ശിംശോൻ വിവാഹം കഴിക്കുകയും ഫെലിസ്ത്യരോട് പോരാടുകയും ചെയ്യുന്നു (continued)

ശിംശോന്റെ വിവാഹവും ഫെലിസ്ത്യർക്കെതിരായ അദ്ദേഹത്തിന്റെ വീരകൃത്യങ്ങളും.

ക്രി.മു. 1136

Biblica® Open Malayalam Contemporary Version™ (OMCV)

ന്യായാധിപന്മാർ 15:1–19

1 കുറെക്കാലം കഴിഞ്ഞിട്ട്, ഗോതമ്പുകൊയ്ത്തുകാലത്ത് ശിംശോൻ ഒരു കോലാട്ടിൻകുട്ടിയുമായി തന്റെ ഭാര്യയെ സന്ദർശിക്കാൻപോയി. അദ്ദേഹം, “ശയനമുറിയിൽ എന്റെ ഭാര്യയുടെ അടുക്കൽ ഞാൻ ചെല്ലട്ടെ,” എന്ന് അവളുടെ പിതാവിനോട് പറഞ്ഞു. പക്ഷേ, അവളുടെ പിതാവ് അദ്ദേഹത്തെ അതിനു സമ്മതിച്ചില്ല.

2 “നിനക്ക് അവളിൽ അനിഷ്ടമായിരുന്നു എന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് അവളെ നിന്റെ വിവാഹത്തോഴന്മാരിൽ ഒരാൾക്കു കൊടുത്തു; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയല്ലേ? മറ്റവൾക്കു പകരം നീ ഇവളെ സ്വീകരിക്കുക,” എന്നു പറഞ്ഞു.

3 ശിംശോൻ പറഞ്ഞു: “ഇപ്പോൾ ഫെലിസ്ത്യരോട് എന്തെങ്കിലും ചെയ്താൽ ഞാൻ കുറ്റക്കാരനല്ല; ഞാൻ അവരോട് പകരംവീട്ടും.” 4 ശിംശോൻ പോയി മുന്നൂറ് കുറുക്കന്മാരെ പിടിച്ച് ഈരണ്ടെണ്ണത്തിനെ വാലോടുവാൽ ചേർത്തുവെച്ച് വാലിനിടയിൽ ഓരോ പന്തം വെച്ചുകെട്ടി. 5 പന്തത്തിനു തീകൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്കു വിട്ടു. വിളഞ്ഞുനിന്നവയും കൊയ്ത കറ്റയും മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും എല്ലാം ശിംശോൻ അഗ്നിക്കിരയാക്കി.

6 “ആരാണ് ഇതു ചെയ്തത്?” ഫെലിസ്ത്യർ അന്വേഷിച്ചു. “തിമ്നക്കാരന്റെ മരുമകൻ ശിംശോൻ; അദ്ദേഹത്തിന്റെ ഭാര്യയെ തന്റെ വിവാഹത്തോഴനു കൊടുത്തതുകൊണ്ട്” എന്ന് അവർക്ക് അറിവുകിട്ടി.

അപ്പോൾ ഫെലിസ്ത്യർ ചെന്ന് അവളെയും അവളുടെ പിതാവിനെയും തീവെച്ചു ചുട്ടുകളഞ്ഞു. 7 അപ്പോൾ ശിംശോൻ അവരോട്, “നിങ്ങൾ ഈ വിധം ചെയ്തതുകൊണ്ട് ഞാൻ നിങ്ങളോടു പ്രതികാരംചെയ്യാതെ വിടുകയില്ല” എന്നു പറഞ്ഞു. 8 അവരെ കഠിനമായി മർദിച്ച് അവരിൽ അനേകരെ കൊന്നുകളഞ്ഞു. പിന്നെ അദ്ദേഹം ഏതാംപാറയിലെ ഒരു ഗുഹയിൽചെന്നു പാർത്തു.

9 എന്നാൽ ഫെലിസ്ത്യർ വന്ന് യെഹൂദ്യയിൽ പാളയമിറങ്ങി; ലേഹിക്കു സമീപം നിരന്നു. 10 “നിങ്ങൾ എന്തിന് ഞങ്ങളോടു യുദ്ധത്തിനുവന്നു?” എന്ന് യെഹൂദ്യർ ചോദിച്ചു.

