തടാകം കടക്കുമ്പോൾ യേശു കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു

അതേ ദിവസം. ഗലീലത്തടാകം

ക്രി.പി. 27 മുതൽ 29 വരെ

Biblica® Open Malayalam Contemporary Version™ (OMCV)

മത്തായി 8:18, 23–27

8:18 തന്റെ ചുറ്റുമുള്ള ജനസമൂഹത്തെ കണ്ടപ്പോൾ യേശു ശിഷ്യന്മാരോട് തടാകത്തിന്റെ അക്കരയ്ക്കുപോകാം എന്ന നിർദേശംനൽകി.

23 അതിനുശേഷം യേശു വള്ളത്തിൽ കയറി; അദ്ദേഹത്തോടൊപ്പം ശിഷ്യന്മാരും യാത്രതുടർന്നു.

24 പെട്ടെന്ന്, ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു, വള്ളം മുങ്ങിപ്പോകുംവിധം തിരമാലകൾ ഉയർന്നുപൊങ്ങി. യേശുവോ ഉറങ്ങുകയായിരുന്നു.

25 ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “കർത്താവേ, രക്ഷിക്കണമേ! ഞങ്ങൾ മുങ്ങിപ്പോകുന്നു!” എന്നു പറഞ്ഞു.

26 “വിശ്വാസത്തിൽ ഉറപ്പില്ലാത്തവരേ, നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്?” എന്നു പറഞ്ഞിട്ട് യേശു എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു; തടാകം പ്രശാന്തമായി.

27 ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു, “ആരാണിദ്ദേഹം? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പറഞ്ഞു.

മർക്കോസ് 4:35–41

4:35 അന്നു വൈകുന്നേരം യേശു ശിഷ്യന്മാരോട്, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞു.

36 ജനക്കൂട്ടത്തെ വിട്ട് അവർ ഇരുന്ന വള്ളത്തിൽത്തന്നെ അദ്ദേഹത്തെ അക്കരയ്ക്ക് കൊണ്ടുപോയി. മറ്റു വള്ളങ്ങളും ഒപ്പം ഉണ്ടായിരുന്നു.

37 അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി; അതു മുങ്ങാറായി.

38 യേശു അമരത്തു തലയിണവെച്ച് ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അദ്ദേഹത്തെ ഉണർത്തിയിട്ട്, “ഗുരോ, ഞങ്ങൾ മുങ്ങിമരിക്കുന്നതിൽ അങ്ങേക്കു വിചാരം ഇല്ലേ?” എന്നു ചോദിച്ചു.

39 അദ്ദേഹം എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, തിരകളോട്: “അടങ്ങുക, ശാന്തമാകുക” എന്നു കൽപ്പിച്ചു. അപ്പോൾ കാറ്റു നിലച്ചു! എല്ലാം പ്രശാന്തമായി!

40 അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസം ഇല്ലേ?” എന്നു ചോദിച്ചു.

41 അവർ വളരെ ഭയവിഹ്വലരായി. “ഇദ്ദേഹം ആരാണ്? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പരസ്പരം പറഞ്ഞു.

ലൂക്കോസ് 8:22–25

8:22 ഒരു ദിവസം യേശു ശിഷ്യന്മാരോടൊപ്പം ഒരു വള്ളത്തിൽ കയറി, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞ് യാത്രപുറപ്പെട്ടു.

23 അവർ യാത്രചെയ്യുമ്പോൾ അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി അവർ വലിയ അപകടത്തിലായി.

24 ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “പ്രഭോ, പ്രഭോ, ഞങ്ങൾ മുങ്ങിപ്പോകുന്നു” എന്നു പറഞ്ഞു.

അദ്ദേഹം എഴുന്നേറ്റ് കാറ്റിനെയും വെള്ളത്തിന്റെ ക്ഷോഭത്തെയും ശാസിച്ചു. കൊടുങ്കാറ്റ് അമർന്നു; എല്ലാം പ്രശാന്തമായി.

25 അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങളുടെ വിശ്വാസം എവിടെ?” എന്നു ചോദിച്ചു.

അവർ ഭയത്തോടും വിസ്മയത്തോടുംകൂടെ, “ഇദ്ദേഹം ആരാണ്? ഇദ്ദേഹം കാറ്റിനോടും വെള്ളത്തോടും കൽപ്പിക്കുകയും അവപോലും അനുസരിക്കുകയുംചെയ്യുന്നു” എന്നു പരസ്പരം പറഞ്ഞു.

