ഭാഗം 11: യോഥാമിന്റെ ഭരണം
യെഹൂദാരാജ്യം
ക്രി.മു. 758
Biblica® Open Malayalam Contemporary Version™ (OMCV)
32 ഇസ്രായേൽരാജാവും രെമല്യാവിന്റെ മകനുമായ പേക്കഹിന്റെ രണ്ടാമാണ്ടിൽ യെഹൂദാരാജാവായ ഉസ്സീയാവിന്റെ മകനായ യോഥാം ഭരണം തുടങ്ങി.
1 രാജാവാകുമ്പോൾ യോഥാമിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മ സാദോക്കിന്റെ മകളായ യെരൂശാ ആയിരുന്നു. 2 തന്റെ പിതാവായ ഉസ്സീയാവു ചെയ്തിരുന്നതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു; എന്നാൽ അതിൽനിന്നു വ്യത്യസ്തമായി, അദ്ദേഹം ദൈവാലയത്തിൽ പ്രവേശിച്ചിരുന്നില്ല. എന്നാൽ ജനം തങ്ങളുടെ വഷളത്തങ്ങൾ തുടർന്നുപോന്നു.
35 എന്നിരുന്നാലും ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനങ്ങൾ അവിടെ ബലി അർപ്പിക്കുന്നതും ധൂപാർച്ചന നടത്തുന്നതും തുടർന്നുപോന്നു. യഹോവയുടെ ആലയത്തിലേക്കുള്ള മുകളിലത്തെ കവാടം യോഥാം പുതുക്കിപ്പണിതു.
1 യഹോവയുടെ വചനം മോരേശേത്ത്യനായ മീഖായ്ക്കു ലഭിച്ചു: യെഹൂദാരാജാക്കന്മാരായ യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ ഭരണകാലത്ത്, ശമര്യയെക്കുറിച്ചും ജെറുശലേമിനെക്കുറിച്ചും അദ്ദേഹം കണ്ട ദർശനം.
2 സകലജനങ്ങളുമേ, കേൾക്കുക,
ഭൂമിയും അതിലെ സകലനിവാസികളും ഇതു ശ്രദ്ധിക്കുക,
തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് കർത്താവ്,
യഹോവയായ കർത്താവുതന്നെ, നിങ്ങൾക്കു വിരോധമായി സാക്ഷിക്കുന്നു.
3 നോക്കൂ, യഹോവ തന്റെ വാസസ്ഥലത്തുനിന്നു വരുന്നു;
അവിടന്ന് പുറപ്പെട്ട് ഭൂമിയുടെ ഉന്നതങ്ങളിൽ കാലടികൾ ഉറപ്പിക്കുന്നു.
4 തീയിൽ മെഴുകുപോലെയും
മലഞ്ചെരിവിൽ വെള്ളം പാഞ്ഞൊഴുകുന്നതുപോലെയും
അവിടത്തെ ചവിട്ടടിയിൽ പർവതങ്ങൾ ഉരുകിപ്പോകുകയും
താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു.
5 യാക്കോബിന്റെ അതിക്രമങ്ങൾ നിമിത്തവും
ഇസ്രായേൽജനത്തിന്റെ പാപങ്ങൾനിമിത്തവും ഇതെല്ലാം സംഭവിച്ചു.
യാക്കോബിന്റെ അതിക്രമം എന്ത്?
ശമര്യ അല്ലയോ അതിന്റെ തലസ്ഥാനം?
യെഹൂദയുടെ ക്ഷേത്രങ്ങൾ എവിടെ?
ജെറുശലേം അല്ലയോ അതിന്റെ കേന്ദ്രം?
6 “അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കൽക്കൂമ്പാരംപോലെയും
മുന്തിരി നടുന്ന നിലംപോലെയും ആക്കും.
ഞാൻ അവളുടെ കല്ലുകളെ താഴ്വരയിലേക്ക് എറിയും
അവളുടെ അടിസ്ഥാനങ്ങൾ ശൂന്യമാക്കും.
7 അവളുടെ എല്ലാ വിഗ്രഹങ്ങളും തകർക്കപ്പെടും;
അവളുടെ സമ്മാനങ്ങളെല്ലാം അഗ്നിയിൽ ദഹിപ്പിക്കപ്പെടും;
ഞാൻ അവളുടെ എല്ലാ വിഗ്രഹങ്ങളെയും നശിപ്പിക്കും.
