ശമുവേൽ ഇസ്രായേലിനെ ഭരിക്കുന്നു
ക്രി.മു. 1116
Biblica® Open Malayalam Contemporary Version™ (OMCV)
2 ദീർഘനാളുകൾ—ആകെ ഇരുപതുവർഷം—പേടകം കിര്യത്ത്-യെയാരീമിൽത്തന്നെ ആയിരുന്നു.
ഇസ്രായേൽജനമെല്ലാം വിലപിച്ചുകൊണ്ട് യഹോവയിലേക്കു തിരിഞ്ഞു. 3 അപ്പോൾ ശമുവേൽ എല്ലാ ഇസ്രായേൽഗൃഹത്തോടുമായി പറഞ്ഞു: “നിങ്ങൾ പൂർണഹൃദയത്തോടെ യഹോവയിലേക്കു തിരിഞ്ഞു വരുന്നെങ്കിൽ അന്യദേവന്മാരെയും അസ്തരോത്ത് പ്രതിമകളെയും പരിപൂർണമായി ഉപേക്ഷിക്കണം. നിങ്ങളെത്തന്നെ യഹോവയ്ക്കായി സമർപ്പിക്കുകയും അവിടത്തെമാത്രം സേവിക്കുകയും വേണം. എങ്കിൽ അവിടന്ന് നിങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്ന് മോചിപ്പിക്കും.” 4 അതുകേട്ട് ഇസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തരോത്ത് പ്രതിമകളെയും ഉപേക്ഷിച്ച് യഹോവയെമാത്രം സേവിച്ചു.
5 അതിനുശേഷം ശമുവേൽ, “എല്ലാ ഇസ്രായേലിനെയും മിസ്പായിൽ കൂട്ടിവരുത്തുക; ഞാൻ നിങ്ങൾക്കുവേണ്ടി യഹോവയോടു മധ്യസ്ഥത ചെയ്യാം” എന്നു പറഞ്ഞു. 6 മിസ്പായിൽ ഒരുമിച്ചുകൂടിയപ്പോൾ അവർ വെള്ളം കോരി യഹോവയുടെ സന്നിധിയിൽ അർപ്പണംചെയ്തു. ആ ദിവസം മുഴുവൻ അവർ ഉപവസിച്ചു. അവിടെവെച്ച് അവർ അനുതപിച്ചു. “യഹോവേ, ഞങ്ങൾ അങ്ങേക്കെതിരായി പാപംചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ ശമുവേൽ മിസ്പായിൽവെച്ച് ഇസ്രായേൽമക്കൾക്കു ന്യായപാലനംചെയ്തു.
7 ഇസ്രായേല്യരെല്ലാം മിസ്പായിൽ ഒരുമിച്ചുകൂടിയിരിക്കുന്നു എന്നു ഫെലിസ്ത്യർ കേട്ടു. അപ്പോൾ ഫെലിസ്ത്യഭരണാധിപന്മാർ അവരെ ആക്രമിക്കുന്നതിനായി വന്നെത്തി. ഇസ്രായേല്യർ ഇതു കേട്ട് ഫെലിസ്ത്യർനിമിത്തം ഭയന്നുവിറച്ചു. 8 അവർ ശമുവേൽ പ്രവാചകനോടു പറഞ്ഞു: “ഞങ്ങൾക്കുവേണ്ടി അങ്ങ് ഞങ്ങളുടെ ദൈവമായ യഹോവയോടു നിലവിളിക്കുന്നതു നിർത്തരുതേ! അവിടന്ന് ഞങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കട്ടെ!” 9 അപ്പോൾ ശമുവേൽ മുലകുടിമാറാത്ത ഒരു ആട്ടിൻകുട്ടിയെ എടുത്ത് അതിനെ യഹോവയ്ക്കു സർവാംഗഹോമയാഗമായി അർപ്പിച്ചു. ഇസ്രായേലിനുവേണ്ടി അദ്ദേഹം യഹോവയോടു നിലവിളിച്ചു. യഹോവ ആ നിലവിളിക്ക് ഉത്തരമരുളുകയും ചെയ്തു.
