ഭാഗം 6: ശൗലിന്റെ രാജഭരണം
ശൗൽ ഇസ്രായേലിന്റെ രാജാവാക്കപ്പെടുന്നു
ക്രി.മു. 1095
Biblica® Open Malayalam Contemporary Version™ (OMCV)
1 ബെന്യാമീൻഗോത്രത്തിൽ കീശ് എന്നു പേരുള്ള ധനികനായ ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹം അബിയേലിന്റെ മകനായിരുന്നു. അബിയേൽ സെറോറിന്റെ മകനും സെറോർ ബെഖോറത്തിന്റെ മകനും ബെഖോറത്ത് ബെന്യാമീന്യനായ അഫീഹിന്റെ മകനും ആയിരുന്നു. 2 കീശിനു ശൗൽ എന്നു പേരുള്ള അതിസുന്ദരനും യുവാവുമായ ഒരു മകൻ ഉണ്ടായിരുന്നു. ഇസ്രായേൽമക്കളിൽ അദ്ദേഹത്തെക്കാൾ സുമുഖനായ ഒരു പുരുഷൻ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ തോളും തലയും ദേശത്തുണ്ടായിരുന്ന എല്ലാവരെക്കാളും ഉയരമുള്ളതായിരുന്നു.
3 ഒരു ദിവസം ശൗലിന്റെ പിതാവായ കീശിന്റെ കഴുതകളെ കാണാതായി. കീശ് തന്റെ മകനായ ശൗലിനെ വിളിച്ച്, “സേവകന്മാരിൽ ഒരാളെയും കൂട്ടിക്കൊണ്ടുപോയി നമ്മുടെ കഴുതകളെ തെരയുക!” എന്നു പറഞ്ഞു. 4 അങ്ങനെ അദ്ദേഹം എഫ്രയീം മലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു. എന്നാൽ കഴുതകളെ കണ്ടുകിട്ടിയില്ല. അവർ ശാലീം ദേശത്തിലൂടെയും സഞ്ചരിച്ചു; എങ്കിലും അവയെ കണ്ടെത്താനായില്ല. തുടർന്ന് അദ്ദേഹം ബെന്യാമീൻദേശത്തുകൂടി പോയി. എന്നിട്ടും അവയെ കാണാൻ കഴിഞ്ഞില്ല.
5 അവർ സൂഫ് ദേശത്ത് എത്തിയപ്പോൾ ശൗൽ കൂടെയുണ്ടായിരുന്ന ഭൃത്യനോട്: “വരിക; നമുക്കു തിരിച്ചുപോകാം. അല്ലെങ്കിൽ പിതാവ് കഴുതകളെപ്പറ്റിയുള്ള ചിന്തവിട്ട് നമ്മെപ്പറ്റി ആകുലചിത്തനാകും” എന്നു പറഞ്ഞു.
6 എന്നാൽ ഭൃത്യൻ: “ഈ പട്ടണത്തിൽ ഒരു ദൈവപുരുഷനുണ്ട്. അദ്ദേഹം ആദരണീയനായ ഒരു വ്യക്തിയാണ്; അദ്ദേഹം പറയുന്ന കാര്യങ്ങളെല്ലാം അതുപോലെ സംഭവിക്കും. നമുക്ക് അവിടേക്കു പോകാം. ഒരുപക്ഷേ നാം പോകേണ്ട വഴി അദ്ദേഹം പറഞ്ഞുതരും” എന്നു പറഞ്ഞു.
7 ശൗൽ ഭൃത്യനോട്: “നാം അദ്ദേഹത്തിന്റെ അടുത്തേക്കു പോയാൽ അദ്ദേഹത്തിനായി എന്താണ് കൊണ്ടുപോകുക? നമ്മുടെ ഭാണ്ഡത്തിലെ ഭക്ഷണസാധനങ്ങൾ തീർന്നിരിക്കുന്നു. ദൈവപുരുഷനു കാഴ്ച വെക്കാനായി നമ്മുടെ പക്കൽ ഒന്നുമില്ലല്ലോ! നമ്മുടെ പക്കൽ എന്തെങ്കിലുമുണ്ടോ?” എന്നു ചോദിച്ചു.
