ഭാഗം 13: യേശുവിന്റെ അറസ്റ്റ്, വിചാരണ, ക്രൂശീകരണം, സംസ്കാരം

കഷ്ടാനുഭവവാരത്തിലെ വ്യാഴാഴ്ച രാത്രി, വെള്ളിയാഴ്ച, ശനിയാഴ്ച (ദൈവരാജ്യത്തിന് ഇരുളിന്റെ ദിനങ്ങൾ)

യേശു ഒറ്റിക്കൊടുക്കപ്പെടുകയും അറസ്റ്റുചെയ്യപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു

ഗെത്ത്ശേമന തോട്ടം. വെള്ളിയാഴ്ച, പുലരുന്നതിന് ഏറെ മുമ്പ്

ക്രി.പി. 30 അല്ലെങ്കിൽ 29

Biblica® Open Malayalam Contemporary Version™ (OMCV)

മത്തായി 26:47–56

26:47 യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ, പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ അവിടെയെത്തി. പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അയച്ച ഒരു ജനസഞ്ചയം വാളുകളും വടികളുമേന്തി അവനോടൊപ്പം വന്നിരുന്നു.

48 ഒറ്റിക്കൊടുക്കുന്ന, യൂദാ, “ഞാൻ ചുംബനംകൊണ്ട് ആരെ അഭിവാദനംചെയ്യുന്നോ; അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക.” എന്ന ഒരടയാളം അവരുമായി പറഞ്ഞൊത്തിരുന്നു.

49 അപ്പോൾത്തന്നെ യൂദാ യേശുവിന്റെ അടുത്തേക്കുചെന്ന്, “റബ്ബീ, വന്ദനം” എന്നു പറഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു.

50 യേശു, “സ്നേഹിതാ, നീ വന്നതെന്തിനോ അതുതന്നെ ചെയ്യുക” എന്നു പ്രതിവചിച്ചു.

ഉടനെ ജനം മുമ്പോട്ടുചെന്ന് യേശുവിനെ കടന്നുപിടിച്ച് അദ്ദേഹത്തെ ബന്ധിച്ചു.

51 അപ്പോൾ യേശുവിനോടൊപ്പം നിന്നവരിൽ ഒരാൾ കൈനീട്ടി തന്റെ വാൾ വലിച്ചൂരി മഹാപുരോഹിതന്റെ ദാസനെ വെട്ടി; അയാളുടെ കാത് ഛേദിച്ചുകളഞ്ഞു.

52 അപ്പോൾ യേശു അവനോട്, “നിന്റെ വാൾ ഉറയിലിടുക, വാളേന്തുന്നവരുടെയെല്ലാം അന്ത്യം വാൾകൊണ്ടുതന്നെയായിരിക്കും.

53 എനിക്ക് എന്റെ പിതാവിൽനിന്ന് സഹായം അഭ്യർഥിക്കാൻ കഴിയുകയില്ല എന്നാണോ നീ കരുതുന്നത്? ഇപ്പോൾത്തന്നെ അവിടന്ന് പതിനായിരക്കണക്കിന് ദൂതന്മാരെ എനിക്കുവേണ്ടി അണിനിരത്തുകയില്ലേ? 54 അങ്ങനെയായാൽ ഇവയെല്ലാം സംഭവിക്കണം എന്ന തിരുവെഴുത്തുകൾ എങ്ങനെ നിവൃത്തിയാകും?” എന്നു പറഞ്ഞു.

55 അപ്പോൾത്തന്നെ യേശു ജനക്കൂട്ടത്തോട്, “ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്? ഞാൻ ദിവസവും ഉപദേശിച്ചുകൊണ്ട് ദൈവാലയാങ്കണത്തിൽ ഇരുന്നപ്പോൾ എന്നെ നിങ്ങൾ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല?

