ദാവീദിന്റെ ഭരണകാലത്തെ സങ്കീർത്തനങ്ങൾ, രചനാകാലം അനിശ്ചിതം

രാജാവായശേഷം ദാവീദ് എഴുതിയ, രചനാകാലവും സന്ദർഭങ്ങളും അനിശ്ചിതമായ സങ്കീർത്തനങ്ങൾ.

ക്രി.മു. 1015

Biblica® Open Malayalam Contemporary Version™ (OMCV)

സങ്കീർത്തനങ്ങൾ 6

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, അങ്ങയുടെ കോപത്തിൽ എന്നെ ശകാരിക്കുകയോ

അങ്ങയുടെ ക്രോധത്തിൽ എന്നെ ശിക്ഷിക്കുകയോ അരുതേ.

2 യഹോവേ, എന്നോടു കരുണയുണ്ടാകണമേ, ഞാൻ ക്ഷീണിതനായിരിക്കുന്നു;

യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്റെ അസ്ഥികൾ കഠിനവ്യഥയിൽ ആയിരിക്കുന്നു.

3 എന്റെ പ്രാണൻ അത്യധികം അസ്വസ്ഥമായിരിക്കുന്നു.

ഇനിയും എത്രനാൾ, യഹോവേ, എത്രനാൾ?

4 യഹോവേ, തിരികെവന്ന് എന്റെ പ്രാണനെ മോചിപ്പിക്കണമേ,

അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ.

5 മൃതരായവരാരും അങ്ങയെ ഓർക്കുന്നില്ല.

പാതാളത്തിൽനിന്ന് ആര് അങ്ങയെ വാഴ്ത്തും?

6 എന്റെ ഞരക്കത്താൽ ഞാൻ ക്ഷീണിതനായിരിക്കുന്നു.

രാത്രിമുഴുവനുമുള്ള വിലാപത്താൽ ഞാൻ എന്റെ കിടക്കയെ കണ്ണീരിൽ നീന്തിത്തുടിക്കുമാറാക്കുന്നു,

എന്റെ കട്ടിൽ ഞാൻ കണ്ണീരിനാൽ കുതിർക്കുന്നു.

7 സങ്കടത്താൽ എന്റെ കണ്ണുകൾ മങ്ങുന്നു;

എന്റെ സകലശത്രുക്കൾനിമിത്തം അവ ബലഹീനമാകുന്നു.

8 അതിക്രമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടകലുക,

കാരണം യഹോവ എന്റെ വിലാപം കേട്ടിരിക്കുന്നു.

9 കരുണയ്ക്കായുള്ള എന്റെ യാചന യഹോവ കേട്ടിരിക്കുന്നു;

യഹോവ എന്റെ പ്രാർഥന സ്വീകരിച്ചിരിക്കുന്നു.

10 എന്റെ ശത്രുക്കളെല്ലാം ലജ്ജിതരും അസ്വസ്ഥരുമാകും;

തൽക്ഷണം അവർ അപമാനിതരായി പുറംതിരിഞ്ഞോടും.

സങ്കീർത്തനങ്ങൾ 8

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ഞങ്ങളുടെ കർത്താവായ യഹോവേ,

അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!

അങ്ങയുടെ മഹത്ത്വം അവിടന്ന്

ആകാശത്തിൽ സ്ഥാപിച്ചിരിക്കുന്നു.

2 ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും സ്തുതികളിൽ

അവിടത്തെ ശത്രുക്കൾക്കെതിരേ ഒരു കോട്ട പണിതിരിക്കുന്നു

വൈരികളെയും പ്രതികാരദാഹികളെയും നിശ്ശബ്ദരാക്കുന്നതിനുതന്നെ.

3 അവിടത്തെ വിരലുകളുടെ പണിയായ

ആകാശം,

അങ്ങു സ്ഥാപിച്ച

ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ നോക്കുമ്പോൾ,

4 അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ,

അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം?

5 അങ്ങ് അവരെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തി;

തേജസ്സും ബഹുമാനവും അവരെ മകുടമായി അണിയിച്ചിരിക്കുന്നു.

