ആഗൂരിന്റെയും ലെമുവേൽ രാജാവിന്റെയും വാക്കുകൾ

ക്രി.മു. 984

Biblica® Open Malayalam Contemporary Version™ (OMCV)

സദൃശവാക്യങ്ങൾ 30–31

1 യാക്കേയുടെ പുത്രനായ ആഗൂരിന്റെ സൂക്തങ്ങൾ—ഒരു അരുളപ്പാട്.

ഈ മനുഷ്യൻ ഇഥീയേലിനോടു പ്രസ്താവിച്ചു:

“ഈഥിയേലിനോടും

ഉകാലിനോടുംതന്നെ.

2 ഞാൻ ഒരു മനുഷ്യനല്ല; നിശ്ചയമായും ഒരു അപരിഷ്കൃതൻതന്നെ

സാമാന്യബോധം എനിക്കില്ല.

3 ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല,

പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം നേടിയിട്ടുമില്ല.

4 സ്വർഗത്തിലേക്കു കയറിപ്പോകുകയും ഇറങ്ങിവരികയും ചെയ്തിട്ടുള്ളത് ആരാണ്?

കാറ്റിനെ തന്റെ മുഷ്ടിക്കുള്ളിൽ പിടിച്ചുനിർത്തുന്നത് ആരാണ്?

ആഴിയെ തന്റെ പുറങ്കുപ്പായത്തിൽ പൊതിഞ്ഞെടുത്തിട്ടുള്ളത് ആരാണ്?

അഖിലാണ്ഡത്തിന്റെ അതിർത്തികളെല്ലാം ഉറപ്പിച്ചത് ആരാണ്?

അവിടത്തെ നാമമെന്ത്? അവിടത്തെ പുത്രന്റെ നാമമെന്ത്?

പറയൂ, നിനക്കറിയുമെങ്കിൽ!

5 “ദൈവത്തിന്റെ സകലവചനവും കുറ്റമറ്റത്;

തന്നിൽ അഭയം തേടുന്നവർക്ക് അവിടന്ന് ഒരു പരിച.

6 അവിടത്തെ വചനത്തോടു യാതൊന്നും കൂട്ടിച്ചേർക്കരുത്,

അങ്ങനെയായാൽ അവിടന്ന് നിന്നെ ശാസിക്കുകയും നീ ഒരു നുണയനാണെന്നു തെളിയുകയും ചെയ്യും.

7 “യഹോവേ, രണ്ടു കാര്യം ഞാൻ അങ്ങയോടപേക്ഷിക്കുന്നു;

എന്റെ മരണത്തിനുമുമ്പേ അവ എനിക്കു ലഭ്യമാക്കണമേ.

8 കാപട്യവും വ്യാജവും എന്നിൽനിന്നു ബഹുദൂരം അകറ്റണമേ;

എനിക്കു ദാരിദ്ര്യമോ സമ്പത്തോ നൽകരുതേ!

എന്നാൽ അനുദിനാഹാരംമാത്രം നൽകണമേ.

9 അല്ലെങ്കിൽ, സമ്പത്തിന്റെ ആധിക്യംമൂലം ഞാൻ അങ്ങയെ തിരസ്കരിച്ച്,

‘യഹോവ ആരാണ്?’ എന്നു ചോദിക്കുകയോ

അല്ല, ദാരിദ്ര്യംമൂലം മോഷണംനടത്തി,

ദൈവനാമത്തിന് അപമാനം വരുത്തിവെക്കുകയോചെയ്യും.

10 “തൊഴിലാളിയെക്കുറിച്ച് അവരുടെ തൊഴിലുടമയോട് പരദൂഷണം പറയരുത്,

അങ്ങനെചെയ്താൽ അയാൾ നിങ്ങളെ ശപിക്കുകയും നിങ്ങൾ കുറ്റക്കാരായി പരിഗണിക്കപ്പെടുകയും ചെയ്യും.

11 “സ്വന്തം പിതാവിനെ ശപിക്കുകയും

മാതാവിനെ ആദരിക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്.

12 സ്വന്തം വീക്ഷണത്തിൽ തങ്ങൾ നിർമലരെന്നു കരുതുന്നവരുണ്ട്

അവർ തങ്ങളുടെ മാലിന്യം ശുദ്ധീകരിക്കാത്തവരാണ്;

13 ആ തലമുറയുടെ കണ്ണുകൾ ഗൗരവഭാവംകാട്ടുന്നു,

അവരുടെ കൺപോളകൾ ഗർവംകൊണ്ട് ഉയർന്നിരിക്കുന്നു;

14 ആ തലമുറയുടെ പല്ലുകൾ വാളുകളും

അണപ്പല്ലുകൾ കത്തികളുമാണ്,

ഇത് ഭൂമിയിൽനിന്നു ദരിദ്രരെയും

മനുഷ്യകുലത്തിൽനിന്നു സഹായാർഹരെയും വിഴുങ്ങുന്നതിനാണ്.

