സൻഹേരീബിന്റെ സൈന്യം നശിപ്പിക്കപ്പെടുന്നു
ക്രി.മു. 710
Biblica® Open Malayalam Contemporary Version™ (OMCV)
8 അശ്ശൂർരാജാവ് ലാഖീശിൽനിന്ന് പിൻവാങ്ങി എന്നു കേട്ടപ്പോൾ അദ്ദേഹത്തിന്റെ യുദ്ധക്കളത്തിലെ അധിപനും ജെറുശലേമിൽനിന്ന് പിൻവാങ്ങി. അദ്ദേഹം മടങ്ങിച്ചെല്ലുമ്പോൾ രാജാവ് ലിബ്നായ്ക്കെതിരേ യുദ്ധംചെയ്യുന്നതായി കണ്ടു.
9 കൂശ് രാജാവായ തിർഹാക്കാ തന്നോടു യുദ്ധംചെയ്യുന്നതിനായി വരുന്നുണ്ട് എന്ന വാർത്ത സൻഹേരീബിനു ലഭിച്ചിരുന്നു. അതിനാൽ അദ്ദേഹം വീണ്ടും തന്റെ സന്ദേശവുമായി ഹിസ്കിയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു. അദ്ദേഹത്തിന്റെ സന്ദേശം ഇപ്രകാരമായിരുന്നു: 10 “യെഹൂദാരാജാവായ ഹിസ്കിയാവിനോടു പറയുക: ‘ജെറുശലേം അശ്ശൂർരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടുകയില്ല എന്നു പറഞ്ഞ്,’ നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ വഞ്ചിക്കരുത്; 11 അശ്ശൂർരാജാക്കന്മാർ സകലരാജ്യങ്ങളെയും ഉന്മൂലനംചെയ്ത് അവയോടു ചെയ്തിരിക്കുന്നതെന്താണെന്ന് നീ തീർച്ചയായും കേട്ടിരിക്കും. ആ നിലയ്ക്ക് നീ വിടുവിക്കപ്പെടുമോ? 12 എന്റെ പൂർവികർ നശിപ്പിച്ചിട്ടുള്ള രാഷ്ട്രങ്ങളെ അവരുടെ ദേവന്മാർ വിടുവിച്ചിട്ടുണ്ടോ? ഗോസാൻ, ഹാരാൻ, രേസെഫ്, തെലസ്സാരിലെ എദേന്യർ എന്നിവരിൽ ആരുടെയെങ്കിലും ദേവന്മാർക്ക് അതു കഴിഞ്ഞിട്ടുണ്ടോ? 13 ഹമാത്തുരാജാവും അർപ്പാദുരാജാവും എവിടെ? ലായീർ സെഫർവയിം, ഹേന, ഇവ്വ എന്നിവിടങ്ങളിലെ രാജാക്കന്മാരും എവിടെ?”
14 ഹിസ്കിയാവ് സന്ദേശവാഹകരുടെ കൈയിൽനിന്ന് എഴുത്തുവാങ്ങി വായിച്ചു. പിന്നെ അദ്ദേഹം യഹോവയുടെ ആലയത്തിൽ ചെന്ന് യഹോവയുടെ സന്നിധിയിൽവെച്ച് അതു നിവർത്തി. 15 അതിനുശേഷം ഹിസ്കിയാവ് യഹോവയോടു പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവേ! കെരൂബുകളുടെ മധ്യേ സിംഹാസനസ്ഥനായുള്ളോവേ! ഭൂതലത്തിലെ സകലരാജ്യങ്ങൾക്കും മേലേ അവിടന്നുമാത്രം ദൈവമാകുന്നു. അവിടന്നു ഭൂമിയെയും ആകാശത്തെയും സൃഷ്ടിച്ചു. 16 യഹോവേ, ചെവിചായ്ച്ചു കേൾക്കണേ! യഹോവേ, തൃക്കൺ തുറന്നു കാണണമേ! ജീവനുള്ള ദൈവത്തെ അധിക്ഷേപിച്ച് സൻഹേരീബ് പറഞ്ഞയച്ച വാക്കുകൾ ശ്രദ്ധിക്കണേ!
