സൊദോം ശിക്ഷയ്ക്കു വിധിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു

ക്രി.മു. 1899

Biblica® Open Malayalam Contemporary Version™ (OMCV)

ഉൽപ്പത്തി 18:16–19:29

16 ആ പുരുഷന്മാർ അവിടെനിന്നു പുറപ്പെട്ടു. അവർ താഴേ സൊദോമിലേക്കു തിരിഞ്ഞു. അബ്രാഹാം അവരെ യാത്രയയയ്ക്കാൻ അവരോടുകൂടെ നടന്നു. 17 അപ്പോൾ യഹോവ: “ഞാൻ ചെയ്യാൻപോകുന്നത് അബ്രാഹാമിൽനിന്ന് മറച്ചുവെക്കുമോ? 18 അബ്രാഹാമിന്റെ വംശം നിശ്ചയമായും ശ്രേഷ്ഠവും പ്രബലവുമായ ഒരു രാഷ്ട്രമായിത്തീരും; ഭൂമിയിലെ സകലരാഷ്ട്രങ്ങളും അവനിലൂടെ അനുഗ്രഹിക്കപ്പെടും. 19 അബ്രാഹാം നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ട്, തന്റെ മക്കളെയും തന്റെ കാലശേഷമുള്ള ഭവനക്കാരെയും ദൈവത്തിന്റെ വഴികളിൽ നടക്കാൻ പ്രേരിപ്പിക്കേണ്ടതിനു ഞാൻ അവനെ തെരഞ്ഞെടുത്തിരിക്കുന്നു. അങ്ങനെ, യഹോവ അബ്രാഹാമിനു നൽകിയ വാഗ്ദാനം അദ്ദേഹത്തിന് നിറവേറ്റിക്കൊടുക്കാൻ സംഗതിയാകും.”

20 പിന്നെ യഹോവ അരുളിച്ചെയ്തു: “സൊദോമിന്റെയും ഗൊമോറായുടെയും പാപം ഘോരമായതും അവർക്കു വിരോധമായുള്ള നിലവിളി വലിയതുമാകുന്നു. 21 എന്റെ അടുക്കൽ എത്തിയിരിക്കുന്ന നിലവിളിക്കു തക്കവണ്ണം അവരുടെ പ്രവൃത്തി ദോഷപൂർണമാണോ എന്നുനോക്കി മനസ്സിലാക്കാൻ ഞാൻ ഇറങ്ങിച്ചെല്ലും.”

22 ആ പുരുഷന്മാർ തിരിഞ്ഞ് സൊദോമിലേക്കു പോയി. എന്നാൽ, അബ്രാഹാം യഹോവയുടെ സന്നിധിയിൽത്തന്നെ നിലകൊണ്ടു. 23 പിന്നെ അബ്രാഹാം അടുത്തുചെന്ന്, “അവിടന്നു നീതിമാന്മാരെ ദുഷ്ടന്മാരോടുകൂടെ തുടച്ചുനീക്കുമോ? എന്നു ചോദിച്ചു. 24 നീതിമാന്മാരായ അൻപതുപേർ നഗരത്തിൽ ഉണ്ടെങ്കിൽ എന്താണു ചെയ്യുക? അങ്ങ് ആ നഗരത്തെ വാസ്തവമായി നശിപ്പിക്കുമോ? അതിലുള്ള അൻപതു നീതിമാന്മാർ നിമിത്തം ആ സ്ഥലത്തെ അങ്ങ് രക്ഷിക്കുകയില്ലയോ? 25 നീതിമാന്മാരെയും ദുഷ്ടന്മാരെയും ഒരുപോലെ കണക്കാക്കുന്നതും ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെ സംഹരിക്കുന്നതും അവിടത്തേക്ക് ഉചിതമല്ലല്ലോ! അങ്ങനെ വരരുതേ. സർവഭൂമിയുടെയും ന്യായാധിപതി നീതി പ്രവർത്തിക്കാതിരിക്കുമോ?”