15 “കണ്ണട്ടയ്ക്കു രണ്ടു പുത്രിമാരുണ്ട്.

‘തരിക! തരിക!’ അവർ കരയുന്നു.

“ഒരിക്കലും തൃപ്തിവരാത്ത മൂന്നു കാര്യങ്ങളുണ്ട്,

‘മതി!’ എന്നു പറയാത്ത നാലുകാര്യങ്ങളുണ്ട്:

16 പാതാളം,

വന്ധ്യയായ ഗർഭപാത്രം,

വെള്ളംകുടിച്ച് ഒരിക്കലും തൃപ്തിവരാത്ത ഭൂമി,

‘മതി!’ എന്ന് ഒരിക്കലും പറയാത്ത അഗ്നിയുംതന്നെ.

17 “പിതാവിനെ പരിഹസിക്കുകയും

മാതാവിനെ അനുസരിക്കാതെ പുച്ഛിക്കുകയും ചെയ്യുന്ന കണ്ണ്,

താഴ്വരയിലെ കാക്കകൾ കൊത്തിപ്പറിക്കുകയും

കഴുകന്മാർ ഭക്ഷിക്കുകയും ചെയ്യും.

18 “എന്നെ അത്യധികം വിസ്മയിപ്പിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്,

എനിക്കു മനസ്സിലാകാത്ത നാലുകാര്യങ്ങളുണ്ട്:

19 ആകാശത്ത് കഴുകന്റെ വഴി,

പാറയിൽക്കൂടെയുള്ള സർപ്പത്തിന്റെ വഴി,

ആഴക്കടലിലൂടെയുള്ള കപ്പലിന്റെ സഞ്ചാരപഥം,

ഒരു പുരുഷൻ ഒരു യുവതിയോട് അടുക്കുന്നവിധം എന്നിവതന്നെ.

20 “ഒരു വ്യഭിചാരിണിയുടെ വഴി ഇപ്രകാരമാണ്:

അവൾ തിന്നുകയും വായ് കഴുകുകയും ചെയ്തിട്ട്,

‘ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല’ എന്നു പറയുന്നു.

21 “മൂന്നു കാര്യങ്ങളാൽ ഭൂമി വിറയ്ക്കുന്നു,

അതിനു സഹിച്ചുകൂടാത്ത നാലുകാര്യങ്ങളുണ്ട്:

22 സേവകരിലൊരാൾ രാജാവാകുക,

സമൃദ്ധമായി ഭക്ഷണം ലഭിക്കുന്ന ഭോഷർ,

23 നികൃഷ്ടയായ സ്ത്രീ വിവാഹിതയാകുന്നത്,

യജമാനത്തിയെ സ്ഥാനഭ്രഷ്ടയാക്കുന്ന ദാസി എന്നിവതന്നെ.

24 “ഭൂമിയിലുള്ള നാലു കാര്യങ്ങൾ ചെറുതാണ്,

എന്നിട്ടും അവയ്ക്ക് അസാമാന്യ ബുദ്ധിയുണ്ട്:

25 ശക്തിയൊട്ടും ഇല്ലാത്ത ജീവികളാണ് ഉറുമ്പുകൾ,

എന്നിരുന്നാലും അവ വേനൽക്കാലത്ത് തങ്ങൾക്കുള്ള ആഹാരം സംഭരിക്കുന്നു;

26 അശക്തരായ ജീവികളാണ് കുഴിമുയൽ,

എന്നാലും കിഴുക്കാംതൂക്കായ പാറയിൽ അവ മാളമൊരുക്കുന്നു;

27 വെട്ടുക്കിളികൾക്കു രാജാവില്ല,

എന്നിട്ടും അവ അണിയണിയായി മുന്നേറുന്നു;

28 ഒരു പല്ലിയെ കൈകൊണ്ടു പിടിക്കാം,

എങ്കിലും അവ രാജകൊട്ടാരങ്ങളിൽ കാണപ്പെടുന്നു.

