ഭാഗം 2: ദൈവാലയനിർമാണം
ക്രി.മു. 1011 മുതൽ 1005 വരെ
Biblica® Open Malayalam Contemporary Version™ (OMCV)
1 അതിനുശേഷം ശലോമോൻ ജെറുശലേമിലെ മോരിയാമലയിൽ, തന്റെ പിതാവായ ദാവീദിന് യഹോവ പ്രത്യക്ഷനായ ഇടത്തുതന്നെ യഹോവയുടെ ആലയം പണിയുന്നതിന് ആരംഭിച്ചു. യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ ദാവീദ് വേർതിരിച്ചിരുന്ന സ്ഥലമായിരുന്നു അത്.
1 ഇസ്രായേൽജനം ഈജിപ്റ്റിൽനിന്ന് യാത്രപുറപ്പെട്ടുവന്നതിന്റെ നാനൂറ്റി എൺപതാംവർഷം—ശലോമോൻ ഇസ്രായേലിൽ ഭരണമേറ്റതിന്റെ നാലാംവർഷം—രണ്ടാംമാസമായ സീവുമാസത്തിൽ അദ്ദേഹം യഹോവയ്ക്ക് ഒരു ആലയം നിർമിക്കാൻ ആരംഭിച്ചു.
2 തന്റെ ഭരണത്തിന്റെ നാലാംവർഷം രണ്ടാംമാസത്തിൽ രണ്ടാംദിവസം ശലോമോൻ ആലയത്തിന്റെ നിർമാണം തുടങ്ങി.
3 ദൈവത്തിന്റെ ആലയം പണിയുന്നതിനു ശലോമോൻ ഇട്ട അടിസ്ഥാനം അറുപതുമുഴം നീളവും ഇരുപതുമുഴം വീതിയും ഉള്ളതായിരുന്നു (പഴയ അളവുരീതി അനുസരിച്ച്). 4 ആലയത്തിന്റെ മുമ്പിലുള്ള മണ്ഡപത്തിന്, ആലയത്തിന്റെ വീതിക്കു തുല്യമായി, ഇരുപതുമുഴം നീളവും ഇരുപതുമുഴം പൊക്കവും ഉണ്ടായിരുന്നു.
അതിന്റെ ഉൾവശം അദ്ദേഹം തങ്കംകൊണ്ടു പൊതിഞ്ഞു. 5 വിശാലമായ മുറിക്ക് അദ്ദേഹം സരളമരംകൊണ്ടു മച്ചിട്ടു; അതു മേൽത്തരമായ തങ്കംകൊണ്ടു പൊതിഞ്ഞ് അതിന്മേൽ ഈന്തപ്പനകൾ ഒരു ചങ്ങലപോലെ അങ്കനംചെയ്ത് അലങ്കരിച്ചു. 6 അമൂല്യരത്നങ്ങളും പർവയീമിൽനിന്നുള്ള തങ്കവുംകൊണ്ട് അദ്ദേഹം ആലയത്തെ അലങ്കരിച്ചു. 7 ആലയത്തിലെ മേൽത്തട്ടിന്റെ തുലാങ്ങളും കട്ടിളകളും ഭിത്തികളും കതകുകളും അദ്ദേഹം സ്വർണംകൊണ്ടു പൊതിഞ്ഞു; ഭിത്തികളിൽ കെരൂബുകളുടെ രൂപം കൊത്തിക്കുകയും ചെയ്തു.
8 ദൈവാലയത്തിന്റെ വീതിക്കു തുല്യമായ ഇരുപതുമുഴം നീളത്തിലും ഇരുപതുമുഴം വീതിയിലും അതിവിശുദ്ധസ്ഥലം അദ്ദേഹം പണിയിച്ചു. അറുനൂറു താലന്ത് മേൽത്തരമായ തങ്കംകൊണ്ട് അതിന്റെ അകവശം പൊതിഞ്ഞു. 9 സ്വർണആണികൾക്കുതന്നെ അൻപതുശേക്കേൽ തൂക്കമുണ്ടായിരുന്നു. മാളികമുറികളും അദ്ദേഹം സ്വർണംകൊണ്ടു പൊതിഞ്ഞു.
4 ദൈവാലയഭിത്തിക്കിണങ്ങിയ ജനാലകളും അദ്ദേഹം പണിയിച്ചു. 5 ദൈവാലയത്തിന്റെ വിശാലമായ മുറിയുടെയും അന്തർമന്ദിരത്തിന്റെയും ഇടയ്ക്ക് ആലയത്തിന്റെ ഭിത്തിയോടുചേർത്ത് ചുറ്റും മൂന്നു നിലകളിലായി അനേകം മുറികൾ നിർമിച്ചു. 6 പുറമേയുള്ള ഭിത്തിയുടെ ഒന്നാംനില അഞ്ചുമുഴവും രണ്ടാംനില ആറുമുഴവും മൂന്നാംനില ഏഴുമുഴവും വീതിയുള്ളതായിരുന്നു. ദൈവാലയഭിത്തിക്കുള്ളിലേക്ക് തുലാങ്ങൾ തുളച്ചുകടക്കാതിരിക്കുന്നതിനായി ചുറ്റും ഗളങ്ങൾ നിർമിച്ച് അവ അതിൽ ഘടിപ്പിച്ചു.
7 ദൈവാലയനിർമാണത്തിന് പാറമടയിൽവെച്ചുതന്നെ ചെത്തിയൊരുക്കിയ കല്ലുകൾമാത്രമാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട്, പണിസ്ഥലത്ത് ചുറ്റികയുടെയോ മഴുവിന്റെയോ മറ്റ് യാതൊരു ഇരുമ്പായുധങ്ങളുടെയോ ശബ്ദവും കേൾക്കാനുണ്ടായിരുന്നില്ല.
8 താഴത്തെ നിലയിലേക്കുള്ള പ്രവേശനം ദൈവാലയത്തിന്റെ തെക്കുവശത്തായിരുന്നു. അവിടെനിന്ന് ഗോവണിവഴി രണ്ടാംനിലയിലേക്കും അവിടെനിന്ന് മൂന്നാംനിലയിലേക്കും പ്രവേശിക്കാമായിരുന്നു.
