ഭാഗം 7: അഥല്യായുടെ ഭരണം
യെഹൂദാരാജ്യം
ക്രി.മു. 884
Biblica® Open Malayalam Contemporary Version™ (OMCV)
10 തന്റെ മകൻ മരിച്ചു എന്ന് അഹസ്യാവിന്റെ അമ്മയായ അഥല്യാ കണ്ടപ്പോൾ, അവൾ യെഹൂദ്യയിലെ രാജകുടുംബത്തെ മുഴുവൻ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങി. 11 എന്നാൽ യെഹോരാംരാജാവിന്റെ മകളായ യെഹോശേബാ കൊലചെയ്യപ്പെടാൻപോകുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ രഹസ്യമായി എടുത്തുകൊണ്ടുപോയി. അവൾ ആ കുഞ്ഞിനെയും അവന്റെ ധാത്രിയെയും ഒരു കിടപ്പുമുറിയിൽ ഒളിപ്പിച്ചു. യെഹോരാംരാജാവിന്റെ മകളും യെഹോയാദാപുരോഹിതന്റെ ഭാര്യയും ആയിരുന്ന യെഹോശേബാ അഹസ്യാവിന്റെ സഹോദരി ആയിരുന്നതിനാൽ അവൾ ആ ശിശുവിനെ ഒളിപ്പിച്ചു. അതിനാൽ അഥല്യയ്ക്ക് അവനെ കൊല്ലുന്നതിനു കഴിഞ്ഞില്ല. 12 അങ്ങനെ യോവാശ് അവന്റെ ധാത്രിയോടൊപ്പം ദൈവാലയത്തിൽ ആറുവർഷം ഒളിവിൽ താമസിച്ചു. ആ കാലയളവിൽ അഥല്യായായിരുന്നു രാജ്യം ഭരിച്ചിരുന്നത്.
7 ആ ദുഷ്ടസ്ത്രീ അഥല്യയുടെ പുത്രന്മാർ ദൈവത്തിന്റെ മന്ദിരത്തിൽ അതിക്രമിച്ചുകടന്ന് യഹോവയുടെ ആലയത്തിലെ വിശുദ്ധവസ്തുക്കൾപോലും ബാലിനുവേണ്ടി ഉപയോഗിച്ചിരുന്നു.
8 രാജകൽപ്പനയനുസരിച്ച് അവർ ഒരു കാണിക്കവഞ്ചിയുണ്ടാക്കി യഹോവയുടെ ആലയത്തിന്റെ കവാടത്തിൽ പുറത്തുവെച്ചു. 9 ദൈവദാസനായ മോശ മരുഭൂമിയിൽവെച്ച് ഇസ്രായേലിന്മേൽ ചുമത്തിയിരുന്ന കരം സകല യെഹൂദാനിവാസികളും ജെറുശലേമ്യരും കൊണ്ടുവന്ന് യഹോവയ്ക്കു നൽകണം എന്ന് ഒരു വിളംബരവും ഇറക്കി. 10 സകലപ്രഭുക്കന്മാരും ജനങ്ങളും സന്തോഷപൂർവം തങ്ങളുടെ വിഹിതം കൊണ്ടുവന്ന് ആ വഞ്ചി നിറയുന്നതുവരെ നിക്ഷേപിച്ചു. 11 വഞ്ചിയിൽ ധാരാളം പണം വീണു എന്നു കാണുമ്പോൾ ലേവ്യർ അതെടുത്ത് രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുത്തുകൊണ്ടുവരും. അപ്പോഴൊക്കെ രാജാവിന്റെ ലേഖകനും പുരോഹിതമുഖ്യന്റെ കാര്യസ്ഥനുംകൂടി വഞ്ചി ഒഴിച്ചശേഷം പൂർവസ്ഥാനത്തു കൊണ്ടുചെന്നു വെക്കുകയും ചെയ്യും. അവർ ദിനംപ്രതി ഈ വിധം ചെയ്യുമായിരുന്നു; അങ്ങനെ വളരെ വലിയൊരു തുക സമാഹരിക്കുകയും ചെയ്തു.
