അബ്രാഹാമുമായുള്ള ഉടമ്പടി പുതുക്കപ്പെടുന്നു

ഉടമ്പടി പുതുക്കപ്പെടുന്നു.

ക്രി.മു. 1897

Biblica® Open Malayalam Contemporary Version™ (OMCV)

ഉൽപ്പത്തി 17:1–8

1 അബ്രാമിനു തൊണ്ണൂറ്റിയൊൻപതു വയസ്സായപ്പോൾ യഹോവ പ്രത്യക്ഷനായി അദ്ദേഹത്തോട്: “ഞാൻ ആകുന്നു സർവശക്തനായ ദൈവം; നീ എന്റെമുമ്പാകെ നടക്കുക; നിഷ്കളങ്കനായിരിക്കുക. 2 എനിക്കും നിനക്കും തമ്മിലുള്ള ഉടമ്പടി ഞാൻ ഉറപ്പിക്കുകയും നിന്നെ അത്യധികമായി വർധിപ്പിക്കുകയും ചെയ്യും” എന്ന് അരുളിച്ചെയ്തു.

3 അബ്രാം സാഷ്ടാംഗം വീണു; ദൈവം അദ്ദേഹത്തോട് അരുളിച്ചെയ്തു, 4 “നിന്നോടുള്ള എന്റെ ഉടമ്പടി: നീ അനേകം ജനതകൾക്കു പിതാവായിത്തീരും. 5 ഇനിയൊരിക്കലും നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല, നിന്റെ പേര് അബ്രാഹാം എന്നായിരിക്കും; ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കിയിരിക്കുന്നു: 6 ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കും. നിന്നിൽനിന്ന് ജനതകൾ ഉത്ഭവിക്കും. രാജാക്കന്മാരും നിന്നിൽനിന്ന് ഉത്ഭവിക്കും. 7 എനിക്കും നിനക്കും നിനക്കുശേഷം നിന്റെ സന്തതിക്കും മധ്യേ ഞാൻ എന്റെ ഉടമ്പടി ശാശ്വത ഉടമ്പടിയായി സ്ഥാപിക്കും; അതനുസരിച്ച് ഞാൻ നിന്റെയും നിനക്കുശേഷം തലമുറയായി നിന്റെ സന്തതിയുടെയും ദൈവമായിരിക്കും. 8 നീ ഇപ്പോൾ പ്രവാസിയായി പാർക്കുന്ന കനാൻദേശം മുഴുവൻ നിനക്കും നിനക്കുശേഷം നിന്റെ പിൻഗാമികൾക്കും ശാശ്വതാവകാശമായി നൽകും; ഞാൻ അവരുടെ ദൈവവും ആയിരിക്കും.”

