രണ്ടാം യൊരോബെയാമിന്റെ മരണം

ക്രി.മു. 784

Biblica® Open Malayalam Contemporary Version™ (OMCV)

2 രാജാക്കന്മാർ 14:28

28 യൊരോബെയാമിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ, യെഹൂദയുടെ അധീനതയിലായിരുന്ന ദമസ്കോസും ഹമാത്തും അദ്ദേഹം ഇസ്രായേലിനുവേണ്ടി വീണ്ടെടുത്തതുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സൈനികനേട്ടങ്ങൾ, ഇവയെക്കുറിച്ചെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?

ആമോസ് 7:10–9:15

10 ബേഥേലിലെ പുരോഹിതനായ അമസ്യാവ്, ഇസ്രായേൽരാജാവായ യൊരോബെയാമിന് ഒരു സന്ദേശം കൊടുത്തയച്ചു. “ഇസ്രായേൽജനത്തിന്റെ മധ്യേ ആമോസ്, രാജാവിനു വിരോധമായി ഗൂഢാലോചന നടത്തുന്നു. ദേശത്തിന് അദ്ദേഹത്തിന്റെ വാക്കുകൾ വഹിക്കാൻ കഴിയുന്നതല്ല. 11 ആമോസ് പറയുന്നത് ഇതാണ്:

“ ‘യൊരോബെയാം വാൾകൊണ്ടു കൊല്ലപ്പെടും,

ഇസ്രായേൽ നിശ്ചയമായും സ്വന്തം ദേശംവിട്ട്

പ്രവാസത്തിലേക്കു പോകും.’ ”

12 അപ്പോൾ അമസ്യാവ് ആമോസിനോടു പറഞ്ഞു: “ദർശകാ, പുറത്തുപോകൂ! യെഹൂദാദേശത്തിലേക്കു മടങ്ങിപ്പോകുക. അവിടെ പ്രവചിച്ച് ഉപജീവനം കഴിക്കുക. 13 ബേഥേലിൽ ഇനി പ്രവചിക്കരുത്, അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജ്യത്തിന്റെ രാജധാനിയുമാണ്.”

14 ആമോസ് അമസ്യാവിനോടു പറഞ്ഞു: “ഞാൻ ഒരു പ്രവാചകനോ പ്രവാചകന്റെ പുത്രനോ അല്ല; ഞാൻ ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും ആയിരുന്നു. 15 എന്നാൽ ആടുകളെ മേയിക്കുന്നവരിൽനിന്ന് യഹോവ എന്നെ തെരഞ്ഞെടുത്തു: ‘പോയി, എന്റെ ജനമായ ഇസ്രായേലിനോടു പ്രവചിക്കുക’ എന്നു കൽപ്പിച്ചു. 16 ഇപ്പോൾ യഹോവയുടെ വചനം കേൾക്കുക:

“ ‘ഇസ്രായേലിനു വിരോധമായി പ്രവചിക്കരുത്,

യിസ്ഹാക്കുഗൃഹത്തിനു വിരോധമായി പ്രസംഗിക്കുന്നതു നിർത്തുക,’ എന്നു താങ്കൾ പറയുന്നു.

17 “അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:

“ ‘നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും,

നിന്റെ പുത്രന്മാരും പുത്രിമാരും വാളിനാൽ വീഴും.

നിന്റെ ദേശം അളന്നു വിഭജിക്കപ്പെടും

നീ യെഹൂദേതരരുടെ ദേശത്തുവെച്ചു മരിക്കും.

ഇസ്രായേൽ നിശ്ചയമായി സ്വന്തം ദേശംവിട്ടു

പ്രവാസത്തിലേക്കു പോകും.’ ”

8:1 യഹോവയായ കർത്താവ് എന്നെ കാണിച്ചത് ഇതാണ്: ഒരു കുട്ട നിറയെ പാകമായ പഴം: 2 “ആമോസേ, നീ എന്തു കാണുന്നു?” എന്ന് യഹോവ ചോദിച്ചു.

“ഒരു കുട്ട നിറയെ പാകമായ പഴം കാണുന്നു,” എന്നു ഞാൻ പറഞ്ഞു.

അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “എന്റെ ജനമായ ഇസ്രായേലിന്റെ സമയം പാകമായിരിക്കുന്നു; ഇനി ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല.”

3 യഹോവയായ കർത്താവു പ്രഖ്യാപിക്കുന്നു: “ആ ദിവസത്തിൽ ആലയത്തിലെ ഗാനങ്ങൾ വിലാപമായിത്തീരും. നിരവധി, നിരവധി ശരീരങ്ങൾ എറിയപ്പെട്ടു കിടക്കുന്നു! നിശ്ശബ്ദമായിരിക്കുക!”

4 ദരിദ്രരെ ചവിട്ടിമെതിക്കുന്നവരേ,

ദേശത്തിലെ സാധുക്കളെ ഓടിച്ചുകളയുന്നവരേ, ഇതു കേൾക്കുക:

5 അവർ പറയുന്നു,

“ധാന്യം വിൽക്കേണ്ടതിന്

അമാവാസി എപ്പോൾ കഴിയും?

ഗോതമ്പു വിൽക്കേണ്ടതിന്

ശബ്ബത്ത് എപ്പോൾ ഒഴിഞ്ഞുപോകും?”

അവർ അളവുപാത്രം ചെറുതാക്കുന്നു,

വില വർധിപ്പിക്കുന്നു

കള്ളത്തുലാസുകൊണ്ടു വഞ്ചിക്കുന്നു,

6 ദരിദ്രരെ വെള്ളിക്കുപകരമായും

എളിയവരെ ഒരു ജോടി ചെരിപ്പിനുപകരമായും വാങ്ങുന്നു,

ഗോതമ്പിന്റെ പതിരുപോലും അവർ വിൽക്കുന്നു.

7 യഹോവ യാക്കോബിന്റെ നിഗളത്തെച്ചൊല്ലി ശപഥംചെയ്തു: “അവർ ചെയ്തതൊന്നും ഞാൻ ഒരിക്കലും മറക്കുകയില്ല.

8 “ദേശം ഇതുനിമിത്തം നടുങ്ങുകയില്ലയോ?

അതിൽ പാർക്കുന്നവർ വിലപിക്കുകയില്ലയോ?

ദേശംമുഴുവനും നൈൽനദിപോലെ ഉയരും;

ഈജിപ്റ്റിലെ നദിപോലെ

അതു പൊങ്ങുകയും താഴുകയും ചെയ്യും.

9 “യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു:

“ആ ദിവസത്തിൽ, സൂര്യനെ ഞാൻ നട്ടുച്ചയ്ക്ക് അസ്തമിപ്പിക്കും

മധ്യാഹ്നത്തിൽ ഭൂമിയിൽ ഞാൻ ഇരുട്ടു പരത്തും.

10 നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ വിലാപങ്ങളാക്കിത്തീർക്കും

നിങ്ങളുടെ സംഗീതം കരച്ചിലായിത്തീരും.

നിങ്ങളെ എല്ലാവരെയും ചാക്കുശീല ഉടുപ്പിക്കും

നിങ്ങളുടെ തല ക്ഷൗരംചെയ്യിക്കും.

ആ സമയം, ഏകപുത്രന്റെ വിയോഗത്തിൽ വിലപിക്കുന്നതുപോലെ ആക്കും

അതിന്റെ അവസാനം അത്യന്തം കയ്‌പുമായിരിക്കും.”

11 യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു:

“ഞാൻ ദേശത്തു ക്ഷാമം അയയ്ക്കുന്ന ദിവസങ്ങൾ വരുന്നു.

അത് അപ്പത്തിനായുള്ള ക്ഷാമമോ വെള്ളത്തിനായുള്ള ദാഹമോ അല്ല;

പിന്നെയോ, യഹോവയുടെ വചനം കേൾക്കാനുള്ള മഹാക്ഷാമംതന്നെ.

12 അന്ന് അവർ സമുദ്രംമുതൽ സമുദ്രംവരെ അലയും

വടക്കുമുതൽ കിഴക്കുവരെ അലഞ്ഞുനടക്കും.

അവർ യഹോവയുടെ വചനം അന്വേഷിക്കും,

എന്നാൽ കണ്ടെത്തുകയുമില്ല.