15 ദൈവാലയഭിത്തിയുടെ ഉൾവശം, തറമുതൽ മച്ചുവരെ, അദ്ദേഹം ദേവദാരുപ്പലകകൾകൊണ്ട് പാകിമറച്ചു; തറമുഴുവനും സരളമരപ്പലകകൾകൊണ്ട് പാകിയുറപ്പിച്ചു. 16 ദൈവാലയത്തിനുള്ളിലായി ഒരു അന്തർമന്ദിരം—അതിവിശുദ്ധസ്ഥലം—നിർമിക്കുന്നതിനായി ആലയത്തിന്റെ പിൻഭാഗത്ത് ഇരുപതുമുഴം നീളത്തിലുള്ള സ്ഥലം തറമുതൽ മച്ചുവരെ ദേവദാരുപ്പലകകൾകൊണ്ട് അദ്ദേഹം വേർതിരിച്ചു. 17 അന്തർമന്ദിരത്തിന്റെ മുൻഭാഗത്തുള്ള ആലയത്തിന്റെ വിശാലമായ മുറിക്ക് നാൽപ്പതുമുഴം അവശേഷിച്ചിരുന്നു. 18 ദൈവാലയത്തിന്റെ ഉൾഭാഗം ദേവദാരുപ്പലകകൾകൊണ്ട് പൊതിഞ്ഞിരുന്നു. അവയിൽ കായ്കളുടെയും വിടർന്ന പുഷ്പങ്ങളുടെയും രൂപങ്ങൾ കൊത്തിവെച്ചിരുന്നു. സകലതും ദേവദാരുകൊണ്ടായിരുന്നു; കല്ല് അശേഷം ദൃശ്യമായിരുന്നില്ല.
19 യഹോവയുടെ ഉടമ്പടിയുടെ പേടകം സ്ഥാപിക്കുന്നതിനായി അദ്ദേഹം ദൈവാലയത്തിനുള്ളിൽ അന്തർമന്ദിരം ഒരുക്കി. 20 അതിന് ഇരുപതുമുഴം നീളവും ഇരുപതുമുഴം വീതിയും ഇരുപതുമുഴം ഉയരവും ഉണ്ടായിരുന്നു. അതിന്റെ ഉൾഭാഗം സ്വർണംകൊണ്ടു പൊതിഞ്ഞു. ദേവദാരുനിർമിതമായ ധൂപപീഠവും സ്വർണംകൊണ്ടു പൊതിഞ്ഞു. 21 ദൈവാലയത്തിന്റെ അന്തർഭാഗം ശലോമോൻ സ്വർണംകൊണ്ടു പൊതിഞ്ഞു. അന്തർമന്ദിരത്തിനുമുമ്പിൽ കുറുകെ അദ്ദേഹം സ്വർണച്ചങ്ങല കൊളുത്തിയിട്ടു. 22 അങ്ങനെ, ദൈവാലയത്തിന്റെ ഉൾഭാഗംമുഴുവൻ സ്വർണംകൊണ്ടു പൊതിഞ്ഞു. അന്തർമന്ദിരത്തിലെ യാഗപീഠവും സ്വർണംകൊണ്ടു പൊതിഞ്ഞു.
23 അന്തർമന്ദിരത്തിനുള്ളിൽ, ഓരോന്നിനും പത്തുമുഴംവീതം ഉയരമുള്ള, രണ്ടു കെരൂബുകളെ ശലോമോൻ ഒലിവുമരംകൊണ്ടു നിർമിച്ച് ഉറപ്പിച്ചുനിർത്തി. 24 കെരൂബിന്റെ ഒരു ചിറകിന് അഞ്ചുമുഴം നീളം, മറ്റേ ചിറകിനും അഞ്ചുമുഴം നീളം; ചിറകിന്റെ ഒരു അഗ്രംമുതൽ മറ്റേ ചിറകിന്റെ അഗ്രംവരെ പത്തുമുഴം നീളം. 25 രണ്ടാമത്തെ കെരൂബിന്റെ അളവും പത്തുമുഴംതന്നെ ആയിരുന്നു. കാരണം ആകൃതിയിലും അളവിലും രണ്ടു കെരൂബുകളും ഒരുപോലെതന്നെ ആയിരുന്നു. 26 ഓരോ കെരൂബിന്റെയും ഉയരവും പത്തുമുഴംതന്നെ ആയിരുന്നു. 27 ദൈവാലയത്തിന്റെ അന്തർമന്ദിരത്തിനുള്ളിൽ അദ്ദേഹം അവ സ്ഥാപിച്ചു; കെരൂബുകളുടെ ചിറകുകൾ വിടർന്നിരുന്നു. ഒരു കെരൂബിന്റെ ഒരു ചിറക് ഒരു ഭിത്തിയിൽ തൊട്ടിരുന്നു; മറ്റേ കെരൂബിന്റെ മറ്റേ ചിറക് മറ്റേ ഭിത്തിയിലും. അന്തർമന്ദിരത്തിന്റെ ഒത്തമധ്യത്തിൽ ഇരുകെരൂബുകളുടെയും ചിറകുകൾതമ്മിൽ തൊട്ടിരുന്നു. 28 അദ്ദേഹം കെരൂബുകളെ സ്വർണം പൊതിഞ്ഞു.
13 ഈ കെരൂബുകളുടെ ചിറകുകൾ നാലുംകൂടി ഇരുപതുമുഴം നീളത്തിൽ വ്യാപിച്ചിരുന്നു. അവ കാലൂന്നി ആലയത്തിലെ വിശാലമായ മുറിയെ അഭിമുഖീകരിച്ചു നിന്നിരുന്നു.
14 നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവകൊണ്ട് തിരശ്ശീലയുണ്ടാക്കി; അതിന്മേൽ കെരൂബുകളുടെ പ്രതിരൂപവും അദ്ദേഹം നെയ്തുണ്ടാക്കി.