6 അവിടത്തെ കൈവേലകളുടെമേൽ അങ്ങേക്ക് ആധിപത്യം നൽകി;

സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു—

7 ആടുകൾ, കന്നുകാലികൾ,

കാട്ടിലെ സകലമൃഗങ്ങൾ,

8 ആകാശത്തിലെ പറവകൾ,

സമുദ്രത്തിലെ മത്സ്യങ്ങൾ,

സമുദ്രമാർഗേ ചരിക്കുന്ന എല്ലാറ്റിനെയുംതന്നെ.

9 ഞങ്ങളുടെ കർത്താവായ യഹോവേ,

അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!

സംഗീതസംവിധായകന്. “പുത്രവിയോഗരാഗത്തിൽ.”

സങ്കീർത്തനങ്ങൾ 12

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, സഹായിക്കണമേ, ദൈവഭക്തർ ഇല്ലാതെപോകുന്നു;

വിശ്വസ്തർ മനുഷ്യഗണത്തിൽനിന്നു മാഞ്ഞുപോയിരിക്കുന്നു.

2 എല്ലാവരും തങ്ങളുടെ അയൽവാസികളോട് കളവുപറയുന്നു;

അവർ അധരങ്ങളിൽ മുഖസ്തുതിയും

ഹൃദയത്തിൽ വഞ്ചനയുംവെച്ച് സംസാരിക്കുന്നു.

3 മുഖസ്തുതി പറയുന്ന എല്ലാ അധരങ്ങളും

അഹന്തപൊഴിക്കുന്ന എല്ലാ നാവും യഹോവ മുറിച്ചെറിയട്ടെ—

4 അവർ പറയുന്നു,

“ഞങ്ങളുടെ നാവിനാൽ ഞങ്ങൾ ജയിക്കും;

ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ—

ആരാണ് ഇനി ഞങ്ങൾക്ക് ഭരണകർത്താവ്?”

5 “പീഡിതരുടെ നാശവും ദരിദ്രരുടെ നെടുവീർപ്പും നിമിത്തം,

ഞാൻ ഇപ്പോൾ എഴുന്നേൽക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.

“അവരുടെ പീഡകരിൽനിന്ന് ഞാൻ അവരെ കാത്തുരക്ഷിക്കും.”

6 യഹോവയുടെ വചനങ്ങൾ കളങ്കരഹിതമാകുന്നു,

കളിമണ്ണുലയിൽ ഏഴുപ്രാവശ്യം ഉരുക്കി,

ശുദ്ധിചെയ്ത വെള്ളിപോലെയാണ്.

7 യഹോവേ, അങ്ങ് പീഡിതരെ സുരക്ഷിതരാക്കും

ദുഷ്ടരിൽനിന്ന് എന്നും അവരെ സംരക്ഷിക്കും,

8 മനുഷ്യർക്കിടയിൽ നിന്ദ്യമായവ ആദരിക്കപ്പെടുമ്പോൾ

ദുഷ്ടർ എല്ലായിടത്തും സ്വതന്ത്രരായി വിഹരിക്കുന്നു.

സംഗീതസംവിധായകന്.

സങ്കീർത്തനങ്ങൾ 19

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ആകാശം ദൈവത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുന്നു;

ആകാശവിതാനം അവിടത്തെ കരവിരുത് വിളംബരംചെയ്യുന്നു.

2 പകൽ പകലിനോട് നിരന്തരം സംസാരിക്കുന്നു;

രാത്രി രാത്രിക്ക് വിജ്ഞാനം പകരുന്നു.

3 അവിടെ സംഭാഷണമില്ല, വാക്കുകളില്ല;

ശബ്ദാരവം കേൾക്കാനുമില്ല.

4 എന്നിട്ടും അവയുടെ സ്വരമാധുര്യം ഭൂതലമെങ്ങും പരക്കുന്നു,

അവയുടെ വാക്കുകൾ ലോകത്തിന്റെ അതിർത്തിവരെയും ചെന്നെത്തുന്നു.

