ശലോമോൻ ദേവാലയം പണിയാൻ ഒരുങ്ങുന്നു

ദൈവാലയം പണിയുന്നതിനുള്ള ഒരുക്കങ്ങൾ. ശിമെയിയുടെ മരണം. ശലോമോന്റെ വിവാഹം.

ക്രി.മു. 1015

Biblica® Open Malayalam Contemporary Version™ (OMCV)

1 രാജാക്കന്മാർ 4:1–25

1 അങ്ങനെ ശലോമോൻ സമസ്ത ഇസ്രായേലിന്മേലും രാജാവായി വാണു.

2 അദ്ദേഹത്തിന്റെ പ്രമുഖ ഉദ്യോഗസ്ഥന്മാർ ഇവരായിരുന്നു:

സാദോക്കിന്റെ മകനായ അസര്യാവായിരുന്നു പുരോഹിതൻ;

3 ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും ആയിരുന്നു ലേഖകന്മാർ;

അഹീലൂദിന്റെ പുത്രനായ യെഹോശാഫാത്ത് രാജകീയ രേഖാപാലകൻ;

4 യെഹോയാദായുടെ പുത്രനായ ബെനായാവ് സർവസൈന്യാധിപൻ;

സാദോക്കും അബ്യാഥാരും പുരോഹിതന്മാർ;

5 നാഥാന്റെ പുത്രനായ അസര്യാവ് പ്രാദേശികഭരണാധിപന്മാരുടെ മേലധികാരി;

നാഥാന്റെ മറ്റൊരു പുത്രനായ സബൂദ് പുരോഹിതനും രാജാവിന്റെ ഉപദേശകനുമായിരുന്നു;

6 അഹീശാർ രാജകൊട്ടാരം ഭരണാധിപൻ;

അബ്ദയുടെ പുത്രനായ അദോനിരാം നിർബന്ധിതവേലക്കാരുടെ മേധാവി.

7 രാജാവിനും രാജകുടുംബത്തിനും ഭക്ഷണപദാർഥങ്ങൾ എത്തിച്ചുകൊടുക്കാൻ ഇസ്രായേലിൽ എല്ലായിടത്തുമായി പന്ത്രണ്ടു പ്രാദേശികഭരണാധിപന്മാർ ശലോമോന് ഉണ്ടായിരുന്നു. അവർ ഓരോരുത്തരും വർഷത്തിൽ ഓരോ മാസം അവ എത്തിച്ചുകൊടുക്കും.

8 അവരുടെ പേരുകൾ ഇവയാണ്:

എഫ്രയീം മലനാട്ടിൽ, ബെൻ-ഹൂർ;

9 മാക്കസ്, ശാൽബീം, ബേത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ, ബെൻദേക്കെർ;

10 അരുബ്ബോത്തിൽ, ബെൻ-ഹേസെദ്; സോഖോവും ഹേഫെർ ദേശംമുഴുവനും അദ്ദേഹത്തിന്റെ അധികാരപരിധിക്കുള്ളിലായിരുന്നു.

11 നാഫത്ത്-ദോറിൽ, ബെൻ-അബീനാദാബ്; ഇദ്ദേഹം ശലോമോന്റെ മകളായ താഫത്തിനെ വിവാഹംകഴിച്ചിരുന്നു.

12 താനാക്കിലും, മെഗിദ്ദോവിലും, ബേത്-ശയാൻ ദേശത്തുമുഴുവനും, അഹീലൂദിന്റെ മകനായ ബാനാ; ബേത്-ശയാൽദേശം യെസ്രീലിനു താഴെയുള്ള സാരേഥാനോടു ചേർന്നുകിടക്കുന്നതും യോക്മെയാമിനു കുറുകെ ബേത്ത്-ശെയാൻമുതൽ ആബേൽ-മെഹോലാവരെ വ്യാപിച്ചുകിടക്കുന്നതും ആയിരുന്നു.

13 ഗിലെയാദിലെ രാമോത്തിൽ, ബെൻ-ഗേബെർ; ഗിലെയാദുദേശത്തിൽ മനശ്ശെയുടെ പുത്രനായ യായീർ താമസിച്ചിരുന്ന ദേശവും കെട്ടിയുറപ്പിച്ചതും വെങ്കലയോടാമ്പലുകളുള്ള അറുപതു നഗരങ്ങൾ ഉൾപ്പെട്ട ബാശാൻ ദേശത്തിലെ അർഗോബുദേശവും ഇദ്ദേഹത്തിന്റെ കീഴിലായിരുന്നു.