29 ആലയത്തിന്റെ ചുറ്റോടുചുറ്റുമുള്ള ഭിത്തികളിലെല്ലാം—അകത്തെ മുറികളുടെയും പുറത്തെ മുറികളുടെയും ഭിത്തികളിലെല്ലാം—കെരൂബുകൾ, ഈന്തപ്പന, വിടർന്ന പൂക്കൾ ഇവയുടെ രൂപങ്ങൾ അദ്ദേഹം കൊത്തിച്ചു. 30 ആലയത്തിന്റെ അകത്തും പുറത്തുമുള്ള മുറികളുടെയെല്ലാം തറയും അദ്ദേഹം സ്വർണംകൊണ്ടു പൊതിഞ്ഞു.
31 അന്തർമന്ദിരത്തിലേക്കു പ്രവേശിക്കുന്നതിന് അദ്ദേഹം ഒലിവുമരംകൊണ്ടു വാതിലുകൾ നിർമിച്ചു. കട്ടിളകൾക്ക് പഞ്ചഭുജാകൃതിയാണ് ഉണ്ടായിരുന്നത്. 32 ഒലിവുപലകകൾകൊണ്ടുതന്നെയുള്ള ഇരുകതകുകളിലും അദ്ദേഹം കെരൂബുകളുടെയും ഈന്തപ്പനകളുടെയും വിടർന്ന പൂക്കളുടെയും രൂപങ്ങൾ കൊത്തിച്ചു. കെരൂബുകളെയും ഈന്തപ്പനകളെയും കാച്ചിത്തെളിച്ച സ്വർണംകൊണ്ടു പൊതിഞ്ഞു. 33 ഈ വിധത്തിൽത്തന്നെ വിശാലമായ മുറിയിലേക്കുള്ള പ്രവേശനത്തിന് ചതുർഭുജാകൃതിയിലുള്ളതും ഒലിവുമരത്തിൽ തീർത്തതുമായ കട്ടിളക്കാലുകൾ അദ്ദേഹം നിർമിച്ചു. 34 അതിന് അദ്ദേഹം സരളമരപ്പലകകൾകൊണ്ടു കതകു നിർമിച്ചു. കതകിന്റെ രണ്ടു പാളികൾക്കും ഈരണ്ടു മടക്കുപാളി ഉണ്ടായിരുന്നു. 35 അവയുടെമേലും അദ്ദേഹം കെരൂബുകളുടെയും ഈന്തപ്പനകളുടെയും വിടർന്ന പൂക്കളുടെയും രൂപങ്ങൾ കൊത്തിച്ചു. ആ കൊത്തുപണികളുടെമേലും ഒരുപോലെ സ്വർണം അടിച്ചുപതിച്ച് അവയെല്ലാം സ്വർണംകൊണ്ടു പൊതിഞ്ഞു.
36 ചെത്തിയൊരുക്കിയ മൂന്നുവരി കല്ലും മിനുക്കിയ ഒരുവരി ദേവദാരുത്തുലാനുംകൊണ്ട് അദ്ദേഹം അകത്തെ അങ്കണം പണിയിച്ചു.
13 ശലോമോൻരാജാവ് സോരിൽനിന്നും ഹീരാം എന്നൊരാളെ വരുത്തി. 14 അദ്ദേഹത്തിന്റെ അമ്മ നഫ്താലിഗോത്രത്തിൽപ്പെട്ട ഒരു വിധവയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് സോർ ദേശക്കാരനും വെങ്കലംകൊണ്ടുള്ള കരകൗശലവേലയിൽ വിദഗ്ദ്ധനുമായിരുന്നു. വെങ്കലംകൊണ്ടുള്ള എല്ലാത്തരം ശില്പവേലകളിലും ഹീരാം അതിവിദഗ്ദ്ധനും പരിചയസമ്പന്നനുമായിരുന്നു. അദ്ദേഹം ശലോമോൻരാജാവിന്റെ അടുക്കൽവന്നു; ശലോമോൻരാജാവ് ഏൽപ്പിച്ച പണികളെല്ലാം അദ്ദേഹം ചെയ്തുകൊടുത്തു.
15 പതിനെട്ടുമുഴം ഉയരവും പന്ത്രണ്ടുമുഴം ചുറ്റളവുമുള്ള രണ്ടു വെങ്കലസ്തംഭങ്ങൾ, ഒരേനിരയിൽ ഹീരാം വാർത്തുണ്ടാക്കി. 16 സ്തംഭങ്ങളുടെ മുകളിൽ സ്ഥാപിക്കാൻ അദ്ദേഹം രണ്ടു വെങ്കലമകുടങ്ങളും വാർത്തുണ്ടാക്കി. ഓരോ മകുടത്തിനും അഞ്ചുമുഴം ഉയരമുണ്ടായിരുന്നു. 17 ചിത്രപ്പണികളോടുകൂടിയതും വലക്കണ്ണികളുടെ ആകൃതിയിലുള്ളതും കണ്ണികൾ പരസ്പരം കോർത്തുചേർത്തിട്ടുള്ളതുമായ ഏഴേഴു ചങ്ങലവീതം ഓരോ സ്തംഭത്തിനും മുകളിലുള്ള മകുടങ്ങൾക്കും തോരണം ചാർത്തിയിരുന്നു. 18 സ്തംഭങ്ങളിലെ മകുടങ്ങൾക്ക് അലങ്കാരമായി ഓരോ തോരണത്തെയും വലയംചെയ്തുകൊണ്ട് രണ്ടുവരി മാതളപ്പഴങ്ങളും അദ്ദേഹം വാർത്തുണ്ടാക്കി ഘടിപ്പിച്ചു. രണ്ടുമകുടങ്ങളും അദ്ദേഹം ഒരേവിധത്തിൽത്തന്നെ അലങ്കരിച്ചു. 19 പൂമുഖത്തിന്റെ മുമ്പിലുള്ള സ്തംഭങ്ങളിലെ മകുടങ്ങൾക്ക് ശോശന്നപ്പുഷ്പങ്ങളുടെ ആകൃതിയായിരുന്നു. അവയുടെ ഉയരം നാലുമുഴം വീതമായിരുന്നു. 20 രണ്ടുസ്തംഭങ്ങളുടെയും മകുടങ്ങളിൽ മുകളിൽ പുറത്തേക്ക് ഉന്തിനിൽക്കുന്ന ഭാഗത്ത് ചുറ്റുപാടും വരിവരിയായി ഇരുനൂറു മാതളപ്പഴങ്ങൾവീതം ഉണ്ടായിരുന്നു. 21 ദൈവാലയത്തിന്റെ പൂമുഖത്തിങ്കൽ അദ്ദേഹം സ്തംഭങ്ങൾ രണ്ടും സ്ഥാപിച്ചു; വലതുഭാഗത്തെ സ്തംഭത്തിന് യാഖീൻ എന്നും ഇടതുഭാഗത്തെ സ്തംഭത്തിന് ബോവസ് എന്നും അദ്ദേഹം പേരിട്ടു. 22 സ്തംഭങ്ങളുടെ അഗ്രങ്ങളിലുള്ള മകുടങ്ങൾക്ക് ശോശന്നപ്പുഷ്പങ്ങളുടെ ആകൃതിയായിരുന്നു. ഇപ്രകാരം, അദ്ദേഹം സ്തംഭങ്ങളുടെ നിർമാണം പൂർത്തീകരിച്ചു.
