ഭാഗം 8: യോവാശിന്റെ ഭരണം
യെഹൂദാരാജ്യം
യോവാശിന്റെ ഭരണത്തിന്റെ ആദ്യകാലം
ക്രി.മു. 878
Biblica® Open Malayalam Contemporary Version™ (OMCV)
21 യോവാശിന് ഏഴുവയസ്സായപ്പോൾ അദ്ദേഹം രാജാവായി.
12:1 യേഹുവിന്റെ ഭരണത്തിന്റെ ഏഴാമാണ്ടിൽ യോവാശ് രാജാവായി. അദ്ദേഹം നാൽപ്പതുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് സിബ്യാ എന്നായിരുന്നു; അവൾ ബേർ-ശേബാക്കാരിയായിരുന്നു. 2 പുരോഹിതനായ യെഹോയാദാ അദ്ദേഹത്തിനു മാർഗനിർദേശം നൽകിയിരുന്ന കാലത്തെല്ലാം യോവാശ് യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. 3 എന്നിരുന്നാലും ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനങ്ങൾ അവിടെ ബലി അർപ്പിക്കുന്നതും ധൂപാർച്ചന നടത്തുന്നതും തുടർന്നുപോന്നു.
16 പിന്നീട് യെഹോയാദാ, താനും ആ ജനവും രാജാവും യഹോവയുടെ ജനമായിരിക്കുമെന്ന് ഒരു ഉടമ്പടി ചെയ്യിച്ചു. 17 ജനങ്ങളെല്ലാവരുംകൂടി ബാലിന്റെ ക്ഷേത്രത്തിലേക്കുചെന്ന് അതിനെ ഇടിച്ചുതകർത്തു; ബലിപീഠങ്ങളും ബിംബങ്ങളും അവർ അടിച്ചുടച്ചു. ബലിപീഠങ്ങൾക്കു മുമ്പിൽവെച്ച് അവർ ബാലിന്റെ പുരോഹിതനായ മത്ഥാനെ കൊന്നുകളഞ്ഞു.
18 അതിനുശേഷം യെഹോയാദാ ദൈവാലയത്തിന്റെ മേൽനോട്ടം ലേവ്യരായ പുരോഹിതന്മാരുടെ കരങ്ങളിൽ ഭരമേൽപ്പിച്ചു. ആഹ്ലാദത്തോടും ഗാനാലാപത്തോടുംകൂടി യഹോവയുടെ ആലയത്തിൽ, മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം, ഹോമയാഗങ്ങൾ അർപ്പിക്കാനുള്ള ചുമതല ദാവീദുരാജാവ് അവരെയാണു ഭരമേൽപ്പിച്ചിരുന്നത്. 19 ഏതെങ്കിലും വിധത്തിൽ ആചാരപരമായി അശുദ്ധരായ ആരുംതന്നെ അകത്തു കടക്കാതിരിക്കത്തക്കവണ്ണം യെഹോയാദാ യഹോവയുടെ ആലയത്തിന്റെ കവാടത്തിൽ കാവൽക്കാരെയും നിയോഗിച്ചു.
20 അദ്ദേഹം ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ ഭരണാധിപന്മാരെയും ദേശത്തെ സകലജനത്തെയും കൂട്ടിക്കൊണ്ടുചെന്ന് രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് ഇറക്കിക്കൊണ്ടുവന്നു. മുകളിലത്തെ പടിവാതിൽവഴി അവർ രാജകൊട്ടാരത്തിലേക്കുചെന്ന് രാജാവിനെ രാജകീയ സിംഹാസനത്തിൽ ഇരുത്തി. 21 ദേശവാസികളെല്ലാം ആഹ്ലാദിച്ചു; അഥല്യാ വാളാൽ കൊല്ലപ്പെട്ടതുകൊണ്ടു നഗരം ശാന്തമായിരുന്നു.
3 അദ്ദേഹം യോവാശിനുവേണ്ടി രണ്ടു ഭാര്യമാരെ തെരഞ്ഞെടുത്തിരുന്നു; യോവാശിന് പുത്രന്മാരും പുത്രിമാരും ഉണ്ടായിരുന്നു.
ദൈവാലയം അറ്റകുറ്റപ്പണി ചെയ്ത് നന്നാക്കപ്പെടുന്നു ക്രി.മു. 856
4 അൽപ്പകാലം കഴിഞ്ഞ് യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യിക്കാൻ തീരുമാനിച്ചു. 5 അദ്ദേഹം പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോടു പറഞ്ഞു: “നിങ്ങൾ യെഹൂദാനഗരങ്ങളിൽചെന്ന് ദൈവത്തിന്റെ ആലയത്തിന്റെ കേടുപാടുകൾ പോക്കുന്നതിന് എല്ലാ ഇസ്രായേലും ആണ്ടുതോറും കൊടുക്കേണ്ടതായ ദ്രവ്യം ശേഖരിക്കുക! ഇക്കാര്യം വേഗം നിർവഹിക്കുക.” എന്നാൽ ലേവ്യർ വേഗത്തിൽ ഈ കാര്യം ചെയ്തില്ല.
