ശമുവേലിന്റെ ജനനം

ക്രി.മു. 1155

Biblica® Open Malayalam Contemporary Version™ (OMCV)

1 ശമുവേൽ 1:1–2:21

1 എഫ്രയീംമലനാട്ടിലെ രാമാഥയീം സോഫീമിൽ എൽക്കാനാ എന്നു പേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹം യെരോഹാമിന്റെ മകനായിരുന്നു. യെരോഹാം എലീഹൂവിന്റെ മകൻ, എലീഹൂ തോഹൂവിന്റെ മകൻ, തോഹൂ എഫ്രയീമ്യനായ സൂഫിന്റെ മകൻ. 2 എൽക്കാനായ്ക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു; ഹന്നായും പെനിന്നായും. പെനിന്നായ്ക്കു മക്കൾ ഉണ്ടായിരുന്നു, എന്നാൽ ഹന്നായ്ക്കു മക്കൾ ഉണ്ടായിരുന്നില്ല.

3 എൽക്കാനാ വർഷംതോറും സൈന്യങ്ങളുടെ യഹോവയെ ആരാധിക്കുന്നതിനും അവിടത്തേക്ക് യാഗം അർപ്പിക്കുന്നതിനുമായി തന്റെ നഗരത്തിൽനിന്നു ശീലോവിലേക്കു പോകുമായിരുന്നു. അവിടെ ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും യഹോവയുടെ പുരോഹിതന്മാരായി ഉണ്ടായിരുന്നു. 4 എൽക്കാനായ്ക്കു യാഗം കഴിക്കാനുള്ള ദിവസം വരുമ്പോഴൊക്കെ അദ്ദേഹം, പെനിന്നായ്ക്കും അവളുടെ പുത്രന്മാർക്കും പുത്രിമാർക്കും യാഗം അർപ്പിച്ചതിനുശേഷമുള്ള മാംസത്തിന്റെ ഓഹരി കൊടുത്തിരുന്നു. 5 എന്നാൽ ഹന്നായ്ക്ക്—അദ്ദേഹം അവളെ സ്നേഹിച്ചിരുന്നതുകൊണ്ട്—ഇരട്ടി ഓഹരി നൽകിയിരുന്നു. യഹോവ അവളുടെ ഗർഭം അടച്ചിരുന്നു. 6 യഹോവ ഹന്നായുടെ ഗർഭം അടച്ചുകളഞ്ഞതിനാൽ അവളോട് പോരെടുത്തിരുന്ന പെനിന്ന, അവളെ പ്രകോപിപ്പിക്കുകയും ശുണ്ഠിപിടിപ്പിക്കുകയും ചെയ്തുവന്നു. 7 ഇങ്ങനെ എല്ലാവർഷവും സംഭവിച്ചിരുന്നു. ഹന്നാ യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോഴെല്ലാം പെനിന്നാ അവളെ പ്രകോപിപ്പിച്ചിരുന്നു. അതിനാൽ അവൾ കരയുകയും പട്ടിണികിടക്കുകയും ചെയ്തിരുന്നു. 8 എൽക്കാനാ അവളോട്: “ഹന്നേ, നീയെന്തിനു കരയുന്നു? എന്തിനു പട്ടിണികിടക്കുന്നു? നീ ദുഃഖിക്കുന്നതെന്തിന്? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നല്ലവനല്ലയോ?” എന്നു പറയുമായിരുന്നു.

9 ഒരിക്കൽ അവർ ശീലോവിൽവെച്ചു ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തുകഴിഞ്ഞപ്പോൾ ഹന്നാ എഴുന്നേറ്റുപോയി. അപ്പോൾ പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതിൽപ്പടിയുടെ സമീപത്ത് ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്നു. 10 ഹന്നാ വളരെ ഹൃദയഭാരത്തോടെ യഹോവയോടു കരഞ്ഞു പ്രാർഥിച്ചു. 11 അവൾ ഒരു നേർച്ച നേർന്നു: “സൈന്യങ്ങളുടെ യഹോവേ, അങ്ങ് ഈ ദാസിയുടെ മനോവ്യഥ കണ്ടറിയണമേ! എന്നെ ഓർക്കണമേ! അവിടത്തെ ദാസിയായ അടിയനെ മറക്കാതെ അങ്ങ് എനിക്കൊരു മകനെ നൽകുമെങ്കിൽ ഞാൻ അവനെ അവന്റെ ജീവിതകാലംമുഴുവൻ യഹോവയ്ക്കായി സമർപ്പിച്ചുകൊള്ളാം. അവന്റെ തലയിൽ ഒരുനാളും ക്ഷൗരക്കത്തി തൊടുവിക്കുകയുമില്ല.”

