മുൻകാലദിനങ്ങൾ ഓർത്ത് സഹിച്ചുനിൽക്കുക
വിശ്വാസത്തിൽ തുടരാൻ അവരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, സുവിശേഷത്താൽ ആദ്യം പ്രകാശിതരായപ്പോൾ അവർ അതിജീവിച്ച കഷ്ടപ്പാടുകളും പീഡനങ്ങളും പൗലോസ് അവരെ ഓർമിപ്പിക്കുന്നു. ഇവ ഓർത്തുകൊണ്ട്, ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാതെ ക്ഷമയോടെ തുടരാൻ അദ്ദേഹം അവരെ പ്രേരിപ്പിക്കുന്നു. അങ്ങനെ ഇവിടെ വിശ്വാസത്തിനുവേണ്ടി ക്ഷമയോടെ കഷ്ടം സഹിച്ചശേഷം, വരുംജീവിതത്തിൽ നിത്യജീവന്റെ വാഗ്ദാനം അവർക്ക് ലഭിക്കും. സ്ഥിരതയോടെ തുടരാൻ അവരെ ഇനിയും പ്രോത്സാഹിപ്പിക്കുന്നതിനായി, വിടുതലിനെക്കുറിച്ചുള്ള തന്റെ വാഗ്ദാനങ്ങൾ പാലിക്കുന്നതിലുള്ള ദൈവത്തിന്റെ വിശ്വസ്തതയും നീതിമാൻ തന്റെ വിശ്വാസത്താൽ സംരക്ഷിക്കപ്പെടുമെന്നതും ഹബക്കൂക്കിന്റെ വാക്കുകളിലൂടെ (ഹബക്കൂക്ക് 2:3) പൗലോസ് അവരെ ഓർമിപ്പിക്കുന്നു. ജെറുശലേമിൽനിന്ന് ക്രിസ്ത്യാനികൾ രക്ഷപ്പെട്ടതിൽ ഇത് നിറവേറുകയും ചെയ്തു. എന്നാൽ ഭയംമൂലം ദൈവത്തിലുള്ള വിശ്വാസത്തിൽനിന്ന് പിന്മാറുന്നവർ തങ്ങളെത്തന്നെ നിത്യനാശത്തിന് വിധേയരാക്കുന്നു.
ക്രി.പി. 62
Biblica® Open Malayalam Contemporary Version™ (OMCV)
32 സത്യം വ്യക്തമായി ഗ്രഹിച്ചതിനെത്തുടർന്ന് കഷ്ടതകൾ നിറഞ്ഞ വലിയ പോരാട്ടം, നിങ്ങൾ സഹിച്ചുനിന്ന ആദിമനാളുകൾ, ഓർക്കുക. 33 ചിലപ്പോൾ നിങ്ങൾ പരസ്യമായി നിന്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. മറ്റുചിലപ്പോൾ, ഇങ്ങനെ അധിക്ഷേപവും പീഡനവും ഏറ്റവർക്ക് സഹകാരികളായി. 34 തടവിലാക്കപ്പെട്ടവരോട് നിങ്ങൾ സഹതാപം കാണിച്ചു. ശ്രേഷ്ഠതരവും ശാശ്വതവുമായ സമ്പത്ത് നിങ്ങൾക്ക് ഉണ്ടെന്നറിഞ്ഞുകൊണ്ട് നിങ്ങളുടെ സ്വത്തുക്കൾ നിങ്ങളിൽനിന്ന് അപഹരിക്കപ്പെട്ടത് നിങ്ങൾ ആനന്ദത്തോടെ സഹിച്ചു. 35 മഹത്തായ പ്രതിഫലം നിങ്ങൾക്കു ലഭിക്കും എന്നതുകൊണ്ട് നിങ്ങളിലുള്ള അചഞ്ചലവിശ്വാസം പരിത്യജിക്കരുത്.
36 ദൈവേഷ്ടം നിറവേറ്റി വാഗ്ദാനം പ്രാപിക്കാൻ നിങ്ങൾക്ക് സഹിഷ്ണുതയാണ് ആവശ്യം.
37 “ഇനി അൽപ്പകാലം കഴിഞ്ഞ്
വരാനുള്ളവൻ വരും,
താമസിക്കില്ല.”
38 “വിശ്വാസത്താലാണ് എന്റെ നീതിമാൻ ജീവിക്കുന്നത്,
പിന്മാറുന്നയാളിൽ
എന്റെ മനസ്സിന് പ്രസാദമില്ല.”
39 എങ്കിലും നാം പിന്മാറി നാശത്തിലേക്കു പോകുന്നവരല്ല, മറിച്ച് വിശ്വാസത്താൽ പ്രാണരക്ഷപ്രാപിക്കുന്നവരാണ്.