8 അപ്പോൾ ഭൃത്യൻ വീണ്ടും: “ഇതാ, എന്റെ കൈവശം കാൽ ശേക്കേൽ വെള്ളിയുണ്ട്. ഞാനതു ദൈവപുരുഷനു കാഴ്ചവെക്കാം; നാം പോകേണ്ടതായവഴി അദ്ദേഹം ഉപദേശിച്ചുതരും” എന്നു പറഞ്ഞു. 9 (മുമ്പ് ഇസ്രായേലിൽ, ഒരു മനുഷ്യൻ ദൈവഹിതം ആരായുന്നതിനായി പോകുമ്പോൾ “വരൂ, നമുക്കു ദർശകന്റെ അടുത്തേക്കു പോകാം,” എന്നു പറയുമായിരുന്നു. ഇന്നു പ്രവാചകൻ എന്നറിയപ്പെടുന്ന ആൾ അന്ന് ദർശകൻ എന്നു വിളിക്കപ്പെട്ടിരുന്നു.)
10 “അതു കൊള്ളാം, വരൂ, നമുക്കു പോകാം,” എന്നു ശൗൽ തന്റെ ഭൃത്യനോടു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചിരുന്ന പട്ടണത്തിലേക്കു യാത്രതിരിച്ചു.
11 അവർ മല കയറി പട്ടണത്തിലേക്കു ചെല്ലുമ്പോൾ ഏതാനും യുവതികൾ വെള്ളം കോരുന്നതിനായി ഇറങ്ങിവരുന്നതു കണ്ടു. “ദർശകൻ ഇവിടെയുണ്ടോ?” എന്ന് ശൗലും ഭൃത്യനും അവരോടു ചോദിച്ചു.
12 അവർ മറുപടി പറഞ്ഞു: “ഉണ്ട്, അദ്ദേഹം ഇവിടെയുണ്ട്. അതാ, അദ്ദേഹം നിങ്ങളുടെമുമ്പിൽത്തന്നെയുണ്ട്. വേഗം ചെല്ലുക. ഇന്നു ജനങ്ങൾക്കു മലയിൽവെച്ച് ഒരു യാഗം ഉള്ളതിനാൽ അദ്ദേഹം ഇന്നാണു ഞങ്ങളുടെ പട്ടണത്തിൽ വന്നെത്തിയത്. 13 നിങ്ങൾ പട്ടണത്തിൽ പ്രവേശിച്ചാലുടൻ, മലയിലേക്കു ഭക്ഷണത്തിനായി പുറപ്പെടുന്നതിനുമുമ്പുതന്നെ അദ്ദേഹത്തെ കാണണം. അദ്ദേഹം വന്നെത്തുന്നതുവരെ ജനം ഭക്ഷണം കഴിക്കുകയില്ല. കാരണം അദ്ദേഹം യാഗം ആശീർവദിക്കണം; അതിനുശേഷമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷണം കഴിക്കൂ. വേഗം കയറിച്ചെല്ലുക; ഇപ്പോൾത്തന്നെ അദ്ദേഹത്തെ കാണാൻ കഴിയും.”
14 അവർ കയറ്റം കയറി പട്ടണത്തിലേക്കു ചെന്നു. അവർ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോൾ ശമുവേൽ പ്രവാചകൻ യാഗമർപ്പിക്കുന്നതിനു മലയിലേക്കു പോകാൻ അവർക്കെതിരേ വന്നു.
15 ശൗൽ വന്നെത്തുന്നതിന്റെ തലേദിവസം യഹോവ ശമുവേലിന് ഇപ്രകാരം വെളിപ്പെടുത്തിക്കൊടുത്തിരുന്നു: 16 “നാളെ ഏകദേശം ഈ നേരത്ത് ബെന്യാമീൻദേശത്തുനിന്ന് ഒരു പുരുഷനെ ഞാൻ നിന്റെ അടുത്തേക്കയയ്ക്കും. എന്റെ ജനമായ ഇസ്രായേലിനു ഭരണാധിപനായി അവനെ അഭിഷേകംചെയ്യുക! അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ സന്നിധിയിൽ എത്തിയിരിക്കുകയാൽ ഞാനവരോട് കരുണകാണിച്ചിരിക്കുന്നു.”
17 ശമുവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അദ്ദേഹത്തോട്: “ഞാൻ നിന്നോടു പറഞ്ഞിരുന്ന പുരുഷൻ ഇതാണ്; ഇവൻ എന്റെ ജനത്തെ ഭരിക്കും” എന്ന് അരുളിച്ചെയ്തു.
