ഭാഗം 6: പ്രളയം

ക്രി.മു. 2348

Biblica® Open Malayalam Contemporary Version™ (OMCV)

ഉൽപ്പത്തി 7:5–8:12

5 യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെയെല്ലാം നോഹ ചെയ്തു.

6 ഭൂമിയിൽ പ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് 600 വയസ്സായിരുന്നു. 7 നോഹയും തന്റെ ഭാര്യയും നോഹയുടെ പുത്രന്മാരും അവരുടെ ഭാര്യമാരും പ്രളയത്തിൽനിന്നു രക്ഷപ്പെടുന്നതിനായി പെട്ടകത്തിൽ പ്രവേശിച്ചു. 8 ശുദ്ധിയുള്ളവയും അല്ലാത്തവയുമായ മൃഗങ്ങളിൽനിന്ന്, പക്ഷികളും എല്ലാ ഇഴജന്തുക്കളും, 9 ആണും പെണ്ണുമായി ദൈവം കൽപ്പിച്ചതുപോലെ നോഹയുടെ അടുക്കൽവന്ന് പെട്ടകത്തിനുള്ളിൽ കടന്നു. 10 ഏഴുദിവസം കഴിഞ്ഞപ്പോൾ ഭൂമിയിൽ പ്രളയം ആരംഭിച്ചു.

11 നോഹയുടെ ആയുസ്സിന്റെ അറുനൂറാംവർഷം, രണ്ടാംമാസം, പതിനേഴാംതീയതിതന്നെ ആഴിയുടെ ഉറവുകൾ തുറക്കപ്പെട്ടു, ആകാശത്തിന്റെ കിളിവാതിലുകളും തുറക്കപ്പെട്ടു. 12 നാൽപ്പതുപകലും നാൽപ്പതുരാവും ഭൂമിയിൽ മഴ പെയ്തുകൊണ്ടേയിരുന്നു.

13 ഭൂമിയിൽ മഴ പെയ്യാൻ തുടങ്ങിയ ആ ദിവസംതന്നെ നോഹ തന്റെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരോടും ഭാര്യയോടും പുത്രന്മാരുടെ ഭാര്യമാരോടുംകൂടെ പെട്ടകത്തിൽ പ്രവേശിച്ചു. 14 അവരോടൊപ്പം എല്ലാത്തരം വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പക്ഷികളും ചിറകുള്ള സകലതും ഉണ്ടായിരുന്നു. 15 ജീവശ്വാസമുള്ള സമസ്തജന്തുക്കളുടെയും ഇണകൾ നോഹയുടെ അടുക്കൽവന്നു പെട്ടകത്തിൽ കയറി. 16 ദൈവം നോഹയോടു കൽപ്പിച്ചതനുസരിച്ച്, ആണും പെണ്ണുമായിട്ടാണ് സകലജീവികളും പെട്ടകത്തിൽവന്നു കയറിയത്. അതിനുശേഷം യഹോവ അവരെ ഉള്ളിലാക്കി വാതിൽ അടച്ചു.

17 നാൽപ്പതു ദിവസത്തേക്കു ഭൂമിയിൽ പ്രളയം തുടർന്നു; വെള്ളം പെരുകിയപ്പോൾ പെട്ടകം ഭൂമിയിൽനിന്ന് ഉയർന്നു. 18 വെള്ളം ഭൂമിയിൽ അത്യധികം പെരുകി, പെട്ടകം വെള്ളത്തിനുമീതേ ഒഴുകിനീങ്ങി. 19 ആകാശത്തിനു കീഴിലുള്ള ഉയർന്ന പർവതങ്ങളെയൊക്കെയും മൂടുംവിധം ഭൂമിയിൽ വെള്ളം പൊങ്ങി. 20 പർവതങ്ങൾക്കുമേൽ പതിനഞ്ചുമുഴത്തിലധികം ജലനിരപ്പുയർന്നു. 21 പക്ഷികൾ, കന്നുകാലികൾ, വന്യജീവികൾ, ഇഴജന്തുക്കൾ, മനുഷ്യവർഗം മുഴുവനും, ഇങ്ങനെ സകലഭൂചരജീവികളും നശിച്ചു. 22 മൂക്കിൽ ജീവശ്വാസമുള്ളവയായി, കരയിൽ അവശേഷിച്ചിരുന്നവയെല്ലാം ചത്തൊടുങ്ങി. 23 ഭൂമുഖത്തു ജീവനോടെ ഉണ്ടായിരുന്നവയെല്ലാം നിർമാർജനം ചെയ്യപ്പെട്ടു; മനുഷ്യരെയും മൃഗങ്ങളെയും നിലത്തിഴയുന്ന ജീവികളെയും ആകാശത്തിലെ പക്ഷികളെയും—ഇങ്ങനെ സകലതിനെയും പ്രളയം തുടച്ചുനീക്കി. നോഹയും അദ്ദേഹത്തോടുകൂടെ പെട്ടകത്തിലുണ്ടായിരുന്നവരുംമാത്രം അവശേഷിച്ചു.