1 ഇരുപതുമുഴം നീളവും ഇരുപതുമുഴം വീതിയും പത്തുമുഴം ഉയരവുമുള്ള വെങ്കലംകൊണ്ടുള്ള ഒരു യാഗപീഠവും ഹൂരാം-ആബി ഉണ്ടാക്കി.
23 പിന്നീട്, അദ്ദേഹം വെങ്കലംകൊണ്ടു വൃത്താകൃതിയിലുള്ള വലിയൊരു ജലസംഭരണി വാർത്തുണ്ടാക്കി. അതിനു വക്കോടുവക്ക് പത്തുമുഴം വ്യാസവും അഞ്ചുമുഴം ഉയരവുമുണ്ടായിരുന്നു. അതിന്റെ ചുറ്റളവ് മുപ്പതുമുഴം ആയിരുന്നു. 24 വക്കിനുതാഴേ ചുറ്റോടുചുറ്റും ഒരു മുഴത്തിനു പത്തുവീതം അലങ്കാരക്കായ്കൾ ഉണ്ടായിരുന്നു. വലിയ ജലസംഭരണി വാർത്തപ്പോൾത്തന്നെ ഈ കായ്കളും രണ്ടു നിരയായി ചേർത്തു വാർത്തിരുന്നു.
25 പന്ത്രണ്ടു കാളകളുടെ പുറത്താണ് ഈ വലിയ ജലസംഭരണി സ്ഥിതിചെയ്തിരുന്നത്. മൂന്നെണ്ണം വടക്കോട്ടും മൂന്നെണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം തെക്കോട്ടും മൂന്നെണ്ണം കിഴക്കോട്ടും പരസ്പരം പുറംതിരിഞ്ഞുനിന്നിരുന്നു. അവയുടെ പുറത്തായിരുന്നു ജലസംഭരണി സ്ഥിതിചെയ്തിരുന്നത്. ആ കാളകളുടെ പൃഷ്ഠഭാഗങ്ങൾ ഉള്ളിലേക്കായിരുന്നു തിരിഞ്ഞിരുന്നത്. 26 ജലസംഭരണിയുടെ ഭിത്തി ഒരു കൈപ്പത്തിയോളം ഘനമുള്ളതായിരുന്നു. അതിന്റെ അഗ്രം പാനപാത്രത്തിന്റെ അഗ്രംപോലെ ഒരു വിടർന്ന ശോശന്നപ്പുഷ്പത്തിന്റെ ആകൃതിയിലായിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം സംഭരിക്കാം.
27 ഹീരാം വെങ്കലംകൊണ്ട് ചലിപ്പിക്കാവുന്ന പത്തു പീഠങ്ങൾ ഉണ്ടാക്കി; ഓരോന്നും നാലുമുഴം നീളവും നാലുമുഴം വീതിയും മൂന്നുമുഴം ഉയരവുമുള്ളതായിരുന്നു. 28 പീഠങ്ങളുടെ നിർമാണം ഇപ്രകാരമായിരുന്നു: അവയുടെ പാർശ്വത്തിലെ പലകകൾ ലംബമായുള്ള ചട്ടങ്ങളിൽ ഘടിപ്പിച്ചിരുന്നു. 29 ചട്ടങ്ങൾക്കകത്തു ഘടിപ്പിച്ചിരുന്ന പലകകളിൽ സിംഹങ്ങളുടെയും കാളകളുടെയും കെരൂബുകളുടെയും ചിത്രങ്ങൾ കൊത്തിവെച്ചിരുന്നു. ചട്ടങ്ങളിലും ഈ വിധം ഇവയുടെ ചിത്രങ്ങൾ ആലേഖനംചെയ്തതു കൂടാതെ, സിംഹങ്ങളുടെയും കാളകളുടെയും താഴെയും മുകളിലുമായി പുഷ്പചക്രങ്ങളും കൊത്തിയുണ്ടാക്കിയിരുന്നു. 30 ഓരോ പീഠത്തിനും വെങ്കലംകൊണ്ടുള്ള നന്നാലു ചക്രവും വെങ്കലംകൊണ്ടുള്ള അച്ചുതണ്ടും ഉണ്ടായിരുന്നു. ഓരോ പീഠത്തിനും ഓരോ ക്ഷാളനപാത്രവും നന്നാലു കാലുകളിൽ ഘടിപ്പിച്ചിരുന്നു. അവയുടെ ഓരോ വശത്തും പുഷ്പമാല്യങ്ങൾ വാർത്തുപിടിപ്പിച്ചിരുന്നു. 31 പീഠത്തിന്റെ ചട്ടക്കൂട്ടിനുള്ളിൽ മുകൾഭാഗത്ത് വൃത്താകൃതിയിലുള്ള ചട്ടത്തിനുള്ളിൽ ഒരുമുഴം ആഴം വരത്തക്കവിധം മുകളിലേക്കു തള്ളിനിൽക്കുന്ന ഒരു വായ് അതിനു ഘടിപ്പിച്ചിരുന്നു. ഈ വക്ക് പീഠത്തിന്റെ പണിപോലെ വൃത്താകൃതിയിലുള്ളതും അതിന്റെ ഉയരം ഒന്നരമുഴവും ആയിരുന്നു. വക്കിനുചുറ്റും കൊത്തുപണികളും ചെയ്തിരുന്നു. ഇതിന്റെ ചട്ടത്തിനുള്ള പലകകൾ വൃത്താകാരമായിരുന്നില്ല; പകരം, ചതുരാകൃതിയായിരുന്നു. 32 പീഠത്തിന്റെ ചക്രങ്ങൾ നാലും പലകകളുടെ അടിഭാഗത്തായിരുന്നു; ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തോടു ഘടിപ്പിക്കപ്പെട്ടിരുന്നു. ഓരോ ചക്രത്തിന്റെയും വ്യാസം ഒന്നരമുഴമായിരുന്നു. 33 ചക്രങ്ങൾ പണിയപ്പെട്ടിരുന്നത് രഥചക്രങ്ങൾപോലെയായിരുന്നു; അച്ചുതണ്ടുകളും ചക്രത്തിന്റെ വക്കുകളും ആരക്കാലുകളും ചക്രത്തിന്റെ കേന്ദ്രഭാഗങ്ങളും എല്ലാം വാർത്തുണ്ടാക്കിയവയായിരുന്നു.
