ഭാഗം 7: നോഹയുമായുള്ള ഉടമ്പടി

ക്രി.മു. 2347

Biblica® Open Malayalam Contemporary Version™ (OMCV)

ഉൽപ്പത്തി 8:13–9:17

13 നോഹയുടെ അറുനൂറ്റിയൊന്നാംവർഷം ഒന്നാംമാസം ഒന്നാംദിവസം ആയപ്പോൾ വെള്ളം ഭൂമിയുടെ പ്രതലത്തിൽനിന്ന് വറ്റിപ്പോയിരുന്നു. അതിനുശേഷം നോഹ പെട്ടകത്തിന്റെ മൂടി നീക്കി. നിലം ഉണങ്ങിയിരിക്കുന്നതായി കണ്ടു. 14 രണ്ടാംമാസം ഇരുപത്തിയേഴാംതീയതി ഭൂമി പൂർണമായും ഉണങ്ങിയിരുന്നു.

15 ഇതിനുശേഷം ദൈവം നോഹയോട് അരുളിച്ചെയ്തു: 16 “നീയും നിന്റെ ഭാര്യയും നിന്റെ പുത്രന്മാരും അവരുടെ ഭാര്യമാരും പെട്ടകത്തിൽനിന്ന് പുറത്തുവരിക. 17 നിന്നോടൊപ്പമുള്ള എല്ലാവിധ ജീവികളെയും—പക്ഷികളെയും മൃഗങ്ങളെയും നിലത്തിഴയുന്ന എല്ലാ ഇഴജന്തുക്കളെയും—പുറത്തുകൊണ്ടുവരിക; അവ ഭൂമിയിൽ പെറ്റുപെരുകി, എണ്ണത്തിൽ വർധിക്കട്ടെ.”

18 അങ്ങനെ നോഹ തന്റെ പുത്രന്മാരോടും ഭാര്യയോടും പുത്രന്മാരുടെ ഭാര്യമാരോടുംകൂടെ പുറത്തുവന്നു. 19 എല്ലാ മൃഗങ്ങളും എല്ലാ ഇഴജന്തുക്കളും എല്ലാ പക്ഷികളും—ഭൂചരജീവികളൊക്കെയും—ജോടിജോടിയായി പെട്ടകത്തിൽനിന്നു പുറത്തേക്കുവന്നു.

20 പിന്നീട് നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; അദ്ദേഹം അതിന്മേൽ ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാ പക്ഷികളിലും ചിലതിനെ ഹോമയാഗങ്ങളായി അർപ്പിച്ചു. 21 അതിന്റെ ഹൃദ്യമായ സൗരഭ്യം ആസ്വദിച്ചുകൊണ്ട് യഹോവ ഹൃദയത്തിൽ അരുളിച്ചെയ്തു: “മനുഷ്യന്റെ ഹൃദയനിരൂപണങ്ങളെല്ലാം ബാല്യംമുതൽ ദോഷപൂർണമെങ്കിലും ഞാൻ ഇനിയൊരിക്കലും മനുഷ്യവംശം നിമിത്തം ഭൂമിയെ ശപിക്കുകയില്ല. ഇപ്പോൾ ചെയ്തതുപോലെ ഞാൻ ഇനിയൊരിക്കലും സകലജീവികളെയും നശിപ്പിക്കുകയില്ല.

22 “ഭൂമിയുള്ള കാലംവരെ

വിതയും കൊയ്ത്തും

ശീതവും ഉഷ്ണവും

വേനലും വർഷവും

പകലും രാത്രിയും

ഒരിക്കലും നിലയ്ക്കുകയില്ല.”

9:1 ദൈവം നോഹയെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും അനുഗ്രഹിച്ച്, അവരോട് അരുളിച്ചെയ്തു: “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി എണ്ണത്തിൽ വർധിച്ച് ഭൂമിയിൽ നിറയുക. 2 ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ സകലപക്ഷികൾക്കും സകലഭൂചരജന്തുക്കൾക്കും സമുദ്രത്തിലെ സകലമത്സ്യങ്ങൾക്കും നിങ്ങളെക്കുറിച്ചുള്ള പേടിയും നടുക്കവും ഉണ്ടാകും. ഞാൻ അവയെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. 3 ജീവനോടെ ചരിക്കുന്ന സകലതും നിങ്ങൾക്ക് ആഹാരമായിരിക്കും. ഞാൻ നിങ്ങൾക്കു പച്ചസസ്യങ്ങൾ നൽകിയതുപോലെ ഇപ്പോൾ സകലതും നിങ്ങൾക്കു തരുന്നു.

