പത്രോസ് തന്റെ കർത്താവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറയുന്നു
തുടർച്ചയായ വിചാരണകൾക്കിടെ, മഹാപുരോഹിതന്റെ വസതിയുടെ മുറ്റത്ത്. വെള്ളിയാഴ്ച പുലരുന്നതിനുമുമ്പും പുലർച്ചയോടടുത്തും
ക്രി.പി. 30 അല്ലെങ്കിൽ 29
Biblica® Open Malayalam Contemporary Version™ (OMCV)
മത്തായി 26:58, 69–75
26:58 അപ്പോൾ പത്രോസ്, മഹാപുരോഹിതന്റെ അരമനാങ്കണത്തിൽ എത്തുന്നതുവരെ അൽപ്പം അകലംവിട്ട് അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു. പത്രോസ് അങ്കണത്തിനുള്ളിൽക്കടന്ന്, എന്ത് സംഭവിക്കും എന്നറിയാൻ കാത്ത് കാവൽക്കാരോടൊപ്പം ഇരുന്നു.
69 പത്രോസ് പുറത്ത് അങ്കണത്തിൽ ഇരിക്കുകയായിരുന്നു. ഒരു വേലക്കാരി അദ്ദേഹത്തെ സമീപിച്ച്, “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നല്ലോ” എന്നു പറഞ്ഞു.
70 എന്നാൽ പത്രോസ് അവരുടെയെല്ലാം മുമ്പിൽവെച്ച് അതു നിഷേധിച്ച്, “നീ എന്താണ് പറയുന്നത് എനിക്ക്; മനസ്സിലാകുന്നില്ലല്ലോ” എന്നു പറഞ്ഞു.
71 പിന്നെ അയാൾ അങ്കണകവാടത്തിലേക്ക് പോയി. അവിടെവെച്ച് മറ്റൊരു വേലക്കാരി അയാളെ കണ്ടിട്ട് അവിടെ ഉണ്ടായിരുന്നവരോട്, “ഈ മനുഷ്യൻ നസറായനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നു” എന്നു പറഞ്ഞു.
72 അയാൾ വീണ്ടും അതു നിഷേധിച്ചു; ആണയിട്ടുകൊണ്ട്, “ആ മനുഷ്യനെ എനിക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു.
73 അൽപ്പസമയം കഴിഞ്ഞ്, അവിടെ നിന്നിരുന്നവർ പത്രോസിന്റെ അടുക്കൽ ചെന്ന്, “ഒരു സംശയവുമില്ല, നീ അവരിൽ ഒരാൾതന്നെയാണ്, നിന്റെ ഉച്ചാരണംതന്നെ അതു വ്യക്തമാക്കുന്നല്ലോ” എന്നു പറഞ്ഞു.
74 അപ്പോൾ പത്രോസ്, “ഞാൻ ആ മനുഷ്യനെ അറിയുകയേ ഇല്ല!” എന്ന് അവരോടു പറഞ്ഞുകൊണ്ട് ആണയിടാനും ശപിക്കാനും തുടങ്ങി.
ഉടനെ കോഴി കൂവി.
75 അപ്പോൾ, “കോഴി കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും” എന്ന് യേശു തന്നോടു പറഞ്ഞിരുന്ന വാക്ക് ഓർത്ത് പത്രോസ് പുറത്തേക്കുപോയി അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞു.
മർക്കോസ് 14:54, 66–72
14:54 അപ്പോൾ പത്രോസ്, മഹാപുരോഹിതന്റെ അരമനാങ്കണംവരെ അൽപ്പം അകലംവിട്ട് അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു. അവിടെ പത്രോസ് കാവൽക്കാരോടുകൂടെ തീകാഞ്ഞുകൊണ്ടിരുന്നു.
66 പത്രോസ് താഴേ അങ്കണത്തിൽ ഇരിക്കുകയായിരുന്നു. അപ്പോൾ മഹാപുരോഹിതന്റെ വേലക്കാരിയായ ഒരു പെൺകുട്ടി അവിടെ എത്തി,
67 തീകാഞ്ഞുകൊണ്ടിരുന്ന പത്രോസിനെ സൂക്ഷിച്ചുനോക്കി.
“നീയും ആ നസറായനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നല്ലോ,” എന്നു പറഞ്ഞു.
68 എന്നാൽ, പത്രോസ് അതു നിഷേധിച്ചു. “എനിക്ക് അറിഞ്ഞുകൂടാ; നീ എന്താണു പറയുന്നത്; എനിക്കു മനസ്സിലാകുന്നില്ലല്ലോ” എന്നു പറഞ്ഞുകൊണ്ട് പടിപ്പുരയിലേക്കു പോയി; അപ്പോൾ കോഴി കൂവി.
