ശിംശോന്റെ മരണം
ശിംശോന്റെ മരണവും മറ്റു കാര്യങ്ങളും.
ക്രി.മു. 1117
Biblica® Open Malayalam Contemporary Version™ (OMCV)
1 ഒരു ദിവസം ശിംശോൻ ഗസ്സായിലേക്കുപോയി അവിടെ ഒരു വേശ്യയെ കണ്ടുമുട്ടി, ആ രാത്രി അവളോടൊപ്പം ചെലവഴിക്കുന്നതിനുവേണ്ടിപ്പോയി. 2 “ശിംശോൻ ഇവിടെ വന്നിരിക്കുന്നു!” എന്നു ഗസ്സായിലുള്ളവർക്ക് അറിവുകിട്ടി; അവർ അവിടം വളഞ്ഞു. അദ്ദേഹത്തെ പിടിക്കാൻ ആ രാത്രിമുഴുവൻ നഗരകവാടത്തിൽ പതിയിരുന്നു. “നേരം വെളുക്കുമ്പോൾ നമുക്ക് അയാളെ കൊല്ലാം,” എന്നു പറഞ്ഞ് രാത്രിമുഴുവനും അവർ അനങ്ങാതിരുന്നു.
3 എന്നാൽ ശിംശോൻ അവിടെ അർധരാത്രിവരെമാത്രം കിടന്നശേഷം, എഴുന്നേറ്റ് പട്ടണകവാടത്തിന്റെ കതകുകൾ കട്ടിളക്കാൽ രണ്ടുംകൂടെ പറിച്ചെടുത്ത്, വെവ്വേറെയാക്കി തോളിൽവെച്ച് ഹെബ്രോനുനേരേയുള്ള മലമുകളിലേക്കു കൊണ്ടുപോയി.
4 ചില നാളുകൾക്കുശേഷം സോരേക് താഴ്വരയിൽ ദലീല എന്നു പേരുള്ള ഒരു സ്ത്രീയുമായി അദ്ദേഹം സ്നേഹത്തിലായി. 5 ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുത്തുചെന്ന്, “നീ അയാളെ വശീകരിച്ച് അയാളുടെ മഹാശക്തി ഏതിൽനിന്ന് എന്ന് ഗ്രഹിച്ച്, ഞങ്ങൾക്ക് അയാളെ പിടിച്ചുകെട്ടി കീഴടക്കാൻ എങ്ങനെ സാധിക്കും എന്നു മനസ്സിലാക്കണം. എങ്കിൽ ഞങ്ങൾ ഓരോരുത്തരും നിനക്ക് ആയിരത്തി ഒരുനൂറു ശേക്കേൽ വെള്ളിവീതം തരാം” എന്നു പറഞ്ഞു.
6 അങ്ങനെ ദലീല ശിംശോനോടു ചോദിച്ചു: “അങ്ങയുടെ മഹാശക്തിയുടെ രഹസ്യമെന്താണ്? അങ്ങയെ എങ്ങനെ ബന്ധിച്ച് കീഴടക്കാം എന്നു ദയവായി എന്നോടു പറയുക.”
7 ശിംശോൻ മറുപടി പറഞ്ഞു: “ഉണങ്ങാത്ത പുതിയ ഏഴു ഞാണുകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ മറ്റുമനുഷ്യരെപ്പോലെ ആകും.”
8 ഫെലിസ്ത്യപ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പുതിയ ഞാൺ കൊണ്ടുവന്ന് അവൾക്കുകൊടുത്തു. അവൾ അവകൊണ്ട് അദ്ദേഹത്തെ ബന്ധിച്ചു. 9 ഉൾമുറിയിൽ അവൾ ആളുകളെ ഒളിപ്പിച്ചിരുന്നു. പിന്നെ അവൾ ശിംശോനോട് പറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” എന്നാൽ അദ്ദേഹം, തീ ചണനൂലിനെ എന്നപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു. ഇതുമൂലം അദ്ദേഹത്തിന്റെ ശക്തിയുടെ രഹസ്യം വെളിവായതുമില്ല.
