ഭാഗം 7: ശലോമോന്റെ പാപം (continued)

ക്രി.മു. 980 മുതൽ 975 വരെ

Biblica® Open Malayalam Contemporary Version™ (OMCV)

സഭാപ്രസംഗി 2–3

1 ഞാൻ എന്നോടുതന്നെ പറഞ്ഞു, “വരിക, എന്താണ് നല്ലത് എന്നത് സുഖലോലുപതകൊണ്ട് ഞാൻ നിന്നെ പരീക്ഷിക്കും.” എന്നാൽ അതും അർഥശൂന്യമെന്നു തെളിഞ്ഞിരിക്കുന്നു. 2 “ചിരി വെറും മതിഭ്രമം; സുഖലോലുപതകൊണ്ട് എന്തുനേട്ടം,” ഞാൻ പറഞ്ഞു. 3 മനുഷ്യർക്ക് അവരുടെ ചുരുങ്ങിയ നാളുകളിൽ ആകാശത്തിനുകീഴിൽ മൂല്യവത്തായുള്ളത് എന്തുണ്ടെന്നു മനസ്സിലാക്കാൻ, എന്റെ മനസ്സ് ജ്ഞാനപൂർവം എന്നെ നയിച്ചുകൊണ്ടിരുന്നു; അപ്പോഴും ഞാൻ വീഞ്ഞിൽ ആഹ്ലാദിക്കാനും ഭോഷത്വം ആലിംഗനം ചെയ്യാനും പരിശ്രമിച്ചു.

4 ഞാൻ ബൃഹദ് പദ്ധതികൾ ആസൂത്രണംചെയ്തു: ഞാൻ എനിക്ക് അരമനകൾ പണിതു; മുന്തിരിത്തോപ്പുകൾ നട്ടുപിടിപ്പിച്ചു. 5 ഞാൻ തോട്ടങ്ങളും പൂങ്കാവനങ്ങളും നിർമിക്കുകയും അവയിൽ എല്ലാവിധ ഫലവൃക്ഷങ്ങൾ നട്ടുണ്ടാക്കുകയും ചെയ്തു. 6 തഴച്ചുവളരുന്ന വൃക്ഷങ്ങളുടെ തോട്ടങ്ങൾ നനയ്ക്കാൻ ജലാശയങ്ങൾ നിർമിച്ചു. 7 ഞാൻ ദാസീദാസന്മാരെ വിലയ്ക്കുവാങ്ങി. എന്റെ ഭവനത്തിൽ ജനിച്ച മറ്റു ദാസരും എനിക്കുണ്ടായിരുന്നു. ജെറുശലേമിൽ ഉണ്ടായിരുന്ന എന്റെ മുൻഗാമികളിൽ ആരെക്കാളും കൂടുതൽ ആടുമാടുകളുടെ ഒരു വമ്പിച്ചശേഖരം എനിക്കു സ്വന്തമായിരുന്നു. 8 ഞാൻ എനിക്കായി വെള്ളിയും സ്വർണവും സമാഹരിച്ചു. രാജാക്കന്മാരുടെയും പ്രവിശ്യകളുടെയും നിധികളും ഞാൻ ശേഖരിച്ചു. മാനവഹൃദയത്തിന് ആനന്ദംപകരുന്ന എല്ലാറ്റിനെയും—ഗായകന്മാരെയും ഗായികമാരെയും അന്തഃപുരസ്ത്രീകളെയും—ഞാൻ സമ്പാദിച്ചു. 9 എനിക്കുമുമ്പ് ജെറുശലേമിൽ വാണിരുന്ന ആരെക്കാളും ഞാൻ ധനികനായിത്തീർന്നു. ഇവയോടൊപ്പം എന്റെ ജ്ഞാനവും എന്നോടൊപ്പം വസിച്ചു.