18 ശൗൽ പടിവാതിൽക്കൽവെച്ച് ശമുവേലിനെ സമീപിച്ച്: “ദർശകന്റെ ഭവനം ഏതാണെന്ന് ദയവായി പറഞ്ഞുതരുമോ?” എന്നു ചോദിച്ചു.
19 ശമുവേൽ മറുപടികൊടുത്തു: “ദർശകൻ ഞാൻതന്നെ! എനിക്കുമുമ്പായി മലയിലേക്കു നടന്നുകൊള്ളുക! ഇന്ന് നിങ്ങൾ എന്നോടുകൂടെ ഭക്ഷണം കഴിക്കണം; നാളെ രാവിലെ ഞാൻ താങ്കളെ യാത്രയാക്കാം; താങ്കളുടെ ഹൃദയത്തിലുള്ളതെല്ലാം താങ്കളോടു പറയുകയും ചെയ്യാം. 20 മൂന്നുദിവസംമുമ്പ് നിങ്ങൾക്കു നഷ്ടപ്പെട്ട കഴുതകളുടെ കാര്യത്തിൽ വ്യാകുലചിത്തരാകേണ്ട. അവ കണ്ടുകിട്ടിയിരിക്കുന്നു. ഇസ്രായേലിന്റെ ആഗ്രഹമെല്ലാം ആരുടെമേൽ? താങ്കളുടെമേലും താങ്കളുടെ പിതൃഭവനത്തിന്മേലും അല്ലയോ?”
21 അപ്പോൾ ശൗൽ: “ഞാനൊരു ബെന്യാമീന്യനാണല്ലോ? ഇസ്രായേലിന്റെ സകലഗോത്രങ്ങളിലുംവെച്ച് ഏറ്റം ചെറിയ ഗോത്രത്തിൽനിന്നുള്ളവൻ! എന്റെ കുലം ബെന്യാമീൻഗോത്രത്തിലെ സകലകുലങ്ങളിലുംവെച്ച് ഏറ്റവും ചെറുതായിരിക്കെ, അങ്ങ് എന്തുകൊണ്ടാണ് എന്നോടിങ്ങനെ പറയുന്നത്?” എന്നു ചോദിച്ചു.
22 അതിനുശേഷം ശമുവേൽ ശൗലിനെയും ഭൃത്യനെയും വിരുന്നുശാലയിലേക്കു കൂട്ടിക്കൊണ്ടുവന്ന് ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിൽ പ്രധാനസ്ഥാനത്തിരുത്തി. ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതു പേരായിരുന്നു. 23 ശമുവേൽ പാചകക്കാരനോട്, “പ്രത്യേകം മാറ്റിവെക്കാനായി ഞാൻ പറഞ്ഞേൽപ്പിച്ചിരുന്ന ഓഹരി കൊണ്ടുവരിക” എന്നു പറഞ്ഞു.
24 അങ്ങനെ പാചകക്കാരൻ കൈക്കുറകും അതിന്മേലുള്ളതും കൊണ്ടുവന്ന് ശൗലിന്റെ മുമ്പിൽ വിളമ്പി. അപ്പോൾ ശമുവേൽ: “താങ്കൾക്കുവേണ്ടി മാറ്റി സൂക്ഷിച്ചുവെച്ചിരുന്ന ഭക്ഷണമിതാ! ഭക്ഷിച്ചുകൊൾക! ഈ അവസരത്തിൽ താങ്കൾക്കു തരുവാനായി വേർതിരിച്ചുവെച്ചിരുന്നതാണിത്. ‘ഞാനും വിരുന്നുകാരെ ക്ഷണിച്ചിട്ടുണ്ട്,’ എന്നു പറഞ്ഞുകൊണ്ട് ഇതു ഞാൻ താങ്കൾക്കുവേണ്ടി സൂക്ഷിച്ചുവെച്ചിരുന്നതാണ്” എന്നു പറഞ്ഞു. അങ്ങനെ അന്ന് ശൗൽ ശമുവേലിനോടുകൂടെ ഭക്ഷണം കഴിച്ചു.