17 “യഹോവേ, അശ്ശൂർരാജാക്കന്മാർ ഈ രാഷ്ട്രങ്ങളെയും അവയുടെ ഭൂപ്രദേശങ്ങളെയും ശൂന്യമാക്കിക്കളഞ്ഞു എന്നതു നേരുതന്നെ. 18 അവരുടെ ദേവന്മാരെ അവർ തീയിലിട്ടു നശിപ്പിച്ചു. അവ ദേവന്മാരായിരുന്നില്ല; മനുഷ്യകരങ്ങൾ രൂപംകൊടുത്ത കല്ലും മരവുംമാത്രം ആയിരുന്നു. 19 ഞങ്ങളുടെ ദൈവമായ യഹോവേ, അവിടന്നുമാത്രം ദൈവമാകുന്നു എന്ന് ഭൂതലത്തിലെ സകലരാജ്യങ്ങളും അറിയാൻ തക്കവണ്ണം ഇപ്പോൾ അദ്ദേഹത്തിന്റെ കൈയിൽനിന്നു ഞങ്ങളെ വിടുവിക്കണേ!”
ആസാഫിന്റെ ഒരു സങ്കീർത്തനം.
1 ദൈവം ഇസ്രായേലിന് നല്ലവൻ ആകുന്നു,
ഹൃദയനൈർമല്യമുള്ളവർക്കുതന്നെ.
2 എന്നാൽ എന്റെ പാദങ്ങൾ ഏറെക്കുറെ ഇടറി;
എന്റെ കാൽച്ചുവടുകൾ ഏതാണ്ട് വഴുതിമാറി.
3 ദുഷ്ടരുടെ അഭിവൃദ്ധി കണ്ടപ്പോൾ
അഹങ്കാരികളോട് ഞാൻ അസൂയപ്പെട്ടു.
4 അവർക്കു യാതൊരുവിധ ബദ്ധപ്പാടുകളുമില്ല;
അവരുടെ ശരീരം ആരോഗ്യവും ശക്തിയുമുള്ളത്.
5 അവർ സാധാരണ ജനങ്ങളെപ്പോലെ ജീവിതഭാരം അനുഭവിക്കുന്നില്ല;
ഇതര മനുഷ്യരെപ്പോലെ രോഗാതുരർ ആകുന്നില്ല.
6 അതുകൊണ്ട് അഹങ്കാരംകൊണ്ടവർ ഹാരമണിയുന്നു;
അക്രമംകൊണ്ടവർ അങ്കി ധരിക്കുന്നു
7 അവരുടെ കഠോരഹൃദയങ്ങളിൽനിന്ന് അകൃത്യം കവിഞ്ഞൊഴുകുന്നു;
അവരുടെ ദുഷ്ടസങ്കൽപ്പങ്ങൾക്ക് അതിരുകളില്ല.
8 അവർ പരിഹസിച്ച് വിദ്വേഷത്തോടെ സംസാരിക്കുന്നു;
ധിക്കാരപൂർവമവർ പീഡനഭീഷണി മുഴക്കുന്നു.
9 അവരുടെ വായ് ആകാശത്തിനുമേൽ അധികാരമുറപ്പിക്കുന്നു,
അവരുടെ നാവ് ഭൂമിയെ അധീനതയിലാക്കുന്നു.
10 അതുകൊണ്ട് അവരുടെ ജനം അവരിലേക്കു തിരിയുന്നു
അവർ ധാരാളം വെള്ളം കുടിച്ചുതീർക്കുന്നു.
11 “ദൈവം എങ്ങനെ അറിയും?
അത്യുന്നതന് അറിവുണ്ടോ?” എന്നിങ്ങനെ അവർ ചോദിക്കുന്നു.