14 മഹനയീമിൽ, ഇദ്ദോയുടെ പുത്രനായ അഹീനാദാബ്;

15 നഫ്താലിയിൽ, അഹീമാസ്; ശലോമോന്റെ മകളായ ബാസമത്തിനെ ഇദ്ദേഹം വിവാഹംകഴിച്ചിരുന്നു.

16 ആശേരിലും ബെയാലോത്തിലും ഹൂശായിയുടെ പുത്രനായ ബാനാ;

17 യിസ്സാഖാരിൽ, പാരൂഹിന്റെ പുത്രൻ യെഹോശാഫാത്ത്;

18 ബെന്യാമീനിൽ, ഏലയുടെ പുത്രൻ ശിമെയി;

19 അമോര്യരാജാവായ സീഹോന്റെയും ബാശാൻരാജാവായ ഓഗിന്റെയും രാജ്യമായ ഗിലെയാദിൽ, ഹൂരിന്റെ പുത്രൻ ഗേബെർ. ഇവർ കൂടാതെ യെഹൂദാദേശത്തും ഒരു പ്രാദേശിക ഭരണകർത്താവ് ഉണ്ടായിരുന്നു.

20 യെഹൂദ്യയിലെയും ഇസ്രായേലിലെയും ജനം കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു. അവർ ഭക്ഷിച്ചുപാനംചെയ്ത് വളരെ ആനന്ദത്തോടെയാണു കഴിഞ്ഞിരുന്നത്. 21 യൂഫ്രട്ടീസ് നദിമുതൽ ഫെലിസ്ത്യരുടെദേശവും ഈജിപ്റ്റിന്റെ അതിരുവരെയുള്ള സകലരാജ്യങ്ങളും ശലോമോൻ ഭരിച്ചിരുന്നു. അവർ ശലോമോനു കപ്പം കൊണ്ടുവരികയും അദ്ദേഹത്തിന്റെ ജീവിതകാലംമുഴുവൻ കീഴടങ്ങിപ്പാർക്കുകയും ചെയ്തിരുന്നു.

22 ശലോമോന്റെ ഒരു ദിവസത്തെ ഭക്ഷണച്ചെലവ്: മുപ്പതുകോർ നേരിയമാവ്, അറുപതുകോർ സാധാരണമാവ്, 23 മാനുകൾ, കലമാനുകൾ, ആൺപുള്ളിമാനുകൾ, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവകൂടാതെ, പത്തു വളർത്തുമാടുകൾ, മേച്ചിൽപ്പുറത്തു മേഞ്ഞുനടക്കുന്ന ഇരുപതുകാളകൾ, നൂറ് ചെമ്മരിയാടുകളും കോലാടുകളും, ഇവയെല്ലാമായിരുന്നു. 24 യൂഫ്രട്ടീസ് നദിക്കു പടിഞ്ഞാറ് തിപ്സഹുമുതൽ ഗസ്സാവരെയുള്ള സകലരാജ്യങ്ങളും അദ്ദേഹം ഭരിച്ചു. എല്ലാ അതിർത്തിയിലും സമാധാനം നിലനിന്നിരുന്നു. 25 ശലോമോന്റെ ഭരണകാലത്തെല്ലാം യെഹൂദയും ഇസ്രായേലും ദാൻമുതൽ ബേർ-ശേബാവരെ ഓരോരുത്തരും അവരവരുടെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും തണലിൽ എന്നപോലെ സുരക്ഷിതരായി ജീവിച്ചു.

2 ദിനവൃത്താന്തം 2:1–2

1 യഹോവയുടെ നാമത്തിന് ഒരു ആലയവും തനിക്കായി ഒരു രാജകൊട്ടാരവും പണിയുന്നതിനു ശലോമോൻ നിശ്ചയിച്ചു. 2 അദ്ദേഹം നിർബന്ധിതസേവനത്തിന് 70,000 പേരെ ചുമട്ടുകാരായും 80,000 പേരെ മലയിൽ കല്ലുവെട്ടുകാരായും 3,600 പേരെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നവരായും നിയോഗിച്ചു.

