ബാബേൽരാജാവ് ഹിസ്കിയാവിനെ അഭിനന്ദിക്കുന്നു

രോഗം ഭേദമായതിൽ ബാബേൽരാജാവ് ഹിസ്കിയാവിനെ അഭിനന്ദിക്കുന്നു.

ക്രി.മു. 713

Biblica® Open Malayalam Contemporary Version™ (OMCV)

2 രാജാക്കന്മാർ 20:12–19

12 അക്കാലത്ത് ബലദാന്റെ മകനും ബാബേൽരാജാവുമായ മെരോദക്-ബലദാൻ ഹിസ്കിയാവിന്റെ രോഗവിവരം കേട്ടിരുന്നതിനാൽ അദ്ദേഹത്തിനു കത്തുകളും സമ്മാനവും കൊടുത്തയച്ചു. 13 ഹിസ്കിയാവ് ആ സ്ഥാനപതികളെ സ്വീകരിച്ചു; തന്റെ കലവറകളും വെള്ളിയും സ്വർണവും സുഗന്ധവർഗങ്ങളും വിശിഷ്ടതൈലവും ആയുധശേഖരവും തന്റെ ഭണ്ഡാരങ്ങളിലുണ്ടായിരുന്ന സകലവസ്തുക്കളും അദ്ദേഹം അവരെ കാണിച്ചു. തന്റെ കൊട്ടാരത്തിലോ രാജ്യത്തിലോ അവരെ കാണിക്കാത്തതായി യാതൊന്നും ഉണ്ടായിരുന്നില്ല.

14 അപ്പോൾ പ്രവാചകനായ യെശയ്യാവ് രാജാവിന്റെ അടുത്തുവന്ന് ഇപ്രകാരം ചോദിച്ചു: “ആ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നാണു വന്നത്?”

ഹിസ്കിയാവ് മറുപടി പറഞ്ഞു: “അവർ ഒരു ദൂരദേശത്തുനിന്ന്, ബാബേലിൽനിന്ന് വന്നു.”

15 “അവർ നിന്റെ കൊട്ടാരത്തിൽ എന്തെല്ലാം കണ്ടു?” എന്നു പ്രവാചകൻ ചോദിച്ചു.

ഹിസ്കിയാവു പറഞ്ഞു: “അവർ എന്റെ കൊട്ടാരത്തിലുള്ളതെല്ലാം കണ്ടു; ഞാൻ അവരെ കാണിക്കാത്തതായി എന്റെ ഭണ്ഡാരത്തിൽ യാതൊന്നുമില്ല.”

16 അപ്പോൾ യെശയ്യാവു ഹിസ്കിയാവിനോടു പറഞ്ഞു: “യഹോവയുടെ അരുളപ്പാടു കേൾക്കുക: 17 നിന്റെ കൊട്ടാരത്തിലുള്ളതെല്ലാം, നിന്റെ പിതാക്കന്മാർ ഇന്നുവരെ സംഭരിച്ചു വെച്ചിരുന്നതെല്ലാം ബാബേലിലേക്ക് അപഹരിച്ചുകൊണ്ടുപോകുന്ന കാലം നിശ്ചയമായും വരും. യാതൊന്നും അവശേഷിക്കുകയില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു. 18 നിന്റെ സന്തതികളിൽ ചിലരെ—നിന്റെ സ്വന്തമാംസവും സ്വന്തരക്തവുമായി നിനക്കു ജനിക്കുന്ന സന്തതികളെ—അവർ പിടിച്ചുകൊണ്ടുപോകും. അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിത്തീരും.”

19 “എന്റെ ജീവിതകാലത്തു സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കുമല്ലോ!” എന്ന് അദ്ദേഹം ചിന്തിച്ചു. അതിനാൽ “അങ്ങ് ഉച്ചരിച്ച യഹോവയുടെ വാക്കുകൾ നല്ലതുതന്നെ,” എന്നു ഹിസ്കിയാവ് മറുപടി പറഞ്ഞു.