12 അവൾ യഹോവയുടെ സന്നിധിയിൽ തുടർന്നു പ്രാർഥിച്ചുകൊണ്ടിരുന്നു. ഏലി അവളുടെ അധരങ്ങളുടെ ചലനം സൂക്ഷിച്ചുനോക്കി. 13 ഹന്നാ ഹൃദയത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നതിനാൽ അവളുടെ ചുണ്ടുകൾ ചലിച്ചുകൊണ്ടിരുന്നെങ്കിലും ശബ്ദം പുറത്തു വന്നിരുന്നില്ല. അതിനാൽ ലഹരിപിടിച്ച ഒരു സ്ത്രീയാണവൾ എന്ന് ഏലിക്കു തോന്നി. 14 അതുകൊണ്ട് അദ്ദേഹം അവളോട്: “നീ എത്രനാൾ ഇങ്ങനെ ലഹരിയിൽ കഴിയും? നിന്റെ വീഞ്ഞ് ഉപേക്ഷിക്കുക” എന്നു പറഞ്ഞു.

15 “അങ്ങനെയല്ല യജമാനനേ,” ഹന്നാ ഉത്തരം പറഞ്ഞു, “വളരെയേറെ മനോവ്യഥ അനുഭവിക്കുന്ന ഒരു സ്ത്രീയാണു ഞാൻ. വീഞ്ഞോ ലഹരിപാനീയമോ ഞാൻ കുടിച്ചിട്ടില്ല; യഹോവയുടെമുമ്പാകെ എന്റെ ഹൃദയം പകരുകമാത്രമാണ് ഞാൻ ചെയ്തത്. 16 അങ്ങയുടെ ഈ ദാസിയെ ഒരു നീചസ്ത്രീയായി കാണരുതേ! എന്റെ അതിവേദനയും തീവ്രദുഃഖവുംമൂലം ഞാൻ പ്രാർഥിക്കുകയായിരുന്നു.”

17 ഏലി അവളോട്: “സമാധാനത്തോടെ പോകുക; ഇസ്രായേലിന്റെ ദൈവമായ യഹോവ നിന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകുമാറാകട്ടെ.”

18 “അങ്ങയുടെ ഈ ദാസി അങ്ങയുടെ കൃപാകടാക്ഷത്തിനു പാത്രമാകട്ടെ,” എന്നു പറഞ്ഞുകൊണ്ട് ഹന്നാ അവിടെനിന്നു പോയി. അവൾ ഭക്ഷണം കഴിച്ചു; പിന്നീടൊരിക്കലും അവളുടെ മുഖം വാടിയില്ല.

19 പിറ്റേദിവസം അതിരാവിലെ എൽക്കാനായും കുടുംബവും എഴുന്നേറ്റ് യഹോവയുടെമുമ്പാകെ ആരാധന കഴിച്ചതിനുശേഷം രാമായിലുള്ള തങ്ങളുടെ വീട്ടിലേക്കു തിരിച്ചുപോയി. എൽക്കാനാ ഹന്നായെ അറിഞ്ഞു; യഹോവ അവളെ ഓർത്തു. 20 അങ്ങനെ താമസംവിനാ ഹന്നാ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. “ഞാൻ അവനെ യഹോവയോടു ചോദിച്ചുവാങ്ങി,” എന്നു പറഞ്ഞുകൊണ്ട് അവൾ പൈതലിനു ശമുവേൽ എന്നു പേരിട്ടു.