13 “ആ ദിവസത്തിൽ,

“സൗന്ദര്യമുള്ള യുവതികളും ശക്തരായ യുവാക്കന്മാരും

ദാഹംകൊണ്ടു തളർന്നുപോകും.

14 ശമര്യയുടെ പാപത്തെച്ചൊല്ലി ശപഥംചെയ്യുന്നവരും,

‘ദാനേ, നിന്റെ ദൈവത്താണെ’ എന്നോ

‘ബേർ-ശേബയിലെ ദേവനാണെ’ എന്നോ ശപഥംചെയ്യുന്നവരും വീണുപോകും:

പിന്നീടൊരിക്കലും അവർ എഴുന്നേൽക്കുകയില്ല.”

9:1 കർത്താവ് യാഗപീഠത്തിനുസമീപം നിൽക്കുന്നതു ഞാൻ കണ്ടു; അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു:

“പടിവാതിലുകൾ കുലുങ്ങത്തക്കവണ്ണം

ഗോപുരങ്ങളുടെ ശിരസ്സിൽ അടിക്കുക.

സകലജനത്തിന്റെയും ശിരസ്സിൽ അവയെ തള്ളിയിടുക;

ശേഷിച്ചിരിക്കുന്ന എല്ലാവരെയും ഞാൻ വാൾകൊണ്ടു കൊല്ലും.

ആരും രക്ഷപ്പെടുകയില്ല,

ഓടിപ്പോകുകയുമില്ല.

2 അവർ പാതാളത്തിലേക്ക് കുഴിച്ചിറങ്ങിയാലും

എന്റെ കൈ അവിടെ അവരെ പിടിക്കും.

അവർ സ്വർഗംവരെ കയറിയാലും

ഞാൻ അവരെ താഴെയിറക്കും.

3 അവർ കർമേലിന്റെ നെറുകയിൽ ഒളിച്ചാലും

ഞാൻ അവരെ വേട്ടയാടിപ്പിടിക്കും.

അവർ എന്നെ വിട്ട് ഓടി സമുദ്രത്തിന്റെ അടിത്തട്ടിൽ ഒളിച്ചാലും,

അവിടെ, അവരെ കടിക്കാൻ സർപ്പത്തോടു ഞാൻ കൽപ്പിക്കും.

4 അവരുടെ ശത്രുക്കൾനിമിത്തം അവർ പ്രവാസത്തിലേക്കു പോയാലും

അവിടെ അവരെ കൊല്ലുന്നതിനു ഞാൻ വാളിനോടു കൽപ്പിക്കും.

“ഞാൻ അവരുടെമേൽ നന്മയ്ക്കല്ല, തിന്മയ്ക്കുതന്നെ

എന്റെ ദൃഷ്ടി പതിക്കും.”

5 സൈന്യങ്ങളുടെ യഹോവയായ കർത്താവ്

ഭൂമിയെ തൊടുന്നു, അത് ഉരുകിപ്പോകുന്നു;

ഭൂവാസികളൊക്കെയും വിലപിക്കുന്നു.

ദേശംമുഴുവനും നൈൽനദിപോലെ ഉയരുന്നു,

ഈജിപ്റ്റിലെ നദിപോലെ അതു താഴുകയും ചെയ്യുന്നു;

6 അവിടന്നു തന്റെ കൊട്ടാരം സ്വർഗത്തിൽ പണിയുന്നു,

അതിന്റെ അടിസ്ഥാനം ഭൂമിയിൽ ഇടുന്നു;

സമുദ്രത്തിലെ വെള്ളത്തെ അവിടന്നു വിളിക്കുന്നു

ഭൂമുഖത്തേക്ക് ആ വെള്ളം വർഷിക്കുന്നു—

യഹോവ എന്നാകുന്നു അവിടത്തെ നാമം.

7 “നിങ്ങൾ ഇസ്രായേല്യർ

എനിക്കു കൂശ്യരെപ്പോലെയല്ലേ?”

യഹോവ ചോദിക്കുന്നു.

“ഇസ്രായേലിനെ ഈജിപ്റ്റിൽനിന്നും

ഫെലിസ്ത്യരെ കഫ്തോരിൽനിന്നും

അരാമ്യരെ കീറിൽനിന്നും ഞാനല്ലയോ കൊണ്ടുവന്നത്?

