യായീറോസിന്റെ മകളും ക്രിസ്തുവിന്റെ വസ്ത്രത്തിൽ തൊടുന്ന സ്ത്രീയും

മടങ്ങിവരുമ്പോൾ യേശു യായീറോസിന്റെ മകളെയും ക്രിസ്തുവിന്റെ വസ്ത്രത്തിൽ മാത്രം തൊട്ട സ്ത്രീയെയും സൗഖ്യമാക്കുന്നു.

മിക്കവാറും കഫാർനഹൂം

ക്രി.പി. 27 മുതൽ 29 വരെ

Biblica® Open Malayalam Contemporary Version™ (OMCV)

മത്തായി 9:18–26

9:18 യേശു ഇങ്ങനെ സംവദിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു യെഹൂദപ്പള്ളിമുഖ്യൻ അദ്ദേഹത്തിന്റെമുമ്പിൽ വന്ന് സാഷ്ടാംഗം വീണ്, “എന്റെ മകൾ ഇപ്പോൾ മരിച്ചുപോയി. അങ്ങ് വന്ന് അവളുടെമേൽ കൈവെക്കണമേ; എന്നാൽ അവൾ ജീവിക്കും” എന്നു പറഞ്ഞു.

19 യേശു എഴുന്നേറ്റ് അയാളോടൊപ്പം പോയി; ശിഷ്യന്മാരും അനുഗമിച്ചു.

20 അപ്പോൾത്തന്നെ, പന്ത്രണ്ടുവർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ യേശുവിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു.

21 “അദ്ദേഹത്തിന്റെ പുറങ്കുപ്പായത്തിലെങ്കിലും തൊട്ടാൽ എനിക്കു സൗഖ്യം ലഭിക്കും,” എന്ന് അവൾ ഉള്ളിൽ പറഞ്ഞിരുന്നു.

22 യേശു തിരിഞ്ഞ് അവളെ നോക്കി, “മോളേ, ധൈര്യമായിരിക്കൂ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ആ നിമിഷംമുതൽ അവൾ സൗഖ്യമുള്ളവളായിത്തീർന്നു.

23 യേശു പള്ളിമുഖ്യന്റെ വീട്ടിൽ പ്രവേശിച്ചപ്പോൾ ഓടക്കുഴൽ വായിക്കുന്നവരെയും കരഞ്ഞ് ബഹളം കൂട്ടുന്ന ജനസമൂഹത്തെയും കണ്ട്,

24 “ഇവിടെനിന്ന് മാറിനിൽക്കൂ, കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു. അവരോ അദ്ദേഹത്തെ പരിഹസിച്ചു. 25 ജനക്കൂട്ടത്തെ പുറത്താക്കിയശേഷം യേശു അകത്തുചെന്ന് കുട്ടിയെ കൈക്കുപിടിച്ച് ഉയർത്തി. അവൾ എഴുന്നേറ്റു.

26 ഈ വാർത്ത ആ പ്രദേശമെങ്ങും പ്രചരിച്ചു.

മർക്കോസ് 5:21–43

5:21 യേശു വീണ്ടും വള്ളത്തിൽ കയറി തടാകത്തിന്റെ അക്കരയ്ക്ക് ചെന്നപ്പോൾ ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തിനുചുറ്റും തടിച്ചുകൂടി.

22 യെഹൂദപ്പള്ളിമുഖ്യന്മാരിൽ ഒരാളായ യായീറോസ് അവിടെവന്നു. അയാൾ യേശുവിനെ കണ്ട് അദ്ദേഹത്തിന്റെ കാൽക്കൽവീണ്, 23 “എന്റെ കുഞ്ഞുമകൾ മരിക്കാറായിരിക്കുന്നു; അവൾ സുഖംപ്രാപിച്ചു ജീവിക്കേണ്ടതിന് അങ്ങു ദയവായി വന്ന് അവളുടെമേൽ കൈവെക്കണമേ” എന്നു കേണപേക്ഷിച്ചു.

24 യേശു അയാളോടൊപ്പം പോയി.

വലിയ ജനക്കൂട്ടം അദ്ദേഹത്തെ പിൻതുടരുകയും തിക്കിത്തിരക്കുകയും ചെയ്തു.