വേശ്യകളുടെ കൂലിയിൽനിന്ന് അവൾ തന്റെ സമ്മാനങ്ങൾ ശേഖരിച്ചതുകൊണ്ട്,
വേശ്യകളുടെ കൂലിയായിത്തന്നെ അതു വീണ്ടും ചെലവഴിക്കപ്പെടും.”
8 ഇതുനിമിത്തം ഞാൻ കരഞ്ഞു വിലപിക്കും;
ഞാൻ നഗ്നപാദനായും വിവസ്ത്രനായും നടക്കും.
ഞാൻ കുറുക്കനെപ്പോലെ ഓരിയിടും
ഒട്ടകപ്പക്ഷിയെപ്പോലെ വിലപിക്കും.
9 ശമര്യയുടെ മുറിവ് സൗഖ്യമാക്കാൻ കഴിയുകയില്ല;
അത് യെഹൂദയ്ക്കു വന്നിരിക്കുന്നു.
അത് എന്റെ ജനത്തിന്റെ കവാടത്തിൽ എത്തിയിരിക്കുന്നു,
ജെറുശലേമിൽത്തന്നെ എത്തിയിരിക്കുന്നു.
10 അത് ഗത്തിൽ അറിയിക്കരുത്;
കരയുകയേ അരുത്.
ബേത്ത്-അഫ്രായിൽ
പൊടിയിൽ ഉരുളുന്നു.
11 ശാഫീർ നഗരനിവാസികളേ,
നഗ്നരും ലജ്ജിതരുമായി പുറപ്പെട്ടുപോകുക,
സയനാനിൽ പാർക്കുന്നവർ
പുറത്തുവരികയില്ല.
ബേത്ത്-ഏസെൽ വിലപിക്കുന്നു;
അത് ഒരിക്കലും നിനക്ക് സംരക്ഷണം നൽകുകയില്ല.
12 യഹോവയിൽനിന്ന് മഹാനാശം
ജെറുശലേമിന്റെ കവാടംവരെ വന്നതുകൊണ്ട്,
മാരോത്തുനിവാസികൾ
ആശ്വാസത്തിനായി കാത്തുകൊണ്ട് വിങ്ങിപ്പൊട്ടുന്നു.
13 ലാഖീശുനിവാസികളേ,
കുതിരകളെ രഥങ്ങളിൽ സജ്ജമാക്കുക!
സീയോൻപുത്രിയുടെ പാപത്തിന്റെ ആരംഭം നിങ്ങളായിരുന്നല്ലോ,
ഇസ്രായേലിന്റെ അതിക്രമങ്ങൾ നിങ്ങളിൽ കാണപ്പെട്ടു.
14 അതുകൊണ്ട് നിങ്ങൾ മോരേശത്ത്-ഗത്തിന്
വിടചൊല്ലൽ സമ്മാനങ്ങൾ നൽകേണ്ടിവരും.
ബേത്ത്-അക്സീബുനഗരം
ഇസ്രായേൽ രാജാക്കന്മാരെ വഞ്ചിച്ചിരിക്കുന്നു.
15 മാരേശാനിവാസികളേ,
ഞാൻ നിങ്ങൾക്കു വിരോധമായി ഒരു വീരനെ എഴുന്നേൽപ്പിക്കും.
ഇസ്രായേൽ പ്രഭുക്കന്മാർ
അദുല്ലാമിലേക്ക് ഓടിപ്പോകും.
16 നിങ്ങൾ സന്തോഷിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങളെ ഓർത്ത്
വിലപിച്ചുകൊണ്ട് നിങ്ങളുടെ തല ക്ഷൗരംചെയ്യുക;
അവർ നിങ്ങളെ വിട്ട് പ്രവാസത്തിലേക്കു പോകുന്നതിനാൽ
നിങ്ങൾ നിങ്ങളുടെ കഷണ്ടിയെ കഴുകന്റേതുപോലെ വിശാലമാക്കുക.
2:1 കിടക്കയിൽ അതിക്രമം ആലോചിച്ച്
ദ്രോഹം ആസൂത്രണം ചെയ്യുന്നവർക്കു ഹാ കഷ്ടം!
തങ്ങൾക്ക് അതിനുള്ള ശക്തിയുള്ളതുകൊണ്ട്,
പുലരുമ്പോൾത്തന്നെ അവർ അതു നടപ്പിലാക്കുന്നു.
2 അവർ നിലങ്ങൾ മോഹിച്ച് അവയെ കൈവശപ്പെടുത്തുന്നു
വീടുകൾ നോട്ടമിട്ട് അവയെ പിടിച്ചെടുക്കുന്നു.
