ഭാഗം 7: ശലോമോന്റെ പാപം (continued)
ക്രി.മു. 980 മുതൽ 975 വരെ
Biblica® Open Malayalam Contemporary Version™ (OMCV)
1 പിന്നെയും സൂര്യനുകീഴിൽ നടമാടുന്ന എല്ലാത്തരം പീഡനങ്ങളും ഞാൻ നിരീക്ഷിച്ചിരിക്കുന്നു:
പീഡിതരുടെ കണ്ണീരു ഞാൻ കണ്ടു—
അവർക്ക് ആശ്വാസം പകരാൻ ആരുമില്ല;
പീഡിപ്പിക്കുന്നവർ അതിശക്തരായിരുന്നു—
പക്ഷേ, പീഡിതർക്ക് ആശ്വാസം പകരാൻ ആരുമില്ല.
2 അതിനാൽ മരിച്ചുമണ്ണടിഞ്ഞവർതന്നെയാണ്
ജീവനുള്ളവരെക്കാൾ;
ഇപ്പോൾ ജീവിച്ചിരിക്കുന്നവരെക്കാൾ സന്തുഷ്ടർ
എന്ന നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നു.
3 എന്നാൽ ഈ രണ്ടുകൂട്ടരിലും ഭേദം
നാളിതുവരെ ജനിക്കാത്തവരാണ്,
അവർ സൂര്യനുകീഴേ നടമാടുന്ന ദുഷ്ടത
കാണാത്തവരാണ്.
4 ഒരാൾക്ക് തന്റെ അയൽവാസിയോടുള്ള അസൂയയിൽനിന്നാണ് എല്ലാ കഠിനാധ്വാനവും എല്ലാ അഭിവൃദ്ധിയും പൊട്ടിപ്പുറപ്പെടുന്നതെന്നു ഞാൻ മനസ്സിലാക്കി. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ.
5 ഭോഷർ കൈയുംകെട്ടിയിരുന്ന്
തങ്ങളുടെ നാശത്തിനു വഴിയൊരുക്കുന്നു.
6 കാറ്റിനുപിന്നാലെ ഓടി
ഇരുകൈകളും നേട്ടങ്ങളാൽ നിറയ്ക്കുന്നതിനെക്കാൾ
പ്രശാന്തതയോടുകൂടിയ ഒരു കൈക്കുമ്പിൾ നേട്ടമാണ് അധികം നല്ലത്.
7 സൂര്യനുകീഴേ അർഥശൂന്യമായ ചിലതു പിന്നെയും ഞാൻ കണ്ടു:
8 ഏകാകിയായ ഒരു പുരുഷൻ,
അദ്ദേഹത്തിനു മകനോ സഹോദരനോ ആരുംതന്നെ ഉണ്ടായിരുന്നില്ല.
അദ്ദേഹത്തിന്റെ അധ്വാനത്തിന് അവസാനമില്ലായിരുന്നു.
എന്നിട്ടും അദ്ദേഹത്തിന്റെ കണ്ണുകൾക്ക് തന്റെ സമ്പത്തുകണ്ടു തൃപ്തിവന്നതുമില്ല.
“ആർക്കുവേണ്ടിയാണ് ഞാൻ അധ്വാനിക്കുന്നത്,” അദ്ദേഹം ചോദിച്ചു,
“എന്തിന് ഞാൻ എന്റെ സുഖാനുഭവം ത്യജിക്കുന്നു?”
ഇതും അർഥശൂന്യം—
ദൗർഭാഗ്യകരമായ പ്രവൃത്തിതന്നെ!
9 ഒരാളെക്കാൾ ഇരുവർ നല്ലത്,
കാരണം, അവർക്ക് അവരുടെ അധ്വാനത്തിന് നല്ല പ്രതിഫലം ലഭിക്കും:
10 അവരിലൊരാൾ വീണുപോയാൽ,
ഒരാൾക്ക് മറ്റേയാളെ സഹായിക്കാൻ കഴിയും.
ഒരാൾ വീഴുമ്പോൾ എഴുന്നേൽപ്പിക്കാൻ ആരുമില്ലാത്ത
മനുഷ്യന്റെ അവസ്ഥ കഷ്ടംതന്നെ.
11 അതുപോലെ, രണ്ടുപേർ ഒരുമിച്ചു കിടന്നാൽ അവർക്ക് കുളിർ മാറും.
എന്നാൽ ഏകാകിയുടെ കുളിർമാറുന്നത് എങ്ങനെ?
12 ഒരാൾ ആക്രമിക്കപ്പെട്ടാൽ
ഇരുവർക്കും ഒരുമിച്ചു പ്രതിരോധിക്കാം.