25 പന്ത്രണ്ടുവർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ജനക്കൂട്ടത്തിൽ ഉണ്ടായിരുന്നു. 26 പല വൈദ്യന്മാരുടെയും ചികിത്സയാൽ അവൾ കഷ്ടപ്പെടുകയും തനിക്കുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ സ്ഥിതി മെച്ചപ്പെടുന്നതിനുപകരം അധികം വഷളായിക്കൊണ്ടിരുന്നു.

27 യേശുവിനെപ്പറ്റി കേട്ടിരുന്ന അവൾ ജനത്തിരക്കിനിടയിലൂടെ വന്ന് അദ്ദേഹത്തിന്റെ പിന്നിലെത്തി പുറങ്കുപ്പായത്തിൽ തൊട്ടു. 28 കാരണം, “അദ്ദേഹത്തിന്റെ വസ്ത്രത്തിൽ ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം ലഭിക്കും” എന്ന് അവൾ ചിന്തിച്ചിരുന്നു. 29 ഉടനെ അവളുടെ രക്തസ്രാവം നിലച്ചു. രോഗം മാറിയതായി അവൾ ശരീരത്തിൽ അനുഭവിച്ചറിഞ്ഞു.

30 തന്നിൽനിന്ന് ശക്തി പുറപ്പെട്ടതായി ഉടൻതന്നെ യേശു മനസ്സിലാക്കി. ജനമധ്യേ തിരിഞ്ഞുനിന്ന് അദ്ദേഹം, “ആരാണ് എന്റെ വസ്ത്രത്തിൽ സ്പർശിച്ചത്?” എന്ന് ആരാഞ്ഞു.

31 “ജനങ്ങൾ അങ്ങയെ തിക്കുന്നതു കാണുന്നില്ലേ?” എന്നിട്ടും “ ‘ആരാണ് എന്നെ തൊട്ടത്?’ എന്ന് അങ്ങു ചോദിക്കുന്നതെന്ത്” എന്നു ശിഷ്യന്മാർ ചോദിച്ചു.

32 എങ്കിലും തന്നെ തൊട്ടത് ആരാണ് എന്നറിയാൻ യേശു ചുറ്റും നോക്കി.

33 തനിക്കു സംഭവിച്ചത് അറിഞ്ഞിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് വന്ന് അദ്ദേഹത്തിന്റെ കാൽക്കൽവീണു; സത്യമെല്ലാം തുറന്നുപറഞ്ഞു.

34 അദ്ദേഹം അവളോട്, “മോളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, നീ സമാധാനത്തോടെ പോകുക. നിന്റെ കഷ്ടത അവസാനിച്ചല്ലോ” എന്നു പറഞ്ഞു.

35 യേശു ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ, പള്ളിമുഖ്യനായ യായീറോസിന്റെ വീട്ടിൽനിന്ന് ചില ആളുകൾ വന്ന് “അങ്ങയുടെ മകൾ മരിച്ചുപോയി, എന്തിനാണ് ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?” എന്നു പറഞ്ഞു.

36 അവർ പറഞ്ഞതു ഗൗനിക്കാതെ യേശു പള്ളിമുഖ്യനോട്, “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക” എന്നു പറഞ്ഞു.

37 പത്രോസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരെയും തന്നോടൊപ്പം വീടിനുള്ളിൽ പ്രവേശിക്കാൻ യേശു അനുവദിച്ചില്ല.

38 അവർ പള്ളിമുഖ്യന്റെ വീട്ടിൽ എത്തിയപ്പോൾ, ജനങ്ങൾ നിലവിളിച്ചും ഉറക്കെ കരഞ്ഞും ബഹളംകൂട്ടുന്നത് യേശു കണ്ടു.

39 അദ്ദേഹം അകത്തുചെന്ന് അവരോട്, “എന്തിനാണ് ഈ ബഹളവും കരച്ചിലും? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു.

40 അവരോ അദ്ദേഹത്തെ പരിഹസിച്ചു.

യേശു, എല്ലാവരെയും പുറത്താക്കിയതിനുശേഷം, കുട്ടിയുടെ മാതാപിതാക്കളെയും തന്നോടൊപ്പമുണ്ടായിരുന്ന ശിഷ്യന്മാരെയുംകൂട്ടിക്കൊണ്ട്, അകത്ത് കുട്ടി കിടന്നിരുന്നിടത്തു ചെന്നു.