34 പീഠങ്ങൾ ഓരോന്നിനും നാലുകോണിലും നാലു കൈപ്പിടികൾ ഉണ്ടായിരുന്നു. കാലുകൾ പീഠത്തിന്റെ തുടർച്ചയായിത്തന്നെ പണിതിരുന്നു. 35 പീഠത്തിന്റെ മുകൾഭാഗത്ത് അരമുഴം ഉയരത്തിൽ ഒരു ചുറ്റുവളയം ഉണ്ടായിരുന്നു. പീഠത്തിന്റെ അഗ്രത്തിലെ താങ്ങുകളും പലകകളും എല്ലാം മുകൾഭാഗത്തോടുചേർത്ത് ഒന്നായിത്തന്നെ വാർത്തെടുത്തിരുന്നു. 36 താങ്ങുകളുടെ ഉപരിതലങ്ങളിലും പലകകളിലും, ലഭ്യമായിരുന്ന എല്ലാ ഇടങ്ങളിലും അദ്ദേഹം കെരൂബുകളുടെയും സിംഹങ്ങളുടെയും ഈന്തപ്പനകളുടെയും രൂപങ്ങളും അവയ്ക്കുചുറ്റും പുഷ്പമാല്യങ്ങളും കൊത്തിയുണ്ടാക്കി. 37 പത്തുപീഠങ്ങളും ഈ വിധത്തിലാണ് അദ്ദേഹം നിർമിച്ചത്. അവയെല്ലാം ഒരേ അച്ചിൽ വാർത്തതും ആകൃതിയിലും അളവിലും ഒരേപോലെയുള്ളതും ആയിരുന്നു.
38 അതിനുശേഷം, അദ്ദേഹം വെങ്കലംകൊണ്ട് പത്തു ക്ഷാളനപാത്രങ്ങളും നിർമിച്ചു. ഓരോന്നും നാൽപ്പതുബത്ത് വീതം വെള്ളം കൊള്ളുന്നതും നാലുമുഴംവീതം വ്യാസമുള്ളതും ആയിരുന്നു. പത്തു പീഠങ്ങളിൽ ഓരോന്നിനും ഓരോ ക്ഷാളനപാത്രം വീതം ഉണ്ടായിരുന്നു. 39 അദ്ദേഹം, പീഠങ്ങളിൽ അഞ്ചെണ്ണം ദൈവാലയത്തിന്റെ തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തും സ്ഥാപിച്ചു. വെങ്കലംകൊണ്ട് നിർമിച്ച വലിയ ജലസംഭരണി ദൈവാലയത്തിന്റെ തെക്കുകിഴക്കേ മൂലയിലാണ് സ്ഥാപിച്ചത്. 40 പാത്രങ്ങൾ, കോരികകൾ, സുഗന്ധദ്രവ്യങ്ങളുംമറ്റും കോരിത്തളിക്കുന്നതിനുള്ള കുഴിഞ്ഞപാത്രങ്ങൾ മുതലായവയും ഹീരാം നിർമിച്ചു.
അങ്ങനെ, യഹോവയുടെ ആലയത്തിൽ ശലോമോൻ രാജാവിനുവേണ്ടി തന്നെ ഏൽപ്പിച്ചിരുന്ന ജോലികളെല്ലാം ഹീരാം പൂർത്തീകരിച്ചു:
41 രണ്ടു സ്തംഭങ്ങൾ;
സ്തംഭാഗ്രങ്ങളിൽ ഗോളാകൃതിയിലുള്ള രണ്ടു മകുടങ്ങൾ;
സ്തംഭാഗ്രങ്ങളിലെ രണ്ടുമകുടങ്ങളും അലങ്കരിക്കുന്ന രണ്ടുകൂട്ടം വലപ്പണികൾ;
42 സ്തംഭങ്ങളുടെ മുകളിലെ ഗോളാകൃതിയിലുള്ള മകുടങ്ങളെ അലങ്കരിക്കാൻ ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴങ്ങൾ; രണ്ടുകൂട്ടം വലപ്പണികൾക്കുംകൂടി നാനൂറു മാതളപ്പഴങ്ങൾ;
43 പത്തു ക്ഷാളനപാത്രങ്ങളോടുചേർന്നുള്ള പത്തു പീഠങ്ങൾ;
44 വലിയ ജലസംഭരണിയും അതിന്റെ അടിയിലായി പന്ത്രണ്ടു കാളകളും;
45 കലങ്ങൾ, കോരികകൾ, കോരിത്തളിക്കുന്നതിനുള്ള കുഴിഞ്ഞപാത്രങ്ങൾ.