പരിച്ഛേദനം ഏർപ്പെടുത്തുന്നു

ഉൽപ്പത്തി 17:9–27

9 ദൈവം അബ്രാഹാമിനോട് വീണ്ടും അരുളിച്ചെയ്തു: “നീ ചെയ്യേണ്ടതെന്തെന്നാൽ, നീയും നിനക്കുശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ ഉടമ്പടി പാലിക്കണം. 10 നീയും നിനക്കുശേഷം നിന്റെ സന്തതിയും പാലിക്കേണ്ടതിന് ഞാൻ നിന്നോടു ചെയ്യുന്ന ഉടമ്പടി ഇതാണ്: നിങ്ങളിൽ പുരുഷന്മാരെല്ലാം പരിച്ഛേദനം ചെയ്യണം. 11 നിങ്ങൾ ഏൽക്കുന്ന പരിച്ഛേദനം എനിക്കും നിനക്കും മധ്യേയുള്ള ഉടമ്പടിയുടെ ചിഹ്നമായിരിക്കും. 12 തലമുറതോറും നിന്റെ ഭവനത്തിൽ ജനിച്ചവരും അന്യദേശക്കാരിൽനിന്ന് നീ വിലയ്ക്കു വാങ്ങിയവർക്ക് ജനിച്ച നിന്റെ സ്വന്തം മക്കളല്ലാത്തവരും ഉൾപ്പെടെ, നിങ്ങളുടെ കൂട്ടത്തിലുള്ള എട്ടുദിവസം പ്രായമായ എല്ലാ പുരുഷപ്രജയും പരിച്ഛേദനം ഏൽക്കണം. 13 നിന്റെ ഭവനത്തിൽ ജനിച്ചവരാകട്ടെ, നിന്റെ പണം കൊടുത്തു വാങ്ങിയവരാകട്ടെ, അവരെല്ലാവരും പരിച്ഛേദനം ഏറ്റിരിക്കേണ്ടതാണ്. നിങ്ങളുടെ ശരീരത്തിലുള്ള എന്റെ ഉടമ്പടി ശാശ്വത ഉടമ്പടി ആയിരിക്കണം. 14 പരിച്ഛേദനം ഏറ്റിട്ടില്ലാത്ത—ശരീരത്തിൽ പരിച്ഛേദനം ഏറ്റിട്ടില്ലാത്ത—ഏതൊരു പുരുഷപ്രജയും തന്റെ ജനത്തിന്റെ ഇടയിൽനിന്ന് നീക്കംചെയ്യപ്പെടണം; അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.”

15 ദൈവം പിന്നെയും അബ്രാഹാമിനോടു കൽപ്പിച്ചു: “നിന്റെ ഭാര്യയായ സാറായിയെ ഇനിയൊരിക്കലും ‘സാറായി’ എന്നു വിളിക്കരുത്; അവളുടെ പേര് ‘സാറാ’ എന്നായിരിക്കും. 16 ഞാൻ അവളെ അനുഗ്രഹിക്കും; അവളിൽ നിനക്കൊരു മകനെ നൽകും. അവൾ അനേകം ജനതകൾക്കു മാതാവായിത്തീരും. അതേ, ഞാൻ അവളെ സമൃദ്ധമായി അനുഗ്രഹിക്കും; ജനങ്ങളുടെ രാജാക്കന്മാർ അവളിൽനിന്ന് ഉത്ഭവിക്കും.”

17 അപ്പോൾ അബ്രാഹാം കമിഴ്ന്നുവീണു; അദ്ദേഹം ചിരിച്ചുകൊണ്ടു ഹൃദയത്തിൽ പറഞ്ഞു, “നൂറു വയസ്സായ മനുഷ്യനു മകൻ ജനിക്കുമോ? തൊണ്ണൂറാം വയസ്സിൽ സാറാ പ്രസവിക്കുമോ?” 18 അബ്രാഹാം ദൈവത്തോട്: “അവിടത്തെ അനുഗ്രഹത്താൽ യിശ്മായേൽ ജീവിച്ചിരുന്നാൽ മതി” എന്നു പറഞ്ഞു.

19 അപ്പോൾ ദൈവം അരുളിച്ചെയ്തത്: “അങ്ങനെയല്ല, നിന്റെ ഭാര്യയായ സാറാ നിനക്കൊരു മകനെ പ്രസവിക്കും; അവന് യിസ്ഹാക്ക് എന്നു നാമകരണം ചെയ്യണം. ഞാൻ അവനോടും അവനുശേഷം അവന്റെ സന്തതികളോടുമായി എന്റെ ഉടമ്പടി ശാശ്വത ഉടമ്പടിയായി ഉറപ്പിക്കും. 20 യിശ്മായേലിനെ സംബന്ധിച്ച്, ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; നിശ്ചയമായും ഞാൻ അവനെ അനുഗ്രഹിക്കും; അവനെ സന്താനസമൃദ്ധിയുള്ളവനാക്കി അവന്റെ സംഖ്യ അത്യധികമായി വർധിപ്പിക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാരുടെ പിതാവായിത്തീരും; അവനെ ഒരു വലിയ ജനതയാക്കും. 21 എന്നാൽ അടുത്തവർഷം, ഇതേ സമയത്ത് സാറാ നിനക്കു പ്രസവിക്കുന്ന മകൻ യിസ്ഹാക്കുമായിട്ടാണ് ഞാൻ എന്റെ ഉടമ്പടി സ്ഥിരപ്പെടുത്തുന്നത്.” 22 ഇതു സംസാരിച്ചുതീർന്നപ്പോൾ ദൈവം അബ്രാഹാമിനെവിട്ട് ആരോഹണംചെയ്തു.

