രെസീനും പേക്കഹും യെഹൂദ്യയിൽ അധിനിവേശം നടത്തുന്നു (continued)

ക്രി.മു. 742

Biblica® Open Malayalam Contemporary Version™ (OMCV)

യെശയ്യാവ് 9:1–10:4

1 എന്നാൽ കഷ്ടതയിലായിരുന്ന ജനത്തിന്റെമേൽ ഇനിയൊരിക്കലും അന്ധകാരം ഉണ്ടാകുകയില്ല. മുൻകാലത്ത് അവിടന്ന് സെബൂലൂൻ ദേശത്തോടും നഫ്താലി ദേശത്തോടും നിന്ദയോടെ പെരുമാറി; എന്നാൽ പിൽക്കാലത്ത് കടൽക്കരെ, യോർദാനക്കരെ, ജനതകൾ വസിക്കുന്ന ഗലീലാദേശത്തിന് അവിടന്നു മഹത്ത്വം വരുത്തും.

2 ഇരുട്ടിൽ നടന്ന ജനം

വലിയൊരു പ്രഭ ദർശിച്ചു;

കൂരിരുട്ടിന്റെ ദേശത്തു താമസിച്ചവരുടെമേൽ

ഒരു പ്രകാശം ഉദിച്ചു.

3 അങ്ങ് രാഷ്ട്രം വിസ്തൃതമാക്കുകയും

അവരുടെ ആനന്ദം അധികമാക്കുകയും ചെയ്തു.

കൊയ്ത്തുകാലത്ത് ആനന്ദിക്കുന്നതുപോലെയും

കൊള്ള പങ്കിടുമ്പോൾ യോദ്ധാക്കൾ

ആഹ്ലാദിക്കുന്നതുപോലെയും

അവർ അങ്ങയുടെ സന്നിധിയിൽ ആനന്ദിക്കുന്നു.

4 അവരുടെ ഭാരമുള്ള നുകവും

അവരുടെ ചുമലിലെ നുകക്കോലും

അവരെ പീഡിപ്പിക്കുന്നവരുടെ വടിയും

മിദ്യാന്റെകാലത്ത് എന്നപോലെ

അങ്ങ് ഒടിച്ചുകളഞ്ഞിരിക്കുന്നു.

5 യുദ്ധത്തിൽ ഉപയോഗിച്ച എല്ലാ യോദ്ധാക്കളുടെയും ചെരിപ്പും

രക്തംപുരണ്ട ഓരോ അങ്കിയും

അഗ്നിക്ക് ഇന്ധനമായി

എരിഞ്ഞടങ്ങും.

6 എന്തെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു,

നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു,

ആധിപത്യം അവന്റെ തോളിലായിരിക്കും.

അവൻ ഇപ്രകാരം വിളിക്കപ്പെടും:

അത്ഭുതമന്ത്രി, ശക്തനായ ദൈവം,

നിത്യപിതാവ്, സമാധാനപ്രഭു.

7 അവിടത്തെ ആധിപത്യത്തിന്റെ വർധനയ്ക്കും സമാധാനത്തിനും

അവസാനം ഉണ്ടാകുകയില്ല.

ദാവീദിന്റെ സിംഹാസനത്തിൽ ആരൂഢനായി

അതിനെ നീതിയോടും ന്യായത്തോടുംകൂടി

സ്ഥാപിച്ച് സുസ്ഥിരമാക്കി

ദാവീദിന്റെ രാജ്യത്തിന്മേൽ

ഇന്നുമുതൽ എന്നേക്കും വാഴും.

സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത

ഇതു നിറവേറ്റും.

8 കർത്താവ് യാക്കോബിനെതിരേ ഒരു വചനം അയച്ചു;

അത് ഇസ്രായേലിന്മേൽ വീഴും.