യഹോവയുടെ ആലയത്തിലെ ഉപയോഗത്തിനായി, ശലോമോൻ രാജാവിനുവേണ്ടി ഹൂരാം നിർമിച്ച ഈ ഉപകരണങ്ങളെല്ലാം മിനുക്കിയ വെങ്കലംകൊണ്ടുള്ളവയായിരുന്നു. 46 യോർദാൻ സമതലത്തിൽ, സൂക്കോത്തിനും സാരേഥാനും മധ്യേ, കളിമൺ അച്ചുകളിൽ രാജാവ് ഇവയെല്ലാം വാർപ്പിച്ചു. 47 ശലോമോൻ ഉപകരണങ്ങളൊന്നും തൂക്കിനോക്കിയില്ല; കാരണം അവ അത്രയധികമായിരുന്നു. മൊത്തം ചെലവായ വെങ്കലത്തിന്റെ കണക്കും കണക്കാക്കിയിരുന്നില്ല.
48 യഹോവയുടെ ആലയത്തിലെ സകലവിധ ഉപകരണങ്ങളും ശലോമോൻ ഉണ്ടാക്കിച്ചു:
സ്വർണയാഗപീഠം;
കാഴ്ചയപ്പം വെക്കുന്നതിനുള്ള സ്വർണമേശ;
49 അന്തർമന്ദിരത്തിനുമുമ്പിൽ തെക്കുഭാഗത്തു അഞ്ചും വടക്കുഭാഗത്തു അഞ്ചുമായി തങ്കംകൊണ്ടുള്ള വിളക്കുകാലുകൾ പത്ത്,
സ്വർണംകൊണ്ടുള്ള പുഷ്പങ്ങൾ, വിളക്കുകൾ, കത്രികകൾ,
50 സ്വർണനിർമിതമായ ക്ഷാളനപാത്രങ്ങൾ, തിരികൾ വെടിപ്പാക്കുന്നതിനുള്ള കത്രികകൾ, കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങൾ, തളികകൾ, ധൂപപാത്രങ്ങൾ,
അന്തർമന്ദിരത്തിന്റെ—അതിവിശുദ്ധസ്ഥലത്തിന്റെ—വാതിലുകൾക്കും ആലയത്തിന്റെ വിശാലമായ മുറിയുടെ വാതിലുകൾക്കുംവേണ്ടി സ്വർണംകൊണ്ടു നിർമിച്ച വിജാഗിരികൾ.
8 അദ്ദേഹം പത്തുമേശകൾ ഉണ്ടാക്കി. അഞ്ചെണ്ണം തെക്കുഭാഗത്തും അഞ്ചെണ്ണം വടക്കുഭാഗത്തുമായി ദൈവാലയത്തിൽ സ്ഥാപിച്ചു. കോരിത്തളിക്കുന്നതിനുള്ള നൂറു സ്വർണത്താലങ്ങളും ഉണ്ടാക്കിവെച്ചു.
9 അദ്ദേഹം പുരോഹിതന്മാർക്കുള്ള അങ്കണം ഉണ്ടാക്കി, വലിയ അങ്കണവും അങ്കണത്തിനുള്ള വാതിലുകളും ഉണ്ടാക്കി. ആ വാതിലുകൾ വെങ്കലംകൊണ്ടു പൊതിഞ്ഞു. 10 വെങ്കലംകൊണ്ടു വാർത്തുണ്ടാക്കിയ വലിയ ജലസംഭരണി അദ്ദേഹം മന്ദിരത്തിൽ തെക്കുഭാഗത്ത്, തെക്കുകിഴക്കേ മൂലയിൽ സ്ഥാപിച്ചു.
9 ഇവ്വിധത്തിൽ അദ്ദേഹം ആലയനിർമാണം പൂർത്തീകരിക്കുകയും ദേവദാരുത്തുലാങ്ങളും പലകകളുംകൊണ്ട് മച്ചിടുകയും ചെയ്തു. 10 ആലയത്തിനുചുറ്റും അദ്ദേഹം നിർമിച്ച വശത്തോടുചേർന്ന അറകൾ ഓരോന്നിന്റെയും ഉയരം അഞ്ചുമുഴംവീതമായിരുന്നു. ദേവദാരുത്തുലാങ്ങൾകൊണ്ട് അവ ആലയത്തോടു പരസ്പരം ബന്ധിച്ചിരുന്നു.
11 ഈ സമയത്ത് ശലോമോന് യഹോവയുടെ അരുളപ്പാടുണ്ടായി: 12 “നീ നിർമിക്കുന്ന ഈ ദൈവാലയത്തെ സംബന്ധിച്ചിടത്തോളം നീ എന്റെ ഉത്തരവുകൾ പിൻതുടരുകയും എന്റെ നിയമങ്ങൾ പ്രമാണിക്കുകയും എന്റെ കൽപ്പനകളെല്ലാം പാലിച്ച് അവ അനുസരിക്കുകയും ചെയ്യുമെങ്കിൽ, ഞാൻ നിന്റെ പിതാവായ ദാവീദിനോടു ചെയ്ത വാഗ്ദാനം ഞാൻ നിന്നിലൂടെ നിവർത്തിക്കും. 13 ഞാൻ ഇസ്രായേലിന്റെ മധ്യേ വസിക്കും; എന്റെ ജനമായ ഇസ്രായേലിനെ ഞാൻ ഉപേക്ഷിക്കുകയുമില്ല.”
14 അങ്ങനെ ശലോമോൻ ദൈവാലയനിർമാണം പൂർത്തിയാക്കി.
51 ഇപ്രകാരം, യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻരാജാവ് ചെയ്ത പണികളെല്ലാം പൂർത്തിയായപ്പോൾ അദ്ദേഹം, തന്റെ പിതാവായ ദാവീദ് സമർപ്പിച്ചിരുന്ന വസ്തുക്കളായ വെള്ളിയും സ്വർണവും ഇതര ഉപകരണങ്ങളും ആലയത്തിലേക്കു കൊണ്ടുവന്നു. അവ അദ്ദേഹം യഹോവയുടെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളിൽ സംഭരിച്ചുവെച്ചു.