69 ആ വേലക്കാരി അയാളെ അവിടെ കണ്ടപ്പോൾ, ചുറ്റും നിന്നിരുന്നവരോട്, “ഈ മനുഷ്യൻ അക്കൂട്ടത്തിൽ ഒരാളാണ്” എന്ന് പിന്നെയും പറഞ്ഞുതുടങ്ങി.
70 അയാൾ വീണ്ടും അതു നിഷേധിച്ചു.
അൽപ്പസമയം കഴിഞ്ഞ്, അടുത്തുനിന്നിരുന്നവർ പത്രോസിനോട്, “ഒരു സംശയവുമില്ല, നീ അവരിൽ ഒരാൾതന്നെയാണ്, നീ ഒരു ഗലീലക്കാരനാണല്ലോ” എന്നു പറഞ്ഞു.
71 “നീ പറയുന്ന ആ മനുഷ്യനെ ഞാൻ അറിയുകയേ ഇല്ല!” എന്നു പറഞ്ഞുകൊണ്ട് അയാൾ ആണയിടാനും ശപിക്കാനും തുടങ്ങി.
72 ഉടനെ കോഴി രണ്ടാംപ്രാവശ്യം കൂവി. “കോഴി രണ്ടുപ്രാവശ്യം കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും” എന്ന് യേശു പറഞ്ഞിരുന്ന വാക്ക് പത്രോസ് ഓർത്ത് ഹൃദയം തകർന്നു പൊട്ടിക്കരഞ്ഞു.
ലൂക്കോസ് 22:55–62
22:55 ചിലർ അരമനാങ്കണത്തിന് നടുവിൽ തീ കത്തിച്ച് ഒന്നിച്ചിരുന്നപ്പോൾ പത്രോസും അവരോടൊപ്പം ചേർന്നു.
56 ഒരു വേലക്കാരി പെൺകുട്ടി തീയുടെ പ്രകാശത്തിൽ അയാൾ ഇരിക്കുന്നതു കണ്ടു; സൂക്ഷിച്ചുനോക്കിയിട്ട്, “ഈ മനുഷ്യനും അയാളുടെ അനുയായികളിൽ ഒരാളാണ്” എന്നു പറഞ്ഞു.
57 എന്നാൽ പത്രോസ് അതു നിഷേധിച്ച്, “സ്ത്രീയേ, ഞാൻ അയാളെ അറിയുന്നില്ല” എന്നു പറഞ്ഞു.
58 അൽപ്പസമയം കഴിഞ്ഞ് വേറെ ഒരാൾ അയാളെ കണ്ടിട്ട്, “നീയും അവരുടെ കൂട്ടത്തിലുള്ളവൻ” എന്നു പറഞ്ഞു.
“മനുഷ്യാ, ഞാൻ അക്കൂട്ടത്തിലുള്ളവനല്ല,” പത്രോസ് മറുപടി പറഞ്ഞു.
59 ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു മറ്റൊരാൾ ഉറപ്പിച്ചുപറഞ്ഞു: “തീർച്ചയായും ഇയാൾ അയാളോടുകൂടെ ഉണ്ടായിരുന്ന ആൾതന്നെ. നോക്കൂ ഇയാളും ഗലീലക്കാരനാണല്ലോ!”
60 അതിനു പത്രോസ്, “ഹേ മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല” എന്ന് ഉത്തരം പറഞ്ഞു. പത്രോസ് സംസാരിക്കുമ്പോൾ കോഴി കൂവി.
61 അപ്പോൾ കർത്താവ് തിരിഞ്ഞ് പത്രോസിനെ സൂക്ഷിച്ചുനോക്കി. “ഇന്ന് കോഴി കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും,” എന്നു കർത്താവ് തന്നോടു പറഞ്ഞിരുന്ന വാക്ക് ഓർത്ത് 62 പത്രോസ് പുറത്തേക്കുപോയി അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞു.
യോഹന്നാൻ 18:15–18, 25–27
18:15 ശിമോൻ പത്രോസും മറ്റൊരു ശിഷ്യനും യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. ഈ ശിഷ്യൻ മഹാപുരോഹിതനു പരിചയമുള്ളവൻ ആയിരുന്നതുകൊണ്ട് യേശുവിനോടുകൂടെ മഹാപുരോഹിതന്റെ അരമനാങ്കണത്തിൽ പ്രവേശിക്കാൻ കഴിഞ്ഞു. 16 എന്നാൽ, പത്രോസിന് വാതിലിനു പുറത്തുതന്നെ നിൽക്കേണ്ടിവന്നു. മഹാപുരോഹിതനു പരിചയമുള്ള മറ്റേ ശിഷ്യൻ തിരികെവന്നു വാതിൽ കാവൽ ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയോടു സംസാരിച്ച് പത്രോസിനെയും ഉള്ളിൽ കൂട്ടിക്കൊണ്ടുവന്നു.