56 എന്നാൽ, തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവാചകവചസ്സുകൾ നിറവേറുന്നതിന് ഇതെല്ലാം സംഭവിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾത്തന്നെ ശിഷ്യന്മാർ എല്ലാവരും യേശുവിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

മർക്കോസ് 14:43–52

14:43 യേശു സംസാരിക്കുമ്പോൾ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ അവിടെയെത്തി. പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും അയച്ച ഒരു ജനക്കൂട്ടം വാളുകളും വടികളുമേന്തി അവനോടൊപ്പം വന്നിരുന്നു.

44 അദ്ദേഹത്തെ ഒറ്റിക്കൊടുക്കുന്ന, യൂദാ, “ഞാൻ ചുംബനംകൊണ്ട് ആരെ അഭിവാദനംചെയ്യുന്നോ; അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക” എന്ന ഒരടയാളം അവരുമായി പറഞ്ഞൊത്തിരുന്നു. “യേശുവിനെ ബന്ധിച്ച് കരുതലോടെ കൊണ്ടുപൊയ്ക്കൊള്ളണം” എന്നും നിർദേശിച്ചിരുന്നു.

45 അപ്പോൾത്തന്നെ യൂദാ യേശുവിന്റെ അടുത്തേക്കുചെന്ന് “റബ്ബീ!” എന്നു പറഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു.

46 ഉടനെ ജനം യേശുവിനെ കടന്നുപിടിച്ച് അദ്ദേഹത്തെ ബന്ധിച്ചു.

47 അപ്പോൾ, യേശുവിന്റെ കൂടെയുണ്ടായിരുന്നവരിൽ ഒരാൾ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി, അയാളുടെ കാത് ഛേദിച്ചുകളഞ്ഞു.

48 യേശു അവരോട്, “ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്?

49 ഞാൻ ദിവസവും ഉപദേശിച്ചുകൊണ്ട് ദൈവാലയാങ്കണത്തിൽ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ എന്നെ നിങ്ങൾ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? എന്നാൽ തിരുവെഴുത്തുകൾ നിറവേറുന്നതിന് ഇതെല്ലാം സംഭവിച്ചിരിക്കുന്നു” എന്നു പറഞ്ഞു. 50 അപ്പോൾത്തന്നെ എല്ലാവരും യേശുവിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

51 ഒരു യുവാവ് പുതപ്പുമാത്രം ധരിച്ചുകൊണ്ട് യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. 52 ജനക്കൂട്ടം അയാളെ പിടിച്ചപ്പോൾ അയാൾ വസ്ത്രം ഉപേക്ഷിച്ചിട്ടു നഗ്നനായി ഓടിപ്പോയി.

ലൂക്കോസ് 22:47–53

22:47 യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ ഒരു ജനക്കൂട്ടം അവിടെ വന്നുചേർന്നു. പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ആയിരുന്നു അവർക്കു വഴികാട്ടിയായി നടന്നിരുന്നത്. അയാൾ യേശുവിനെ ചുംബിക്കേണ്ടതിന് അദ്ദേഹത്തിന്റെ അടുത്തേക്കുചെന്നു.

48 എന്നാൽ യേശു അയാളോട്, “യൂദായേ, നീ ചുംബനം കൊണ്ടാണോ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?” എന്നു ചോദിച്ചു.

49 എന്താണു സംഭവിക്കാൻ പോകുന്നതെന്നു യേശുവിന്റെ കൂടെയുണ്ടായിരുന്ന ശിഷ്യന്മാർ ഗ്രഹിച്ചിട്ട്, “കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടണമോ?” എന്നു ചോദിച്ചു.

50 അവരിൽ ഒരാൾ മഹാപുരോഹിതന്റെ ദാസനെ വെട്ടി, അയാളുടെ വലതുകാത് ഛേദിച്ചുകളഞ്ഞു.

51 “അരുത്, അത് പാടില്ല,” യേശു പറഞ്ഞു. പിന്നെ അദ്ദേഹം അവന്റെ കാതിൽ തൊട്ട് അവനെ സൗഖ്യമാക്കി.