12 ദുഷ്ടർ ഇപ്രകാരമാണ്—
അവർ എപ്പോഴും സ്വസ്ഥരായിരുന്ന് സമ്പത്തു വർധിപ്പിക്കുന്നു.
13 ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയതും
എന്റെ കൈകളെ നിഷ്കളങ്കതയിൽ കഴുകിയതും വൃഥാവിലായി, നിശ്ചയം.
14 ഞാൻ ദിവസംമുഴുവനും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു,
ഓരോ പ്രഭാതത്തിലും ഞാൻ ശിക്ഷ അനുഭവിക്കുന്നു.
15 ഞാൻ ഈ വിധം സംസാരിക്കണമെന്ന് നിരൂപിച്ചിരുന്നെങ്കിൽ,
അങ്ങയുടെ മക്കളുടെ തലമുറയെ ഞാൻ വഞ്ചിക്കുമായിരുന്നു.
16 ഇതെല്ലാം മനസ്സിലാക്കാൻ ഞാൻ പരിശ്രമിച്ചു
എന്നാൽ എനിക്കത് ക്ലേശകരമായിരുന്നു.
17 അങ്ങനെ ഞാൻ ദൈവത്തിന്റെ തിരുനിവാസത്തിൽ പ്രവേശിച്ചു;
അപ്പോൾ അവരുടെ അന്തിമവിധിയെപ്പറ്റിയുള്ള അവബോധം എനിക്കു ലഭിച്ചു.
18 അങ്ങ് അവരെ വഴുവഴുപ്പുള്ള പ്രതലത്തിൽ നിർത്തിയിരിക്കുന്നു, നിശ്ചയം;
അവിടന്ന് അവരെ നാശത്തിലേക്കു തള്ളിയിടുന്നു.
19 അവർ എത്രയും പെട്ടെന്ന് നശിപ്പിക്കപ്പെടുന്നു,
കൊടുംഭീകരതകളാൽ അവർ നിശ്ശേഷം തുടച്ചുനീക്കപ്പെടുന്നു!
20 കർത്താവേ, അവിടന്ന് എഴുന്നേൽക്കുമ്പോൾ,
ദുഃസ്വപ്നത്തിൽനിന്ന് ഞെട്ടിയുണർന്ന ഒരാളെപ്പോലെ അവിടന്ന് അവരെ വെറുക്കുമല്ലോ;
ഒരു മായക്കാഴ്ചപോലെ അവരെ നിന്ദിച്ചുതള്ളുമല്ലോ.
21 എന്റെ ഹൃദയത്തിൽ കയ്പു നിറയുകയും
എന്റെ അന്തരംഗം തകർന്നടിയുകയും ചെയ്തപ്പോൾ,
22 തിരുമുമ്പിൽ ഞാൻ ഒരു ഭോഷനും അജ്ഞനും
വിവേകമില്ലാത്ത ഒരു മൃഗത്തെപ്പോലെയുള്ളവനും ആയിരുന്നു.
23 എങ്കിലും ഞാൻ എപ്പോഴും അങ്ങയോടൊപ്പം ആയിരിക്കുന്നു;
അവിടന്ന് എന്റെ വലങ്കൈയിൽ പിടിച്ചിരിക്കുന്നു.
24 അവിടന്ന് എനിക്ക് ആലോചന നൽകി നടത്തുന്നു,
അതിനുശേഷം അവിടത്തെ മഹത്ത്വത്തിലേക്ക് എന്നെ ആനയിക്കുന്നു.
25 സ്വർഗത്തിൽ അങ്ങല്ലാതെ മറ്റാരാണ് എനിക്കുള്ളത്?
ഭൂമിയിലും അങ്ങയെ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.
26 എന്റെ ശരീരവും ഹൃദയവും ദുർബലമായേക്കാം,
എന്നാൽ ദൈവം എന്റെ ഹൃദയത്തിന്റെ ശക്തിയും
എന്നേക്കുമുള്ള എന്റെ ഓഹരിയും ആകുന്നു.