1 ഏഴാംവർഷത്തിൽ യെഹോയാദാപുരോഹിതൻ ധൈര്യസമേതം മുന്നോട്ടുവന്നു; യെരോഹാമിന്റെ മകൻ അസര്യാവ്, യെഹോഹാനാന്റെ മകൻ യിശ്മായേൽ, ഓബേദിന്റെ മകൻ അസര്യാവ്, അദായാവിന്റെ മകൻ മയസേയാവ്, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരുമായി അദ്ദേഹം ഒരു ഉടമ്പടിയുണ്ടാക്കി. 2 അവർ യെഹൂദ്യയിലുടനീളം സഞ്ചരിച്ച് ലേവ്യരെയും ഇസ്രായേലിലെ പിതൃഭവനത്തലവന്മാരെയും സകലനഗരങ്ങളിൽനിന്നും കൂട്ടിവരുത്തി. അവരെല്ലാം ജെറുശലേമിൽ എത്തിയപ്പോൾ 3 ആ സഭ ഒന്നടങ്കം ദൈവത്തിന്റെ ആലയത്തിൽവെച്ച് രാജാവുമായി ഒരു ഉടമ്പടിചെയ്തു.
യെഹോയാദാ അവരോടു പറഞ്ഞു: “ദാവീദിന്റെ പിൻഗാമികളെപ്പറ്റി യഹോവ വാഗ്ദാനം നൽകിയിട്ടുള്ളപ്രകാരം ഇതാ, രാജപുത്രൻ ഭരണമേൽക്കണം. 4 നിങ്ങൾ ചെയ്യേണ്ടതിതാണ്: ശബ്ബത്തിൽ ഊഴംമാറിവരുന്ന പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ മൂന്നിലൊരുഭാഗം കവാടങ്ങളിൽ സൂക്ഷ്മമായി കാവൽനിൽക്കണം. 5 അടുത്ത മൂന്നിലൊരുഭാഗം രാജകൊട്ടാരവും ബാക്കി മൂന്നിലൊരുഭാഗം അടിസ്ഥാനകവാടത്തിങ്കലും കാവൽനിൽക്കണം. മറ്റെല്ലാവരും യഹോവയുടെ ആലയത്തിന്റെ അങ്കണത്തിൽ ഉണ്ടായിരിക്കണം. 6 തങ്ങളുടെ ഊഴമനുസരിച്ചുള്ള ലേവ്യരും പുരോഹിതന്മാരുമല്ലാതെ മറ്റാരും യഹോവയുടെ ആലയത്തിൽ പ്രവേശിച്ചുകൂടാ. ലേവ്യരും പുരോഹിതന്മാരും ശുദ്ധീകരിക്കപ്പെട്ടവരാകുകയാൽ അവർക്കു ദൈവാലയത്തിൽ പ്രവേശിക്കാം. ജനമെല്ലാം പുറത്തുനിന്നുകൊണ്ട് യഹോവയുടെ കൽപ്പന പാലിക്കണം. 7 ലേവ്യർ എല്ലാവരും താന്താങ്ങളുടെ ആയുധവും കൈയിലേന്തി രാജാവിനു ചുറ്റുമായി നിലയുറപ്പിക്കണം. മറ്റാരെങ്കിലും ദൈവാലയത്തിൽ കടന്നാൽ അവനെ കൊന്നുകളയണം. രാജാവ് അകത്തു വരുമ്പോഴും പുറത്തുപോകുമ്പോഴും നിങ്ങൾ അദ്ദേഹത്തിന്റെ അടുത്തുതന്നെ നിൽക്കണം.”
