രണ്ടാം യൊരോബെയാമിന്റെ മരണശേഷം രാജാവില്ലാത്ത ഇസ്രായേൽ
ക്രി.മു. 776
Biblica® Open Malayalam Contemporary Version™ (OMCV)
1 ഇസ്രായേൽജനമേ, യഹോവയുടെ വചനം കേൾപ്പിൻ;
ഈ ദേശത്തു വസിക്കുന്ന നിങ്ങൾക്കുനേരേ
യഹോവയ്ക്ക് ഒരു വ്യവഹാരം ഉണ്ട്:
“ഈ ദേശത്തു വിശ്വസ്തതയോ സ്നേഹമോ
ദൈവപരിജ്ഞാനമോ ഇല്ല;
2 ശാപവും വ്യാജവും കൊലപാതകവും
മോഷണവും വ്യഭിചാരവുംമാത്രമേയുള്ളൂ.
അവർ സകല അതിർവരമ്പുകളും ലംഘിച്ചിരിക്കുന്നു;
രക്തച്ചൊരിച്ചിലിനു പിന്നാലെ രക്തച്ചൊരിച്ചിൽതന്നെ.
3 ഇതുനിമിത്തം ദേശം വിലപിക്കുന്നു.
അതിലെ നിവാസികളെല്ലാവരും
വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും മെലിഞ്ഞുണങ്ങിയിരിക്കുന്നു;
സമുദ്രത്തിലെ മത്സ്യം നശിച്ചുപോകുന്നു.
4 “എന്നാൽ, ആരും കുറ്റാരോപണം നടത്തുകയോ
പരസ്പരം പഴിചാരുകയോ അരുത്.
നിങ്ങൾ പുരോഹിതനുനേരേ ആരോപണം
ഉന്നയിക്കുന്നവരെപ്പോലെ ആകുന്നു.
5 നിങ്ങൾ പകൽസമയത്ത് ഇടറിവീഴും.
പ്രവാചകന്മാർ നിങ്ങളോടൊപ്പം രാത്രികാലത്ത് ഇടറിവീഴും.
അതുകൊണ്ടു ഞാൻ നിങ്ങളുടെ അമ്മയെ നശിപ്പിക്കും—
6 പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിക്കുന്നു.
“നീ പരിജ്ഞാനം ത്യജിച്ചതിനാൽ
എന്റെ പുരോഹിതസ്ഥാനത്തുനിന്നു ഞാൻ നിന്നെയും ത്യജിച്ചുകളയും;
നിങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണം അവഗണിച്ചിരിക്കുകയാൽ,
ഞാനും നിങ്ങളുടെ മക്കളെ അവഗണിക്കും.
7 പുരോഹിതന്മാർ വർധിക്കുന്തോറും,
അവർ എന്നോട് അധികം പാപംചെയ്തു;
അതുകൊണ്ട് ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയാക്കിമാറ്റും.
8 അവർ എന്റെ ജനത്തിന്റെ പാപംകൊണ്ട് ഉപജീവിക്കുകയും
അവരുടെ ദുഷ്ടത ആസ്വദിക്കുകയും ചെയ്യുന്നു.
9 ജനം എങ്ങനെയോ, അങ്ങനെതന്നെ പുരോഹിതന്മാരും ആയിരിക്കും.
ഞാൻ അവരുടെ പാപവഴികൾനിമിത്തം അവരിരുവരെയും ശിക്ഷിക്കും
അവരുടെ പ്രവൃത്തികൾക്കു തക്ക പകരംനൽകും.
10 “അവർ ഭക്ഷിക്കും, പക്ഷേ, മതിവരികയില്ല;
അവർ വ്യഭിചരിക്കും, പക്ഷേ, യാതൊന്നും നേടുകയില്ല,
കാരണം അവർ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞല്ലോ;
11 ബുദ്ധിയെ കെടുത്തുന്ന വ്യഭിചാരത്തിനും
പഴയ വീഞ്ഞിനും പുതിയ വീഞ്ഞിനും
അവർ സ്വയം ഏൽപ്പിച്ചുകൊടുത്തു.
12 എന്റെ ജനം ഒരു മരപ്രതിമയോടു ചോദിക്കുന്നു,
ദേവപ്രശ്നംവെക്കുന്നവരുടെ ദണ്ഡിൽനിന്ന് അവർക്കു മറുപടി ലഭിക്കുന്നു.
വ്യഭിചാരത്തിന്റെ ആത്മാവ് അവരെ വഴിതെറ്റിക്കുന്നു;
അവർ തങ്ങളുടെ ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നു.
