സൻഹേരീബിന്റെ രണ്ടാം അധിനിവേശം പൂർണമായി

ക്രി.മു. 710

Biblica® Open Malayalam Contemporary Version™ (OMCV)

2 രാജാക്കന്മാർ 18:17–19:7

17 എങ്കിലും അശ്ശൂർരാജാവ് തന്റെ സർവസൈന്യാധിപനെയും ഉദ്യോഗസ്ഥമേധാവിയെയും യുദ്ധക്കളത്തിലെ അധിപനെയും ഒരു മഹാസൈന്യത്തോടൊപ്പം ലാഖീശിൽനിന്ന് ഹിസ്കിയാരാജാവിന്റെ അടുക്കൽ ജെറുശലേമിലേക്ക് അയച്ചു. അവർ ജെറുശലേമിലേക്കുവന്ന് അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിയിൽ മുകളിലായുള്ള കുളത്തിന്റെ കൽപ്പാത്തിയിൽ നിലയുറപ്പിച്ചു. 18 അവർ യെഹൂദാരാജാവിനെ വിളിച്ചു. അപ്പോൾ കൊട്ടാരം ഭരണാധിപനും ഹിൽക്കിയാവിന്റെ മകനുമായ എല്യാക്കീം, ലേഖകനായ ശെബ്ന, ആസാഫിന്റെ മകനും രാജകീയ രേഖാപാലകനുമായ യോവാഹ് എന്നിവർ കോട്ടയ്ക്കു വെളിയിൽ അവരുടെ അടുത്തേക്കുചെന്നു.

19 യുദ്ധക്കളത്തിലെ അധിപൻ അവരോടു പറഞ്ഞു: “നിങ്ങൾ ഹിസ്കിയാവിനോട് പറയുക:

“ ‘മഹാനായ അശ്ശൂർരാജാവ് ഇപ്രകാരം കൽപ്പിക്കുന്നു: നിന്റെ ഈ ഉറപ്പ് എന്തടിസ്ഥാനത്തിലാണ്? 20 നിനക്കു യുദ്ധതന്ത്രവും സൈനികശക്തിയും ഉണ്ടെന്നു നീ പറയുന്നു. എന്നാൽ നീ പൊള്ളവാക്കു പറയുകയാണ്, എന്നോടെതിർക്കാൻമാത്രം നീ ആരെയാണ് ആശ്രയിക്കുന്നത്? 21 നോക്കൂ, നീ ഈജിപ്റ്റിനെ ആശ്രയിക്കുന്നുണ്ടാകാം. അതൊരു ചതഞ്ഞ ഓടത്തണ്ടാണ്. അതിന്മേൽ ചാരുന്നവരുടെ കൈയിൽ അത് തുളച്ചുകയറും. തന്നെ ആശ്രയിക്കുന്ന ഏതൊരാൾക്കും, ഈജിപ്റ്റിലെ രാജാവായ ഫറവോനും അങ്ങനെതന്നെ. 22 പിന്നെ, “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയിൽ ആശ്രയിക്കുന്നു” എന്നാണു നിങ്ങൾ പറയുന്നതെങ്കിൽ, “നിങ്ങൾ ജെറുശലേമിൽ ഈ യാഗപീഠത്തിനുമുമ്പിൽ ആരാധിക്കണം” എന്ന് യെഹൂദയോടും ഇസ്രായേലിനോടും പറഞ്ഞുകൊണ്ട് ഹിസ്കിയാവ് നീക്കിക്കളഞ്ഞത് ആ ദൈവത്തിന്റെ ക്ഷേത്രങ്ങളും യാഗപീഠങ്ങളുമല്ലേ?

23 “ ‘വരിക, എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതുകെട്ടുവിൻ. നിങ്ങൾക്ക് കുതിരച്ചേവകരെ കണ്ടെത്താൻ കഴിയുമെങ്കിൽ ഞാൻ നിങ്ങൾക്കു രണ്ടായിരം കുതിരയെ തരാം. 24 രഥങ്ങൾക്കും കുതിരകൾക്കുംവേണ്ടി നിങ്ങൾ ഈജിപ്റ്റിനെ ആശ്രയിച്ചാലും, എന്റെ യജമാനന്റെ ഉദ്യോഗസ്ഥരിൽ നിസ്സാരനായ ഒരുവനെയെങ്കിലും നിങ്ങൾക്കെങ്ങനെ ധിക്കരിക്കാൻ കഴിയും? 25 അതുമാത്രമോ? യഹോവയുടെ അനുവാദം കൂടാതെയാണോ ഞാൻ ഈ സ്ഥലം ആക്രമിക്കുന്നതിനും ഇതിനെ നശിപ്പിക്കുന്നതിനും വന്നത്? ഈ ദേശത്തിനെതിരേ യുദ്ധംചെയ്യുന്നതിനും ഇതിനെ നശിപ്പിക്കുന്നതിനും യഹോവതന്നെ എന്നോടു കൽപ്പിച്ചിരിക്കുന്നു.’ ”

