ഭാഗം 12: ആഹാസിന്റെ ഭരണം
യെഹൂദാരാജ്യം
ആഹാസിന്റെ സ്വഭാവം
ക്രി.മു. 742
Biblica® Open Malayalam Contemporary Version™ (OMCV)
1 രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാമാണ്ടിൽ യെഹൂദാരാജാവായ യോഥാമിന്റെ മകൻ ആഹാസ് രാജാവായി. 2 രാജാവാകുമ്പോൾ ആഹാസിന് ഇരുപതു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ പതിനാറുവർഷം വാണു. അദ്ദേഹം തന്റെ പൂർവപിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ല; തന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളത് പ്രവർത്തിച്ചില്ല. 3 ആഹാസ് ഇസ്രായേൽരാജാക്കന്മാരുടെ വഴികളിൽ ജീവിച്ചു. യഹോവ ഇസ്രായേലിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ മ്ലേച്ഛാചാരങ്ങളെ പിൻതുടർന്നു. അദ്ദേഹം സ്വന്തം പുത്രനെ അഗ്നിയിൽ ഹോമിക്കുകപോലും ചെയ്തു. 4 അദ്ദേഹം ക്ഷേത്രങ്ങളിലും മലകളുടെ മുകളിലും സകലഇലതൂർന്ന മരങ്ങളുടെ കീഴിലും ബലികൾ അർപ്പിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തു.
രെസീനും പേക്കഹും യെഹൂദ്യയിൽ അധിനിവേശം നടത്തുന്നു
5 അക്കാലത്ത് അരാംരാജാവായ രെസീനും രെമല്യാവിന്റെ മകനായ പേക്കഹ് എന്ന ഇസ്രായേൽരാജാവും ജെറുശലേമിനുനേരേ യുദ്ധത്തിനുവന്നു. അവർ ആഹാസിനെ ഉപരോധിച്ചു; പക്ഷേ, അദ്ദേഹത്തെ ആക്രമിച്ചു കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല.
1 ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകൻ ആഹാസ് യെഹൂദാരാജാവായ കാലത്ത്, അരാംരാജാവായ രെസീനും രെമല്യാവിന്റെ പുത്രനും ഇസ്രായേൽരാജാവുമായ പേക്കഹും, ജെറുശലേമിനെതിരേ യുദ്ധംചെയ്യാൻ ഒരു സൈനികനീക്കംനടത്തി. എന്നാൽ അവർക്ക് ജെറുശലേം കീഴടക്കാൻ കഴിഞ്ഞില്ല.
2 “അരാമ്യർ എഫ്രയീമ്യരുമായി സഖ്യമുണ്ടാക്കി,” എന്നു ദാവീദുഗൃഹത്തിന് അറിവു ലഭിച്ചപ്പോൾ; ആഹാസിന്റെ ഹൃദയവും അദ്ദേഹത്തിന്റെ ജനതയുടെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കൊടുങ്കാറ്റിൽ ഉലയുന്നതുപോലെ വിറച്ചുപോയി.
3 അപ്പോൾ യഹോവ യെശയ്യാവിനോട് ഇപ്രകാരം അരുളിച്ചെയ്തു: “നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിക്കു മുകളിലായുള്ള കുളത്തിന്റെ കൽപ്പാത്തിയുടെ അറ്റത്തുചെന്ന്, അവിടെവെച്ച് ആഹാസിനെ കാണുക. 4 അവനോടു പറയുക, ‘ശ്രദ്ധിക്കുക, ശാന്തനായിരിക്കുക, ഭയപ്പെടുകയുമരുത്. പുകയുന്ന ഈ രണ്ടു വിറകുകമ്പുകൾനിമിത്തം—രെസീന്റെയും അരാമ്യരുടെയും ഭയങ്കര ക്രോധവും രെമല്യാവിന്റെ മകൻ പെക്കാഹ്യാവു നിമിത്തവും—നിന്റെ ധൈര്യം ചോർന്നുപോകരുത്. 5 അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിനക്കെതിരേ ഗൂഢാലോചന നടത്തിയിരിക്കുന്നു, അവർ ഇപ്രകാരം പറയുന്നു: 6 “നാം യെഹൂദയ്ക്കെതിരേ പുറപ്പെടാം, അതിനെ നശിപ്പിച്ച് അതിന്റെ മതിൽ ഇടിച്ചുനിരത്താം, താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കുകയും ചെയ്യാം.” 7 എന്നാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘ഈ ആക്രമണം യാഥാർഥ്യമാകുകയില്ല;
അതു സാധ്യമാകുകയുമില്ല,
8 കാരണം അരാമിന്റെ തല ദമസ്കോസും
ദമസ്കോസിന്റെ തല രെസീൻമാത്രവും ആണല്ലോ.
