ശൗലിന്റെ യുദ്ധങ്ങൾ

ക്രി.മു. 1095

Biblica® Open Malayalam Contemporary Version™ (OMCV)

1 ശമുവേൽ 11–13

1 അമ്മോന്യനായ നാഹാശ് വന്ന് ഗിലെയാദിലെ യാബേശ് നഗരത്തെ ഉപരോധിച്ച്, ആക്രമിക്കാൻ തുനിഞ്ഞു. യാബേശ് നിവാസികൾ എല്ലാവരും അദ്ദേഹത്തോട്, “ഞങ്ങളുമായി സമാധാനയുടമ്പടി ചെയ്യണം; എന്നാൽ ഞങ്ങൾ അങ്ങേക്ക് കീഴടങ്ങിയിരുന്നുകൊള്ളാം” എന്നപേക്ഷിച്ചു.

2 എന്നാൽ അമ്മോന്യനായ നാഹാശ് അവരോട്: “ഞാൻ നിങ്ങളിൽ ഓരോരുത്തരുടെയും വലതുകണ്ണ് ചൂഴ്‌ന്നെടുത്തുകളയും; അങ്ങനെ സമസ്തഇസ്രായേലിനും ഈ അപമാനം വരുത്തും. ഈ ഒരൊറ്റ വ്യവസ്ഥയിൽമാത്രം നിങ്ങളുമായി ഞാൻ സന്ധിചെയ്യാം” എന്നു മറുപടി നൽകി.

3 അപ്പോൾ യാബേശിലെ നേതാക്കന്മാർ അദ്ദേഹത്തോട്: “ഞങ്ങൾക്ക് ഏഴുദിവസം അവധിതരണം! ഇസ്രായേലിലെല്ലായിടത്തും ഞങ്ങൾ സന്ദേശവാഹകരെ അയയ്ക്കട്ടെ! ഞങ്ങളെ രക്ഷിക്കാൻ ആരും വരുന്നില്ലെങ്കിൽ ഞങ്ങൾ നിങ്ങൾക്കു കീഴടങ്ങിക്കൊള്ളാം” എന്നു പറഞ്ഞു.

4 സന്ദേശവാഹകർ ശൗലിന്റെ ഗിബെയയിൽവന്ന് നാഹാശ് വെച്ച വ്യവസ്ഥകൾ അവിടത്തെ ജനത്തെ അറിയിച്ചു. അപ്പോൾ അവരെല്ലാം ഉച്ചത്തിൽ കരഞ്ഞു. 5 ആ സമയം ശൗൽ വയലിൽനിന്ന് തന്റെ കന്നുകാലികളെയും കൂട്ടിക്കൊണ്ടു വരികയായിരുന്നു. “ജനത്തിന് എന്തുപറ്റി? അവർ കരയുന്നതെന്തിന്?” എന്ന് അദ്ദേഹം ചോദിച്ചു. യാബേശിലെ ആളുകൾ വന്നുപറഞ്ഞ സംഗതികളെല്ലാം അവർ ശൗലിനെ അറിയിച്ചു.

6 അവരുടെ വാക്കുകൾ കേട്ടപ്പോൾ ദൈവാത്മാവ് ശക്തിയോടെ ശൗലിൽ വന്ന് ആവസിച്ചു; അദ്ദേഹം കോപംകൊണ്ടു ജ്വലിച്ചു. 7 ശൗൽ ഒരു ജോടി കാളയെ പിടിച്ച് ഖണ്ഡംഖണ്ഡമായി നുറുക്കി; ആ കഷണങ്ങൾ സന്ദേശവാഹകർമുഖേന ഇസ്രായേലിലെല്ലാം കൊടുത്തയച്ചു; “ശൗലിന്റെയും ശമുവേലിന്റെയും പിന്നാലെ വരാത്തവർ ആരുതന്നെയായാലും അവരുടെ കാളകളോടും ഇതുപോലെ ചെയ്യും” എന്നു പറയിച്ചു. അപ്പോൾ യഹോവയെപ്പറ്റിയുള്ള ഭയം ജനങ്ങളുടെമേൽ വീണു. അവർ തിരിഞ്ഞ് ഏകമനസ്സോടെ പുറപ്പെട്ടു. 8 ശൗൽ പോരാളികളെയെല്ലാം ബേസെക്കിൽ ഒരുമിച്ചുകൂട്ടിയപ്പോൾ ഇസ്രായേൽജനം മൂന്നുലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും എന്നുകണ്ടു.

