കാലഘട്ടം 5: ശലോമോന്റെ ഭരണം
ഭാഗം 1: ദേവാലയപ്രതിഷ്ഠയ്ക്കുമുമ്പുള്ള ശലോമോന്റെ ഭരണം
ഗിബെയോനിലെ ശലോമോന്റെ യാഗവും അദ്ദേഹത്തിന്റെ വിധിയും
ഗിബെയോനിലെ ശലോമോന്റെ യാഗം. ശലോമോന്റെ വിധി. അദോനിയാവിന്റെ മരണം. ഹദദ് മടങ്ങിവരുന്നു.
ക്രി.മു. 1015
Biblica® Open Malayalam Contemporary Version™ (OMCV)
12 അങ്ങനെ, ശലോമോൻ തന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തിൽ ആരൂഢനായി. അദ്ദേഹത്തിന്റെ രാജത്വം ഏറ്റവും സുസ്ഥിരമായിത്തീർന്നു.
1 ശലോമോന്റെ ദൈവമായ യഹോവ അദ്ദേഹത്തോടുകൂടെയിരുന്ന് അത്ഭുതകരമായവിധം അദ്ദേഹത്തെ മഹാനാക്കിത്തീർത്തു. അതിനാൽ ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വത്തിൽ സുസ്ഥിരനായിത്തീർന്നു.
3 ശലോമോനും മലകളിൽ ബലികൾ അർപ്പിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തിരുന്നു. അതൊഴികെ മറ്റെല്ലാ കാര്യത്തിലും അദ്ദേഹം തന്റെ പിതാവായ ദാവീദിന്റെ നിർദേശങ്ങൾ പാലിച്ച് യഹോവയോടുള്ള സ്നേഹം പ്രകടമാക്കി.
2 സഹസ്രാധിപന്മാർ, ശതാധിപന്മാർ, ന്യായാധിപന്മാർ, ഇസ്രായേലിലെ കുടുംബങ്ങൾക്കു തലവന്മാരായ നായകന്മാർ എന്നിവർ ഉൾപ്പെടെ സകല ഇസ്രായേലിനോടും ശലോമോൻ സംസാരിച്ചു. 3 അതിനുശേഷം ശലോമോനും സർവസഭയും ഗിബെയോനിലെ മലയിലേക്കുപോയി; യഹോവയുടെ ദാസനായ മോശ മരുഭൂമിയിൽവെച്ച് ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമകൂടാരം അവിടെയായിരുന്നല്ലോ! 4 ദാവീദ് ദൈവത്തിന്റെ പേടകം, കിര്യത്ത്-യെയാരീമിൽനിന്ന് താൻ അതിനുവേണ്ടി തയ്യാറാക്കിയ സ്ഥാനത്തേക്കു കൊണ്ടുവന്നിരുന്നു. അദ്ദേഹം ജെറുശലേമിൽ അതിനുവേണ്ടി ഒരു കൂടാരം സ്ഥാപിച്ചിരുന്നതിനാലാണ് ഇപ്രകാരം ചെയ്തത്. 5 എന്നാൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ വെങ്കലംകൊണ്ടു നിർമിച്ച യാഗപീഠം ഗിബെയോനിൽ യഹോവയുടെ സമാഗമകൂടാരത്തിനുമുമ്പിൽ ആയിരുന്നു. അതിനാൽ ശലോമോനും ആ സമൂഹവും അവിടെ യഹോവയുടെഹിതം ആരാഞ്ഞു. 6 ശലോമോൻ സമാഗമകൂടാരത്തിൽ യഹോവയുടെമുമ്പാകെ വെങ്കലയാഗപീഠത്തിൽച്ചെന്ന് അതിന്മേൽ ആയിരം ഹോമയാഗങ്ങൾ അർപ്പിച്ചു.