സൻഹേരീബിന്റെ രണ്ടാം അധിനിവേശം ചുരുക്കത്തിൽ ക്രി.മു. 710

സൻഹേരീബിന്റെ രണ്ടാം അധിനിവേശത്തെക്കുറിച്ചുള്ള ഒരു ആമുഖം, അഥവാ അതിന്റെ സംക്ഷിപ്ത വിവരണം.

2 ദിനവൃത്താന്തം 32:9–23

9 പിന്നീട് അശ്ശൂർരാജാവായ സൻഹേരീബും അദ്ദേഹത്തിന്റെ സൈന്യങ്ങളും ലാഖീശിനെ ഉപരോധിച്ച് താവളമടിച്ചുകിടന്നിരുന്നപ്പോൾ, യെഹൂദാരാജാവായ ഹിസ്കിയാവിനും അവിടെയുള്ള സകല യെഹൂദ്യജനതയ്ക്കുമുള്ള സന്ദേശവുമായി അദ്ദേഹം തന്റെ ഉദ്യോഗസ്ഥന്മാരെ ജെറുശലേമിലേക്കയച്ചു:

10 “അശ്ശൂർരാജാവായ സൻഹേരീബ് ഇപ്രകാരം അറിയിക്കുന്നു: ജെറുശലേമിന് എതിരേയുള്ള ഉപരോധത്തെ ചെറുത്ത് അവിടെ നിലനിൽക്കുന്നതിനുള്ള ആത്മവിശ്വാസം നിങ്ങൾക്കുണ്ടോ? നിങ്ങൾ എന്തിലാണ് ആശ്രയം വെച്ചിരിക്കുന്നത്? 11 ‘നമ്മുടെ ദൈവമായ യഹോവ നമ്മെ അശ്ശൂർരാജാവിന്റെ കൈയിൽനിന്നു രക്ഷിക്കും,’ എന്നു ഹിസ്കിയാവ് പറയുമ്പോൾ അദ്ദേഹം നിങ്ങളെ വഴിതെറ്റിക്കുകയാണ്; വിശപ്പും ദാഹവുംമൂലം നിങ്ങൾ ചത്തൊടുങ്ങാൻ വഴിയൊരുക്കുകയാണ്. 12 ‘നിങ്ങൾ ഒരേയൊരു യാഗപീഠത്തിൽ ആരാധിക്കുകയും യാഗങ്ങൾ അർപ്പിക്കുകയും ചെയ്യണം,’ എന്ന് യെഹൂദയോടും ഇസ്രായേലിനോടും പറഞ്ഞുകൊണ്ട് ഈ ദേവന്മാരുടെ ക്ഷേത്രങ്ങളും ബലിപീഠങ്ങളും എല്ലാം ഹിസ്കിയാവ് നീക്കിക്കളഞ്ഞില്ലേ?

13 “മറ്റു ദേശങ്ങളിലെ സകലജനങ്ങളോടും ഞാനും എന്റെ പിതാക്കന്മാരും ചെയ്തതെന്തെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം? എന്റെ കൈയിൽനിന്ന് തങ്ങളുടെ ദേശത്തെ വിടുവിക്കാൻ ആ രാജ്യങ്ങളിലെ ദേവന്മാർക്കു കഴിഞ്ഞിട്ടുണ്ടോ? 14 എന്റെ പിതാക്കന്മാർ നശിപ്പിച്ച ഈ രാജ്യങ്ങളിലെ ദേവന്മാരിൽ ആർക്കെങ്കിലും എന്റെ കൈയിൽനിന്നു തങ്ങളുടെ ജനത്തെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോ? പിന്നെങ്ങനെ നിങ്ങളുടെ ദൈവത്തിന് നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കാൻ കഴിയും? 15 ആകയാൽ, ഇപ്പോൾ ഹിസ്കിയാവ് നിങ്ങളെ ഈ വിധം ചതിക്കാനും വഴിതെറ്റിക്കാനും ഇടകൊടുക്കരുത്. നിങ്ങൾ അദ്ദേഹത്തെ വിശ്വസിക്കരുത്; കാരണം യാതൊരു രാഷ്ട്രത്തിന്റെയോ രാജ്യത്തിന്റെയോ ഒരു ദേവനും എന്റെ കൈയിൽനിന്നോ എന്റെ പിതാക്കന്മാരുടെ കൈയിൽനിന്നോ തങ്ങളുടെ ജനത്തെ മോചിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങനെയിരിക്കെ, എന്റെ കൈയിൽനിന്നു നിങ്ങളെ വിടുവിക്കാൻ നിങ്ങളുടെ ദൈവത്തിന് ഒട്ടും കഴിയുകയില്ല!”