10 പിന്നെ ദലീല ശിംശോനോട്, “അങ്ങ് എന്നെ കബളിപ്പിച്ചു; എന്നോടു നുണ പറഞ്ഞു; അങ്ങയെ ഏതിനാൽ കീഴടക്കാം എന്ന് ഇപ്പോൾ എനിക്ക് പറഞ്ഞുതരണം” എന്നു പറഞ്ഞു.
11 അദ്ദേഹം പറഞ്ഞു: “മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ഒരു പുതിയ കയർകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ മറ്റുള്ളവരെപ്പോലെ ആകും.”
12 ദലീല ഒരു പുതിയ കയർകൊണ്ട് അവനെ ബന്ധിച്ചു; ഉൾമുറിയിൽ പതിയിരിപ്പുകാരെ ഇരുത്തിയിട്ട് അവൾ ശിംശോനോട് പറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” എന്നാൽ അദ്ദേഹം തന്റെ കൈയിൽ കെട്ടിയിരുന്ന കയർ ഒരു നൂൽപോലെ പൊട്ടിച്ചുകളഞ്ഞു.
13 ദലീല ശിംശോനോട് പറഞ്ഞു: “ഇതുവരെ അങ്ങ് എന്നെ കബളിപ്പിച്ചു. എന്നോട് നുണ പറഞ്ഞു. അങ്ങയെ എങ്ങനെ ബന്ധിക്കാമെന്ന് എന്നോടു പറയണം.”
അദ്ദേഹം മറുപടി പറഞ്ഞു: “എന്റെ തലയിലെ ഏഴു ജട നൂൽപ്പാവിൽച്ചേർത്ത് ആണിയുറപ്പിച്ച് നെയ്താൽ ഞാൻ മറ്റുമനുഷ്യരെപ്പോലെ ബലഹീനനായിത്തീരും.” അങ്ങനെ, അദ്ദേഹം ഉറങ്ങിയപ്പോൾ ദലീല അദ്ദേഹത്തിന്റെ തലയിലെ ഏഴു ജടയെടുത്ത് 14 പാവിനോടുചേർത്തു നെയ്ത് ആണികൊണ്ട് ഉറപ്പിക്കുകയും ചെയ്തു.
വീണ്ടും അവൾ അദ്ദേഹത്തോട് വിളിച്ചുപറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” അദ്ദേഹം ഉറക്കമുണർന്ന് ആണിയും തറിയും നൂൽപ്പാവും പറിച്ചെടുത്തുകളഞ്ഞു.
15 അപ്പോൾ അവൾ അദ്ദേഹത്തോട്: “അങ്ങ് എന്നെ വിശ്വസിക്കാതെ, ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന് എന്നോട് എങ്ങനെ പറയാൻകഴിയും? ഈ മൂന്നുപ്രാവശ്യവും അങ്ങ് എന്നെ വഞ്ചിച്ചു; അങ്ങയുടെ മഹാശക്തിയുടെ രഹസ്യം ഏതിലാണ് എന്ന് എനിക്കു പറഞ്ഞുതന്നില്ലല്ലോ” എന്നു പറഞ്ഞു. 16 ഇങ്ങനെ അവൾ ദിവസംതോറും ബുന്ധിമുട്ടിച്ച് അദ്ദേഹത്തെ അസഹ്യപ്പെടുത്തി; ആ അലട്ടൽ അദ്ദേഹത്തെ, മരിച്ചാൽമതി എന്ന ചിന്തയിൽ എത്തിച്ചു.
17 അങ്ങനെ അദ്ദേഹം സകലരഹസ്യവും അവളെ അറിയിച്ചു. “ക്ഷൗരക്കത്തി എന്റെ തലയിൽ വെച്ചിട്ടില്ല; ഞാൻ ഗർഭംമുതൽ ദൈവത്തിനായി വേർതിരിക്കപ്പെട്ട നാസീർവ്രതസ്ഥനാണ്. ക്ഷൗരംചെയ്താൽ എന്റെ ബലം എന്നെ വിട്ടുപോകുകയും ഞാൻ മറ്റാരെയുംപോലെ ദുർബലനായിത്തീരുകയും ചെയ്യും.”