26 അതിനു യഹോവ: “അൻപതു നീതിമാന്മാരെ സൊദോം പട്ടണത്തിനുള്ളിൽ കാണുന്നെങ്കിൽ അവർക്കുവേണ്ടി ഞാൻ ആ സ്ഥലം മുഴുവൻ രക്ഷിക്കും” എന്ന് അരുളിച്ചെയ്തു.

27 അബ്രാഹാം വീണ്ടും ചോദിച്ചു: “വെറും പൊടിയും ചാരവും ആയ ഞാൻ കർത്താവിനോട് സംസാരിക്കാൻ തുനിഞ്ഞല്ലോ! 28 അൻപതു നീതിമാന്മാരിൽ അഞ്ചുപേർ കുറഞ്ഞാൽ ആ അഞ്ചുപേർ നിമിത്തം അങ്ങു നഗരത്തെ മുഴുവൻ നശിപ്പിക്കുമോ?”

“അവിടെ നാൽപ്പത്തിയഞ്ചുപേരെ കാണുന്നെങ്കിൽ, ഞാൻ അതിനെ നശിപ്പിക്കുകയില്ല,” അവിടന്ന് അരുളിച്ചെയ്തു.

29 വീണ്ടും അദ്ദേഹം ദൈവത്തോടു ചോദിച്ചു, “നാൽപ്പതുപേരേ ഉള്ളെങ്കിലോ?”

“ആ നാൽപ്പതുപേർക്കുവേണ്ടി ഞാൻ അങ്ങനെ ചെയ്യുകയില്ല,” അവിടന്ന് ഉത്തരം പറഞ്ഞു.

30 അദ്ദേഹം വീണ്ടും: “കർത്താവു കോപിക്കരുതേ, അടിയൻ സംസാരിക്കട്ടെ; അവിടെ കേവലം മുപ്പതുപേരെ ഉള്ളൂ എന്നുവരികിലോ?” എന്നു ചോദിച്ചു.

അതിനു യഹോവ: “മുപ്പതുപേരെ കാണുന്നെങ്കിൽ ഞാൻ അങ്ങനെ പ്രവർത്തിക്കുകയില്ല” എന്നു മറുപടികൊടുത്തു.

31 “കർത്താവിനോടു സംസാരിക്കാൻ എനിക്കു ധൈര്യം ഉണ്ടായിരിക്കുന്ന സ്ഥിതിക്ക്, ഇരുപതുപേർമാത്രമേ അവിടെ ഉള്ളൂ എങ്കിലോ?” അബ്രാഹാം ചോദിച്ചു.

“ഇരുപതുപേർക്കുവേണ്ടി, ഞാൻ നശിപ്പിക്കുകയില്ല” അവിടന്ന് ഉത്തരം പറഞ്ഞു.

32 അപ്പോൾ അബ്രാഹാം ചോദിച്ചു, “കർത്താവേ, കോപിക്കരുതേ, അടിയൻ ഒരിക്കൽക്കൂടിമാത്രം ചോദിക്കട്ടെ, പത്തുപേരേ അവിടെ ഉള്ളൂ എങ്കിലോ?”

“പത്തുപേർക്കുവേണ്ടി ഞാൻ അതിനെ നശിപ്പിക്കാതിരിക്കും,” അവിടന്നു മറുപടി പറഞ്ഞു.

33 യഹോവ അബ്രാഹാമിനോടു സംസാരിച്ചതിനുശേഷം അവിടം വിട്ടുപോയി; അബ്രാഹാമും വീട്ടിലേക്കു മടങ്ങി.