വിശ്വാസം എന്താണ്: ഹാബേൽ, ഹാനോക്ക്, നോഹ
സുവിശേഷത്തിന്റെ വിശ്വാസത്തിലും ക്ഷമയിലും ഉറച്ചുനിൽക്കാൻ എബ്രായരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, അവരുടെ പൂർവികരുടെ ജീവിതത്തിൽ പ്രകടമായ, നീതീകരിക്കുന്ന വിശ്വാസത്തിന്റെ അത്ഭുതകരമായ ഫലങ്ങൾ പൗലോസ് അവരെ ഓർമിപ്പിക്കുന്നു. ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ ആശ്രയിച്ചുകൊണ്ട് ഭാവിയിൽ പ്രത്യാശിക്കുന്ന കാര്യങ്ങൾക്ക് ഇപ്പോൾത്തന്നെ യാഥാർഥ്യം നൽകുന്നതായും, കഴിഞ്ഞതും വരാനിരിക്കുന്നതുമായ വെളിപ്പെടുത്തപ്പെട്ട സത്യങ്ങളുടെ യാഥാർഥ്യത്തെക്കുറിച്ച് മനസ്സിന് വ്യക്തമായ തെളിവ് നൽകുന്നതായും അദ്ദേഹം വിശ്വാസത്തെ വിവരിക്കുന്നു. ഈ ആത്മികശക്തിയാൽ അവരുടെ പൂർവികർക്ക് ദൈവത്തിൽനിന്ന് മാന്യമായ സാക്ഷ്യം ലഭിച്ചു. ആദിയിൽ, മുമ്പ് നിലനിന്നിരുന്ന യാതൊരു പദാർഥത്തിൽനിന്നുമല്ലാതെ ഭൗതികപ്രപഞ്ചം രൂപപ്പെട്ടത് വിശ്വാസത്താൽ ഗ്രഹിക്കേണ്ട കാര്യമായിരുന്നു (ഉൽപ്പത്തി 1:3–6). ദൈവത്തിന്റെ എല്ലാ വ്യവസ്ഥാകാലങ്ങളിലും രക്ഷയ്ക്കായി നിശ്ചയിക്കപ്പെട്ട മാർഗം ഒന്നുമാത്രമായിരുന്നു. ആദാമുമായുള്ള ഉടമ്പടിയുടെ കാലത്ത്, ഹാബേലിന്റെ വിശ്വാസത്തിൽ ഇത് പ്രകടമാണ്. ദൈവം സ്വീകരിച്ച തന്റെ യാഗത്തിലൂടെ, ദൈവവുമായി അനുരഞ്ജനപ്പെടാൻ പാപപരിഹാരം ആവശ്യമാണെന്ന് ഹാബേൽ ഇന്നും പ്രഖ്യാപിക്കുന്നു. ഹാനോക്ക് എടുക്കപ്പെട്ടതിലും ഇത് പ്രകടമാണ്; അദൃശ്യനായ ദൈവത്തിലുള്ള വിശ്വാസവും അതിനൊത്ത ജീവിതവും കൂടാതെ അവിടത്തെ പ്രസാദിപ്പിക്കുക അസാധ്യമാണെന്ന് അത് പഠിപ്പിക്കുന്നു. പ്രളയത്തിന്റെ യാതൊരു ലക്ഷണവും ഇല്ലാതിരുന്നപ്പോൾത്തന്നെ ദൈവം വെളിപ്പെടുത്തിയ കാര്യത്തിൽ വിശ്വസിച്ച് നോഹ പെട്ടകം ഒരുക്കി. മനുഷ്യവർഗത്തിന്റെ രണ്ടാമത്തെ പൊതുപൂർവികനെന്ന നിലയിൽ അദ്ദേഹം വിശ്വാസത്താലുള്ള ഈ നീതീകരണത്തിന് അവകാശിയായിത്തീർന്നു. ഈ ജീവിതത്തിൽ അദ്ദേഹത്തിനു ലഭിച്ച വിടുതൽ അദ്ദേഹത്തിന്റെ എല്ലാ ആത്മികമക്കളുടെയും നിത്യവീണ്ടെടുപ്പിന്റെ മുന്നോടിയായ നിഴലായിരുന്നു.
1 വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നവയുടെ ഉറപ്പും നമുക്ക് അദൃശ്യമായ കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. 2 ഈ വിശ്വാസത്തിനാണ് പൂർവികർ പ്രശംസിക്കപ്പെട്ടത്.
3 ദൈവവചനത്താൽ പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന് വിശ്വാസത്താൽ നാം മനസ്സിലാക്കുന്നു. അങ്ങനെ, ദൃശ്യമായതെല്ലാം അദൃശ്യമായതിൽനിന്ന് ഉളവായി എന്നു നാം അറിയുന്നു.