23 ആ ദിവസംതന്നെ അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ ഭവനത്തിൽ ജനിച്ചവരും വിലയ്ക്കു വാങ്ങിയവരുമായി, തന്റെ ഭവനത്തിൽ ഉണ്ടായിരുന്ന സകലപുരുഷപ്രജകളെയും കൂട്ടിക്കൊണ്ടുപോയി, ദൈവം തന്നോടു കൽപ്പിച്ചതിൻപ്രകാരം, അവർക്കു പരിച്ഛേദനം നടത്തി. 24 പരിച്ഛേദനം ഏൽക്കുമ്പോൾ അബ്രാഹാമിനു തൊണ്ണൂറ്റിയൊൻപതു വയസ്സായിരുന്നു; 25 അദ്ദേഹത്തിന്റെ മകൻ യിശ്മായേലിന് അപ്പോൾ പതിമ്മൂന്നുവയസ്സും ആയിരുന്നു. 26 അബ്രാഹാമും അദ്ദേഹത്തിന്റെ മകനായ യിശ്മായേലും പരിച്ഛേദനം ഏറ്റത് ഒരേദിവസമായിരുന്നു. 27 അബ്രാഹാമിന്റെ വീട്ടിൽ ജനിച്ചവരും വിദേശിയോടു വാങ്ങിയവരും ഉൾപ്പെടെ അബ്രാഹാമിന്റെ വീട്ടിൽ ഉണ്ടായിരുന്ന, എല്ലാ പുരുഷപ്രജകളും അദ്ദേഹത്തോടുകൂടെ പരിച്ഛേദനം ഏറ്റു.

അബ്രാഹാമിന് ഒരു മകനെ വാഗ്ദാനം ചെയ്യുന്നു ക്രി.മു. 1899

ഉൽപ്പത്തി 18:1–15

1 ഒരു ദിവസം വെയിലുറച്ചപ്പോൾ അബ്രാഹാം തന്റെ കൂടാരവാതിൽക്കൽ ഇരിക്കുകയായിരുന്നു, അപ്പോൾ യഹോവ അബ്രാഹാമിനു മമ്രേയുടെ മഹാവൃക്ഷങ്ങൾക്കരികെ പ്രത്യക്ഷനായി. 2 അദ്ദേഹം തലയുയർത്തിനോക്കിയപ്പോൾ മൂന്നുപുരുഷന്മാർ അടുക്കൽ നിൽക്കുന്നതു കണ്ടു; അവരെ കണ്ടമാത്രയിൽ, അദ്ദേഹം കൂടാരവാതിൽക്കൽനിന്ന് തിടുക്കത്തിൽ ചെന്ന് സാഷ്ടാംഗം വീണുവണങ്ങി അവരെ എതിരേറ്റു.