5 ഗിബെയോനിൽവെച്ച് ആ രാത്രിയിൽ ഒരു സ്വപ്നത്തിൽ യഹോവ ശലോമോനു പ്രത്യക്ഷനായി. “നിനക്കുവേണ്ടത് എന്തായാലും ചോദിച്ചുകൊള്ളുക, ഞാൻ നിനക്കു തരും,” എന്നു ദൈവം അരുളിച്ചെയ്തു.
6 ശലോമോൻ അതിനു മറുപടി പറഞ്ഞത്: “എന്റെ പിതാവും അവിടത്തെ ദാസനുമായ ദാവീദ് അങ്ങയുടെമുമ്പാകെ സത്യസന്ധതയോടും നീതിയോടും ഹൃദയപരമാർഥതയോടുംകൂടെ ജീവിച്ചു. അതുകൊണ്ട്, അവിടന്ന് അദ്ദേഹത്തോട് വലിയ ദയ കാണിക്കുകയും അവിടത്തെ ആ വലിയ ദയ ഇന്നുവരെ തുടരുകയും, ഇന്ന് അവന്റെ സിംഹാസനത്തിൽ ഇരിക്കാൻ അവന് ഒരു മകനെ നൽകുകയും ചെയ്തിരിക്കുന്നു.
7 “എന്റെ ദൈവമായ യഹോവേ, അവിടന്ന് ഇപ്പോൾ ഈ ദാസനെ, അടിയന്റെ പിതാവായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നു. എന്നാൽ, ഞാനോ ഒരു ബാലനത്രേ. കർത്തവ്യങ്ങൾ എങ്ങനെ നിർവഹിക്കേണം എന്നെനിക്കറിവില്ല. 8 അങ്ങു തെരഞ്ഞെടുത്തതും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തവിധം അസംഖ്യവുമായ ഒരു മഹാജനതയുടെ മധ്യേ അവിടത്തെ ഈ ദാസൻ ആയിരിക്കുന്നു. 9 അതുകൊണ്ട്, നന്മയും തിന്മയും തിരിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാൻ വിവേകമുള്ള ഒരു ഹൃദയം അവിടത്തെ ഈ ദാസനു തരണമേ! അതില്ലാതെ അങ്ങയുടെ ഈ മഹാജനതയെ ഭരിക്കാൻ ആർക്കു കഴിയും?”
10 ശലോമോൻ ഈ കാര്യം ചോദിച്ചതിൽ കർത്താവ് സംപ്രീതനായി. 11 ദൈവം അദ്ദേഹത്തോട് പ്രതിവചിച്ചത്: “നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ അപേക്ഷിക്കാതെ നീതിനിർവഹണത്തിനുള്ള വിവേകംമാത്രം അപേക്ഷിച്ചിരിക്കുകയാൽ, 12 ഞാൻ നിന്റെ അപേക്ഷപോലെ പ്രവർത്തിക്കും. ജ്ഞാനവും വിവേകവുമുള്ള ഹൃദയം ഞാൻ നിനക്കു നൽകും. നിനക്കു സമനായവൻ മുമ്പ് ഉണ്ടായിട്ടില്ല; നിനക്കുശേഷം ഇനി ഉണ്ടാകുകയുമില്ല. 13 ഇതു കൂടാതെ, നീ അപേക്ഷിക്കാത്തവയായ സമ്പത്തും ബഹുമതിയുംകൂടെ ഞാൻ നിനക്കു നൽകും. അതുമൂലം, രാജാക്കന്മാരിൽ നിനക്കു സമനായി യാതൊരുവനും നിന്റെ ആയുഷ്കാലത്ത് ഉണ്ടായിരിക്കുകയില്ല. 14 നിന്റെ പിതാവായ ദാവീദ് ജീവിച്ചതുപോലെ നീ എന്റെ ഉത്തരവുകളും കൽപ്പനകളും അനുസരിച്ച് എന്റെ വഴികളിൽ ജീവിച്ചാൽ ഞാൻ നിനക്കു ദീർഘായുസ്സും നൽകും.” 15 ശലോമോൻ ഉറക്കമുണർന്നപ്പോൾ അത് ഒരു സ്വപ്നമായിരുന്നു എന്ന് സ്വയം മനസ്സിലാക്കി.