18 ശിംശോൻ തന്റെ സകലരഹസ്യവും തന്നെ അറിയിച്ചു എന്നു ദലീല കണ്ടപ്പോൾ, അവൾ ഫെലിസ്ത്യപ്രഭുക്കന്മാർക്ക് ആളയച്ചു: “ഇന്നു വരിക, അദ്ദേഹം സകലവും എന്നെ അറിയിച്ചിരിക്കുന്നു” എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുക്കൽവന്നു; വെള്ളിയും കൊണ്ടുവന്നിരുന്നു. 19 അവൾ അദ്ദേഹത്തെ മടിയിൽക്കിടത്തി ഉറക്കി, ഒരാളെ വിളിപ്പിച്ച് തലയിലെ ഏഴു ജടയും ക്ഷൗരംചെയ്തുനീക്കി. അങ്ങനെ അവൾ അദ്ദേഹത്തെ ഒതുക്കാൻ തുടങ്ങി; ശക്തി അദ്ദേഹത്തെ വിട്ടകന്നിരുന്നു.
20 പിന്നെ അവൾ വിളിച്ചുപറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!”
ഉടനെ അദ്ദേഹം ഉറക്കമുണർന്നു. “ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞു രക്ഷപ്പെടും” എന്നു ചിന്തിച്ചു. എന്നാൽ, യഹോവ തന്നെ വിട്ടുപോയത് അദ്ദേഹം അറിഞ്ഞതേയില്ല.
21 ഫെലിസ്ത്യർ അയാളെ പിടിച്ച് കണ്ണ് ചൂഴ്ന്നെടുത്ത് ഗസ്സായിലേക്കു കൊണ്ടുപോയി. വെങ്കലച്ചങ്ങലകൊണ്ട് ബന്ധിച്ചു കാരാഗൃഹത്തിൽ ധാന്യം പൊടിക്കാനിരുത്തി. 22 ക്ഷൗരംചെയ്തുകളഞ്ഞ തലമുടിപോലെ അദ്ദേഹത്തിന്റെ തലമുടി വീണ്ടും വളർന്നുതുടങ്ങി.
23 പിന്നീട് ഫെലിസ്ത്യപ്രഭുക്കന്മാർ തങ്ങളുടെ ദേവനായ ദാഗോന് ഒരു വലിയ ബലിയർപ്പിച്ച് ഉത്സവം ആഘോഷിക്കാൻ ഒരുമിച്ചുകൂടി, “നമ്മുടെ ശത്രുവായ ശിംശോനെ നമ്മുടെ ദേവൻ നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
24 ജനമെല്ലാം ശിംശോനെ കണ്ടപ്പോൾ തങ്ങളുടെ ദേവനെ പുകഴ്ത്തിക്കൊണ്ട് വിളിച്ചുപറഞ്ഞു:
“നമ്മുടെ ദേശം ശൂന്യമാക്കുകയും
നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത,
നമ്മുടെ ശത്രുവിനെ ഇതാ, നമ്മുടെ ദേവൻ
നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.”
25 അവർ ഇങ്ങനെ ആനന്ദത്തിലായപ്പോൾ, “നമ്മെ രസിപ്പിക്കാൻ ശിംശോനെ കൊണ്ടുവരിക” എന്നു പറഞ്ഞുകൊണ്ട് ശിംശോനെ കാരാഗൃഹത്തിൽനിന്ന് പുറത്തേക്കു കൊണ്ടുവന്നു. അയാൾ അവരുടെ മുന്നിൽ ഒരു കോമാളിയെപ്പോലെ പ്രകടനംനടത്തിക്കൊണ്ടിരുന്നു.
