അബ്രാമുമായുള്ള ദൈവത്തിന്റെ ഉടമ്പടി
ക്രി.മു. 1912
Biblica® Open Malayalam Contemporary Version™ (OMCV)
1 കുറച്ച് നാളുകൾക്കുശേഷം ഒരു ദർശനത്തിൽ അബ്രാമിനു യഹോവയുടെ അരുളപ്പാടുണ്ടായി:
“അബ്രാമേ, ഭയപ്പെടരുത്,
ഞാൻ നിന്റെ പരിച,
നിന്റെ അതിമഹത്തായ പ്രതിഫലം.”
2 അതിന് അബ്രാം, “കർത്താവായ യഹോവേ, അങ്ങ് എനിക്കെന്തു നൽകും? ഞാൻ മക്കളില്ലാത്തവനാണ്; എന്റെ സ്വത്തിന് അവകാശി ദമസ്കോസുകാരനായ എലീയേസറാണ്. 3 അവിടന്ന് എനിക്കു മക്കളെ തന്നിട്ടില്ല; അതുകൊണ്ട് എന്റെ വീട്ടിലുള്ള ഒരു ദാസൻ എന്റെ അനന്തരാവകാശി ആയിത്തീരും.”
4 അപ്പോൾ അദ്ദേഹത്തോട് യഹോവ അരുളിച്ചെയ്തു: “ഇവൻ നിന്റെ അനന്തരാവകാശി ആകുകയില്ല; പിന്നെയോ, നിന്നിൽനിന്നു ജനിക്കുന്നവൻതന്നെ നിന്റെ അനന്തരാവകാശി ആയിത്തീരും.” 5 യഹോവ അവനെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി: “നീ ആകാശത്തേക്കു നോക്കുക, നിനക്കു നക്ഷത്രങ്ങളെ എണ്ണാൻ കഴിയുമെങ്കിൽ എണ്ണുക” എന്നു കൽപ്പിച്ചു. പിന്നെ അവിടന്ന് അവനോട്, “നിന്റെ സന്തതി ഇങ്ങനെ അസംഖ്യമാകും” എന്ന് അരുളിച്ചെയ്തു.
6 അബ്രാം യഹോവയിൽ വിശ്വസിച്ചു, അതുനിമിത്തം യഹോവ അദ്ദേഹത്തെ നീതിമാനായി കണക്കാക്കി.
7 അവിടന്ന് അബ്രാമിനോട് പിന്നെയും അരുളിച്ചെയ്തത്: “ഈ ദേശം നിനക്ക് അവകാശമായി നൽകേണ്ടതിനു കൽദയരുടെ പട്ടണമായ ഊരിൽനിന്ന് നിന്നെ കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു.”
8 അതിന് അബ്രാം, “കർത്താവായ യഹോവേ, അതു ഞാൻ അവകാശമാക്കുമെന്ന് എനിക്കെങ്ങനെ അറിയാൻ കഴിയും?” എന്നു ചോദിച്ചു.
9 യഹോവ അബ്രാമിനോട്: “നീ മൂന്നുവയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു പെണ്ണാടിനെയും മൂന്നുവയസ്സുള്ള ഒരു ആട്ടുകൊറ്റനെയും അവയോടൊപ്പം ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും എന്റെ അടുക്കൽ കൊണ്ടുവരിക” എന്ന് അരുളിച്ചെയ്തു.
10 അബ്രാം ഇവയെ എല്ലാറ്റിനെയും യഹോവയുടെ അടുക്കൽ കൊണ്ടുവന്ന് നടുവേ പിളർന്ന് ഭാഗങ്ങൾ നേർക്കുനേരേ വെച്ചു. എന്നാൽ പക്ഷികളെ അദ്ദേഹം രണ്ടായി പിളർന്നില്ല. 11 അപ്പോൾ ആ ഉടലുകൾ തിന്നുന്നതിനായി ഇരപിടിയൻപക്ഷികൾ ഇറങ്ങിവന്നു; അബ്രാം അവയെ ആട്ടിക്കളഞ്ഞു.