“ശിംശോൻ ഞങ്ങളോടു പ്രവർത്തിച്ചതുപോലെ അയാളോടും ചെയ്യേണ്ടതിന്, അവനെ പിടിച്ചുകെട്ടാനാണ് ഞങ്ങൾ വന്നിരിക്കുന്നത്,” എന്ന് അവർ ഉത്തരം പറഞ്ഞു.

11 അപ്പോൾ യെഹൂദ്യയിൽനിന്ന് മൂവായിരംപേർ ഏതാംപാറയിലെ ഗുഹയിൽചെന്ന് ശിംശോനോട് പറഞ്ഞു: “ഫെലിസ്ത്യരാണ് നമ്മെ ഭരിക്കുന്നതെന്ന് താങ്കൾ അറിയുന്നില്ലേ? താങ്കൾ ഇങ്ങനെ ചെയ്തതെന്ത്?” എന്നു ചോദിച്ചു.

“അവർ എന്നോടു ചെയ്തതുപോലെ ഞാൻ അവരോടും ചെയ്തു,” അദ്ദേഹം അവരോടു പറഞ്ഞു.

12 അവർ ശിംശോനോട്, “നിന്നെ പിടിച്ചുകെട്ടി ഫെലിസ്ത്യരുടെ കൈയിൽ ഏൽപ്പിക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്” എന്നു പറഞ്ഞു.

ശിംശോൻ അവരോടു പറഞ്ഞു: “നിങ്ങൾതന്നെ എന്നെ കൊല്ലുകയില്ല എന്ന് എന്നോട് സത്യം ചെയ്യണം.”

13 “ഇല്ല; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കൈയിൽ ഏൽപ്പിക്കുകയേയുള്ളൂ,” എന്ന് അവർ പറഞ്ഞു. അങ്ങനെ അവർ പുതിയ കയർകൊണ്ട് അവനെ ബന്ധിച്ച് ഗുഹയിൽനിന്നു കൊണ്ടുപോയി. 14 അയാൾ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അയാളെ കണ്ട് ആർത്തുവിളിച്ചു. അപ്പോൾ യഹോവയുടെ ആത്മാവ് ശക്തിയോടെ അദ്ദേഹത്തിന്റെമേൽ വന്നു. അദ്ദേഹത്തിന്റെ കൈയിൽ ബന്ധിച്ചിരുന്ന കയർ തീകൊണ്ടു കരിഞ്ഞ് ചണനൂൽപോലെയായി; കെട്ടുകൾ ദ്രവിച്ചുപോയി. 15 ഒരു കഴുതയുടെ പച്ചത്താടിയെല്ല് കണ്ട് അയാൾ കൈയിലെടുത്തു; അതുകൊണ്ട് ആയിരംപേരെ കൊന്ന് രണ്ടുകൂനകളായി കൂട്ടി.

16 “കഴുതയുടെ താടിയെല്ലുകൊണ്ട്

കുന്ന് ഒന്ന്, കുന്ന് രണ്ട്;

കഴുതയുടെ താടിയെല്ലുകൊണ്ട്

ഞാൻ ആയിരംപേരെ കൊന്നു.”

എന്നു ശിംശോൻ പറഞ്ഞു. 17 ഇതു പറഞ്ഞിട്ട്, അദ്ദേഹം ആ താടിയെല്ല് കൈയിൽനിന്ന് ദൂരെയെറിഞ്ഞു; ആ സ്ഥലത്തിന് രാമത്-ലേഹി എന്നു പേരായി.

18 പിന്നെ ശിംശോന് വളരെ ദാഹിച്ചു, അദ്ദേഹം യഹോവയോടു നിലവിളിച്ചു: “അടിയന്റെ കൈയാൽ ഈ മഹാജയം അവിടന്ന് നൽകിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ട് മരിക്കണമോ പരിച്ഛേദനം ഏൽക്കാത്തവരുടെ കൈയിൽ വീഴണമോ?” എന്നു ചോദിച്ചു. 19 അപ്പോൾ ദൈവം ലേഹിയിൽ പൊള്ളയായ ഒരു സ്ഥലം പിളർന്നു. അവിടെനിന്നു വെള്ളം പുറപ്പെട്ടു; ശിംശോൻ കുടിച്ചു ചൈതന്യം പ്രാപിച്ചു. അതുകൊണ്ട് ആ സ്ഥലത്തിന് എൻ-ഹക്കോരെ എന്നു പേരായി. അത് ഇന്നും ലേഹിയിലുണ്ട്.

