ഭാഗം 8: നോഹ തന്റെ പുത്രന്മാരുടെ ഭാവി പ്രവചിക്കുന്നു
ക്രി.മു. 2347
Biblica® Open Malayalam Contemporary Version™ (OMCV)
18 പെട്ടകത്തിൽനിന്നു പുറത്തു വന്നവരായ നോഹയുടെ പുത്രന്മാർ ശേം, ഹാം, യാഫെത്ത് എന്നിവരായിരുന്നു; ഹാം കനാന്റെ പിതാവായിരുന്നു. 19 നോഹയ്ക്ക് ഈ മൂന്ന് പുത്രന്മാരാണ് ഉണ്ടായിരുന്നത്; ഇവരിൽനിന്നാണ് ഭൂമി ജനങ്ങളെക്കൊണ്ടു നിറഞ്ഞത്.
20 കർഷകനായ നോഹ ഒരു മുന്തിരിത്തോപ്പു നട്ടുപിടിപ്പിക്കാൻ തുടങ്ങി. 21 നോഹ അതിൽനിന്നുള്ള വീഞ്ഞുകുടിച്ച് ലഹരിക്കടിമപ്പെട്ടു തന്റെ കൂടാരത്തിനുള്ളിൽ, വിവസ്ത്രനായിക്കിടന്നു. 22 കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടിട്ട് പുറത്തുചെന്ന് രണ്ടു സഹോദരന്മാരെയും അറിയിച്ചു. 23 ശേമും യാഫെത്തും ഒരു വസ്ത്രം എടുത്ത് തങ്ങളുടെ തോളിൽ ഇട്ടുകൊണ്ട് പിറകോട്ടു നടന്നുചെന്ന് പിതാവിന്റെ നഗ്നത മറച്ചു. അവർ മുഖം തിരിച്ചു പിടിച്ചിരുന്നതിനാൽ പിതാവിന്റെ നഗ്നത കണ്ടില്ല.
24 നോഹ ലഹരി വിട്ട് ഉണർന്നപ്പോൾ തന്റെ ഇളയമകനായ ഹാം തന്നോടു ചെയ്തത് അറിഞ്ഞ്, 25 അദ്ദേഹം,
“കനാൻ ശപിക്കപ്പെട്ടവൻ,
അവൻ തന്റെ സഹോദരന്മാർക്ക്
അധമദാസനായിത്തീരും”
എന്നു പറഞ്ഞു.
26 “ശേമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
കനാൻ അവന്റെ അടിമയായിത്തീരട്ടെ,
27 ദൈവം യാഫെത്തിന്റെ ദേശം വിശാലമാക്കട്ടെ,
യാഫെത്ത് ശേമിന്റെ കൂടാരങ്ങളിൽ പാർക്കട്ടെ,
കനാൻ അവന്റെ അടിമയായിത്തീരട്ടെ,”
എന്നും പറഞ്ഞു.
28 പ്രളയത്തിനുശേഷം നോഹ 350 വർഷം ജീവിച്ചിരുന്നു. 29 നോഹയുടെ ആയുസ്സ് ആകെ 950 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.