19:1 ആ രണ്ടു ദൂതന്മാർ സന്ധ്യക്കു സൊദോമിൽ എത്തി; ലോത്ത് നഗരകവാടത്തിൽ ഇരിക്കുകയായിരുന്നു. അവരെ കണ്ടപ്പോൾ അദ്ദേഹം എഴുന്നേറ്റു നിലംവരെ കുനിഞ്ഞു നമസ്കരിച്ചുകൊണ്ട് എതിരേറ്റു. 2 പിന്നെ ലോത്ത്, “യജമാനന്മാരേ, ദയവായി അടിയന്റെ വീട്ടിലേക്കു വന്നാലും; കാലുകൾ കഴുകി രാത്രിയിൽ വിശ്രമിച്ചിട്ട് അതിരാവിലെ നിങ്ങൾക്കു യാത്ര തുടരാമല്ലോ” എന്നു പറഞ്ഞു.

“വേണ്ടാ, ഞങ്ങൾ തെരുവീഥിയിൽ രാത്രി ചെലവഴിച്ചുകൊള്ളാം,” അവർ മറുപടി പറഞ്ഞു.

3 എന്നാൽ ലോത്ത് വളരെ നിർബന്ധിച്ചതുകൊണ്ട് അവർ അദ്ദേഹത്തോടൊപ്പം പോയി വീട്ടിൽ പ്രവേശിച്ചു. അദ്ദേഹം അവർക്കുവേണ്ടി പുളിപ്പില്ലാത്ത അപ്പം ചുട്ടു വിരുന്നൊരുക്കി; അവർ ഭക്ഷണം കഴിച്ചു. 4 അവർ ഉറങ്ങാൻ കിടക്കുന്നതിനുമുമ്പ് സൊദോം നഗരത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള പുരുഷന്മാർ—യുവാക്കന്മാരും വൃദ്ധന്മാരും—എല്ലാവരുംകൂടി ആ വീട് വളഞ്ഞു. 5 അവർ ലോത്തിനെ വിളിച്ച് “ഇന്നു രാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? അവരെ പുറത്ത്, ഞങ്ങളുടെ അടുത്തേക്കു കൊണ്ടുവരൂ; ഞങ്ങൾ അവരുമായി ലൈംഗികവേഴ്ച നടത്തട്ടെ” എന്നു പറഞ്ഞു.

6 ലോത്ത് അവരോടു സംസാരിക്കാൻ പുറത്തേക്കു ചെന്നു, കതകടച്ചിട്ട് അവരോട്, 7 “എന്റെ സ്നേഹിതരേ, അതു പാടില്ല; ഈ അധർമം പ്രവർത്തിക്കരുതേ. 8 പുരുഷനോടൊപ്പം കിടക്കപങ്കിട്ടിട്ടില്ലാത്ത രണ്ടു പുത്രിമാർ എനിക്കുണ്ട്. ഞാൻ അവരെ നിങ്ങളുടെ അടുക്കൽ കൊണ്ടുവരാം, നിങ്ങളുടെ ഇഷ്ടംപോലെ അവരോടു പെരുമാറിക്കൊള്ളുക. എന്നാൽ, ഈ പുരുഷന്മാരോട് ഒന്നും ചെയ്യരുതേ; അവർ എന്റെ ഭവനത്തിൽ അഭയംതേടി വന്നവരാണ്” എന്നു പറഞ്ഞു.

9 അതിന് അവർ: “ഞങ്ങളെ തടയാതെ മാറിനിൽക്കൂ. ഇയാൾ ഇവിടെ പ്രവാസിയായി വന്നു; ഇപ്പോൾ ഇതാ ന്യായാധിപൻ ചമയുന്നു! ഞങ്ങൾ അവരോടു ചെയ്യുന്നതിലും അധികം ദോഷം നിന്നോടു ചെയ്യും” എന്നു പറഞ്ഞു. അവർ ലോത്തിനെ ഞെരുക്കിക്കൊണ്ട് വാതിൽ തകർക്കാൻ മുന്നോട്ടടുത്തു.