ഏലിയുടെ അടുക്കലേക്ക് ഒരു പ്രവാചകൻ അയയ്ക്കപ്പെടുന്നു ക്രി.മു. 1117

1 ശമുവേൽ 2:22–36

22 വളരെ വൃദ്ധനായ ഏലി തന്റെ പുത്രന്മാർ ഇസ്രായേൽജനത്തോട് ചെയ്തിരുന്ന എല്ലാ തിന്മകളെപ്പറ്റിയും കേട്ടു. സമാഗമകൂടാരവാതിൽക്കൽ ജോലി ചെയ്തിരുന്ന സ്ത്രീകളോടൊത്ത് അവർ കിടക്കപങ്കിടുന്ന വിവരവും അദ്ദേഹം അറിഞ്ഞു. 23 അദ്ദേഹം അവരെ വിളിച്ച് ഈ വിധം പറഞ്ഞു: “നിങ്ങൾ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്ത്? നിങ്ങളുടെ ഈ ദുഷ്‌പ്രവൃത്തികളെപ്പറ്റി ജനങ്ങളെല്ലാം പറയുന്നത് ഞാൻ കേൾക്കുന്നു. 24 അങ്ങനെ അരുത്. എന്റെ മക്കളേ, യഹോവയുടെ ജനത്തിന്റെ ഇടയിൽ നിങ്ങളെപ്പറ്റി പരന്നിരിക്കുന്നതായി ഞാൻ കേൾക്കുന്ന വാർത്ത നല്ലതല്ല. 25 ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോടു പാപംചെയ്താൽ ദൈവം അയാൾക്കുവേണ്ടി മധ്യസ്ഥത വഹിക്കും; എന്നാൽ ഒരു മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ? അവർക്കുവേണ്ടി മധ്യസ്ഥതവഹിക്കാൻ ആരാണുള്ളത്?” എന്നാൽ അവർ തങ്ങളുടെ പിതാവിന്റെ ശാസന വകവെച്ചില്ല, കാരണം അവരെ മരണത്തിന് ഏൽപ്പിക്കുക എന്നതു ദൈവനിർണയമായിരുന്നു.

26 ബാലനായ ശമുവേൽ വളരുന്തോറും യഹോവയുടെയും മനുഷ്യരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു.

27 ഒരു ദിവസം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ പൂർവികരായ ഇസ്രായേല്യർ ഈജിപ്റ്റിൽ ഫറവോന്റെ അടിമത്തത്തിലായിരുന്നപ്പോൾ ഞാൻ അവർക്ക് എന്നെത്തന്നെ വ്യക്തമായി വെളിപ്പെടുത്തിയില്ലേ? 28 എനിക്കു പുരോഹിതനായിരിക്കുന്നതിനും എന്റെ യാഗപീഠത്തിലേക്ക് അടുത്തുവരുന്നതിനും ധൂപവർഗം കത്തിക്കുന്നതിനും എന്റെ സന്നിധിയിൽ ഏഫോദു ധരിക്കുന്നതിനുംവേണ്ടി ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഞാൻ നിന്റെ പൂർവികരെ തെരഞ്ഞെടുത്തു. ഇസ്രായേൽമക്കൾ അഗ്നിയിലൂടെ അർപ്പിക്കുന്ന സകലനിവേദ്യങ്ങളും ഞാൻ നിന്റെ പൂർവികരുടെ കുടുംബങ്ങൾക്കു നൽകി. 29 എന്റെ തിരുനിവാസത്തിൽ ഞാൻ കൽപ്പിച്ചിട്ടുള്ള എന്റെ യാഗങ്ങളും വഴിപാടുകളും നിങ്ങൾ അവഹേളിക്കുന്നതെന്ത്? എന്റെ ജനമായ ഇസ്രായേൽ അർപ്പിക്കുന്ന വഴിപാടുകളിലെ വിശിഷ്ടഭാഗങ്ങൾകൊണ്ട് നിങ്ങൾ നിങ്ങളെത്തന്നെ കൊഴുപ്പിക്കുകയും അങ്ങനെ നീ എന്നെക്കാൾ കൂടുതലായി നിന്റെ മക്കളെ ആദരിക്കുകയും ചെയ്യുന്നതെന്ത്?’

