ഉപമകളുടെ ആദ്യത്തെ വലിയ സമാഹാരം
ഇവിടെ ഉപമകളുടെ ആദ്യത്തെ വലിയ സമാഹാരവും ഗെരസയിലേക്കുള്ള സന്ദർശനവും നസറെത്തിലേക്കുള്ള മടങ്ങിവരവും നാം കാണുന്നു.
അതേ ദിവസം. ഗലീലത്തടാകക്കരയിൽ
ക്രി.പി. 27 മുതൽ 29 വരെ
Biblica® Open Malayalam Contemporary Version™ (OMCV)
മത്തായി 13:1–53
സമാഹാരത്തിന്റെ ആമുഖം
13:1 ആ ദിവസംതന്നെ യേശു വീട്ടിൽനിന്ന് പുറപ്പെട്ട് തടാകതീരത്ത് ഉപവിഷ്ടനായി.
2 ഒരു വൻ ജനാവലി തനിക്കുചുറ്റും തിങ്ങിക്കൂടുന്നതുകൊണ്ട് അദ്ദേഹം ഒരു വള്ളത്തിൽ കയറി ഇരുന്നു; ജനാവലി മുഴുവനും കരയിൽ നിന്നു.
3 യേശു സാദൃശ്യകഥകളിലൂടെ അനേകം കാര്യങ്ങൾ അവരെ പഠിപ്പിച്ചു. അത് ഇപ്രകാരമായിരുന്നു: “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു;
വിതയ്ക്കുന്നവന്റെ ഉപമ
തടാകക്കരയിലെ ജനക്കൂട്ടത്തോട്: വിതയ്ക്കുന്നവന്റെ ഉപമ.
4 വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. അത് പക്ഷികൾ വന്നു കൊത്തിത്തിന്നു.
5 ചിലതു പാറയുള്ള സ്ഥലങ്ങളിൽ വീണു. അവിടെ അധികം മണ്ണില്ലായിരുന്നു, ആഴത്തിൽ മണ്ണില്ലാതിരുന്നതിനാൽ വിത്ത് വേഗം മുളച്ചുവന്നു.
6 എന്നാൽ സൂര്യകിരണമേറ്റപ്പോൾ അതു വരണ്ടു; ആഴത്തിൽ വേരില്ലാതിരുന്നതിനാൽ കരിഞ്ഞുംപോയി.
7 കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികൾ പെട്ടെന്നുയർന്ന് ചെടികളെ ഞെരുക്കിക്കളഞ്ഞു.
8 എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ നൂറും അറുപതും മുപ്പതും മടങ്ങ് വിളവുനൽകി.
9 ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ.”
10 ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “അങ്ങു ജനത്തോട് സാദൃശ്യകഥകളിലൂടെമാത്രം സംസാരിക്കുന്നത് എന്തുകൊണ്ട്?” എന്നു ചോദിച്ചു.
11 അതിനു മറുപടിയായി യേശു അവരോടു പറഞ്ഞത്: “സ്വർഗരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു; അവർക്കോ അത് നൽകപ്പെട്ടിട്ടില്ല.
12 ഉള്ളവർക്ക് അധികം നൽകപ്പെടും, സമൃദ്ധമായും നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും.
13 “അവർ നോക്കുന്നെങ്കിലും കാണുന്നില്ല;
അവർ കേൾക്കുന്നെങ്കിലും ശ്രദ്ധിക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നില്ല.
ഇതുകൊണ്ടാണ് ഞാൻ ജനത്തോട് സാദൃശ്യകഥകളിലൂടെ സംസാരിക്കുന്നത്.
14 ഇവരെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം ഇപ്രകാരം നിവൃത്തിയായിരിക്കുന്നു.
“ ‘നിങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല;
നിങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല.
15 ഈ ജനത്തിന്റെ ഹൃദയം തഴമ്പിച്ചിരിക്കുന്നു;
അവർ തങ്ങളുടെ ചെവികൊണ്ടു കേൾക്കുന്നതേയില്ല.