ഇനി അറുപത്തിയഞ്ചു വർഷങ്ങൾക്കുള്ളിൽ
എഫ്രയീം ഒരു ജനത ആയിരിക്കാത്തവിധം തകർന്നുപോകും.
9 എഫ്രയീമിന്റെ തല ശമര്യയും
ശമര്യയുടെ തല രെമല്യാവിന്റെ മകൻമാത്രവും ആണല്ലോ.
നിങ്ങൾ വിശ്വാസത്തോടെ ഉറച്ചുനിൽക്കുന്നില്ലെങ്കിൽ
നിങ്ങൾക്കു നിലനിൽപ്പേയില്ല.’ ”
10 യഹോവ വീണ്ടും ആഹാസിനോട് ഇപ്രകാരം അരുളിച്ചെയ്തു: 11 “നിന്റെ ദൈവമായ യഹോവയുടെ പക്കൽനിന്ന് നീ ചിഹ്നം ചോദിക്കുക. അതു താഴേ പാതാളത്തിലോ മീതേ സ്വർഗത്തിലോ ആയിക്കൊള്ളട്ടെ.”
12 എന്നാൽ ആഹാസ്: “ഞാൻ ചോദിക്കുകയില്ല; യഹോവയെ പരീക്ഷിക്കുകയുമില്ല” എന്നു മറുപടി പറഞ്ഞു.
13 അപ്പോൾ യെശയ്യാവു പറഞ്ഞു: “ദാവീദുഗൃഹമേ, ഇപ്പോൾ കേട്ടുകൊൾക! മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തിന്റെ ക്ഷമയുംകൂടെ പരീക്ഷിക്കുന്നത്? 14 അതുകൊണ്ട് കർത്താവുതന്നെ നിങ്ങൾക്ക് ഒരു ചിഹ്നം നൽകും: കന്യക ഗർഭവതിയായി ഒരു പുത്രനു ജന്മം നൽകും, ആ പുത്രൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും. 15 തിന്മയുപേക്ഷിച്ച് നന്മ സ്വീകരിക്കാൻ പ്രായമാകുന്നതുവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും. 16 തിന്മയുപേക്ഷിച്ച് നന്മ സ്വീകരിക്കാൻ ബാലനു പ്രായമാകുന്നതിനുമുമ്പ് നീ ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യം ശൂന്യമാക്കപ്പെട്ടിരിക്കും. 17 എഫ്രയീം യെഹൂദയുമായുള്ള ബന്ധം വിച്ഛേദിച്ചകാലംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള നാളുകൾ യഹോവ നിന്റെമേലും നിന്റെ ജനത്തിന്റെമേലും നിന്റെ പിതൃഭവനത്തിന്റെമേലും വരുത്തും—അവിടന്ന് അശ്ശൂർരാജാവിനെത്തന്നെ നിനക്കെതിരേ വരുത്തും.”
18 അന്നാളിൽ യഹോവ ഈജിപ്റ്റിലെ നദികളുടെ അറ്റത്തുനിന്ന് ഈച്ചകൾക്കായും അശ്ശൂർദേശത്തുനിന്നു തേനീച്ചകൾക്കായും ചൂളമടിക്കും. 19 അവ വന്ന് കിഴുക്കാംതൂക്കായ മലയിടുക്കുകളിലും പാറപ്പിളർപ്പുകളിലും സകലമുൾപ്പടർപ്പുകളിലും സർവമേച്ചിൽസ്ഥലങ്ങളിലും താമസമുറപ്പിക്കും. 20 ആ ദിവസത്തിൽ യൂഫ്രട്ടീസ് നദിക്കും അക്കരെനിന്നു കർത്താവ് കൂലിക്കെടുത്ത ഒരു ക്ഷൗരക്കത്തികൊണ്ട്—അശ്ശൂർരാജാവിനെക്കൊണ്ടുതന്നെ—തലയും കാലും ക്ഷൗരംചെയ്യിക്കും, അതു താടിയുംകൂടെ നീക്കിക്കളയുകയും ചെയ്യും. 21 അക്കാലത്ത് ഒരു മനുഷ്യൻ ഒരു പശുക്കിടാവിനെയും രണ്ട് ആടിനെയും വളർത്തും. 