21 അടുത്തവർഷം എൽക്കാനാ കുടുംബസമേതം യഹോവയ്ക്കു വർഷംതോറുമുള്ള യാഗം അർപ്പിക്കുന്നതിനും തന്റെ നേർച്ചകൾ നിറവേറ്റുന്നതിനുമായി പോയി. 22 എന്നാൽ ഹന്നാ അവരുടെകൂടെ പോയില്ല. അവൾ ഭർത്താവിനോട്, “കുഞ്ഞിന്റെ മുലകുടി മാറട്ടെ. അപ്പോൾ ഞാനവനെ യഹോവയുടെ തിരുമുമ്പിൽ കൊണ്ടുചെന്ന് സമർപ്പിക്കും; അവൻ സ്ഥിരമായി അവിടെത്തന്നെ താമസിക്കും.”

23 അവളുടെ ഭർത്താവായ എൽക്കാനാ അവളോട്: “നിനക്ക് യുക്തമെന്നു തോന്നുന്നതു ചെയ്യുക; കുഞ്ഞിന്റെ മുലകുടിമാറുംവരെ ഇവിടെ പാർക്കുക. യഹോവ തന്റെ വചനം നിറവേറ്റട്ടെ!” എന്നു പറഞ്ഞു. അങ്ങനെ അവൾ വീട്ടിൽ താമസിച്ച്, കുഞ്ഞിന്റെ മുലകുടിമാറുംവരെ അവനെ മുലയൂട്ടിവളർത്തി.

24 പൈതലിന്റെ മുലകുടി മാറിയപ്പോൾ ഹന്നാ മൂന്നുവയസ്സുള്ള ഒരു കാളക്കിടാവ്, ഒരു ഏഫാ ധാന്യമാവ്, ഒരു തുരുത്തി വീഞ്ഞ് ഇവയെടുത്ത്, കുഞ്ഞിനെയുംകൂട്ടി ശീലോവിൽ യഹോവയുടെ ആലയത്തിൽ ചെന്നു. പൈതൽ നന്നേ ചെറുപ്പമായിരുന്നു. 25 അവർ കാളക്കിടാവിനെ യാഗമർപ്പിച്ചു; അതിനുശേഷം ബാലനെ ഏലിയുടെമുമ്പിൽ കൊണ്ടുവന്നു. 26 അവൾ അദ്ദേഹത്തോടു പറഞ്ഞു: “പ്രഭോ, ക്ഷമിക്കണമേ, യജമാനനാണെ, അങ്ങയുടെ സമീപത്തുനിന്ന് യഹോവയോടു പ്രാർഥിച്ച സ്ത്രീയാണു ഞാൻ. 27 ഞാൻ ഈ ബാലനുവേണ്ടി യഹോവയോടു പ്രാർഥിച്ചു; ഞാൻ പ്രാർഥിച്ചത് യഹോവ എനിക്കു നൽകിയിരിക്കുന്നു. 28 അതിനാൽ ഇവനെ ഞാനിപ്പോൾ യഹോവയ്ക്കു സമർപ്പിക്കുന്നു. അവന്റെ ജീവിതകാലംമുഴുവൻ അവൻ യഹോവയ്ക്കു സമർപ്പിക്കപ്പെട്ടവനായിരിക്കും.” അവർ അവിടെ യഹോവയെ ആരാധിച്ചു.

2:1 ഈ സംഭവത്തിനുശേഷം ഹന്നാ ഇപ്രകാരം പ്രാർഥിച്ചു:

“എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു;

എന്റെ കൊമ്പ് യഹോവയിൽ ഉയർന്നിരിക്കുന്നു.

എന്റെ അധരങ്ങൾ എന്റെ ശത്രുക്കൾക്കെതിരേ പ്രശംസിക്കുന്നു,

കാരണം ഞാൻ അങ്ങയുടെ രക്ഷയിൽ ആഹ്ലാദിക്കുന്നു.

2 “യഹോവയെപ്പോലെ പരിശുദ്ധൻ ആരുമില്ല;

അങ്ങയെപ്പോലെ വേറാരുമില്ല!

നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയില്ല.

