ഹന്നാവ് യേശുവിനെ ആദ്യം ചോദ്യംചെയ്യുന്നു

മുൻ മഹാപുരോഹിതനായ ഹന്നാവ് യേശുവിനെ ആദ്യം ചോദ്യംചെയ്യുന്നു.

വെള്ളിയാഴ്ച പുലരുന്നതിനുമുമ്പ്

യെഹൂദരുടെ വിചാരണയും അതിനെ ചുറ്റിപ്പറ്റി നടന്ന സംഭവങ്ങളും.

ക്രി.പി. 30 അല്ലെങ്കിൽ 29

Biblica® Open Malayalam Contemporary Version™ (OMCV)

യോഹന്നാൻ 18:13–14, 19–23

18:13 അവർ യേശുവിനെ ബന്ധിച്ച് ആദ്യം ഹന്നാവിന്റെ അടുത്തു കൊണ്ടുപോയി. അയാൾ ആ വർഷത്തെ മഹാപുരോഹിതനായിരുന്ന കയ്യഫാവിന്റെ ഭാര്യാപിതാവ് ആയിരുന്നു. 14 ഈ കയ്യഫാവ് ആയിരുന്നു “ജനങ്ങൾക്കുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നത് ഉചിതം,” എന്ന് യെഹൂദനേതാക്കന്മാർക്ക് ഉപദേശം നൽകിയത്.

19 ഈ സമയത്ത് മഹാപുരോഹിതൻ യേശുവിന്റെ ശിഷ്യന്മാരെയും ഉപദേശത്തെയുംപറ്റി അദ്ദേഹത്തെ ചോദ്യംചെയ്തു.

20 “ഞാൻ ലോകത്തോടു പരസ്യമായിട്ടാണ് സംസാരിച്ചിട്ടുള്ളത്. എല്ലാ യെഹൂദരും ഒരുമിച്ചുകൂടുന്ന പള്ളികളിലും ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചുപോന്നു; രഹസ്യമായി ഒന്നുംതന്നെ ഞാൻ പറഞ്ഞിട്ടില്ല. 21 എന്നെ എന്തിനു ചോദ്യംചെയ്യുന്നു? എന്റെ വാക്കുകൾ കേട്ടിട്ടുള്ളവരോടു ചോദിക്കുക. ഞാൻ പറഞ്ഞിട്ടുള്ളത് അവർക്കറിയാം,” യേശു മറുപടി നൽകി.

22 യേശു ഇതു പറഞ്ഞപ്പോൾ അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന്മാരിൽ ഒരാൾ അദ്ദേഹത്തിന്റെ മുഖത്തടിച്ചുകൊണ്ട്, “മഹാപുരോഹിതനോട് ഇങ്ങനെയോ ഉത്തരം പറയുന്നത്?” എന്നു ചോദിച്ചു.

23 “ഞാൻ തെറ്റായിട്ടാണ് സംസാരിച്ചതെങ്കിൽ അതു തെളിയിക്കുക; ഞാൻ പറഞ്ഞതു സത്യമെങ്കിൽ പിന്നെ നിങ്ങൾ എന്നെ അടിച്ചതെന്തിന്?” എന്ന് യേശു ചോദിച്ചു.

കയ്യഫായും ന്യായാധിപസമിതിയും യേശുവിനു ശിക്ഷവിധിക്കുന്നു

കയ്യഫായും ന്യായാധിപസമിതിയും യേശുവിനെ തിടുക്കത്തിൽ വിചാരണചെയ്തു ശിക്ഷവിധിക്കുകയും പരിഹസിക്കുകയും അടിക്കുകയും ചെയ്യുന്നു.

മഹാപുരോഹിതനായ കയ്യഫായുടെ വസതി. വെള്ളിയാഴ്ച പുലരുന്നതിനുമുമ്പ്

മത്തായി 26:57, 59–68

26:57 യേശുവിനെ അറസ്റ്റ്ചെയ്തവർ അദ്ദേഹത്തെ കയ്യഫാ മഹാപുരോഹിതന്റെ അരമനയിലേക്ക് കൊണ്ടുപോയി. അവിടെ വേദജ്ഞരും സമുദായനേതാക്കന്മാരും ഒരുമിച്ചുകൂടി വന്നിരുന്നു.

59 പുരോഹിതമുഖ്യന്മാരും യെഹൂദന്യായാധിപസമിതി മുഴുവനും യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കുന്നതിന് ഉതകുന്ന വ്യാജതെളിവുകൾ അദ്ദേഹത്തിനെതിരേ അന്വേഷിച്ചു.