22 അവയിൽനിന്ന് കിട്ടുന്ന പാലിന്റെ സമൃദ്ധിനിമിത്തം അവൻ തൈരുകൊണ്ട് ഉപജീവനം നടത്തും. ദേശത്തു ശേഷിച്ചിരിക്കുന്ന എല്ലാ ജനവും തൈരും തേനും ഭക്ഷിക്കും. 23 അന്ന് ആയിരം ശേക്കേൽ വെള്ളി വിലമതിക്കുന്ന ആയിരം മുന്തിരിവള്ളിയുണ്ടായിരുന്ന സ്ഥലത്ത് മുള്ളും പറക്കാരയുംമാത്രം ശേഷിക്കും. 24 ദേശമെല്ലാം മുള്ളും പറക്കാരയും നിറഞ്ഞുകിടക്കുകനിമിത്തം വേട്ടക്കാർ അമ്പും വില്ലുമായി അവിടെക്കൂടെ സഞ്ചരിക്കും. 25 തൂമ്പകൊണ്ടു കിളച്ച് കൃഷിചെയ്തുപോന്നിരുന്ന എല്ലാ മലകളിലും, മുള്ളും പറക്കാരയും പേടിച്ച് അവിടേക്ക് ആരും പോകാതെയാകും; അവ കന്നുകാലികളെ മേയിക്കുന്നതിനും ആടുകൾക്ക് ചവിട്ടിമെതിക്കുന്നതിനുമുള്ള സ്ഥലമായിത്തീരും.
8:1 അപ്പോൾ യഹോവ എന്നോട്: “നീ ഒരു വലിയ ഫലകം എടുത്ത് അതിൽ സാധാരണ അക്ഷരത്തിൽ, മഹേർ-ശാലാൽ-ഹാശ്-ബസ്” എന്ന് എഴുതുക. 2 ഞാൻ എനിക്കുവേണ്ടി ഊരിയാ പുരോഹിതനെയും യെബെരെഖ്യാവിന്റെ മകനായ സെഖര്യാവിനെയും വിശ്വസ്തസാക്ഷികളായി വിളിക്കും. 3 പിന്നീട് ഞാൻ പ്രവാചികയുടെ അടുക്കൽ ചെന്നു, അങ്ങനെ അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “അവന് മഹേർ-ശാലാൽ-ഹാശ്-ബസ്, എന്നു പേരിടുക. 4 കാരണം ഈ കുട്ടിക്ക് അപ്പാ, അമ്മാ എന്നു വിളിക്കാൻ പ്രായമാകുന്നതിനുമുമ്പ്, ദമസ്കോസിലെ ധനവും ശമര്യയിലെ കവർച്ചമുതലും അശ്ശൂർരാജാവ് എടുത്തുകൊണ്ടുപോകും.”
5 യഹോവ പിന്നെയും എന്നോട് ഇപ്രകാരം അരുളിച്ചെയ്തു:
6 “ഈ ജനം ശാന്തമായി ഒഴുകുന്ന
ശീലോഹാവെള്ളത്തെ ഉപേക്ഷിച്ചതുകൊണ്ടും
രെസീനിലും രെമല്യാവിന്റെ
മകനിലും ആനന്ദിക്കുന്നതുകൊണ്ടും,
7 കർത്താവ് അവരുടെമേൽ യൂഫ്രട്ടീസിലെ
ശക്തവും സമൃദ്ധവുമായ പ്രളയജലം—
അശ്ശൂർരാജാവിനെയും അവന്റെ സകലസന്നാഹത്തെയും—അയയ്ക്കും.
അത് അവരുടെ എല്ലാ തോടുകളിലും പൊങ്ങി
അതിന്റെ എല്ലാ കരകളിലും കവിഞ്ഞൊഴുകും.
8 അനന്തരം അതു യെഹൂദ്യയിലേക്കു
കടന്നു കവിഞ്ഞൊഴുകി കഴുത്തുവരെയും എത്തും.
ഇമ്മാനുവേലേ, അതിന്റെ വിരിച്ച ചിറകുകൾ,
നിന്റെ ദേശത്തിന്റെ വിസ്തൃതിയെ മൂടും.”
9 രാഷ്ട്രങ്ങളേ, യുദ്ധാരവം മുഴക്കുകയും തകർന്നടിയുകയുംചെയ്യുക!
ഭൂമിയിലെ വിദൂരസ്ഥലങ്ങളേ, ചെവിതരിക.
യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക!
അതേ, യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക!