4 “എന്നാൽ, ജീവരക്തത്തോടുകൂടി ഒന്നിന്റെയും മാംസം നിങ്ങൾ ഭക്ഷിക്കരുത്. 5 നിങ്ങളുടെ ജീവരക്തത്തിനു ഞാൻ കണക്കുചോദിക്കും; ഓരോ മൃഗത്തോടും ഞാൻ കണക്ക് ആവശ്യപ്പെടും; ഓരോ മനുഷ്യനോടും അവന്റെ സുഹൃത്തിന്റെ ജീവരക്തത്തിനു കണക്കുചോദിക്കും.

6 “മനുഷ്യന്റെ രക്തം ആരെങ്കിലും ചൊരിഞ്ഞാൽ

അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും.

ദൈവം തന്റെ സ്വരൂപത്തിലാണല്ലോ

മനുഷ്യനെ നിർമിച്ചത്.

7 നിങ്ങളോ, സന്താനസമൃദ്ധിയുള്ളവരായി എണ്ണത്തിൽ പെരുകുക; ഭൂമിയിൽ നിറഞ്ഞു വർധിച്ചുവരിക.”

8 ഇതിനുശേഷം ദൈവം നോഹയോടും പുത്രന്മാരോടും അരുളിച്ചെയ്തത്: 9 “ഇപ്പോൾ നിങ്ങളോടും നിങ്ങൾക്കുശേഷം നിങ്ങളുടെ സന്തതിപരമ്പരയോടും 10 നിങ്ങളോടുകൂടെ ഉണ്ടായിരുന്ന സകലജീവജന്തുക്കളോടും—പക്ഷികൾ, കന്നുകാലികൾ, വന്യമൃഗങ്ങൾ, എന്നിങ്ങനെ നിങ്ങളോടുകൂടെ പെട്ടകത്തിൽനിന്നു പുറത്തു വന്ന ഭൂമിയിലെ സകലജീവികളോടും—ഞാൻ ഉടമ്പടിചെയ്യുന്നു. 11 ഇനി ഒരിക്കലും പ്രളയജലത്താൽ എല്ലാ ജീവജാലങ്ങളും നശിക്കുകയില്ല, ഭൂമിയെ നശിപ്പിക്കാൻ ഇനിയൊരിക്കലും പ്രളയം ഉണ്ടാകുകയില്ല എന്നു ഞാൻ നിങ്ങളോട് ഉടമ്പടിചെയ്യുന്നു.”

12 ദൈവം പിന്നെയും അരുളിച്ചെയ്തു: “എനിക്കും നിങ്ങൾക്കും നിങ്ങളോടുകൂടെ സകലജീവികൾക്കും മധ്യേ, വരുംതലമുറകൾക്കെല്ലാറ്റിനുംവേണ്ടി ഞാൻ ചെയ്യുന്ന ഉടമ്പടിയുടെ ചിഹ്നമാണിത്, 13 ഞാൻ മേഘങ്ങളിൽ എന്റെ വില്ല് സ്ഥാപിക്കുന്നു, അത് എനിക്കും ഭൂമിക്കുംതമ്മിലുള്ള ഉടമ്പടിയുടെ ചിഹ്നമായിരിക്കും. 14 ഞാൻ ഭൂമിക്കുമീതേ മേഘങ്ങളെ വരുത്തുകയും മേഘങ്ങളിൽ മഴവില്ലു പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോൾ 15 നിങ്ങളോടും സകലവിധ ജീവികളോടുമുള്ള എന്റെ ഉടമ്പടി ഞാൻ ഓർക്കും. സമസ്തജീവജാലങ്ങളെയും നശിപ്പിക്കുന്ന പ്രളയം ഇനിയൊരിക്കലും ഉണ്ടാകുകയില്ല. 16 മേഘങ്ങളിൽ വില്ല് പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഞാൻ അതു കാണുകയും ദൈവവും ഭൂമിയിലെ സകലജീവികളുമായുള്ള ശാശ്വതമായ ഉടമ്പടി ഓർക്കുകയും ചെയ്യും.

17 “എനിക്കും ഭൂമിയിലെ സകലജീവജാലങ്ങൾക്കും മധ്യേ ഞാൻ ചെയ്യുന്ന ഉടമ്പടിയുടെ ചിഹ്നം ഇതായിരിക്കും,” എന്നും ദൈവം നോഹയോട് അരുളിച്ചെയ്തു.