41 അവളുടെ കൈക്കുപിടിച്ച് അദ്ദേഹം അവളോട്, “തലീഥാ കൂമി!” എന്നു പറഞ്ഞു. “ ‘മോളേ, എഴുന്നേൽക്കൂ’ എന്നു ഞാൻ നിന്നോടു പറയുന്നു” എന്നാണ് അതിന്റെ അർഥം.

42 ഉടൻതന്നെ ബാലിക എഴുന്നേറ്റു നടന്നു. അവൾക്കു പന്ത്രണ്ട് വയസ്സുണ്ടായിരുന്നു. ഇതു കണ്ടവരെല്ലാം അത്ഭുതപരതന്ത്രരായി. 43 സംഭവിച്ചത് ആരും അറിയരുതെന്ന് യേശു അവരോടു കർശനമായി കൽപ്പിച്ചു. അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണമെന്നും അദ്ദേഹം ആജ്ഞാപിച്ചു.

ലൂക്കോസ് 8:40–56

8:40 യേശു തടാകത്തിന്റെ മറുകരയിൽ തിരിച്ചെത്തിയപ്പോൾ ഒരു ജനസമൂഹം അദ്ദേഹത്തെ സ്വാഗതംചെയ്തു. അവരെല്ലാവരും അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.

41 അപ്പോൾ യെഹൂദപ്പള്ളിയിലെ മുഖ്യന്മാരിൽ ഒരാളായ യായീറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്ന് യേശുവിന്റെ കാൽക്കൽവീണ് തന്റെ വീട്ടിലേക്കു വരാൻ അദ്ദേഹത്തോടു കേണപേക്ഷിച്ചു.

42 അയാളുടെ ഏകപുത്രി, ഏകദേശം പന്ത്രണ്ട് വയസ്സായ പെൺകുട്ടി, മരണാസന്നയായി കിടക്കുകയായിരുന്നു.

യേശു അവിടേക്കു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടം അദ്ദേഹത്തെ തിക്കിഞെരുക്കിക്കൊണ്ടിരുന്നു.

43 രക്തസ്രാവരോഗത്താൽ പന്ത്രണ്ടുവർഷമായി പീഡിതയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. തന്റെ സമ്പാദ്യമെല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും അവളെ സൗഖ്യമാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.

44 അവൾ അദ്ദേഹത്തിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു; ഉടനെ അവളുടെ രക്തസ്രാവം നിലച്ചു.

45 “ആരാണ് എന്നെ തൊട്ടത്?” യേശു ചോദിച്ചു.

എല്ലാവരും അതു നിഷേധിച്ചപ്പോൾ പത്രോസ്, “പ്രഭോ, ജനങ്ങൾ അങ്ങയുടെ ചുറ്റും തിക്കിഞെരുക്കുകയാണല്ലോ” എന്നു പറഞ്ഞു.

46 എന്നാൽ യേശു, “ആരോ ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടതു ഞാൻ അറിയുന്നു” എന്നു പറഞ്ഞു.

47 തനിക്കു മറഞ്ഞിരിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് വന്ന് യേശുവിന്റെ കാൽക്കൽവീണു. എന്തിനാണ് താൻ അദ്ദേഹത്തെ തൊട്ടതെന്നും എങ്ങനെയാണ് തനിക്കു തൽക്ഷണം സൗഖ്യം ലഭിച്ചതെന്നും അവൾ സകലരോടും വിശദീകരിച്ചു.

48 അദ്ദേഹം അവളോട്, “മോളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.

49 യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ പള്ളിമുഖ്യനായ യായീറോസിന്റെ വീട്ടിൽനിന്ന് ഒരാൾ വന്ന്, “അങ്ങയുടെ മകൾ മരിച്ചുപോയി, എന്തിനാണ് ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?” എന്നു പറഞ്ഞു.

50 ഇതു കേട്ടിട്ട് യേശു യായീറോസിനോട്, “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക. അവൾക്ക് സൗഖ്യം ലഭിക്കും” എന്നു പറഞ്ഞു.