1 രാജാക്കന്മാർ 5:1–12

1 ശലോമോൻ തന്റെ പിതാവായ ദാവീദിന്റെ പിൻതുടർച്ചാവകാശിയായി വാഴുന്നതിന് അഭിഷേകം ചെയ്യപ്പെട്ടു എന്ന് സോരിലെ രാജാവായ ഹീരാമിന് അറിവുകിട്ടി. അദ്ദേഹം എപ്പോഴും ദാവീദുരാജാവുമായി സൗഹൃദത്തിലായിരുന്നു. അതുകൊണ്ട് ഹീരാം ശലോമോന്റെ അടുക്കൽ സ്ഥാനപതികളെ അയച്ച് അദ്ദേഹത്തെ അനുമോദിച്ചു. 2 ശലോമോൻ ഹീരാംരാജാവിന് ഇപ്രകാരം ഒരു സന്ദേശം തിരികെ അയച്ചു:

3 “എന്റെ പിതാവായ ദാവീദിന്റെ ശത്രുക്കളെ യഹോവ അദ്ദേഹത്തിന്റെ കാൽക്കീഴാക്കുന്നതുവരെ അദ്ദേഹത്തിന് ചുറ്റുമുള്ള സകലരാജ്യങ്ങളോടും യുദ്ധത്തിൽ ഏർപ്പെടേണ്ടിവന്നതിനാൽ, തന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം നിർമിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്നു താങ്കൾക്കറിയാമല്ലോ! 4 എന്നാൽ, എനിക്കിപ്പോൾ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല. എന്റെ ദൈവമായ യഹോവ എനിക്ക് എല്ലാഭാഗത്തും സ്വസ്ഥത നൽകിയിരിക്കുന്നു. 5 ‘നിനക്കുപകരം നിന്റെ സിംഹാസനത്തിൽ ഞാൻ അവരോധിക്കുന്ന നിന്റെ മകൻ എന്റെ നാമത്തിന് ഒരു ആലയം നിർമിക്കും,’ എന്ന് യഹോവ എന്റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തപ്രകാരം ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം നിർമിക്കാൻ ആലോചിക്കുന്നു.

6 “ആകയാൽ, ലെബാനോനിൽനിന്ന് എനിക്കുവേണ്ടി ദേവദാരുക്കൾ മുറിക്കാൻ കൽപ്പന കൊടുത്താലും! എന്റെ സേവകരും താങ്കളുടെ സേവകരോടൊപ്പം ജോലിചെയ്യുന്നതായിരിക്കും. താങ്കളുടെ ആളുകൾക്ക് താങ്കൾ നിശ്ചയിക്കുന്ന വേതനവും ഞാൻ നൽകുന്നതായിരിക്കും. മരം മുറിക്കുന്നതിൽ സീദോന്യരെപ്പോലെ വൈദഗ്ദ്ധ്യമുള്ളവർ ഞങ്ങൾക്കില്ല എന്ന് അങ്ങേക്കറിയാമല്ലോ.”

7 ശലോമോൻ അയച്ച സന്ദേശം വായിച്ചുകേട്ടപ്പോൾ ഹീരാം അത്യധികം സന്തോഷിച്ചു. “ഈ മഹാജനതയെ ഭരിക്കാൻ ഇത്ര ജ്ഞാനമുള്ള ഒരു പുത്രനെ ദാവീദിനു നൽകിയ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ,” എന്ന് അദ്ദേഹം പ്രതികരിച്ചു.

