ശലോമോന് ദാവീദ് നൽകുന്ന നിർദേശം
ക്രി.മു. 1015
Biblica® Open Malayalam Contemporary Version™ (OMCV)
1 ദാവീദ് മരണാസന്നനായപ്പോൾ അദ്ദേഹം തന്റെ പുത്രനായ ശലോമോനോട് ഇപ്രകാരം കൽപ്പിച്ചു:
2 “ഭൂമിയിലുള്ള സകലരും പോകേണ്ട വഴിയിലൂടെ ഞാനും പോകുന്നു. നീ ശക്തനായിരിക്കുക; പൗരുഷം കാണിക്കുക. 3 നിന്റെ ദൈവമായ യഹോവയുടെ പ്രമാണങ്ങൾ പാലിക്കുക; അവിടത്തെ അനുസരിച്ച് ജീവിക്കുക. മോശയുടെ ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിട്ടുള്ള അവിടത്തെ ഉത്തരവുകളും കൽപ്പനകളും നിയമങ്ങളും അനുശാസനകളും അനുസരിക്കുക. എന്നാൽ നിന്റെ എല്ലാ പ്രവൃത്തികളിലും എല്ലാ വഴികളിലും നീ വിജയം കൈവരിക്കും. 4 ‘നിന്റെ പിൻഗാമികൾ തങ്ങളുടെ ജീവിതം സശ്രദ്ധം നയിക്കുകയും പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടി എന്റെമുമ്പാകെ വിശ്വസ്തതയോടെ ജീവിക്കുകയും ചെയ്താൽ ഇസ്രായേലിന്റെ രാജസിംഹാസനത്തിലിരിക്കാൻ നിനക്കൊരു പുരുഷൻ ഇല്ലാതെപോകുകയില്ല,’ എന്ന് യഹോവ എനിക്കു നൽകിയ വാഗ്ദാനം അവിടന്നു പാലിക്കുകതന്നെ ചെയ്യും.
5 “സെരൂയയുടെ മകനായ യോവാബ് എന്നോടു ചെയ്തത് എന്താണെന്നു നിനക്ക് അറിവുള്ളതാണല്ലോ: ഇസ്രായേലിന്റെ സൈന്യാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനോടും യേഥെരിന്റെ മകൻ അമാസയോടും ചെയ്തവതന്നെ! അവൻ സമാധാനകാലത്ത് യുദ്ധരക്തം ചൊരിഞ്ഞ് അവരെ വധിച്ചു. അയാളുടെ അരപ്പട്ടയിലും കാലിലെ ചെരിപ്പിലും ആ രക്തംകൊണ്ട് കറപിടിപ്പിച്ചിരിക്കുന്നു. 6 നിനക്കു ലഭിച്ചിരിക്കുന്ന ജ്ഞാനമനുസരിച്ച് അയാളോടു പെരുമാറുക; അയാളുടെ തല നരയ്ക്കുന്നതിനും സമാധാനത്തോടെ ശവക്കുഴിയിലേക്കിറങ്ങുന്നതിനും അനുവദിക്കരുത്.
7 “എന്നാൽ, ഗിലെയാദിലെ ബർസില്ലായിയുടെ പുത്രന്മാരോടു കരുണ കാണിക്കുക; നിന്റെ മേശയിൽനിന്നു ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിൽ അവർ എന്നും ഉണ്ടായിരിക്കട്ടെ! നിന്റെ സഹോദരനായ അബ്ശാലോമിന്റെമുമ്പിൽനിന്ന് ഞാൻ ഓടിപ്പോയപ്പോൾ അവർ എന്നോടൊപ്പം ഉണ്ടായിരുന്നു.
8 “ബഹൂരീമിൽനിന്നുള്ള ബെന്യാമീൻഗോത്രക്കാരനായ ഗേരയുടെ മകൻ ശിമെയി ഇവിടെ നിന്നോടൊപ്പമുണ്ടല്ലോ! ഞാൻ മഹനയീമിലേക്ക് ഓടിപ്പോയ ദിവസം എന്റെമേൽ കഠിനമായ ശാപവാക്കുകൾ ചൊരിഞ്ഞവനാണ് അയാൾ എന്ന് ഓർക്കുക. എന്നെ എതിരേൽക്കുന്നതിനായി അയാൾ യോർദാൻനദിയിലേക്ക് വന്നപ്പോൾ, ‘ഞാൻ നിന്നെ വാളാൽ കൊല്ലുകയില്ല’ എന്ന് യഹോവയുടെ നാമത്തിൽ ഞാൻ അയാളോടു ശപഥംചെയ്തിരുന്നു. 9 എന്നാൽ, ആ ശപഥംനിമിത്തം അയാളെ നിഷ്കളങ്കനായി കണക്കാക്കരുത്. നീ ജ്ഞാനിയല്ലോ! അയാളോട് എന്തു ചെയ്യണമെന്ന് നിനക്കറിയാം. അയാളുടെ നരച്ചതലയെ രക്തത്തോടെ ശവക്കുഴിയിലേക്കയയ്ക്കുക!”