മുപ്പിരിച്ചരട് വേഗത്തിൽ പൊട്ടുകയില്ല.
13 മുന്നറിയിപ്പ് എങ്ങനെ സ്വീകരിക്കണം എന്നറിയാത്ത വൃദ്ധനും ഭോഷനും ആയ രാജാവിനെക്കാൾ, ദരിദ്രനും ബുദ്ധിമാനുമായ യുവാവ് ഏറെ ശ്രേഷ്ഠൻ. 14 ദരിദ്രഭവനത്തിൽ ജനിച്ചവനെങ്കിലും, അഥവാ, കാരാഗൃഹത്തിൽ ആയിരുന്നവനാണെങ്കിലും ഒടുവിൽ രാജസിംഹാസനത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു ഈ യുവാവ്. 15 സൂര്യനുകീഴേ ജീവിച്ചവരും സഞ്ചരിച്ചവരും രാജാവിന്റെ അനന്തരഗാമിയായ ഈ യുവാവിനെ പിൻതുടരുന്നതു ഞാൻ കണ്ടു. 16 അവനെ അനുഗമിക്കുന്നവരുടെ നിര അനന്തമായി നീളുന്നു. എന്നാൽ അടുത്ത തലമുറയിലുള്ളവർ അനന്തരഗാമിയായ അദ്ദേഹത്തിൽ സംതൃപ്തരായിരുന്നില്ല. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ.
5:1 നീ ദൈവാലയത്തിലേക്കു പോകുമ്പോൾ നിന്റെ കാലടികൾ സൂക്ഷിക്കുക. തങ്ങൾ തെറ്റു ചെയ്യുന്നു എന്നതറിയാതെ യാഗമർപ്പിക്കുന്ന ഭോഷരെപ്പോലെയാകാതെ, അടുത്തുചെന്നു ശ്രദ്ധിക്കുക.
2 സംസാരിക്കുന്നതിൽ തിടുക്കമാകരുത്,
ദൈവസന്നിധിയിൽ എന്തെങ്കിലും ഉച്ചരിക്കുന്നതിന്
ഹൃദയത്തിൽ തിരക്കുകൂട്ടരുത്.
കാരണം ദൈവം സ്വർഗത്തിലും
നീ ഭൂമിയിലും ആകുന്നു,
അതുകൊണ്ട് നിന്റെ വാക്കുകൾ പരിമിതമായിരിക്കട്ടെ.
3 അനേകം ക്ലേശങ്ങളുള്ളപ്പോൾ സ്വപ്നം കാണുന്നതുപോലെയാണ്
വാക്കുകളുടെ പെരുമഴപൊഴിക്കുന്ന ഭോഷന്റെ ഭാഷണവും.
4 ദൈവത്തോടു നീ നേരുമ്പോൾ അത് നിവർത്തിക്കാൻ കാലവിളംബം വരുത്തരുത്. ഭോഷനിൽ അവിടത്തേക്ക് പ്രസാദമില്ലല്ലോ; നിന്റെ നേർച്ച നിവർത്തിക്കുക. 5 നേർച്ച നേരാതിരിക്കുന്നതാണ്, നേർന്നിട്ട് നിവർത്തിക്കാതിരിക്കുന്നതിലും നല്ലത്. 6 നിന്റെ വാക്കുകൾ നിന്നെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. ദൈവാലയത്തിലെ ദൂതുവാഹിയോട് എതിർത്ത്, “എന്റെ നേർച്ച അബദ്ധത്തിൽ നേർന്നുപോയതാണ്” എന്നു പറയരുത്. ദൈവം കോപിക്കുന്നതിനും നിന്റെ കൈകളുടെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനും നിന്റെ വാക്കുമൂലം എന്തിനിടയാകണം? 7 അധികം സ്വപ്നങ്ങളും ഏറെ വാക്കുകളും അർഥശൂന്യം. അതുകൊണ്ട് ദൈവത്തെ ഭയപ്പെടുക.
8 ഒരു പ്രവിശ്യയിൽ ദരിദ്രർ പീഡിപ്പിക്കപ്പെടുകയും അവരുടെ നീതിയും അവകാശങ്ങളും നിഷേധിക്കപ്പെടുകയും ചെയ്യുന്നത് നീ കാണുന്നെങ്കിൽ, അത്ഭുതപ്പെടരുത്, കാരണം ഒരു അധികാരി ഒരു ഉന്നതാധികാരിയാൽ നിരീക്ഷിക്കപ്പെടുന്നു. അവർക്കിരുവർക്കുംമുകളിലും ഉന്നതരുണ്ട്. 9 ദേശത്തിന്റെ സമൃദ്ധിയുടെ ഗുണഭോക്താക്കൾ ആ ദേശവാസികളെല്ലാമാണ്; രാജാവുതന്നെയും കൃഷിയിടങ്ങളിലെ സമൃദ്ധിയിൽ പങ്കുചേരുന്നു.