അദ്ദേഹം ജെറുശലേമിൽ മടങ്ങിവന്നു; കർത്താവിന്റെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ നിന്ന് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. അതിനുശേഷം, തന്റെ സകല ഉദ്യോഗസ്ഥവൃന്ദങ്ങൾക്കും അദ്ദേഹം ഒരു വിരുന്നു നൽകി.
16 അതിനുശേഷം, വേശ്യകളായ രണ്ടു സ്ത്രീകൾ ഒരു പരാതിയുമായി രാജസന്നിധിയിലെത്തി. 17 അവരിൽ ഒരുവൾ പറഞ്ഞത്: “യജമാനനേ, അടിയനും ഈ സ്ത്രീയും ഒരു വീട്ടിൽത്തന്നെ താമസിക്കുന്നു. ഇവൾ എന്റെകൂടെ ഉണ്ടായിരുന്നപ്പോൾത്തന്നെ എനിക്കൊരു കുഞ്ഞുജനിച്ചു. 18 എനിക്കു കുഞ്ഞു ജനിച്ചതിന്റെ മൂന്നാംദിവസം ഇവൾക്കും ഒരു കുഞ്ഞുജനിച്ചു. വീട്ടിൽ ഞങ്ങൾ ഒരുമിച്ചാണ് താമസിച്ചിരുന്നത്. വീട്ടിൽ ഞങ്ങൾ രണ്ടുപേരുമല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.
19 “എന്നാൽ, രാത്രിയിൽ ഈ സ്ത്രീ തന്റെ കുഞ്ഞിന്റെമേൽ അറിയാതെ കിടന്നുപോയതിനാൽ അതു മരിച്ചുപോയി. 20 അവിടത്തെ ദാസിയായ അടിയൻ ഉറക്കത്തിലായിരുന്നപ്പോൾ, രാത്രിയിൽ ഇവൾ എഴുന്നേറ്റ് അടിയന്റെ അരികിൽനിന്നും കുഞ്ഞിനെ എടുത്ത് അവളുടെ വശത്തും തന്റെ മരിച്ച കുഞ്ഞിനെ അടിയന്റെ വശത്തും കിടത്തി. 21 പ്രഭാതത്തിൽ അടിയൻ കുഞ്ഞിനു മുല കൊടുക്കാനായി എഴുന്നേറ്റപ്പോൾ അതു മരിച്ചുകിടക്കുന്നതായി കണ്ടു. എന്നാൽ, പുലർകാലവെളിച്ചത്തിൽ സൂക്ഷിച്ചുനോക്കിയപ്പോൾ അത് അടിയന്റെ കുഞ്ഞല്ലെന്ന് മനസ്സിലായി.”
22 അപ്പോൾ മറ്റേ സ്ത്രീ പറഞ്ഞത്: “അങ്ങനെയല്ല; ജീവനുള്ളത് എന്റെ കുഞ്ഞ്; മരിച്ച കുഞ്ഞാണു നിന്റേത്.”
എന്നാൽ, ആദ്യത്തെ സ്ത്രീ പറഞ്ഞത്: “അല്ല! മരിച്ച കുഞ്ഞാണു നിന്റേത്; ജീവനുള്ള കുഞ്ഞ് എന്റേതാണ്” ഇങ്ങനെ, അവർ രാജാവിന്റെ മുമ്പിൽ തർക്കിച്ചുകൊണ്ടിരുന്നു.
23 അപ്പോൾ രാജാവു പറഞ്ഞത്: “ ‘ജീവനുള്ളത് എന്റെ കുഞ്ഞ്, മരിച്ചത് നിന്റെ കുഞ്ഞ്,’ എന്ന് ഇവൾ പറയുന്നു; അല്ല, ‘മരിച്ചത് നിന്റെ കുഞ്ഞ്, ജീവനുള്ളത് എന്റെ കുഞ്ഞ്,’ എന്ന് മറ്റവളും പറയുന്നു.”