8 ഹീരാം ഇപ്രകാരമൊരു മറുപടിയും ശലോമോന് കൊടുത്തയച്ചു:

“അങ്ങ് കൊടുത്തയച്ച സന്ദേശം എനിക്കു ലഭിച്ചു. ദേവദാരുക്കളും സരളമരങ്ങളും തരുന്ന കാര്യത്തിൽ അങ്ങ് ആഗ്രഹിക്കുന്നതുപോലെയെല്ലാം ഞാൻ ചെയ്യാം. 9 എന്റെ ജോലിക്കാർതന്നെ ലെബാനോനിൽനിന്നു തടികൾ മെഡിറ്ററേനിയൻ കടലിലേക്ക് ഇറക്കി അവിടെനിന്ന് ചങ്ങാടങ്ങളാക്കി അങ്ങു പറയുന്ന സ്ഥലത്ത് കടൽവഴിയായി എത്തിച്ച് അതിന്റെ കെട്ട് അഴിച്ചുതരുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ചെയ്യും. തുടർന്ന് അവരിൽനിന്ന് അങ്ങ് അവ ഏറ്റുവാങ്ങുമല്ലോ. എന്റെ രാജഗൃഹത്തിനുവേണ്ട ഭക്ഷണസാധനങ്ങൾ എത്തിച്ചുതരുന്ന കാര്യത്തിൽ എന്റെ ആഗ്രഹവും സാധിച്ചുതന്നാലും.”

10 ഇപ്രകാരം, ഹീരാം ശലോമോന് ആവശ്യമായിരുന്ന ദേവദാരുക്കളും സരളമരങ്ങളും നൽകിവന്നു. 11 ശലോമോനാകട്ടെ, ഹീരാമിന്റെ ഗൃഹത്തിന് 20,000 കോർ ഗോതമ്പും ആട്ടിയെടുത്ത 20,000 കോർ ഒലിവെണ്ണയും ഭക്ഷണത്തിനായി കൊടുത്തുപോന്നു. ശലോമോൻ വർഷംതോറും ഇവ ഹീരാമിന് കൊടുത്തുകൊണ്ടിരുന്നു. 12 യഹോവ, താൻ വാഗ്ദാനം ചെയ്തിരുന്നപ്രകാരം ശലോമോനു ജ്ഞാനം നൽകി. ഹീരാമും ശലോമോനുംതമ്മിൽ സമാധാനത്തിൽ തുടരുകയും ഇരുവരും ഒരു ഉടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു.

2 ദിനവൃത്താന്തം 2:3–16

3 ശലോമോൻ സോർരാജാവായ ഹൂരാമിന് ഒരു സന്ദേശമയച്ചു:

“എന്റെ പിതാവായ ദാവീദിന് പാർക്കുന്നതിന് ഒരു കൊട്ടാരം പണിയാൻ അങ്ങ് ദേവദാരു അയച്ചുകൊടുത്തതുപോലെ എനിക്കും ദേവദാരുത്തടികൾ അയച്ചുതരിക! 4 യഹോവയുടെമുമ്പാകെ സുഗന്ധധൂപം അർപ്പിക്കുന്നതിനും നിരന്തരം കാഴ്ചയപ്പം ഒരുക്കുന്നതിനും ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായിരിക്കുന്നപ്രകാരം എല്ലാ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ശബ്ബത്തുകളിലും അമാവാസികളിലും നിയമിക്കപ്പെട്ടിരിക്കുന്ന മറ്റ് ഉത്സവവേളകളിലും ഹോമയാഗങ്ങൾ അർപ്പിക്കുന്നതിനുമായി എന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഒരു ആലയം പണിതു പ്രതിഷ്ഠിക്കാൻ ഞാൻ ഒരുങ്ങുകയാണ്.

5 “ഞങ്ങളുടെ ദൈവം സകലദേവന്മാരിലും ശ്രേഷ്ഠനാണ്; അതിനാൽ ഞാൻ പണിയാൻപോകുന്ന ആലയം ഏറ്റവും മഹത്തായിരിക്കും. 6 സ്വർഗത്തിനും സ്വർഗാധിസ്വർഗത്തിനുപോലും അവിടത്തെ ഉൾക്കൊള്ളാൻ കഴിയാതിരിക്കേ, അവിടത്തേക്ക് ഒരാലയം പണിയുന്നതിന് ആർക്കാണു കഴിയുക? തിരുമുമ്പിൽ യാഗങ്ങൾ അർപ്പിക്കുന്നതിനുള്ള ഒരിടം എന്നതല്ലാതെ അവിടത്തേക്ക് ഒരാലയം പണിയുന്നതിന് ഞാൻ ആരാണ്?