52 തനിക്കെതിരേവന്ന പുരോഹിതമുഖ്യന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും സമുദായനേതാക്കന്മാരോടും യേശു, “ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്?

53 ഞാൻ ദിവസവും ദൈവാലയാങ്കണത്തിൽ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ നിങ്ങൾ എന്റെമേൽ കൈവെച്ചില്ല. എന്നാൽ ഇതു നിങ്ങളുടെ സമയം, അന്ധകാരം അധികാരം നടത്തുന്ന സമയം” എന്നു പറഞ്ഞു.

യോഹന്നാൻ 18:2–12

18:2 യേശുവും ശിഷ്യന്മാരും പലപ്പോഴും അവിടെ ഒരുമിച്ചുകൂടിയിരുന്നതിനാൽ അദ്ദേഹത്തെ ഒറ്റിക്കൊടുക്കുന്ന യൂദാ ആ സ്ഥലം അറിഞ്ഞിരുന്നു.

3 യൂദാ ഒരുസംഘം സൈനികരെയും പുരോഹിതമുഖ്യന്മാരും പരീശന്മാരും അയച്ച ഉദ്യോഗസ്ഥന്മാരെയും കൂട്ടിക്കൊണ്ടു തോട്ടത്തിലെത്തി. അവർ തീപ്പന്തങ്ങളും റാന്തലുകളും ആയുധങ്ങളും വഹിച്ചിരുന്നു.

4 തനിക്കു നേരിടാനുള്ളതെല്ലാം അറിഞ്ഞിട്ട് യേശു പുറത്തുചെന്ന്, “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?” എന്ന് അവരോടു ചോദിച്ചു.

5 “നസറായനായ യേശുവിനെ,” അവർ പറഞ്ഞു.

“അത് ഞാൻ ആകുന്നു,” എന്ന് യേശു പറഞ്ഞു. അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ അവരോടുകൂടെ നിന്നിരുന്നു. 6 “അത് ഞാൻ ആകുന്നു,” എന്ന് യേശു പറഞ്ഞപ്പോൾ അവർ പിറകോട്ടു മാറി നിലത്തുവീണു.

7 “ആരെയാണ് നിങ്ങൾ അന്വേഷിക്കുന്നത്?” യേശു വീണ്ടും ചോദിച്ചു.

“നസറായനായ യേശുവിനെ,” അവർ പറഞ്ഞു.

8 “ഞാൻ ആകുന്നു അതെന്നു നിങ്ങളോടു പറഞ്ഞല്ലോ! നിങ്ങൾ എന്നെയാണ് അന്വേഷിക്കുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ,” എന്ന് യേശു പറഞ്ഞു. 9 “അങ്ങ് എനിക്കു തന്നവരിൽ ആരും നഷ്ടപ്പെട്ടിട്ടില്ല,” എന്ന് യേശു പറഞ്ഞിരുന്ന വാക്കുകൾ നിറവേറാൻ ഇതു സംഭവിച്ചു.

10 അപ്പോൾ ശിമോൻ പത്രോസ്, കൈവശമുണ്ടായിരുന്ന വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി, അയാളുടെ വലതുകാത് ഛേദിച്ചുകളഞ്ഞു. ആ ദാസന്റെ പേര് മൽക്കൊസ് എന്നായിരുന്നു.

11 “നിന്റെ വാൾ ഉറയിലിടുക,” യേശു പത്രോസിനോട് ആജ്ഞാപിച്ചു. “പിതാവ് എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലേ?” എന്ന് യേശു ചോദിച്ചു.

12 അതിനുശേഷം സൈന്യാധിപനും സൈന്യത്തിന്റെ ഒരുവിഭാഗവും യെഹൂദയുദ്യോഗസ്ഥന്മാരുംകൂടി യേശുവിനെ പിടിച്ചു.