24 അപ്പോൾ, “ഒരു വാൾ കൊണ്ടുവരിക!” എന്നു രാജാവു കൽപ്പിച്ചു. പരിചാരകർ രാജാവിനുവേണ്ടി ഒരു വാൾ കൊണ്ടുവന്നു. 25 അപ്പോൾ അദ്ദേഹം ആജ്ഞാപിച്ചത്: “ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർക്കുക; ഒരുപകുതി ഒരുവൾക്കും മറ്റേപകുതി മറ്റവൾക്കും കൊടുക്കുക.”
26 ഉടനെ, ജീവനുള്ള കുഞ്ഞിന്റെ യഥാർഥ മാതാവ്, കുഞ്ഞിനോടുള്ള ആർദ്രസ്നേഹത്താൽ രാജാവിനോട് വിളിച്ചുപറഞ്ഞത്: “അയ്യോ! എന്റെ യജമാനനേ, ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ! അതിനെ അവൾക്കു കൊടുത്താലും!”
എന്നാൽ, മറ്റേ സ്ത്രീ: “വേണ്ട, എനിക്കും വേണ്ട നിനക്കും വേണ്ട. അതിനെ രണ്ടായി പിളർക്കട്ടെ!” എന്നു പറഞ്ഞു.
27 ഉടനെ, രാജാവു വിധി പ്രസ്താവിച്ചത്: “ജീവനുള്ള കുഞ്ഞിനെ കൊല്ലരുത്; അതിനെ ഒന്നാമത്തെ സ്ത്രീക്കു കൊടുക്കുക; അവളാണ് അതിന്റെ അമ്മ.”
28 രാജാവു കൽപ്പിച്ച വിധി ഇസ്രായേലെല്ലാം അറിഞ്ഞു. നീതി നടപ്പാക്കുന്നതിന് ദൈവത്തിന്റെ ജ്ഞാനം അദ്ദേഹത്തിനുണ്ടെന്ന് അവർക്കു ബോധ്യമായി. അതുകൊണ്ട്, ജനം അദ്ദേഹത്തെ വളരെ ആദരവോടുകൂടിയാണു കണ്ടത്.
13 അതിനുശേഷം ശലോമോൻ ഗിബെയോനിലെ ആരാധനാസ്ഥലത്തുള്ള സമാഗമകൂടാരത്തിന്റെ മുമ്പിൽനിന്നു ജെറുശലേമിലേക്കു മടങ്ങിപ്പോയി. അവിടെ അദ്ദേഹം ഇസ്രായേലിൽ വാണു.
13 ഒരു ദിവസം ഹഗ്ഗീത്തിന്റെ മകനായ അദോനിയാവ് ശലോമോന്റെ അമ്മയായ ബേത്ത്-ശേബയെ ചെന്നുകണ്ടു. “നീ സമാധാനത്തോടെയോ വരുന്നത്?” എന്ന് ബേത്ത്-ശേബ അദ്ദേഹത്തോടു ചോദിച്ചു.
“അതേ, സമാധാനത്തോടെതന്നെ,” അദ്ദേഹം മറുപടി പറഞ്ഞു. 14 “എനിക്ക് ഒരു കാര്യം പറയാനുണ്ട്,” അദ്ദേഹം തുടർന്നു.
“നിനക്കു പറയാം,” അവൾ ഉത്തരം പറഞ്ഞു.