തൂണുകളുടെ മധ്യത്തിലായിരുന്നു അയാളെ നിർത്തിയിരുന്നത്. 26 തന്റെ കൈക്കു പിടിച്ചിരുന്ന ഭൃത്യനോട് ശിംശോൻ: “ഈ ക്ഷേത്രം ഉറപ്പിച്ചിരിക്കുന്ന തൂണുകളിൽ എന്നെ ഒന്നു തപ്പിനോക്കാൻ അനുവദിക്കുക, അപ്പോൾ എനിക്ക് അതിലൊന്നു ചാരിനിൽക്കാമല്ലോ” എന്നു പറഞ്ഞു. 27 ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകലഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു. ക്ഷേത്രത്തിന്റെ മേൽത്തട്ടിൽ പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരംപേർ ശിംശോൻ കളിക്കുന്നതു കണ്ടുകൊണ്ടിരുന്നു. 28 അപ്പോൾ ശിംശോൻ യഹോവയോടു പ്രാർഥിച്ചു: “കർത്താവായ യഹോവേ, എന്നെ ഓർക്കണമേ; ദൈവമേ, ഞാൻ എന്റെ രണ്ടുകണ്ണിനുംവേണ്ടി ഫെലിസ്ത്യരോട് പ്രതികാരംചെയ്യേണ്ടതിന് ഈ ഒരു പ്രാവശ്യംമാത്രം എനിക്കു ശക്തി നൽകണമേ.” 29 ക്ഷേത്രം താങ്ങിനിൽക്കുന്ന രണ്ട് നെടുംതൂണുകളിൽ ഒന്ന് വലങ്കൈകൊണ്ടും മറ്റേത് ഇടങ്കൈകൊണ്ടും പിടിച്ചുകൊണ്ട് ശിംശോൻ മുന്നോട്ടാഞ്ഞു. 30 “ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ!” എന്നു പറഞ്ഞുകൊണ്ട് ശിംശോൻ ശക്തിയോടെ മുന്നോട്ടു കുനിഞ്ഞു; ഉടനെ ക്ഷേത്രം തകർന്നു. അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയുംമേൽ അതു വീണു. അങ്ങനെ അദ്ദേഹം തന്റെ മരണസമയത്തു വധിച്ചവർ, ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം വധിച്ചവരെക്കാൾ അധികമായിരുന്നു.
31 ശിംശോന്റെ സഹോദരന്മാരും പിതൃഭവനക്കാരൊക്കെയും വന്ന് അദ്ദേഹത്തെ എടുത്ത് സോരായ്ക്കും എസ്തായോലിനും ഇടയ്ക്ക് അദ്ദേഹത്തിന്റെ പിതാവായ മനോഹയുടെ ശ്മശാനസ്ഥലത്ത് അടക്കംചെയ്തു. ശിംശോൻ ഇസ്രായേലിൽ ഇരുപതുവർഷം ന്യായപാലനംചെയ്തു.
20 ശിംശോൻ ഫെലിസ്ത്യരുടെ കാലത്ത് ഇരുപതുവർഷം ഇസ്രായേലിനു ന്യായപാലനംചെയ്തു.
ഏലിയുടെ മരണം ക്രി.മു. 1116
1 ശമുവേലിന്റെ വാക്കുകൾ സകല ഇസ്രായേൽദേശത്തും പ്രചരിച്ചു.
അങ്ങനെയിരിക്കെ, ഇസ്രായേല്യർ ഫെലിസ്ത്യരുമായി യുദ്ധത്തിനു പുറപ്പെട്ടു. ഇസ്രായേല്യരുടെ സൈന്യം ഏബെൻ-ഏസെരിലും ഫെലിസ്ത്യസൈന്യം അഫേക്കിലും പാളയമിറങ്ങി. 2 ഇസ്രായേലിനെ നേരിടാൻ ഫെലിസ്ത്യർ തങ്ങളുടെ സൈന്യത്തെ അണിനിരത്തി. യുദ്ധം മുറുകി; ഇസ്രായേൽ ഫെലിസ്ത്യരോടു തോറ്റു. അവർ പടക്കളത്തിൽവെച്ചുതന്നെ ഏകദേശം നാലായിരം ഇസ്രായേല്യയോദ്ധാക്കളെ വധിച്ചു. 3 പടയാളികൾ പാളയത്തിലേക്കു മടങ്ങിവന്നപ്പോൾ ഇസ്രായേല്യ ഗോത്രത്തലവന്മാർ ചോദിച്ചു: “യഹോവ ഇന്ന് ഫെലിസ്ത്യരുടെമുമ്പിൽ നമുക്കു പരാജയം വരുത്തിയത് എന്തുകൊണ്ട്? നമുക്ക് ശീലോവിൽനിന്ന് യഹോവയുടെ ഉടമ്പടിയുടെ പേടകം കൊണ്ടുവരാം; അതു നമ്മുടെ മധ്യേ പാളയത്തിലുള്ളപ്പോൾ അവിടന്ന് നമ്മെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കും.”
