ശമുവേലിന്റെ വിളി
ക്രി.മു. 1143
Biblica® Open Malayalam Contemporary Version™ (OMCV)
1 ഈ സമയം, ബാലനായ ശമുവേൽ ഏലിയുടെ കീഴിൽ യഹോവയ്ക്കു ശുശ്രൂഷചെയ്തുവന്നു. അക്കാലത്ത് യഹോവയുടെ അരുളപ്പാട് വിരളമായിരുന്നു; ദർശനവും സർവസാധാരണമല്ലായിരുന്നു.
2 ശരിയായി കാണാൻ കഴിയാത്തവിധം ഏലിയുടെ കണ്ണുകൾ മങ്ങിത്തുടങ്ങിയിരുന്ന കാലത്ത്, ഒരു ദിവസം രാത്രിയിൽ അദ്ദേഹം താൻ പതിവായി കിടക്കാറുള്ള സ്ഥലത്തു കിടക്കുകയായിരുന്നു. 3 ദൈവത്തിന്റെ വിളക്ക് അപ്പോൾ അണച്ചിട്ടില്ലായിരുന്നു. ആ സമയം ശമുവേൽ യഹോവയുടെ ആലയത്തിൽ ദൈവത്തിന്റെ പേടകം സ്ഥിതിചെയ്തിരുന്നിടത്ത് പോയി കിടക്കുകയായിരുന്നു. 4 അപ്പോൾ യഹോവ ശമുവേലിനെ വിളിച്ചു.
“അടിയൻ ഇതാ,” എന്നു ശമുവേൽ മറുപടി പറഞ്ഞു. 5 ഉടൻതന്നെ ശമുവേൽ ഓടി ഏലിയുടെ അടുത്തുചെന്ന് “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു.
അപ്പോൾ ഏലി, “ഞാൻ വിളിച്ചില്ല; പോയിക്കിടന്നോളൂ” എന്നു പറഞ്ഞു. അതിനാൽ ബാലൻ പോയിക്കിടന്നു.
6 യഹോവ വീണ്ടും, “ശമുവേലേ!” എന്നു വിളിച്ചു. ശമുവേൽ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ഓടിയെത്തി. “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു.
എന്റെ മകനേ, “ഞാൻ വിളിച്ചില്ല, പോയിക്കിടന്നോളൂ” എന്ന് ഏലി വീണ്ടും പറഞ്ഞു.
7 യഹോവയുടെ വചനം ശമുവേലിന് അന്നുവരെ വെളിപ്പെട്ടിരുന്നില്ല, അതുകൊണ്ട് ആ ബാലൻ അന്നുവരെ യഹോവയെ അറിഞ്ഞിട്ടുമില്ലായിരുന്നു.
8 യഹോവ അവനെ മൂന്നാമതും, “ശമുവേലേ!” എന്നു വിളിച്ചു. ശമുവേൽ എഴുന്നേറ്റ് ഏലിയുടെ അടുത്തേക്ക് ഓടിവന്നു പറഞ്ഞു, “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചല്ലോ!”
യഹോവ ബാലനെ വിളിക്കുകയായിരുന്നു എന്ന് അപ്പോൾ ഏലിക്കു ബോധ്യമായി. 9 അതിനാൽ ഏലി ശമുവേലിനോട്, “പോയി കിടന്നുകൊള്ളൂ. ഇനിയും നിന്നെ വിളിക്കുന്ന ശബ്ദംകേട്ടാൽ, ‘യഹോവേ, അരുളിച്ചെയ്താലും! അടിയൻ കേൾക്കുന്നു,’ ” എന്നു പറയണമെന്നു നിർദേശിച്ചു. അതിനാൽ ശമുവേൽ പോയി വീണ്ടും സ്വസ്ഥാനത്തു കിടന്നു.
10 അപ്പോൾ യഹോവ വന്ന്, മുമ്പിലത്തേതുപോലെ ബാലന്റെ സമീപത്തുനിന്ന്, “ശമുവേലേ! ശമുവേലേ!” എന്നു വിളിച്ചു.
അപ്പോൾ ശമുവേൽ, “അരുളിച്ചെയ്യണമേ; അടിയൻ കേൾക്കുന്നു” എന്നു മറുപടി പറഞ്ഞു.