9-10 “ഇഷ്ടികകൾ വീണുപോയി,

എന്നാൽ ഞങ്ങൾ ചെത്തിമിനുക്കിയ കല്ലുകൊണ്ടുപണിയും;

അത്തിമരങ്ങൾ വെട്ടിവീഴ്ത്തപ്പെട്ടു,

എന്നാൽ അവയ്ക്കുപകരം ഞങ്ങൾ ദേവദാരുക്കൾ നട്ടുപിടിപ്പിക്കും,”

എന്ന് അഹങ്കാരത്തോടും

ഗർവമുള്ള ഹൃദയത്തോടും സംസാരിക്കുന്ന

സകലജനവും—എഫ്രയീമും

ശമര്യാനിവാസികളും—അത് അറിയും.

11 അതിനാൽ യഹോവ രെസീന്റെ എതിരാളികളെ അവർക്കെതിരേ വരുത്തും,

അവന്റെ എല്ലാ ശത്രുക്കളെയും ഇളക്കിവിടും.

12 അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറുംതന്നെ

അവർ ഇസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും.

ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല,

അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.

13 എന്നിട്ടും ജനം തങ്ങളെ അടിച്ചവനിലേക്കു തിരിയുന്നില്ല,

സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.

14 അതിനാൽ യഹോവ ഇസ്രായേലിൽനിന്നു തലയും വാലും

പനമ്പട്ടയും ഞാങ്ങണയും ഒരു ദിവസംതന്നെ ഛേദിച്ചുകളയും.

15 ജനത്തിന്റെ നേതാക്കന്മാരും ഉന്നതാധികാരികളും അവരുടെ തലയും

വ്യാജം പഠിപ്പിക്കുന്ന പ്രവാചകന്മാർ അവരുടെ വാലും ആകുന്നു.

16 ഈ ജനത്തെ നയിക്കുന്നവർതന്നെ അവരെ വഴിതെറ്റിക്കുന്നു,

അവർ നയിച്ച ജനം നശിച്ചുപോകുകയും ചെയ്തു.

17 അതിനാൽ യഹോവ അവരുടെ യുവാക്കന്മാരിൽ പ്രസാദിക്കുന്നില്ല,

അവരുടെ അനാഥരോടും വിധവകളോടും അവിടത്തേക്ക് സഹതാപം തോന്നുന്നതുമില്ല.

കാരണം അവരെല്ലാവരും അഭക്തരും ദുഷ്ടരുമാണ്;

എല്ലാ വായും ഭോഷത്തം സംസാരിക്കുന്നു.

ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല,

അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.

18 ദുഷ്ടത തീപോലെ ജ്വലിക്കുന്നു, നിശ്ചയം;

അത് മുള്ളും പറക്കാരയും ദഹിപ്പിക്കുന്നു.

അതു വനത്തിലെ കുറ്റിക്കാടുകൾക്കു തീ കൊടുക്കുന്നു,

അതുകൊണ്ട് അവ പുകത്തൂണായി കറങ്ങിമറിഞ്ഞു മേലോട്ട് ഉയരുന്നു.

19 സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം

ദേശം വരണ്ടുണങ്ങും;

ജനം അഗ്നിക്ക് ഇന്ധനമാകും;

ആരുംതന്നെ സഹോദരങ്ങളെ വെറുതേ വിടുകയില്ല.

20 അവർ തങ്ങളുടെ വലത്തുവശത്തുള്ള അയൽവാസിയെ ആക്രമിക്കും

എന്നിട്ടും വിശന്നിരിക്കുന്നു;

ഇടത്തുവശത്തുള്ള അയൽവാസിയെ കവർച്ചചെയ്യും,

എന്നിട്ടും തൃപ്തിവരുന്നില്ല.

ഓരോരുത്തനും അവരവരുടെ ഭുജംതന്നെയും ഭക്ഷിക്കും:

21 മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും വിഴുങ്ങുന്നു.

അവർ ഒരുമിച്ച് യെഹൂദയ്ക്ക് എതിരായിരിക്കുന്നു.

ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല,

അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.