13 അവർ പർവതശിഖരങ്ങളിൽ ബലികഴിക്കുന്നു,
കുന്നുകളിൽ നല്ല തണൽ നൽകുന്ന
കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴിൽ
അവർ ധൂപംകാട്ടുന്നു.
തന്നിമിത്തം നിങ്ങളുടെ പുത്രിമാർ വ്യഭിചാരത്തിലേക്കും
പുത്രഭാര്യമാർ പരപുരുഷസംഗത്തിലേക്കും തിരിയുന്നു.
14 “വ്യഭിചാരത്തിലേക്കു തിരിയുന്ന
നിങ്ങളുടെ പുത്രിമാരെയും
പരപുരുഷസംഗത്തിലേക്കു തിരിയുന്ന
നിങ്ങളുടെ പുത്രഭാര്യമാരെയും ഞാൻ ശിക്ഷിക്കുകയില്ല.
കാരണം നിങ്ങളുടെ പുരുഷന്മാർതന്നെ വേശ്യാസ്ത്രീകളോടുകൂടെ പാർക്കുകയും
ക്ഷേത്രവേശ്യകളോടുകൂടെ ബലികഴിക്കുകയുംചെയ്യുന്നു.
ഇങ്ങനെ പരിജ്ഞാനമില്ലാത്ത ജനം നശിപ്പിക്കപ്പെടും!
15 “ഇസ്രായേൽജനമേ, നിങ്ങൾ വ്യഭിചാരം ചെയ്യുന്നെങ്കിലും
യെഹൂദ അപ്രകാരമുള്ള കുറ്റം ചെയ്യാതിരിക്കട്ടെ.
“നിങ്ങൾ ഗിൽഗാലിലേക്കു പോകരുത്;
ബേത്-ആവെനിലേക്ക് പോകരുത്.
‘ജീവനുള്ള യഹോവയാണെ,’ എന്ന് ഇനിമേൽ ശപഥംചെയ്യരുത്!”
16 ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ
ഇസ്രായേൽജനം ശാഠ്യമുള്ളവരാണ്.
അങ്ങനെയെങ്കിൽ പുൽമേടുകളിലെ കുഞ്ഞാടുകളെപ്പോലെ
അവരെ മേയിക്കാൻ യഹോവയ്ക്ക് എങ്ങനെ കഴിയും?
17 എഫ്രയീം വിഗ്രഹങ്ങളോടു ചേർന്നിരിക്കുന്നു;
അവനെ വിട്ട് ഒഴിഞ്ഞിരിക്ക.
18 അവരുടെ മദ്യം തീർന്നാലും
അവർ തങ്ങളുടെ വ്യഭിചാരം തുടരുന്നു;
അവരുടെ ഭരണാധികാരികൾ ലജ്ജാകരമായ വഴികൾ ഇഷ്ടപ്പെടുന്നു.
19 ഒരു ചുഴലിക്കാറ്റ് അവരെ പറപ്പിച്ചുകളയും,
അവരുടെ ബലികൾ അവർക്കുതന്നെ ലജ്ജയായിത്തീരും.
സെഖര്യാവിന്റെ ഭരണം ക്രി.മു. 773
8 യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തിയെട്ടാമാണ്ടിൽ ഇസ്രായേൽരാജാവായ യൊരോബെയാമിന്റെ മകനായ സെഖര്യാവ് ശമര്യയിൽ ഇസ്രായേൽരാജാവായി. അദ്ദേഹം ആറുമാസം വാണു. 9 അദ്ദേഹം തന്റെ പിതാക്കന്മാർ ചെയ്തിരുന്നതുപോലെ യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അദ്ദേഹം വിട്ടുമാറിയില്ല.
10 യാബേശിന്റെ മകനായ ശല്ലൂം സെഖര്യാവിന് എതിരായി ഗൂഢാലോചന നടത്തി. അയാൾ ജനങ്ങളുടെ മുൻപിൽവെച്ച് സെഖര്യാവിനെ ആക്രമിച്ച് ചതിവിൽ കൊലപ്പെടുത്തി. അതിനുശേഷം ശല്ലൂം അദ്ദേഹത്തിനു പിന്നാലെ രാജാവായി. 11 സെഖര്യാവിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. 12 “നിന്റെ സന്തതികൾ നാലാംതലമുറവരെ ഇസ്രായേലിന്റെ രാജസിംഹാസനത്തിൽ വാഴും,” എന്ന് യഹോവ യേഹുവിനോട് അരുളിച്ചെയ്ത വാക്കുകൾ അങ്ങനെ നിറവേറി.