അവർ കണ്ണുകൾ അടച്ചുമിരിക്കുന്നു.
അങ്ങനെയല്ലായിരുന്നെങ്കിൽ അവർ തങ്ങളുടെ കണ്ണുകൾകൊണ്ടു കാണുകയും
ചെവികൾകൊണ്ടു കേൾക്കുകയും
ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ചെയ്തിട്ട്
അവർ മാനസാന്തരപ്പെടുകയും ഞാൻ അവരെ സൗഖ്യമാക്കുകയും ചെയ്യുമായിരുന്നു.’
16 എന്നാൽ, നിങ്ങളുടെ കാഴ്ചയുള്ള കണ്ണുകളും കേൾവിയുള്ള കാതുകളും അനുഗ്രഹിക്കപ്പെട്ടവ. 17 അനേകം പ്രവാചകന്മാരും നീതിനിഷ്ഠരും നിങ്ങൾ കാണുന്നത് കാണാൻ അതിയായി ആശിച്ചെങ്കിലും കാണാൻ കഴിഞ്ഞില്ല, നിങ്ങൾ കേൾക്കുന്നത് കേൾക്കാൻ ആഗ്രഹിച്ചെങ്കിലും കേൾക്കാൻ കഴിഞ്ഞില്ല എന്ന സത്യം ഞാൻ നിങ്ങളോടു പറയുന്നു.
18 “കർഷകന്റെ സാദൃശ്യകഥയുടെ അർഥം ശ്രദ്ധിക്കുക: 19 ഒരാൾ സ്വർഗരാജ്യത്തിന്റെസന്ദേശം കേൾക്കുന്നു. പക്ഷേ, അത് ഗ്രഹിക്കുന്നില്ല. അപ്പോൾ പിശാച് വന്ന്, അയാളുടെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് അപഹരിക്കുന്നു. ഇതാണ് വഴിയോരത്ത് വിതയ്ക്കപ്പെട്ട വിത്ത്.
20 പാറസ്ഥലത്ത് വിതയ്ക്കപ്പെട്ട വിത്തു പ്രതിനിധാനംചെയ്യുന്നത്, വചനം കേൾക്കുകയും ഉടനെതന്നെ അത് ആനന്ദത്തോടെ സ്വീകരിക്കുകയുംചെയ്യുന്ന വ്യക്തികളെയാണ്.
21 എന്നാൽ, അവർക്ക് ആഴത്തിൽ വേരില്ലായ്കയാൽ അധികനാൾ നിലനിൽക്കുകയില്ല. വചനംനിമിത്തം കഷ്ടതയോ ഉപദ്രവമോ ഉണ്ടാകുമ്പോൾ അവർ വേഗം വിശ്വാസം ത്യജിച്ചുകളയുന്നു.
22 മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ട വിത്ത് വചനം കേൾക്കുന്ന വ്യക്തികളാണ്, എന്നാൽ, ഈ ജീവിതത്തിലെ ആകുലതകളും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കി ഫലശൂന്യമാക്കിത്തീർക്കുന്നു.
23 നല്ല മണ്ണിൽ വിതയ്ക്കപ്പെട്ട വിത്താകട്ടെ, വചനം കേൾക്കുകയും ഗ്രഹിക്കുകയുംചെയ്യുന്നവരാണ്. അവ നൂറും അറുപതും മുപ്പതും മടങ്ങ് വിളവുനൽകുകയുംചെയ്യുന്നു.”
കളകളുടെ ഉപമ
24 യേശു മറ്റൊരു സാദൃശ്യകഥ അവരോടു പറഞ്ഞു: “തന്റെ വയലിൽ നല്ല വിത്ത് വിതച്ച ഒരു കർഷകനോട് സ്വർഗരാജ്യത്തെ ഉപമിക്കാം. 25 എന്നാൽ, എല്ലാവരും ഉറങ്ങുമ്പോൾ തന്റെ ശത്രു വന്ന് ഗോതമ്പിനിടയിൽ കള വിതച്ചിട്ടു പൊയ്ക്കളഞ്ഞു. 26 വിത്ത് പൊട്ടിമുളച്ച്, ചെടി വളർന്ന്, കതിരിട്ടപ്പോൾ കളയും കാണപ്പെട്ടു.