15 അദ്ദേഹം പറഞ്ഞു: “രാജത്വം എനിക്കു ലഭിക്കേണ്ടതായിരുന്നു എന്നു നിങ്ങൾക്കറിയാമല്ലോ. സകല ഇസ്രായേലും എന്നെ അവരുടെ അടുത്ത രാജാവായി പ്രതീക്ഷിച്ചിരുന്നു. എന്നാൽ കാര്യങ്ങൾക്കു മാറ്റംവന്നു. രാജ്യം എന്റെ സഹോദരന്റേതായിത്തീർന്നിരിക്കുന്നു; അത് യഹോവയിൽനിന്ന് അവനു ലഭിച്ചിരിക്കുന്നു. 16 ഇപ്പോൾ, ഞാനൊരു കാര്യം അപേക്ഷിക്കുകയാണ്; അതെനിക്കു നിരസിക്കരുത്.”
“പറഞ്ഞുകൊള്ളൂ,” അവൾ പ്രതിവചിച്ചു.
17 അദോനിയാവ് പറഞ്ഞത്: “ശൂനേംകാരിയായ അബീശഗിനെ എനിക്കു ഭാര്യയായിത്തരണമെന്ന് ശലോമോൻ രാജാവിനോടു ദയവായി പറഞ്ഞാലും! നിങ്ങൾ പറഞ്ഞാൽ അദ്ദേഹം മുഖംതിരിച്ചുകളയുകയില്ല.”
18 “ശരി, നിനക്കുവേണ്ടി ഞാൻ രാജാവിനോടു സംസാരിക്കാം,” എന്ന് ബേത്ത്-ശേബ മറുപടി പറഞ്ഞു.
19 അദോനിയാവിനുവേണ്ടി സംസാരിക്കാൻ ബേത്ത്-ശേബ ശലോമോൻരാജാവിന്റെ അടുക്കൽ ചെന്നപ്പോൾ അദ്ദേഹം എഴുന്നേറ്റ് വണങ്ങി വന്ദനംചെയ്ത് മാതാവിനെ സ്വീകരിച്ചു. പിന്നെ അദ്ദേഹം സിംഹാസനത്തിൽ ഇരുന്നു. രാജമാതാവിനും അദ്ദേഹത്തോടൊപ്പം സിംഹാസനം നൽകി. അവർ അദ്ദേഹത്തിന്റെ വലതുഭാഗത്ത് ഇരുന്നു.
20 ബേത്ത്-ശേബ രാജാവിനോട്: “എനിക്കൊരു ചെറിയ കാര്യം അപേക്ഷിക്കാനുണ്ട്; അതു നിരസിക്കരുത്” എന്നു പറഞ്ഞു.
“എന്റെ അമ്മേ, ചോദിച്ചാലും, ഞാനതു നിരസിക്കുകയില്ല,” രാജാവു മറുപടികൊടുത്തു.
21 അപ്പോൾ, ബേത്ത്-ശേബ പറഞ്ഞത്: “ശൂനേംകാരിയായ അബീശഗിനെ നിന്റെ സഹോദരനായ അദോനിയാവിനു ഭാര്യയായി കൊടുത്താലും.”
22 ശലോമോൻ രാജാവു തന്റെ മാതാവിനോട്: “അദോനിയാവിനുവേണ്ടി ശൂനേംകാരിയായ അബീശഗിനെ ചോദിക്കുന്നതെന്തിന്? രാജ്യംതന്നെ അയാൾക്കുവേണ്ടി ചോദിക്കരുതോ? അയാൾ എന്റെ മൂത്ത സഹോദരനുമാണല്ലോ! അയാൾക്കുവേണ്ടിമാത്രമല്ല, പുരോഹിതനായ അബ്യാഥാരിനും സെരൂയയുടെ മകനായ യോവാബിനുംകൂടെ രാജ്യം ചോദിക്കരുതോ?”