27 അങ്ങയിൽനിന്ന് അകലം പാലിക്കുന്നവരെല്ലാം നശിച്ചുപോകും;
അങ്ങയോട് അവിശ്വസ്തത പുലർത്തുന്ന എല്ലാവരെയും അവിടന്ന് നശിപ്പിക്കും.
28 എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നതാണ് എനിക്ക് ഏറെ നല്ലത്.
കർത്താവായ യഹോവയെ ഞാൻ എന്റെ സങ്കേതമാക്കിയിരിക്കുന്നു;
അവിടത്തെ പ്രവൃത്തികളെയെല്ലാം ഞാൻ വർണിക്കും.
20 അതിനുശേഷം ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കിയാവിന് ഒരു സന്ദേശം കൊടുത്തയച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവായ സൻഹേരീബിനെക്കുറിച്ചുള്ള നിന്റെ പ്രാർഥന ഞാൻ കേട്ടിരിക്കുന്നു. 21 അദ്ദേഹത്തിനെതിരേ യഹോവ അരുളിച്ചെയ്ത വാക്കുകൾ ഇവയാണ്:
“ ‘സീയോന്റെ കന്യാപുത്രി,
നിന്നെ നിന്ദിക്കുന്നു; നിന്നെ പരിഹസിക്കുന്നു.
നീ പലായനം ചെയ്യുമ്പോൾ
ജെറുശലേംപുത്രി തലയാട്ടിരസിക്കുന്നു.
22 ആരെയാണു നീ പരിഹസിക്കുകയും ദുഷിക്കുകയും ചെയ്തത്?
ആർക്കെതിരേയാണു നീ ശബ്ദമുയർത്തിയത്?
നീ അഹന്തയോടെ കണ്ണുയർത്തിയത്?
ഇസ്രായേലിന്റെ പരിശുദ്ധനെതിരേതന്നെ!
23 നിന്റെ ദൂതന്മാർ മുഖാന്തരം
നീ യഹോവയെ പരിഹസിച്ചിരിക്കുന്നു.
എന്റെ അസംഖ്യം രഥങ്ങൾകൊണ്ട്
ഞാൻ പർവതങ്ങളുടെ ശിഖരങ്ങളിൽക്കയറി,
ലെബാനോന്റെ പരമോന്നത ശിഖരങ്ങളിൽനിന്ന്
അതിലെ ഏറ്റവും പൊക്കമുള്ള ദേവദാരുക്കളും
അതിലെ അതിവിശിഷ്ടമായ സരളവൃക്ഷങ്ങളും ഞാൻ വെട്ടിവീഴ്ത്തി.
അതിന്റെ ഏറ്റവും വിജനമായ സ്ഥലങ്ങളിലെ
നിബിഡ വനാന്തരങ്ങളിലും
ഞാൻ കടന്നുചെന്നു.
24 അന്യദേശത്തു ഞാൻ കിണറുകൾ കുഴിച്ച്
അതിലെ വെള്ളം കുടിച്ചു.
എന്റെ പാദതലങ്ങൾകൊണ്ട്
ഈജിപ്റ്റിലെ സകലനീരുറവകളും ഞാൻ വറ്റിച്ചുകളഞ്ഞു.
25 “ ‘വളരെ മുമ്പുതന്നെ ഞാനിതിന് ഉത്തരവിട്ടതാണ്;
പഴയകാലത്തുതന്നെ ഞാനിത് ആസൂത്രണം ചെയ്തതാണ് എന്നു
നീ കേട്ടിട്ടില്ലേ?
കോട്ടകെട്ടി ബലപ്പെടുത്തിയ വൻനഗരങ്ങൾ
നീ വെറും കൽക്കൂമ്പാരങ്ങളാക്കാൻ
ഞാൻ ഇപ്പോൾ ഇടവരുത്തിയിരിക്കുന്നു.