7 “ആകയാൽ എന്റെ പിതാവായ ദാവീദ് തെരഞ്ഞെടുത്തിരിക്കുന്ന എന്റെ വിദഗ്ദ്ധരായ കരകൗശലവേലക്കാരോടൊപ്പം യെഹൂദ്യയിലും ജെറുശലേമിലും പണിചെയ്യുന്നതിനായി ഒരു വിദഗ്ദ്ധനെ അയച്ചുതരിക. അയാൾ സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, ഊതനൂൽ, ചെമപ്പുനൂൽ, നീലനൂൽ എന്നിവകൊണ്ടുള്ള പണികളിൽ വിദഗ്ധനും കൊത്തുപണികളിൽ പരിശീലനം സിദ്ധിച്ചിട്ടുള്ളവനും ആയിരിക്കണം.

8 “ലെബാനോനിൽനിന്ന് ദേവദാരു, സരളമരം, ചന്ദനം എന്നീ തടികളും എനിക്ക് അയച്ചുതരിക. താങ്കളുടെ ആളുകൾ ലെബാനോനിൽ തടികൾ വെട്ടുന്നതിനു വിദഗ്ദ്ധന്മാരാണെന്ന് ഞാൻ കേട്ടിരിക്കുന്നു. അവരോടൊപ്പം എന്റെ ആളുകളും പണിചെയ്യും. 9 അങ്ങനെ എനിക്കു വേണ്ടുവോളം ഉരുപ്പടികൾ ലഭിക്കുമല്ലോ. ഞാൻ നിർമിക്കുന്ന ആലയം അതിവിപുലവും അത്യന്തം മനോഹരവുമായിരിക്കണം. അതുകൊണ്ടാണ് ഞാൻ ഇപ്രകാരം ആവശ്യപ്പെടുന്നത്. 10 തടിവെട്ടുന്ന മരപ്പണിക്കാരായ അങ്ങയുടെ ജോലിക്കാർക്കുവേണ്ടി ഞാൻ 20,000 കോർ ഗോതമ്പും 20,000 കോർ യവവും 20,000 ബത്ത് വീഞ്ഞും അത്രയുംതന്നെ ഒലിവെണ്ണയും നൽകുന്നതാണ്.”

11 സോർരാജാവായ ഹൂരാം ശലോമോന് മറുപടിയെഴുതി:

“യഹോവ തന്റെ ജനത്തെ സ്നേഹിക്കുന്നതിനാൽ അങ്ങയെ അവർക്കു രാജാവാക്കിയിരിക്കുന്നു.”

12 ഹൂരാം തുടർന്നു:

“ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചവനും ഇസ്രായേലിന്റെ ദൈവവുമായ യഹോവയ്ക്കു സ്തോത്രം! ജ്ഞാനവും വിവേകവും ബുദ്ധിവിലാസവും ജന്മസിദ്ധമായിട്ടുള്ള ഒരു മകനെ ദൈവം ദാവീദുരാജാവിനു നൽകിയല്ലോ! അദ്ദേഹം യഹോവയ്ക്ക് ഒരാലയവും തനിക്ക് ഒരു കൊട്ടാരവും പണിയും.

13 “അതിവിദഗ്ദ്ധനായ ഹൂരാം-ആബി എന്നയാളിനെ ഞാനിതാ അങ്ങേക്കുവേണ്ടി അയയ്ക്കുന്നു. 14 അയാളുടെ അമ്മ ദാൻഗോത്രജയും പിതാവ് സോർ ദേശക്കാരനുമാണ്. സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, കല്ല്, തടി, ഊതനൂൽ, നീലനൂൽ, ചെമപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടുള്ള വേലകൾക്കെല്ലാം നല്ല പരിശീലനം നേടിയിട്ടുള്ള ആളാണ് അയാൾ. എല്ലാത്തരം കൊത്തുപണികൾക്കുംവേണ്ടതായ പ്രായോഗികപരിജ്ഞാനം അയാൾക്കുണ്ട്. അയാൾക്കു കാട്ടിക്കൊടുക്കുന്ന ഏതു രൂപകൽപ്പനയും പ്രയോഗത്തിൽ വരുത്താൻ അയാൾ നിപുണനുമാണ്. അങ്ങയുടെ കരകൗശലവേലക്കാരോടും എന്റെ യജമാനനും അങ്ങയുടെ പിതാവുമായ ദാവീദുരാജാവിന്റെ ആൾക്കാരോടും ചേർന്ന് അയാൾ പണികൾ ചെയ്യും.