26 അപ്പോൾ ഹിൽക്കിയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും യുദ്ധക്കളത്തിലെ അധിപനോടു പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ അടിയങ്ങൾക്ക് അരാമ്യഭാഷയറിയാം; ദയവായി അരാമ്യഭാഷയിൽ സംസാരിച്ചാലും! മതിലിന്മേലുള്ള ജനം കേൾക്കെ അടിയങ്ങളോട് എബ്രായഭാഷയിൽ സംസാരിക്കരുതേ!”

27 എന്നാൽ ആ സൈന്യാധിപൻ മറുപടികൊടുത്തു: “ഇക്കാര്യങ്ങൾ നിങ്ങളോടും നിങ്ങളുടെ യജമാനനോടുംമാത്രം പറയുന്നതിനാണോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? മതിലിന്മേലിരിക്കുന്ന ഈ ജനത്തെയും അറിയിക്കാനല്ലേ? അവരും നിങ്ങളെപ്പോലെ സ്വന്തം മലം തിന്നുകയും സ്വന്തം മൂത്രം കുടിക്കുകയും ചെയ്യേണ്ടിവരികയില്ലേ?”

28 പിന്നെ ആ സൈന്യാധിപൻ എഴുന്നേറ്റുനിന്ന് എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞു: “മഹാനായ അശ്ശൂർരാജാവിന്റെ വാക്കുകൾ കേൾക്കുക! 29 രാജാവ് ഇപ്രകാരം കൽപ്പിക്കുന്നു: ഹിസ്കിയാവ് നിങ്ങളെ ചതിക്കരുത്. അദ്ദേഹത്തിന് എന്റെ കൈയിൽനിന്നു നിങ്ങളെ വിടുവിക്കാൻ കഴിയുകയില്ല. 30 ‘യഹോവ നിശ്ചയമായും നമ്മെ വിടുവിക്കും; ഈ നഗരത്തെ അശ്ശൂർരാജാവിന്റെ കൈയിലേക്കു വിട്ടുകൊടുക്കുകയില്ല,’ എന്നു പറഞ്ഞ് ഹിസ്കിയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കാൻ പ്രേരിപ്പിക്കാതിരിക്കട്ടെ.

31 “ഹിസ്കിയാവു പറയുന്നതു നിങ്ങൾ കേൾക്കരുത്. അശ്ശൂർരാജാവ് ആജ്ഞാപിക്കുന്നത് ഇപ്രകാരമാണ്: ഞാനുമായി സമാധാനസന്ധിയുണ്ടാക്കി നിങ്ങൾ എന്റെ അടുത്തേക്കു പോരുക. അപ്പോൾ നിങ്ങളിൽ ഓരോരുത്തർക്കും സ്വന്തം വീഞ്ഞു കുടിക്കുകയും സ്വന്തം അത്തിമരത്തിൽനിന്നു പഴം തിന്നുകയും സ്വന്തം ജലസംഭരണിയിൽനിന്ന് കുടിക്കുകയും ചെയ്യാം. 32 പിന്നെ ഞാൻ വന്നു നിങ്ങളെ നിങ്ങളുടെ സ്വന്തം നാടുപോലെയുള്ള ഒരു നാട്ടിലേക്ക്—ധാന്യവും പുതുവീഞ്ഞുമുള്ള ഒരു നാട്ടിലേക്ക്, അപ്പവും മുന്തിരിത്തോപ്പുകളുമുള്ള ഒരു നാട്ടിലേക്ക്, ഒലിവു മരങ്ങളും തേനുമുള്ള ഒരു നാട്ടിലേക്ക്—കൂട്ടിക്കൊണ്ടുപോകും. അതിനാൽ നിങ്ങൾ മരണത്തെയല്ല, ജീവനെത്തന്നെ തെരഞ്ഞെടുക്കുക.