23 അപ്പോൾ, ശലോമോൻരാജാവ് യഹോവയുടെ നാമത്തിൽ ശപഥംചെയ്തു പറഞ്ഞത്: “അദോനിയാവ് ഇത് ആവശ്യപ്പെട്ടത് അയാളുടെ ജീവനാശത്തിനല്ലെങ്കിൽ ദൈവം എന്നെ കഠിനമായി ശിക്ഷിക്കട്ടെ! 24 അതുകൊണ്ട്, എന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തിൽ എന്നെ സ്ഥിരപ്പെടുത്തുകയും, തന്റെ വാഗ്ദാനപ്രകാരം എനിക്കായി ഒരു രാജവംശം സ്ഥാപിക്കുകയും ചെയ്ത ജീവനുള്ള യഹോവയാണെ, അദോനിയാവ് ഇന്നുതന്നെ വധിക്കപ്പെടും.” 25 ഉടനെ, ശലോമോൻരാജാവ് യെഹോയാദായുടെ മകനായ ബെനായാവിനു കൽപ്പനകൊടുത്തു; അദ്ദേഹം അദോനിയാവിനെ വെട്ടിക്കൊന്നു.
26 അതിനുശേഷം, പുരോഹിതനായ അബ്യാഥാരിനോടു രാജാവു കൽപ്പിച്ചത്: “അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്കു തിരിച്ചുപോകുക. നീ മരണയോഗ്യനാണ്; എന്നാൽ നീ എന്റെ പിതാവായ ദാവീദിന്റെ മുമ്പാകെ കർത്താവായ യഹോവയുടെ പേടകം ചുമന്നതുകൊണ്ടും എന്റെ പിതാവിന്റെ കഷ്ടതകളിലെല്ലാം പങ്കുചേർന്നതുകൊണ്ടും ഞാൻ നിന്നെ ഇപ്പോൾ കൊല്ലുന്നില്ല.” 27 ശലോമോൻ യഹോവയുടെ പൗരോഹിത്യത്തിൽനിന്ന് അബ്യാഥാരിനെ നീക്കംചെയ്തു. ഇപ്രകാരം, ഏലിയുടെ പിൻഗാമികളെക്കുറിച്ച് ശീലോവിൽവെച്ച് യഹോവ അരുളിച്ചെയ്ത വാക്കുകൾ നിറവേറി.
28 യോവാബ് ഈ വാർത്ത അറിഞ്ഞപ്പോൾ, അദ്ദേഹം യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളിൽ പിടിച്ചു. അദ്ദേഹം അബ്ശാലോമിന്റെ പക്ഷത്തു ചേർന്നിരുന്നില്ലെങ്കിലും അദോനിയാവിന്റെ പക്ഷംചേർന്നു പ്രവർത്തിച്ചിരുന്നു. 29 യോവാബ് യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് യാഗപീഠത്തിന്റെ അടുക്കൽ നിൽക്കുന്നു എന്ന് ശലോമോൻ രാജാവിന് അറിവുകൊടുത്തു. “നീ ചെന്ന് അവനെ വധിക്കുക!” എന്ന് ശലോമോൻ യെഹോയാദായുടെ മകനായ ബെനായാവിനു കൽപ്പനകൊടുത്തു.
30 ബെനായാവ് യഹോവയുടെ കൂടാരത്തിങ്കൽ വന്ന് യോവാബിനോട്: “ ‘നീ പുറത്തുവരിക,’ എന്ന് രാജാവു കൽപ്പിക്കുന്നു” എന്നു പറഞ്ഞു.
എന്നാൽ, “ഇല്ല, ഞാൻ ഇവിടെത്തന്നെ മരിക്കും” എന്ന് അദ്ദേഹം മറുപടി നൽകി.
“ഇപ്രകാരം യോവാബ് മറുപടി നൽകി,” എന്ന് ബെനായാവ് രാജാവിനെ അറിയിച്ചു.