15 “എന്റെ യജമാനനായ അങ്ങ്, അങ്ങയുടെ ദാസന്മാർക്കുവേണ്ടി വാഗ്ദാനംചെയ്ത ഗോതമ്പും യവവും ഒലിവെണ്ണയും വീഞ്ഞും അയച്ചുകൊടുത്താലും! 16 അങ്ങേക്കു വേണ്ട തടികളെല്ലാം ഞങ്ങൾ ലെബാനോനിൽനിന്ന് വെട്ടി, ചങ്ങാടം കെട്ടി, കടൽവഴിയായി ഒഴുക്കി യോപ്പയിൽ എത്തിച്ചുതരാം. അവിടെനിന്ന് അങ്ങേക്ക് അവ ജെറുശലേമിലേക്കു കൊണ്ടുപോകാൻ കഴിയുമല്ലോ!”

1 രാജാക്കന്മാർ 5:13–18

13 അതിനുശേഷം, ശലോമോൻരാജാവ് സകല ഇസ്രായേലിൽനിന്നും നിർബന്ധിതവേലയ്ക്കായി മുപ്പതിനായിരം ആളുകളെ നിയോഗിച്ചു. 14 അദ്ദേഹം അവരെ പതിനായിരംപേർവീതമുള്ള ഓരോ സംഘമായി മാസംതോറും ലെബാനോനിലേക്ക് മാറിമാറി അയച്ചുകൊണ്ടിരുന്നു. അവർ ഒരുമാസം ലെബാനോനിൽ ജോലിചെയ്തശേഷം രണ്ടുമാസം സ്വഭവനങ്ങളിൽ താമസിച്ചിരുന്നു. നിർബന്ധിതമായി വേലചെയ്യുന്നവരുടെ മേധാവി അദോനിരാം ആയിരുന്നു. 15 ശലോമോന് മലകളിൽ എഴുപതിനായിരം ചുമട്ടുകാരും എൺപതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു. 16 മൂവായിരത്തി മുന്നൂറു പ്രധാനകാര്യസ്ഥന്മാർ ഇവർക്കു മേൽനോട്ടം വഹിച്ചിരുന്നു. 17 രാജകൽപ്പനപ്രകാരം ചെത്തിയൊരുക്കിയ കല്ലുകൊണ്ട് ദൈവാലയത്തിന് അടിത്തറ പണിയുന്നതിന് അവർ വിലപിടിപ്പുള്ള വലിയ കല്ലുകൾ പാറമടയിൽനിന്നു വെട്ടിയെടുത്തു. 18 ശലോമോന്റെയും ഹീരാമിന്റെയും ശില്പികളും, ഗിബലിൽനിന്നുള്ളവരും ദൈവാലയനിർമാണത്തിനുള്ള കല്ലുകളും തടികളും ചെത്തിമിനുക്കി.

2 ദിനവൃത്താന്തം 2:17–18

17 ശലോമോൻ, തന്റെ പിതാവായ ദാവീദ് ജനസംഖ്യയെടുത്തതുപോലെ, ഇസ്രായേൽദേശത്തുള്ള പ്രവാസികളുടെ ജനസംഖ്യ തിട്ടപ്പെടുത്തി; അവർ 1,53,600 പേർ എന്നുകണ്ടു. 18 അവരിൽ 70,000 പേരെ അദ്ദേഹം ചുമട്ടുകാരായി നിയോഗിച്ചു. 80,000 പേരെ മലകളിൽനിന്ന് കല്ലുവെട്ടുന്നതിനും 3,600 പേരെ അവർക്കു മേൽനോട്ടം വഹിക്കുന്നതിനും നിയോഗിച്ചു.