10 എന്നാൽ, അകത്തുണ്ടായിരുന്ന ആ പുരുഷന്മാർ കൈ പുറത്തേക്കു നീട്ടി ലോത്തിനെ വീടിനുള്ളിലേക്കു വലിച്ചുകയറ്റിയിട്ട് കതകടച്ചു. 11 പിന്നെ അവർ വീടിന്റെ വാതിൽക്കൽ ഉണ്ടായിരുന്ന ആബാലവൃദ്ധം പുരുഷന്മാർക്ക് അന്ധത പിടിപ്പിച്ചു, അവർക്കു വാതിൽ കണ്ടെത്താൻ കഴിഞ്ഞില്ല.

12 ആ രണ്ടു പുരുഷന്മാർ ലോത്തിനോട്, “നിന്റെ സ്വന്തക്കാരായി—മരുമക്കളോ പുത്രന്മാരോ പുത്രിമാരോ മറ്റാരെങ്കിലുമോ ഈ നഗരത്തിൽ ഉണ്ടോ? അവരെല്ലാവരുമായി ഇവിടെനിന്ന് ഓടി രക്ഷപ്പെടുക; 13 ഞങ്ങൾ ഈ സ്ഥലം നശിപ്പിക്കാൻ പോകുകയാണ്. ഇതിലെ ജനങ്ങൾക്കെതിരായി യഹോവയോടുള്ള മുറവിളി വളരെ വലുതാണ്. ആകയാൽ ഇതിനെ നശിപ്പിക്കാൻ അവിടന്നു ഞങ്ങളെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.

14 അങ്ങനെ ലോത്ത് തന്റെ പുത്രിമാർക്കു വിവാഹനിശ്ചയം ചെയ്തിരുന്നവരായ മരുമക്കളുടെ അടുക്കൽച്ചെന്ന് അവരോടു സംസാരിച്ചു. “നിങ്ങൾ വേഗത്തിൽ ഈ സ്ഥലത്തുനിന്ന് രക്ഷപ്പെടുക, യഹോവ ഈ നഗരത്തെ നശിപ്പിക്കാൻ തുടങ്ങുന്നു!” എന്നു പറഞ്ഞു. എന്നാൽ അദ്ദേഹം തമാശ പറയുന്നെന്നു മരുമക്കൾ ചിന്തിച്ചു.

15 ഉഷസ്സായപ്പോൾ ആ ദൂതന്മാർ ലോത്തിനെ നിർബന്ധിച്ചുകൊണ്ടു “വേഗം, നിന്റെ ഭാര്യയെയും രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടുപോകുക, അല്ലെങ്കിൽ നഗരത്തോടൊപ്പം നിങ്ങൾ നശിച്ചുപോകും” എന്നു പറഞ്ഞു.

16 ലോത്ത് മടിച്ചുനിന്നപ്പോൾ—യഹോവയ്ക്ക് അവരോടു കരുണയുണ്ടായി—ആ പുരുഷന്മാർ അദ്ദേഹത്തെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കുപിടിച്ചു നഗരത്തിനു പുറത്തേക്കു കൊണ്ടുപോയി. 17 അവരെ പുറത്തുകൊണ്ടുവന്നശേഷം അവരിൽ ഒരാൾ, “പ്രാണരക്ഷയ്ക്കായി ഓടിപ്പോകുക, തിരിഞ്ഞുനോക്കരുത്, സമഭൂമിയിൽ ഒരിടത്തും തങ്ങരുത്. മലകളിലേക്ക് ഓടുക, അല്ലെങ്കിൽ നിങ്ങൾ നിശ്ശേഷം നശിച്ചുപോകും” എന്നു പറഞ്ഞു.