10 ശമുവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഫെലിസ്ത്യർ ഇസ്രായേലുമായി യുദ്ധത്തിന് അണിനിരന്നു. എന്നാൽ അന്നുതന്നെ യഹോവ ഫെലിസ്ത്യർക്കെതിരേ അത്യുച്ചത്തിൽ ഇടിമുഴക്കി അവരെ പരിഭ്രാന്തരാക്കി; ഇസ്രായേലിന്റെ മുമ്പിൽനിന്ന് അവർ തോറ്റോടി. 11 ഇസ്രായേൽജനം മിസ്പായിൽനിന്ന് പുറപ്പെട്ട് വഴിയിലുടനീളം ഫെലിസ്ത്യരെ സംഹരിച്ചുകൊണ്ട്, ബേത്-കാരിന്റെ താഴ്വരവരെ അവരെ പിൻതുടർന്നു.
12 ഇതിനെത്തുടർന്ന് ശമുവേൽ ഒരു കല്ലെടുത്ത് മിസ്പായ്ക്കും സേനിനും മധ്യേ നാട്ടി. “ഇതുവരെ യഹോവ നമ്മെ സഹായിച്ചു,” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം അതിന് ഏബെൻ-ഏസെർ എന്നു പേരിട്ടു.
13 അങ്ങനെ ഫെലിസ്ത്യർ കീഴടക്കപ്പെട്ടു. പിന്നെ അവർ ഇസ്രായേൽദേശത്തേക്കു വന്നില്ല. ശമുവേലിന്റെ ജീവിതകാലത്തെല്ലാം യഹോവയുടെ കൈ ഫെലിസ്ത്യർക്കെതിരായിരുന്നു. 14 എക്രോൻമുതൽ ഗത്തുവരെ ഫെലിസ്ത്യർ ഇസ്രായേലിൽനിന്നു പിടിച്ചെടുത്തിരുന്ന നഗരങ്ങൾ വീണ്ടെടുക്കപ്പെട്ടു. അവയുടെ അയൽപ്രദേശങ്ങളും ഇസ്രായേല്യർ ഫെലിസ്ത്യരുടെ ആധിപത്യത്തിൽനിന്നു മോചിപ്പിച്ചു. അക്കാലത്ത് ഇസ്രായേല്യരും അമോര്യരും തമ്മിൽ സമാധാനം പുലർന്നിരുന്നു.
15 ശമുവേലിന്റെ ജീവിതകാലത്തെല്ലാം അദ്ദേഹം ഇസ്രായേലിനു ന്യായാധിപനായിത്തുടർന്നു. 16 വർഷംതോറും അദ്ദേഹം ബേഥേലിലും ഗിൽഗാലിലും മിസ്പായിലും ചുറ്റിസഞ്ചരിച്ച് അവിടങ്ങളിൽവെച്ച് ഇസ്രായേലിനു ന്യായപാലനംചെയ്യുമായിരുന്നു. 17 അതിനുശേഷം അദ്ദേഹം രാമായിലേക്കു മടങ്ങിപ്പോകുമായിരുന്നു. അവിടെയായിരുന്നു അദ്ദേഹത്തിന്റെ വീട്. അവിടെയും അദ്ദേഹം ഇസ്രായേലിനു ന്യായപാലനംചെയ്തുവന്നു. അവിടെ രാമയിൽ അദ്ദേഹം യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.