9 ഗിബെയയിലേക്കു വന്നിരുന്ന സന്ദേശവാഹകരോട് അവർ: “ ‘നാളെ വെയിൽ മൂക്കുമ്പോഴേക്കു നിങ്ങൾക്കു വിടുതൽ ഉണ്ടാകും,’ എന്ന് ഗിലെയാദിലെ യാബേശ് നിവാസികളോടു ചെന്നു പറയുക” എന്നു പറഞ്ഞയച്ചു. സന്ദേശവാഹകർ വന്ന് യാബേശ് നിവാസികളെ ഇക്കാര്യം അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു. 10 “നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതുപോലെ ഞങ്ങളോടു ചെയ്യുക,” എന്ന് അവർ അമ്മോന്യർക്കു സന്ദേശം പറഞ്ഞയച്ചു.

11 പിറ്റേന്നു ശൗൽ തന്റെ പടയാളികളെ മൂന്നുകൂട്ടമായി വിഭജിച്ചു. പ്രഭാതയാമത്തിൽ അവർ അമ്മോന്യരുടെ പാളയത്തിന്റെ നടുവിലേക്ക് ഇരച്ചുകയറി വെയിൽ മൂക്കുംവരെ അവരെ സംഹരിച്ചു. ഈ സംഹാരത്തിൽനിന്ന് തെറ്റിയൊഴിഞ്ഞു രക്ഷപ്പെട്ടവർ ചിതറിപ്പോയി; തന്മൂലം അവരിൽ രണ്ടുപേർക്ക് ഒരുമിച്ചുനിൽക്കാൻ സാധിച്ചില്ല.

12 ഇതിനുശേഷം ജനം ശമുവേലിനോട്: “ ‘ശൗൽ ഞങ്ങളെ ഭരിക്കുമോ,’ എന്നു ചോദിച്ചവർ ആരാണ്? അവരെ ഞങ്ങളുടെപക്കൽ ഏൽപ്പിച്ചുതരിക! ഞങ്ങൾ അവരെ കൊന്നുകളയും!” എന്നു പറഞ്ഞു.

13 എന്നാൽ ശൗൽ: “ഇന്നു യാതൊരുത്തനെയും വധിക്കാൻ പാടില്ല. കാരണം, യഹോവ ഇന്ന് ഇസ്രായേലിന് വിമോചനം നൽകിയിരിക്കുന്നു” എന്നു പറഞ്ഞു.

14 പിന്നെ ശമുവേൽ ജനത്തോട്: “വരിക, നമുക്കു ഗിൽഗാലിലേക്കു പോകാം. അവിടെവെച്ച് നമുക്ക് ശൗലിന്റെ രാജത്വം പുനഃസ്ഥാപിക്കാം” എന്നു പറഞ്ഞു. 15 അങ്ങനെ ജനമെല്ലാം ഗിൽഗാലിൽ വന്നു. അവിടെ യഹോവയുടെ സന്നിധിയിൽവെച്ച് അവർ ശൗലിനെ രാജാവാക്കി. അവിടെ അവർ യഹോവയുടെമുമ്പാകെ സമാധാനയാഗങ്ങൾ അർപ്പിച്ചു. ശൗലും സകല ഇസ്രായേലും ഏറ്റവും ആനന്ദിച്ചു.

12:1 ശമുവേൽ എല്ലാ ഇസ്രായേലിനോടുമായി പറഞ്ഞു: “നിങ്ങൾ എന്നോടു പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ കേൾക്കുകയും നിങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചുതരികയും ചെയ്തിരിക്കുന്നു. 2 ഇപ്പോൾ നിങ്ങൾക്കു നായകനായി ഒരു രാജാവുണ്ട്; എന്നെ സംബന്ധിച്ചാകട്ടെ, ഞാൻ വൃദ്ധനും നര ബാധിച്ചവനുമാണ്. എന്റെ പുത്രന്മാരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. എന്റെ യൗവനകാലംമുതൽ ഇന്നുവരെയും ഞാൻ നിങ്ങൾക്കു നായകനായിരുന്നു. 3 ഇതാ, ഞാൻ ഇവിടെ നിൽക്കുന്നു: യഹോവയുടെയും അവിടത്തെ അഭിഷിക്തന്റെയും മുമ്പിൽ നിങ്ങൾ എന്നെപ്പറ്റി സാക്ഷ്യം പറയുക: ഞാൻ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ അപഹരിച്ചിട്ടുണ്ടോ? ഞാൻ ആരെയെങ്കിലും ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ആരുടെയെങ്കിലും കൈയിൽനിന്ന് ഞാൻ കോഴവാങ്ങി എന്റെ കണ്ണ് കുരുടാക്കിയിട്ടുണ്ടോ? ഇവയിൽ ഏതെങ്കിലും ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ ഞാൻ അതിനു പരിഹാരം ചെയ്യാം.”