12 സൂര്യൻ അസ്തമിച്ചുകൊണ്ടിരുന്നപ്പോൾ അബ്രാം ഗാഢനിദ്രയിലേക്കു വഴുതിവീണു. ഭീതിപ്പെടുത്തുന്ന ഒരു കൂരിരുട്ട് അവന്റെമേൽ വന്നു. 13 അപ്പോൾ യഹോവ അദ്ദേഹത്തോട്: “നിന്റെ പിൻഗാമികൾ സ്വന്തമല്ലാത്ത ഒരു ദേശത്ത് പ്രവാസികൾ ആയിരിക്കുകയും നാനൂറുവർഷം അവർ അവിടെ അടിമകളായി പീഡനം സഹിക്കുകയും ചെയ്യുമെന്ന് നീ നിശ്ചയമായും അറിയണം. 14 എന്നാൽ, അവർ അടിമകളായി സേവിക്കുന്ന രാജ്യത്തെ ഞാൻ ശിക്ഷിക്കും; അതിനുശേഷം അവർ ആ ദേശം വിട്ടുപോരുന്നതു വളരെ സമ്പത്തോടുംകൂടെ ആയിരിക്കും. 15 നീയോ, സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർധക്യത്തിൽ അടക്കപ്പെടും. 16 നിന്റെ സന്തതികളുടെ നാലാംതലമുറ ഇവിടെ മടങ്ങിയെത്തും; അമോര്യരുടെ പാപം ഇതുവരെയും അതിന്റെ പരമകാഷ്ഠയിൽ എത്തിയിട്ടില്ലല്ലോ” എന്ന് അരുളിച്ചെയ്തു.
17 സൂര്യൻ അസ്തമിച്ച് അന്ധകാരം വ്യാപിച്ചപ്പോൾ ജ്വലിക്കുന്ന പന്തത്തോടുകൂടിയതും പുകയുന്നതുമായ ഒരു തീച്ചൂള പ്രത്യക്ഷപ്പെട്ടു, അത് ആ ഭാഗങ്ങളുടെ മധ്യേകൂടി കടന്നുപോയി. 18 യഹോവ ആ ദിവസം അബ്രാമിനോട് ഒരു ഉടമ്പടിചെയ്തു. അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു. “ഞാൻ നിന്റെ സന്തതിക്ക് ഈജിപ്റ്റിലെ തോടുമുതൽ മഹാനദിയായ യൂഫ്രട്ടീസുവരെയുള്ള ദേശം തരും. 19 കേന്യർ, കെനിസ്യർ, കദ്മോന്യർ, 20 ഹിത്യർ, പെരിസ്യർ, രെഫായീമ്യർ, 21 അമോര്യർ, കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശംതന്നെ തന്നിരിക്കുന്നു.”
യിശ്മായേലിന്റെ ജനനം
1 അബ്രാമിന്റെ ഭാര്യയായ സാറായിക്കു മക്കൾ ജനിച്ചിരുന്നില്ല; അവൾക്കു ഹാഗാർ എന്നു പേരുള്ള ഈജിപ്റ്റുകാരിയായ ഒരു ദാസി ഉണ്ടായിരുന്നു. 2 സാറായി അബ്രാമിനോട്, “യഹോവ എന്റെ ഗർഭം അടച്ചിരിക്കുന്നു. എന്റെ ദാസിയുടെ അടുക്കൽ ചെല്ലുക; അവളിലൂടെ ഒരുപക്ഷേ എനിക്ക് മക്കൾ ഉണ്ടായേക്കാം” എന്നു പറഞ്ഞു.
സാറായിയുടെ നിർദേശം അബ്രാം അംഗീകരിച്ചു. 3 അങ്ങനെ അബ്രാമിന്റെ ഭാര്യ സാറായി തന്റെ ഈജിപ്റ്റുകാരി ദാസി ഹാഗാറിനെ അദ്ദേഹത്തിനു ഭാര്യയായി കൊടുത്തു. ഇതു സംഭവിച്ചത് അബ്രാം കനാനിൽ താമസം ആരംഭിച്ചു പത്തുവർഷം കഴിഞ്ഞപ്പോഴാണ്. 4 അദ്ദേഹം ഹാഗാറിന്റെ അടുക്കൽ ചെന്നു. അവൾ ഗർഭിണിയായിത്തീർന്നു.
