കാലഘട്ടം 2: ചിതറിപ്പോകൽമുതൽ പുറപ്പാടുവരെ

ഭാഗം 1: ഭാഷകൾ കലങ്ങുകയും മനുഷ്യവർഗം ചിതറിപ്പോകുകയും ചെയ്യുന്നു

ബാബേൽ ഗോപുരം

ക്രി.മു. 2234

Biblica® Open Malayalam Contemporary Version™ (OMCV)

ഉൽപ്പത്തി 11:1–9

1 ലോകംമുഴുവനും ഒരേ ഭാഷയും ഒരേ സംസാരരീതിയും ആയിരുന്നു. 2 മനുഷ്യർ പൂർവദിക്കിലേക്കു നീങ്ങിയപ്പോൾ ശിനാർ ദേശത്ത് ഒരു സമതലഭൂമി കണ്ടെത്തുകയും അവിടെ സ്ഥിരവാസം ആരംഭിക്കുകയും ചെയ്തു.

3 “വരൂ, നമുക്ക് ഇഷ്ടികയുണ്ടാക്കി ശരിക്കും ചുട്ടെടുക്കാം,” അവർ പരസ്പരം പറഞ്ഞു. അവർ കല്ലിനുപകരം ഇഷ്ടികയും കുമ്മായത്തിനു പകരം പശമണ്ണും ഉപയോഗിച്ചു. 4 പിന്നെ അവർ, “വരിക, നാം ഭൂതലത്തിലെല്ലാം ചിതറിപ്പോകാതിരിക്കാൻ നമുക്ക് ഒരു പട്ടണവും നാം പ്രസിദ്ധരായിത്തീരേണ്ടതിന് ആകാശംവരെ എത്തുന്ന ഒരു ഗോപുരവും നിർമിക്കാം” എന്നു പറഞ്ഞു.

5 എന്നാൽ, മനുഷ്യർ പണിതുകൊണ്ടിരുന്ന പട്ടണവും ഗോപുരവും കാണാൻ യഹോവ ഇറങ്ങിവന്നു. 6 അപ്പോൾ യഹോവ: “ഒരേ ഭാഷ സംസാരിക്കുന്ന ഒരേ ജനതയായ ഇവർ ഇങ്ങനെ പ്രവർത്തിച്ചുതുടങ്ങിയെങ്കിൽ അവർ ആസൂത്രണം ചെയ്യുന്ന ഒരു കാര്യവും അവർക്ക് അസാധ്യമാകുകയില്ല. 7 വരിക, നമുക്ക് ഇറങ്ങിച്ചെന്ന്, അവർ ആശയവിനിമയം ചെയ്യുന്നത് പരസ്പരം മനസ്സിലാക്കാതിരിക്കേണ്ടതിന് അവരുടെ ഭാഷ കലക്കിക്കളയാം” എന്നു പറഞ്ഞു.

8 അങ്ങനെ യഹോവ അവരെ അവിടെനിന്ന് ഭൂമിയിൽ എല്ലായിടത്തുമായി ചിതറിച്ചു; അവർ പട്ടണനിർമാണം ഉപേക്ഷിച്ചു. 9 യഹോവ ഭൂമിയിലുള്ള സകലമനുഷ്യരുടെയും ഭാഷ അവിടെവെച്ചു കലക്കിക്കളഞ്ഞതുകൊണ്ട് ആ പട്ടണത്തിന് ബാബേൽ എന്നു പേരായി. അവിടെനിന്നു യഹോവ അവരെ ഭൂതലത്തിൽ എല്ലായിടത്തുമായി ചിതറിച്ചുകളഞ്ഞു.

ജനതകളുടെ പട്ടിക

ഉൽപ്പത്തി 10

1 നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ വംശാവലി സംബന്ധിച്ച വിവരം: പ്രളയത്തിനുശേഷം അവർക്കു പുത്രന്മാരുണ്ടായി.

2 യാഫെത്തിന്റെ പുത്രന്മാർ:

ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്ക്, തീരാസ്.

3 ഗോമെരിന്റെ പുത്രന്മാർ:

അശ്കേനസ്, രീഫത്ത്, തോഗർമാ.

4 യാവാന്റെ പുത്രന്മാർ:

എലീശാ, തർശീശ്, കിത്ത്യർ, ദോദാന്യർ. 5 ഇവരിൽനിന്ന് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങൾ ഉത്ഭവിച്ചു. അവർ അതതുദേശങ്ങളിൽ അവരവരുടെ ഭാഷ സംസാരിച്ച് വിവിധഗോത്രങ്ങളും ജനതകളുമായി താമസിച്ചുവന്നു.