60 കള്ളസ്സാക്ഷ്യവുമായി പലരും മുമ്പോട്ടുവന്നെങ്കിലും അവർ ആഗ്രഹിച്ച നിലയിലുള്ളത് ഒന്നും അവർക്കു ലഭിച്ചില്ല.

അവസാനം രണ്ടുപേർ മുന്നോട്ടുവന്ന്,

61 “ ‘എനിക്ക് ദൈവാലയം തകർക്കാൻ കഴിയും; മൂന്ന് ദിവസത്തിനകം അത് പുനർനിർമിക്കാനും എനിക്ക് സാധിക്കും’ എന്ന് ഈ മനുഷ്യൻ പറഞ്ഞു” എന്നു ബോധിപ്പിച്ചു.

62 അപ്പോൾ മഹാപുരോഹിതൻ എഴുന്നേറ്റുനിന്നുകൊണ്ട്, “നിനക്ക് മറുപടിയൊന്നും ഇല്ലേ? ഇവർ നിനക്കെതിരായി ഉന്നയിക്കുന്ന ഈ സാക്ഷ്യം എന്ത്?” എന്ന് യേശുവിനോട് ചോദിച്ചു.

63 യേശുവോ നിശ്ശബ്ദനായിരുന്നു.

മഹാപുരോഹിതൻ അദ്ദേഹത്തോട്, “ജീവനുള്ള ദൈവത്തിന്റെ നാമത്തിൽ ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു: നീ ദൈവപുത്രനായ ക്രിസ്തുവെങ്കിൽ ഞങ്ങളോടു പറയുക” എന്ന് ആവശ്യപ്പെട്ടു.

64 അതിന് യേശു, “താങ്കൾ പറഞ്ഞതുപോലെതന്നെ. ഞാൻ നിങ്ങളോട് എല്ലാവരോടുമായി പ്രഖ്യാപിക്കുകയാണ്: ഇന്നുമുതൽ മനുഷ്യപുത്രൻ (ഞാൻ) സർവശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും ആകാശമേഘങ്ങൾ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും” എന്നു പറഞ്ഞു.

65 ഇതു കേട്ടയുടൻതന്നെ മഹാപുരോഹിതൻ തന്റെ വസ്ത്രംകീറിക്കൊണ്ട്, “ഇയാൾ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി നമുക്ക് വേറെ സാക്ഷികളുടെ ആവശ്യം എന്ത്? ഇതാ, ഇപ്പോൾ നിങ്ങൾതന്നെ ദൈവദൂഷണം കേട്ടുവല്ലോ.

66 നിങ്ങൾ എന്തു വിധിക്കുന്നു?” എന്നു ചോദിച്ചു.

“അയാൾ വധശിക്ഷയ്ക്ക് അർഹൻ,” എന്ന് അവർ മറുപടി പറഞ്ഞു.

67 അപ്പോൾ അവർ അദ്ദേഹത്തിന്റെ മുഖത്ത് തുപ്പുകയും മുഷ്ടിചുരുട്ടി ഇടിക്കുകയും ചെയ്തു. ചിലർ അദ്ദേഹത്തെ അടിച്ചുകൊണ്ട്,

68 “ക്രിസ്തുവേ, ആരാണ് നിന്നെ അടിച്ചത്? ഞങ്ങളോട് പ്രവചിക്കുക!” എന്നു പറഞ്ഞു.

മർക്കോസ് 14:53, 55–65

14:53 അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുചെന്നു. എല്ലാ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും വേദജ്ഞരും അവിടെ ഒരുമിച്ചുകൂടി.

55 പുരോഹിതമുഖ്യന്മാരും യെഹൂദന്യായാധിപസമിതി മുഴുവനും യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കുന്നതിന് ഉതകുന്ന തെളിവുകൾ അദ്ദേഹത്തിനെതിരേ അന്വേഷിച്ചു.

56 പലരും യേശുവിനെതിരായി കള്ളസാക്ഷ്യം പറഞ്ഞെങ്കിലും അവരുടെ മൊഴികൾ പരസ്പരം പൊരുത്തപ്പെട്ടില്ലെന്നുമാത്രമല്ല, അവർ ആഗ്രഹിച്ച നിലയിലുള്ളത് ഒന്നും അവർക്കു ലഭിച്ചുമില്ല.