“ ‘യഹോവ നമ്മെ വിടുവിക്കും,’ എന്ന് ഹിസ്കിയാവു പറയുമ്പോൾ അദ്ദേഹം നിങ്ങളെ വഴി തെറ്റിക്കുകയാണെന്നു കരുതണം. അദ്ദേഹം പറയുന്നതു നിങ്ങൾ ശ്രദ്ധിക്കരുത്. 33 ഏതെങ്കിലും നാട്ടിലെ ദൈവം എന്നെങ്കിലും അശ്ശൂർരാജാവിന്റെ കൈയിൽനിന്ന് തന്റെ നാടിനെ രക്ഷിച്ചിട്ടുണ്ടോ? 34 ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവയീമിലെയും ഹേനയിലെയും ഇവ്വയിലെയും ദേവന്മാർ എവിടെ? അവർ എന്റെ കൈയിൽനിന്ന് ശമര്യയെ രക്ഷിച്ചിട്ടുണ്ടോ? 35 ഈ സകലരാജ്യങ്ങളിലെയും ദേവന്മാരിൽ ആർക്ക് എന്റെ കൈയിൽനിന്നു തന്റെ നാടിനെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്? പിന്നെ യഹോവയ്ക്ക് എങ്ങനെ എന്റെ കൈയിൽനിന്നു ജെറുശലേമിനെ രക്ഷിക്കാൻ കഴിയും?”

36 “അദ്ദേഹത്തോട് ഒരു വാക്കും മറുപടി പറയരുത്,” എന്ന് ഹിസ്കിയാരാജാവു ജനത്തോടു കൽപ്പിച്ചിട്ടുണ്ടായിരുന്നു. അതിനാൽ അവർ മിണ്ടാതിരുന്നു; മറുപടിയായി യാതൊന്നും അദ്ദേഹത്തോടു പറഞ്ഞില്ല.

37 പിന്നെ കൊട്ടാരം ഭരണാധിപനും ഹിൽക്കിയാവിന്റെ മകനുമായ എല്യാക്കീമും, ലേഖകനായ ശെബ്നയും, ആസാഫിന്റെ മകനും രാജകീയ രേഖാപാലകനുമായ യോവാഹും തങ്ങളുടെ വസ്ത്രംകീറിക്കൊണ്ട് ഹിസ്കിയാവിന്റെ അടുക്കൽവന്നു. അവർ യുദ്ധക്കളത്തിലെ അധിപൻ പറഞ്ഞ കാര്യങ്ങൾ രാജാവിനെ അറിയിച്ചു.

19:1 ഹിസ്കിയാരാജാവ് ഇതു കേട്ടപ്പോൾ വസ്ത്രംകീറി, ചാക്കുശീലയുടുത്ത് യഹോവയുടെ ആലയത്തിലേക്കു ചെന്നു. 2 അദ്ദേഹം കൊട്ടാരം ഭരണാധിപനായ എല്യാക്കീമിനെയും ലേഖകനായ ശെബ്നയെയും പുരോഹിതന്മാരിൽ പ്രധാനികളെയും ചാക്കുശീല ധരിച്ചവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു. 3 അവർ അദ്ദേഹത്തോടു പറഞ്ഞു: “ഹിസ്കിയാവ് ഇപ്രകാരം പറയുന്നു: ‘കുഞ്ഞ് ജനിക്കാറായിരിക്കുന്നു, എന്നാൽ അതിനെ പ്രസവിക്കുന്നതിനുള്ള ശക്തി അമ്മയ്ക്കില്ല’ അതുപോലെ ഈ ദിനം കഷ്ടതയുടെയും അധിക്ഷേപത്തിന്റെയും അപമാനത്തിന്റെയും ദിനമായിത്തീർന്നിരിക്കുന്നു. 4 ജീവനുള്ള ദൈവത്തെ അവഹേളിക്കുന്നതിനായി അശ്ശൂർരാജാവ് അയച്ച യുദ്ധക്കളത്തിലെ അധിപൻ പറഞ്ഞ വാക്കുകളെല്ലാം അങ്ങയുടെ ദൈവമായ യഹോവ ഒരുപക്ഷേ കേൾക്കും; ആ വാക്കുകൾമൂലം അങ്ങയുടെ ദൈവമായ യഹോവ അയാളെ ശിക്ഷിക്കും. അതിനാൽ ഇസ്രായേലിൽ ഇന്നുള്ള ശേഷിപ്പിനുവേണ്ടി അങ്ങു പ്രാർഥിക്കണേ!”

