ഭാഗം 7: ശലോമോന്റെ പാപം

ക്രി.മു. 980 മുതൽ 975 വരെ

Biblica® Open Malayalam Contemporary Version™ (OMCV)

1 രാജാക്കന്മാർ 11:1–14

1 ശലോമോൻരാജാവ് വിദേശികളായ അനേകം സ്ത്രീകളെ സ്നേഹിച്ചിരുന്നു. ഫറവോന്റെ മകളെക്കൂടാതെ മോവാബ്യരും അമ്മോന്യരും ഏദോമ്യരും സീദോന്യരും ഹിത്യരുമായ അനേകം സ്ത്രീകളെയും അദ്ദേഹം സ്നേഹിച്ചു. 2 “നിങ്ങൾ അവരുമായി മിശ്രവിവാഹബന്ധത്തിൽ ഏർപ്പെടരുത്; അവർക്കു നിങ്ങളോടും വിവാഹബന്ധം അരുത്; അവർ നിങ്ങളുടെ ഹൃദയം തങ്ങളുടെ ദേവന്മാരിലേക്കു നിശ്ചയമായും തിരിച്ചുകളയും,” എന്ന് ഏതു ജനതകളെക്കുറിച്ച് യഹോവ ഇസ്രായേലിനോട് അരുളിച്ചെയ്തിരുന്നോ, അതേ ജനതകളിൽപ്പെട്ടവരായിരുന്നു ഈ സ്ത്രീകൾ. എന്നിട്ടും, ശലോമോൻ അവരെ ഗാഢമായി പ്രേമിച്ചു. 3 അദ്ദേഹത്തിന്, രാജ്ഞിമാരായ 700 ഭാര്യമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു. ഭാര്യമാർ അദ്ദേഹത്തിന്റെ ഹൃദയം വശീകരിച്ചുകളഞ്ഞു. 4 ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അദ്ദേഹത്തിന്റെ ഹൃദയം അന്യദേവന്മാരിലേക്കു വ്യതിചലിപ്പിച്ചു. തന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അദ്ദേഹത്തിന്റെ ഹൃദയം ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല. 5 സീദോന്യരുടെ ദേവിയായ അസ്തരോത്തിനെയും അമ്മോന്യരുടെ മ്ലേച്ഛദേവനായ മോലെക്കിനെയും അദ്ദേഹം സേവിച്ചു. 6 അങ്ങനെ, ശലോമോൻ യഹോവയ്ക്ക് അനിഷ്ടമായതു പ്രവർത്തിച്ചു. തന്റെ പിതാവായ ദാവീദിനെപ്പോലെ അദ്ദേഹം യഹോവയെ പരിപൂർണമായി അനുസരിച്ചില്ല.

7 ശലോമോൻ ജെറുശലേമിനു കിഴക്കുഭാഗത്തുള്ള ഒരു മലയിൽ മോവാബ്യരുടെ മ്ലേച്ഛദേവനായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛദേവനായ മോലെക്കിനുംവേണ്ടി ഓരോ പൂജാഗിരി പണിയിച്ചു. 8 തന്റെ വിദേശീയരായ എല്ലാ ഭാര്യമാർക്കുവേണ്ടിയും ശലോമോൻ ഇപ്രകാരം ചെയ്തുകൊടുത്തു. അവർ അവിടെ തങ്ങളുടെ ദേവന്മാർക്കു ധൂപാർച്ചന നടത്തുകയും ബലികൾ അർപ്പിക്കുകയും ചെയ്തുപോന്നു.