8:1 ശമുവേൽ വൃദ്ധനായപ്പോൾ അദ്ദേഹം തന്റെ പുത്രന്മാരെ ഇസ്രായേലിനു ന്യായാധിപന്മാരായി നിയമിച്ചു. 2 അദ്ദേഹത്തിന്റെ ആദ്യജാതന് യോവേൽ എന്നും രണ്ടാമത്തെ പുത്രന് അബീയാവ് എന്നും പേരായിരുന്നു; അവർ ആയിരുന്നു ബേർ-ശേബയിലെ ന്യായാധിപന്മാർ. 3 ശമുവേലിന്റെ പുത്രന്മാർ അദ്ദേഹത്തിന്റെ മാർഗം പിൻതുടർന്നില്ല. അവർ ദ്രവ്യാഗ്രഹികളായി കോഴവാങ്ങുകയും ന്യായം അട്ടിമറിക്കുകയും ചെയ്തു.
4 അതിനാൽ ഇസ്രായേലിലെ ഗോത്രത്തലവന്മാർ ഒരുമിച്ചുകൂടി രാമായിൽ ശമുവേലിന്റെ അടുക്കൽവന്നു. 5 അവർ അദ്ദേഹത്തോട്: “അങ്ങ് ഇപ്പോൾ വൃദ്ധനായിരിക്കുന്നു; അങ്ങയുടെ പുത്രന്മാർ അങ്ങയുടെ മാർഗം പിൻതുടരുന്നില്ല. അതിനാൽ മറ്റു ജനതകൾക്കുള്ളതുപോലെ ഞങ്ങളെ നയിക്കാൻ ഒരു രാജാവിനെ നിയോഗിച്ചുതന്നാലും!” എന്നപേക്ഷിച്ചു.
6 എന്നാൽ “ഞങ്ങളെ നയിക്കാൻ ഞങ്ങൾക്കൊരു രാജാവിനെ തരിക,” എന്ന് അവർ പറഞ്ഞത് ശമുവേലിന് അപ്രീതിയായി. അദ്ദേഹം യഹോവയോടു പ്രാർഥിച്ചു. 7 യഹോവ അദ്ദേഹത്തോട് ഇപ്രകാരം അരുളിച്ചെയ്തു: “ജനം നിന്നോടു പറയുന്നതെല്ലാം ശ്രദ്ധിച്ചുകേൾക്കുക! അവർ നിന്നെയല്ല, അവരുടെ രാജാവെന്ന നിലയിൽ എന്നെയാണ് തിരസ്കരിച്ചിരിക്കുന്നത്. 8 ഞാൻ അവരെ ഈജിപ്റ്റിൽനിന്ന് വിടുവിച്ച നാൾമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിക്കുകയും അന്യദൈവങ്ങളെ സേവിക്കുകയും ചെയ്ത് എന്നോടു കാണിച്ച തിന്മതന്നെ അവർ നിന്റെനേരേയും കാണിക്കുന്നു. 9 ഇപ്പോൾ അവർ പറയുന്നതു കേൾക്കുക. എന്നിരുന്നാലും അവരെ ഗൗരവപൂർവം താക്കീതു ചെയ്യുക. ഭരിക്കാൻപോകുന്ന രാജാവിന്റെ അവകാശങ്ങൾ എന്തെല്ലാമായിരിക്കുമെന്ന് അവരെ അറിയിക്കുക.”