അവർ ഒരു മനുഷ്യന്റെ ഭവനത്തെ വഞ്ചിച്ചെടുക്കുകയും
അവർ അവരുടെ അവകാശത്തെ കൈവശമാക്കുകയും ചെയ്യുന്നു.
3 അതുകൊണ്ട് യഹോവ അരുളിച്ചെയ്യുന്നു:
“ഞാൻ ഈ ജനത്തിനുനേരേ അത്യാഹിതം വരുത്തും
അതിൽനിന്നു സ്വയം രക്ഷിക്കാൻ നിങ്ങൾക്കു കഴിയുന്നതല്ല.
നിങ്ങൾ പിന്നീടൊരിക്കലും നിഗളിച്ചു നടക്കുകയില്ല,
കാരണം ഇതു ദുഷ്കാലമാണല്ലോ.
4 ആ ദിവസത്തിൽ അവർ നിങ്ങളെ പരിഹസിക്കും
ഈ വിലാപഗീതം പാടി നിങ്ങളെ നിന്ദിക്കും:
‘ഞങ്ങൾ നിശ്ശേഷം നശിച്ചുപോയി;
എന്റെ ജനത്തിന്റെ ഓഹരി വിഭജിക്കപ്പെട്ടു.
അവിടന്ന് അത് എന്നിൽനിന്ന് എടുക്കുന്നു!
ഞങ്ങളുടെ വയലുകളെ അവിടന്നു രാജ്യദ്രോഹികൾക്കു നൽകുന്നു.’ ”
5 അതുകൊണ്ട്, നിങ്ങൾക്കു ദേശം നറുക്കിട്ട് വിഭജിച്ചുതരാൻ
യഹോവയുടെ സഭയിൽ ആരും ഉണ്ടാകുകയില്ല.
6 “പ്രവചിക്കരുത്,” എന്ന് അവരുടെ പ്രവാചകന്മാർ പറയുന്നു.
“ഇവയെക്കുറിച്ച് പ്രവചിക്കരുത്;
അങ്ങനെയെങ്കിൽ നമുക്ക് അപമാനം വരികയില്ല.”
7 യാക്കോബുഗൃഹമേ, ഇപ്രകാരം പറയുന്നതു ശരിയോ?
“യഹോവയുടെ ആത്മാവ് കോപിച്ചിരിക്കുന്നോ?
അവിടന്ന് അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമോ?”
“നേരായവഴിയിൽ ജീവിക്കുന്നവർക്ക്
എന്റെ വചനം നന്മയല്ലയോ?
8 ഒടുവിലിതാ, എന്റെ ജനം
ഒരു ശത്രുവിനെപ്പോലെ എഴുന്നേറ്റിരിക്കുന്നു.
യുദ്ധത്തിൽനിന്നു മടങ്ങിവരുന്നവരെപ്പോലെ
ചിന്താരഹിതരായി കടന്നുപോകുന്നവരിൽനിന്ന്
അവരുടെ വിലയേറിയ പുറങ്കുപ്പായം നിങ്ങൾ ഉരിഞ്ഞെടുക്കുന്നു.
9 നിങ്ങൾ എന്റെ ജനത്തിന്റെ സ്ത്രീകളെ
തങ്ങളുടെ സുഖകരമായ ഭവനങ്ങളിൽനിന്ന് ഓടിച്ചുകളയുന്നു.
അവരുടെ കുഞ്ഞുങ്ങളുടെമേലുള്ള
എന്റെ അനുഗ്രഹങ്ങൾ എന്നേക്കും നഷ്ടപ്പെടുത്തുന്നു.
10 എഴുന്നേൽക്കുക, ഓടിപ്പോകുക!
ഇതു നിങ്ങളുടെ വിശ്രമസ്ഥലമല്ല,
ഉദ്ധരിക്കാനാകാത്തവിധം ഇതു നശിപ്പിച്ചും
മലിനപ്പെടുത്തിയും ഇരിക്കുന്നു.
11 ഒരു നുണയനോ വഞ്ചകനോ മുന്നോട്ടുവന്ന്,
‘മദ്യത്തെയും വീഞ്ഞിനെയുംകുറിച്ച് ഞാൻ പ്രവചിക്കാം’ എന്നു പറഞ്ഞാൽ,
അവൻതന്നെയാണ് നിങ്ങൾക്കു പറ്റിയ പ്രവാചകൻ.
12 “യാക്കോബേ, ഞാൻ നിങ്ങളെ എല്ലാവരെയും കൂട്ടിച്ചേർക്കും;
ഞാൻ നിശ്ചയമായും ഇസ്രായേലിന്റെ ശേഷിപ്പിനെ കൂട്ടിവരുത്തും.