ഭൂതബാധിതനായ ഗെരസേന്യനെ യേശു സൗഖ്യമാക്കുന്നു

തടാകത്തിനക്കരെ, ഗെരസേന്യരുടെ ദേശത്തെ ഭൂതബാധിതനായ മനുഷ്യനെ യേശു സൗഖ്യമാക്കുന്നു.

ഗെരസ (കുർസി). അതേ ദിവസം

മത്തായി 8:28–34

8:28 യേശു തടാകത്തിനക്കരെ ഗെരസേന്യരുടെ ദേശത്ത് എത്തിയപ്പോൾ, ഭൂതം ബാധിച്ച രണ്ടുപേർ ശവപ്പറമ്പിൽനിന്ന് അദ്ദേഹത്തിന് അഭിമുഖമായി വന്നു. ആർക്കുംതന്നെ ആ വഴിയിലൂടെ സഞ്ചരിക്കാൻ സാധ്യമല്ലാത്തവിധം അവർ അക്രമകാരികൾ ആയിരുന്നു.

29 അവർ അത്യുച്ചത്തിൽ ആക്രോശിച്ചുകൊണ്ട്, “ദൈവപുത്രാ, അങ്ങ് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? ന്യായവിധിദിവസത്തിനുമുമ്പേ ഞങ്ങളെ ദണ്ഡിപ്പിക്കാനാണോ അങ്ങ് ഇവിടെ വന്നത്?” എന്നു ചോദിച്ചു.

30 അവരിൽനിന്ന് കുറെ അകലെയായി വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.

31 ദുരാത്മാക്കൾ യേശുവിനോട്, “അങ്ങ് ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കണമേ” എന്നു യാചിച്ചു.

32 “പുറത്തുപോകൂ!” യേശു അവരോട് ആജ്ഞാപിച്ചു. ഭൂതങ്ങൾ പുറത്തുവന്ന് പന്നികളിൽ പ്രവേശിച്ചു. ആ പന്നിക്കൂട്ടമെല്ലാം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് വെള്ളത്തിൽ മുങ്ങിച്ചത്തു.

33 പന്നികളെ മേയിക്കുന്നവർ പട്ടണത്തിലേക്ക് ഓടിച്ചെന്ന്, ഭൂതബാധിതർക്കു സംഭവിച്ചത് ഉൾപ്പെടെയുള്ള വിവരങ്ങളെല്ലാം പട്ടണനിവാസികളെ അറിയിച്ചു.

34 അവരെല്ലാം ഉടൻതന്നെ യേശുവിനെ കാണാൻ പുറപ്പെട്ടു; അവർ അദ്ദേഹത്തെ കണ്ടു; തങ്ങളുടെദേശം വിട്ടുപോകണമെന്ന് അപേക്ഷിച്ചു.

മർക്കോസ് 5:1–20

5:1 അവർ തടാകത്തിനക്കരെ ഗെരസേന്യരുടെദേശത്തേക്ക് യാത്രയായി.

2 യേശു വള്ളത്തിൽനിന്ന് ഇറങ്ങിക്കൊണ്ടിരിക്കുമ്പോൾത്തന്നെ ദുരാത്മാവുള്ള ഒരു മനുഷ്യൻ ശവപ്പറമ്പിൽനിന്ന് അദ്ദേഹത്തിന് അഭിമുഖമായി വന്നു. 3 ഈ മനുഷ്യൻ ശവപ്പറമ്പുകളിലെ ഗുഹകളിലാണ് താമസിച്ചിരുന്നത്. ചങ്ങലകൊണ്ടുപോലും ആർക്കും അയാളെ ബന്ധിക്കാൻ കഴിഞ്ഞിരുന്നില്ല. 4 പലപ്പോഴും അയാളുടെ കൈകാലുകൾ ചങ്ങലകൊണ്ടും വിലങ്ങുകൊണ്ടും ബന്ധിച്ചിരുന്നെങ്കിലും അയാൾ ചങ്ങല വലിച്ചു പൊട്ടിക്കുകയും കാൽവിലങ്ങ് ഉരുമ്മിയൊടിച്ചു കളയുകയും ചെയ്തിരുന്നു. അയാളെ ആർക്കും കീഴടക്കാൻ കഴിഞ്ഞിരുന്നില്ല. 5 രാവും പകലും അയാൾ കല്ലറകൾക്കിടയിലും കുന്നുകളിലും അലഞ്ഞുതിരിയുകയും നിലവിളിക്കുകയും കല്ലുകൊണ്ട് സ്വയം മുറിവേൽപ്പിക്കുകയും ചെയ്തുപോന്നു.

6 യേശുവിനെ ദൂരെനിന്നുതന്നെ കണ്ടിട്ട് അയാൾ ഓടിച്ചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ മുട്ടുകുത്തി.