11 യഹോവ ശമുവേലിനോട് അരുളിച്ചെയ്തു: “ഇതാ, ഞാൻ ഇസ്രായേലിൽ ചില കാര്യങ്ങൾചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. അതേപ്പറ്റി കേൾക്കുന്ന ഏവരുടെയും കാതുകൾ തരിച്ചുപോകും. 12 അന്നു ഞാൻ ഏലിക്കെതിരായും അവന്റെ ഭവനത്തിനെതിരായും അരുളിച്ചെയ്തതെല്ലാം ആദ്യന്തം നിറവേറ്റും. 13 തന്റെ പുത്രന്മാർ ദൈവത്തെ നിന്ദിക്കുന്നത് അറിഞ്ഞിട്ടും അവൻ അവരെ നിയന്ത്രിക്കാത്തതുകൊണ്ട് ഞാനവന്റെ ഭവനത്തിന്മേൽ എന്നേക്കുമായി ന്യായവിധി നടത്തുമെന്നു ഞാൻ അവനോടു കൽപ്പിച്ചിരിക്കുന്നു. 14 അതിനാൽ, ‘ഏലിയുടെ ഭവനത്തിന്റെ മഹാപാതകത്തിന്, യാഗത്താലോ വഴിപാടുകളാലോ ഒരുനാളും പരിഹാരം വരികയില്ല എന്നു ഞാനിതാ ഏലിയുടെ ഭവനത്തോടു ശപഥംചെയ്തിരിക്കുന്നു.’ ”
15 ശമുവേൽ പ്രഭാതംവരെയും കിടന്നുറങ്ങി; പ്രഭാതത്തിൽ എഴുന്നേറ്റ് യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്നു. ഈ ദർശനത്തെപ്പറ്റി ഏലിയോടു പറയാൻ ബാലൻ ഭയപ്പെട്ടു. 16 എന്നാൽ ഏലി, “എന്റെ മോനേ, ശമുവേലേ” എന്നു വിളിച്ചു.
“അടിയൻ ഇതാ,” എന്നു ബാലൻ മറുപടി പറഞ്ഞു.
17 ഏലി ചോദിച്ചു: “യഹോവ നിന്നോട് എന്താണ് അരുളിച്ചെയ്തത്? അതു നീ എന്നിൽനിന്നും ഒളിക്കരുതേ! അവിടന്ന് അരുളിച്ചെയ്തതിൽ എന്തെങ്കിലും നീ എന്നിൽനിന്നും ഒളിച്ചാൽ ദൈവം നിന്നെ കഠിനമായി ശിക്ഷിക്കട്ടെ!” 18 അതിനാൽ ഒന്നും മറച്ചുവെക്കാതെ സകലതും ശമുവേൽ ഏലിയോടു തുറന്നുപറഞ്ഞു. അപ്പോൾ ഏലി: “അവിടന്ന് യഹോവയല്ലോ! അവിടത്തെ ഹിതംപോലെ ചെയ്യട്ടെ!” എന്നു പറഞ്ഞു.
19 ശമുവേൽ വളർന്നുവന്നു; യഹോവ അദ്ദേഹത്തോടുകൂടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഒന്നുംതന്നെ വ്യർഥമാകാൻ യഹോവ അനുവദിച്ചില്ല. 20 ശമുവേൽ യഹോവയുടെ പ്രവാചകനെന്ന് ദാൻമുതൽ ബേർ-ശേബാവരെയുള്ള എല്ലാ ഇസ്രായേലിലും സ്ഥിരീകരിക്കപ്പെട്ട ഒരു വസ്തുതയായിരുന്നു. 21 യഹോവ ശീലോവിൽവെച്ച് തന്റെ വചനത്തിലൂടെ ശമുവേലിന് തന്നെത്തന്നെ വെളിപ്പെടുത്തി. യഹോവ പല ആവൃത്തി ശീലോവിൽവെച്ച് അദ്ദേഹത്തിന് പ്രത്യക്ഷനായി.
ശിംശോൻ വിവാഹം കഴിക്കുകയും ഫെലിസ്ത്യരോട് പോരാടുകയും ചെയ്യുന്നു ക്രി.മു. 1136
ശിംശോന്റെ വിവാഹവും ഫെലിസ്ത്യർക്കെതിരായ അദ്ദേഹത്തിന്റെ വീരകൃത്യങ്ങളും.
1 ശിംശോൻ തിമ്നയിലേക്കുപോയി. അവിടെ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു. 2 അദ്ദേഹം മടങ്ങിവന്നപ്പോൾ തന്റെ പിതാവിനോടും മാതാവിനോടും, “ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യയുവതിയെ കണ്ടിരിക്കുന്നു; അവളെ എനിക്കു വിവാഹംചെയ്തുതരണം” എന്ന് ആവശ്യപ്പെട്ടു.
