യോവാശ് വിശ്വാസത്തിൽനിന്ന് വ്യതിചലിക്കുകയും മരിക്കുകയും ചെയ്യുന്നു
ക്രി.മു. 840
Biblica® Open Malayalam Contemporary Version™ (OMCV)
17 ആ കാലത്ത് അരാംരാജാവായ ഹസായേൽ വന്ന് ഗത്ത് ആക്രമിക്കുകയും അതിനെ കൈവശപ്പെടുത്തുകയും ചെയ്തു. പിന്നെ അദ്ദേഹം ജെറുശലേം ആക്രമിക്കുന്നതിനായി തിരിഞ്ഞു. 18 എന്നാൽ യെഹൂദാരാജാവായ യോവാശ് തന്റെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരുമായ യെഹോശാഫാത്തും യെഹോരാമും അഹസ്യാവും അർപ്പിച്ചിരുന്നതും താൻ സ്വയം കാഴ്ചയായി അർപ്പിച്ചിരുന്നതുമായ വിശുദ്ധവസ്തുക്കളും യഹോവയുടെ ആലയത്തിലെയും രാജകൊട്ടാരത്തിലെയും ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്ന മുഴുവൻ സ്വർണവും എടുത്ത് അരാംരാജാവായ ഹസായേലിനു കൊടുത്തയച്ചു. അങ്ങനെ അദ്ദേഹം ജെറുശലേം ആക്രമിക്കുന്നതിൽനിന്ന് പിന്തിരിഞ്ഞു.
15 യെഹോയാദാ വൃദ്ധനും കാലസമ്പൂർണനുമായി നൂറ്റിമുപ്പതാമത്തെ വയസ്സിൽ മരിച്ചു. 16 ഇസ്രായേലിൽ, ദൈവത്തിനും അവന്റെ ജനങ്ങൾക്കുംവേണ്ടി അദ്ദേഹം ചെയ്ത നന്മകളെ പരിഗണിച്ച് അവർ അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരോടൊപ്പം സംസ്കരിച്ചു.
17 യെഹോയാദായുടെ മരണശേഷം യെഹൂദ്യയിൽനിന്നുള്ള ഉദ്യോഗസ്ഥന്മാർ വന്ന് രാജാവിനെ വണങ്ങി. അദ്ദേഹം അവർക്കു ചെവികൊടുക്കുകയും ചെയ്തു. 18 അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെ ഉപേക്ഷിച്ചുചെന്ന് അശേരാപ്രതിഷ്ഠകളെയും ബിംബങ്ങളെയും ആരാധിച്ചു. അവരുടെ ഈ കുറ്റംനിമിത്തം ദൈവകോപം യെഹൂദ്യയുടെയും ജെറുശലേമിന്റെയുംമേൽ പതിച്ചു. 19 അവരെ തിരികെ വരുത്താനായി യഹോവ അവരുടെ ഇടയിലേക്കു പ്രവാചകന്മാരെ അയയ്ക്കുകയും ആ പ്രവാചകന്മാർ അവർക്കെതിരേ സാക്ഷ്യം പറയുകയും ചെയ്തെങ്കിലും അവർ ചെവിക്കൊണ്ടില്ല.
20 യെഹോയാദാപുരോഹിതന്റെ മകനായ സെഖര്യാവിന്റെമേൽ ദൈവത്തിന്റെ ആത്മാവു വന്നു. അദ്ദേഹം ജനത്തിനുമുമ്പാകെ നിന്ന് ഈ വിധം പറഞ്ഞു: “ഇതാ ദൈവം അരുളിച്ചെയ്യുന്നു; ‘നിങ്ങൾ യഹോവയുടെ കൽപ്പനകൾ അനുസരിക്കാതിരിക്കുന്നതെന്ത്? അതിനാൽ നിങ്ങൾക്കു ശുഭം വരികയില്ല. നിങ്ങൾ യഹോവയെ ഉപേക്ഷിച്ചിരിക്കുന്നതിനാൽ അവിടന്ന് നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.’ ”
21 എന്നാൽ അവർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തി; രാജകൽപ്പനയനുസരിച്ച് അവർ അദ്ദേഹത്തെ യഹോവയുടെ ആലയാങ്കണത്തിൽവെച്ച് കല്ലെറിഞ്ഞുകൊന്നു. 22 സെഖര്യാവിന്റെ പിതാവായ യെഹോയാദാ തന്നോടു കാണിച്ച ദയ യോവാശ് രാജാവ് ഓർമിച്ചില്ല; അയാൾ അദ്ദേഹത്തിന്റെ മകനെ കൊന്നു. “യഹോവ ഇതു കാണട്ടെ! നിനക്കെതിരേ കണക്കു തീർക്കട്ടെ,” എന്നു പറഞ്ഞുകൊണ്ട് സെഖര്യാവു മരിച്ചുവീണു.