27 “വേലക്കാർ ഉടമസ്ഥന്റെ അടുക്കൽവന്ന്, ‘യജമാനനേ, അങ്ങു നല്ല വിത്തല്ലയോ വയലിൽ വിതച്ചത്? പിന്നെ, കളകൾ എങ്ങനെ വന്നു?’ എന്നു ചോദിച്ചു.
28 “ ‘ഇത് ശത്രു ചെയ്തതാണ്,’ അദ്ദേഹം ഉത്തരം പറഞ്ഞു.
“വേലക്കാർ അദ്ദേഹത്തോട്, ‘ഞങ്ങൾ ചെന്ന് കള പറിച്ചുകൂട്ടട്ടെയോ?’ എന്നു ചോദിച്ചു.
29 “യജമാനൻ അവരോടു പറഞ്ഞത്: ‘വേണ്ടാ, നിങ്ങൾ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും. 30 കൊയ്ത്തുവരെ രണ്ടും ഒരുമിച്ചു വളരട്ടെ. വിളവെടുപ്പിനു സമയമാകട്ടെ, അന്നു ഞാൻ കൊയ്ത്തുകാരോട്: ആദ്യം കളകൾ പറിച്ചു ചുട്ടുകളയേണ്ടതിന് കറ്റകളാക്കി കെട്ടുക, പിന്നെ ഗോതമ്പു ശേഖരിച്ച് എന്റെ കളപ്പുരയിലേക്കു കൊണ്ടുവരിക’ എന്നും പറയും.”
കടുകുമണിയുടെ ഉപമ
31 യേശു അവരോടു മറ്റൊരു സാദൃശ്യകഥ പറഞ്ഞു: “ഒരു കർഷകൻ എടുത്ത് തന്റെ പുരയിടത്തിൽ നട്ട കടുകുമണിയോടു സ്വർഗരാജ്യത്തെ ഉപമിക്കാം. 32 അത് എല്ലാ വിത്തുകളിലും ചെറുതെങ്കിലും വളർന്ന് തോട്ടത്തിലെ ചെടികളിൽ ഏറ്റവും വലിയ ഒരു വൃക്ഷമായി; ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ കൂടുവെക്കുകയുംചെയ്യുന്നു.”
പുളിമാവിന്റെ ഉപമയും അതുപോലുള്ള മറ്റു പല ഉപമകളും
33 അദ്ദേഹം പിന്നെയും അവരോട് വേറൊരു സാദൃശ്യകഥ പറഞ്ഞു: “മൂന്നുപറ മാവ് മുഴുവനും പുളിച്ചുപൊങ്ങാനായി അതിൽ ഒരു സ്ത്രീ ചേർത്തുവെച്ച പുളിപ്പിനു സമാനമാണ് സ്വർഗരാജ്യം.”
34 യേശു ജനക്കൂട്ടത്തോട് ഈ കാര്യങ്ങളെല്ലാം സംസാരിച്ചത് സാദൃശ്യകഥകളിലൂടെയാണ്; സാദൃശ്യകഥകളിലൂടെയല്ലാതെ അദ്ദേഹം പൊതുജനത്തോട് ഒരു കാര്യവും സംസാരിച്ചില്ല.
35 “സാദൃശ്യകഥകൾ സംസാരിക്കാൻ ഞാൻ വായ് തുറക്കും;
ലോകാരംഭംമുതൽ നിഗൂഢമായിരിക്കുന്നവ ഞാൻ വിളംബരംചെയ്യും,”
എന്നു പ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നത് ഇങ്ങനെ നിറവേറി.