4 ഹാബേൽ ദൈവത്തിനു കയീന്റേതിലും വിശിഷ്ടമായ ഒരു യാഗം, വിശ്വാസത്താൽ അർപ്പിച്ചു. അതിനാൽ അദ്ദേഹത്തിന് നീതിനിഷ്ഠൻ എന്നു സാക്ഷ്യം ലഭിച്ചു. ദൈവം അദ്ദേഹത്തിന്റെ വഴിപാട് അംഗീകരിച്ചു. അദ്ദേഹം മരിച്ചെങ്കിലും വിശ്വാസത്താൽ ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നു.
5 ഹാനോക്ക് മരണം അനുഭവിക്കാതെ, വിശ്വാസത്താൽ എടുക്കപ്പെട്ടു; “ദൈവം അദ്ദേഹത്തെ തന്റെ അടുത്തേക്കെടുത്തതിനാൽ പിന്നെ കാണപ്പെട്ടതേയില്ല;” എടുക്കപ്പെടുന്നതിനു മുമ്പ്, ദൈവത്തെ പ്രസാദിപ്പിച്ചവൻ എന്ന സാക്ഷ്യം അദ്ദേഹത്തിനു ലഭിച്ചു. 6 വിശ്വാസംകൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യം; ദൈവത്തിന്റെ അടുക്കൽ വരാൻ ആഗ്രഹിക്കുന്നയാൾ ദൈവം ഉണ്ടെന്നും തന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർക്ക് അവിടന്ന് പ്രതിഫലം നൽകുമെന്നും വിശ്വസിക്കേണ്ടതാണ്.
7 നോഹ, അതുവരെയും കണ്ടിട്ടില്ലാതിരുന്ന കാര്യങ്ങളെക്കുറിച്ചു മുന്നറിയിപ്പു ലഭിച്ചപ്പോൾ തന്റെ കുടുംബത്തെ രക്ഷിക്കുന്നതിനുവേണ്ടി ഭയഭക്തിയോടെ, വിശ്വാസത്താൽ ഒരു വലിയ പെട്ടകം നിർമിച്ചു; വിശ്വാസത്താൽ ലോകത്തെ കുറ്റം വിധിച്ച്, വിശ്വാസത്തിൽ അധിഷ്ഠിതമായ നീതിക്ക് അവകാശിയായിത്തീർന്നു.
അബ്രാഹാമിന്റെയും ഗോത്രപിതാക്കന്മാരുടെയും വിശ്വാസം
ദൈവം കൂടുതൽ വിശേഷാൽ അബ്രാഹാമുമായി ഉടമ്പടിചെയ്തു; ദൈവനിർദേശപ്രകാരം, താൻ ഒരിക്കലും കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു ദേശം അന്വേഷിച്ച് സ്വന്തം നാടുവിട്ടപ്പോൾ, അബ്രാഹാമിന് ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ പൂർണവിശ്വാസമുണ്ടായിരുന്നു. വാഗ്ദത്തദേശത്ത് അദ്ദേഹം കൂടാരങ്ങളിൽ പാർത്തു; തനിക്കും തന്റെ അവകാശികൾക്കും ഭൂമിയിൽ സ്ഥിരമായ ഒരു ഭവനമില്ലെന്ന് അതു കാണിച്ചു. ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള വിശ്വാസത്താൽ, പ്രകൃതിയുടെ സാധാരണഗതിക്കു വിരുദ്ധമായി, യിസ്ഹാക്കിന്റെ അമാനുഷികമായ ജനനത്തിൽ സാറ ഒരു മാതാവായി. അബ്രാഹാമും സാറയും യിസ്ഹാക്കും യാക്കോബും, തങ്ങൾ നിറവേറിക്കാണാത്ത വാഗ്ദാനങ്ങളിലുള്ള വിശ്വാസം മുറുകെപ്പിടിച്ചു; വാഗ്ദാനംചെയ്യപ്പെട്ട എണ്ണമറ്റ സന്തതിയെയും കനാന്റെ സ്വർഗീയവിശ്രമത്തെയും ദൈവം തങ്ങൾക്കു നൽകും എന്ന് അവർ വിശ്വസിച്ചു. അവർ ഭൂമിയിൽ അന്യരും പ്രവാസികളുമായിരുന്നു; ഭൗമിക കനാനെക്കാൾ മെച്ചമായ, തങ്ങളുടെ പിതാക്കന്മാർ വസിച്ച ദേശം അവർ അന്വേഷിച്ചു. അതു തങ്ങൾ വിട്ടുപോന്നതും മടങ്ങിപ്പോകാമായിരുന്നതുമായ ബാബേൽ ആയിരുന്നില്ല; വിശ്വാസത്താൽ അവർ ഒരു സ്വർഗീയ അവകാശവും ആത്മീയാനുഗ്രഹങ്ങളും അന്വേഷിച്ചു (അപ്പൊസ്തലപ്രവൃത്തികൾ 7:5). അവർക്ക് ഭൗമികമായ ഒരു ദേശവും വേണ്ടായിരുന്നു; അതുകൊണ്ട് ദൈവം അവരുടെ ദൈവം, എബ്രായരുടെ ദൈവം, എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയും അവർ അന്വേഷിച്ച സ്വർഗീയനഗരം അവർക്കായി ഒരുക്കുകയും ചെയ്തിരിക്കുന്നു. വാഗ്ദാനങ്ങൾ അവകാശമാക്കാൻ മറ്റൊരു പുത്രൻ ഇല്ലാതിരുന്നിട്ടും, മരിച്ചവരിൽനിന്ന് യിസ്ഹാക്കിനെ ഉയിർപ്പിച്ച് ദൈവം അവ നിറവേറ്റും എന്നു ചിന്തിച്ചുകൊണ്ട്, വിശ്വാസത്താൽ അബ്രാഹാം യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ കിടത്തി. അവിടെനിന്ന്, ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ പുനരുത്ഥാനത്തിന്റെ ഒരു മുൻകുറിയായി അദ്ദേഹം അവനെ തിരികെ പ്രാപിച്ചു. വിശ്വാസത്തിന്റെയും ഭക്തിയുടെയും ഈ മഹത്തായ പ്രവൃത്തിയാൽ അദ്ദേഹം സകലവിശ്വാസികൾക്കും മാതൃകയാക്കപ്പെട്ടു. അതു വിശ്വാസത്താലുള്ള നീതീകരണം എന്ന ഉപദേശത്തെ പൂർണമായി വ്യക്തമാക്കുന്നു; ഗോത്രപിതാക്കന്മാർ ആത്മാവിന്റെ അമർത്യതയിലും ശരീരത്തിന്റെ പുനരുത്ഥാനത്തിലും വിശ്വസിച്ചിരുന്നുവെന്നും ഈ ജീവിതത്തിനുവേണ്ടിയുള്ള വാഗ്ദാനങ്ങളിൽ ആശ്രയിച്ചില്ലെന്നും അതു സാക്ഷ്യപ്പെടുത്തുന്നു.
8 അബ്രാഹാം തനിക്ക് ഓഹരിയായി ലഭിക്കാനിരുന്ന ദേശത്തേക്കു പോകാൻ വിളിക്കപ്പെട്ടപ്പോൾ താൻ എവിടേക്കു പോകുന്നു എന്നറിയാതെ വിശ്വാസത്താൽ അനുസരണയോടെ യാത്രപുറപ്പെട്ടു. 9 അദ്ദേഹം വാഗ്ദാനദേശത്ത് വിശ്വാസത്താൽ ഒരു പ്രവാസിയെപ്പോലെ ജീവിച്ചു. ഇതേ വാഗ്ദാനത്തിന് അവകാശികളായ യിസ്ഹാക്കും യാക്കോബും അതുപോലെതന്നെ കൂടാരങ്ങളിൽ താമസിച്ചു. 10 ദൈവം ശില്പിയും നിർമാതാവുമായി അടിസ്ഥാനമിട്ട ഒരു നഗരത്തിനായി അബ്രാഹാം കാത്തിരുന്നു. 11 സാറ വന്ധ്യയും വയോധികയും ആയിരുന്നിട്ടും വിശ്വാസത്താൽ, “വാഗ്ദാനംചെയ്ത ദൈവം വിശ്വസ്തൻ” എന്നു കണക്കാക്കിയതുകൊണ്ട്, ഗർഭധാരണത്തിന് ശക്തയായിത്തീർന്നു. 12 അങ്ങനെ ഒരു മനുഷ്യനിൽനിന്ന്, മൃതപ്രായനായവനിൽനിന്നുതന്നെ, ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും സമുദ്രതീരത്തെ മണൽത്തരിപോലെയും അസംഖ്യം സന്തതികൾ ഉത്ഭവിച്ചു.