4 “അങ്ങ് ഞങ്ങളെ ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല; യാതൊരുത്തന്റെയും കൈയിൽനിന്ന് അങ്ങ് അന്യായമായി യാതൊന്നും വാങ്ങിയിട്ടുമില്ല,” എന്നു ജനം ഉത്തരം പറഞ്ഞു.

5 ശമുവേൽ ജനത്തോട്: “എന്റെ കരങ്ങൾ തീർത്തും നിഷ്കളങ്കമാണെന്നു നിങ്ങൾ കണ്ടിരിക്കുന്നു. ഇക്കാര്യത്തിൽ യഹോവ എനിക്കു സാക്ഷി; അവിടത്തെ അഭിഷിക്തനും ഇന്നു സാക്ഷി” എന്നു പറഞ്ഞു.

“അതേ, യഹോവതന്നെ സാക്ഷി,” എന്നു ജനം ഉത്തരം പറഞ്ഞു.

6 ശമുവേൽ വീണ്ടും ജനത്തോടു പറഞ്ഞു: “മോശയെയും അഹരോനെയും നിയോഗിക്കുകയും നിങ്ങളുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് മോചിപ്പിച്ച് ഇവിടേക്കു കൂട്ടിക്കൊണ്ടുവരികയും ചെയ്തത് യഹോവതന്നെ. 7 ആകയാൽ, നിങ്ങൾ അടുത്തുവന്ന് എന്റെമുമ്പിൽ നിൽക്കുക! നിങ്ങൾക്കുവേണ്ടിയും നിങ്ങളുടെ പൂർവികർക്കു വേണ്ടിയും യഹോവ ചെയ്ത സകലനന്മകളെയുംകുറിച്ച് ഉള്ള തെളിവുകൾ ഞാൻ നിങ്ങളോടു വിവരിക്കാം.

8 “യാക്കോബ് ഈജിപ്റ്റിൽ പ്രവേശിച്ചതിനുശേഷം നിങ്ങളുടെ പൂർവികർ സഹായത്തിനായി യഹോവയോടു നിലവിളിച്ചു. യഹോവ മോശയെയും അഹരോനെയും അയയ്ക്കുകയും അവർ നിങ്ങളുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന് ഈ സ്ഥലത്തു പാർപ്പിക്കുകയും ചെയ്തു.

9 “എന്നാൽ നിങ്ങളുടെ പൂർവികർ തങ്ങളുടെ ദൈവമായ യഹോവയെ വിസ്മരിച്ചു; അതിനാൽ അവിടന്ന് ഹാസോരിലെ രാജാവിന്റെ സേനാധിപതിയായ സീസെരയുടെയും ഫെലിസ്ത്യരുടെയും മോവാബുരാജാവിന്റെയും കൈകളിൽ അവരെ ഏൽപ്പിച്ചു. അവർ ഇസ്രായേലിനെതിരേ യുദ്ധംചെയ്തു. 10 അവർ അപ്പോൾ യഹോവയോടു നിലവിളിച്ചു: ‘ഞങ്ങൾ പാപംചെയ്തു; ഞങ്ങൾ യഹോവയെ ഉപേക്ഷിക്കുകയും ബാൽവിഗ്രഹങ്ങളെയും അസ്തരോത്ത് പ്രതിമകളെയും സേവിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ യഹോവേ, ഞങ്ങളുടെ ശത്രുക്കളുടെ കൈയിൽനിന്ന് ഞങ്ങളെ വിടുവിക്കണമേ. എന്നാൽ ഞങ്ങൾ അങ്ങയെ സേവിക്കും.’ 11 അപ്പോൾ യഹോവ യെരൂ-ബാൽ, ബെദാൻ, യിഫ്താഹ്, ശമുവേൽ എന്നിവരെ അയയ്ക്കുകയും നാലു ഭാഗത്തുമുള്ള നിങ്ങളുടെ ശത്രുക്കളുടെ കൈകളിൽനിന്ന് നിങ്ങളെ വിടുവിക്കുകയും ചെയ്തു. അങ്ങനെ നിങ്ങൾ സുരക്ഷിതരായി താമസിച്ചു.