4 അങ്ങനെ ജനം ശീലോവിലേക്ക് പടയാളികളെ അയച്ചു; കെരൂബുകളുടെ മധ്യേ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയുടെ ഉടമ്പടിയുടെ പേടകം അവർ കൊണ്ടുവന്നു. ദൈവത്തിന്റെ ഉടമ്പടിയുടെ പേടകത്തോടൊപ്പം ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഉണ്ടായിരുന്നു.
5 യഹോവയുടെ ഉടമ്പടിയുടെ പേടകം പാളയത്തിലെത്തിയപ്പോൾ ഇസ്രായേല്യരെല്ലാം ഭൂമി കുലുങ്ങുമാറ് ഉച്ചത്തിൽ ആർത്തുവിളിച്ചു. 6 ഈ ആർപ്പുവിളിയുടെ ഘോഷം കേട്ടിട്ട്, “എബ്രായരുടെ പാളയത്തിൽ ഈ ആരവമെന്ത്?” എന്നു ഫെലിസ്ത്യർ അന്വേഷിച്ചു.
യഹോവയുടെ പേടകം ഇസ്രായേല്യരുടെ പാളയത്തിലെത്തി എന്നറിഞ്ഞപ്പോൾ 7 ഫെലിസ്ത്യർ ഭയന്നുവിറച്ചു. “ഒരു ദേവൻ പാളയത്തിലെത്തിയിരിക്കുന്നു,” അവർ പറഞ്ഞു. “നാം മഹാകഷ്ടത്തിലായിരിക്കുന്നു. മുമ്പൊരിക്കലും ഇതുപോലെ സംഭവിച്ചിട്ടില്ല. 8 നമുക്ക് അയ്യോ കഷ്ടം! ഈ ശക്തിയുള്ള ദൈവത്തിന്റെ കൈയിൽനിന്നു നമ്മെ ആർ വിടുവിക്കും? മരുഭൂമിയിൽവെച്ച് സകലവിധ മഹാമാരികളാലും ഈജിപ്റ്റുകാരെ തകർത്ത ദൈവം ഇതുതന്നെ. 9 ഫെലിസ്ത്യരേ, ധീരരായിരിക്കുക! പൗരുഷം കാണിക്കുക. അല്ലെങ്കിൽ അവർ നിങ്ങൾക്ക് അടിമകളായിരുന്നതുപോലെ, നിങ്ങൾ എബ്രായർക്ക് അടിമകളായിത്തീരും. അതിനാൽ പൗരുഷം കാണിച്ചു പൊരുതുക!”
10 അങ്ങനെ ഫെലിസ്ത്യർ പൊരുതി; ഇസ്രായേല്യർ പരാജിതരായി ഓരോരുത്തനും അവരവരുടെ കൂടാരത്തിലേക്കു പലായനംചെയ്തു. അന്നു നടന്ന കൂട്ടക്കുരുതി ഭയാനകമായിരുന്നു. ഇസ്രായേല്യർക്ക് തങ്ങളുടെ കാലാൾപ്പടയിൽ മുപ്പതിനായിരംപേർ നഷ്ടമായി. 11 ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ഫെലിസ്ത്യർ പിടിച്ചെടുത്തു. ഏലിയുടെ രണ്ടു മക്കൾ, ഹൊഫ്നിയും ഫീനെഹാസും, വധിക്കപ്പെട്ടു.
12 അന്നുതന്നെ ബെന്യാമീൻഗോത്രജനായ ഒരാൾ പടക്കളത്തിൽനിന്നു തന്റെ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട്, ശീലോവിലേക്ക് ഓടിയെത്തി. 13 അയാൾ വന്നെത്തുമ്പോൾ ഏലി തന്റെ ഇരിപ്പിടത്തിൽ വഴിയോരത്ത് വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കാരണം അദ്ദേഹത്തിന്റെ ഹൃദയം ദൈവത്തിന്റെ പേടകത്തിന്റെ കാര്യമോർത്ത് വ്യാകുലപ്പെട്ടിരുന്നു. ആ മനുഷ്യൻ നഗരത്തിലെത്തി സംഭവിച്ച കാര്യങ്ങൾ അറിയിച്ചതോടെ നഗരവാസികൾ ഒന്നടങ്കം മുറവിളിയിട്ടു കരഞ്ഞു.