9 തനിക്കു രണ്ടുപ്രാവശ്യം പ്രത്യക്ഷനായ ഇസ്രായേലിന്റെ ദൈവമായ യഹോവയിൽനിന്ന് തന്റെ ഹൃദയം വ്യതിചലിച്ചതുമൂലം യഹോവ ശലോമോനോടു കോപിച്ചു. 10 അന്യദേവന്മാരെ അനുഗമിക്കരുതെന്ന് യഹോവ ശലോമോനോട് കൽപ്പിച്ചിരുന്നു; എങ്കിലും അദ്ദേഹം യഹോവയുടെ കൽപ്പന അനുസരിച്ചില്ല. 11 അതുകൊണ്ട്, യഹോവ ശലോമോനോട് അരുളിച്ചെയ്തു: “നിന്റെ മനോഗതം ഇവ്വിധമാകുകയാലും ഞാൻ നിന്നോടു കൽപ്പിച്ച എന്റെ ഉടമ്പടിയും ഉത്തരവുകളും നീ പാലിക്കാതെയിരിക്കുകയാലും ഞാൻ തീർച്ചയായും രാജ്യം നിന്റെ പക്കൽനിന്ന് പറിച്ചെടുത്ത് നിന്റെ ഭൃത്യന്മാരിൽ ഒരുവനു നൽകും. 12 എങ്കിലും, നിന്റെ പിതാവായ ദാവീദിനെ വിചാരിച്ച്, ഞാൻ നിന്റെ ആയുഷ്കാലത്ത് ഇതു പ്രവർത്തിക്കുകയില്ല; നിന്റെ പുത്രന്റെ കൈയിൽനിന്ന് ഞാൻ രാജ്യം പറിച്ചെടുത്തുകളയും. 13 പക്ഷേ, രാജ്യംമുഴുവനായും ഞാൻ അവനിൽനിന്നു നീക്കിക്കളയുകയില്ല; എന്റെ ദാസനായ ദാവീദിനെയും ഞാൻ തെരഞ്ഞെടുത്ത ജെറുശലേമിനെയും വിചാരിച്ച് ഒരു ഗോത്രത്തെ നിന്റെ പുത്രനു നൽകും.”

14 ഏദോം രാജകുടുംബത്തിലെ അംഗവും ഏദോമ്യനുമായ ഹദദിനെ യഹോവ ശലോമോനെതിരായി എഴുന്നേൽപ്പിച്ചു.

1 രാജാക്കന്മാർ 11:23–40

23 എല്യാദാവിന്റെ പുത്രനായ രെസോൻ എന്ന മറ്റൊരു പ്രതിയോഗിയെയും ദൈവം ശലോമോനെതിരായി എഴുന്നേൽപ്പിച്ചു. സോബാരാജാവും തന്റെ യജമാനനുമായ ഹദദേസറിന്റെ അടുക്കൽനിന്ന് ഓടിപ്പോയ ആളായിരുന്നു രെസോൻ. 24 അയാൾ വിപ്ളവകാരികളുടെ ഒരു സംഘത്തെ രൂപവൽക്കരിച്ച് അതിന്റെ നേതാവായിത്തീർന്നു. ദാവീദ് സോബാസൈന്യത്തെ സംഹരിച്ചശേഷമാണിതു സംഭവിച്ചത്. അവർ ദമസ്കോസിലേക്കു കടക്കുകയും അവിടെ അനുയായികൾ രെസോനെ രാജാവാക്കുകയും ചെയ്തു. 25 ശലോമോന്റെ ജീവിതകാലംമുഴുവനും രെസോൻ ഇസ്രായേലുമായി ശത്രുതയിലായിരുന്നു. ഹദദും ഇസ്രായേലിനെതിരായി ഉപദ്രവങ്ങൾ ചെയ്തു. രെസോൻ ഇസ്രായേലിനോടു ശത്രുതപുലർത്തുകയും അരാമിൽ രാജാവായി തുടരുകയും ചെയ്തുവന്നു.

26 നെബാത്തിന്റെ മകനും ശലോമോന്റെ ഉദ്യോഗസ്ഥരിൽ ഒരുവനുമായ യൊരോബെയാമും ശലോമോനെതിരേ വിപ്ളവം ഉണ്ടാക്കി. അദ്ദേഹം സെരേദായിൽനിന്നുള്ള ഒരു എഫ്രയീമ്യൻ ആയിരുന്നു. സെരൂയ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്.