51 യേശു യായീറോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ അദ്ദേഹം പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ മാതാപിതാക്കളെയും അല്ലാതെ മറ്റാരെയും തന്നോടൊപ്പം വീടിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല.

52 എല്ലാവരും മരിച്ച കുട്ടിയെക്കുറിച്ച് കരഞ്ഞു വിലപിക്കുകയായിരുന്നു. “കരയേണ്ട,” യേശു പറഞ്ഞു, “അവൾ മരിച്ചിട്ടില്ല, ഉറങ്ങുന്നതേയുള്ളൂ.”

53 അവൾ മരിച്ചുപോയി എന്നറിഞ്ഞിരുന്നതിനാൽ ജനം അദ്ദേഹത്തെ പരിഹസിച്ചു.

54 എന്നാൽ അദ്ദേഹം അവളുടെ കൈക്കുപിടിച്ചു. “മോളേ, എഴുന്നേൽക്കൂ,” എന്നു പറഞ്ഞു.

55 അവളുടെ ആത്മാവ് അവളിലേക്ക് മടങ്ങിവന്നു. ഉടൻതന്നെ അവൾ എഴുന്നേറ്റു. അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണമെന്ന് യേശു നിർദേശിച്ചു. 56 അവളുടെ മാതാപിതാക്കൾ ആശ്ചര്യപ്പെട്ടു. സംഭവിച്ചതെന്തെന്ന് ആരോടും പറയരുതെന്ന് അദ്ദേഹം അവരോട് ആജ്ഞാപിച്ചു.

യേശു അന്ധരായ രണ്ടുപേരെയും ഊമനായ ഒരാളെയും സൗഖ്യമാക്കുന്നു

യേശു അന്ധരായ രണ്ടുപേരെയും ഭൂതബാധിതനായ ഒരു ഊമനെയും സൗഖ്യമാക്കുകയും ദൈവദൂഷണപരമായ ഒരു ആരോപണം നേരിടുകയും ചെയ്യുന്നു.

മത്തായി 9:27–34

9:27 യേശു അവിടെനിന്നു പോകുമ്പോൾ, “ദാവീദുപുത്രാ, ഞങ്ങളോടു കരുണതോന്നണമേ” എന്നു നിലവിളിച്ചുകൊണ്ട് രണ്ട് അന്ധന്മാർ അദ്ദേഹത്തെ അനുഗമിച്ചു.

28 യേശു ഭവനത്തിൽ എത്തിയപ്പോൾ ആ അന്ധന്മാർ അദ്ദേഹത്തെ സമീപിച്ചു. യേശു അവരോട്, “എനിക്കിതു ചെയ്യാൻ കഴിയും എന്നു നിങ്ങൾ വിശ്വസിക്കുന്നോ?” എന്നു ചോദിച്ചു.

“തീർച്ചയായും, കർത്താവേ,” അവർ ഉത്തരം പറഞ്ഞു.

29 അപ്പോൾ യേശു അവരുടെ കണ്ണുകളിൽ തൊട്ടുകൊണ്ട്, “നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. 30 ഉടൻതന്നെ അവർക്ക് കാഴ്ച ലഭിച്ചു. യേശു അവരോട്, “നോക്കൂ, ഇതാരും അറിയരുത്” എന്ന കർശനനിർദേശവും നൽകി. 31 എന്നാൽ അവർ പോയി അദ്ദേഹത്തെക്കുറിച്ചുള്ള ഈ വാർത്ത ആ പ്രദേശമെങ്ങും പ്രചരിപ്പിച്ചു.

32 അവർ പോകുമ്പോൾ ചിലർ ഊമയായ ഒരു ഭൂതബാധിതനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. 33 യേശു ഭൂതത്തെ പുറത്താക്കിക്കഴിഞ്ഞപ്പോൾ, ഊമൻ സംസാരിച്ചു. ജനസഞ്ചയം ആശ്ചര്യപ്പെട്ടു, “ഇങ്ങനെയൊന്ന് ഇസ്രായേലിൽ സംഭവിച്ചിട്ടേയില്ല” എന്നു പറഞ്ഞു.

34 എന്നാൽ പരീശന്മാരാകട്ടെ, “ഇദ്ദേഹം ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യിക്കുന്നത്” എന്നു പറഞ്ഞു.