23 ആ വർഷം തീരാറായപ്പോൾ അരാമ്യസൈന്യം യോവാശിനെതിരേ വന്നുചേർന്നു. അവർ യെഹൂദ്യയെയും ജെറുശലേമിനെയും ആക്രമിച്ച് സകലജനനായകന്മാരെയും വധിച്ചു; കൊള്ളമുതൽ മുഴുവൻ അവർ ദമസ്കോസിലേക്ക്, അവരുടെ രാജാവിന് കൊടുത്തയച്ചു. 24 വളരെക്കുറച്ച് ആളുകളുമായാണ് അരാമ്യസൈന്യം വന്നതെങ്കിലും യഹോവ ഒരു വലിയ സൈന്യത്തെ അവരുടെ കൈയിൽ ഏൽപ്പിച്ചുകൊടുത്തു. യെഹൂദാ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് യോവാശിന്റെമേൽ ന്യായവിധി നടത്തപ്പെട്ടു. 25 അരാമ്യസൈന്യം പിൻവാങ്ങിയപ്പോൾ യോവാശിനെ വളരെ മാരകമായ നിലയിൽ മുറിവേൽപ്പിച്ചിട്ടാണ് അവർ വിട്ടുപോയത്. പുരോഹിതനായ യെഹോയാദായുടെ പുത്രനെ വധിച്ചതുമൂലം അദ്ദേഹത്തിന്റെ ഭൃത്യന്മാർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തുകയും, കിടക്കയിൽവെച്ച് അദ്ദേഹത്തെ കൊന്നുകളയുകയും ചെയ്തു. അങ്ങനെ യോവാശ് മരിച്ചു; ദാവീദിന്റെ നഗരത്തിൽ അടക്കപ്പെടുകയും ചെയ്തു. എന്നാൽ രാജാക്കന്മാരുടെ കല്ലറകളിൽ അല്ലായിരുന്നു അദ്ദേഹത്തെ അടക്കിയത്.
26 ഒരു അമ്മോന്യസ്ത്രീയായ ശിമെയാത്തിന്റെ മകൻ സാബാദും, മോവാബ്യസ്ത്രീയായ ശിമ്രീത്തിന്റെ മകൻ യെഹോസാബാദും ആയിരുന്നു യോവാശിനെതിരേ ഗൂഢാലോചന നടത്തിയത്.
20 അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തി. അവർ സില്ലായിലേക്കുപോകുന്ന വഴിയിലുള്ള ബേത്-മില്ലോയിൽ പതിയിരുന്നു. അവിടെവെച്ച് അവർ യോവാശിനെ ചതിച്ചുകൊന്നു. 21 അദ്ദേഹത്തെ വധിച്ച ഉദ്യോഗസ്ഥന്മാർ ശിമെയാത്തിന്റെ മകനായ യോസാബാദും ശോമേരിന്റെ മകനായ യെഹോസാബാദും ആയിരുന്നു. അങ്ങനെ യോവാശ് മരിച്ചു; അദ്ദേഹത്തിന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്റെ അനന്തരാവകാശിയായി മകൻ അമസ്യാവ് രാജാവായി.
27 യോവാശിന്റെ പുത്രന്മാരുടെയും അദ്ദേഹത്തെക്കുറിച്ചുള്ള നിരവധി പ്രവചനങ്ങളുടെയും അദ്ദേഹം ദൈവാലയം പുനരുദ്ധരിച്ചതിന്റെയും വിവരങ്ങൾ രാജാക്കന്മാരുടെ ചരിത്രവ്യാഖ്യാന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ മകനായ അമസ്യാവ് അദ്ദേഹത്തിനുപകരം രാജാവായി.
19 യോവാശിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ, എന്നിവയെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
1 യോവാശിന് ഏഴുവയസ്സായപ്പോൾ അദ്ദേഹം രാജാവായി. അദ്ദേഹം നാൽപ്പതുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേരു സിബ്യാ എന്നായിരുന്നു; അവൾ ബേർ-ശേബാക്കാരി ആയിരുന്നു. 2 യെഹോയാദാപുരോഹിതന്റെ ആയുഷ്കാലത്തെല്ലാം യോവാശ് യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു.
17 തങ്ങൾ യഹോവയുടെ ജനമായിരിക്കുമെന്ന് യഹോവയുമായി ഒരു ഉടമ്പടി രാജാവിനെയും ജനങ്ങളെയുംകൊണ്ട് യെഹോയാദാ ചെയ്യിച്ചു. രാജാവും ജനങ്ങളുംതമ്മിലും ഇതുപോലെ ഒരു ഉടമ്പടി അദ്ദേഹം ചെയ്യിച്ചു. 18 ദേശത്തെ ജനങ്ങളെല്ലാവരുംകൂടി ബാലിന്റെ ക്ഷേത്രത്തിലേക്കുചെന്ന് അതിനെ ഇടിച്ചുതകർത്തു; ബലിപീഠങ്ങളും ബിംബങ്ങളും അവർ ഉടച്ചു കഷണങ്ങളാക്കി. ബലിപീഠങ്ങൾക്കു മുമ്പിൽവെച്ച് അവർ ബാലിന്റെ പുരോഹിതനായ മത്ഥാനെ കൊന്നുകളഞ്ഞു.
അതിനുശേഷം യെഹോയാദാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കാവൽക്കാരെ നിയോഗിച്ചു. 19 അദ്ദേഹം ശതാധിപന്മാരെയും രാജാവിന്റെ വിദേശികളായ അംഗരക്ഷകരെയും കൊട്ടാരം കാവൽക്കാരെയും ദേശത്തെ സകലജനത്തെയും തന്റെ അടുക്കൽ വിളിച്ചുകൂട്ടി. അവർ കൂട്ടമായിച്ചെന്ന് രാജാവിനെ യഹോവയുടെ ആലയത്തിൽനിന്നിറക്കി കാവൽക്കാരുടെ കവാടംവഴിയായി കൊട്ടാരത്തിലേക്കു കൊണ്ടുപോയി. അതിനുശേഷം രാജാവ് സിംഹാസനത്തിൽ ഉപവിഷ്ടനായി. 20 ദേശവാസികളെല്ലാം ആഹ്ലാദിച്ചു; അഥല്യാ രാജകൊട്ടാരത്തിൽവെച്ചു വാളാൽ കൊല്ലപ്പെട്ടതുകൊണ്ടു നഗരം ശാന്തമായിരുന്നു.