26 അതിലെ നിവാസികൾ ദുർബലരും
ഭീതിപൂണ്ട് ലജ്ജിതരുമായിത്തീർന്നിരിക്കുന്നു.
അവർ വയലിലെ പുല്ലും
ഇളംപുൽനാമ്പും
പുരപ്പുറത്തെ പുല്ലുംപോലെ
വളരുംമുമ്പേ കരിഞ്ഞുപോയിരിക്കുന്നു.
27 “ ‘എന്നാൽ നീ എവിടെ അധിവസിക്കുന്നെന്നും
നിന്റെ പോക്കും വരവും എപ്പോഴൊക്കെയെന്നും
എന്റെനേരേയുള്ള നിന്റെ കോപഗർജനവും ഞാൻ അറിയുന്നു.
28 നീ എന്റെനേരേ ഉഗ്രകോപം കാട്ടിയിരിക്കയാലും
നിന്റെ ഗർവം എന്റെ ചെവിയിൽ എത്തിയിരിക്കയാലും
ഞാൻ എന്റെ കൊളുത്ത് നിന്റെ മൂക്കിലും
എന്റെ കടിഞ്ഞാൺ നിന്റെ വായിലും ഇട്ട്,
നീ വന്നവഴിയേതന്നെ ഞാൻ
നിന്നെ മടക്കിക്കൊണ്ടുപോകും.’
29 “ഹിസ്കിയാവേ, ഇത് നിനക്കുള്ള ചിഹ്നമായിരിക്കും:
“ഈ വർഷം വയലിൽ തനിയേ മുളയ്ക്കുന്നതു നിങ്ങൾ ഭക്ഷിക്കും.
രണ്ടാംവർഷവും അതിൽനിന്നു പൊട്ടിമുളച്ചു വിളയുന്നതു നിങ്ങൾ ഭക്ഷിക്കും,
എന്നാൽ മൂന്നാംവർഷമാകട്ടെ, നിങ്ങൾ വിതയ്ക്കുകയും കൊയ്യുകയും
മുന്തിരിത്തോപ്പ് നട്ട് അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യും.
30 ഒരിക്കൽക്കൂടി യെഹൂദാഗോത്രത്തിന്റെ ഒരു ശേഷിപ്പ്
താഴേ വേരൂന്നി മീതേ ഫലം കായ്ക്കും.
31 ജെറുശലേമിൽനിന്ന് ഒരു ശേഷിപ്പും
സീയോൻപർവതത്തിൽനിന്ന് ഒരു രക്ഷിതഗണവും പുറപ്പെട്ടുവരും.
സർവശക്തനായ യഹോവയുടെ തീക്ഷ്ണത അതു നിർവഹിക്കും.
32 “ ‘അതിനാൽ, അശ്ശൂർരാജാവിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ ‘അയാൾ ഈ നഗരത്തിൽ പ്രവേശിക്കുകയില്ല;
ഇവിടേക്ക് ഒരു അസ്ത്രംപോലും തൊടുക്കുകയില്ല.
അയാൾ പരിചയുമായി ഇതിന്റെ മുമ്പിൽ വരികയോ
ഇതിനെതിരേ സൈന്യത്തെക്കൊണ്ട് ഉപരോധത്തിന്റെ ചരിഞ്ഞ പാത തീർക്കുകയോ ചെയ്യുകയില്ല.
33 അയാൾ വന്നവഴിയായിത്തന്നെ മടങ്ങിപ്പോകും.
അയാൾ ഈ നഗരത്തിൽ പ്രവേശിക്കുകയില്ല.