12 “എന്നാൽ അമ്മോന്യരാജാവായ നാഹാശ് നിങ്ങളെ ആക്രമിക്കാൻ ഉദ്യമിക്കുന്നതായിക്കണ്ടപ്പോൾ നിങ്ങൾ എന്റെ അടുക്കൽവന്നു; ഞങ്ങളെ ഭരിക്കുന്നതിനു ഞങ്ങൾക്കൊരു രാജാവു വേണം എന്നു നിങ്ങൾ ആവശ്യപ്പെട്ടു. നിങ്ങളുടെ ദൈവമായ യഹോവതന്നെ നിങ്ങൾക്കു രാജാവായിരിക്കെയാണ് നിങ്ങൾ അങ്ങനെ ആവശ്യപ്പെട്ടത്. 13 ഇപ്പോൾ, ഇതാ, നിങ്ങൾ തെരഞ്ഞെടുത്തവനും നിങ്ങൾ ആഗ്രഹിച്ചവനുമായ രാജാവ്! യഹോവ നിങ്ങൾക്ക് ഒരു രാജാവിനെ കൽപ്പിച്ചുനൽകിയിരിക്കുന്നു. 14 നിങ്ങൾ യഹോവയെ ഭയപ്പെടുകയും, അവിടത്തെ സേവിക്കുകയും അനുസരിക്കുകയും, അവിടത്തെ കൽപ്പനകൾ ലംഘിക്കാതിരിക്കുകയും ചെയ്യുമെങ്കിൽ, അങ്ങനെ നിങ്ങളും നിങ്ങളെ ഭരിക്കുന്നരാജാവും നിങ്ങളുടെ ദൈവമായ യഹോവയെ അനുഗമിക്കുമെങ്കിൽ, നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാക്കും. 15 എന്നാൽ, നിങ്ങൾ യഹോവയെ അനുസരിക്കാതിരിക്കുകയും അവിടത്തെ കൽപ്പനകളെ ധിക്കരിക്കുകയും ചെയ്താൽ അവിടത്തെ കരങ്ങൾ നിങ്ങളുടെ പിതാക്കന്മാർക്ക് എതിരായിരുന്നതുപോലെ, നിങ്ങൾക്കും എതിരായിരിക്കും.

16 “ആകയാൽ ഇപ്പോൾ ഇവിടെ നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ യഹോവ ചെയ്യാൻപോകുന്ന മഹാകാര്യം കണ്ടുകൊൾക. 17 ഇത് ഗോതമ്പുകൊയ്ത്തിന്റെ കാലമല്ലേ? ഞാൻ യഹോവയോട് അപേക്ഷിക്കും; അവിടന്ന് ഇടിയും മഴയും അയയ്ക്കും. അങ്ങനെ നിങ്ങൾ ഒരു രാജാവിനെ ചോദിച്ചത് യഹോവയുടെ ദൃഷ്ടിയിൽ എത്രമാത്രം നിന്ദ്യമായ കാര്യമായിരുന്നു എന്നു നിങ്ങൾക്കു ബോധ്യമാകും.”

18 അതിനുശേഷം ശമുവേൽ യഹോവയോട് അപേക്ഷിച്ചു. അന്നുതന്നെ യഹോവ ഇടിയും മഴയും അയച്ചു. അതിനാൽ ജനമെല്ലാം യഹോവയുടെയും ശമുവേലിന്റെയുംമുമ്പാകെ ഏറ്റവും ഭയത്തോടുകൂടെ നിന്നു.

19 ജനമെല്ലാം ശമുവേലിനോട് അപേക്ഷിച്ചു: “ഞങ്ങൾ ചെയ്ത മറ്റെല്ലാ പാപങ്ങളോടുംകൂടെ, ഒരു രാജാവിനെ ചോദിച്ചതുവഴി, ഒരു തിന്മകൂടി ഞങ്ങൾ കൂട്ടിയിരിക്കുന്നു. അങ്ങയുടെ ദാസന്മാരായ ഞങ്ങൾ മരിച്ചുപോകാതിരിക്കേണ്ടതിന് അങ്ങയുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി അപേക്ഷിച്ചാലും!”