10 എന്റെ കണ്ണുകൾ അഭിലഷിച്ചതൊന്നും ഞാൻ എനിക്ക് വിലക്കിയില്ല;

എന്റെ ഹൃദയത്തിന് ആനന്ദംനൽകുന്ന യാതൊന്നിനോടും ഞാൻ വിമുഖതകാട്ടിയില്ല.

എന്റെ എല്ലാ പ്രവൃത്തികളിലും എന്റെ ഹൃദയം ആനന്ദിച്ചു,

ഇതായിരുന്നു എന്റെ എല്ലാ പ്രയത്നങ്ങളുടെയും പ്രതിഫലം.

11 എന്നാൽ എന്റെ കരങ്ങൾ ചെയ്ത പ്രവൃത്തികളെല്ലാം;

ഞാൻ കരഗതമാക്കാൻ പരിശ്രമിച്ചതെല്ലാംതന്നെ പരിശോധിച്ചു.

സകലതും അർഥശൂന്യമായിരുന്നു, കാറ്റിനുപിന്നാലെയുള്ള ഓട്ടമായിരുന്നു;

സൂര്യനുകീഴേ ഒന്നും ഞാൻ നേടിയതുമില്ല.

12 പിന്നീട്, എന്റെ ചിന്താഗതികൾ ജ്ഞാനം വിശകലനം ചെയ്യുന്നതിന് ഞാൻ തിരിച്ചുവിട്ടു,

മതിഭ്രമവും ഭോഷത്വവും അതിനോടൊപ്പം പരിഗണിച്ചു.

രാജാവിന്റെ അനന്തരഗാമിക്ക്

മുൻഗാമികളുടെ ചെയ്തികളെക്കാൾ എന്താണ് അധികമായി ചെയ്യാൻ കഴിയുക?

13 ഭോഷത്വത്തെക്കാൾ ജ്ഞാനം നല്ലതെന്നു ഞാൻ കണ്ടു,

പ്രകാശം അന്ധകാരത്തെക്കാൾ നല്ലതായിരിക്കുന്നതുപോലെതന്നെ.

14 ജ്ഞാനിക്ക് തന്റെ ശിരസ്സിൽ കണ്ണുകളുണ്ട്,

എന്നാൽ ഭോഷർ അന്ധകാരത്തിൽ നടക്കുന്നു;

എന്നാൽ വിധി രണ്ടുപേർക്കും ഒന്നുതന്നെയാണ്

എന്നു ഞാൻ മനസ്സിലാക്കി.

15 ഞാൻ എന്നോടുതന്നെ പറഞ്ഞു,

“ഭോഷന്റെ അന്ത്യംതന്നെയാണ് എന്റെയും ഗതി

എങ്കിൽ ജ്ഞാനം ആർജിച്ചതുകൊണ്ട് എനിക്കെന്തു നേട്ടം?”

ഞാൻ എന്നോടുതന്നെ പറഞ്ഞു,

“ഇതും അർഥശൂന്യമത്രേ.”

16 കാരണം ഭോഷനെക്കുറിച്ചെന്നതുപോലെ, ജ്ഞാനിയെക്കുറിച്ചും ദീർഘകാലസ്മരണകൾ നിലനിൽക്കുകയില്ല;

ഇരുവരും വിസ്മൃതിയിലാണ്ടുപോകുന്ന കാലം വന്നെത്തിയിരിക്കുന്നു.

ഭോഷനെപ്പോലെതന്നെ ജ്ഞാനിയും മരണത്തിനു കീഴടങ്ങണം!