29 “നടപ്പിൽ പ്രൗഢിയുള്ള മൂന്നു കൂട്ടരുണ്ട്,

നാലു കൂട്ടർ ഗാംഭീര്യത്തോടെ മുന്നേറുന്നു:

30 യാതൊന്നിൽനിന്നും പിന്നാക്കംപോകാത്തവനായ വന്യമൃഗങ്ങളിൽ ശക്തനായ സിംഹം,

31 അഹന്തയോടെ നടക്കുന്ന പൂങ്കോഴി,

കോലാട്ടുകൊറ്റൻ,

സൈന്യശക്തിയിൽ സുരക്ഷിതനായ രാജാവ് എന്നിവർതന്നെ.

32 “നിങ്ങൾ സ്വയം പുകഴ്ത്തി മടയത്തരം കാട്ടുകയോ

ദുരാലോചന പദ്ധതിയിടുകയോ ചെയ്തിട്ടുണ്ടെങ്കിൽ,

നിങ്ങളുടെ വായ് പൊത്തിക്കൊൾക!

33 പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകുന്നു,

മൂക്ക് പിടിച്ചുതിരിച്ചാൽ ചോരയൊഴുകുന്നു,

അതുപോലെ കോപം ഇളക്കിയാൽ സംഘട്ടനം ഉണ്ടാകുന്നു.”

31:1 ലെമുവേൽ രാജാവിന്റെ സൂക്തങ്ങൾ—അദ്ദേഹത്തിന്റെ മാതാവ് അഭ്യസിപ്പിച്ച പ്രചോദനാത്മക സൂക്തങ്ങൾ.

2 എന്റെ മകനേ, ശ്രദ്ധിക്കൂ. എന്റെ ഉദരത്തിൽ ഉരുവായ എൻമകനേ, ശ്രദ്ധിക്കൂ.

എന്റെ പ്രാർഥനകളുടെ സാഫല്യമായ എൻമകനേ, ശ്രദ്ധിക്കൂ.

3 നിന്റെ ഊർജം സ്ത്രീകൾക്കുവേണ്ടി ചെലവഴിക്കരുത്,

നിന്റെ ഓജസ്സ് രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നൽകരുത്.

4 ലെമുവേലേ, ഇതു രാജാക്കന്മാർക്കു ചേർന്നതല്ല,

സുരാപാനം രാജാക്കന്മാർക്കനുചിതം,

മദ്യപാനം ഭരണാധിപർക്കു ഭൂഷണമല്ല,

5 അവർ മദ്യപിച്ചിട്ട് നിയമം വിസ്മരിക്കുകയും

പീഡിതരുടെ അവകാശങ്ങൾ അപഹരിക്കാതിരിക്കുകയുംചെയ്യട്ടെ.

6 നശിച്ചുകൊണ്ടിരിക്കുന്നവർക്കു മദ്യവും

തീവ്രയാതന അനുഭവിക്കുന്നവർക്കു വീഞ്ഞും പകരൂ!

7 അവർ പാനംചെയ്യട്ടെ, ദാരിദ്ര്യം മറന്നുപോകട്ടെ;

തങ്ങളുടെ അരിഷ്ടത ഓർക്കാതെയുമിരിക്കട്ടെ.

8 സ്വയം ശബ്ദമുയർത്താൻ കഴിയാത്തവർക്കുവേണ്ടി സംസാരിക്കുക,

അനാഥരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിത്തന്നെ.

9 ശബ്ദമുയർത്തുക, നീതിയുക്തമായ തീർപ്പുകൾ പുറപ്പെടുവിക്കുക;

ദരിദ്രരുടെയും അഗതികളുടെയും അവകാശങ്ങൾക്കായി നിലകൊള്ളുക.

10  ചാരുശീലയാം പത്നിയെ കണ്ടെത്താൻ ആർക്കു കഴിയും?

അവളുടെ മൂല്യം മാണിക്യത്തെക്കാൾ എത്രയോ അധികം.

11 അവളുടെ ഭർത്താവ് അവളിൽ സമ്പൂർണ വിശ്വാസം അർപ്പിച്ചിരിക്കുന്നു

അവന് മൂല്യവത്തായ ഒന്നിനും കുറവില്ല.

12 അവളുടെ ജീവിതകാലമെല്ലാം

അവൾ അയാൾക്കു തിന്മയല്ല, നന്മതന്നെ വരുത്തുന്നു.

13 അവൾ കമ്പിളി, ചണം എന്നിവ ശേഖരിച്ച്

ചുറുചുറുക്കോടെ സ്വന്തം കൈകൾകൊണ്ട് അധ്വാനിക്കുന്നു.

14 അവൾ വ്യാപാരക്കപ്പൽപോലെയാണ്

വിദൂരതയിൽനിന്ന് അവൾ തന്റെ ഭക്ഷണം കൊണ്ടുവരുന്നു.

15 ഇരുട്ടൊഴിയുന്നതിനുമുമ്പുതന്നെ അവൾ ഉണരുന്നു

അവളുടെ കുടുംബത്തിനു ഭക്ഷണവും

വേലക്കാരികൾക്ക് അവരുടെ ഓഹരിയും ഒരുക്കുന്നു.

16 അവൾ ഒരു വയലിൽ കണ്ണുപതിപ്പിക്കുകയും അതു വാങ്ങുകയുംചെയ്യുന്നു;

അവളുടെ സമ്പാദ്യംകൊണ്ടൊരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിക്കുന്നു.

17 അവൾ തന്റെ അര മുറുക്കി കഠിനാധ്വാനം ചെയ്യുന്നു;

അവളുടെ കരങ്ങൾ അധ്വാനത്തിനു ശക്തം.

18 തന്റെ വ്യാപാരം ആദായകരമെന്ന് അവൾ ഉറപ്പുവരുത്തുന്നു,

അവളുടെ വിളക്ക് രാത്രിയിൽ അണയുന്നില്ല.

19 തന്റെ കരത്തിൽ അവൾ നെയ്ത്തുകോൽ പിടിച്ചിരിക്കുന്നു

അവളുടെ കൈവിരലുകൾ തക്ലിയിൽ പിടിച്ചിട്ടുണ്ട്.

20 അവൾ തന്റെ കൈകൾ ദരിദ്രർക്കായി തുറക്കുന്നു

സഹായം അർഹിക്കുന്നവർക്കുവേണ്ടി തന്റെ കൈകൾ നീട്ടുന്നു.

21 ഹിമകാലം വരുമ്പോൾ, തന്റെ കുടുംബാംഗങ്ങളെയോർത്തവൾ ഭയക്കുന്നില്ല;

കാരണം അവരെല്ലാം രക്താംബരം ധരിച്ചിരിക്കുന്നു.

22 അവൾ തന്റെ കിടക്കയ്ക്കു പരവതാനി ഉണ്ടാക്കുന്നു;

മേൽത്തരമായ ചണനൂലും ഊതനൂലും അവൾ അണിഞ്ഞിരിക്കുന്നു.

23 നഗരകവാടത്തിൽ അവളുടെ ഭർത്താവ് ബഹുമാനിതനാണ്,

ദേശത്തിലെ നേതാക്കന്മാരോടൊപ്പം അദ്ദേഹം ഇരിപ്പിടം പങ്കിടുന്നു.

24 അവൾ പരുത്തിനൂൽവസ്ത്രങ്ങൾ നിർമിക്കുകയും വിൽക്കുകയും

അരക്കച്ചയുണ്ടാക്കി വിൽപ്പനയ്ക്കായി വ്യാപാരികളെ ഏൽപ്പിക്കുകയും ചെയ്യുന്നു.

25 അവൾ ബലവും ബഹുമാനവും അണിഞ്ഞിരിക്കുന്നു;

അവൾ ഭാവിയെ നോക്കി പുഞ്ചിരിതൂകുന്നു.

26 അവൾ ജ്ഞാനത്തോടെ സംസാരിക്കുന്നു,

അവളുടെ നാവിൽ വിശ്വസനീയമായ ഉപദേശങ്ങളുണ്ട്.

27 തന്റെ കുടുംബത്തിലെ സകലകാര്യങ്ങളും അവൾ സസൂക്ഷ്മം നിരീക്ഷിക്കുന്നു.

അലസതയിൽ നേടിയ ആഹാരം അവൾ ഭക്ഷിക്കുന്നില്ല.

28 അവളുടെ മക്കൾ എഴുന്നേറ്റ് അനുഗ്രഹിക്കപ്പെട്ടവൾ എന്ന് അവളെ പുകഴ്ത്തുന്നു;

അവളുടെ ഭർത്താവും അവളെ പുകഴ്ത്തുന്നു:

29 “സദ്ഗുണങ്ങളുള്ള ധാരാളം വനിതകളുണ്ട്,

എന്നാൽ അവരെയെല്ലാവരെക്കാളും നീ ശ്രേഷ്ഠയാണ്.”

30 വശ്യത വഞ്ചനാപരമാണ്, സൗന്ദര്യം നൈമിഷികവുമാണ്;

എന്നാൽ യഹോവയെ ഭയപ്പെടുന്ന വനിത പ്രശംസിക്കപ്പെടും.

31 അവളുടെ അധ്വാനത്തിന്റെ പ്രതിഫലം അവൾക്കു നൽകുക,

അവളുടെ പ്രവൃത്തികൾ നഗരകവാടങ്ങളിൽ പ്രകീർത്തിക്കപ്പെടട്ടെ.