13 ഇവരെല്ലാവരും വിശ്വാസത്തിൽ മരണംവരെ ഉറച്ചുനിന്നു. അവർ സ്വന്തം ജീവിതകാലത്ത് വാഗ്ദാനനിവൃത്തി കരഗതമാകാതെ, ദൂരെനിന്ന് അവയെ (വിശ്വാസത്താൽ) കണ്ട്, ഈ ലോകത്തിൽ തങ്ങൾ അപരിചിതരും വിദേശികളും എന്നു ബോധ്യപ്പെട്ട് അവയെ (ആനന്ദത്തോടെ) സ്വാഗതംചെയ്തു. 14 ഇങ്ങനെ (അവരുടെ പ്രവൃത്തിയിലൂടെ) പറയുന്നവർ, തങ്ങൾക്ക് സ്വന്തമായി ഒരു ദേശം അന്വേഷിക്കുന്നെന്നു സുവ്യക്തമാക്കുകയാണ്. 15 തങ്ങൾ വിട്ടുപോന്ന ദേശത്തെക്കുറിച്ച് ഗൃഹാതുരരായിരുന്നെങ്കിൽ അവർക്ക് മടങ്ങിപ്പോകാൻ സമയമുണ്ടായിരുന്നു. 16 എന്നാൽ അവരാകട്ടെ, അധികം ശ്രേഷ്ഠമായ സ്ഥലം, സ്വർഗീയമാതൃരാജ്യംതന്നെ, വാഞ്ഛിച്ചുകൊണ്ടിരുന്നു. അതുകൊണ്ടു ദൈവം, അവരുടെ ദൈവം എന്നു വിളിക്കപ്പെടാൻ ലജ്ജിക്കുന്നില്ല; കാരണം അവിടന്ന് അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നു.
17-18 താൻ പരീക്ഷിക്കപ്പെട്ടപ്പോൾ അബ്രാഹാം വിശ്വാസത്താൽ യിസ്ഹാക്കിനെ യാഗമായി അർപ്പിച്ചു. “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവൻ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്ന വാഗ്ദാനത്തെ സഹർഷം സ്വീകരിച്ചയാൾതന്നെ തന്റെ ഒരേയൊരു മകനെ യാഗാർപ്പണം ചെയ്യാൻ തയ്യാറായി. 19 മരിച്ചവരെ ഉയിർപ്പിക്കാൻ ദൈവം ശക്തനെന്ന് അബ്രാഹാം താത്ത്വികമായി ചിന്തിച്ചു. ഒരുപ്രകാരത്തിൽ അവനെ, മരിച്ചവരിൽനിന്ന് ഉത്ഥാനംചെയ്തവനായി തിരികെ ലഭിക്കുകതന്നെയായിരുന്നു.
യിസ്ഹാക്കുമുതൽ രാഹാബുവരെ വിശ്വാസം
അബ്രാഹാമുമായുള്ള ഉടമ്പടിയുടെ നിയുക്ത അവകാശികൾ ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ അതേ ശക്തമായ വിശ്വാസം പ്രകടിപ്പിച്ചു. വിശ്വാസത്താൽ, ദൈവത്തിന്റെ പ്രേരണയനുസരിച്ച്, യിസ്ഹാക്ക് തന്റെ രണ്ട് പുത്രന്മാർക്കും അവരുടെ സന്തതികൾക്കും ലഭിക്കാനിരുന്ന അനുഗ്രഹങ്ങൾ മുൻകൂട്ടി അറിയിച്ചു. വിശ്വാസത്താൽ അദ്ദേഹത്തിന്റെ മകനായ യാക്കോബ് യോസേഫിന്റെ പുത്രന്മാരെ അനുഗ്രഹിച്ചു (ഉൽപ്പത്തി 48:16). സ്വർഗീയ കനാനിൽ പ്രവേശിക്കുമെന്ന പ്രത്യാശയിൽ അവർ ദൈവത്തെ ആരാധിച്ചു (ഉൽപ്പത്തി 47:31; 49:30). ദൈവം അബ്രാഹാമിനും അദ്ദേഹത്തിന്റെ സന്തതികൾക്കും കനാൻ നൽകുമെന്ന് പൂർണബോധ്യമുണ്ടായിരുന്ന യോസേഫ്, തന്റെ മരണശേഷം വാഗ്ദാനങ്ങൾ തനിക്കും നിറവേറേണ്ടതിന്, ഈജിപ്റ്റിൽനിന്ന് പോകുമ്പോൾ തന്റെ അസ്ഥികൾ കൂടെ കൊണ്ടുപോകണമെന്ന് ജീവിതാന്ത്യത്തിൽ കൽപ്പിച്ചു (ഉൽപ്പത്തി 50:25; പുറപ്പാട് 13:19). ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള മാതാപിതാക്കളുടെ വിശ്വാസത്താൽ മോശ രക്ഷിക്കപ്പെട്ടു. അദ്ദേഹത്തിന്റെ രൂപം കണ്ടിട്ടോ, ചിലർ കരുതുന്നതുപോലെ ഒരു വെളിപ്പാടിന്റെ അടിസ്ഥാനത്തിലോ (ജോസീഫസ്, പുസ്തകം 2, അധ്യായം 9, ഖണ്ഡങ്ങൾ 5–7), രാജകൽപ്പനയെ ഭയപ്പെടാതെ അവർ അദ്ദേഹത്തെ ഒളിപ്പിച്ചു. ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള വിശ്വാസത്താൽ, മഹാനായ വിമോചകന്റെ പ്രതിരൂപമായ മോശതന്നെ, സ്വർഗത്തിൽ ഉന്നതമായ ഒരു പ്രതിഫലം പ്രതീക്ഷിച്ചിരുന്നതിനാൽ, ലോകത്തിലെ എല്ലാ ബഹുമതികളും ഉപേക്ഷിച്ച് ദൈവത്തിന്റെ അഭിഷിക്തജനത്തോടൊപ്പം കഷ്ടം സഹിക്കാൻ തീരുമാനിച്ചു. വിശ്വാസത്താൽ, തന്റെ മുമ്പിലുണ്ടായിരുന്ന ഫറവോന്റെ ക്രോധത്തെക്കാൾ അദൃശ്യനായ ദൈവത്തെ ഭയപ്പെട്ടുകൊണ്ട്, അദ്ദേഹം ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു. വിശ്വാസത്താൽ അദ്ദേഹം പെസഹാക്കുഞ്ഞാടിന്റെ രക്തം തളിച്ചു (പുറപ്പാട് 12). അതേ വിശ്വാസത്താൽ ഇസ്രായേല്യർ ചെങ്കടലിലൂടെ കടന്നുപോയി. വിശ്വാസത്താലും ദൈവകൽപ്പനയോടുള്ള അനുസരണത്താലും യെരീഹോയുടെ മതിലുകൾ അത്ഭുതകരമായി വീണു. ദൈവം ചെയ്ത അത്ഭുതങ്ങൾ നിമിത്തം അവിടത്തിൽ വിശ്വസിച്ച രാഹാബ് (യോശുവ 2:10), ചാരന്മാരെ സംരക്ഷിക്കാൻ സ്വന്തം ജീവൻ അപകടത്തിലാക്കി; യെരീഹോയിലെ അവിശ്വാസികളോടൊപ്പം അവൾ നശിച്ചില്ല.
20 യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും വിശ്വാസത്താൽ അവരുടെ ഭാവി മുൻകൂട്ടിക്കണ്ട് അനുഗ്രഹിച്ചു.
21 ആസന്നമരണനായ യാക്കോബ് തന്റെ വടിയുടെ തലയ്ക്കൽ ഊന്നിനിന്ന് യോസേഫിന്റെ പുത്രന്മാർ ഇരുവരെയും വിശ്വാസത്താൽ അനുഗ്രഹിച്ചു.
22 യോസേഫ് തന്റെ ജീവിതാന്ത്യത്തിൽ, ഈജിപ്റ്റിൽനിന്നുള്ള ഇസ്രായേല്യരുടെ പലായനത്തിന്റെ കാര്യം, വിശ്വാസത്താൽ പരാമർശിക്കുകയും തന്റെ അസ്ഥികളുടെ പുനഃസംസ്കരണത്തെക്കുറിച്ച് നിർദേശിക്കുകയും ചെയ്തു.
23 മോശ ജനിച്ചപ്പോൾ, ശിശു അസാധാരണ സൗന്ദര്യം ഉള്ളവനെന്ന് അവന്റെ മാതാപിതാക്കൾ കണ്ടിട്ട് വിശ്വാസത്താൽ മൂന്നുമാസം അവനെ ഒളിച്ചുവെച്ചു. അവർ രാജാവിന്റെ ആജ്ഞയെ ഭയപ്പെട്ടതേയില്ല.
24 മോശ വളർന്നപ്പോൾ “ഫറവോന്റെ പുത്രിയുടെ മകൻ” എന്നു വിളിക്കപ്പെടാൻ വിസമ്മതിച്ചത് ഈ വിശ്വാസത്താൽത്തന്നെയാണ്. 25 അദ്ദേഹം പാപത്തിന്റെ ക്ഷണനേരത്തേക്കുള്ള ആസ്വാദനത്തെക്കാൾ, ദൈവജനം സഹിക്കുന്ന കഷ്ടതയിൽ പങ്കുചേരുന്നത് തെരഞ്ഞെടുത്തു; 26 അദ്ദേഹം ഈജിപ്റ്റിലെ അമൂല്യ സമ്പത്തിനെക്കാൾ ക്രിസ്തുവിനെപ്രതിയുള്ള അപമാനം മൂല്യമേറിയതെന്നു കരുതി. കാരണം മോശ ദൈവത്തിൽനിന്ന് തനിക്കു ലഭിക്കാനുള്ള പ്രതിഫലത്തിൽ സ്ഥിരചിത്തനായിരുന്നു. 27 അദ്ദേഹം വിശ്വാസത്താൽ രാജകോപം ഭയപ്പെടാതെ ഈജിപ്റ്റ് വിട്ടുപോന്നു; അദൃശ്യനായ ദൈവത്തെ ദർശിച്ചു എന്നതുപോലെ തന്റെ പ്രയാണം തുടർന്നു. 28 ആദ്യജാതന്മാരെ സംഹരിക്കുന്ന ദൂതൻ ഇസ്രായേല്യരുടെ ആദ്യജാതന്മാരെ സ്പർശിക്കാതിരിക്കേണ്ടതിനായി മോശ വിശ്വാസത്താൽ പെസഹ ആചരിക്കുകയും രക്തം (വീടുകളുടെ കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും) പുരട്ടുകയും ചെയ്തു.