30 “അതിനാൽ ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്നേക്കും എന്റെമുമ്പാകെ ശുശ്രൂഷ ചെയ്യുമെന്നു ഞാൻ വാഗ്ദാനം ചെയ്തിരുന്നു, നിശ്ചയം.’ എന്നാൽ ഇപ്പോൾ ഞാൻ പ്രഖ്യാപിക്കുന്നു: ‘അങ്ങനെയൊന്ന് ഇനിയും എന്നിൽനിന്ന് ഉണ്ടാകാതിരിക്കട്ടെ. എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും, എന്നാൽ എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും. 31 നിന്റെ കുടുംബത്തിൽ വാർധക്യത്തിലെത്തിയ ഒരു വ്യക്തിപോലും ഉണ്ടായിരിക്കാത്തവിധം ഞാൻ നിന്റെ ബലവും നിന്റെ പിതൃഭവനത്തിലെ ബലവും ക്ഷയിപ്പിക്കുന്ന നാൾ ഇതാ വരുന്നു! 32 ദൈവം ഇസ്രായേലിനു നൽകുന്ന എല്ലാ നന്മകളും നീ എന്റെ തിരുനിവാസത്തിൽ അസൂയയോടെ നോക്കിക്കാണും. നിന്റെ കുടുംബത്തിൽ ഒരുനാളും ആരും വാർധക്യത്തോളം എത്തുകയില്ല. 33 കണ്ണുനീരുകൊണ്ടു നിന്റെ കണ്ണു കുരുടാക്കാനും ദുഃഖംകൊണ്ടു നിന്റെ ഹൃദയം ഉരുക്കാനുംവേണ്ടി നിന്റെ ഭവനത്തിൽ ഒരുത്തനെ ഞാൻ എന്റെ യാഗപീഠത്തിൽനിന്നും ഛേദിച്ചുകളയാതെ അവശേഷിപ്പിക്കും. നിന്റെ ഭവനത്തിൽ ജനിക്കുന്ന മക്കളെല്ലാം ജീവിതത്തിലെ നിറഞ്ഞ യൗവനത്തിൽ മരിക്കും.

34 “ ‘നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിനും സംഭവിക്കുന്നത് നിനക്കൊരു ചിഹ്നമായിരിക്കും. അവരിരുവരും ഒരേദിവസം മരിക്കും. 35 എന്നാൽ ഞാൻ എനിക്കുവേണ്ടി വിശ്വസ്തനായൊരു പുരോഹിതനെ ഉയർത്തും. എന്റെ മനസ്സിലും ഹൃദയത്തിലും ഉള്ളതിന് അനുസൃതമായി അവൻ പ്രവർത്തിക്കും. ഞാനവന്റെ ഭവനത്തെ സ്ഥിരമായി സ്ഥാപിക്കും. അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം ശുശ്രൂഷചെയ്യും. 36 അങ്ങനെ നിന്റെ കുടുംബനിരയിൽ അവശേഷിക്കുന്നവരിൽ ഓരോരുത്തരും ഒരു വെള്ളിക്കാശിനും ഒരപ്പത്തിനുംവേണ്ടി അവന്റെ മുമ്പിൽ ചെന്നു വണങ്ങി, “എന്റെ വിശപ്പു ശമിപ്പിക്കാനുള്ള വല്ല വകയും കിട്ടത്തക്കവണ്ണം പൗരോഹിത്യകർമത്തിലെ ഏതെങ്കിലുമൊരു ജോലിക്ക് എന്നെ നിയോഗിക്കണമേ” ’ എന്നു പറഞ്ഞ് അവന്റെ മുമ്പാകെ യാചിക്കും.”