3 അദ്ദേഹത്തിന്റെ മാതാപിതാക്കൾ, “നിന്റെ ചാർച്ചക്കാരുടെയും നമ്മുടെ ജനത്തിന്റെയും ഇടയിൽ സ്വീകാര്യയായ ഒരു സ്ത്രീയും ഇല്ലേ? ഒരു ഭാര്യയ്ക്കുവേണ്ടി നീ പരിച്ഛേദനം ഏൽക്കാത്ത ഫെലിസ്ത്യരുടെ അടുക്കൽ പോകണമോ?” എന്നു ചോദിച്ചു.
എന്നാൽ ശിംശോൻ തന്റെ പിതാവിനോട്, “അവളെ എനിക്കു തരിക; എനിക്ക് അവൾ അനുയോജ്യയാണ്” എന്നു പറഞ്ഞു. 4 ഇത് യഹോവയാൽ സംഭവിച്ചു എന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഗ്രഹിച്ചില്ല; ആ കാലത്ത് ഇസ്രായേലിനെ വാണിരുന്ന ഫെലിസ്ത്യർക്കെതിരേ യഹോവ ഒരു അവസരം കണ്ടെത്തുകയായിരുന്നു.
5 ശിംശോൻ തന്റെ മാതാപിതാക്കളുമൊത്ത് തിമ്നയിലേക്കുപോയി. തിമ്നയ്ക്കരികെയുള്ള മുന്തിരിത്തോപ്പുകൾക്ക് അടുത്ത് എത്തിയപ്പോൾ ഒരു സിംഹക്കുട്ടി അലറിക്കൊണ്ട് അദ്ദേഹത്തിനുനേരേ വന്നു. 6 അപ്പോൾ യഹോവയുടെ ആത്മാവ് ശക്തിയോടെ അദ്ദേഹത്തിന്റെമേൽ വന്നു; ആയുധം ഒന്നും കൂടാതെതന്നെ കൈകൊണ്ട്, ഒരു ആട്ടിൻകുട്ടിയെ എന്നപോലെ, അദ്ദേഹം അതിനെ കീറിക്കളഞ്ഞു. താൻ ചെയ്തത് പിതാവിനെയും മാതാവിനെയും അറിയിച്ചില്ല. 7 ശിംശോൻ ആ സ്ത്രീയോടു സംസാരിച്ചു; അവളെ അദ്ദേഹത്തിന് ഇഷ്ടമായി.
8 കുറച്ചുനാൾ കഴിഞ്ഞ് അദ്ദേഹം അവളെ വിവാഹംകഴിക്കാൻ അവിടേക്കു മടങ്ങിവരുമ്പോൾ സിംഹത്തിന്റെ ഉടൽ കാണേണ്ടതിന് വഴിമാറിച്ചെന്നു നോക്കിയപ്പോൾ, അതാ സിംഹത്തിന്റെ ഉടലിനുള്ളിൽ ഒരു തേനീച്ചക്കൂട്ടവും തേനും. 9 അത് അദ്ദേഹം കൈകൊണ്ട് അടർത്തിയെടുത്തു തിന്നുകൊണ്ട് പിതാവിന്റെയും മാതാവിന്റെയും അടുക്കൽ ചെന്ന് അവർക്കും കൊടുത്തു; അവരും തിന്നു. എന്നാൽ സിംഹത്തിന്റെ ഉടലിൽനിന്നാണ് ആ തേൻ എടുത്തതെന്ന് അദ്ദേഹം അവരോടു പറഞ്ഞില്ല.
10 ശിംശോന്റെ പിതാവ് ആ സ്ത്രീയുടെ വീട്ടിൽച്ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്നു നടത്തി. മണവാളന്മാർ അങ്ങനെ ചെയ്യുക പതിവായിരുന്നു. 11 അദ്ദേഹത്തിന് അകമ്പടിയായി ആരുംതന്നെയില്ല എന്നുകണ്ടപ്പോൾ, അവർ മുപ്പത് വിവാഹത്തോഴന്മാരെ തെരഞ്ഞെടുത്ത് അദ്ദേഹത്തിനു നൽകി.