6 ഹാമിന്റെ പുത്രന്മാർ:

കൂശ്, ഈജിപ്റ്റ്, പൂത്ത്, കനാൻ.

7 കൂശിന്റെ പുത്രന്മാർ:

സേബ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ.

രാമായുടെ പുത്രന്മാർ:

ശേബാ, ദേദാൻ.

8 കൂശ് നിമ്രോദിന്റെ പിതാവായിരുന്നു. നിമ്രോദ് ഭൂമിയിൽ ആദ്യത്തെ മല്ലനായ പോരാളിയായിത്തീർന്നു. 9 അദ്ദേഹം യഹോവയുടെമുമ്പാകെ ശക്തനായൊരു നായാട്ടുവീരനായിരുന്നു. അതുകൊണ്ടാണ്, “യഹോവയുടെ സന്നിധിയിൽ, നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു ചൊല്ലുണ്ടായത്. 10 അയാളുടെ രാജ്യത്തിന്റെ പ്രഥമകേന്ദ്രങ്ങൾ ശിനാർ ദേശത്തു ബാബേൽ, ഏരെക്, അക്കാദ്, കൽനെ എന്നിവയായിരുന്നു. 11 അയാൾ അവിടെനിന്ന് അശ്ശൂരിലേക്കു തന്റെ രാജ്യം വിസ്തൃതമാക്കി, അവിടെ നിനവേ, രെഹോബോത്ത് പട്ടണം, കാലഹ്, 12 നിനവേക്കും കാലഹിനും മധ്യേയുള്ള മഹാനഗരമായ രേസെൻ എന്നീ പട്ടണങ്ങളും പണിതു.

13 ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, 14 പത്രൂസീം, കസ്ളൂഹീം (ഇവരിൽനിന്നാണ് ഫെലിസ്ത്യർ ഉത്ഭവിച്ചത്), കഫ്തോരീം

എന്നീ വംശങ്ങളുടെ ഉത്ഭവം ഈജിപ്റ്റിൽനിന്നായിരുന്നു.

15 കനാന്റെ പുത്രന്മാർ:

ആദ്യജാതനായ സീദോൻ, ഹിത്യർ, 16 യെബൂസ്യർ, അമോര്യർ, ഗിർഗ്ഗശ്യർ, 17 ഹിവ്യർ, അർഖ്യർ, സീന്യർ, 18 അർവാദ്യർ, സെമാര്യർ, ഹമാത്യർ.

പിൽക്കാലത്ത് കനാന്യവംശങ്ങൾ ചിതറിപ്പോകുകയും 19 കനാന്റെ അതിരുകൾ സീദോൻമുതൽ ഗെരാർവഴിയായി ഗസ്സാവരെയും സൊദോം, ഗൊമോറാ, ആദ്മാ, സെബോയീം എന്നിവ വഴിയായി ലാശാവരെയുമായിരുന്നു.

20 ഇവരാണ് തങ്ങളുടെ പ്രദേശങ്ങളിലും രാജ്യങ്ങളിലും കുലങ്ങളും ഭാഷകളും അനുസരിച്ചു ചിതറിത്താമസിച്ചിരുന്ന ഹാമിൻപുത്രന്മാർ.

21 യാഫെത്തിന്റെ മൂത്തസഹോദരനായ ശേമിനും പുത്രന്മാർ ജനിച്ചു; ഏബെരിന്റെ പുത്രന്മാർക്കെല്ലാവർക്കും പൂർവപിതാവ് ശേം ആയിരുന്നു.

22 ശേമിന്റെ പുത്രന്മാർ:

ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.

23 അരാമിന്റെ പുത്രന്മാർ:

ഊസ്, ഹൂൾ, ഗേഥെർ, മേശെക്ക്.

24 അർപ്പക്ഷാദ് ശേലഹിന്റെ പിതാവും

ശേലഹ് ഏബെരിന്റെ പിതാവുമായിരുന്നു.

25 ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു:

ഒരുവന്റെ പേര് പേലെഗ് എന്നായിരുന്നു; കാരണം, അവന്റെ കാലത്തായിരുന്നു ഭൂവാസികൾ വിഭജിക്കപ്പെട്ടത്. അവന്റെ സഹോദരന്റെ പേര് യോക്താൻ എന്നായിരുന്നു.