യേശു കളകളുടെ ഉപമ വിശദീകരിക്കുന്നു
വീട്ടിൽ ശിഷ്യന്മാരോട്: കളകളുടെ ഉപമയുടെ വിശദീകരണം.
36 അതിനുശേഷം ജനക്കൂട്ടത്തെ യാത്രയയച്ചിട്ട് യേശു ഭവനത്തിലേക്ക് പോയി. ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “വയലിലെ കളയുടെ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരാമോ” എന്നു ചോദിച്ചു.
37 യേശു അതിനുത്തരം പറഞ്ഞത്: “മനുഷ്യപുത്രൻ നല്ല വിത്ത് വിതയ്ക്കുന്ന കർഷകനാണ്. 38 വയൽ ലോകവും നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരും കളകൾ പിശാചിന്റെ പുത്രന്മാരും ആകുന്നു. 39 കള വിതയ്ക്കുന്ന ശത്രു പിശാചുതന്നെ. വിളവെടുപ്പ് യുഗാവസാനമാകുന്നു. കൊയ്ത്തുകാർ ദൂതന്മാരും ആകുന്നു.
40 “കളകൾ പിഴുതെടുത്ത് അഗ്നിക്ക് ഇരയാക്കുന്നതുപോലെ യുഗാവസാനത്തിൽ സംഭവിക്കും. 41 മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ നിയോഗിക്കും. അവർ അദ്ദേഹത്തിന്റെ രാജ്യത്തുനിന്ന് പാപകാരണമായ സകലതും, അധർമം പ്രവർത്തിക്കുന്ന എല്ലാവരെയും, ഉന്മൂലനംചെയ്യും. 42 അവർ അവരെ കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. 43 അപ്പോൾ നീതിനിഷ്ഠർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!
ഒളിച്ചുവെച്ച നിധിയുടെ ഉപമ
44 “വയലിൽ ഒളിച്ചുവെച്ച നിധിയോട് സ്വർഗരാജ്യത്തെ ഉപമിക്കാം; അത് ഒരു മനുഷ്യൻ കണ്ട് മറച്ചുവെച്ചു. പിന്നെ ആഹ്ലാദത്തോടെ പോയി, തനിക്കുണ്ടായിരുന്നതെല്ലാം വിറ്റ് ആ വയൽ വാങ്ങി.
വിലയേറിയ മുത്തിന്റെ ഉപമ
45 “ഇനിയും സ്വർഗരാജ്യത്തെ നല്ല രത്നങ്ങൾ അന്വേഷിക്കുന്ന വ്യാപാരിയോട് ഉപമിക്കാം. 46 അയാൾ വിലയേറിയ ഒരു രത്നം കണ്ടിട്ട് പോയി തനിക്കുള്ള സർവതും വിറ്റ് അതു വാങ്ങി.
വലയുടെ ഉപമ
47 “യേശു പിന്നെയും, എല്ലാത്തരം മത്സ്യത്തെയും പിടിക്കാനായി തടാകത്തിൽ ഇറക്കിയ ഒരു വലയോട് സ്വർഗരാജ്യത്തെ ഉപമിക്കാം. 48 വല നിറഞ്ഞപ്പോൾ അവർ അതു കരയിലേക്ക് വലിച്ചടുപ്പിച്ചു. അവർ ഇരുന്ന് നല്ല മത്സ്യം കുട്ടകളിൽ ശേഖരിക്കുകയും ഉപയോഗശൂന്യമായവ എറിഞ്ഞുകളയുകയും ചെയ്തു. 49 യുഗാന്ത്യത്തിലും ഇതുപോലെ സംഭവിക്കും. ദൂതന്മാർ വന്ന് നീതിനിഷ്ഠർക്കിടയിൽനിന്ന് ദുഷ്ടരെ വേർതിരിച്ച് 50 കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
ഗൃഹനാഥന്റെ ഉപമ
51 “നിങ്ങൾ ഈ കാര്യങ്ങളെല്ലാം ഗ്രഹിച്ചുവോ?” യേശു ശിഷ്യന്മാരോട് ചോദിച്ചു.
“ഗ്രഹിച്ചു,” അവർ പ്രതിവചിച്ചു.
52 അദ്ദേഹം തുടർന്ന് അവരോട്, “സ്വർഗരാജ്യത്തിനു ശിഷ്യനായിത്തീർന്ന ഓരോ വേദജ്ഞനും തന്റെ നിക്ഷേപങ്ങളിൽനിന്ന് പഴയതും പുതിയതും എടുത്തുകൊടുക്കുന്ന ഒരു വീട്ടുടമസ്ഥന് തുല്യനാണ്” എന്നു പറഞ്ഞു.
53 ഈ സാദൃശ്യകഥകൾ പറഞ്ഞതിനുശേഷം യേശു അവിടെനിന്നു യാത്രയായി
മർക്കോസ് 4:1–34
സമാഹാരത്തിന്റെ ആമുഖം
4:1 യേശു തടാകതീരത്തുവെച്ചു വീണ്ടും ജനത്തോട് ഉപദേശിക്കാൻ ആരംഭിച്ചു. ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നതിനാൽ അദ്ദേഹം തടാകത്തിലുണ്ടായിരുന്ന ഒരു വള്ളത്തിൽ കയറി ഉപവിഷ്ടനായി. തീരത്ത്, വെള്ളത്തിനരികെവരെ ജനങ്ങൾ നിന്നിരുന്നു.
2 യേശു സാദൃശ്യകഥകളിലൂടെ അനേകം കാര്യങ്ങൾ അവരെ പഠിപ്പിച്ചു. അദ്ദേഹം പറഞ്ഞ ഒരുപമ ഇപ്രകാരമാണ്:
വിതയ്ക്കുന്നവന്റെ ഉപമ
തടാകക്കരയിലെ ജനക്കൂട്ടത്തോട്: വിതയ്ക്കുന്നവന്റെ ഉപമ.
3 “കേൾക്കുക! ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു;
4 വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. അത് പക്ഷികൾ വന്നു കൊത്തിത്തിന്നു.
5 ചിലതു പാറയുള്ള സ്ഥലങ്ങളിൽ വീണു. അവിടെ അധികം മണ്ണില്ലായിരുന്നു. ആഴത്തിൽ മണ്ണില്ലാതിരുന്നതിനാൽ വിത്ത് വേഗം മുളച്ചുവന്നു.
6 എന്നാൽ സൂര്യകിരണമേറ്റപ്പോൾ അതു വരണ്ടു; ആഴത്തിൽ വേരില്ലാതിരുന്നതിനാൽ കരിഞ്ഞുംപോയി.
7 കുറെ വിത്തുകളാകട്ടെ മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ പെട്ടെന്നുയർന്ന് ചെടികളെ ഞെരുക്കിയതുകൊണ്ട് അവ ഫലം പുറപ്പെടുവിച്ചില്ല.
8 എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു. അവ മുളച്ചു, വളർന്നു, മുപ്പതും അറുപതും നൂറും മടങ്ങ് വിളവുനൽകി.”
9 യേശു തുടർന്നു പറഞ്ഞു: “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!”
10 പിന്നീട് യേശു തനിച്ചായിരുന്നപ്പോൾ പന്ത്രണ്ട് ശിഷ്യന്മാരും മറ്റുചിലരും വന്ന് ആ സാദൃശ്യകഥകളെക്കുറിച്ച് അദ്ദേഹത്തോടു ചോദിച്ചു.
11 അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്: “ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു; പുറത്തുള്ളവരോട് എല്ലാം സാദൃശ്യകഥകളിലൂടെ പറയുന്നു.
12 “അവർ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല.