17 സൂര്യനുകീഴേയുള്ള സകലപ്രവൃത്തികളും എനിക്കു വ്യസനഹേതു ആയതുകൊണ്ട് ജീവിതത്തെ ഞാൻ വെറുത്തു. സകലതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംമാത്രം. 18 എന്റെ പിന്നാലെ വരുന്നവർക്കുവേണ്ടി എല്ലാം ഉപേക്ഷിച്ചുപോകണമെന്ന് ഓർത്തപ്പോൾ, സൂര്യനുകീഴിൽ ഞാൻ കഠിനാധ്വാനംചെയ്ത് സമ്പാദിച്ച എല്ലാറ്റിനെയും ഞാൻ വെറുത്തു. 19 പിന്നാലെ വരുന്നവർ ജ്ഞാനികളോ ഭോഷരോ എന്നാരറിഞ്ഞു? എന്തായാലും സൂര്യനുകീഴേ ഞാൻ എന്റെ കഠിനാധ്വാനവും സാമർഥ്യവും അർപ്പിച്ച എല്ലാറ്റിന്റെയും കാര്യനിർവഹണാധികാരം അവരിലേക്കു ചെന്നുചേരുന്നു. ഇതും അർഥശൂന്യമത്രേ. 20 അതുകൊണ്ട് സൂര്യനുകീഴിൽ അത്യധ്വാനംചെയ്ത് ഞാൻ നേടിയതിനെക്കുറിച്ചെല്ലാം എന്റെ ഹൃദയം നിരാശപ്പെടാൻ തുടങ്ങി. 21 ഒരാൾ ജ്ഞാനത്തോടും വിവേകത്തോടും നൈപുണ്യത്തോടും തന്റെ വേല ചെയ്യുന്നു, പിന്നെ തനിക്കവകാശപ്പെട്ടതെല്ലാം അതിനായി ഒരു ചെറുവിരൽപോലും ചലിപ്പിക്കാത്ത മറ്റൊരാൾക്ക് വിട്ടുകൊടുക്കേണ്ടിവരുന്നു. ഇതും അർഥശൂന്യവും കടുത്ത ദൗർഭാഗ്യവുംതന്നെ. 22 സൂര്യനുകീഴേയുള്ള സകലകഠിനപ്രയത്നംകൊണ്ടും ആകുലതകൊണ്ടും മനുഷ്യർക്ക് എന്തു കിട്ടും? 23 എല്ലാ ദിവസവും അവരുടെ വേല വേദനാപൂർണവും ദുഃഖകരവും ആകുന്നു; രാത്രികാലങ്ങളിൽപോലും അവരുടെ മനസ്സിന് വിശ്രമം ലഭിക്കുന്നില്ല. ഇതും അർഥശൂന്യമത്രേ.

24 ഭക്ഷിക്കുകയും പാനംചെയ്യുകയും തന്റെ പ്രവൃത്തിയിൽ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നതിനെക്കാൾ കൂടുതൽ ഒരു മനുഷ്യന് അഭികാമ്യമായിരിക്കുന്നത് മറ്റെന്താണ്? ഈ ആസ്വാദനങ്ങളും ദൈവകരത്തിൽനിന്നുള്ളതാണെന്ന് ഞാൻ അറിയുന്നു. 25 അവിടത്തെക്കൂടാതെ ഭക്ഷിക്കാനും ആനന്ദം കണ്ടെത്താനും ആർക്കു കഴിയും? 26 അവിടത്തെ പ്രസാദിപ്പിക്കുന്ന മനുഷ്യർക്ക് ദൈവം ജ്ഞാനവും പരിജ്ഞാനവും ആനന്ദവും നൽകുന്നു; എന്നാൽ പാപികൾക്ക്, ദൈവത്തെ പ്രസാദിപ്പിക്കുന്നവർക്കു നൽകുന്നതിനുള്ള ധനം സമ്പാദിക്കുന്നതിനും സ്വരൂപിക്കുന്നതിനുംമാത്രമുള്ള നിയോഗം നൽകുന്നു. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടമാകുന്നു.

3:1 എല്ലാറ്റിനും ഒരു സമയമുണ്ട്,

ആകാശത്തിനുകീഴേയുള്ള ഓരോ പ്രവൃത്തിക്കും ഒരു നിശ്ചിതകാലവുമുണ്ട്.

