായത്, കൽത്തളം എന്നു പേരുള്ള സ്ഥലത്തുവന്ന് ന്യായാസനത്തിൽ ഉപവിഷ്ടനായി. 14 ഇതു സംഭവിച്ചത് പെസഹാപ്പെരുന്നാളിന്റെ തലേദിവസമായ ഒരുക്കനാളിന്റെ മധ്യാഹ്നസമയത്ത് ആയിരുന്നു.
പീലാത്തോസ് യെഹൂദനേതാക്കന്മാരോട്, “ഇതാ നിങ്ങളുടെ രാജാവ്” എന്നു പറഞ്ഞു.
15 എന്നാൽ അവർ, “അവനെ കൊന്നുകളക, കൊന്നുകളക, അവനെ ക്രൂശിക്ക” എന്നിങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു.
“നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിലേറ്റണമോ?” പീലാത്തോസ് ചോദിച്ചു.
“ഞങ്ങൾക്കു കൈസറല്ലാതെ മറ്റൊരു രാജാവില്ല,” പുരോഹിതമുഖ്യന്മാർ ഉത്തരം പറഞ്ഞു.
16 ഒടുവിൽ പീലാത്തോസ് യേശുവിനെ ക്രൂശിക്കാനായി അവർക്കു വിട്ടുകൊടുത്തു.
പടയാളികൾ യേശുവിനെ ഏറ്റുവാങ്ങി.