3 “അഹന്തയോടെ ഇനിയും നിങ്ങൾ സംസാരിക്കരുത്!

നിങ്ങളുടെ അധരം അഹങ്കാരം ഉരിയാടാതിരിക്കട്ടെ!

കാരണം യഹോവ സർവജ്ഞനായ ദൈവമാകുന്നു;

അവിടന്ന് പ്രവൃത്തികളെ തൂക്കിനോക്കുന്നു.

4 “വീരന്മാരുടെ വില്ല് ഒടിഞ്ഞുപോയി;

കാലിടറിയവരോ, ബലം ധരിച്ചിരിക്കുന്നു.

5 സുഭിക്ഷതയിലിരുന്നവർ ആഹാരത്തിനായി കൂലിപ്പണിക്കുപോകുന്നു;

എന്നാൽ വിശന്നലഞ്ഞിരുന്നവർ സംതൃപ്തരായിരിക്കുന്നു.

വന്ധ്യയായിരുന്നവൾ ഏഴുമക്കളെ പ്രസവിക്കുന്നു;

എന്നാൽ പുത്രസമ്പന്ന വാടിത്തളരുന്നു.

6 “യഹോവ ജീവൻ എടുക്കുകയും ജീവൻ നൽകുകയുംചെയ്യുന്നു.

അവിടന്ന് പാതാളത്തിലേക്ക് താഴ്ത്തുകയും കരകയറ്റുകയുംചെയ്യുന്നു.

7 ദാരിദ്ര്യവും സമ്പത്തും നൽകുന്നത് യഹോവതന്നെ;

താഴ്ത്തുന്നതും ഉയർത്തുന്നതും അവിടന്നുതന്നെ.

8 അവിടന്ന് ദരിദ്രരെ പൊടിയിൽനിന്ന് ഉയർത്തുന്നു

എളിയവരെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്യുന്നു;

അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ ഇരുത്തുന്നു

മഹിമയുടെ സിംഹാസനത്തിന് അവരെ അവകാശികളാക്കുന്നു.

“ഭൂമിയുടെ അടിസ്ഥാനങ്ങൾ യഹോവയുടേതാണ്;

അവയുടെമേൽ അവിടന്ന് ഭൂതലത്തെ ഉറപ്പിച്ചിരിക്കുന്നു.

9 തന്റെ വിശ്വസ്തസേവകരുടെ കാലടികളെ അവിടന്ന് കാക്കുന്നു,

എന്നാൽ ദുഷ്ടർ അന്ധകാരത്തിൽ നിശ്ശബ്ദരായിപ്പോകുന്നു.

“ശക്തിയാൽ ആരും ജയിക്കുന്നില്ല;

10 യഹോവയോട് എതിർക്കുന്നവർ തകർന്നുപോകുന്നു.

പരമോന്നതൻ അവർക്കെതിരേ ആകാശത്തുനിന്ന് ഇടിമുഴക്കുന്നു;

യഹോവ അഖിലാണ്ഡത്തിന്റെ അതിർത്തികളെ ന്യായംവിധിക്കുന്നു.

“അവിടന്നു തന്റെ രാജാവിനു ശക്തി നൽകുകയും

തന്റെ അഭിഷിക്തന്റെ കൊമ്പ് ഉയർത്തുകയും ചെയ്യുന്നു.”

11 തുടർന്ന് എൽക്കാനാ രാമായിലുള്ള തന്റെ ഭവനത്തിലേക്കു പോയി. ബാലനായ ശമുവേലോ പുരോഹിതനായ ഏലിയുടെ കീഴിൽ യഹോവയ്ക്കു ശുശ്രൂഷ ചെയ്തുപോന്നു.