57 അപ്പോൾ ചിലർ എഴുന്നേറ്റ് അദ്ദേഹത്തിന് എതിരായി,

58 “ ‘കൈകളാൽ നിർമിച്ച ഈ മന്ദിരം നശിപ്പിച്ചശേഷം കൈകൊണ്ടു നിർമിക്കാത്ത മറ്റൊന്ന് മൂന്ന് ദിവസത്തിനകം ഞാൻ പണിയും’ എന്ന് ഇയാൾ പറഞ്ഞതു ഞങ്ങൾ കേട്ടിരിക്കുന്നു” എന്നു ബോധിപ്പിച്ചു. 59 എന്നിട്ടും അവരുടെ സാക്ഷ്യങ്ങൾ പൊരുത്തപ്പെട്ടില്ല.

60 അപ്പോൾ മഹാപുരോഹിതൻ അവരുടെമുമ്പാകെ എഴുന്നേറ്റുനിന്നുകൊണ്ട്, “നിനക്ക് മറുപടിയൊന്നും ഇല്ലേ? ഇവർ നിനക്കെതിരായി ഉന്നയിക്കുന്ന ഈ സാക്ഷ്യം എന്ത്?” എന്ന് യേശുവിനോട് ചോദിച്ചു.

61 യേശുവോ, മറുപടിയൊന്നും കൊടുക്കാതെ നിശ്ശബ്ദനായിരുന്നു.

മഹാപുരോഹിതൻ വീണ്ടും അദ്ദേഹത്തോട്: “താങ്കൾ അതിവന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവാണോ?” എന്നു ചോദിച്ചു.

62 അതിന് യേശു, “ ‘ഞാൻ ആകുന്നു,’ മനുഷ്യപുത്രൻ (ഞാൻ) സർവശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും ആകാശമേഘങ്ങൾ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും” എന്നു പറഞ്ഞു.

63 ഇതു കേട്ടപ്പോൾ മഹാപുരോഹിതൻ തന്റെ വസ്ത്രംകീറി. “ഇനി നമുക്ക് വേറെ സാക്ഷികളുടെ ആവശ്യം എന്ത്? 64 നിങ്ങൾതന്നെ ദൈവദൂഷണം കേട്ടുവല്ലോ. നിങ്ങൾ എന്തു വിധിക്കുന്നു?” എന്ന് അദ്ദേഹം ചോദിച്ചു.

അയാൾ വധശിക്ഷയ്ക്ക് അർഹൻ എന്ന് എല്ലാവരും വിധിച്ചു.

65 അപ്പോൾ ചിലർ അദ്ദേഹത്തിന്റെമേൽ തുപ്പാൻ തുടങ്ങി, അദ്ദേഹത്തിന്റെ കണ്ണ് മൂടിക്കെട്ടി മുഷ്ടിചുരുട്ടി അദ്ദേഹത്തെ ഇടിച്ചുകൊണ്ട് “പ്രവചിക്കുക” എന്നു പറയുകയും ചെയ്തു. തുടർന്ന് കാവൽക്കാർ അദ്ദേഹത്തെ ഏറ്റുവാങ്ങി പ്രഹരിച്ചു.

ലൂക്കോസ് 22:54, 63–65

22:54 അവർ യേശുവിനെ പിടിച്ചു മഹാപുരോഹിതന്റെ അരമനയിലേക്ക് കൊണ്ടുപോയി. പത്രോസ് അൽപ്പം അകലംവിട്ട് പിന്നാലെ ചെന്നു.

63 യേശുവിനു കാവൽനിന്നിരുന്ന പടയാളികൾ അദ്ദേഹത്തെ പരിഹസിക്കാനും അടിക്കാനും തുടങ്ങി.

64 അദ്ദേഹത്തിന്റെ കണ്ണ് മൂടിക്കെട്ടിയിട്ട്, “ആരാണ് നിന്നെ അടിച്ചത്? ഞങ്ങളോട് പ്രവചിക്കുക!” എന്നിങ്ങനെയും

65 മറ്റുപലതും അദ്ദേഹത്തെ അപഹസിച്ചുകൊണ്ട് അവർ പറഞ്ഞു.

യോഹന്നാൻ 18:24

18:24 പിന്നീട് ഹന്നാവ് യേശുവിനെ ബന്ധിതനായിത്തന്നെ മഹാപുരോഹിതനായ കയ്യഫാവിന്റെ അടുത്തേക്ക് അയച്ചു.