4 യോവാശ് പുരോഹിതന്മാരോടു കൽപ്പിച്ചു: “യഹോവയുടെ ആലയത്തിലേക്ക് വിശുദ്ധ കാഴ്ചയായി വന്നിട്ടുള്ള പണവും ജനസംഖ്യയെടുത്തപ്പോൾ പിരിച്ച പണവും വ്യക്തിപരമായ നേർച്ചകൾമൂലം ലഭിക്കുന്ന പണവും ജനങ്ങൾ സ്വമേധയാ ദൈവാലയത്തിലേക്ക് ദാനമായി കൊടുത്ത പണവും എല്ലാം സംഭരിക്കുക! 5 ഭണ്ഡാരം സൂക്ഷിപ്പുകാരിൽ ഏതെങ്കിലും ഒരാളിൽനിന്ന് ഓരോ പുരോഹിതനും തുക വാങ്ങിയിട്ട് ദൈവാലയത്തിന് കേടുപാടുകൾ കാണുന്നയിടങ്ങളിലെല്ലാം വേണ്ട അറ്റകുറ്റപ്പണികൾ ചെയ്യിക്കട്ടെ!”
6 എന്നാൽ യോവാശുരാജാവിന്റെ ഭരണത്തിന്റെ ഇരുപത്തിമൂന്നാം ആണ്ടുവരെയും പുരോഹിതന്മാർ ദൈവാലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്തിരുന്നില്ല.
6 അതിനാൽ രാജാവ് പുരോഹിതമുഖ്യനായ യെഹോയാദായെ വരുത്തി അദ്ദേഹത്തോടു ചോദിച്ചു: “ഉടമ്പടിയുടെ കൂടാരത്തിനുവേണ്ടി യഹോവയുടെ ദാസനായ മോശയും ഇസ്രായേലിന്റെ സർവസഭയും ചുമത്തിയ കരം യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും പിരിച്ചെടുത്തുകൊണ്ടുവരാൻ അങ്ങ് ലേവ്യരോട് ആവശ്യപ്പെടാത്തതെന്ത്?”
7 അതിനാൽ യോവാശ് രാജാവ് യെഹോയാദാ പുരോഹിതനെയും മറ്റു പുരോഹിതന്മാരെയും വിളിച്ചുവരുത്തിയിട്ട് അവരോടു ചോദിച്ചു: “ദൈവാലയത്തിനു പറ്റിയിരിക്കുന്ന കേടുപാടുകൾ നിങ്ങൾ തീർക്കാത്തതെന്ത്? നിങ്ങളുടെ ഭണ്ഡാരംസൂക്ഷിപ്പുകാരിൽനിന്ന് ഇനിയും നിങ്ങൾ പണം പറ്റേണ്ട; അത് ദൈവാലയത്തിന്റെ അറ്റകുറ്റപ്പണികൾക്കായി കൊടുക്കുക!” 8 ജനങ്ങളിൽനിന്ന് ഇനിയും പണംപിരിക്കുന്നതല്ലെന്നും തങ്ങൾ നേരിട്ട് ദൈവാലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതല്ലെന്നും പുരോഹിതന്മാർ സമ്മതിച്ചു.
9 യെഹോയാദാപുരോഹിതൻ ഒരു പെട്ടിയെടുത്ത് അതിന്റെ മേൽമൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കിച്ചു. ദൈവാലയത്തിലേക്കു കടന്നുവരുന്നവരുടെ വലത്തുവശത്തായി യാഗപീഠത്തിനരികെ അതു സ്ഥാപിച്ചു. വാതിൽകാവൽക്കാരായ പുരോഹിതന്മാർ യഹോവയുടെ ആലയത്തിലേക്കുവന്ന പണമെല്ലാം ആ പെട്ടിയിൽ നിക്ഷേപിച്ചു. 10 പെട്ടിയിൽ ധാരാളം പണമായി എന്നു കണ്ടപ്പോഴൊക്കെ രാജാവിന്റെ ലേഖകനും മഹാപുരോഹിതനും കൂടിവന്ന് യഹോവയുടെ ആലയത്തിലേക്കുവന്ന പണം എണ്ണിത്തിട്ടപ്പെടുത്തി സഞ്ചികളിലാക്കുമായിരുന്നു. 11 തുക തിട്ടപ്പെടുത്തിക്കഴിയുമ്പോൾ അവർ അത് ദൈവാലയത്തിന്റെ പണികൾക്ക് മേൽനോട്ടം വഹിക്കാൻ നിയമിക്കപ്പെട്ടിരുന്ന ആളുകളെ ഏൽപ്പിച്ചിരുന്നു. ആ പണംകൊണ്ട് അവർ യഹോവയുടെ ആലയത്തിന്റെ പണികൾ ചെയ്തിരുന്ന തൊഴിലാളികൾക്കു കൂലി കൊടുത്തിരുന്നു—ആശാരിമാർക്കും ശില്പികൾക്കും 12 കൽപ്പണിക്കാർക്കും കല്ലുവെട്ടുകാർക്കും യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾക്കുവേണ്ടിവന്ന തടി, ചെത്തിയകല്ല് എന്നിവ വാങ്ങുന്നതിനും ദൈവാലയത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടി വന്ന മറ്റു ചെലവുകൾ വഹിക്കുന്നതിനും അവർ ആ പണം ഉപയോഗിച്ചു.