25 അവർ മലയിൽനിന്നിറങ്ങി പട്ടണത്തിൽ വന്നശേഷം ശമുവേൽ തന്റെ വീടിന്റെ മട്ടുപ്പാവിലിരുന്ന് ശൗലുമായി സംസാരിച്ചു. 26 പ്രഭാതത്തിൽ അവർ ഉണർന്നെഴുന്നേറ്റു. ശമുവേൽ മട്ടുപ്പാവിൽചെന്ന് ശൗലിനെ വിളിച്ചു. “എഴുന്നേൽക്കുക. ഇന്നു ഞാൻ താങ്കളെ യാത്രയയയ്ക്കാം,” എന്നു പറഞ്ഞു. ശൗൽ യാത്രയ്ക്ക് ഒരുങ്ങിക്കഴിഞ്ഞപ്പോൾ അവർ ഒന്നിച്ചു യാത്രപുറപ്പെട്ടു. 27 പട്ടണത്തിന്റെ അതിരിലേക്ക് അവർ ഇറങ്ങിക്കൊണ്ടിരുന്നപ്പോൾ ശമുവേൽ ശൗലിനോട്: “ഭൃത്യനോട് മുമ്പോട്ടുകയറി നടന്നുകൊള്ളാൻ പറയുക” എന്നു പറഞ്ഞു. ഭൃത്യൻ അപ്രകാരംചെയ്തു. അപ്പോൾ ശമുവേൽ: “അൽപ്പനേരം നിൽക്കുക! ദൈവത്തിന്റെ അരുളപ്പാട് എനിക്കു താങ്കളെ അറിയിക്കാനുണ്ട്” എന്നു പറഞ്ഞു.
10:1 അപ്പോൾ ശമുവേൽ തൈലപാത്രമെടുത്ത് ശൗലിന്റെ തലയിൽ ഒഴിച്ചു; അവനെ ചുംബിച്ചിട്ട് അദ്ദേഹം പറഞ്ഞു: “യഹോവ തന്റെ അവകാശമായ ജനത്തിനു നായകനായി നിന്നെ അഭിഷേകംചെയ്തിരിക്കുന്നു. 2 നീ ഇന്ന് എന്നെവിട്ടു യാത്രയാകുമ്പോൾ ബെന്യാമീൻദേശത്തിന്റെ അതിരിങ്കൽ, സെൽസഹിൽ, റാഹേലിന്റെ കല്ലറയ്ക്കരികിൽവെച്ച് രണ്ടു പുരുഷന്മാരെ കണ്ടുമുട്ടും. ‘നിങ്ങൾ തെരയുന്നതിന് പുറപ്പെട്ട കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു. ഇപ്പോൾ നിന്റെ പിതാവ് കഴുതകളുടെ കാര്യം വിട്ടിട്ട് നിങ്ങളെപ്പറ്റി ചിന്തിച്ച്, “എന്റെ മകനുവേണ്ടി ഞാൻ എന്തു ചെയ്യണം?” എന്നു ചോദിച്ചുകൊണ്ട് ആകുലചിത്തനായും കഴിയുന്നു,’ എന്ന് അവർ നിന്നോടു പറയും.
3 “അവിടെനിന്ന് നീ മുമ്പോട്ടുപോയി താബോരിലെ കരുവേലകവൃക്ഷത്തിനരികെ എത്തുമ്പോൾ, ബേഥേലിൽ ദൈവസന്നിധിയിലേക്കു പോകുന്ന മൂന്നു പുരുഷന്മാരെ നീ കണ്ടുമുട്ടും. അവരിൽ ഒരാൾ മൂന്നു കോലാട്ടിൻകുട്ടികളെയും രണ്ടാമൻ മൂന്ന് അപ്പവും മൂന്നാമൻ ഒരു തുരുത്തി വീഞ്ഞും എടുത്തിട്ടുണ്ടാകും. 4 അവർ നിന്നെ അഭിവാദ്യംചെയ്ത് രണ്ടപ്പം നിനക്കു നൽകും. അതു നീ അവരിൽനിന്ന് സ്വീകരിക്കണം.