2 ജനനത്തിനൊരു കാലം, മരണത്തിനൊരു കാലം,

നടുന്നതിനൊരു കാലം, വിളവെടുക്കുന്നതിനൊരു കാലം,

3 കൊല്ലുന്നതിനൊരു കാലം, സൗഖ്യമാക്കുന്നതിനൊരു കാലം,

ഇടിച്ചുനിരത്തുന്നതിനൊരു കാലം, പണിതുയർത്തുന്നതിനൊരു കാലം.

4 കരയുന്നതിനൊരു കാലം, ചിരിക്കുന്നതിനൊരു കാലം,

വിലപിക്കുന്നതിനൊരു കാലം, നൃത്തംചെയ്യുന്നതിനൊരു കാലം.

5 കല്ലുകൾ ചിതറിക്കുന്നതിനൊരു കാലം, അവ ശേഖരിക്കുന്നതിനൊരു കാലം,

ആലിംഗനം ചെയ്യുന്നതിനൊരു കാലം, അകന്നിരിക്കുന്നതിനൊരു കാലം,

6 അന്വേഷിക്കുന്നതിനൊരു കാലം, ഉപേക്ഷിക്കുന്നതിനൊരു കാലം,

സൂക്ഷിക്കുന്നതിനൊരു കാലം, എറിഞ്ഞുകളയുന്നതിനൊരു കാലം,

7 കീറുന്നതിനൊരു കാലം, തുന്നിച്ചേർക്കുന്നതിനൊരു കാലം,

മൗനമായിരിക്കുന്നതിനൊരു കാലം, സംസാരിക്കുന്നതിനൊരു കാലം,

8 സ്നേഹിക്കുന്നതിനൊരു കാലം, വെറുക്കുന്നതിനൊരു കാലം,

യുദ്ധംചെയ്യുന്നതിനൊരു കാലം, സമാധാനത്തിനൊരു കാലം.

9 അധ്വാനിക്കുന്ന വേലക്കാർ തന്റെ അധ്വാനത്തിൽനിന്ന് എന്തു നേടുന്നു? 10 ദൈവം മനുഷ്യരുടെമേൽ വെച്ചിരിക്കുന്ന ഭാരം ഞാൻ കണ്ടിട്ടുണ്ട്. 11 അവിടന്ന് ഓരോന്നും അതതുകാലത്തു മനോഹരമായി ചെയ്തിരിക്കുന്നു; മനുഷ്യഹൃദയങ്ങളിൽ അവിടന്ന് നിത്യതയും വെച്ചിരിക്കുന്നു. എന്നാൽ ദൈവം ആരംഭംമുതൽ അവസാനംവരെ എന്തു ചെയ്തിരിക്കുന്നു എന്നതിന്റെ വ്യാപ്തി ഗ്രഹിക്കാൻ അവർക്കാർക്കും കഴിയുന്നതുമല്ല. 12 ജീവിച്ചിരിക്കുമ്പോൾ ആനന്ദത്തോടിരിക്കുകയും നന്മചെയ്യുകയും ചെയ്യുന്നതിനെക്കാൾ മെച്ചമായി മനുഷ്യർക്കു മറ്റൊന്നുമില്ലെന്ന് എനിക്കറിയാം. 13 ഓരോരുത്തരും ഭക്ഷിക്കുകയും പാനംചെയ്യുകയും തങ്ങളുടെ പ്രയത്നത്തിൽ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നു—ഇതെല്ലാം ദൈവത്തിന്റെ ദാനമാണ്. 14 ദൈവത്തിന്റെ ഓരോ പ്രവൃത്തിയും കാലാതീതമായി നിലനിൽക്കുന്നു എന്നെനിക്കു നിശ്ചയമുണ്ട്; അതിനോടെന്തെങ്കിലും കൂട്ടിച്ചേർക്കുന്നതിനോ അതിൽനിന്ന് എന്തെങ്കിലും എടുത്തുമാറ്റുന്നതിനോ കഴിയുകയില്ല. ദൈവം അതു ചെയ്യുന്നതുകൊണ്ട് മനുഷ്യർ അവിടത്തെ ഭയപ്പെടുന്നു.