27 അദ്ദേഹം ശലോമോനെതിരേ വിപ്ളവത്തിനു തിരിഞ്ഞതിന്റെ കാരണം ഇതായിരുന്നു: ശലോമോൻ മുകൾത്തട്ടുകൾ നിർമിച്ച് തന്റെ പിതാവായ ദാവീദിന്റെ നഗരത്തിന്റെ കേടുപാടുകൾ തീർത്തു. 28 യൊരോബെയാം അതിസമർഥനായ ഒരു യുവാവായിരുന്നു. അദ്ദേഹം അധ്വാനിയും പരിശ്രമശാലിയുമാണെന്നും തന്റെ ജോലികൾ എത്ര ഭംഗിയായി നിർവഹിക്കുന്നു എന്നും കണ്ടപ്പോൾ യോസേഫിന്റെ ഗോത്രങ്ങളിൽനിന്നുള്ള ജോലിക്കാരുടെടെ മുഴുവൻ ചുമതലയും ശലോമോൻ അദ്ദേഹത്തെ ഏൽപ്പിച്ചു.

29 അക്കാലത്ത്, ഒരിക്കൽ യൊരോബെയാം ജെറുശലേമിൽനിന്നു പുറത്തേക്കു പോകുമ്പോൾ ശീലോന്യനായ അഹീയാപ്രവാചകൻ അദ്ദേഹത്തെ വഴിയിൽവെച്ചു കണ്ടുമുട്ടി. അഹീയാപ്രവാചകൻ ഒരു പുതിയ അങ്കിയാണു ധരിച്ചിരുന്നത്. അവരിരുവരുംമാത്രമേ നഗരത്തിനു വെളിയിൽ ആ ഗ്രാമപ്രദേശത്ത് ഉണ്ടായിരുന്നുള്ളൂ. 30 അഹീയാവ് താൻ ധരിച്ചിരുന്ന പുതിയ അങ്കിയെടുത്തു കീറി അതിനെ പന്ത്രണ്ടു കഷണങ്ങളാക്കി. 31 പിന്നെ അദ്ദേഹം യൊരോബെയാമിനോടു പറഞ്ഞതു: “പത്തു കഷണങ്ങൾ നീ എടുത്തുകൊള്ളുക: കാരണം ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നത് ഇപ്രകാരമാണ്: ‘നോക്കുക! ഞാൻ ശലോമോന്റെ കൈയിൽനിന്ന് രാജ്യം വേർപെടുത്താൻ പോകുന്നു. പത്തു ഗോത്രം ഞാൻ നിനക്കു തരുന്നു. 32 എന്നാൽ എന്റെ ദാസനായ ദാവീദിനെ ഓർത്തും ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നുമായി ഞാൻ തെരഞ്ഞെടുത്ത ജെറുശലേം നഗരത്തെക്കരുതിയും ഒരു ഗോത്രം അവനു നൽകും. 33 അവർ എന്നെ ഉപേക്ഷിച്ചു; സീദോന്യരുടെ ദേവിയായ അസ്തരോത്തിനെയും മോവാബ്യരുടെ ദേവനായ കെമോശിനെയും അമ്മോന്യരുടെ ദേവനായ മോലെക്കിനെയും ആരാധിച്ചു; അവർ എന്നെ അനുസരിച്ചു ജീവിച്ചില്ല; എന്റെ ദൃഷ്ടിയിൽ നീതിയായുള്ളത് അവർ ചെയ്തില്ല; ശലോമോന്റെ പിതാവായ ദാവീദ് എന്റെ ഉത്തരവുകളും നിയമങ്ങളും പ്രമാണിച്ചതുപോലെ അവർ പ്രമാണിച്ചതുമില്ല; അതിനാൽ ഞാനിതു ചെയ്യും.

34 “ ‘എന്നാൽ രാജ്യംമുഴുവനും ശലോമോന്റെ കൈയിൽനിന്നു ഞാൻ എടുത്തുകളയുകയില്ല. ഞാൻ തെരഞ്ഞെടുത്തവനും എന്റെ കൽപ്പനകളും ഉത്തരവുകളും പ്രമാണിച്ചവനുമായ എന്റെ ദാസനായ ദാവീദിനെ കരുതി അവന്റെ ആയുഷ്കാലം മുഴുവൻ ഞാൻ അവനെ ഭരണം നടത്താൻ അനുവദിക്കും. 35 അവന്റെ മകന്റെ കൈയിൽനിന്നു ഞാൻ രാജ്യം എടുത്തുകളയുകയും പത്തു ഗോത്രങ്ങൾ ഞാൻ നിനക്കു നൽകുകയും ചെയ്യും. 36 എങ്കിലും, എന്റെ നാമം സ്ഥാപിക്കാൻവേണ്ടി ഞാൻ തെരഞ്ഞെടുത്ത നഗരമായ ജെറുശലേമിൽ എന്റെമുമ്പാകെ, എന്റെ ദാസനായ ദാവീദിന് ഒരു വിളക്ക് എന്നേക്കും ഉണ്ടായിരിക്കുന്നതിനായി ഞാൻ ഒരു ഗോത്രം അവന്റെ പുത്രനു നൽകും. 37 ഞാൻ നിന്നെ തെരഞ്ഞെടുക്കും. നിന്റെ ഹൃദയാഭിലാഷംപോലെ നീ ഭരണംനടത്തും; നീ ഇസ്രായേലിനു രാജാവായിരിക്കും. 38 ഞാൻ നിന്നോടു കൽപ്പിക്കുന്നതെല്ലാം നീ ചെയ്യുകയും, എന്നെ അനുസരിച്ച് ജീവിക്കുകയും എന്റെ ദാസനായ ദാവീദ് ചെയ്തതുപോലെ എന്റെ ഉത്തരവുകളും കൽപ്പനകളും പ്രമാണിച്ചുകൊണ്ട് എന്റെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിക്കുകയും ചെയ്യുന്നപക്ഷം ഞാൻ നിന്നോടുകൂടെ ഇരിക്കും; ഞാൻ ദാവീദിനുവേണ്ടി പണിതതുപോലെ നിനക്കുവേണ്ടിയും സ്ഥിരമായ ഒരു രാജവംശം പണിയും; ഞാൻ ഇസ്രായേലിനെ നിനക്കു നൽകുകയും ചെയ്യും. 39 ഇതുമൂലം ഞാൻ ദാവീദിന്റെ സന്തതിയെ താഴ്ത്തും; എന്നാൽ അത് എന്നേക്കുമായിട്ടല്ലതാനും.’ ”

40 ഇക്കാരണത്താൽ, ശലോമോൻ യൊരോബെയാമിനെ കൊല്ലുന്നതിനു ശ്രമിച്ചു; പക്ഷേ, യൊരോബെയാം ഈജിപ്റ്റിൽ ശീശക്ക് രാജാവിന്റെ അടുക്കലേക്ക് ഓടിപ്പോയി. ശലോമോന്റെ മരണംവരെ അദ്ദേഹം അവിടെ താമസിച്ചു.

സഭാപ്രസംഗി 1

1 ജെറുശലേം രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രസംഗിയുടെ വാക്കുകൾ:

2 “അർഥശൂന്യം! അർഥശൂന്യം!”

സഭാപ്രസംഗി പറയുന്നു.

“നിശ്ശേഷം അർഥശൂന്യം!

സകലതും അർഥശൂന്യമാകുന്നു.”

3 സൂര്യനുകീഴിൽ അധ്വാനിക്കുന്ന മനുഷ്യൻ

തന്റെ പ്രയത്നത്തിൽനിന്നും എന്തു നേടുന്നു?

4 തലമുറകൾ വരുന്നു, തലമുറകൾ പോകുന്നു;

എന്നാൽ ഭൂമി ശാശ്വതമായി നിലനിൽക്കുന്നു.

5 സൂര്യൻ ഉദിക്കുകയും സൂര്യൻ അസ്തമിക്കുകയും ചെയ്യുന്നു,

അത് അതിന്റെ ഉദയസ്ഥാനത്തേക്കു ദ്രുതഗതിയിൽ മടങ്ങിപ്പോകുകയും ചെയ്യുന്നു.

6 കാറ്റ് തെക്കോട്ട് വീശുന്നു,

വടക്കോട്ടത് തിരിഞ്ഞുകറങ്ങുന്നു;

നിരന്തരം തന്റെ ഗതി ആവർത്തിച്ച്

ചുറ്റിച്ചുറ്റി കറങ്ങുന്നു.

7 എല്ലാ നീരൊഴുക്കുകളും സമുദ്രത്തിലേക്കൊഴുകുന്നു,

എന്നിട്ടും സമുദ്രമൊരിക്കലും നിറയുന്നില്ല.

അരുവികൾ എവിടെനിന്ന് ആരംഭിച്ചുവോ

അവിടേക്കുതന്നെ അവ പിന്നെയും മടങ്ങിപ്പോകുന്നു.

8 എല്ലാ വസ്തുതകളും ക്ലേശഭരിതമാണ്,

അത് ഒരാൾക്ക് വർണിക്കാവുന്നതിലുമധികം.

കണ്ടിട്ടു കണ്ണിന് മതിവരികയോ

കേട്ടിട്ടു ചെവിക്ക് തൃപ്തിവരികയോ ചെയ്യുന്നില്ല.

9 ഒരിക്കൽ ഉണ്ടായിരുന്നതു പിന്നെയും ഉണ്ടാകും,

മുൻകാലചെയ്തികൾ പിന്നെയും ആവർത്തിക്കും;

സൂര്യനുകീഴിൽ പുതിയതായി ഒന്നുംതന്നെയില്ല.

10 ഏതിനെയെങ്കിലും ചൂണ്ടി ആർക്കെങ്കിലും പറയാൻ കഴിയുമോ,

“നോക്കൂ! ഇതു തികച്ചും പുത്തനായ ഒന്നാണ്?”

പണ്ടുപണ്ടേ ഇത് ഇവിടെ ഉണ്ടായിരുന്നു;

നമ്മുടെ കാലത്തിനുമുമ്പുതന്നെ ഇത് ഇവിടെ ഉണ്ടായിരുന്നു.

11 പോയ തലമുറയെക്കുറിച്ച് ആരും ഓർക്കുന്നില്ല,

വരാനിരിക്കുന്ന തലമുറയെ,

അവരുടെ പിന്നാലെ വരുന്നവരും

സ്മരിക്കുന്നില്ല.

12 സഭാപ്രസംഗിയായ ഞാൻ ജെറുശലേമിൽ ഇസ്രായേലിന്റെ രാജാവായിരുന്നു. 13 ആകാശത്തിനു കീഴിലുള്ള പ്രയത്നങ്ങളെല്ലാം പഠിക്കുന്നതിനും ജ്ഞാനത്തോടെ അപഗ്രഥിക്കുന്നതിനും ഞാൻ ബദ്ധശ്രദ്ധനായിരുന്നു. മാനവരാശിയുടെമേൽ ദൈവം എത്ര ഭീമയായ ഭാരമാണ് വെച്ചിരിക്കുന്നത്! 14 സൂര്യനുകീഴിൽ നിറവേറ്റപ്പെടുന്ന എല്ലാം ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം അർഥശൂന്യമാണ്; കാറ്റിനുപിന്നാലെയുള്ള ഓട്ടമാണ്.

15 വളഞ്ഞതിനെ നേരേയാക്കാൻ സാധിക്കുകയില്ല;

ഇല്ലാത്തത് എണ്ണിത്തിട്ടപ്പെടുത്താനും കഴിയുകയില്ല.

16 ഞാൻ എന്നോടുതന്നെ പറഞ്ഞു: “നോക്കൂ, എനിക്കുമുമ്പേ ജെറുശലേമിൽ ഭരണം നടത്തിയ മറ്റാരെക്കാളും അധികം ജ്ഞാനത്തിൽ ഞാൻ മുന്നേറിയിരിക്കുന്നു. അവരെക്കാളധികം ജ്ഞാനവും പരിജ്ഞാനവും എന്റെ ഹൃദയം സമ്പാദിച്ചിരിക്കുന്നു.” 17 പിന്നെ ഞാൻ ജ്ഞാനം ഗ്രഹിക്കാൻ ബദ്ധശ്രദ്ധനായി, അതോടൊപ്പം മതിഭ്രമവും ഭോഷത്വവും. എന്നാൽ ഇതും കാറ്റിനുപിന്നാലെയുള്ള ഓട്ടമാണെന്ന് ഞാൻ പഠിച്ചു.

18 ജ്ഞാനം ഏറുന്നതോടെ ശോകവും ഏറുന്നു;

പരിജ്ഞാനത്തിന്റെ ആധിക്യം അധികവ്യഥയും നൽകുന്നു.