7 “യേശുവേ, പരമോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്റെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? ദൈവത്തെക്കൊണ്ട് ആണയിട്ട് ഞാൻ അപേക്ഷിക്കുന്നു; എന്നെ പീഡിപ്പിക്കരുതേ,” എന്ന് അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.

8 “ദുരാത്മാവേ, ഇവനിൽനിന്ന് പുറത്തുപോകുക,” എന്ന് യേശു കൽപ്പിച്ചിരുന്നു.

9 പിന്നെ യേശു അവനോട്, “നിന്റെ പേരെന്താ?” എന്നു ചോദിച്ചു.

“എന്റെ പേര് ലെഗ്യോൻ; ഞങ്ങൾ അസംഖ്യമാകുന്നു” അയാൾ ഉത്തരം പറഞ്ഞു.

10 തങ്ങളെ ആ പ്രദേശത്തുനിന്നു പറഞ്ഞയയ്ക്കരുതെന്ന് അവൻ യേശുവിനോടു കേണപേക്ഷിച്ചുകൊണ്ടിരുന്നു.

11 അടുത്തുള്ള കുന്നിൻചെരുവിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.

12 ദുരാത്മാക്കൾ യേശുവിനോട്, “ഞങ്ങളെ പന്നികളിലേക്ക് അയയ്ക്കണമേ; അവയിൽ പ്രവേശിക്കാൻ ഞങ്ങളെ അനുവദിക്കണമേ” എന്നു യാചിച്ചു.

13 അദ്ദേഹം അവയ്ക്ക് അനുവാദം നൽകി; ദുരാത്മാക്കൾ ആ മനുഷ്യനിൽനിന്ന് പുറത്തുവന്ന് പന്നികളിൽ പ്രവേശിച്ചു. എണ്ണത്തിൽ രണ്ടായിരം വരുന്ന ആ പന്നിക്കൂട്ടം ദുരാത്മാക്കൾ ബാധിച്ചതോടെ ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് മുങ്ങിച്ചത്തു.

14 പന്നികളെ മേയിക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിൻപുറങ്ങളിലും വിവരം അറിയിച്ചു. എന്താണ് സംഭവിച്ചത് എന്നു കാണാൻ ജനങ്ങൾ വന്നുകൂടി.

15 അവർ യേശുവിന്റെ അടുക്കൽ എത്തിയപ്പോൾ, ഭൂതബാധിതനായ ആ മനുഷ്യൻ വസ്ത്രംധരിച്ച്, സുബോധത്തോടെ അവിടെ ഇരിക്കുന്നതു കണ്ടു; അവർ ഭയപ്പെട്ടു.

16 ഭൂതബാധിതനു സംഭവിച്ചതും പന്നികളുടെ കാര്യവും ദൃക്‌സാക്ഷികൾ മറ്റുള്ളവരോടു വിവരിച്ചു.

17 ഇതു കേട്ടപ്പോൾ ജനങ്ങൾ യേശുവിനോടു തങ്ങളുടെദേശം വിട്ടുപോകാൻ അപേക്ഷിച്ചുതുടങ്ങി.

18 യേശു വള്ളത്തിൽ കയറുമ്പോൾ, ഭൂതബാധിതനായിരുന്ന മനുഷ്യൻ അദ്ദേഹത്തെ അനുഗമിക്കാൻ അനുവാദം ചോദിച്ചു. 19 യേശു അവനെ അനുവദിക്കാതെ, “നീ വീട്ടിൽപ്പോയി, കർത്താവ് നിനക്കുവേണ്ടി എന്തെല്ലാം ചെയ്തുവെന്നും നിന്നോട് എങ്ങനെ കരുണ കാണിച്ചുവെന്നും അവിടെയുള്ളവരോടു പറയുക” എന്നു നിർദേശിച്ച് അവനെ യാത്രയാക്കി. 20 അങ്ങനെ ആ മനുഷ്യൻ പോയി യേശു തനിക്കു ചെയ്തതെല്ലാം ദെക്കപ്പൊലി നാട്ടിൽ അറിയിച്ചുതുടങ്ങി. ജനങ്ങൾ ആശ്ചര്യപ്പെട്ടു.

ലൂക്കോസ് 8:26–39

8:26 അവർ ഗലീലാപ്രദേശത്തുനിന്ന് തടാകത്തിന്റെ മറുകരെയുള്ള ഗെരസേന്യരുടെദേശത്ത് വന്നു.

27 യേശു കരയ്ക്കിറങ്ങിയപ്പോൾ പട്ടണത്തിൽനിന്ന് ഒരു ഭൂതബാധിതൻ അദ്ദേഹത്തിന് നേരേവന്നു. ഇയാൾ ഏറെക്കാലമായിട്ടു വസ്ത്രം ധരിക്കുകയോ വീട്ടിൽ താമസിക്കുകയോ ചെയ്യാതെ ശവപ്പറമ്പുകളിലെ ഗുഹകളിലാണ് താമസിച്ചിരുന്നത്.

28 അയാൾ യേശുവിനെ കണ്ടിട്ട് നിലവിളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കാൽക്കൽവീണു. “യേശുവേ, പരമോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്റെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? എന്നെ പീഡിപ്പിക്കരുതേ എന്നു ഞാൻ അങ്ങയോടപേക്ഷിക്കുന്നു,” എന്ന് അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.

29 കാരണം, യേശു ആ ദുരാത്മാവിനോട് അയാളിൽനിന്ന് പുറത്തുപോകാൻ കൽപ്പിച്ചിരുന്നു. അയാൾ ഭൂതാവേശിതനാകുമ്പോൾ, പലപ്പോഴും കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ച് കാവലിൽ സൂക്ഷിച്ചിരുന്നിട്ടും ചങ്ങലകൾ പൊട്ടിച്ച് ഏകാന്തസ്ഥലങ്ങളിലേക്ക് ആ ഭൂതം അവനെ ഓടിക്കുമായിരുന്നു.

30 യേശു അവനോട്, “നിന്റെ പേരെന്താ?” എന്നു ചോദിച്ചു.

അവനിൽ അസംഖ്യം ഭൂതങ്ങൾ ആവേശിച്ചിരുന്നതുകൊണ്ട് “ലെഗ്യോൻ” എന്ന് അയാൾ ഉത്തരം പറഞ്ഞു.

31 “പാതാളത്തിലേക്കു പോകാൻ തങ്ങളോട് ആജ്ഞാപിക്കരുതേ” എന്ന് അവർ യേശുവിനോടു കേണപേക്ഷിച്ചുകൊണ്ടിരുന്നു.

32 അടുത്തുള്ള കുന്നിൻചെരുവിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കാൻ തങ്ങൾക്ക് അനുവാദം നൽകണമെന്നു ദുരാത്മാക്കൾ യേശുവിനോട് യാചിച്ചു. അദ്ദേഹം അവയ്ക്ക് അനുവാദം നൽകി.

33 ഭൂതങ്ങൾ ആ മനുഷ്യനിൽനിന്ന് പുറത്തുകടന്ന് പന്നികളിൽ പ്രവേശിച്ചു: ആ പന്നിക്കൂട്ടം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് മുങ്ങിച്ചത്തു.

34 പന്നികളെ മേയിക്കുന്നവർ ഈ സംഭവംകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിൻപുറങ്ങളിലും വിവരം അറിയിച്ചു.

35 എന്താണു സംഭവിച്ചതെന്നറിയാൻ ജനങ്ങൾ അവിടേക്കു പാഞ്ഞു. അവർ യേശുവിന്റെ സമീപമെത്തിയപ്പോൾ, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രംധരിച്ച് സുബോധത്തോടെ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതുകണ്ട് ഭയപ്പെട്ടു.

36 ഭൂതബാധിതനു സൗഖ്യം ലഭിച്ചത് എങ്ങനെയെന്ന് ദൃക്‌സാക്ഷികൾ മറ്റുള്ളവരോടു വിവരിച്ചു.

37 ഗെരസേന്യദേശവാസികൾ എല്ലാവരും വളരെ ഭയപരവശരായിരുന്നതുകൊണ്ട് യേശു തങ്ങളെ വിട്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടു; അദ്ദേഹം വള്ളത്തിൽ കയറി അവിടം വിട്ടുപോകാൻതുടങ്ങി.

38 ഭൂതബാധയിൽനിന്നു മോചിതനായ ആ മനുഷ്യൻ യേശുവിനെ അനുഗമിക്കാൻ അനുവാദം ചോദിച്ചു. എന്നാൽ യേശു അവനോട്, 39 “നീ വീട്ടിൽ തിരികെച്ചെന്ന് ദൈവം നിനക്കുവേണ്ടി എന്തെല്ലാം ചെയ്തുവെന്നു പറയുക” എന്നു നിർദേശിച്ച് അവനെ യാത്രയാക്കി. അങ്ങനെ അയാൾ പോയി യേശു തനിക്കു ചെയ്തതെല്ലാം ആ പട്ടണത്തിലെങ്ങും അറിയിച്ചു.