അവർ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല;
അല്ലായിരുന്നെങ്കിൽ അവർ മാനസാന്തരപ്പെടുകയും അവരുടെ പാപങ്ങൾ ദൈവം അവരോടു ക്ഷമിക്കുകയും ചെയ്യുമായിരുന്നു.”
13 പിന്നീട് യേശു അവരോട് ഇങ്ങനെ പറഞ്ഞു: “ഈ സാദൃശ്യകഥ നിങ്ങൾ മനസ്സിലാക്കുന്നില്ലേ? അങ്ങനെയെങ്കിൽ മറ്റ് സാദൃശ്യകഥകളെല്ലാം നിങ്ങൾ എങ്ങനെ മനസ്സിലാക്കും? 14 കർഷകൻ വചനം വിതയ്ക്കുന്നു.
15 ചില കേൾവിക്കാരുടെ അനുഭവം വഴിയരികിൽ വീണ വിത്തിന്റെ അനുഭവംപോലെയാണ്. അവർ വചനം കേട്ടുകഴിയുന്നമാത്രയിൽത്തന്നെ സാത്താൻ വന്ന് അവരിൽ വിതയ്ക്കപ്പെട്ട വചനം എടുത്തുകളയുന്നു. 16 പാറസ്ഥലത്ത് വിതച്ച വിത്തുപോലെയാണ് മറ്റുചിലർ, ഇങ്ങനെയുള്ളവർ വചനം കേൾക്കുകയും ഉടനെതന്നെ ആനന്ദത്തോടെ സ്വീകരിക്കുകയുംചെയ്യുന്നു.
17 എന്നാൽ, അവർക്ക് ആഴത്തിൽ വേരില്ലായ്കയാൽ അധികനാൾ നിലനിൽക്കുകയില്ല. വചനംനിമിത്തം കഷ്ടതയോ ഉപദ്രവമോ ഉണ്ടാകുമ്പോൾ അവർ വേഗം വിശ്വാസം ത്യജിച്ചുകളയുന്നു.
18 മറ്റുചിലർ, മുൾച്ചെടികൾക്കിടയിൽ വിതച്ച വിത്തുപോലെ വചനം കേൾക്കുന്നു; 19 എന്നാൽ, ഈ ജീവിതത്തിലെ ആകുലതകളും ധനത്തിന്റെ വഞ്ചനയും ഇതരമോഹങ്ങളും ഉള്ളിൽ കടന്ന് വചനത്തെ ഞെരുക്കി ഫലശൂന്യമാക്കിത്തീർക്കുന്നു.
20 മറ്റുള്ളവർ, നല്ല മണ്ണിൽ വിതച്ച വിത്തുപോലെ വചനം കേൾക്കുകയും സ്വീകരിക്കുകയും മുപ്പതും അറുപതും നൂറും മടങ്ങു വിളവുനൽകുകയുംചെയ്യുന്നു.”
21 പിന്നീട് യേശു അവരോടു പറഞ്ഞു: “നിങ്ങൾ വിളക്കുകൊളുത്തുന്നത് പറയുടെ കീഴിലോ കട്ടിലിന്റെ കീഴിലോ വെക്കാനാണോ? വിളക്കുകാലിന്മേലല്ലേ അതു വെക്കേണ്ടത്?
22 ഒളിച്ചു വെച്ചിരിക്കുന്നതെല്ലാം വെളിപ്പെടുത്തപ്പെടേണ്ടതാണ്. ഗോപ്യമായിരിക്കുന്നതെല്ലാം വെളിച്ചത്തു കൊണ്ടുവരേണ്ടതാണ്.
23 ചെവിയുള്ളവർ കേട്ടു ഗ്രഹിക്കട്ടെ.”
24 “നിങ്ങൾ കേൾക്കുന്നത് എന്തെന്നു ശ്രദ്ധിക്കുക,” അദ്ദേഹം തുടർന്നു: “നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അതിൽ കൂടുതലും കിട്ടും. 25 ഉള്ളവർക്ക് അധികം നൽകപ്പെടും; എന്നാൽ, ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും.”
തനിയെ വളരുന്ന വിത്തിന്റെ ഉപമ
26 യേശു വീണ്ടും പറഞ്ഞു: “ഒരു മനുഷ്യൻ നിലത്തു വിത്തു വിതറുന്നതിനു തുല്യമാണ് ദൈവരാജ്യം. 27 രാത്രിയും പകലും അയാൾ ഉറങ്ങിയാലും ഉണർന്നിരുന്നാലും വിത്ത് മുളച്ചു വളർന്നുവരുന്നു; എങ്ങനെയെന്ന് അയാൾ അറിയുന്നില്ല. 28 ആദ്യം തണ്ട്, പിന്നെ കതിർ, പിന്നെ കതിരിൽ വിളഞ്ഞ ധാന്യമണികൾ; ഇങ്ങനെ ഭൂമി സ്വയമായി ധാന്യം ഉൽപ്പാദിപ്പിക്കുന്നു. 29 ധാന്യം വിളഞ്ഞാൽ ഉടനെ, കൊയ്ത്തുകാലമാകുന്നതുകൊണ്ട് അയാൾ ധാന്യച്ചെടിക്കു ചുവട്ടിൽ അരിവാൾ വെക്കുന്നു.”
കടുകുമണിയുടെ ഉപമ
30 യേശു വീണ്ടും പറഞ്ഞു: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കാം? അല്ലെങ്കിൽ ഏതു സാദൃശ്യകഥയാൽ അതിനെ വിശദീകരിക്കാം? 31 അതിനെ ഒരു കടുകുമണിയോട് ഉപമിക്കാം. കടുകുമണി മണ്ണിൽ നടുന്ന വിത്തുകളിൽ ഏറ്റവും ചെറുതാണ്. 32 എങ്കിലും നട്ടുകഴിഞ്ഞാൽ, അതു വളർന്ന് തോട്ടത്തിലെ ചെടികളിൽ ഏറ്റവും വലുതായിത്തീരുകയും ആകാശത്തിലെ പക്ഷികൾ അതിന്റെ തണലിൽ കൂടുവെക്കുംവിധം വലിയ ശാഖകൾ ഉണ്ടാകുകയുംചെയ്യുന്നു.”
പുളിമാവിന്റെ ഉപമയും അതുപോലുള്ള മറ്റു പല ഉപമകളും
33 അവർക്കു മനസ്സിലാക്കാൻ കഴിയുന്നവിധം ഇതുപോലെയുള്ള അനേകം സാദൃശ്യകഥകളിലൂടെ യേശു അവരോടു തിരുവചനം സംസാരിച്ചു.
34 സാദൃശ്യകഥകളിലൂടെയല്ലാതെ അദ്ദേഹം പൊതുജനത്തോട് ഒരു കാര്യവും സംസാരിച്ചില്ല. എന്നാൽ യേശു തന്റെ ശിഷ്യന്മാരോടുകൂടെ തനിച്ചായിരുന്നപ്പോൾ അവർക്ക് എല്ലാം വിശദീകരിച്ചുകൊടുത്തു.
ലൂക്കോസ് 8:4–18
സമാഹാരത്തിന്റെ ആമുഖം
8:4 പല പട്ടണത്തിൽനിന്നും വലിയൊരു ജനസമൂഹം യേശുവിന്റെ അടുത്തേക്കു വന്നുകൊണ്ടിരുന്നു. അപ്പോൾ അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു:
വിതയ്ക്കുന്നവന്റെ ഉപമ
തടാകക്കരയിലെ ജനക്കൂട്ടത്തോട്: വിതയ്ക്കുന്നവന്റെ ഉപമ.
5 “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. വഴിയാത്രക്കാർ അത് ചവിട്ടിമെതിച്ചുകളയുകയും ആകാശത്തിലെ പക്ഷികൾ കൊത്തിത്തിന്നുകയും ചെയ്തു.