16 ദൈവമായ യഹോവയ്ക്കും അവിടത്തെ ദാസനായ ഹിസ്കിയാവിനും എതിരായി സൻഹേരീബിന്റെ ദാസന്മാർ വീണ്ടും വളരെയേറെ നിന്ദാവാക്കുകൾ ചൊരിഞ്ഞു. 17 “മറ്റു ദേശങ്ങളിലെ ജനങ്ങളുടെ ദേവന്മാർ എന്റെ കൈയിൽനിന്ന് അവരെ രക്ഷിച്ചില്ല; അതുപോലെ ഹിസ്കിയാവിന്റെ ദൈവവും എന്റെ കൈയിൽനിന്നു തന്റെ ജനത്തെ രക്ഷിക്കുകയില്ല,” എന്നു പറഞ്ഞ് ഇസ്രായേലിന്റെ ദൈവമായ യഹോവയെ അധിക്ഷേപിച്ചുകൊണ്ട് രാജാവും കത്തുകൾ എഴുതി. 18 മതിലിന്മേൽ ഉണ്ടായിരുന്ന ജെറുശലേംനിവാസികളോട് അവർ അത് എബ്രായഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞു. അവരെ സംഭ്രാന്തരും ആശങ്കാകുലരുമാക്കി നഗരം പിടിച്ചെടുക്കാൻവേണ്ടിയായിരുന്നു ഇത്. 19 ഭൂതലത്തിലെ അന്യ ദേവന്മാരെക്കുറിച്ച്—മനുഷ്യരുടെ കൈകളാൽ നിർമിക്കപ്പെട്ടവരെക്കുറിച്ച്—സംസാരിച്ചതുപോലെ അവർ ജെറുശലേമിന്റെ ദൈവമായ യഹോവയെക്കുറിച്ചും സംസാരിച്ചു.

20 ഇതുനിമിത്തം ഹിസ്കിയാരാജാവും ആമോസിന്റെ മകനായ യെശയ്യാപ്രവാചകനും പ്രാർഥിച്ചുകൊണ്ട് സ്വർഗത്തിലേക്കു നിലവിളിച്ചു. 21 യഹോവ ഒരു ദൈവദൂതനെ അയച്ചു. അദ്ദേഹം അശ്ശൂർരാജാവിന്റെ പാളയത്തിലെ സകലശൂരയോദ്ധാക്കളെയും സൈന്യാധിപന്മാരെയും അധിപതിമാരെയും സംഹരിച്ചുകളഞ്ഞു. അങ്ങനെ സൻഹേരീബ് അപമാനിതനായി സ്വന്തനാട്ടിലേക്കു മടങ്ങി. അദ്ദേഹം അവിടെ തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു ചെന്നപ്പോൾ അദ്ദേഹത്തിന്റെതന്നെ പുത്രന്മാരിൽ ചിലർ അദ്ദേഹത്തെ വാളിനിരയാക്കി.

22 അങ്ങനെ യഹോവ ഹിസ്കിയാവിനെയും ജെറുശലേം ജനതയെയും അശ്ശൂർരാജാവായ സൻഹേരീബിന്റെയും മറ്റെല്ലാവരുടെയും കൈയിൽനിന്നു രക്ഷിച്ചു. അവിടന്ന് അവർക്ക് ചുറ്റുപാടും സ്വസ്ഥതനൽകി. 23 പലരും ജെറുശലേമിൽ യഹോവയ്ക്കു നേർച്ചകളും യെഹൂദാരാജാവായ ഹിസ്കിയാവിന് വിലപിടിച്ച സമ്മാനങ്ങളും കൊണ്ടുവന്നു. അന്നുമുതൽ അദ്ദേഹം സകലരാഷ്ട്രങ്ങളുടെയും ദൃഷ്ടിയിൽ വളരെ ആദരണീയനായിത്തീർന്നു.