14 ഏലി ആ നിലവിളി കേട്ടപ്പോൾ, “ഈ ആരവത്തിന്റെ അർഥമെന്താണ്?” എന്നു ചോദിച്ചു.
ആ മനുഷ്യൻ അതിവേഗം ഏലിയുടെ സമീപത്തെത്തി. 15 അദ്ദേഹം തൊണ്ണൂറ്റിയെട്ടു വയസ്സുള്ളവനും ഒന്നും കാണാൻ കഴിയാത്തവിധം കാഴ്ച മങ്ങിയവനുമായിരുന്നു. 16 അയാൾ ഏലിയോട്, “ഞാൻ യുദ്ധമുന്നണിയിൽനിന്ന് വരികയാണ്. ഇന്നാണ് ഞാൻ അവിടെനിന്നു രക്ഷപ്പെട്ടോടിയത്” എന്നറിയിച്ചു.
“എന്റെ മകനേ, എന്താണ് സംഭവിച്ചത്?” ഏലി ചോദിച്ചു.
17 വാർത്തയുമായി ഓടിയെത്തിയ മനുഷ്യൻ, “ഇസ്രായേൽ ഫെലിസ്ത്യരുടെമുമ്പിൽനിന്നു തോറ്റോടി. നമ്മുടെ സൈന്യത്തിന് കനത്ത നഷ്ടം ഏൽക്കേണ്ടിവന്നു. അങ്ങയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു. ദൈവത്തിന്റെ പേടകവും ശത്രുക്കൾ പിടിച്ചെടുത്തു” എന്നറിയിച്ചു.
18 ദൈവത്തിന്റെ പേടകത്തിന്റെ കാര്യം ആ മനുഷ്യൻ പറഞ്ഞപ്പോൾത്തന്നെ ഏലി തന്റെ ഇരിപ്പിടത്തിൽനിന്നും പിറകോട്ടു മറിഞ്ഞ് കവാടത്തിനരികെ വീണ് കഴുത്തൊടിഞ്ഞു മരിച്ചു. അദ്ദേഹം വൃദ്ധനായിരുന്നു; വളരെയധികം വണ്ണവും ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഏലി നാൽപ്പതു വർഷക്കാലം ഇസ്രായേലിനെ ന്യായപാലനംചെയ്തിരുന്നു.
19 അദ്ദേഹത്തിന്റെ മരുമകളായ ഫീനെഹാസിന്റെ ഭാര്യ ഗർഭിണിയും പ്രസവസമയം അടുത്തിരുന്നവളും ആയിരുന്നു. ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തെന്നും തന്റെ അമ്മായിയപ്പനും ഭർത്താവും മരിച്ചു എന്നുമുള്ള വാർത്ത കേട്ടപ്പോൾ അവൾക്ക് പ്രസവവേദനയുണ്ടായി, ഒരു പൈതലിനു ജന്മംനൽകി. എന്നാൽ ആ കഠിനവേദന അവളെ മരണത്തിന് കീഴ്പ്പെടുത്തി. 20 അവൾ അന്ത്യശ്വാസം വലിക്കുമ്പോൾ അവൾക്ക് പ്രസവശുശ്രൂഷ നൽകിയിരുന്ന സ്ത്രീ പറഞ്ഞു: “നിരാശപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചിരിക്കുന്നു!” എന്നാൽ അവൾ ഉത്തരമൊന്നും പറഞ്ഞില്ല; ആ വാക്കുകൾ ശ്രദ്ധിച്ചതുമില്ല.
21 “മഹത്ത്വം ഇസ്രായേലിൽനിന്നു പൊയ്പ്പോയിരിക്കുന്നു,” എന്നു പറഞ്ഞുകൊണ്ട് അവൾ ആ പൈതലിന് ഈഖാബോദ് എന്നു പേരിട്ടു. ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തതിനാലും അവളുടെ അമ്മായിയപ്പനും ഭർത്താവും മരിച്ചതിനാലും ആണ് അവൾ ഈ വിധം പറഞ്ഞത്. 22 അവൾ വീണ്ടും, “ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തതിനാൽ മഹത്ത്വം ഇസ്രായേലിൽനിന്ന് പൊയ്പ്പോയിരിക്കുന്നു” എന്നു പറഞ്ഞു.