15 ഇപ്പോഴുള്ളതെല്ലാം പണ്ടും ഉണ്ടായിരുന്നു,

വരാനുള്ളതും മുമ്പ് ഉണ്ടായിരുന്നു;

ദൈവം കഴിഞ്ഞകാലത്തെ മടക്കിവിളിക്കുന്നു.

16 സൂര്യനുകീഴിൽ ഇതരകാര്യങ്ങളും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്:

ന്യായത്തീർപ്പിന്റെ സ്ഥലത്ത് അന്യായം അരങ്ങേറുന്നു;

നീതിയുടെ സ്ഥാനത്ത് നീതികേടും.

17 ഞാൻ എന്നോടുതന്നെ പറഞ്ഞു,

“ദൈവം നീതിനിഷ്ഠരെയും ദുഷ്ടരെയും

ഒരുപോലെ ന്യായവിധിക്കു കൊണ്ടുവരുന്നു,

കാരണം എല്ലാ പ്രവൃത്തികൾക്കും ഒരു സമയമുണ്ട്,

ഏതു പ്രവൃത്തിയെയും വിധിക്കുന്ന ഒരു നിശ്ചിതകാലവുമുണ്ട്.”

18 ഞാൻ പിന്നെയും എന്നോടുതന്നെ പറഞ്ഞു, “മനുഷ്യരെ സംബന്ധിച്ചിടത്തോളം, അവർ മൃഗത്തിനു തുല്യരെന്ന് അവരെത്തന്നെ ബോധ്യപ്പെടുത്തേണ്ടതിന് ദൈവം അവരെ പരീക്ഷിക്കുന്നു. 19 മനുഷ്യന്റെ വിധി മൃഗങ്ങൾക്കുള്ളതുപോലെതന്നെ; ഇരുകൂട്ടർക്കും ഒരേവിധിതന്നെ കാത്തിരിക്കുന്നു: മനുഷ്യൻ മരിക്കുന്നതുപോലെ മൃഗവും മരിക്കുന്നു. എല്ലാറ്റിനും ശ്വാസവും ഒന്നുതന്നെ. അതുകൊണ്ട് മനുഷ്യനു മൃഗത്തെക്കാൾ യാതൊരു ശ്രേഷ്ഠതയുമില്ല. എല്ലാം അർഥശൂന്യം. 20 എല്ലാം ഒരിടത്തേക്കു പോകുന്നു; എല്ലാം പൊടിയിൽനിന്നു വരുന്നു, പൊടിയിലേക്കുതന്നെ മടങ്ങുന്നു. 21 മനുഷ്യന്റെ ആത്മാവ് ഉന്നതങ്ങളിലേക്കാണോ പോകുന്നത്? മൃഗത്തിന്റെ ആത്മാവ് ഭൂമിയുടെ അധോഭാഗങ്ങളിലേക്കാണോ നിപതിക്കുന്നത്? ആർക്കാണ് അറിവുള്ളത്?”

22 അതുകൊണ്ട്, തന്റെ പ്രവൃത്തിയിൽ ആനന്ദിക്കുന്നതിനെക്കാൾ ശ്രേഷ്ഠമായതൊന്നും മനുഷ്യനില്ലെന്നു ഞാൻ കണ്ടു. കാരണം അതുതന്നെയാണ് ആ മനുഷ്യന്റെ ഓഹരി. തന്റെ വിയോഗത്തിനുശേഷം എന്തു സംഭവിക്കും എന്നു കാണാൻ ആർക്ക് അയാളെ മടക്കിവരുത്താനാകും?