ദാവീദിന്റെ അവസാന വാക്കുകൾ
1 ദാവീദിന്റെ അന്ത്യവചസ്സുകൾ ഇവയാകുന്നു:
“യിശ്ശായിപുത്രനായ ദാവീദിന്റെ,
പരമോന്നതനായ ദൈവത്താൽ ഉയർത്തപ്പെട്ട പുരുഷന്റെ,
യാക്കോബിൻദൈവത്താൽ അഭിഷിക്തനായ മനുഷ്യന്റെ,
ഇസ്രായേലിന്റെ മധുരഗായകന്റെ വചസ്സുകൾ:
2 “യഹോവയുടെ ആത്മാവ് എന്നിലൂടെ സംസാരിച്ചു;
അവിടത്തെ വചനം എന്റെ നാവിന്മേൽ ഉണ്ടായിരുന്നു.
3 ഇസ്രായേലിന്റെ ദൈവം അരുളിച്ചെയ്തു,
ഇസ്രായേലിന്റെ പാറയായുള്ളവൻ എന്നോടു കൽപ്പിച്ചു:
‘ഒരുവൻ നീതിയോടെ മനുഷ്യരെ ഭരിക്കുമ്പോൾ,
അയാൾ ദൈവഭയത്തിൽ ഭരണം നടത്തുമ്പോൾ,
4 കാർമേഘരഹിതമായ പ്രഭാതത്തിലെ
സൂര്യോദയത്തിൽ തിളങ്ങുന്ന അരുണാഭപോലെയാണ് അയാൾ;
മഴയ്ക്കുശേഷം ഭൂമിയിൽനിന്നു മുളയ്ക്കുന്ന
പുൽനാമ്പുകളിൽ സൂര്യൻ പ്രതിജ്വലിക്കുന്നതുപോലെയും.’
5 “എന്റെ ഭവനവും ദൈവസന്നിധിയിൽ അതുപോലെതന്നെയല്ലേ?
അവിടന്ന് എന്നോട് ഒരു ശാശ്വതമായ ഉടമ്പടി ചെയ്തിട്ടില്ലയോ?
വിശദാംശങ്ങളിലെല്ലാം ക്രമീകൃതമായ സുഭദ്രമായ ഒരു ഉടമ്പടിതന്നെ.
അവിടന്ന് എന്റെ രക്ഷ സഫലമാക്കുകയും
എന്റെ അഭിലാഷം സാധിതമാക്കുകയും ചെയ്യുകയില്ലേ?
6 എന്നാൽ ദുഷ്ടമനുഷ്യരോ, മുൾച്ചെടിപോലെ പറിച്ചെറിഞ്ഞു കളയപ്പെടേണ്ടവരാകുന്നു,
അവ കൈകൊണ്ടു ശേഖരിക്കപ്പെടുന്നില്ല,
7 അവയെ തൊടേണ്ടവർ
ഇരുമ്പുദണ്ഡോ കുന്തത്തടിയോ ഉപയോഗിക്കുന്നു.
അവ കിടക്കുന്നിടത്തുവെച്ചുതന്നെ ചുട്ടുകളയപ്പെടുന്നു.”
ദാവീദിന്റെ മരണം
26 യിശ്ശായിയുടെ മകനായ ദാവീദ് ഇസ്രായേലിനെല്ലാം രാജാവായി വാണു. 27 അദ്ദേഹം ഇസ്രായേലിനെ നാൽപ്പതുവർഷം ഭരിച്ചു—ഏഴുവർഷം ഹെബ്രോനിലും മുപ്പത്തിമൂന്നുവർഷം ജെറുശലേമിലും. 28 ദീർഘായുസ്സും ധനവും ബഹുമാനവും ഉള്ളവനായി തികഞ്ഞ വാർധക്യത്തിൽ അദ്ദേഹം മരിച്ചു; അദ്ദേഹത്തിന്റെ മകൻ ശലോമോൻ അദ്ദേഹത്തിനു പിൻഗാമിയായി.
29 ദാവീദുരാജാവിന്റെ ഭരണകാലത്തിലെ ആദ്യവസാന വൃത്താന്തങ്ങൾ ദർശകനായ ശമുവേലിന്റെയും പ്രവാചകനായ നാഥാന്റെയും ദർശകനായ ഗാദിന്റെയും വൃത്താന്തപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. 30 അദ്ദേഹത്തിന്റെ ഭരണത്തിന്റെ വിശദാംശങ്ങൾ, ശക്തി, അദ്ദേഹത്തെയും ഇസ്രായേലിനെയും ചുറ്റുമുള്ള രാജ്യങ്ങളെയും സംബന്ധിച്ച സാഹചര്യവിവരങ്ങൾ എന്നിവയും അവയിൽ വിവരിച്ചിരിക്കുന്നു.
10 ഇതിനുശേഷം, ദാവീദ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; “ദാവീദിന്റെ നഗരത്തിൽ” അദ്ദേഹത്തെ സംസ്കരിച്ചു. 11 ദാവീദ് നാൽപ്പതുവർഷം ഇസ്രായേലിൽ ഭരണംനടത്തി—ഏഴുവർഷം ഹെബ്രോനിലും മുപ്പത്തിമൂന്നുവർഷം ജെറുശലേമിലും.