20 ശമുവേൽ മറുപടി പറഞ്ഞു: “ഭയപ്പെടേണ്ട, നിങ്ങൾ ഈ തിന്മകളെല്ലാം ചെയ്തുവെങ്കിലും യഹോവയിൽനിന്ന് അകന്നുമാറിപ്പോകരുത്; പൂർണഹൃദയത്തോടുകൂടി നിങ്ങൾ യഹോവയെ സേവിക്കുക. 21 നിങ്ങൾ യഹോവയെ വിട്ട് പ്രയോജനരഹിതങ്ങളായ വിഗ്രഹങ്ങളുടെ പിന്നാലെ തിരിയരുത്. നിങ്ങൾക്കു യാതൊരു നന്മയും ചെയ്യാൻ അവർക്കു കഴിയുകയില്ല. നിങ്ങളെ വീണ്ടെടുക്കാനും അവയെക്കൊണ്ടാകില്ല. കാരണം, അവയെല്ലാം മിഥ്യാമൂർത്തികളാണ്. 22 യഹോവയ്ക്കു നിങ്ങളെ സ്വന്തജനമാക്കിത്തീർക്കാൻ മനസ്സായല്ലോ! അതിനാൽ അവിടന്ന് തന്റെ മഹത്തായ നാമത്തെപ്രതി സ്വന്തജനമായ നിങ്ങളെ തള്ളിക്കളയുകയില്ല. 23 എന്റെ കാര്യത്തിലാണെങ്കിൽ, നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാതിരിക്കുന്നത് ഞാൻ യഹോവയോടു ചെയ്യുന്ന മഹാപരാധമാണ്. ആ പാപംചെയ്യാൻ ദൈവം എനിക്കിടവരുത്താതിരിക്കട്ടെ. നന്മയും നീതിയുമായുള്ള പാത ഞാൻ നിങ്ങൾക്കുപദേശിച്ചുതരാം. 24 യഹോവയെ ഭയപ്പെട്ട് പൂർണഹൃദയത്തോടും വിശ്വസ്തതയോടുംകൂടി അവിടത്തെ സേവിക്കുക! അവിടന്ന് നിങ്ങൾക്കുവേണ്ടി എത്ര മഹാകാര്യങ്ങൾ ചെയ്തുതന്നിരിക്കുന്നു എന്നോർത്തുകൊൾക! 25 എന്നിട്ടും നിങ്ങൾ ദുശ്ശാഠ്യക്കാരായി തിന്മ പ്രവർത്തിച്ചാൽ നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.”

13:1 ശൗൽ രാജാവാകുമ്പോൾ അദ്ദേഹത്തിനു മുപ്പതു വയസ്സായിരുന്നു. അദ്ദേഹം രണ്ടുവർഷം ഇസ്രായേലിൽ രാജാവായി വാണു.

2 ശൗൽ ഇസ്രായേല്യരിൽനിന്ന് മൂവായിരം പടയാളികളെ തെരഞ്ഞെടുത്തു; രണ്ടായിരം പേർ അദ്ദേഹത്തോടുകൂടെ മിക്-മാസിലും ബേഥേൽ ഗിരിപ്രദേശങ്ങളിലും ആയിരംപേർ യോനാഥാനോടുകൂടെ ബെന്യാമീൻദേശത്തിലെ ഗിബെയയിലും നിർത്തി. ശേഷിച്ചവരെ അദ്ദേഹം അവരവരുടെ ഭവനത്തിലേക്കു തിരിച്ചയച്ചു.

3 ഗേബായിലുണ്ടായിരുന്ന ഫെലിസ്ത്യസൈനികകേന്ദ്രം യോനാഥാൻ ആക്രമിച്ചു കീഴടക്കി. ഫെലിസ്ത്യർ അതുകേട്ടു. “എബ്രായർ കേൾക്കട്ടെ,” എന്നു പറഞ്ഞ് ശൗൽ നാടൊട്ടുക്കു കാഹളം ഊതിച്ചു: 4 “ശൗൽ ഫെലിസ്ത്യരുടെ സൈനികകേന്ദ്രം ആക്രമിച്ചു കീഴടക്കിയെന്നും ഫെലിസ്ത്യർക്ക് ഇസ്രായേല്യരോട് മുമ്പുണ്ടായിരുന്നതിലും അധികം വെറുപ്പുണ്ടായി,” എന്നും ഉള്ള വാർത്തകൾ ഇസ്രായേല്യരെല്ലാം കേട്ടു. ജനമെല്ലാം ഗിൽഗാലിൽ ശൗലിന്റെ അടുക്കൽ വന്നുചേരാൻ കൽപ്പനയുണ്ടായി.