8 പുരോഹിതനായ യെഹോയാദാ ആജ്ഞാപിച്ചതുപോലെതന്നെ ലേവ്യരും യെഹൂദ്യരെല്ലാവരും ചെയ്തു. ശബ്ബത്തിൽ അവരുടെ ഊഴത്തിനു ഹാജരാകാൻ വരുന്നവരും ഊഴം കഴിഞ്ഞു പോകുന്നവരും, ഓരോരുത്തരും അവരവരുടെ അനുയായികളെ കൂടെച്ചേർത്തു; കാരണം യെഹോയാദാ ആ ഗണങ്ങളെ വിട്ടയച്ചിരുന്നില്ല. 9 ദാവീദുരാജാവിന്റെ വകയായിരുന്ന കുന്തങ്ങളും വലിയതും ചെറുതുമായ പരിചകളും ദൈവത്തിന്റെ ആലയത്തിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. യെഹോയാദാപുരോഹിതൻ അവയെടുത്ത് ശതാധിപന്മാരുടെ കൈവശം കൊടുത്തു. 10 അദ്ദേഹം ജനങ്ങളെയെല്ലാം ആയുധധാരികളാക്കി ദൈവാലയത്തിന്റെ തെക്കുവശംമുതൽ വടക്കുവശംവരെ, ആലയത്തിനും യാഗപീഠത്തിനും അടുത്ത് രാജാവിനു ചുറ്റും അണിനിരത്തി.
11 യെഹോയാദായും പുത്രന്മാരും രാജകുമാരനെ പുറത്തുകൊണ്ടുവന്ന് അദ്ദേഹത്തിന്റെ തലയിൽ കിരീടം അണിയിച്ചു. അവർ ഉടമ്പടിയുടെ ഒരു പ്രതി കുമാരന്റെ കൈയിൽ കൊടുത്തിട്ട് അദ്ദേഹത്തെ രാജാവായി പ്രഖ്യാപിച്ചു. അവർ രാജകുമാരനെ അഭിഷേകം ചെയ്തിട്ട്, “രാജാവ് നീണാൾ വാഴട്ടെ” എന്ന് ആർത്തുവിളിച്ചു.
12 ജനം ഓടുന്നതിന്റെയും രാജാവിനെ കീർത്തിക്കുന്നതിന്റെയും ഘോഷം കേട്ടിട്ട് അഥല്യാ യഹോവയുടെ ആലയത്തിൽ അവരുടെ അടുത്തേക്കുവന്നു. 13 അവൾ നോക്കിയപ്പോൾ, അതാ! കവാടത്തിൽ അധികാരസ്തംഭത്തിനരികെ രാജാവു നിൽക്കുന്നു! പ്രഭുക്കന്മാരും കാഹളക്കാരും രാജാവിനരികെ ഉണ്ടായിരുന്നു. ദേശത്തെ ജനമെല്ലാം ആഹ്ലാദിച്ച് കാഹളമൂതിക്കൊണ്ടിരുന്നു. ഗായകർ തങ്ങളുടെ സംഗീതവാദ്യങ്ങളുമായി സ്തുതിഗീതങ്ങൾക്കു നേതൃത്വം കൊടുക്കുന്നു! അപ്പോൾ അഥല്യാ വസ്ത്രംകീറി “ദ്രോഹം! ദ്രോഹം!” എന്ന് അട്ടഹസിച്ചു.
14 സൈന്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ശതാധിപന്മാരെ യെഹോയാദാപുരോഹിതൻ പുറത്തേക്കു വിളിച്ചിട്ടു പറഞ്ഞു: “പടയണികൾക്കിടയിലൂടെ അവളെ പുറത്തുകൊണ്ടുപോകുക. അവളെ അനുഗമിക്കുന്നർ ആരായാലും അവരെ വാളിനിരയാക്കുക. യഹോവയുടെ ആലയത്തിൽവെച്ച് അവളെ വധിക്കരുത്.” 15 അങ്ങനെ അവർ അവളെ പിടിച്ചു. കൊട്ടാരവളപ്പിൽ കുതിരക്കവാടത്തിന്റെ പ്രവേശനത്തിൽ എത്തിയപ്പോൾ, അവർ അവളെ കൊന്നുകളഞ്ഞു.