18 എന്നാൽ ലോത്ത് അവരോട്, “കർത്താവേ, ദയവായി അങ്ങനെ ചെയ്യരുതേ! 19 അങ്ങേക്ക് അടിയനോടു കൃപതോന്നിയല്ലോ. എന്റെ ജീവനെ രക്ഷിച്ചതിലൂടെ അവിടന്നു വലിയ കരുണകാണിച്ചിരിക്കുന്നു. എനിക്കു മലകളിലേക്ക് ഓടിരക്ഷപ്പെടാൻ നിവൃത്തിയില്ല; ഈ വിപത്ത് എന്നെ മൂടിക്കളയും, ഞാൻ മരിച്ചുപോകുകയും ചെയ്യും. 20 ഇതാ, ഓടിച്ചെന്നെത്താൻ കഴിയുംവിധം സമീപത്തായി ഒരു ചെറിയ പട്ടണമുണ്ടല്ലോ! അതിലേക്ക് ഓടിപ്പോകാൻ എന്നെ അനുവദിക്കണമേ; അതു തീരെ ചെറിയതുമാണ്; എങ്കിൽ എന്റെ ജീവൻ രക്ഷപ്പെടും” എന്നു പറഞ്ഞു.

21 അവിടന്നു ലോത്തിനോട്, “വളരെ നന്ന്, ഈ അപേക്ഷയും ഞാൻ അനുവദിച്ചുതരും, നീ പറയുന്ന പട്ടണം ഞാൻ നശിപ്പിക്കുകയില്ല. 22 എന്നാൽ, പെട്ടെന്ന് അവിടേക്ക് ഓടുക, നീ അവിടെ എത്തുന്നതുവരെ എനിക്കൊന്നും ചെയ്യാൻ നിർവാഹമില്ല” എന്നു പറഞ്ഞു. അതുകൊണ്ട് ആ പട്ടണത്തിനു സോവാർ എന്നു പേരായി.

23 ലോത്ത് സോവാരിൽ എത്തിയപ്പോഴേക്കും സൂര്യൻ ഉദിച്ചുകഴിഞ്ഞിരുന്നു. 24 അപ്പോൾ യഹോവ സൊദോമിന്റെയും ഗൊമോറായുടെയുംമേൽ ആകാശത്തുനിന്ന്—യഹോവയുടെ സന്നിധിയിൽനിന്നുതന്നെ—ആളിക്കത്തുന്ന ഗന്ധകം വർഷിപ്പിച്ചു. 25 ഇപ്രകാരം അവിടന്ന് ആ സമഭൂമിയെ നിശ്ശേഷമായി—ആ നഗരങ്ങളെയും അവയിൽ താമസിച്ചിരുന്ന സകലരെയും ദേശത്തെ സസ്യാദികളെയും നശിപ്പിച്ചുകളഞ്ഞു. 26 എന്നാൽ, ലോത്തിന്റെ ഭാര്യ അവന്റെ പിറകെ ഓടുന്നതിനിടയിൽ പിറകോട്ടു നോക്കി, അവൾ ഉപ്പുതൂണായിത്തീർന്നു.

27 പിറ്റേന്ന് അതിരാവിലെ അബ്രാഹാം എഴുന്നേറ്റ്, താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു. 28 അദ്ദേഹം സൊദോമിനും ഗൊമോറായ്ക്കും സമഭൂമിയിലെ സകലപ്രദേശങ്ങൾക്കും നേരേ നോക്കി, തീച്ചൂളയിൽനിന്നെന്നപോലെ ആ ദേശത്തുനിന്നു പുക ഉയരുന്നതു കണ്ടു.

29 ഇങ്ങനെ ദൈവം സമഭൂമിയിലെ നഗരങ്ങളെ നശിപ്പിച്ചപ്പോൾ, അബ്രാഹാമിനെ ഓർത്തു. ലോത്തു ജീവിച്ചിരുന്ന നഗരങ്ങളെ നശിപ്പിച്ചപ്പോൾ അവിടന്ന് ആ മഹാവിപത്തിൽനിന്നും ലോത്തിനെ രക്ഷിച്ചു.