29 ഇസ്രായേല്യർ വിശ്വാസത്താൽ, ഉണങ്ങിയ നിലത്തെന്നപോലെ ചെങ്കടൽ കടന്നു; എന്നാൽ അതിന് ഈജിപ്റ്റുകാർ പരിശ്രമിച്ചപ്പോൾ അവരെല്ലാം മുങ്ങിമരിച്ചു.
30 ഇസ്രായേൽസൈന്യം വിശ്വാസത്താൽ ഏഴുദിവസം യെരീഹോക്കോട്ട വലംവെച്ചു; അത് നിലംപൊത്തി.
31 രാഹാബ് എന്ന ഗണിക വിശ്വാസത്താൽ ചാരന്മാരെ സമാധാനത്തോടെ സ്വാഗതം ചെയ്തതുകൊണ്ട് വിശ്വസിക്കാതിരുന്ന മറ്റുള്ളവരോടൊപ്പം നശിക്കാതിരുന്നു.
യേശുവിലേക്കു നോക്കി വിശ്വസ്തരെ അനുകരിക്കുക
ആദാമിന്റെയും ഗോത്രപിതാക്കന്മാരുടെയും വ്യവസ്ഥാകാലങ്ങളിൽനിന്നുള്ള പ്രസിദ്ധമായ നിരവധി ഉദാഹരണങ്ങളിലൂടെ വിശ്വാസത്തിന്റെ സ്വഭാവവും ശക്തിയും കാണിച്ചശേഷം, മോശയുടെ വ്യവസ്ഥാകാലത്തിലെ ന്യായാധിപന്മാരെയും വീരന്മാരെയും പ്രവാചകന്മാരെയും രാജാക്കന്മാരെയും അവരുടെ മഹത്തായ എല്ലാ പ്രവൃത്തികളിലും നയിച്ചത് വിശ്വാസമെന്ന അതേ സജീവതത്ത്വമാണെന്ന് പൗലോസ് ഇപ്പോൾ തെളിയിക്കുന്നു. കാണാത്ത കാര്യങ്ങളിലുള്ള ഉറച്ചതും സജീവവുമായ വിശ്വാസവും വരുംജീവിതത്തിലെ വാഗ്ദത്തമഹത്ത്വങ്ങളെക്കുറിച്ചുള്ള പ്രത്യാശയും താങ്ങായിരുന്നതിനാൽ, അവരെല്ലാം ലോകത്തിന്റെ നിന്ദയും പീഡനവും സഹിക്കുകയും അവയെ ജയിക്കുകയും ചെയ്തു. എന്നാൽ അബ്രാഹാമിനും അദ്ദേഹത്തിന്റെ സന്തതികൾക്കും വാഗ്ദാനം ചെയ്യപ്പെട്ട സ്വർഗീയവിശ്രമവും മഹത്ത്വകരമായ പ്രതിഫലവും അവർക്ക് അപ്പോഴും ലഭിച്ചിരുന്നില്ല. കാരണം, അതിനു മുമ്പുണ്ടായിരുന്ന എല്ലാറ്റിനെയും പൂർണമാക്കുന്ന, കൂടുതൽ ശ്രേഷ്ഠമായ ഒരു വെളിപ്പാടും വിശ്വാസത്തിനുള്ള കൂടുതൽ ശ്രേഷ്ഠമായ ഒരു മാർഗവും ദൈവം ഒരുക്കിയിരുന്നു. ദൈവത്തിന്റെ പദ്ധതിയുടെ ആരംഭംമുതൽ പൂർത്തീകരണംവരെയുള്ള അബ്രാഹാമിന്റെ എല്ലാ ആത്മികമക്കളും അതിന്റെ അന്ത്യത്തിൽ ഒരു സഭയായി ഒരുമിച്ചുകൂട്ടപ്പെടുകയും പുനരുത്ഥാനത്തിനുശേഷം സുവിശേഷാനുഗ്രഹങ്ങളുടെ സമ്പൂർണതയിലേക്ക് ഒരുമിച്ച് പ്രവേശിപ്പിക്കപ്പെടുകയും ചെയ്യേണ്ടതിനായിരുന്നു അത് (വെളിപ്പാട് 6:11). ഈ വാദങ്ങൾ പ്രയോഗിച്ചുകൊണ്ട്, അവർക്കു അനുകൂലമായോ പ്രതികൂലമായോ സാക്ഷ്യം വഹിക്കാനിരിക്കുന്ന അവരുടെ മഹാന്മാരായ പൂർവികരുടെ വിശ്വാസവും അനുസരണവും അനുകരിക്കാൻ പൗലോസ് അവരെ പ്രേരിപ്പിക്കുന്നു. അവർ ലൗകികകാര്യങ്ങളിൽനിന്ന് ദൃഷ്ടി തിരിച്ച് ആത്മികകാര്യങ്ങളിലേക്കും യേശുവിലേക്കും നോക്കണം. അവിടന്ന് സത്യത്തിന്റെ ആരംഭകനും സ്വന്തം കഷ്ടാനുഭവങ്ങളിലൂടെ അതിന്റെ ഏറ്റവും പൂർണമായ മാതൃകയുമാണ്; മനുഷ്യന്റെ വീണ്ടെടുപ്പിന്റെ മഹത്ത്വത്തിനും സന്തോഷത്തിനുമായി അവിടന്ന് ക്രൂശ് സഹിച്ചു.