12 ഏലിയുടെ പുത്രന്മാർ യഹോവയെ ആദരിക്കാത്ത ആഭാസന്മാർ ആയിരുന്നു. 13 അന്ന് ജനങ്ങളുടെനേരേ ഈ പുരോഹിതന്മാർ പെരുമാറിയ വിധം ഇപ്രകാരമായിരുന്നു: ആരെങ്കിലും ഒരു യാഗം കഴിക്കാൻ വന്നാൽ, മാംസം വേവിക്കുന്ന സമയത്ത് കൈയിൽ ഒരു മുപ്പല്ലിയുമായി പുരോഹിതന്റെ സേവകൻ വരും; 14 ചട്ടിയിലോ ഉരുളിയിലോ കുട്ടകത്തിലോ കലത്തിലോ അയാൾ മുപ്പല്ലി കുത്തിത്താഴ്ത്തും; ആ മുപ്പല്ലിയിൽ പിടിച്ച മാംസം എത്രയായിരുന്നോ അത് പുരോഹിതൻ തനിക്കായി എടുക്കും. ശീലോവിലേക്കു വന്നിരുന്ന എല്ലാ ഇസ്രായേല്യരോടും അവർ ഇപ്രകാരമാണ് പെരുമാറിയിരുന്നത്. 15 മേദസ്സു ഹോമിക്കുന്ന സമയത്തുപോലും പുരോഹിതന്റെ സേവകൻ വന്ന് യാഗമർപ്പിക്കുന്ന വ്യക്തിയോട്: “പുരോഹിതനു വറുക്കുന്നതിനായി മാംസം തരിക; അദ്ദേഹം നിങ്ങളിൽനിന്ന് വേവിച്ച മാംസം സ്വീകരിക്കുകയില്ല; അതിനാൽ പച്ചയായിത്തന്നെ തരിക” എന്നു പറയും.

16 “മേദസ്സു ഹോമിച്ചു കഴിയട്ടെ! അതു കഴിഞ്ഞു നിങ്ങൾക്കിഷ്ടമുള്ളത് എടുക്കാമല്ലോ” എന്ന് ആ മനുഷ്യൻ പറഞ്ഞാൽ ഉടൻതന്നെ സേവകൻ ഇങ്ങനെ മറുപടി പറയും: “അതുപോരാ! അതിപ്പോൾത്തന്നെ തരിക; അല്ലെങ്കിൽ ഞാൻ അതു ബലമായിത്തന്നെ എടുക്കും.”

17 ഇങ്ങനെ യഹോവയ്ക്കുവേണ്ടി അർപ്പിക്കുന്ന യാഗങ്ങളുടെനേരേ ആ ചെറുപ്പക്കാർ അവജ്ഞയോടെയാണ് പെരുമാറിയിരുന്നത്. അതിനാൽ അവരുടെ പാപം യഹോവയുടെ ദൃഷ്ടിയിൽ വളരെ വലുതായിത്തീർന്നു.

18 എന്നാൽ ശമുവേൽ എന്ന ബാലൻ മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദ് ധരിച്ച് യഹോവയുടെമുമ്പാകെ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. 19 എല്ലാവർഷവും അവന്റെ അമ്മ അവനുവേണ്ടി ഓരോ ചെറിയ ഉടുപ്പുണ്ടാക്കിക്കുകയും ഭർത്താവിനോടൊത്ത് വാർഷികയാഗത്തിനായി വരുമ്പോൾ അത് അവനു കൊടുക്കുകയും ചെയ്യുമായിരുന്നു. 20 ഏലി എൽക്കാനായെയും അദ്ദേഹത്തിന്റെ ഭാര്യയെയും അനുഗ്രഹിച്ച് ഇപ്രകാരം പറഞ്ഞിരുന്നു: “ഇവൾ പ്രാർഥിക്കുകയും, യഹോവയ്ക്കായി സമർപ്പിക്കുകയും ചെയ്ത പുത്രന്റെ സ്ഥാനത്ത് ദൈവം നിനക്ക് ഈ സ്ത്രീയിൽ മക്കളെ നൽകട്ടെ!” അതിനുശേഷം അവർ സ്വന്തം ഭവനത്തിലേക്കു മടങ്ങി. 21 യഹോവ ഹന്നായോടു കരുണ കാണിച്ചു. അവൾ മൂന്നു പുത്രന്മാർക്കും രണ്ടു പുത്രിമാർക്കും ജന്മംനൽകി. ഇതിനിടയിൽ ശമുവേൽ ബാലൻ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു.