യേശു ബേൽസെബൂലുമായി കൂട്ടുകെട്ടിലാണെന്ന ആരോപണം
യേശു ബേൽസെബൂലുമായി കൂട്ടുകെട്ടിലാണെന്ന ദൈവദൂഷണപരമായ ആരോപണം.
തുടർന്നുവരുന്ന സംഭവങ്ങളെല്ലാം തിരക്കേറിയ ദിവസം എന്നു വിളിക്കപ്പെടുന്ന ഒരേ ദിവസത്തിലാണ് നടന്നതെന്നു ശ്രദ്ധിക്കുക.
ഗലീല
ക്രി.പി. 27 മുതൽ 29 വരെ
Biblica® Open Malayalam Contemporary Version™ (OMCV)
മത്തായി 12:22–37
12:22 പിന്നെ അവർ അന്ധനും മൂകനുമായ ഒരു ഭൂതബാധിതനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം ഭൂതബാധിതനെ സൗഖ്യമാക്കി; അയാൾക്ക് സംസാരശേഷിയും കാഴ്ചശക്തിയും ലഭിച്ചു. 23 അപ്പോൾ ജനസഞ്ചയം ആശ്ചര്യപ്പെട്ട്, “ഇദ്ദേഹം ആയിരിക്കുമോ ദാവീദുപുത്രൻ?” എന്നു പറഞ്ഞു.
24 എന്നാൽ പരീശന്മാർ ഇതു കേട്ടിട്ട്, “ഈ മനുഷ്യൻ ഭൂതങ്ങളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടുതന്നെയാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു.
25 യേശു അവരുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞു, “ആഭ്യന്തരഭിന്നതയുള്ള എല്ലാരാജ്യവും നശിച്ചുപോകും; അന്തഃഛിദ്രം ബാധിച്ച പട്ടണമായാലും ഭവനമായാലും അവയും നിലനിൽക്കുകയില്ല. 26 സാത്താൻതന്നെ സാത്താനെ ഉച്ചാടനം ചെയ്യുന്നെങ്കിൽ അയാൾ തനിക്കെതിരേ തിരിഞ്ഞിരിക്കുകയല്ലേ; അങ്ങനെയെങ്കിൽ അയാളുടെ രാജ്യത്തിന്റെ നിലനിൽപ്പ് സാധ്യമാകുമോ? 27 ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ബേൽസെബൂലിനെ ഉപയോഗിച്ചാണെങ്കിൽ, നിങ്ങളുടെ അനുയായികൾ അവയെ ഉച്ചാടനം ചെയ്യുന്നത് ആരെക്കൊണ്ടാണ്? അങ്ങനെയെങ്കിൽ, നിങ്ങളുടെ അനുയായികൾതന്നെ നിങ്ങൾക്ക് വിധികർത്താക്കൾ ആയിരിക്കട്ടെ.
28 എന്നാൽ, ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ദൈവാത്മാവിനാൽ ആണെങ്കിൽ ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നിരിക്കുന്നു, നിശ്ചയം.
29 “ബലിഷ്ഠനായ ഒരു മനുഷ്യന്റെ വീട്ടിൽ പ്രവേശിച്ച് സമ്പത്ത് കൊള്ളയടിച്ചു കൊണ്ടുപോകാൻ, അയാളെ ബന്ധനസ്ഥനാക്കിയിട്ടല്ലാതെ ആർക്കെങ്കിലും സാധിക്കുമോ? ബന്ധനസ്ഥനാക്കിയാൽ വീട്ടിലുള്ളത് അപഹരിക്കാൻ സാധിക്കും.
30 “എന്നെ അനുകൂലിക്കാത്തവർ എന്നെ പ്രതിരോധിക്കുന്നു; എന്നോടുകൂടെ ജനത്തെ ചേർക്കാത്തയാൾ വാസ്തവത്തിൽ അവരെ ചിതറിക്കുകയാണ്. 31 അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: സകലവിധ പാപവും ദൈവദൂഷണവും മനുഷ്യരോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന് എതിരായ ദൂഷണമോ ഒരിക്കലും ക്ഷമിക്കുകയില്ല.
32 മനുഷ്യപുത്രനു (എനിക്കു) വിരോധമായി സംസാരിക്കുന്നവരോട് അതു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിന് വിരോധമായി സംസാരിക്കുന്നവർക്ക് ഈ യുഗത്തിലും വരാനുള്ളതിലും ക്ഷമ ലഭിക്കുകയില്ല.
33 “ഒരു വൃക്ഷം നല്ലതെങ്കിൽ അതിന്റെ ഫലവും നല്ലതായിരിക്കും; വൃക്ഷം അയോഗ്യമെങ്കിൽ അതിലെ ഫലവും അയോഗ്യമായിരിക്കും. ഒരു വൃക്ഷത്തെ അതിന്റെ ഫലംകൊണ്ടാണ് തിരിച്ചറിയുന്നത്. 34 അണലിക്കുഞ്ഞുങ്ങളേ, ദുഷ്ടതയുടെ കേദാരമായ നിങ്ങൾക്കു നന്മ വല്ലതും സംസാരിക്കാൻ കഴിയുമോ? ഹൃദയം നിറഞ്ഞു കവിയുന്നതാണല്ലോ വായ് സംസാരിക്കുന്നത്. 35 നല്ല മനുഷ്യൻ, തന്റെ ഉള്ളിൽ സംഭരിച്ചിരിക്കുന്ന നന്മയിൽനിന്നു, നന്മ പ്രവർത്തിക്കുന്നു; ദുഷ്ടമനുഷ്യനോ തന്നിൽ നിക്ഷിപ്തമായിരിക്കുന്ന തിന്മയിൽനിന്നു, തിന്മ പ്രവർത്തിക്കുന്നു. 36 എന്നാൽ മനുഷ്യർ സംസാരിക്കുന്ന, ഓരോ അടിസ്ഥാനരഹിതമായ പ്രസ്താവനയ്ക്കും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും, എന്നു ഞാൻ നിങ്ങളോടു പറയുന്നു. 37 നിങ്ങളുടെ വാക്കുകൾ നിങ്ങളെ ശിക്ഷയിൽനിന്ന് ഒഴിവാക്കും; നിങ്ങളുടെ വാക്കുകൾതന്നെ നിങ്ങൾക്കു ശിക്ഷ വിധിക്കുകയും ചെയ്യും.”
മർക്കോസ് 3:20–30
3:20 അതിനുശേഷം യേശു ഒരു വീട്ടിലേക്ക് പോയി. അദ്ദേഹത്തിനും ശിഷ്യന്മാർക്കും ഭക്ഷണം കഴിക്കാൻപോലും സാധിക്കാത്തവിധം പിന്നെയും ജനങ്ങൾ കൂട്ടമായി വന്നുകൂടി. 21 “അയാൾക്കു സുബോധം ഇല്ല,” എന്ന് യേശുവിനെപ്പറ്റി ആളുകൾ പറയുന്നതുകേട്ട് അദ്ദേഹത്തിന്റെ വീട്ടുകാർ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോകാൻ അവിടേക്കു യാത്രയായി.
22 ജെറുശലേമിൽനിന്ന് വന്ന വേദജ്ഞർ, “അയാളെ ബേൽസെബൂൽ ബാധിച്ചിരിക്കുന്നു; അയാൾ ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു.
23 അപ്പോൾ യേശു അവരെ വിളിച്ച് സാദൃശ്യകഥകളുടെ സഹായത്തോടെ അവർക്കു മറുപടി നൽകി: “സാത്താന് സാത്താനെ ഉച്ചാടനം ചെയ്യാൻ എങ്ങനെ കഴിയും? 24 ഒരു രാജ്യത്തിൽ ആഭ്യന്തരഭിന്നതയുണ്ടെങ്കിൽ ആ രാജ്യത്തിനു നിലനിൽക്കാൻ കഴിയുകയില്ലല്ലോ.
25 ഒരു ഭവനത്തിൽ അന്തഃഛിദ്രം ബാധിച്ചിരിക്കുന്നെങ്കിൽ അതിനും നിലനിൽക്കാൻ സാധ്യമല്ലല്ലോ. 26 സാത്താൻ അവനെത്തന്നെ എതിർക്കുകയും സ്വയം ഭിന്നിക്കുകയും ചെയ്താൽ അതിനു നിലനിൽപ്പില്ല; അയാളുടെ അന്ത്യം വന്നിരിക്കുന്നു.
27 ബലിഷ്ഠനായ ഒരു മനുഷ്യനെ ആദ്യംതന്നെ പിടിച്ചു കെട്ടിയെങ്കിൽമാത്രമേ അയാളുടെ വീട്ടിൽ പ്രവേശിച്ച് സമ്പത്ത് കൊള്ളയടിക്കാൻ സാധിക്കുകയുള്ളു; പിടിച്ചുകെട്ടിയതിനുശേഷം വീട് കവർച്ചചെയ്യാം.
28 ഞാൻ നിങ്ങളോടു സത്യം പറയുന്നു, ദൈവം മനുഷ്യരോട് അവരുടെ സകലപാപങ്ങളും ദൂഷണങ്ങളും ക്ഷമിക്കും. 29 എന്നാൽ പരിശുദ്ധാത്മാവിന് എതിരായ ദൂഷണമോ ഒരിക്കലും ക്ഷമിക്കുകയില്ല. അങ്ങനെചെയ്യുന്നത് എന്നേക്കും നിലനിൽക്കുന്ന പാപമാണ്.”
30 “അയാൾക്കു ദുരാത്മാവുണ്ട്,” എന്ന് യേശുവിനെക്കുറിച്ച് അവർ ആരോപിച്ചതുകൊണ്ടാണ് യേശു ഇപ്രകാരം പറഞ്ഞത്.
വേദജ്ഞരും പരീശന്മാരും ഒരു ചിഹ്നം നിർബന്ധപൂർവം ആവശ്യപ്പെടുന്നു
അതേ ദിവസം. ഗലീല
മത്തായി 12:38–45
12:38 അപ്പോൾ പരീശന്മാരിലും വേദജ്ഞരിലും ചിലർ അദ്ദേഹത്തോട്, “ഗുരോ, അങ്ങ് ഒരു അത്ഭുതചിഹ്നം പ്രവർത്തിച്ചുകാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
39 യേശു അതിനുത്തരം പറഞ്ഞത്: “ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ ചിഹ്നം അന്വേഷിക്കുന്നു! എന്നാൽ യോനാ പ്രവാചകന്റെ അനുഭവം എന്ന ചിഹ്നമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല. 40 യോനാ മൂന്നുപകലും മൂന്നുരാവും ഒരു മഹാമത്സ്യത്തിന്റെ വയറ്റിലായിരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നുപകലും മൂന്നുരാവും ഭൗമാന്തർഭാഗത്ത് ആയിരിക്കും. 41 ന്യായവിധിദിവസം നിനവേനിവാസികൾ ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവർക്ക് ശിക്ഷവിധിക്കും; നിനവേക്കാർ യോനായുടെ പ്രസംഗം കേട്ട് അനുതപിച്ചല്ലോ; യോനായിലും അതിശ്രേഷ്ഠൻ ഇതാ ഇവിടെ. 42 ന്യായവിധിദിവസത്തിൽ ശേബാ രാജ്ഞിയും ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവരെ ശിക്ഷവിധിക്കും. അവൾ ശലോമോന്റെ ജ്ഞാനം ശ്രവിക്കാനായി വിദൂരത്തുനിന്ന് വന്നല്ലോ; ഇവിടെ ഇതാ ശലോമോനിലും അതിശ്രേഷ്ഠൻ.