32 ഇതിലുപരിയായി എന്താണ് എഴുതേണ്ടത്? ഗിദെയോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ്, ശമുവേൽ എന്നിവരെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും ഇപ്പോൾ പരാമർശിക്കാൻ നിവൃത്തിയില്ല. 33 അവർ വിശ്വാസത്താൽ രാജ്യങ്ങൾ പിടിച്ചടക്കി, നീതി നിർവഹിച്ചു, വാഗ്ദാനങ്ങൾ സ്വായത്തമാക്കി, സിംഹങ്ങളുടെ വായ് അടച്ചു, 34 അഗ്നിജ്വാലകളുടെ തീക്ഷ്ണത ശമിപ്പിച്ചു, വാളിന്റെ വായ്ത്തലയിൽനിന്ന് രക്ഷപ്പെട്ടു, ബലഹീനതയിൽനിന്ന് ശക്തിയാർജിച്ചു, അവർ വീരസേനാനികളായി ശത്രുസൈന്യത്തെ തുരത്തിയോടിച്ചു. 35 ചില സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ജീവനോടെ തിരികെ കിട്ടി, മറ്റുചിലർ രക്ഷപ്പെടാൻ ആഗ്രഹിക്കാതെ ശ്രേഷ്ഠമായ പുനരുത്ഥാനം ലഭിക്കേണ്ടതിന് മരണംവരെ പീഡനം ഏറ്റു. 36 വേറെചിലർ പരിഹാസം, ചമ്മട്ടിയടി, ചങ്ങല, തടവ് എന്നിവ സഹിച്ചു. 37 ചിലർ കല്ലേറിനാൽ വധിക്കപ്പെട്ടു, ഈർച്ചവാളാൽ പിളർത്തപ്പെട്ടു, വാളിനാൽ കൊല്ലപ്പെട്ടു. ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തുകൽ ധരിച്ച്, 38 നിരാശ്രയരും പീഡിതരും നിന്ദിതരുമായി കാടുകളിലും മലകളിലും അലഞ്ഞുതിരിഞ്ഞു, ഗുഹകളിലും മാളങ്ങളിലുമായി ജീവിച്ചു. ലോകം അവർക്ക് അനുയോജ്യമായിരുന്നില്ല.
39 അവർ എല്ലാവരും തങ്ങളുടെ വിശ്വാസത്തിന് അഭിനന്ദിക്കപ്പെട്ടുവെങ്കിലും അവരിൽ ആരുംതന്നെ വാഗ്ദാനനിവൃത്തി പ്രാപിച്ചില്ല. 40 നമ്മോടുചേർന്ന് അവരും പൂർണത പ്രാപിക്കാനായി ദൈവം നമുക്കുവേണ്ടി ഏറ്റവും ശ്രേഷ്ഠമായതു കരുതിയിരുന്നു.
12:1 അതുകൊണ്ടു സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമ്മുടെ ചുറ്റിലുമുള്ളതിനാൽ നമ്മുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന സർവതും, വിശേഷാൽ നമ്മെ ക്ഷണനേരംകൊണ്ട് കുടുക്കിലാക്കുന്ന പാപങ്ങൾ, അതിജീവിച്ച് സ്ഥിരോത്സാഹത്തോടെ നമ്മുടെമുമ്പിലുള്ള ഓട്ടം ഓടാം. 2 വിശ്വാസത്തിന്റെ ആരംഭകനും അതിന് പരിപൂർണത വരുത്തുന്നയാളുമായ യേശുവിൽ ദൃഷ്ടി ഉറപ്പിച്ചുകൊണ്ടാണ് നാം ഇതു ചെയ്യേണ്ടത്. തന്റെ മുമ്പിലെ ആനന്ദമോർത്ത്, അവിടന്ന് അപമാനം അവഗണിച്ച് ക്രൂശിനെ സഹിക്കുകയും ദൈവസിംഹാസനത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുകയും ചെയ്തു.