8 “കർത്താവായ യഹോവയുടെ കണ്ണുകൾ

പാപംനിറഞ്ഞ രാജ്യത്തിന്മേൽ ഉണ്ട്.

ഞാൻ അതിനെ നശിപ്പിക്കും

ഭൂമുഖത്തുനിന്നുതന്നെ.

എങ്കിലും ഞാൻ യാക്കോബുഗൃഹത്തെ

ഉന്മൂലനാശം ചെയ്യുകയില്ല,”

എന്ന് യഹോവ അരുളിച്ചെയ്യുന്നു.

9 “ഞാൻ കൽപ്പന കൊടുക്കും,

ധാന്യം മുറത്തിൽ പാറ്റിയെടുക്കുന്നതുപോലെ

ഞാൻ സകലരാഷ്ട്രങ്ങളുടെയും മധ്യത്തിൽ

ഇസ്രായേൽഗൃഹത്തെ പാറ്റും,

ഒരു ചരൽക്കല്ലുപോലും നഷ്ടപ്പെടുകയില്ല.

10 എന്റെ ജനത്തിന്റെ മധ്യത്തിലുള്ള സകലപാപികളും,

‘നമുക്ക് അത്യാഹിതമൊന്നും വരികയില്ല,

ഒന്നും സംഭവിക്കുകയുമില്ല,’

എന്നു പറയുന്നവരും വാളിനാൽ മരിക്കും.

11 “ആ ദിവസത്തിൽ,

“ദാവീദിന്റെ വീണുപോയ കൂടാരത്തെ ഞാൻ പുനഃസ്ഥാപിക്കും—

അതിന്റെ ഇടിഞ്ഞ മതിലുകൾ ഞാൻ ശരിയാക്കും

അതിന്റെ നാശങ്ങളെ പരിഹരിച്ച്

അതിനെ യഥാസ്ഥാനപ്പെടുത്തും.

12 അങ്ങനെ അവർ ഏദോമിൽ ശേഷിച്ചവരെയും

എന്റെ നാമം വഹിക്കുന്ന എല്ലാ രാജ്യങ്ങളെയും കൈവശമാക്കും,”

എന്ന് ഇതു ചെയ്യുന്ന യഹോവതന്നെ അരുളിച്ചെയ്യുന്നു.

13 യഹോവ അരുളിച്ചെയ്യുന്നു:

“ഉഴുന്നവർ കൊയ്ത്തുകാരുടെ മുന്നിലെത്തുകയും

മുന്തിരിച്ചക്കു ചവിട്ടുന്നവർ മുന്തിരിക്കൃഷി ചെയ്യുന്നവരുടെ മുന്നിലെത്തുകയും ചെയ്യും.

പർവതങ്ങളിൽനിന്ന് പുതുവീഞ്ഞു വർഷിക്കുകയും

എല്ലാ കുന്നുകളിൽനിന്നും അതു പ്രവഹിക്കുകയും ചെയ്യുന്ന ദിവസങ്ങൾ വരുന്നു!

14 പ്രവാസത്തിലേക്കുപോയ എന്റെ ജനമായ ഇസ്രായേലിനെ ഞാൻ മടക്കിക്കൊണ്ടുവരും.

“നശിപ്പിക്കപ്പെട്ട പട്ടണങ്ങളെ അവർ വീണ്ടും പണിത് അവിടെ പാർക്കും.

അവർ മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കി, അവയിലെ വീഞ്ഞു കുടിക്കും;

അവർ തോട്ടങ്ങൾ നട്ടുണ്ടാക്കുകയും അതിലെ പഴം തിന്നുകയും ചെയ്യും.

15 ഞാൻ ഇസ്രായേലിനെ അവരുടെ സ്വന്തം ദേശത്തു നടും,

ഞാൻ അവർക്കു കൊടുത്ത ദേശത്തുനിന്ന്

ഇനിയൊരിക്കലും അവർ പറിച്ചുകളയപ്പെടുകയില്ല,”

എന്നു നിങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

2 രാജാക്കന്മാർ 14:29

29 യൊരോബെയാം ഇസ്രായേൽരാജാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ മകനായ സെഖര്യാവ് അദ്ദേഹത്തിനുപകരം രാജാവായി.