10 പണത്തെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും മതിയാകുംവരെ പണം ഉണ്ടാകുകയില്ല;
സമ്പത്തിനെ സ്നേഹിക്കുന്നവർക്ക് അവരുടെ വരുമാനംകൊണ്ട് ഒരിക്കലും തൃപ്തിവരികയുമില്ല.
ഇതും അർഥശൂന്യം.
11 വിഭവങ്ങൾ പെരുകുന്നതനുസരിച്ച്
അവയുടെ ഗുണഭോക്താക്കളും പെരുകുന്നു.
അതുകണ്ടു കണ്ണിനു വിരുന്നാകുമെന്നതല്ലാതെ
അതിന്റെ ഉടമസ്ഥന് എന്തു പ്രയോജനമാണു ലഭിക്കുന്നത്?
12 വേലക്കാർ ഭക്ഷിക്കുന്നത് അൽപ്പമോ അധികമോ ആയാലും
അവരുടെ ഉറക്കം സുഖകരമാണ്,
എന്നാൽ, സമ്പന്നരുടെ സമൃദ്ധി
അവരുടെ ഉറക്കം കെടുത്തുന്നു.
13 സൂര്യനുകീഴിൽ ഒരു കഠിനതിന്മ ഞാൻ കണ്ടു:
ഉടമസ്ഥർക്ക് അനർഥമാകുമാറു കൂട്ടിവെക്കുന്ന സമ്പത്തുതന്നെ.
14 ദൗർഭാഗ്യവശാൽ ആ സമ്പത്ത് നഷ്ടപ്പെട്ടുപോകുന്നു,
അവർക്ക് മക്കളുണ്ടാകുമ്പോൾ
അവകാശമായി നൽകാൻ യാതൊന്നും ശേഷിക്കുന്നില്ല.
15 അമ്മയുടെ ഗർഭത്തിൽനിന്ന് സകലരും നഗ്നരായി വരുന്നു,
സകലരും വരുന്നതുപോലെതന്നെ മടങ്ങിപ്പോകുന്നു.
തങ്ങളുടെ അധ്വാനത്തിൽനിന്ന് ഒന്നുംതന്നെ
അവരുടെ കൈയിൽ കൊണ്ടുപോകുകയുമില്ല.
16 ഇതും കഠിനതിന്മതന്നെ:
സകലമനുഷ്യരും വരുന്നതുപോലെതന്നെ മടങ്ങുന്നു,
കാറ്റിനെ പിടിക്കുന്നതിനായുള്ള പരക്കംപാച്ചിലുകൊണ്ട്
അവർ എന്തു നേടുന്നു?
17 തങ്ങളുടെ ജീവകാലമെല്ലാം അവർ ഇരുട്ടിൽ കഴിയുന്നു;
വലിയ വ്യസനത്തോടും നിരാശയോടും ക്രോധത്തോടുംതന്നെ.
18 തനിക്കു ദൈവം നൽകിയ ഹ്രസ്വജീവിതകാലത്ത് ഭക്ഷിച്ച് പാനംചെയ്ത്, സൂര്യനുകീഴേയുള്ള തന്റെ അധ്വാനത്തിൽ സംതൃപ്തി കണ്ടെത്തുന്നതാണ് ഒരു മനുഷ്യന് ഉത്തമവും ഉചിതവുമായ കാര്യമെന്ന് എനിക്കു ബോധ്യമായി—അതാണല്ലോ അവരുടെ ഓഹരി. 19 മാത്രവുമല്ല, ദൈവം നൽകിയ ധനസമ്പത്തുക്കൾ ആസ്വദിച്ച് തന്റെ പ്രയത്നത്തിൽ ആനന്ദിക്കാൻ ദൈവം ഒരാൾക്ക് ഇടയാക്കുന്നു—അതും ദൈവത്തിന്റെ ദാനം. 20 ആനന്ദാതിരേകത്താൽ അവരുടെ ഹൃദയം നിറച്ചുകൊണ്ട് ദൈവം അവരെ കർത്തവ്യനിരതരാക്കുമ്പോൾ ജീവിതത്തിലെ കഴിഞ്ഞുപോയ ദിനങ്ങളെക്കുറിച്ച് അവർ ചിന്തിക്കാറേയില്ല.