5 ഹിസ്കിയാരാജാവിന്റെ ഉദ്യോഗസ്ഥന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ 6 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ യജമാനനോടു പറയുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ കേട്ട വാക്കുകൾമൂലം ഭയപ്പെടേണ്ട, ആ വാക്കുകൾമൂലം, അശ്ശൂർരാജാവിന്റെ ദാസന്മാർ എന്നെ നിന്ദിച്ചിരിക്കുന്നു. 7 ശ്രദ്ധിക്കുക! ഞാൻ അവന്റെമേൽ ഒരു ആത്മാവിനെ അയയ്ക്കും; അതുമൂലം അവൻ ഒരു പ്രത്യേക വാർത്തകേട്ട് സ്വന്തം ദേശത്തേക്കു മടങ്ങും. അവിടെവെച്ച് ഞാൻ അവനെ വാളിനിരയാക്കും.’ ”

സങ്കീർത്തനങ്ങൾ 44

കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം.

1 ദൈവമേ, സ്വന്തം ചെവിയാൽ ഞങ്ങൾ കേട്ടിരിക്കുന്നു;

പൂർവകാലത്ത് അങ്ങ്

അവർക്കുവേണ്ടി ചെയ്തവയെല്ലാം

ഞങ്ങളുടെ പൂർവികർ ഞങ്ങളോടു വിവരിച്ചിരിക്കുന്നു.

2 അവിടത്തെ കരംകൊണ്ട് അങ്ങ് രാഷ്ട്രങ്ങളെ തുരത്തിയോടിച്ചു

ഞങ്ങളുടെ പൂർവികർക്കു ദേശം അവകാശമായി നൽകി;

അവിടന്ന് ജനതകളെ ഞെരിച്ചമർത്തി

ഞങ്ങളുടെ പൂർവികരെ തഴച്ചുവളരുമാറാക്കി.

3 അവർ ദേശം കൈവശമാക്കിയത് അവരുടെ വാളിനാലോ

ജയം നേടിയത് അവരുടെ ഭുജത്താലോ ആയിരുന്നില്ല;

അവരോടുള്ള സ്നേഹംനിമിത്തം അവിടത്തെ വലതുകരവും ബലമേറിയ ഭുജവും

തിരുമുഖപ്രകാശവും ആണല്ലോ അവ സാധ്യമാക്കിയത്.

4 അങ്ങ് എന്റെ രാജാവും ദൈവവും ആകുന്നു,

അവിടന്ന് യാക്കോബിന് വിജയമരുളുന്നു.

5 അവിടത്തെ ശക്തിയാൽ ഞങ്ങൾ ശത്രുക്കളെ പിന്തിരിഞ്ഞോടുമാറാക്കുന്നു;

അവിടത്തെ നാമത്താൽ ഞങ്ങളുടെ എതിരാളികളെ ചവിട്ടിമെതിക്കുന്നു.

6 എന്റെ വില്ലിൽ ഞാൻ ആശ്രയിക്കുന്നില്ല,

എന്റെ വാൾ എന്നെ രക്ഷിക്കുകയുമില്ല;

7 എന്നാൽ ശത്രുക്കളുടെമേൽ അങ്ങാണ് ഞങ്ങൾക്കു വിജയംനൽകുന്നത്,

അങ്ങ് ഞങ്ങളുടെ എതിരാളികളെ ലജ്ജിതരാക്കുന്നു.

8 ദിവസംമുഴുവനും ഞങ്ങൾ ദൈവത്തിൽ പ്രശംസിക്കുന്നു,

അവിടത്തെ നാമം ഞങ്ങൾ നിത്യം വാഴ്ത്തുന്നു. സേലാ.

9 എന്നാൽ ഇപ്പോൾ അവിടന്ന് ഞങ്ങളെ തിരസ്കരിച്ച് ലജ്ജിതരാക്കിയിരിക്കുന്നു;

അവിടന്ന് ഞങ്ങളുടെ സൈന്യവ്യൂഹത്തോടൊപ്പം പോർമുഖത്തേക്ക് വരുന്നതുമില്ലല്ലോ.

10 അങ്ങ് ഞങ്ങളെ ശത്രുക്കൾക്കുമുമ്പിൽ പിന്തിരിഞ്ഞോടാനിടയാക്കി,

ഞങ്ങളുടെ എതിരാളികൾ ഞങ്ങളെ കൊള്ളയടിച്ചിരിക്കുന്നു.