ശിമെയിയുടെ മരണം ക്രി.മു. 1011

1 രാജാക്കന്മാർ 2:39–46

39 എന്നാൽ, മൂന്നുവർഷം കഴിഞ്ഞപ്പോൾ ശിമെയിയുടെ രണ്ട് അടിമകൾ ജെറുശലേമിൽനിന്ന് ഗത്തിലെ രാജാവും മയഖായുടെ മകനുമായ ആഖീശിന്റെ അടുത്തേക്ക് ഓടിപ്പോയി. “താങ്കളുടെ അടിമകൾ ഗത്തിലുണ്ട്,” എന്ന് ശിമെയിക്ക് അറിവുകിട്ടി. 40 ശിമെയി തന്റെ കഴുതയ്ക്കു കോപ്പിട്ട് അടിമകളെത്തിരക്കി, ഗത്തിൽ ആഖീശിന്റെ അടുത്തേക്കുപോയി. ഗത്തിൽനിന്ന് അയാൾ തന്റെ അടിമകളെ തിരികെക്കൊണ്ടുവന്നു.

41 ശിമെയി ജെറുശലേമിൽനിന്ന് ഗത്തിലേക്കു പോയി എന്നും തിരിച്ചുവന്നു എന്നും ശലോമോന് അറിവുകിട്ടി. 42 രാജാവു ശിമെയിയെ വിളിച്ചുവരുത്തി: “ ‘ജെറുശലേംവിട്ടു മറ്റെവിടെയെങ്കിലും പോകുന്നനാളിൽ നീ മരിക്കും എന്നു തീർച്ചയാക്കിക്കൊള്ളുക,’ എന്നു ഞാൻ നിനക്കു മുന്നറിയിപ്പു നൽകുകയും നിന്നെക്കൊണ്ട് യഹോവയുടെ നാമത്തിൽ ശപഥംചെയ്യിക്കുകയും ചെയ്തതല്ലേ? ‘അങ്ങു കൽപ്പിക്കുന്നതു നല്ലവാക്ക്; ഞാൻ അനുസരിച്ചുകൊള്ളാം,’ എന്ന് അന്നു നീ എന്നോടു പറഞ്ഞല്ലോ? 43 പിന്നെ, നീ യഹോവയോടു ചെയ്ത ശപഥം പാലിക്കാതെയും ഞാൻ നിനക്കു നൽകിയ കൽപ്പന അനുസരിക്കാതിരിക്കുകയും ചെയ്തത് എന്തുകൊണ്ട്?”

44 രാജാവു പിന്നെയും ശിമെയിയോടു പറഞ്ഞത്: “എന്റെ പിതാവായ ദാവീദിനോടു നീ ചെയ്ത തിന്മകളെല്ലാം നിന്റെ ഹൃദയത്തിൽ നിനക്ക് അറിയാമല്ലോ! നിന്റെ ദുഷ്ടതയ്ക്കെല്ലാം യഹോവ നിനക്കുപകരം നൽകും. 45 എന്നാൽ, ശലോമോൻരാജാവ് അനുഗ്രഹിക്കപ്പെട്ടവനായിരിക്കും. ദാവീദിന്റെ സിംഹാസനം യഹോവയുടെമുമ്പാകെ എന്നെന്നേക്കും സുസ്ഥിരമായിരിക്കും.”

46 അതിനുശേഷം, രാജാവ് യെഹോയാദായുടെ മകനായ ബെനായാവിനു കൽപ്പനകൊടുത്തു. അയാൾ ചെന്ന് ശിമെയിയെ വെട്ടിക്കൊന്നു.

അങ്ങനെ രാജ്യം ശലോമോന്റെ കരങ്ങളിൽ സുസ്ഥിരമായി.

ശലോമോന്റെ വിവാഹം

1 രാജാക്കന്മാർ 3:1–2

1 ശലോമോൻ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ മകളെ വിവാഹംകഴിച്ച് അദ്ദേഹവുമായി ഒരു ബന്ധം സ്ഥാപിച്ചു. തന്റെ അരമനയും യഹോവയുടെ ആലയവും ജെറുശലേമിനു ചുറ്റുമുള്ള മതിലും പണിതുതീരുന്നതുവരെ ശലോമോൻ അവളെ കൊണ്ടുവന്ന് ദാവീദിന്റെ നഗരത്തിൽ പാർപ്പിച്ചു. 2 യഹോവയുടെ നാമത്തിൽ ഒരു ആലയം അന്നുവരെയും പണിയപ്പെട്ടിരുന്നില്ല. അതുകൊണ്ട്, ഇസ്രായേൽജനം അപ്പോഴും മലകളിൽ യാഗമർപ്പിക്കുക പതിവായിരുന്നു.