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
34 എനിക്കുവേണ്ടിയും എന്റെ ദാസനായ ദാവീദിനുവേണ്ടിയും
ഞാൻ ഈ നഗരത്തെ പ്രതിരോധിച്ച് ഇതിനെ രക്ഷിക്കും.’ ”
35 അന്നുരാത്രി യഹോവയുടെ ദൂതൻ ഇറങ്ങിവന്ന് അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തി എൺപത്തയ്യായിരം പടയാളികളെ കൊന്നു. പിറ്റേദിവസം രാവിലെ ജനങ്ങൾ ഉണർന്നു നോക്കിയപ്പോൾ അവരെല്ലാം മൃതശരീരങ്ങളായിക്കിടക്കുന്നതു കണ്ടു!
ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം.
1 ദൈവമേ, ഞങ്ങൾ അങ്ങേക്ക് സ്തോത്രംചെയ്യുന്നു,
അങ്ങയുടെ നാമം സമീപമായിരിക്കുകയാൽ ഞങ്ങൾ അങ്ങേക്ക് സ്തോത്രംചെയ്യുന്നു;
ജനം അവിടത്തെ അത്ഭുതപ്രവൃത്തികളെ വർണിക്കുന്നു.
2 ദൈവം അരുളിച്ചെയ്യുന്നു: “ഞാൻ അനുയോജ്യമായ സമയം നിർണയിച്ചിരിക്കുന്നു;
നീതിപൂർവം ന്യായംവിധിക്കുന്നതും ഞാൻ ആകുന്നു.
3 ഭൂമിയും അതിലെ നിവാസികളും പ്രകമ്പനംകൊള്ളുമ്പോൾ
അതിന്റെ തൂണുകളെ ഉറപ്പിച്ചുനിർത്തുന്നതും ഞാൻ ആകുന്നു. സേലാ.
4 അഹങ്കാരികളോട്, ‘ഇനിയൊരിക്കലും അഹങ്കരിക്കരുത്’ എന്നും
ദുഷ്ടരോട്, ‘നിങ്ങളുടെ കൊമ്പ് ഉയർത്തരുത്
5 നിങ്ങളുടെ കൊമ്പ് മേലോട്ടുയർത്തരുത്;
ശാഠ്യത്തോടെ സംസാരിക്കുകയുമരുത്’ ” എന്നും ഞാൻ അരുളിച്ചെയ്യുന്നു.
6 കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ
മരുഭൂമിയിൽനിന്നോ അല്ല ഉയർച്ച കൈവരുന്നത്.
7 വിധി കൽപ്പിക്കുന്നത് ദൈവം ആകുന്നു:
അവിടന്ന് ഒരാളെ താഴ്ത്തുകയും മറ്റൊരാളെ ഉയർത്തുകയും ചെയ്യുന്നു.
8 സുഗന്ധദ്രവ്യങ്ങൾ ചേർത്തതും നുരഞ്ഞുപൊങ്ങുന്നതുമായ വീഞ്ഞുനിറച്ച
ഒരു പാനപാത്രം യഹോവയുടെ കൈയിൽ ഉണ്ട്;
അവിടന്ന് അത് പകരുന്നു, ഭൂമിയിലെ സകലദുഷ്ടരും
അതിന്റെ മട്ടുവരെ ഊറ്റിക്കുടിക്കുന്നു.
9 എന്നാൽ ഞാൻ, ഞാൻ ഇത് എന്നേക്കും പ്രഘോഷിക്കും;
ഞാൻ യാക്കോബിന്റെ ദൈവത്തിനു സ്തോത്രമർപ്പിക്കും.
10 അവിടന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എല്ലാ ദുഷ്ടരുടെയും കൊമ്പുകൾ ഛേദിച്ചുകളയും,
എന്നാൽ നീതിനിഷ്ഠരുടെ കൊമ്പുകൾ ഉയർത്തപ്പെടും.”
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.
ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.
76:1 ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു;
അവിടത്തെ നാമം ഇസ്രായേലിൽ മഹോന്നതമാണ്.
2 അവിടത്തെ കൂടാരം ശാലേമിലും
അവിടത്തെ നിവാസസ്ഥാനം സീയോനിലുമുണ്ട്.