തൊഴുത്തിലെ ആടുപോലെയും
മേച്ചിൽപ്പുറത്തെ ആട്ടിൻകൂട്ടംപോലെയും ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടും.
ദേശത്തു ജനം തിങ്ങിനിറയും.
13 വഴിതുറക്കുന്നവൻ അവർക്കുമുമ്പായി നടക്കും;
അവർ കവാടം തകർത്ത് വെളിയിൽപ്പോകും.
അവർക്കുമുമ്പിൽ അവരുടെ രാജാവ് നടക്കും,
യഹോവതന്നെ അവരെ നയിക്കും.”
3 യഹോവയുടെ ആലയത്തിലേക്കുള്ള മുകളിലത്തെ കവാടം യോഥാം പുതുക്കിപ്പണിതു; ഓഫേൽ കുന്നിലെ മതിലും വളരെ വിപുലമായ രീതിയിൽ അദ്ദേഹം പണിതുറപ്പിച്ചു. 4 യെഹൂദ്യമലകളിൽ പട്ടണങ്ങളും കോട്ടകളും ഗോപുരങ്ങളും പണികഴിപ്പിച്ചു.
5 യോഥാം അമ്മോന്യരാജാവിനെ ആക്രമിച്ചു കീഴടക്കി. ആ വർഷം അമ്മോന്യർ അദ്ദേഹത്തിനു നൂറു താലന്തു വെള്ളിയും പതിനായിരം കോർ ഗോതമ്പും പതിനായിരം കോർ യവവും കൊടുത്തു. തുടർന്നു രണ്ടാംവർഷത്തിലും മൂന്നാംവർഷത്തിലും അവർ ഇതേ അളവിൽ കൊണ്ടുവന്നു കൊടുത്തു.
6 ഇങ്ങനെ തന്റെ ദൈവമായ യഹോവയുടെമുമ്പാകെ ക്രമമായി നടന്നിരുന്നതിനാൽ യോഥാം മേൽക്കുമേൽ പ്രബലനായിത്തീർന്നു.
7 യോഥാമിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ—അദ്ദേഹം നടത്തിയ എല്ലാ യുദ്ധങ്ങളും ചെയ്ത മറ്റു പ്രവർത്തനങ്ങളുമുൾപ്പെടെ—ഇസ്രായേൽരാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. 8 രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറുവർഷം ജെറുശലേമിൽ വാണു. 9 യോഥാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ അദ്ദേഹം അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകനായ ആഹാസ് തുടർന്നു രാജാവായി.
37 (ആ കാലത്ത് അരാംരാജാവായ രെസീനെയും രെമല്യാവിന്റെ മകനായ പേക്കഹിനെയും യഹോവ യെഹൂദയ്ക്കെതിരേ അയച്ചുതുടങ്ങി.)
33 രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മ സാദോക്കിന്റെ മകളായ യെരൂശാ ആയിരുന്നു. 34 തന്റെ പിതാവായ ഉസ്സീയാവു ചെയ്തിരുന്നതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു.
36 യോഥാമിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം ചെയ്ത പ്രവൃത്തികളുമെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
38 യോഥാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അദ്ദേഹവും അവരോടുകൂടി അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകനായ ആഹാസ് തുടർന്നു രാജാവായി.
ഇസ്രായേൽരാജ്യം
പേക്കഹിന്റെ ഭരണം
27 യെഹൂദാരാജാവായ അസര്യാവിന്റെ അൻപത്തിരണ്ടാമാണ്ടിൽ രെമല്യാവിന്റെ മകനായ പേക്കഹ് ശമര്യയിൽ ഇസ്രായേലിനു രാജാവായി. അദ്ദേഹം ഇരുപതുവർഷം വാണു. 28 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അദ്ദേഹം പിന്തിരിഞ്ഞില്ല.
29 ഇസ്രായേൽരാജാവായ പേക്കഹിന്റെകാലത്ത് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ വന്ന് ഈയോനും ആബേൽ-ബേത്ത്-മാക്കായും യാനോഹും കേദേശും ഹാസോരും ഗിലെയാദും ഗലീലായും നഫ്താലിദേശം മുഴുവനും കൈവശപ്പെടുത്തി. അദ്ദേഹം അവിടങ്ങളിലെ നിവാസികളെ അശ്ശൂരിലേക്കു കടത്തിക്കൊണ്ടുപോയി.