5 മൂവായിരം രഥങ്ങളോടും ആറായിരം അശ്വഭടന്മാരോടും കടൽക്കരയിലെ മണൽപോലെ എണ്ണമറ്റ കാലാൾപ്പടകളോടുംകൂടി ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധംചെയ്യാൻ അണിനിരന്നു. അവർ വന്ന് ബേത്-ആവെനു കിഴക്ക് മിക്-മാസിൽ പാളയമിറങ്ങി. 6 തങ്ങളുടെ നില പരുങ്ങലിലാണെന്നും സൈന്യം വളരെ ക്രൂരമായ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നു എന്നും ഇസ്രായേല്യർ മനസ്സിലാക്കി, അതുകൊണ്ട് ജനം ഗുഹകളിലും കുറ്റിക്കാടുകളിലും പാറക്കെട്ടുകളിലും മാളങ്ങളിലും ജലസംഭരണികളിലുംചെന്ന് ഒളിച്ചു. 7 എബ്രായരിൽ ചിലർ യോർദാൻനദികടന്ന് ഗാദ്, ഗിലെയാദ്, ദേശങ്ങളിലും ചെന്നെത്തി.

ഈ സമയം ശൗൽ, ഗിൽഗാലിൽത്തന്നെ ഉണ്ടായിരുന്നു. ജനമെല്ലാം ഭയന്നുവിറച്ച് അദ്ദേഹത്തെ പിൻതുടർന്നു. 8 ശമുവേൽ അവധിയായി നിശ്ചയിച്ചിരുന്ന ഏഴുദിവസവും ശൗൽ അവിടെത്തന്നെ കാത്തിരുന്നു. എന്നാൽ ശമുവേൽ ഗിൽഗാലിൽ വന്നെത്തിയില്ല. ജനം ശൗലിനെ വിട്ട് ചിതറിപ്പോകാൻ തുടങ്ങി. 9 അതുകൊണ്ട് “ഹോമയാഗങ്ങളും സമാധാനയാഗങ്ങളും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരിക,” എന്നു ശൗൽ കൽപ്പിച്ചു. അദ്ദേഹംതന്നെ ഹോമയാഗങ്ങൾ അർപ്പിച്ചു. 10 യാഗങ്ങൾ ചെയ്തുതീർന്ന ഉടൻതന്നെ ശമുവേൽ വന്നെത്തി. ശൗൽ അദ്ദേഹത്തെ അഭിവാദനംചെയ്യാൻ അടുത്തുചെന്നു.

11 “താങ്കൾ ചെയ്തതെന്താണ്?” ശമുവേൽ ചോദിച്ചു.

അപ്പോൾ ശൗൽ, “ജനം എന്നെവിട്ടു ചിതറിപ്പൊയ്ക്കൊണ്ടിരിക്കുന്നെന്നും പറഞ്ഞ സമയത്തിനകം അങ്ങു വന്നെത്തിയിട്ടില്ലെന്നും ഫെലിസ്ത്യർ മിക്-മാസിൽ ഒരുമിച്ചുകൂടിയിരിക്കുന്നെന്നും കണ്ടപ്പോൾ 12 ‘ഫെലിസ്ത്യർ ഇപ്പോൾ ഗിൽഗാലിൽവെച്ച് എന്റെമേൽ ആക്രമണം തുടങ്ങുമെന്നും ഞാൻ യഹോവയുടെ അനുഗ്രഹങ്ങൾക്കായി അപേക്ഷിച്ചില്ലല്ലോയെന്നും,’ ഞാൻ ചിന്തിച്ചു. അതിനാൽ ഹോമയാഗങ്ങൾ അർപ്പിക്കാൻ ഞാൻ നിർബന്ധിതനായി ഈ വിധം ചെയ്തുപോയി” എന്നു മറുപടി പറഞ്ഞു.