5 “അതിനുശേഷം നീ ദൈവത്തിന്റെ ഗിരിയായ ഗിബെയയിൽ എത്തണം. അവിടെ ഫെലിസ്ത്യരുടെ സൈനിക കാവൽത്താവളം സ്ഥിതിചെയ്യുന്നു. നീ പട്ടണത്തോടു സമീപിക്കുമ്പോൾ, മുമ്പിൽ വീണ, തപ്പ്, കുഴൽ, കിന്നരം എന്നിവ വായിച്ചുകൊണ്ട് മലയിൽനിന്നിറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും. അവർ പ്രവചിച്ചുകൊണ്ടിരിക്കും. 6 അപ്പോൾ യഹോവയുടെ ആത്മാവ് നിന്റെമേൽ ശക്തിയോടെ വന്ന് ആവസിക്കും; നീയും അവരോടൊത്തു പ്രവചിക്കും. അങ്ങനെ നീ മറ്റൊരാളായി മാറും. 7 ഈ ചിഹ്നങ്ങളെല്ലാം നിറവേറുമ്പോൾ നിനക്കു യുക്തമെന്നു തോന്നുന്നതു ചെയ്യുക; ദൈവം നിന്നോടുകൂടെയുണ്ട്.
8 “നീ എനിക്കുമുമ്പായി ഗിൽഗാലിലേക്കു പോകണം! ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കാനായി ഞാൻ തീർച്ചയായും അവിടെ നിന്റെയടുക്കൽ ഇറങ്ങിവരും. എന്നാൽ ഞാനവിടെ വന്നെത്തി നീ എന്തു ചെയ്യണം എന്നു പറയുന്നതുവരെ ഏഴുദിവസം എനിക്കായി കാത്തിരിക്കണം.”
9 ശമുവേലിന്റെ അടുത്തുനിന്നു പോകാനായി ശൗൽ തിരിഞ്ഞപ്പോൾ ദൈവം അവനു വേറൊരു ഹൃദയം നൽകി. അന്നുതന്നെ ഈ ചിഹ്നങ്ങളെല്ലാം നിറവേറി. 10 അവർ ഗിബെയയിൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം അവർക്കെതിരേ വന്നു. ദൈവാത്മാവ് ശക്തിയോടെ ശൗലിന്മേൽ വന്ന് ആവസിച്ചു. അവരോടൊത്ത് അദ്ദേഹവും പ്രവചിച്ചു. 11 നേരത്തേ ശൗലിനെ അറിയാവുന്നവർ അദ്ദേഹവും പ്രവാചകന്മാരോടൊത്തു പ്രവചിക്കുന്നതു കണ്ടപ്പോൾ: “കീശിന്റെ മകന് എന്തുപറ്റി? ശൗലും പ്രവാചകഗണത്തിലുണ്ടോ?” എന്നു പരസ്പരം ചോദിച്ചു.
12 അവിടത്തുകാരിൽ ഒരാൾ അതിനു മറുപടിയായി: “ആരാണ് അവരുടെ നേതാവ്?” എന്നു ചോദിച്ചു. അങ്ങനെ “ശൗലും പ്രവാചകഗണത്തിലോ?” എന്നത് ഒരു പഴഞ്ചൊല്ലായിത്തീർന്നു. 13 ശൗൽ പ്രവചിച്ചുതീർന്നപ്പോൾ, അദ്ദേഹം ഗിബെയയിലെ മലയിലേക്കുപോയി.
14 അപ്പോൾ ശൗലിന്റെ പിതൃസഹോദരൻ ശൗലിനെയും ഭൃത്യനെയും കണ്ടിട്ട്, “നിങ്ങൾ എവിടെയായിരുന്നു?” എന്നു ചോദിച്ചു.
“ഞങ്ങൾ കഴുതകളെ തെരയുകയായിരുന്നു. അവയെ കണ്ടെത്താൻകഴിയാതെവന്നപ്പോൾ ഞങ്ങൾ ശമുവേൽ പ്രവാചകന്റെ അടുത്തുപോയി,” എന്നു ശൗൽ മറുപടി നൽകി.
15 ശൗലിന്റെ പിതൃസഹോദരൻ: “ശമുവേൽ നിങ്ങളോടെന്തു പറഞ്ഞു? എന്നോടു പറയുക!” എന്നു പറഞ്ഞു.
16 “കഴുതകളെ കണ്ടെത്തിയിരിക്കുന്നു എന്ന് അദ്ദേഹം ഞങ്ങളോട് ഉറപ്പായി പറഞ്ഞു” എന്ന് ശൗൽ മറുപടി പറഞ്ഞു. രാജത്വത്തെപ്പറ്റി ശമുവേൽ പറഞ്ഞതൊന്നും ശൗൽ തന്റെ പിതൃസഹോദരനെ അറിയിച്ചില്ല.