താൻ ഗർഭവതിയായിരിക്കുന്നു എന്നറിഞ്ഞതുമുതൽ ഹാഗാർ തന്റെ യജമാനത്തിയായ സാറായിയോട് അവജ്ഞയോടെ പെരുമാറാൻതുടങ്ങി. 5 അപ്പോൾ സാറായി അബ്രാമിനോട്, “ഞാൻ സഹിക്കുന്ന ഈ അന്യായത്തിന് അങ്ങാണ് ഉത്തരവാദി. ഞാൻ എന്റെ ദാസിയെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചു. ഇപ്പോഴിതാ, അവൾ ഗർഭവതിയാണെന്നറിഞ്ഞതുമുതൽ എന്നെ ആദരിക്കുന്നില്ല. യഹോവ അങ്ങേക്കും എനിക്കും മധ്യേ ന്യായംവിധിക്കട്ടെ” എന്നു പറഞ്ഞു.
6 അപ്പോൾ അബ്രാം, “നിന്റെ ദാസി നിന്റെ കൈകളിൽത്തന്നെ. നിനക്ക് ഏറ്റവും ഉചിതമെന്നു തോന്നുന്നത് അവളോടു ചെയ്യുക” എന്നു പറഞ്ഞു. അപ്പോൾ സാറായി ഹാഗാറിനോട് നിർദയമായി പെരുമാറി; അതുകൊണ്ട് അവൾ സാറായിയെ വിട്ട് ഓടിപ്പോയി.
7 യഹോവയുടെ ദൂതൻ മരുഭൂമിയിലെ ഒരു നീരുറവിനടുത്തുവെച്ച് ഹാഗാറിനെ കണ്ടു; ആ നീരുറവ ശൂരിലേക്കുള്ള പാതയുടെ അരികത്തായിരുന്നു. 8 ദൂതൻ അവളോട്, “സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു?” എന്നു ചോദിച്ചു.
അതിന് ഹാഗാർ, “ഞാൻ എന്റെ യജമാനത്തിയുടെ അടുക്കൽനിന്ന് ഓടിപ്പോകുന്നു” എന്നു മറുപടി പറഞ്ഞു.
9 അപ്പോൾ യഹോവയുടെ ദൂതൻ അവളോട്: “നീ യജമാനത്തിയുടെ അടുത്തേക്കു മടങ്ങിച്ചെന്ന് അവൾക്കു കീഴടങ്ങിയിരിക്കുക” എന്നു പറഞ്ഞു. 10 ദൂതൻ തുടർന്നു, “ഞാൻ നിന്റെ സന്തതിയെ, എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തവിധം അത്യധികം വർധിപ്പിക്കും” എന്നും പറഞ്ഞു.
11 യഹോവയുടെ ദൂതൻ അവളോടു വീണ്ടും പറഞ്ഞത്:
“ഇപ്പോൾ നീ ഗർഭവതിയാണ്.
നീ ഒരു മകനെ പ്രസവിക്കും.
നീ അവന് യിശ്മായേൽ എന്നു പേരിടണം;
യഹോവ നിന്റെ സങ്കടം കേട്ടിരിക്കുന്നു.
12 അവൻ കാട്ടുകഴുതയെപ്പോലുള്ള ഒരു മനുഷ്യൻ ആയിരിക്കും.
അവന്റെ കൈ എല്ലാവർക്കും വിരോധമായിരിക്കും;
എല്ലാവരുടെയും കൈ അവനും വിരോധമായിരിക്കും;
അവൻ തന്റെ സകലസഹോദരങ്ങളോടും
ശത്രുതയിൽ ജീവിക്കും.”
13 അതിനുശേഷം തന്നോടു സംസാരിച്ച യഹോവയ്ക്ക് അവൾ “എന്നെ കാണുന്ന ദൈവമാണ് അങ്ങ്,” എന്നു പേരിട്ടു; “എന്നെ കാണുന്ന ദൈവത്തെ ഇപ്പോൾ ഞാനും കണ്ടിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു. 14 അതുകൊണ്ട് ആ നീരുറവയ്ക്ക് ബേർ-ലഹയീ-രോയീ എന്നു പേരുണ്ടായി. അതു കാദേശിനും ബേരെദിനും മധ്യേ ഇപ്പോഴും ഉണ്ട്.
15 ഇതിനുശേഷം ഹാഗാർ അബ്രാമിന് ഒരു മകനെ പ്രസവിച്ചു. ഹാഗാറിൽ തനിക്കുണ്ടായ മകന് അബ്രാം യിശ്മായേൽ എന്നു പേരിട്ടു. 16 ഹാഗാർ അബ്രാമിനു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന് എൺപത്തിയാറു വയസ്സായിരുന്നു.