17 അപ്പോൾ ആ വാതിൽകാവൽക്കാരി പത്രോസിനോടു ചോദിച്ചു, “താങ്കൾ ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരാൾ അല്ലേ?”
“ഞാൻ അല്ല,” അയാൾ മറുപടി പറഞ്ഞു.
18 തണുപ്പുണ്ടായിരുന്നതുകൊണ്ട് ദാസന്മാരും ഉദ്യോഗസ്ഥന്മാരും കനൽകൂട്ടി തീകായുകയായിരുന്നു. പത്രോസും തീകാഞ്ഞുകൊണ്ട് അവരുടെകൂടെ നിന്നു.
25 ശിമോൻ പത്രോസ് അപ്പോഴും തീകാഞ്ഞുകൊണ്ടു നിൽക്കുകയായിരുന്നു. അപ്പോൾ ചിലർ, “നിങ്ങൾ അയാളുടെ ശിഷ്യന്മാരിൽ ഒരുവനല്ലേ?” എന്നു ചിലർ അയാളോടു ചോദിച്ചു.
“ഞാൻ അല്ല,” അയാൾ പിന്നെയും നിഷേധിച്ചു.
26 മഹാപുരോഹിതന്റെ ദാസന്മാരിൽ ഒരാളും പത്രോസ് കാത് അറത്തവന്റെ ബന്ധുവുമായ ഒരാൾ പത്രോസിനോട്, “ഞാൻ നിങ്ങളെ അയാളുടെകൂടെ തോട്ടത്തിൽവെച്ചു കണ്ടല്ലോ?” എന്നു പറഞ്ഞു.
27 പത്രോസ് പിന്നെയും അതു നിഷേധിച്ചു; അപ്പോൾത്തന്നെ കോഴി കൂവി.
പുലർന്നശേഷം ന്യായാധിപസമിതി യേശുവിന് ഔപചാരികമായി ശിക്ഷവിധിക്കുന്നു
വെള്ളിയാഴ്ച
മത്തായി 27:1
27:1 അതിരാവിലെ എല്ലാ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും ചേർന്ന് യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കേണം എന്നു പദ്ധതിയിട്ട്,
മർക്കോസ് 15:1
15:1 അതിരാവിലെതന്നെ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും വേദജ്ഞരും ന്യായാധിപസമിതിയിലുള്ള എല്ലാവരും പദ്ധതിയിട്ടതനുസരിച്ച് യേശുവിനെ ബന്ധിച്ച് അവിടെനിന്ന് കൊണ്ടുപോയി പീലാത്തോസിന് കൈമാറി.
ലൂക്കോസ് 22:66–71
22:66 നേരം പുലർന്നപ്പോൾ, സമുദായനേതാക്കന്മാരും പുരോഹിതമുഖ്യന്മാരും വേദജ്ഞരും ഉൾപ്പെട്ട ന്യായാധിപസമിതി സമ്മേളിച്ച് യേശുവിനെ തങ്ങളുടെമുമ്പിൽ വരുത്തി. 67 “നീ ക്രിസ്തുവാണോ,” അവർ ആരാഞ്ഞു, “ഞങ്ങളോടു പറയുക.”
അതിന് യേശു, “ഞാൻ നിങ്ങളോടു പറഞ്ഞാലും നിങ്ങൾ എന്നെ വിശ്വസിക്കുകയില്ല, 68 ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കു നിങ്ങൾ ഉത്തരം പറയുകയുമില്ല. 69 എന്നാൽ മനുഷ്യപുത്രൻ (ഞാൻ) ദൈവശക്തിയുടെ വലതുഭാഗത്ത് ഉപവിഷ്ടനാകുന്ന സമയം ഇതാ വന്നെത്തിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
70 “നീ അപ്പോൾ ദൈവപുത്രൻതന്നെയോ?” അവർ എല്ലാവരും ഒരേസ്വരത്തിൽ ചോദിച്ചു.
“നിങ്ങൾ പറഞ്ഞതുപോലെതന്നെ; ഞാൻ ആകുന്നു,” യേശു ഉത്തരം പറഞ്ഞു.
71 അപ്പോൾ അവർ, “ഇനി നമുക്ക് വേറെ സാക്ഷ്യത്തിന്റെ ആവശ്യം എന്ത്? അവന്റെ വായിൽനിന്നുതന്നെ നാം അതു കേട്ടുകഴിഞ്ഞല്ലോ” എന്നു പറഞ്ഞു.