11 ആടുകളെ എന്നപോലെ ഞങ്ങളെ തിന്നൊടുക്കാൻ അവർക്ക് അങ്ങ് അനുമതി നൽകി

ഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ചുമിരിക്കുന്നു.

12 അങ്ങ് അങ്ങയുടെ ജനത്തെ തുച്ഛവിലയ്ക്കു വിറ്റുകളഞ്ഞു,

ആ വിനിമയത്തിൽ ഒരു നേട്ടവും കൈവന്നില്ല.

13 അങ്ങ് ഞങ്ങളെ അയൽവാസികൾക്ക് അപമാനവും

ചുറ്റുമുള്ളവർക്കിടയിൽ നിന്ദയും അപഹാസവും ആക്കിയിരിക്കുന്നു.

14 അങ്ങ് ഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിൽ ഒരു പഴമൊഴിയും;

ജനതകൾക്കിടയിൽ പരിഹാസവിഷയവും ആക്കിയിരിക്കുന്നു.

15-16 എന്നെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുടെ കുത്തുവാക്കുകളും

പ്രതികാരത്തോടെ എന്നെ കീഴടക്കാൻ ശ്രമിക്കുന്ന ശത്രുക്കളിൽനിന്നുമുള്ള

അപമാനവും ദിവസം മുഴുവൻ എന്റെമുമ്പിൽ ഇരിക്കുന്നു

എന്റെ മുഖം ലജ്ജയാൽ മൂടിയുമിരിക്കുന്നു.

17 ഇതൊക്കെയും ഞങ്ങൾക്കുമേൽ വന്നുഭവിച്ചിട്ടും,

ഞങ്ങൾ അങ്ങയെ മറന്നിട്ടില്ല;

അവിടത്തെ ഉടമ്പടിയോട് അവിശ്വസ്തരായിട്ടുമില്ല.

18 ഞങ്ങളുടെ ഹൃദയം പിന്തിരിഞ്ഞിട്ടില്ല;

അവിടത്തെ പാതകളിൽനിന്ന് ഞങ്ങളുടെ കാലടികൾ വ്യതിചലിച്ചിട്ടുമില്ല.

19 എന്നാൽ അവിടന്നു ഞങ്ങളെ തകർക്കുകയും കുറുനരികൾക്കൊരു സങ്കേതമായി മാറ്റുകയും ചെയ്തിരിക്കുന്നു;

അവിടന്ന് ഞങ്ങളെ ഘോരാന്ധകാരത്താൽ മൂടിയിരിക്കുന്നു.

20 ഞങ്ങളുടെ ദൈവത്തിന്റെ തിരുനാമം ഞങ്ങൾ മറക്കുകയോ,

അന്യദേവന്റെ മുമ്പിൽ കൈമലർത്തുകയോ ചെയ്തിട്ടുണ്ടായിരുന്നെങ്കിൽ,

21 ദൈവം അതു കണ്ടെത്താതിരിക്കുമോ?

അവിടന്ന് ഹൃദയരഹസ്യങ്ങളെ അറിയുന്നവനാണല്ലോ.

22 എന്നിട്ടും അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു;

അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു.

23 കർത്താവേ, ഉണരണമേ! അങ്ങ് നിദ്രയിലമരുന്നത് എന്തിന്?

ഉണർന്നെഴുന്നേറ്റാലും! എന്നെന്നേക്കുമായി ഞങ്ങളെ ഉപേക്ഷിക്കരുതേ.

24 അങ്ങെന്തിനാണ് ഞങ്ങൾക്കു മുഖം മറയ്ക്കുന്നത്?

ഞങ്ങളുടെ കഷ്ടവും പീഡയും മറക്കുന്നതും എന്തിന്?

25 ഞങ്ങൾ പൂഴിയോളം താഴ്ത്തപ്പെട്ടിരിക്കുന്നു;

ഞങ്ങളുടെ വയറ് നിലത്തു പറ്റിക്കിടക്കുന്നു.

26 കർത്താവേ, എഴുന്നേറ്റാലും, ഞങ്ങളെ സഹായിച്ചാലും;

അവിടത്തെ അചഞ്ചലസ്നേഹത്താൽ ഞങ്ങളെ മോചിപ്പിച്ചാലും.

സംഗീതസംവിധായകന്. “സാരസരാഗത്തിൽ.”