യേശു അവസാനമായി നസറെത്ത് സന്ദർശിക്കുന്നു

മത്തായി 13:54–58

13:54 സ്വന്തം പട്ടണത്തിലെത്തി; അവരുടെ പള്ളിയിൽവെച്ച് ജനത്തെ ഉപദേശിച്ചുതുടങ്ങി. “ഈ ജ്ഞാനവും അത്ഭുതശക്തികളും ഇയാൾക്ക് എവിടെനിന്നു ലഭിച്ചു?” അവർ ആശ്ചര്യപ്പെട്ടു.

55 “ഇയാൾ ആ മരപ്പണിക്കാരന്റെ മകനല്ലേ? ഇയാളുടെ മാതാവിന്റെ പേര് മറിയ എന്നല്ലേ? യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നിവർ ഇയാളുടെ സഹോദരന്മാരല്ലേ? 56 ഇയാളുടെ സഹോദരിമാരും നമ്മോടൊപ്പം ഉണ്ടല്ലോ. പിന്നെ, ഇതെല്ലാം ഇയാൾക്ക് എവിടെനിന്നു ലഭിച്ചു?” എന്ന് അവർ ചോദിച്ചു.

57 യേശുവിനെ അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല.

എന്നാൽ യേശു അവരോട്: “ഒരു പ്രവാചകൻ ആദരണീയനല്ലാത്തത് സ്വന്തം പട്ടണത്തിലും സ്വന്തം ഭവനത്തിലുംമാത്രമാണ്” എന്നു പറഞ്ഞു.

58 അവരുടെ വിശ്വാസരാഹിത്യം നിമിത്തം യേശു അവിടെ അധികം അത്ഭുതങ്ങൾ പ്രവർത്തിച്ചില്ല.

മർക്കോസ് 6:1–6

6:1 യേശു അവിടെനിന്നു യാത്രതിരിച്ച് സ്വന്തം പട്ടണത്തിൽ ശിഷ്യന്മാരുമായി മടങ്ങിയെത്തി. 2 അടുത്ത ശബ്ബത്തുനാളിൽ അദ്ദേഹം യെഹൂദരുടെ പള്ളിയിൽവെച്ച് ഉപദേശിച്ചുതുടങ്ങി. പലരും അതുകേട്ട് ആശ്ചര്യപ്പെട്ടു.

“ഈ മനുഷ്യന് ഇവയെല്ലാം എവിടെനിന്നു കിട്ടി? എന്തൊരു ജ്ഞാനമാണ് ഇയാൾക്കു ലഭിച്ചിരിക്കുന്നത്? എന്തെല്ലാം അത്ഭുതങ്ങളാണ് ഇയാൾ ചെയ്യുന്നത്?

3 ഇത് ആ മരപ്പണിക്കാരനല്ലേ? ഇയാൾ മറിയയുടെ മകനല്ലേ? യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നിവരുടെ സഹോദരനുമല്ലേ ഇയാൾ? ഇയാളുടെ സഹോദരിമാരും ഇവിടെ നമ്മോടുകൂടെ ഇല്ലേ?” എന്നു ചോദിച്ചു. യേശുവിനെ അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല.

4 യേശു അവരോട്, “ഒരു പ്രവാചകൻ ബഹുമാനിക്കപ്പെടാത്തത് അയാളുടെ സ്വദേശത്തും ബന്ധുക്കൾക്കിടയിലും സ്വന്തം ഭവനത്തിലുംമാത്രമാണ്” എന്നു പറഞ്ഞു. 5 ഏതാനും ചില രോഗികളുടെമേൽ കൈവെച്ച് അവരെ സൗഖ്യമാക്കിയതല്ലാതെ, അവിടെ അത്ഭുതപ്രവൃത്തികളൊന്നും ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

6 അവരുടെ അവിശ്വാസത്തെക്കുറിച്ച് അദ്ദേഹം ആശ്ചര്യപ്പെട്ടു.

അതിനുശേഷം യേശു ഗ്രാമങ്ങൾതോറും ചുറ്റിസഞ്ചരിച്ച് ഉപദേശിച്ചുകൊണ്ടിരുന്നു.