10 നിങ്ങൾ ഒരു യുദ്ധതന്ത്രം ആവിഷ്ക്കരിക്കുക, എന്നാൽ അതു നിഷ്ഫലമാക്കപ്പെടും;
നിങ്ങളുടെ ഉത്തരവ് പുറപ്പെടുവിക്കുക, അതു നിലനിൽക്കുകയില്ല,
കാരണം ദൈവം നമ്മോടുകൂടെയുണ്ട്.
11 യഹോവ വളരെ കർക്കശമായ മുന്നറിയിപ്പോടെ എന്നോടു സംസാരിച്ച് ഈ ജനങ്ങളുടെ വഴിയിൽ നടക്കാതിരിക്കാൻ ഉപദേശിച്ചു. അവിടന്ന് അരുളിച്ചെയ്തത്:
12 “ഈ ജനം ഗൂഢാലോചന എന്നു വിളിക്കുന്ന
എല്ലാറ്റിനെയും നിങ്ങൾ ഗൂഢാലോചന എന്നു വിളിക്കരുത്;
അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്,
ഭ്രമിക്കുകയുമരുത്.
13 സൈന്യങ്ങളുടെ യഹോവയെയാണ് നിങ്ങൾ പരിശുദ്ധനായി കരുതേണ്ടത്,
അവിടന്നു നിങ്ങളുടെ ഭയം ആയിരിക്കട്ടെ,
അവിടന്നുതന്നെ നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
14 അപ്പോൾ അവിടന്ന് ഒരു വിശുദ്ധമന്ദിരമാകും;
എന്നാൽ ഇസ്രായേലിനും യെഹൂദയ്ക്കും അവിടന്ന്
കാലിടറിക്കുന്ന കല്ലും
നിലംപരിചാക്കുന്ന പാറയുമാണ്.
ജെറുശലേംനിവാസികൾക്ക്
അവിടന്ന് ഒരു കെണിയും കുരുക്കും ആയിരിക്കും.
15 പലരും കാലിടറി വീഴും;
അവർ വീണു തകർന്നുപോകുകയും
കെണിയിൽ കുടുങ്ങി പിടിക്കപ്പെടുകയും ചെയ്യും.”
16 ഈ മുന്നറിയിപ്പിന്റെ സാക്ഷ്യം കെട്ടിവെക്കുക;
എന്റെ ശിഷ്യരുടെയിടയിൽ നിയമം മുദ്രയിട്ടു സൂക്ഷിക്കുക.
17 യാക്കോബിന്റെ സന്തതികളിൽനിന്ന്
തന്റെ മുഖം മറച്ചുവെക്കുന്ന യഹോവയ്ക്കായി ഞാൻ കാത്തിരിക്കും;
എന്റെ ആശ്രയം ഞാൻ യഹോവയിൽത്തന്നെ അർപ്പിക്കും.
18 ഇതാ, ഞാനും യഹോവ എനിക്കു നൽകിയ മക്കളും. സീയോൻപർവതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയിൽനിന്ന് ഇസ്രായേലിനുള്ള ചിഹ്നങ്ങളും മുന്നറിയിപ്പുകളും ആയിരിക്കുന്നു.
19 വെളിച്ചപ്പാടുകളോടും തന്ത്രമന്ത്രങ്ങൾ ചെയ്യുന്ന ഭൂതസേവക്കാരോടും ആലോചന ചോദിക്കുക, എന്ന് അവർ നിങ്ങളോടു പറയുന്നെങ്കിൽ ജനം തങ്ങളുടെ ദൈവത്തോടല്ലേ ആലോചന ചോദിക്കേണ്ടത്? ജീവിച്ചിരിക്കുന്നവർക്കുവേണ്ടി മരിച്ചവരോട് ആരായുന്നത് എന്തിന്? 20 ദൈവത്തിന്റെ നിർദേശത്തിനും പ്രവാചകസാക്ഷ്യത്തിനും ആരായുക. ഈ വചനപ്രകാരം ഒരാൾ സംസാരിക്കുന്നില്ലെങ്കിൽ അത് അവർക്ക് ഉഷസ്സിന്റെ വെളിച്ചം ഇല്ലായ്കയാലാണ്. 21 അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്കു വിശക്കുമ്പോൾ അവർ കോപിച്ച് തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിച്ച് മുഖം ആകാശത്തിലേക്കു തിരിക്കും, 22 അവർ ഭൂമിയിലേക്കു നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും ഭയാനകമായ മൂകതയുംമാത്രമേ കാണുകയുള്ളൂ; ഒടുവിൽ അവർ ഘോരാന്ധകാരത്തിലേക്കു തള്ളപ്പെടും.