12 ശിംശോൻ അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോട് ഒരു കടങ്കഥ പറയാം; വിരുന്നിന്റെ ഏഴുദിവസത്തിനകം നിങ്ങൾ ഉത്തരം പറഞ്ഞാൽ ഞാൻ നിങ്ങൾക്കു മുപ്പത് പരുത്തിനൂൽവസ്ത്രവും മുപ്പത് വിശേഷവസ്ത്രവും നൽകാം. 13 ഉത്തരം പറയാത്തപക്ഷം നിങ്ങൾ എനിക്കു മുപ്പത് പരുത്തിനൂൽവസ്ത്രവും മുപ്പത് വിശേഷവസ്ത്രവും തരണം.”
“നിന്റെ കടം പറയുക; ഞങ്ങൾ കേൾക്കട്ടെ,” എന്ന് അവർ പറഞ്ഞു.
14 ശിംശോൻ അവരോട്,
“ഭോക്താവിൽനിന്നു ഭോജനവും;
ശക്തനിൽനിന്നു മാധുര്യവും പുറപ്പെട്ടു” എന്നു പറഞ്ഞു.
മൂന്നു ദിവസമായിട്ടും ഉത്തരം പറയാൻ അവർക്കു കഴിഞ്ഞില്ല.
15 ഏഴാം ദിവസം അവർ ശിംശോന്റെ ഭാര്യയോടു പറഞ്ഞു: “നിന്റെ ഭർത്താവിനെ സ്വാധീനിച്ച് കടങ്കഥയുടെ ഉത്തരം ഞങ്ങൾക്കു പറഞ്ഞുതരുന്നില്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ കുടുംബത്തെയും തീവെച്ച് ചുട്ടുകളയും; ഞങ്ങളെ കൊള്ളയടിക്കാനാണോ നിങ്ങൾ ഞങ്ങളെ ക്ഷണിച്ചത്?”
16 ശിംശോന്റെ ഭാര്യ അദ്ദേഹത്തിന്റെ മുന്നിൽവീണു കരഞ്ഞു: “താങ്കൾ എന്നെ യഥാർഥമായി സ്നേഹിക്കുന്നില്ല, എന്നോടു വെറുപ്പാണ്. എന്റെ ആളുകളോട് താങ്കൾ പറഞ്ഞ കടങ്കഥയുടെ ഉത്തരം എനിക്കു പറഞ്ഞുതന്നില്ലല്ലോ” എന്നു പറഞ്ഞു.
അദ്ദേഹം അവളോട്: “എന്റെ പിതാവിനും മാതാവിനുംപോലും ഞാനതു പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ ഞാൻ നിനക്കു പറഞ്ഞുതരുമോ?” എന്നു ചോദിച്ചു. 17 വിരുന്നിന്റെ ഏഴുദിവസവും അദ്ദേഹത്തെ തുടർച്ചയായി അസഹ്യപ്പെടുത്തുകയാൽ, അദ്ദേഹം ഏഴാംദിവസം അവൾക്ക് അതു പറഞ്ഞുകൊടുത്തു; അവൾ അത് തന്റെ ആളുകൾക്കു പറഞ്ഞുകൊടുത്തു.
18 ഏഴാംദിവസം സൂര്യാസ്തമയത്തിനുമുമ്പ് പട്ടണനിവാസികൾ വന്ന് അദ്ദേഹത്തോടു പറഞ്ഞു:
“തേനിനെക്കാൾ മാധുര്യമുള്ളത് എന്ത്?
സിംഹത്തെക്കാൾ കരുത്തുള്ളത് എന്ത്?”
അതിനുത്തരമായി ശിംശോൻ അവരോട്,
“നിങ്ങൾ എന്റെ പശുക്കിടാവിനെ കെട്ടി ഉഴുതില്ലായിരുന്നെങ്കിൽ,
എന്റെ കടങ്കഥയ്ക്ക് ഉത്തരം പറയുകയില്ലായിരുന്നു” എന്നു പറഞ്ഞു.
19 പിന്നെ, യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ ശക്തിയോടെ വന്നു; അദ്ദേഹം അസ്കലോനിൽചെന്ന് മുപ്പതുപേരെ കൊന്ന് അവരെ കൊള്ളയടിച്ച് അവരുടെ വസ്ത്രം കൊണ്ടുവന്ന് കടങ്കഥയ്ക്ക് ഉത്തരം നൽകിയവർക്കു കൊടുത്തു. കോപാകുലനായ അദ്ദേഹം തന്റെ പിതാവിന്റെ ഭവനത്തിലേക്കു മടങ്ങിപ്പോയി. 20 അതിനുശേഷം ശിംശോന്റെ ഭാര്യ അദ്ദേഹത്തിന്റെ വിവാഹത്തോഴന്മാരിൽ ഒരാൾക്കു ഭാര്യയായിത്തീർന്നു.