1 തന്റെ മകൻ മരിച്ചു എന്ന് അഹസ്യാവിന്റെ അമ്മയായ അഥല്യാ കണ്ടപ്പോൾ അവർ രാജകുടുംബത്തെ മുഴുവൻ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങി. 2 എന്നാൽ യെഹോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബാ കൊലചെയ്യപ്പെടാൻപോകുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ രഹസ്യമായി എടുത്തുകൊണ്ടുപോയി. അവൾ അവനെയും അവന്റെ ധാത്രിയെയും ഒരു കിടപ്പുമുറിയിൽ ഒളിപ്പിച്ചു. അതിനാൽ അഥല്യയ്ക്ക് അവനെ കണ്ടെത്താൻ കഴിഞ്ഞില്ല; ആ ശിശു കൊല്ലപ്പെട്ടുമില്ല. 3 ആ കുഞ്ഞ് അതിന്റെ ധാത്രിയോടൊപ്പം യഹോവയുടെ ആലയത്തിൽ ആറുവർഷം ഒളിവിൽ താമസിച്ചു. ആ കാലയളവിൽ അഥല്യായായിരുന്നു രാജ്യം ഭരിച്ചിരുന്നത്.
4 ഏഴാംവർഷത്തിൽ യെഹോയാദാപുരോഹിതൻ ആളയച്ച് ശതാധിപന്മാരെയും രാജാവിന്റെ വിദേശികളായ അംഗരക്ഷകരെയും കൊട്ടാരം കാവൽക്കാരെയും തന്റെ അടുത്ത് യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തി. അദ്ദേഹം അവരുമായി ഒരു ഉടമ്പടിയുണ്ടാക്കി. യഹോവയുടെ ആലയത്തിൽവെച്ച് അവരെക്കൊണ്ടു ശപഥംചെയ്യിച്ചു. പിന്നെ അദ്ദേഹം രാജാവിന്റെ മകനെ അവർക്കു കാണിച്ചുകൊടുത്തു. 5 അദ്ദേഹം അവർക്ക് ഇപ്രകാരം കൽപ്പനകൊടുത്തു: “നിങ്ങൾ ചെയ്യേണ്ടതിതാണ്: ശബ്ബത്തിൽ ഊഴംമാറിവരുന്ന നിങ്ങളിൽ മൂന്നിലൊരുഭാഗം രാജകൊട്ടാരത്തിലും 6 മൂന്നിലൊരുഭാഗം സൂർകവാടത്തിലും മൂന്നിലൊരുഭാഗം കൊട്ടാരം കാവൽക്കാരുടെ പിൻപുറത്തുള്ള കവാടത്തിലുമായി കാവൽനിൽക്കണം. ഈ മൂന്നുകൂട്ടരും ആലയത്തിനു കാവൽനിൽക്കേണ്ടവരാണ്. 7 ശബ്ബത്തുനാളിൽ ഒഴിവുള്ള മറ്റേ രണ്ടുകൂട്ടർ യഹോവയുടെ ആലയത്തിൽ രാജാവിനു കാവൽനിൽക്കണം. 8 അങ്ങനെ നിങ്ങൾ രാജാവിനു ചുറ്റുമായി നിലയുറപ്പിക്കണം. ഓരോരുത്തനും അവനവന്റെ ആയുധവും ഏന്തിയിരിക്കണം. നിങ്ങളുടെ അണിയെ സമീപിക്കുന്ന ഏതൊരുവനെയും കൊന്നുകളയണം. രാജാവ് അകത്തു വരുമ്പോഴും പുറത്തുപോകുമ്പോഴും നിങ്ങൾ അദ്ദേഹത്തിന്റെ അടുത്തുതന്നെ നിൽക്കണം.”