ശല്ലൂമിന്റെ ഭരണം ക്രി.മു. 772
13 യെഹൂദാരാജാവായ ഉസ്സീയാവിന്റെ മുപ്പത്തിയൊൻപതാമാണ്ടിൽ യാബേശിന്റെ മകനായ ശല്ലൂം ഇസ്രായേൽരാജാവായി. അദ്ദേഹം ശമര്യയിൽ ഒരുമാസം വാണു. 14 പിന്നെ ഗാദിയുടെ മകനായ മെനഹേം തിർസയിൽനിന്നും ശമര്യയിലേക്കു വന്നു. അയാൾ യാബേശിന്റെ മകനായ ശല്ലൂമിനെ ആക്രമിച്ച് ചതിവിൽ കൊലപ്പെടുത്തി അയാൾക്കുശേഷം രാജാവായി.
15 ശല്ലൂമിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം നടത്തിയ ഗൂഢാലോചനയും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
മെനഹേമിന്റെ ഭരണം
16 അക്കാലത്ത് മെനഹേം തിർസയിൽനിന്നു പുറപ്പെട്ട് തിപ്സഹിനെയും ആ നഗരത്തിലുള്ള സകലരെയും അതിന്റെ പ്രാന്തപ്രദേശങ്ങളെയും ആക്രമിച്ചു. ആ നഗരവാസികൾ അദ്ദേഹത്തിനുവേണ്ടി നഗരകവാടം തുറന്നു കൊടുക്കാതിരുന്നതിനാൽ അദ്ദേഹം തിപ്സഹുനഗരത്തെ കൊള്ളചെയ്തു നശിപ്പിക്കുകയും അതിലെ ഗർഭിണികളെ കീറിക്കളയുകയും ചെയ്തു.
17 യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തിയൊൻപതാമാണ്ടിൽ ഗാദിയുടെ മകനായ മെനഹേം ഇസ്രായേലിനു രാജാവായി; അദ്ദേഹം ശമര്യയിൽ പത്തുവർഷം വാണു. 18 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിൽനിന്ന് അയാൾ തന്റെ ഭരണകാലത്ത് ഒരിക്കലും വിട്ടകന്നില്ല.
19 അശ്ശൂർരാജാവായ പൂൽ ദേശത്തെ ആക്രമിച്ചു. അദ്ദേഹത്തിന്റെ സഹായം നേടുന്നതിനും തന്റെ രാജാധികാരം ഉറപ്പിക്കുന്നതിനുമായി മെനഹേം അദ്ദേഹത്തിന് ആയിരംതാലന്തു വെള്ളി സമ്മാനമായിക്കൊടുത്തു. 20 ഈ വെള്ളി മെനഹേം ഇസ്രായേലിൽനിന്നു നിർബന്ധപൂർവം പിരിച്ചെടുത്തു. ഓരോ സമ്പന്നവ്യക്തിയും അശ്ശൂർരാജാവിനു കൊടുക്കുന്നതിന് അൻപതുശേക്കേൽ വെള്ളിവീതം കൊടുക്കണമായിരുന്നു. അങ്ങനെ അശ്ശൂർരാജാവ് ദേശത്തെ ആക്രമിച്ചുകൊണ്ട് അധികനാൾ തങ്ങാതെ പിൻവാങ്ങി.
21 മെനഹേമിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ ഇവയെക്കുറിച്ചെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 22 മെനഹേം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ മകനായ പെക്കഹ്യാവ് അടുത്ത രാജാവായി സ്ഥാനമേറ്റു.
പെക്കഹ്യാവിന്റെ ഭരണം ക്രി.മു. 768
23 യെഹൂദാരാജാവായ അസര്യാവിന്റെ അൻപതാമാണ്ടിൽ മെനഹേമിന്റെ മകനായ പെക്കഹ്യാവ് ശമര്യയിൽ ഇസ്രായേലിനു രാജാവായി; അദ്ദേഹം രണ്ടുവർഷം വാണു. 24 പെക്കഹ്യാവ് യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അദ്ദേഹം വിട്ടുമാറിയില്ല. 25 അദ്ദേഹത്തിന്റെ പ്രധാനഉദ്യോഗസ്ഥന്മാരിൽ ഒരുവനും രെമല്യാവിന്റെ മകനുമായ പേക്കഹ് അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തി. അദ്ദേഹം അൻപതു ഗിലെയാദ്യരെ തന്നോടൊപ്പംചേർത്തു ശമര്യയിലെ രാജകൊട്ടാരത്തിന്റെ ഉൾമുറിയിൽവെച്ച് പേക്കഹ്യാവിനെയും അദ്ദേഹത്തോടൊപ്പം അർഗോബിനെയും അർയയെയും ചതിച്ചു കൊലപ്പെടുത്തി.
26 പെക്കഹ്യാവിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹത്തിന്റെ സകലപ്രവൃത്തികളും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.