26 യോക്താന്റെ പുത്രന്മാർ:

അല്മോദാദ്, ശാലെഫ്, ഹസർമാവെത്ത്, യാരഹ്, 27 ഹദോരാം, ഊസാൽ, ദിക്ലാ, 28 ഓബാൽ, അബീമായേൽ, ശേബാ, 29 ഓഫീർ, ഹവീലാ, യോബാബ് ഇവരെല്ലാവരും യോക്താന്റെ പുത്രന്മാർ ആയിരുന്നു.

30 അവർ അധിവസിച്ചിരുന്ന പ്രദേശം മേശാമുതൽ കിഴക്കൻ മലമ്പ്രദേശമായ സേഫാർവരെ വ്യാപിച്ചിരുന്നു.

31 കുലങ്ങളും ഭാഷകളും അനുസരിച്ച് തങ്ങളുടെ പ്രദേശങ്ങളിലും രാജ്യങ്ങളിലും താമസിച്ചിരുന്ന ശേമ്യപുത്രന്മാർ ഇവരായിരുന്നു.

32 ദേശവും കുലവും അനുസരിച്ച് നോഹയുടെ പുത്രന്മാരുടെ വംശാവലി ഇവയാണ്. ഇവരിൽനിന്നാണ് പ്രളയത്തിനുശേഷം ഭൂമിയിൽ ജനതകൾ വ്യാപിച്ചത്.

ശേമിന്റെ വംശാവലി ക്രി.മു. 2348

ഉൽപ്പത്തി 11:10–26

10 ശേമിന്റെ വംശപാരമ്പര്യം ഇപ്രകാരമാണ്:

പ്രളയം കഴിഞ്ഞു രണ്ടു വർഷമായപ്പോൾ, അതായതു ശേമിനു നൂറ് വയസ്സായപ്പോൾ, അദ്ദേഹത്തിന് അർപ്പക്ഷാദ് ജനിച്ചു. 11 അർപ്പക്ഷാദിന് ജന്മംനൽകിയതിനുശേഷം ശേം അഞ്ഞൂറ് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.

12 അർപ്പക്ഷാദിനു മുപ്പത്തിയഞ്ച് വയസ്സായപ്പോൾ അദ്ദേഹത്തിന് ശേലഹ് ജനിച്ചു. 13 ശേലഹിന് ജന്മംനൽകിയതിനുശേഷം അർപ്പക്ഷാദ് നാനൂറ്റിമൂന്ന് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.

14 ശേലഹിനു മുപ്പത് വയസ്സായപ്പോൾ അദ്ദേഹത്തിന് ഏബെർ ജനിച്ചു. 15 ഏബെരിന് ജന്മംനൽകിയതിനുശേഷം ശേലഹ് നാനൂറ്റിമൂന്ന് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.

16 ഏബെരിനു മുപ്പത്തിനാല് വയസ്സായപ്പോൾ അദ്ദേഹത്തിന് പേലെഗ് ജനിച്ചു. 17 പേലെഗിന് ജന്മംനൽകിയതിനുശേഷം ഏബെർ നാനൂറ്റിമുപ്പത് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.

18 പേലെഗിനു മുപ്പത് വയസ്സായപ്പോൾ അദ്ദേഹത്തിന് രെയൂ ജനിച്ചു. 19 രെയൂവിന് ജന്മംനൽകിയതിനുശേഷം പേലെഗ് ഇരുനൂറ്റി ഒൻപത് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.

20 രെയൂവിനു മുപ്പത്തിരണ്ട് വയസ്സായപ്പോൾ അദ്ദേഹത്തിന് ശെരൂഗ് ജനിച്ചു. 21 ശെരൂഗിന് ജന്മംനൽകിയതിനുശേഷം രെയൂ ഇരുനൂറ്റിയേഴ് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.

22 ശെരൂഗിനു മുപ്പത് വയസ്സായപ്പോൾ അദ്ദേഹത്തിന് നാഹോർ ജനിച്ചു. 23 നാഹോരിന് ജന്മംനൽകിയതിനുശേഷം ശെരൂഗ് ഇരുനൂറ് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.

24 നാഹോരിന് ഇരുപത്തിയൊൻപത് വയസ്സായപ്പോൾ അദ്ദേഹത്തിന് തേരഹ് ജനിച്ചു. 25 തേരഹിന് ജന്മംനൽകിയതിനുശേഷം നാഹോർ നൂറ്റി പത്തൊൻപത് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.

26 തേരഹിനു എഴുപത് വയസ്സായപ്പോൾ അദ്ദേഹത്തിന് അബ്രാമും നാഹോരും ഹാരാനും ജനിച്ചു.