10 അങ്ങനെ ഒരു രാജാവിനെ ചോദിച്ചുകൊണ്ട് തന്റെ അടുത്തുവന്ന ജനത്തെ ശമുവേൽ യഹോവയുടെ വാക്കുകളെല്ലാം അറിയിച്ചു. 11 അദ്ദേഹം പറഞ്ഞു: “നിങ്ങളെ ഭരിക്കാൻപോകുന്ന രാജാവിന്റെ അവകാശങ്ങൾ ഇതൊക്കെ ആയിരിക്കും: അയാൾ നിങ്ങളുടെ പുത്രന്മാരെ തന്റെ തേരാളികളും കുതിരച്ചേവകരുമായി നിയോഗിക്കും. അവർക്ക് അയാളുടെ രഥങ്ങൾക്കുമുമ്പിൽ ഓടേണ്ടതായി വരും. 12 ചിലരെ അയാൾ ആയിരങ്ങളുടെയും അൻപതുകളുടെയും അധിപന്മാരായി നിയമിക്കും. മറ്റുചിലരെ തന്റെ നിലം ഉഴുവാനും വിളവു കൊയ്യാനും യുദ്ധത്തിനുവേണ്ടിയുള്ള ആയുധങ്ങൾ നിർമിക്കാനും രഥസാമഗ്രികൾ ഉണ്ടാക്കുന്നതിനും നിയോഗിക്കും. 13 നിങ്ങളുടെ പുത്രിമാരെ അയാൾ സുഗന്ധലേപനം നിർമിക്കുന്നതിനും പാചകത്തിനും അപ്പം ഉണ്ടാക്കുന്നതിനും നിയമിക്കും. 14 നിങ്ങളുടെയെല്ലാം വിശേഷപ്പെട്ട വയലുകളും മുന്തിരിത്തോപ്പുകളും ഒലിവുമരത്തോട്ടങ്ങളും അയാൾ നിങ്ങളിൽനിന്ന് അപഹരിച്ച് തന്റെ ഭൃത്യന്മാർക്ക് കൊടുക്കും. 15 നിങ്ങളുടെ ധാന്യവിളവിന്റെയും മുന്തിരിപ്പഴവിളവിന്റെയും ദശാംശം അയാൾ വാങ്ങിച്ച് തന്റെ ഉദ്യോഗസ്ഥന്മാർക്കും സേവകർക്കും നൽകും. 16 നിങ്ങളുടെ ദാസന്മാരിലും ദാസികളിലും കന്നുകാലികളിലും കഴുതകളിലും ഏറ്റവും നല്ലതിനെയും അയാൾ തന്റെ ഉപയോഗത്തിനായി എടുക്കും. 17 അയാൾ നിങ്ങളുടെ ആട്ടിൻപറ്റത്തിൽനിന്നു ദശാംശം എടുക്കും; നിങ്ങൾപോലും അയാളുടെ അടിമകളായിത്തീരും. 18 ആ ദിവസം വരുമ്പോൾ നിങ്ങൾ തെരഞ്ഞെടുത്ത രാജാവിൽനിന്നുള്ള വിടുതലിനായി നിങ്ങൾ നിലവിളിക്കും, എന്നാൽ അന്ന് യഹോവ നിങ്ങൾക്ക് ഉത്തരമരുളുകയുമില്ല.”
19 എന്നാൽ ശമുവേലിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാൻ ജനത്തിനു സമ്മതമായില്ല. അവർ പറഞ്ഞു: “അല്ല, ഞങ്ങളെ ഭരിക്കുന്നതിനായി ഞങ്ങൾക്കൊരു രാജാവിനെ വേണം! 20 അപ്പോൾമാത്രമേ ഞങ്ങൾക്കുചുറ്റുമുള്ള രാഷ്ട്രങ്ങളെപ്പോലെ ഞങ്ങളും ആയിത്തീരുകയുള്ളൂ. ഞങ്ങളെ നയിക്കുന്നതിനും ഞങ്ങൾക്കുമുമ്പായി പുറപ്പെട്ട് ഞങ്ങളുടെ യുദ്ധങ്ങൾ നയിക്കുന്നതിനുമായി ഞങ്ങൾക്കൊരു രാജാവിനെ വേണം.”
21 ശമുവേൽ ജനത്തിന്റെ വാക്കുകളെല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവയെല്ലാം യഹോവയുടെ സന്നിധിയിൽ അറിയിച്ചു. 22 യഹോവ അദ്ദേഹത്തോട്: “അവരുടെ വാക്കുകേട്ട്, അവർക്കൊരു രാജാവിനെ വാഴിച്ചു കൊടുക്കുക!” എന്നു കൽപ്പിച്ചു.
അതിനുശേഷം ശമുവേൽ ഇസ്രായേൽജനത്തോട്: “ഓരോരുത്തനും താന്താങ്ങളുടെ പട്ടണത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളൂ!” എന്നു പറഞ്ഞു.