37 നാലാമാണ്ടിൽ സീവുമാസത്തിൽ യഹോവയുടെ ആലയത്തിന് അടിസ്ഥാനം ഇട്ടിരുന്നു. 38 പതിനൊന്നാമാണ്ടിൽ എട്ടാംമാസമായ ബൂൽമാസത്തിൽ ദൈവാലയം, അതിന്റെ സകലഭാഗങ്ങളുമായി, അതിന്റെ മാതൃക അനുസരിച്ചുതന്നെ, പണിതുതീർത്തു. അങ്ങനെ ആലയം പണിയുന്നതിന് അദ്ദേഹത്തിന് ഏഴുവർഷം വേണ്ടിവന്നു.
2 ശലോമോൻരാജാവ് യഹോവയ്ക്കു നിർമിച്ച ദൈവാലയം അറുപതുമുഴം നീളവും ഇരുപതുമുഴം വീതിയും മുപ്പതുമുഴം ഉയരവും ഉള്ളതായിരുന്നു. 3 ആലയത്തിന്റെ വിശാലമായ മുറിക്കു മുമ്പിലുള്ള മണ്ഡപത്തിന്, ആലയത്തിന്റെ വീതിക്കൊത്തവണ്ണം, ഇരുപതുമുഴം നീളവും മുൻവശത്തേക്കു പത്തുമുഴം വീതിയിൽ തള്ളിനിൽക്കുന്നതുമായിരുന്നു.
10 അതിവിശുദ്ധസ്ഥലത്ത് അദ്ദേഹം ശില്പനിർമിതമായ ഒരു ജോടി കെരൂബുകളെ സ്ഥാപിച്ചു; അവയും തങ്കംകൊണ്ടു പൊതിഞ്ഞു. 11 കെരൂബുകൾ രണ്ടിന്റെയുംകൂടി ചിറകുകളുടെ ആകെ നീളം ഇരുപതുമുഴമായിരുന്നു. ആദ്യത്തെ കെരൂബിന്റെ ഒരു ചിറകിന്റെ നീളം അഞ്ചുമുഴം; അതിന്റെ അഗ്രം ദൈവാലയത്തിന്റെ ഒരു വശത്തെ ഭിത്തിയിൽ തൊട്ടിരുന്നു. അഞ്ചുമുഴംതന്നെ നീളമുള്ള മറ്റേ ചിറക് മറ്റേ കെരൂബിന്റെ ചിറകിൽ തൊട്ടിരുന്നു. 12 ഇതുപോലെതന്നെ രണ്ടാമത്തെ കെരൂബിന്റെ ഒരു ചിറക് അഞ്ചുമുഴം നീളമുള്ളതും ദൈവാലയത്തിന്റെ മറുവശത്തെ ഭിത്തിയിൽ തൊട്ടിരിക്കുന്നതും ആയിരുന്നു. ഇതിന്റെ മറ്റേ ചിറകും അഞ്ചുമുഴം നീളമുള്ളതും ആദ്യത്തെ കെരൂബിന്റെ ചിറകിന്റെ അഗ്രത്തിൽ തൊട്ടതും ആയിരുന്നു.
15 ദൈവാലയത്തിനുമുമ്പിൽ മുപ്പത്തഞ്ചുമുഴം വീതം പൊക്കവും അതിന്മേൽ അഞ്ചുമുഴം പൊക്കത്തിൽ ഓരോ തലപ്പും ഉള്ള രണ്ടു സ്തംഭങ്ങൾ അദ്ദേഹം സ്ഥാപിച്ചു. 16 കണ്ണികൾ കൊരുത്തുചേർത്തവിധമുള്ള ചങ്ങലകൾ സ്തംഭങ്ങളുടെ മുകളിൽ സ്ഥാപിച്ച് അദ്ദേഹം അവയെ അലങ്കരിച്ചു; നൂറു മാതളപ്പഴങ്ങളും ഉണ്ടാക്കി ചങ്ങലയിൽ ഘടിപ്പിച്ചു. 17 ദൈവാലയത്തിനുമുമ്പിൽ ഒന്നു തെക്കും മറ്റേതു വടക്കുമായി അദ്ദേഹം സ്തംഭങ്ങൾ രണ്ടും സ്ഥാപിച്ചു; തെക്കുവശത്തുള്ള സ്തംഭത്തിന് യാഖീൻ എന്നും വടക്കുവശത്തുള്ള സ്തംഭത്തിന് ബോവസ് എന്നും അദ്ദേഹം പേരിട്ടു.
2 പിന്നീട്, അദ്ദേഹം വെങ്കലംകൊണ്ടു വൃത്താകൃതിയിലുള്ള വലിയൊരു ജലസംഭരണി വാർത്തുണ്ടാക്കി. അതിനു വക്കോടുവക്ക് പത്തുമുഴം വ്യാസവും അഞ്ചുമുഴം ഉയരവുമുണ്ടായിരുന്നു. അതിന്റെ ചുറ്റളവ് മുപ്പതുമുഴം ആയിരുന്നു. 3 വക്കിനുതാഴേ ചുറ്റോടുചുറ്റും ഒരു മുഴത്തിനു പത്തുവീതം കാളകളുടെ പ്രതിരൂപങ്ങൾ ഉണ്ടായിരുന്നു. വലിയ ജലസംഭരണി വാർത്തപ്പോൾത്തന്നെ കാളകളുടെ പ്രതിരൂപങ്ങൾ രണ്ടു നിരയായി ചേർത്തു വാർത്തിരുന്നു.
4 പന്ത്രണ്ടു കാളകളുടെ പുറത്താണ് ഈ വലിയ ജലസംഭരണി സ്ഥിതിചെയ്തിരുന്നത്. മൂന്നെണ്ണം വടക്കോട്ടും മൂന്നെണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം തെക്കോട്ടും മൂന്നെണ്ണം കിഴക്കോട്ടും പരസ്പരം പുറംതിരിഞ്ഞുനിന്നിരുന്നു. അവയുടെ പുറത്തായിരുന്നു ജലസംഭരണി സ്ഥിതിചെയ്തിരുന്നത്. ആ കാളകളുടെ പൃഷ്ഠഭാഗങ്ങൾ ഉള്ളിലേക്കായിരുന്നു തിരിഞ്ഞിരുന്നത്. 5 ജലസംഭരണിയുടെ ഭിത്തി ഒരു കൈപ്പത്തിയോളം ഘനമുള്ളതായിരുന്നു. അതിന്റെ അഗ്രം പാനപാത്രത്തിന്റെ അഗ്രംപോലെ, ഒരു വിടർന്ന ശോശന്നപ്പുഷ്പത്തിന്റെ ആകൃതിയിലായിരുന്നു. അതിൽ മൂവായിരം ബത്ത് വെള്ളം സംഭരിക്കാം.