3 അവിടെവെച്ച് അവിടന്ന് മിന്നിപ്പറക്കുന്ന അസ്ത്രങ്ങളും
യുദ്ധായുധങ്ങളായ പരിചയും വാളും തകർത്തുകളഞ്ഞു. സേലാ.
4 അവിടന്ന് പ്രഭാപൂരിതനാണ്,
വേട്ടയാടപ്പെടുന്ന മൃഗങ്ങൾ നിറഞ്ഞ കൊടുമുടികളെക്കാൾ പ്രതാപവാൻതന്നെ.
5 പരാക്രമികൾ കൊള്ളയടിക്കപ്പെട്ടവരായി നിലംപതിച്ചിരിക്കുന്നു,
അവർ അന്തിമനിദ്രയിൽ ആണ്ടുപോയിരിക്കുന്നു;
പടയാളികളിൽ ആർക്കുംതന്നെ
തങ്ങളുടെ കൈ ഉയർത്താൻ കഴിയാതെവന്നിരിക്കുന്നു.
6 യാക്കോബിന്റെ ദൈവമേ, അവിടത്തെ ശാസനയാൽ,
കുതിരകളും രഥങ്ങളും ഗാഢനിദ്രയിലാണ്ടുപോയി.
7 ഭയപ്പെടുവാൻ യോഗ്യൻ അവിടന്നുമാത്രം.
അവിടന്ന് കോപിക്കുമ്പോൾ തിരുമുമ്പിൽ ആർ നിവർന്നുനിൽക്കും?
8 ദൈവമേ, ദേശത്തിലെ പീഡിതരെയെല്ലാം രക്ഷിക്കാൻ
സ്വർഗത്തിൽനിന്ന് വിധി പ്രസ്താവിക്കാനായി
9 അവിടന്ന് എഴുന്നേറ്റപ്പോൾത്തന്നെ
ഭൂമി ഭയന്ന് സ്തംഭിച്ചുപോയി— സേലാ.
10 മാനവജാതിക്കെതിരേയുള്ള അവിടത്തെ ക്രോധം അങ്ങയുടെ മഹത്ത്വം വർധിപ്പിക്കുന്നു, നിശ്ചയം,
അവിടത്തെ ക്രോധം അതിജീവിക്കുന്നവർ സംയമികളായിത്തീരുന്നു.
11 നിന്റെ ദൈവമായ യഹോവയ്ക്ക് നേർച്ചകൾ നേരുകയും അവ നിറവേറ്റുകയും ചെയ്യുക;
അയൽദേശവാസികളായിരിക്കുന്ന എല്ലാവരും
ഭയാർഹനായ അങ്ങേക്ക് കാഴ്ചകൾ കൊണ്ടുവരട്ടെ.
12 അവിടന്ന് ഭരണാധികാരികളുടെ ആത്മാവിനെ തകർത്തുകളയുന്നു;
ഭൂമിയിലെ രാജാക്കന്മാർ അവിടത്തെ ഭയപ്പെടുന്നു.
സംഗീതസംവിധായകന്. യെദൂഥൂന്യരാഗത്തിൽ.
36 അതിനാൽ അശ്ശൂർരാജാവായ സൻഹേരീബ് പാളയം ഉപേക്ഷിച്ചു മടങ്ങിപ്പോയി. അദ്ദേഹം നിനവേയിലേക്കു ചെന്ന് അവിടെ താമസിച്ചു.
37 ഒരു ദിവസം അദ്ദേഹം തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തിൽ ആരാധിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ പുത്രന്മാരായ അദ്രമെലെക്കും ശരേസറും അദ്ദേഹത്തെ വാളാൽ വെട്ടിക്കൊന്നു. അതിനുശേഷം അവർ അരാരാത്ത് ദേശത്തേക്ക് ഓടിപ്പോയി. അദ്ദേഹത്തിന്റെ മറ്റൊരു മകനായ ഏസെർ-ഹദ്ദോൻ അദ്ദേഹത്തിനുപകരം രാജാവായി.