3 “എന്റെ കർത്താവേ, അങ്ങേക്ക് കൃപയുണ്ടെങ്കിൽ അടിയനോടൊപ്പം കുറച്ചു സമയം ചെലവഴിക്കണേ. 4 ഞാൻ കുറച്ചുവെള്ളം കൊണ്ടുവരട്ടെ, നിങ്ങൾക്ക് എല്ലാവർക്കും കാലുകഴുകി ഈ മരത്തിന്റെ തണലിൽ വിശ്രമിക്കാമല്ലോ. 5 ഞാൻ നിങ്ങൾക്കു കഴിക്കാൻ എന്തെങ്കിലും കൊണ്ടുവരാം, വിശപ്പടക്കിയശേഷം നിങ്ങൾക്കു യാത്ര തുടരാം. അവിടന്ന് അടിയന്റെ അടുക്കൽ വന്നതാണല്ലോ” എന്ന് അബ്രാഹാം പറഞ്ഞു. അതിനുത്തരമായി അവർ, “വളരെ നന്ന്, നീ പറഞ്ഞതുപോലെ ചെയ്യുക” എന്നു പറഞ്ഞു.

6 അബ്രാഹാം വേഗത്തിൽ കൂടാരത്തിനുള്ളിൽ സാറായുടെ അടുത്തെത്തി. “നീ പെട്ടെന്ന് മൂന്നു സേയാ നേർത്ത മാവെടുത്തു കുഴച്ച് കുറച്ച് അപ്പം ചുടുക,” എന്നു പറഞ്ഞു.

7 പിന്നെ അബ്രാഹാം ഓടിച്ചെന്ന് കാലിക്കൂട്ടത്തിൽനിന്ന് ഇളപ്പമായ നല്ലൊരു കാളക്കിടാവിനെ പിടിച്ച് ഒരു ദാസനെ ഏൽപ്പിച്ചു. അവൻ വേഗത്തിൽ അതിനെ പാകംചെയ്തു. 8 പിന്നെ അബ്രാഹാം കുറെ വെണ്ണയും പാലും പാകംചെയ്ത കാളയിറച്ചിയും കൊണ്ടുവന്ന് അവരുടെമുമ്പിൽ വെച്ചു. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം അവർക്കു സമീപം ഒരു മരത്തണലിൽ അവരെ ശുശ്രൂഷിക്കാനായി നിന്നു.

9 “നിന്റെ ഭാര്യയായ സാറാ എവിടെ?” അവർ ചോദിച്ചു.

“കൂടാരത്തിലുണ്ട്” അദ്ദേഹം മറുപടി പറഞ്ഞു.

10 അപ്പോൾ അവരിലൊരാൾ, “അടുത്തവർഷം ഇതേസമയം ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യയായ സാറായ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും” എന്നു പറഞ്ഞു.

സാറാ പിന്നിൽ കൂടാരവാതിൽക്കൽനിന്ന് ഇതു ശ്രദ്ധിക്കുകയായിരുന്നു. 11 അബ്രാഹാമും സാറായും വൃദ്ധരും വളരെ പ്രായമായവരും ആയിരുന്നു. സാറായ്ക്കു ഗർഭധാരണത്തിനുള്ള പ്രായവും കഴിഞ്ഞുപോയിരുന്നു. 12 “ഞാൻ വൃദ്ധയായി, എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു; ഇനി ഈ സൗഭാഗ്യം എനിക്കുണ്ടാകുമോ?” സാറാ ചിരിച്ചുകൊണ്ട് ആത്മഗതംചെയ്തു.

13 അപ്പോൾ യഹോവ അബ്രാഹാമിനോട്, “വൃദ്ധയായ എനിക്കു കുട്ടിയുണ്ടാകുമോ എന്നു പറഞ്ഞു സാറാ ചിരിച്ചതെന്ത്? 14 യഹോവയ്ക്ക് അസാധ്യമായ കാര്യം ഉണ്ടോ? അടുത്തവർഷം നിശ്ചിതസമയം ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും, അപ്പോൾ സാറായ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും” എന്നു പറഞ്ഞു.

15 സാറാ ഭയന്നുപോയി, അതുകൊണ്ട് അവൾ, “ഞാൻ ചിരിച്ചില്ല” എന്നു മാറ്റിപ്പറഞ്ഞു.

എന്നാൽ അവിടന്ന്, “അല്ല, നീ ചിരിച്ചു” എന്ന് അരുളിച്ചെയ്തു.