10:1-2 ദരിദ്രരുടെ അവകാശങ്ങൾ അപഹരിക്കുന്നതിനും

എന്റെ ജനത്തിൽ അടിച്ചമർത്തപ്പെട്ടവർക്കു നീതി നിഷേധിക്കുന്നതിനും

വിധവകളെ അവരുടെ ഇരയാക്കുന്നതിനും

അനാഥരെ കൊള്ളയിടുന്നതിനുംവേണ്ടി

ന്യായമല്ലാത്ത നിയമങ്ങൾ ആവിഷ്കരിക്കുന്നവർക്കും

അടിച്ചമർത്തുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുന്നവർക്കും അയ്യോ, കഷ്ടം!

3 ശിക്ഷാവിധിയുടെ ദിവസത്തിൽ,

ദൂരെനിന്നും നാശം വന്നുചേരുമ്പോൾ, നിങ്ങൾ എന്തുചെയ്യും?

സഹായത്തിനായി ആരുടെ അടുത്തേക്കു നിങ്ങൾ ഓടിച്ചെല്ലും?

നിങ്ങളുടെ ധനം നിങ്ങൾ എവിടെ സൂക്ഷിക്കും?

4 ബന്ധിതരുടെ ഇടയിൽ താണുവീണ് അപേക്ഷിക്കുകയോ

വധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ വീഴുകയോ അല്ലാതെ മറ്റൊരു മാർഗവും അവശേഷിക്കുകയില്ല.

ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല,

അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.

ദമസ്കോസിനും പത്തു ഗോത്രങ്ങൾക്കും വരാനിരിക്കുന്ന നാശം യെശയ്യാവ് പ്രവചിക്കുന്നു

യെശയ്യാവ് 17

1 ദമസ്കോസിനെതിരേയുള്ള പ്രവചനം:

“നോക്കൂ, ദമസ്കോസ് ഒരു പട്ടണമല്ലാതായിത്തീരും

എന്നാൽ അതു നാശനഷ്ടങ്ങളുടെ ഒരു കൂമ്പാരമാകും.

2 അരോയേർപട്ടണങ്ങൾ ജനവാസമില്ലാത്തതാകും,

അവ ആട്ടിൻപറ്റങ്ങൾക്കുള്ളത്, അവയവിടെ കിടക്കും,

ആരും അവയെ ഭയപ്പെടുത്തുകയില്ല.

3 എഫ്രയീമിൽനിന്ന് കോട്ടകെട്ടിയുറപ്പിച്ച പട്ടണം അപ്രത്യക്ഷമാകും,

ദമസ്കോസിൽനിന്നു രാജത്വവും ഇല്ലാതാകും;

അരാമിൽ ശേഷിച്ച ജനം

ഇസ്രായേൽമക്കളുടെ മഹത്ത്വംപോലെയാകും,”

എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

4 “ആ ദിവസത്തിൽ യാക്കോബിന്റെ മഹത്ത്വം മങ്ങിപ്പോകും;

അവന്റെ കായപുഷ്ടി ക്ഷയിച്ചുപോകും.

5 അതു കൊയ്ത്തുകാർ കതിരുകൾ ചേർത്തുപിടിച്ച്

കൈകൊണ്ടു വിളവു കൊയ്തെടുക്കുന്നതുപോലെയാകും—

രെഫായീം താഴ്വരയിൽ ഒരാൾ

കാലാപെറുക്കുന്നതുപോലെതന്നെ.

6 ഒലിവുമരത്തിൽനിന്ന് കായ്കൾ ശേഖരിക്കുന്നതിനായി തല്ലുമ്പോൾ

ഏറ്റവും മുകളിലത്തെ ശാഖകളിൽ രണ്ടോ മൂന്നോ കായ്കളും

ഫലഭൂയിഷ്ഠമായ ശാഖകളിൽ നാലോ അഞ്ചോ കായും ശേഷിക്കുന്നതുപോലെ

കാലാപെറുക്കാനുള്ള വകമാത്രം ശേഷിച്ചിരിക്കും,”

എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

7 ആ ദിവസത്തിൽ മനുഷ്യർ തങ്ങളുടെ സ്രഷ്ടാവിൽ ആശ്രയിക്കുകയും

അവരുടെ കണ്ണുകൾ ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു തിരിക്കുകയും ചെയ്യും.