24 പ്രളയം ഭൂമിയിൽ നൂറ്റി അൻപതു ദിവസത്തേക്കു തുടർന്നു.

8:1 ദൈവം നോഹയെയും അദ്ദേഹത്തോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്ന സകലവന്യജീവികളെയും കന്നുകാലികളെയും ഓർത്തു; അവിടന്നു ഭൂമിയുടെമേൽ ഒരു കാറ്റ് അടിപ്പിച്ചു; വെള്ളം പിൻവാങ്ങാൻ തുടങ്ങി. 2 ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തിൽനിന്നുള്ള ജലപാതവും നിലച്ചു. 3 വെള്ളം ഭൂമിയിൽനിന്ന് ക്രമേണ ഇറങ്ങിത്തുടങ്ങി. നൂറ്റി അൻപതു ദിവസം കഴിഞ്ഞപ്പോൾ വെള്ളം വലിഞ്ഞ്, 4 ഏഴാംമാസം പതിനേഴാംതീയതി, പെട്ടകം അരാരാത്ത് പർവതത്തിൽ ഉറച്ചു. 5 പത്താംമാസംവരെ വെള്ളം കുറഞ്ഞുകൊണ്ടേയിരുന്നു; പത്താംമാസം ഒന്നാംതീയതി പർവതശിഖരങ്ങൾ ദൃശ്യമായി.

6 നാൽപ്പതുദിവസംകൂടി കഴിഞ്ഞപ്പോൾ, നോഹ, പെട്ടകത്തിൽ താൻ ഉണ്ടാക്കിയിരുന്ന ജനാല തുറന്ന് 7 ഒരു കാക്കയെ പുറത്തേക്കയച്ചു; ഭൂമിയിൽ വെള്ളം വറ്റുന്നതുവരെയും അതു വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു. 8 ഭൂമിയുടെ പ്രതലത്തിൽനിന്ന് വെള്ളം വലിഞ്ഞിട്ടുണ്ടോ എന്നറിയാൻ ഒരു പ്രാവിനെയും അദ്ദേഹം പുറത്തേക്കയച്ചു. 9 എന്നാൽ ഭൂമിയിൽ എങ്ങും വെള്ളമായിരുന്നതുകൊണ്ട് കാലുകുത്താൻ ഇടം കാണാതെ അതു പെട്ടകത്തിൽ നോഹയുടെ അടുക്കൽ മടങ്ങിയെത്തി. അദ്ദേഹം കൈനീട്ടി അതിനെ പിടിച്ച് പെട്ടകത്തിനുള്ളിൽ തന്റെ അടുക്കൽ ആക്കി. 10 ഏഴുദിവസംകൂടി കാത്തിരുന്നതിനുശേഷം നോഹ പ്രാവിനെ വീണ്ടും പെട്ടകത്തിൽനിന്ന് പുറത്തേക്ക് അയച്ചു. 11 പ്രാവു വൈകുന്നേരം തിരിച്ചെത്തിയപ്പോൾ, അതിന്റെ ചുണ്ടിൽ അതാ ഒരു പച്ച ഒലിവില! വെള്ളം ഭൂമിയിൽനിന്ന് വലിഞ്ഞിരിക്കുന്നു എന്ന് അപ്പോൾ നോഹയ്ക്ക് മനസ്സിലായി. 12 അദ്ദേഹം ഏഴുദിവസംകൂടി കാത്തിരുന്നു; പ്രാവിനെ വീണ്ടും പുറത്തേക്ക് അയച്ചു. എന്നാൽ ഇത്തവണ അത് അദ്ദേഹത്തിന്റെ അടുക്കൽ മടങ്ങിവന്നില്ല.