43 “ദുരാത്മാവ് ഒരു മനുഷ്യനിൽനിന്ന് പുറത്തുകടന്ന്, വെള്ളമില്ലാത്ത പ്രദേശങ്ങളിൽക്കൂടി ഒരു വിശ്രമസ്ഥാനത്തിനായി അലയുന്നു; കണ്ടെത്തുന്നതുമില്ല. 44 അപ്പോൾ അത്, ‘ഞാൻ ഉപേക്ഷിച്ചുപോന്ന ഭവനത്തിലേക്കുതന്നെ തിരികെച്ചെല്ലും’ എന്നു പറയുന്നു. അങ്ങനെ ചെല്ലുമ്പോൾ ആ വീട് ആളൊഴിഞ്ഞും അടിച്ചുവാരിയും ക്രമീകരിക്കപ്പെട്ടും കാണുന്നു. 45 അപ്പോൾ അതു പോയി തന്നെക്കാൾ ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളുമായിവന്ന് അവിടെ താമസം ആരംഭിക്കുന്നു. ആ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ അതിദാരുണമാണ്. ഈ ദുഷിച്ച തലമുറയുടെ സ്ഥിതിയും അങ്ങനെതന്നെ ആയിരിക്കും.”
ക്രിസ്തുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തെ വീട്ടിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നു
അതേ ദിവസം. ഗലീല
മത്തായി 12:46–50
12:46 യേശു ജനക്കൂട്ടത്തോടു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തോടു സംസാരിക്കണമെന്ന താത്പര്യത്തിൽ പുറത്തു നിൽക്കുകയായിരുന്നു.
47 ഒരാൾ വന്ന് യേശുവിനോട്, “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയോടു സംസാരിക്കാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
48 യേശു ആ മനുഷ്യനോട്, “ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരന്മാർ?” എന്നു ചോദിച്ചു.
49 പിന്നെ തന്റെ കൈ ശിഷ്യന്മാരുടെനേരേ നീട്ടി, “ഇവരാണ് എന്റെ അമ്മയും എന്റെ സഹോദരന്മാരും.
50 എന്റെ സ്വർഗസ്ഥപിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും” എന്ന് യേശു പറഞ്ഞു.
മർക്കോസ് 3:31–35
3:31 അപ്പോൾ യേശുവിന്റെ അമ്മയും സഹോദരന്മാരും അവിടെയെത്തി. അവർ പുറത്തുനിന്നുകൊണ്ട് അദ്ദേഹത്തെ വിളിക്കാൻ ആളയച്ചു.
32 ജനക്കൂട്ടം യേശുവിനുചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. അവർ അദ്ദേഹത്തോട്, “അങ്ങയെ കാണാൻ ആഗ്രഹിച്ചുകൊണ്ട് അങ്ങയുടെ അമ്മയും സഹോദരന്മാരും പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
33 “ആരാണ് എന്റെ അമ്മയും സഹോദരന്മാരും?” അദ്ദേഹം ചോദിച്ചു.
34 പിന്നീട് തന്റെ ചുറ്റും ഇരിക്കുന്നവരെ നോക്കി അദ്ദേഹം പറഞ്ഞു: “ഇതാ, എന്റെ അമ്മയും സഹോദരന്മാരും!
35 ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.”
ലൂക്കോസ് 8:19–21
8:19 യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തെ കാണാൻ വന്നു. എന്നാൽ ജനത്തിരക്കു നിമിത്തം അദ്ദേഹത്തിന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല.
20 ഒരാൾ വന്ന് യേശുവിനോട്, “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
21 അതിന് യേശു, “ദൈവത്തിന്റെ വചനം കേൾക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും” എന്ന് ഉത്തരം പറഞ്ഞു.