17 ശമുവേൽ ഇസ്രായേൽജനത്തെയെല്ലാം മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുവരുത്തി. 18 അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു; ഈജിപ്റ്റിന്റെയും നിങ്ങളെ ഞെരുക്കിയ സകലരാഷ്ട്രങ്ങളുടെയും പിടിയിൽനിന്ന് നിങ്ങളെ വിടുവിച്ചു.’ 19 എന്നാൽ സകല ആപത്തുകളിൽനിന്നും കഷ്ടതകളിൽനിന്നും രക്ഷിക്കുന്ന നിങ്ങളുടെ ദൈവത്തെ നിങ്ങളിന്നു തിരസ്കരിച്ചിരിക്കുന്നു; ‘ഞങ്ങൾക്കൊരു രാജാവിനെ വാഴിച്ചു തരിക,’ എന്നു നിങ്ങൾ ഇന്ന് ആവശ്യപ്പെട്ടിരിക്കുന്നു. അതിനാൽ ഇപ്പോൾ നിങ്ങൾ ഗോത്രംഗോത്രമായും കുലംകുലമായും യഹോവയുടെ സന്നിധിയിൽ അടുത്തുവരിക.”
20 ശമുവേൽ ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം യഹോവയുടെ സന്നിധിയിൽ നിർത്തിക്കഴിഞ്ഞപ്പോൾ, ബെന്യാമീൻഗോത്രത്തിനു നറുക്കുവീണു. 21 പിന്നെ അദ്ദേഹം ബെന്യാമീൻഗോത്രത്തെ കുലംകുലമായി മുമ്പോട്ടു വരുത്തി; മത്രികുലം തെരഞ്ഞെടുക്കപ്പെട്ടു. അവസാനം കീശിന്റെ മകനായ ശൗൽ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ അവർ അദ്ദേഹത്തെ അന്വേഷിച്ചപ്പോൾ അവിടെയെങ്ങും കാണാനില്ലായിരുന്നു. 22 അതിനാൽ അവർ വീണ്ടും യഹോവയോട്: “ആ മനുഷ്യൻ ഇവിടെ വന്നിട്ടുണ്ടോ?” എന്ന് അരുളപ്പാടു ചോദിച്ചു.
“അയാൾ സാധനസാമഗ്രികൾക്കിടയിൽ ഒളിച്ചിരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്തു.
23 അവർ ഓടിച്ചെന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു. ജനങ്ങളുടെ ഇടയിൽനിന്നപ്പോൾ ശൗൽ മറ്റെല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവനായിരുന്നു. 24 ശമുവേൽ സകലജനത്തോടും: “യഹോവ തെരഞ്ഞെടുത്ത മനുഷ്യനെ നിങ്ങൾ കാണുന്നുണ്ടോ? ഇസ്രായേലിലെങ്ങും അവനെപ്പോലെ മറ്റൊരാളുമില്ലല്ലോ” എന്നു പറഞ്ഞു.
“രാജാവ് നീണാൾ വാഴട്ടെ!” എന്നു ജനം ആർത്തുവിളിച്ചു.
25 രാജത്വത്തിന്റെ അവകാശങ്ങളും ചുമതലകളും ശമുവേൽ ജനങ്ങൾക്കു വിശദീകരിച്ചുകൊടുത്തു. അദ്ദേഹം അവയെല്ലാം ഒരു ചുരുളിൽ എഴുതി യഹോവയുടെ സന്നിധിയിൽ സൂക്ഷിച്ചു. അതിനുശേഷം ശമുവേൽ ജനത്തെ വീടുകളിലേക്കു തിരിച്ചയച്ചു.
26 ശൗലും ഗിബെയയിലുള്ള തന്റെ ഭവനത്തിലേക്കു മടങ്ങി. ദൈവം ഹൃദയത്തിൽ പ്രേരണ നൽകിയ പരാക്രമശാലികളായ ചില പുരുഷന്മാരും അദ്ദേഹത്തോടൊപ്പം പോയി. 27 എന്നാൽ ആഭാസന്മാരായ ചിലർ, “ഈ മനുഷ്യനു നമ്മെ എങ്ങനെ രക്ഷിക്കാൻ കഴിയും?” എന്നു പറഞ്ഞ് ശൗലിനെ ധിക്കരിച്ചു; അദ്ദേഹത്തിനു കാഴ്ചകൾ കൊണ്ടുവന്നതുമില്ല. എന്നാൽ ശൗൽ അതു ഗണ്യമാക്കിയതേയില്ല.