6 ചിലതു പാറയുള്ള സ്ഥലത്തു വീണു, അവ മുളച്ചുവന്നു എങ്കിലും ഈർപ്പം കിട്ടാതിരുന്നതുകൊണ്ട് കരിഞ്ഞുപോയി.
7 കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികളും ചെടികളോടൊപ്പം വളർന്നു; ചെടികളെ ഞെരുക്കിക്കളഞ്ഞു.
8 എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ വളർന്ന്, വിതച്ചതിന്റെ നൂറുമടങ്ങ് വിളവുനൽകി.”
ഇതു പറഞ്ഞതിനുശേഷം യേശു, “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!” എന്നു വിളിച്ചുപറഞ്ഞു.
9 യേശുവിന്റെ ശിഷ്യന്മാർ അദ്ദേഹത്തോട് ഈ സാദൃശ്യകഥയുടെ അർഥം എന്തെന്നു ചോദിച്ചു.
10 അതിന് യേശു ഉത്തരം പറഞ്ഞത്: “ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകിയിരിക്കുന്നു; എന്നാൽ മറ്റുള്ളവരോട് ഞാൻ സാദൃശ്യകഥകളിലൂടെയാണ് സംസാരിക്കുന്നത്.
“ ‘അവർ നോക്കുന്നെങ്കിലും കാണുന്നില്ല;
കേൾക്കുന്നെങ്കിലും ഗ്രഹിക്കുന്നില്ല.’
11 “ഈ സാദൃശ്യകഥയുടെ അർഥം ഇതാണ്: വിത്ത് ദൈവവചനം.
12 വഴിയോരത്തുള്ളവർ ദൈവവചനം ശ്രവിക്കുന്നവർ, പക്ഷേ, അവർക്കു വിശ്വസിച്ചു രക്ഷിക്കപ്പെടാൻ അവസരം ലഭിക്കാതവണ്ണം പിശാചുവന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു.
13 വിത്തു വീണ പാറസ്ഥലമോ വചനം കേൾക്കുന്നമാത്രയിൽ ആനന്ദത്തോടെ സ്വീകരിക്കുന്നവരാണ്. എന്നാൽ, ആഴത്തിൽ വേരു പോകാൻ കഴിയാത്തതുകൊണ്ട് അവരുടെ വിശ്വാസം താൽക്കാലികമാണ്; പരിശോധനകൾ അഭിമുഖീകരിക്കുമ്പോൾ അവർ വിശ്വാസം ത്യജിച്ചുകളയുന്നു.
14 മുൾച്ചെടികൾക്കിടയിൽ വിത്തു വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിതത്തിലെ ആകുലതകളാലും സമ്പത്തിനാലും സുഖഭോഗങ്ങളാലും കേട്ട വചനം ഞെരുക്കപ്പെട്ട് അത് നിഷ്ഫലമാകുന്നവരെ സൂചിപ്പിക്കുന്നു.
15 നല്ല മണ്ണിൽ വിത്തു വീണത്, നന്മയും ഹൃദയനൈർമല്യവുമുള്ളവരെ പ്രതിനിധാനംചെയ്യുന്നു. അവർ വചനം കേട്ട് അതു സംഗ്രഹിച്ചുവെക്കുകയും ക്ഷമയോടെ ഫലം പുറപ്പെടുവിക്കുകയുംചെയ്യുന്നു.
16 “ആരും വിളക്കു കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനു കീഴിൽ വെക്കുകയോ ചെയ്യുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക.
17 വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ അറിയിക്കപ്പെടാതെയോ പ്രസിദ്ധമാക്കപ്പെടാതെയോ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല.
18 അതുകൊണ്ട് നിങ്ങൾ കേൾക്കുന്നത് ശ്രദ്ധയോടെയാണോ എന്നു സൂക്ഷിക്കുക. ഉള്ളവർക്ക് അധികം നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുണ്ടെന്നു കരുതുന്ന അൽപ്പംകൂടെ എടുത്തുകളയപ്പെടും.”