31 അപ്പോൾ രാജാവ് ബെനായാവിനോട്: “അയാൾ പറഞ്ഞതുപോലെതന്നെ ചെയ്യുക. അയാളെ വെട്ടിക്കൊന്നു കുഴിച്ചുമൂടുക. അങ്ങനെ യോവാബു കാരണംകൂടാതെ ചിന്തിയ നിഷ്കളങ്കരക്തത്തിന്റെ പാതകത്തിൽനിന്ന് എന്നെയും എന്റെ പിതാവിന്റെ ഭവനത്തെയും മോചിപ്പിക്കുക. 32 അയാൾ ചിന്തിയ രക്തത്തിന് യഹോവ പകരം നൽകട്ടെ! കാരണം, എന്റെ പിതാവായ ദാവീദിന്റെ അറിവുകൂടാതെയാണല്ലോ അയാൾ ഇസ്രായേൽ സൈന്യത്തിന്റെ അധിപനും നേരിന്റെ മകനുമായ അബ്നേരിനെയും, യെഹൂദാ സൈന്യത്തിന്റെ അധിപനും യേഥെരിന്റെ മകനുമായ അമാസയെയും വാളിനിരയാക്കിയത്. അവർ ഇരുവരും അയാളെക്കാൾ ഉത്തമന്മാരും നീതിമാന്മാരും ആയിരുന്നു. 33 അവരുടെ രക്തത്തിന്റെ പാതകം എന്നെന്നേക്കും യോവാബിന്റെ തലമേലും അയാളുടെ പിൻഗാമികളുടെ തലമേലും ഇരിക്കട്ടെ! എന്നാൽ ദാവീദിൻമേലും അദ്ദേഹത്തിന്റെ പിൻഗാമികളിൻമേലും ഭവനത്തിൻമേലും സിംഹാസനത്തിൻമേലും യഹോവയുടെ സമാധാനം എന്നെന്നേക്കും ഉണ്ടായിരിക്കട്ടെ!”
34 അങ്ങനെ, യെഹോയാദായുടെ മകനായ ബെനായാവു തിരികെച്ചെന്ന് യോവാബിനെ വെട്ടിക്കൊന്നു; അയാളെ മരുഭൂമിയിൽ അയാളുടെ സ്വന്തംഭൂമിയിൽ അടക്കംചെയ്തു. 35 രാജാവ് യോവാബിന്റെ സ്ഥാനത്ത് യെഹോയാദായുടെ മകനായ ബെനായാവിനെ സൈന്യാധിപനാക്കി, അബ്യാഥാരിനുപകരം സാദോക്കിനെ പുരോഹിതനായും നിയമിച്ചു.
36 അതിനുശേഷം രാജാവ് ആളയച്ചു ശിമെയിയെ വരുത്തി, “നീ ജെറുശലേമിൽ ഒരു വീട് പണിത് അവിടെ പാർക്കുക, എന്നാൽ, മറ്റെങ്ങും പോകരുത്. 37 ജെറുശലേംവിട്ട് കിദ്രോൻതോടു കടക്കുന്നനാളിൽ നീ മരിക്കും എന്നു തീർച്ചയാക്കിക്കൊള്ളുക. നിന്റെ രക്തം നിന്റെ തലമേൽത്തന്നെ ഇരിക്കും” എന്നു കൽപ്പിച്ചു.
38 ശിമെയി രാജാവിനോട്: “അതു നല്ലവാക്ക്; എന്റെ യജമാനനായ രാജാവു കൽപ്പിച്ചതുപോലെ അങ്ങയുടെ ദാസൻ ചെയ്യാം” എന്നു പറഞ്ഞു. അങ്ങനെ, ശിമെയി കുറെക്കാലം ജെറുശലേമിൽ താമസിച്ചു.
21 ഹദദ് ഈജിപ്റ്റിൽ ആയിരുന്നപ്പോൾ, ദാവീദ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു എന്നും അദ്ദേഹത്തിന്റെ സൈന്യാധിപനായ യോവാബ് മരിച്ചുപോയെന്നുമുള്ള വാർത്ത കേട്ടു. അപ്പോൾ, ഹദദ് ഫറവോനോട്: “എന്റെ സ്വന്തം ദേശത്തേക്കു മടങ്ങിപ്പോകുന്നതിന് എന്നെ അനുവദിച്ചാലും!” എന്നപേക്ഷിച്ചു.