13 ശമുവേൽ പറഞ്ഞു: “നീ കാണിച്ചതു ഭോഷത്തമാണ്. നിന്റെ ദൈവമായ യഹോവ നിനക്കുതന്ന കൽപ്പന നീ പാലിച്ചില്ല. ഇസ്രായേലിന്മേൽ നിന്റെ രാജത്വം അവിടന്ന് എന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു. 14 എന്നാൽ, ഇപ്പോൾ, നിന്റെ രാജത്വം നിലനിൽക്കുകയില്ല. നീ യഹോവയുടെ കൽപ്പന പ്രമാണിക്കായ്കയാൽ യഹോവ തന്റെ മനസ്സിനിണങ്ങിയ മറ്റൊരു പുരുഷനെ അന്വേഷിച്ചിട്ടുണ്ട്. അവിടന്ന് തന്റെ ജനത്തിനു നായകനായി അവനെ നിയമിച്ചിരിക്കുന്നു.”

15 ഇതിനെത്തുടർന്ന് ശമുവേൽ ഗിൽഗാലിൽനിന്ന് ബെന്യാമീൻദേശത്തിലെ ഗിബെയയിലേക്കു പോയി. ശൗൽ തന്റെകൂടെയുള്ള ജനത്തെ എണ്ണി. വെറും അറുനൂറുപേരുമാത്രമാണ് ഉണ്ടായിരുന്നത്.

16 ശൗലും യോനാഥാനും അവരോടുകൂടെയുള്ള പടയാളികളും ബെന്യാമീൻദേശത്തെ ഗിബെയയിൽ കഴിയുകയായിരുന്നു. അപ്പോൾ ഫെലിസ്ത്യർ മിക്-മാസിൽ പാളയമടിച്ചിരുന്നു. 17 ഫെലിസ്ത്യ പാളയത്തിൽനിന്ന് കൊള്ളസംഘങ്ങൾ മൂന്നുകൂട്ടമായി പുറപ്പെട്ടു; ഒന്ന് ശൂവാലിന്റെ സമീപത്തുള്ള ഒഫ്രയിലേക്കു തിരിഞ്ഞു. 18 മറ്റൊരു സംഘം ബേത്-ഹോരോനിലേക്കും മൂന്നാമത്തേത് മരുഭൂമിക്കുനേരേ സെബോയീം താഴ്വരയ്ക്കെതിരേയുള്ള അതിർത്തിപ്രദേശങ്ങളിലേക്കും തിരിഞ്ഞു.

19 ഇസ്രായേൽദേശത്തെങ്ങും ഒരു ഇരുമ്പുപണിക്കാരനെപ്പോലും കാണാനില്ലായിരുന്നു. “എബ്രായർ വാളും കുന്തവും തീർപ്പിക്കരുത്!” എന്നു ഫെലിസ്ത്യർ പറഞ്ഞിരുന്നു. 20 തങ്ങളുടെ കലപ്പ, കൈക്കോടാലി, മഴു, അരിവാൾ മുതലായവ മൂർച്ചകൂട്ടുന്നതിനായി ഇസ്രായേല്യർ ഫെലിസ്ത്യരുടെ അടുത്തു വരുമായിരുന്നു. 21 കലപ്പയും കൈക്കോടാലിയും മൂർച്ചകൂട്ടുന്നതിനു മൂന്നിൽരണ്ടു ശേക്കേലും മുൾക്കൊളുത്ത്, മഴു, മുൾക്കോൽ ഇവയ്ക്കു മൂന്നിലൊന്നു ശേക്കേലും വീതം കൂലി ഈടാക്കിയിരുന്നു.

22 അതിനാൽ യുദ്ധസമയത്ത് ശൗലിന്റെയും യോനാഥാന്റെയുംകൂടെയുള്ള ഭടന്മാരിൽ ആർക്കുംതന്നെ ഒരു വാളോ കുന്തമോ ഉണ്ടായിരുന്നില്ല. ശൗലിനും അദ്ദേഹത്തിന്റെ മകൻ യോനാഥാനുംമാത്രമേ അവ ഉണ്ടായിരുന്നുള്ളൂ.

23 ഫെലിസ്ത്യരുടെ കൊള്ളസംഘങ്ങളിൽ ഒന്ന് മിക്-മാസിനടുത്തുള്ള ചുരത്തിലേക്കു കടന്നു.