9 പുരോഹിതനായ യെഹോയാദാ ആജ്ഞാപിച്ചതുപോലെതന്നെ ശതാധിപന്മാർ ചെയ്തു. ശബ്ബത്തിൽ അവരുടെ ഊഴത്തിനു ഹാജരാകാൻ വരുന്നവരും ഊഴം കഴിഞ്ഞു പോകുന്നവരും, ഓരോരുത്തരും അവരവരുടെ അനുയായികളുമായി യെഹോയാദാപുരോഹിതന്റെ അടുത്തെത്തി. 10 ദാവീദുരാജാവിന്റെ വകയായിരുന്ന കുന്തങ്ങളും പരിചകളും യഹോവയുടെ ആലയത്തിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. യെഹോയാദാപുരോഹിതൻ അവയെടുത്ത് സൈന്യാധിപന്മാരുടെ കൈവശം കൊടുത്തു. 11 കൊട്ടാരം കാവൽക്കാർ, ഓരോരുത്തനും കൈയിൽ അവനവന്റെ ആയുധവുമായി, ദൈവാലയത്തിന്റെ തെക്കുവശംമുതൽ വടക്കുവശംവരെ, ആലയത്തിനും യാഗപീഠത്തിനും അടുത്ത് രാജാവിനു ചുറ്റും അണിനിരന്നു.
12 യെഹോയാദാ രാജകുമാരനെ പുറത്തുകൊണ്ടുവന്ന് അദ്ദേഹത്തിന്റെ തലയിൽ കിരീടം അണിയിച്ചു. ഉടമ്പടിയുടെ ഒരു പ്രതി കുമാരന്റെ കൈയിൽ കൊടുത്തിട്ട് യെഹോയാദാ അദ്ദേഹത്തെ രാജാവായി പ്രഖ്യാപിച്ചു. അവർ രാജകുമാരനെ അഭിഷേകം ചെയ്തിട്ട് കൈയടിച്ച്, “രാജാവ് നീണാൾ വാഴട്ടെ” എന്ന് ആർത്തുവിളിച്ചു.
13 കൊട്ടാരം കാവൽക്കാരും ജനങ്ങളും ഉയർത്തിയ ആരവം കേട്ടിട്ട് അഥല്യാ യഹോവയുടെ ആലയത്തിൽ ജനങ്ങളുടെ അടുത്തേക്കുവന്നു. 14 അവൾ നോക്കി. ആചാരമനുസരിച്ച് അധികാരസ്തംഭത്തിനരികെ രാജാവു നിൽക്കുന്നു! പ്രഭുക്കന്മാരും കാഹളക്കാരും രാജാവിനരികെ ഉണ്ടായിരുന്നു. ദേശത്തെ ജനമെല്ലാം ആഹ്ലാദിച്ച് കാഹളമൂതിക്കൊണ്ടിരുന്നു. അപ്പോൾ അഥല്യാ വസ്ത്രംകീറി “ദ്രോഹം! ദ്രോഹം!” എന്നു വിളിച്ചുപറഞ്ഞു.
15 സൈന്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ശതാധിപന്മാരോട് യെഹോയാദാപുരോഹിതൻ: “പടയണികൾക്കിടയിലൂടെ അവളെ പുറത്തുകൊണ്ടുപോകുക. അവളെ അനുഗമിക്കുന്നർ ആരായാലും അവരെ വാളിനിരയാക്കുക. യഹോവയുടെ ആലയത്തിൽവെച്ച് അവളെ വധിക്കരുത്” എന്ന് ആജ്ഞാപിച്ചു. 16 അതിനാൽ കുതിരകൾ കൊട്ടാരവളപ്പിലേക്കു കടക്കുന്ന വാതിൽക്കൽ അവൾ എത്തിയപ്പോൾ, അവർ അവളെ കൊന്നുകളഞ്ഞു.
ഇസ്രായേൽരാജ്യം
29 എങ്കിലും, ബേഥേലിലും ദാനിലും ഉണ്ടായിരുന്ന സ്വർണക്കാളക്കിടാങ്ങളെക്കൊണ്ട് ഇസ്രായേലിനെ പാപംചെയ്യാൻ പ്രേരിപ്പിച്ചവനും നെബാത്തിന്റെ മകനുമായ യൊരോബെയാമിന്റെ പാപങ്ങളെ യേഹു വിട്ടുമാറിയില്ല.