22 “നിന്റെ സ്വന്തംനാട്ടിലേക്കു തിരിച്ചുപോകാൻ ആഗ്രഹിക്കത്തക്കവിധം നിനക്കിവിടെ എന്തിനാണ് കുറവുള്ളത്?” എന്നു ഫറവോൻ ചോദിച്ചു.
“ഒന്നിനുമില്ല, എങ്കിലും എന്നെ തിരികെപ്പോകാൻമാത്രം അനുവദിച്ചാലും!” എന്നു ഹദദ് മറുപടി പറഞ്ഞു.
4 ഒരിക്കൽ, ശലോമോൻരാജാവ് യാഗങ്ങൾ അർപ്പിക്കാനായി ഗിബെയോനിലേക്കു പോയി. ആ കാലത്ത് ജനം യാഗമർപ്പിച്ചിരുന്ന മലകളിൽ ഏറ്റവും പ്രാധാന്യമുള്ളത് അവിടെയായിരുന്നു. അവിടെയുള്ള യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗങ്ങൾ അർപ്പിച്ചു.
7 അന്നുരാത്രി ദൈവം ശലോമോനു പ്രത്യക്ഷനായി അദ്ദേഹത്തോടു പറഞ്ഞു: “നിനക്കുവേണ്ടത് എന്തായാലും ചോദിച്ചുകൊള്ളുക, ഞാൻ തരും.”
8 ശലോമോൻ ദൈവത്തോടു മറുപടി പറഞ്ഞു: “യഹോവേ, അങ്ങ് എന്റെ പിതാവായ ദാവീദിനോട് വലിയ ദയ കാണിച്ചിരിക്കുന്നു; അദ്ദേഹത്തിന്റെ സ്ഥാനത്ത് എന്നെ രാജാവാക്കുകയും ചെയ്തിരിക്കുന്നു. 9 ദൈവമായ യഹോവേ, ഭൂതലത്തിലെ പൊടിപോലെ അസംഖ്യമായ ഒരു ജനതയ്ക്ക് ഇപ്പോൾ അങ്ങ് എന്നെ രാജാവാക്കിയിരിക്കുന്നു! അതിനാൽ എന്റെ പിതാവായ ദാവീദിനോട് അങ്ങ് ചെയ്ത വാഗ്ദാനം സ്ഥിരീകരിക്കണേ! 10 അങ്ങയുടെ ഈ മഹാജനതയെ ഭരിക്കാൻ ആർക്കു കഴിയും? അതിനാൽ ഈ ജനതയെ ഭരിക്കാൻ തക്കവിധം എനിക്കു ജ്ഞാനവും വിവേകവും തന്നാലും!”
11 ദൈവം ശലോമോന് ഉത്തരമരുളി: “സമ്പത്തോ ധനമോ ബഹുമതിയോ ശത്രുസംഹാരമോ ദീർഘായുസ്സോ ഒന്നും നീ ചോദിച്ചില്ല; എന്റെ ജനത്തെ, ഞാൻ നിന്നെ രാജാവാക്കിയിരിക്കുന്ന ജനത്തെത്തന്നെ, ഭരിക്കുന്നതിനുവേണ്ട ജ്ഞാനവും വിവേകവും നീ ചോദിച്ചിരിക്കുന്നു. നിന്റെ ഹൃദയാഭിലാഷം ഇതായിരിക്കുകയാൽ 12 ജ്ഞാനവും വിവേകവും നിനക്കു നൽകപ്പെടും; അതോടൊപ്പം, നിനക്കുമുമ്പ് ഒരു രാജാവിനും ഇല്ലാതിരുന്നതും നിനക്കുശേഷം ഒരുവനും ഉണ്ടാകാത്തതുമായ വിധത്തിലുള്ള സമ്പത്തും ധനവും ബഹുമതിയും ഞാൻ നിനക്കു നൽകും.”