6 അദ്ദേഹം പിന്നെ പത്തു ക്ഷാളനപാത്രങ്ങൾ ഉണ്ടാക്കി. അഞ്ചെണ്ണം തെക്കുഭാഗത്തും അഞ്ചെണ്ണം വടക്കുഭാഗത്തും വെച്ചു. ഹോമയാഗത്തിനുള്ള വസ്തുക്കൾ അതിൽ കഴുകിയിരുന്നു. എന്നാൽ വലിയ ജലസംഭരണി പുരോഹിതന്മാർക്കു കഴുകുന്നതിന് ഉള്ളതായിന്നു.
7 അദ്ദേഹം തങ്കംകൊണ്ടു പത്തു വിളക്കുതണ്ടുകൾ—അവയെപ്പറ്റി പ്രത്യേകമായുള്ള നിർദേശങ്ങൾ അനുസരിച്ചുതന്നെ—ഉണ്ടാക്കി. അവയിൽ അഞ്ചെണ്ണം ദൈവാലയത്തിന്റെ തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തും സ്ഥാപിച്ചു.
11 പാത്രങ്ങൾ, കോരികകൾ, സുഗന്ധദ്രവ്യങ്ങളുംമറ്റും കോരിത്തളിക്കുന്നതിനുള്ള കുഴിഞ്ഞപാത്രങ്ങൾ മുതലായവയും ഹൂരാം നിർമിച്ചു.
അങ്ങനെ, ദൈവത്തിന്റെ ആലയത്തിൽ ശലോമോൻ രാജാവിനുവേണ്ടി തന്നെ ഏൽപ്പിച്ചിരുന്ന ജോലികൾ ഹീരാം പൂർത്തീകരിച്ചു:
12 രണ്ടു സ്തംഭങ്ങൾ;
സ്തംഭാഗ്രങ്ങളിൽ ഗോളാകൃതിയിലുള്ള രണ്ടു മകുടങ്ങൾ;
സ്തംഭാഗ്രങ്ങളിലെ രണ്ടുമകുടങ്ങളും അലങ്കരിക്കുന്ന രണ്ടുകൂട്ടം വലപ്പണികൾ;
13 സ്തംഭങ്ങളുടെ മുകളിലെ ഗോളാകൃതിയിലുള്ള മകുടങ്ങളെ അലങ്കരിക്കാൻ ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴങ്ങൾ; രണ്ടുകൂട്ടം വലപ്പണികൾക്കുംകൂടി നാനൂറു മാതളപ്പഴങ്ങൾ;
14 പീഠങ്ങളും അവയോടുകൂടെയുള്ള ക്ഷാളനപാത്രങ്ങൾ;
15 വലിയ ജലസംഭരണിയും അതിന്റെ അടിയിലായി പന്ത്രണ്ടു കാളകളും;
16 കലങ്ങൾ, കോരികകൾ, മാംസം എടുക്കുന്നതിനുള്ള മുൾക്കരണ്ടികൾ, ഇതിനോടനുബന്ധിച്ചുള്ള മറ്റു സാമഗ്രികൾ.
യഹോവയുടെ ആലയത്തിലെ ഉപയോഗത്തിനായി, ശലോമോൻ രാജാവിനുവേണ്ടി ഹൂരാം-ആബി നിർമിച്ച ഈ ഉപകരണങ്ങളെല്ലാം മിനുക്കിയ വെങ്കലംകൊണ്ടുള്ളവയായിരുന്നു. 17 യോർദാൻ സമതലത്തിൽ, സൂക്കോത്തിനും സെരേദാനും മധ്യേ, കളിമൺ അച്ചുകളിൽ രാജാവ് ഇവയെല്ലാം വാർപ്പിച്ചു. 18 ശലോമോൻ ഈ ഉപകരണങ്ങളെല്ലാം വളരെയധികമായി ഉണ്ടാക്കിച്ചു. അതിനാൽ അവയ്ക്കു ചെലവായ വെങ്കലത്തിന്റെ കണക്കു തിട്ടപ്പെടുത്താൻ കഴിയുമായിരുന്നില്ല.
19 ദൈവത്തിന്റെ ആലയത്തിലെ സകലവിധ ഉപകരണങ്ങളും ശലോമോൻ ഉണ്ടാക്കിച്ചു:
സ്വർണയാഗപീഠം;
കാഴ്ചയപ്പം വെക്കുന്നതിനുള്ള മേശകൾ;
20 നിയമപ്രകാരം അന്തർമന്ദിരത്തിനുമുമ്പിൽ കത്തുന്നതിനുള്ള തങ്കവിളക്കുകളും വിളക്കുകാലുകളും;
21 സ്വർണംകൊണ്ടുള്ള പുഷ്പങ്ങൾ, വിളക്കുകൾ, കത്രികകൾ (അവ മേൽത്തരമായ തങ്കംകൊണ്ടുള്ളവ ആയിരുന്നു).
22 തിരികൾ വെടിപ്പാക്കുന്നതിനു തങ്കംകൊണ്ടുള്ള കത്രികകൾ, കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങൾ, തളികകൾ, ധൂപപാത്രങ്ങൾ, ആലയത്തിന്റെ സ്വർണക്കതകുകൾ, അതിവിശുദ്ധസ്ഥലത്തേക്കുള്ള അകത്തെ കതകുകൾ, വിശാലമായ മുറിയുടെ കതകുകൾ എന്നിവയെല്ലാം അദ്ദേഹം ഉണ്ടാക്കി.