8 അവർ തങ്ങളുടെ കൈകളുടെ നിർമിതിയായ,

യാഗപീഠങ്ങളിൽ ഇനിയൊരിക്കലും ആശ്രയിക്കുകയില്ല,

തങ്ങളുടെ വിരലുകൾ നിർമിച്ച അശേരാപ്രതിഷ്ഠകളോടും

ധൂപപീഠങ്ങളോടും അവർക്കു യാതൊരു ആദരവും കാണുകയില്ല.

9 ഇസ്രായേല്യർനിമിത്തം ഉപേക്ഷിക്കപ്പെട്ടുപോയ അവരുടെ ഉറപ്പുള്ള പട്ടണങ്ങൾ കുറ്റിക്കാടും ചോലമേടും ആകാനായി ഉപേക്ഷിച്ചുപോയ സ്ഥലങ്ങൾപോലെയാകും; അവയെല്ലാം ശൂന്യമായിത്തീരും.

10 എന്തെന്നാൽ നിങ്ങളുടെ രക്ഷകനായ ദൈവത്തെ നിങ്ങൾ മറന്നു;

നിങ്ങളുടെ സുരക്ഷിതസ്ഥാനമായ പാറയെ ഓർത്തതുമില്ല.

അതുകൊണ്ട്, നിങ്ങൾ മനോഹരമായ തോട്ടങ്ങൾ നട്ട്

അവയിൽ അന്യദേശത്തുനിന്നുമുള്ള വള്ളികൾ നടുന്നു.

11 നടുന്ന ദിവസത്തിൽ നിങ്ങൾ ശ്രദ്ധയോടെ അതിനു വേലികെട്ടുന്നു.

രാവിലെ നിങ്ങളുടെ നടുതല പൂക്കുമാറാക്കുന്നു.

എന്നാൽ സങ്കടത്തിന്റെയും തീരാദുഃഖത്തിന്റെയും നാളിൽ

നിങ്ങളുടെ കൊയ്ത്തു നഷ്ടപ്പെട്ടുപോകും.

12 സമുദ്രത്തിന്റെ ഘോഷംപോലെ

ആക്രോശിക്കുന്ന നിരവധി രാഷ്ട്രങ്ങൾക്ക് അയ്യോ, കഷ്ടം!

അലമുറയിടുന്ന ജനതകൾക്കും അയ്യോ, കഷ്ടം—

അവരുടെ ഇരമ്പൽ പെരുവെള്ളത്തിന്റെ ഇരമ്പൽപോലെ ആകുന്നു!

13 പെരുവെള്ളം ഇരമ്പുന്നതുപോലെ ജനാവലി ഇരമ്പുന്നെങ്കിലും,

അവിടന്ന് അവരെ ശാസിക്കുമ്പോൾ അവർ ദൂരത്തേക്ക് പലായനംചെയ്യും,

കുന്നുകളിലെ ധൂളി കാറ്റിന്റെമുമ്പിൽ പറക്കുന്നതുപോലെ

കൊടുങ്കാറ്റിന്റെമുമ്പിൽ ചുഴന്നുപറക്കുന്ന പതിർപോലെയും അവർ പാറിപ്പോകും.

14 സന്ധ്യാസമയത്ത് ഇതാ ഭീതി!

പ്രഭാതത്തിനുമുമ്പ് അവൻ ഇല്ലാതെപോകുന്നു.

നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും

നമ്മോടു പിടിച്ചുപറിക്കുന്നവരുടെ അന്ത്യവും ഈ വിധത്തിലായിരിക്കും.