13 യഹോവയുടെ ആലയത്തിൽ ലഭിച്ചിരുന്ന ആ പണം വെള്ളിത്തളികകളോ തിരികൾ വെടിപ്പാക്കുന്നതിനുള്ള കത്രികകളോ കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങളോ കാഹളങ്ങളോ ആലയത്തിലെ ഉപയോഗത്തിനുള്ള സ്വർണമോ വെള്ളിയോകൊണ്ടു നിർമിച്ച മറ്റേതെങ്കിലും ഉപകരണങ്ങളോ വാങ്ങിക്കുന്നതിന് ഉപയോഗിച്ചതേയില്ല; 14 യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾക്കുവേണ്ടി പ്രയത്നിച്ചിരുന്ന തൊഴിലാളികൾക്കു കൊടുക്കാൻമാത്രമേ അത് ഉപയോഗിച്ചുള്ളു.
12 ഈ ദ്രവ്യം രാജാവും യെഹോയാദാ പുരോഹിതനുംകൂടി, യഹോവയുടെ ആലയത്തിൽ ആവശ്യമായ പണികൾ ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നവരെ ഏൽപ്പിച്ചു. അവർ യഹോവയുടെ ആലയം പുനരുദ്ധരിക്കുന്നതിന് കൽപ്പണിക്കാരെയും മരപ്പണിക്കാരെയും കൂലിക്കെടുത്തു; കൂടാതെ, ഇരുമ്പും വെങ്കലവുംകൊണ്ടു പണിചെയ്യുന്ന ആളുകളെയും അവർ നിയോഗിച്ചു.
13 പണിയുടെ ചുമതലക്കാർ കഠിനാധ്വാനശീലമുള്ളവരായിരുന്നു. അവരുടെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണികൾ പുരോഗമിച്ചു. അവർ ദൈവാലയത്തെ ആദ്യത്തെ രൂപകൽപ്പനകൾക്കനുസൃതമായി പുനരുദ്ധരിച്ചു ബലപ്പെടുത്തി. 14 പണികളെല്ലാം തീർത്തുകഴിഞ്ഞപ്പോൾ അവർ അധികമുള്ള പണം രാജാവിന്റെയും യെഹോയാദാ പുരോഹിതന്റെയും മുമ്പാകെ സമർപ്പിച്ചു. ആ പണംകൊണ്ട് യഹോവയുടെ ആലയത്തിൽവേണ്ടതായ സാധനസാമഗ്രികൾ ഉണ്ടാക്കി. ആരാധനയ്ക്കും ഹോമയാഗങ്ങൾക്കും വേണ്ടതായ ഉപകരണങ്ങൾ, സ്വർണവും വെള്ളിയുംകൊണ്ടുള്ള തളികകളും മറ്റു സാധനങ്ങളും എല്ലാം ആ പണംകൊണ്ടുണ്ടാക്കി. യെഹോയാദാപുരോഹിതന്റെ ജീവിതകാലംമുഴുവൻ യഹോവയുടെ ആലയത്തിൽ നിരന്തരം അർപ്പിക്കേണ്ട ഹോമയാഗങ്ങൾ അർപ്പിക്കപ്പെട്ടിരുന്നു.
15 തൊഴിലാളികൾക്കു കൊടുക്കുന്നതിനായി പണം ഏറ്റുവാങ്ങിയിരുന്ന ആളുകൾ പരിപൂർണമായ സത്യസന്ധത പുലർത്തിയിരുന്നതിനാൽ അവരിൽനിന്ന് വരവുചെലവു കണക്കുകൾതന്നെ ആവശ്യമായിരുന്നില്ല. 16 അകൃത്യയാഗത്തിന്റെ പണവും പാപശുദ്ധീകരണയാഗത്തിന്റെ പണവും യഹോവയുടെ ആലയത്തിലേക്ക് എടുത്തിരുന്നില്ല; അവ പുരോഹിതന്മാർക്കുള്ളതായിരുന്നു.