ആകാശത്തിൽ ദൈവം സൂര്യനൊരു കൂടാരം അടിച്ചിരിക്കുന്നു.

5 അതു മണിയറയിൽനിന്നു പുറത്തേക്കുവരുന്ന മണവാളനെപ്പോലെയും

തന്റെ ഓട്ടം ഓടിത്തികയ്ക്കുന്നതിൽ ആനന്ദിക്കുന്ന വീരശൂരനെപ്പോലെയുമാണ്.

6 ആകാശത്തിന്റെ ഒരു കോണിലത് ഉദയംചെയ്യുന്നു

മറ്റേക്കോണിലേക്ക് അത് അതിന്റെ പ്രയാണം തുടരുന്നു;

അതിന്റെ ഉഷ്ണത്തിൽനിന്നോടിയൊളിക്കാൻ ഒന്നിനും കഴിയുന്നില്ല.

7 യഹോവയുടെ ന്യായപ്രമാണം സമ്പൂർണമാണ്,

അതു പ്രാണനു നവജീവൻ നൽകുന്നു.

യഹോവയുടെ നിയമവ്യവസ്ഥകൾ വിശ്വാസയോഗ്യമാണ്,

അതു ബുദ്ധിഹീനരെ ജ്ഞാനികളാക്കുന്നു.

8 യഹോവയുടെ പ്രമാണങ്ങൾ കുറ്റമറ്റവയാണ്,

അതു ഹൃദയത്തിന് ആനന്ദമേകുന്നു.

യഹോവയുടെ ആജ്ഞകൾ പ്രകാശപൂരിതമാകുന്നു,

അതു കണ്ണുകൾക്ക് വെളിച്ചമേകുന്നു.

9 യഹോവാഭക്തി നിർമലമായത്,

അത് എന്നെന്നേക്കും നിലനിൽക്കുന്നു.

യഹോവയുടെ ഉത്തരവുകൾ സുസ്ഥിരമായവ,

അവയെല്ലാം നീതിയുക്തമായവ.

10 അതു സ്വർണത്തെക്കാളും

തങ്കത്തെക്കാളും അമൂല്യമായവ;

അതു തേനിനെക്കാളും

തേനടയിലെ തേനിനെക്കാളും മാധുര്യമേറിയത്.

11 അവയാൽ അവിടത്തെ ദാസനു ശാസനം ലഭിക്കുന്നു;

അവയെ പാലിക്കുന്നതിൽ മഹത്തായ പ്രതിഫലമുണ്ട്.

12 എന്നാൽ സ്വന്തം തെറ്റുകളെ വിവേചിച്ചറിയാൻ ആർക്കാണു സാധിക്കുന്നത്?

എന്നിൽ മറഞ്ഞിരിക്കുന്ന പാപങ്ങൾ ക്ഷമിക്കണമേ.

13 മനഃപൂർവമായി ചെയ്യുന്ന പാപങ്ങളിൽനിന്ന് അവിടത്തെ ദാസനെ കാത്തുപാലിക്കണമേ.

അവ എന്റെമേൽ ആധിപത്യം ഉറപ്പിക്കാതിരിക്കട്ടെ.

അപ്പോൾ ഞാൻ നിരപരാധിയും

മഹാപാതകത്തിൽനിന്ന് വിമോചനം കിട്ടിയയാളും ആയിരിക്കും.

14 എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,

എന്റെ അധരങ്ങളിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും

തൃക്കണ്ണുകൾക്കു സ്വീകാര്യമായിരിക്കട്ടെ.

സംഗീതസംവിധായകന്.

സങ്കീർത്തനങ്ങൾ 23

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.

2 പച്ചപ്പുൽമേടുകളിൽ അവിടന്ന് എന്നെ കിടത്തുന്നു,

പ്രശാന്തമായ ജലാശയങ്ങളിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു,

3 എന്റെ പ്രാണന് അവിടന്ന് നവജീവൻ പകരുന്നു.

തിരുനാമംനിമിത്തം

എന്നെ നീതിപാതകളിൽ നടത്തുന്നു.

4 മരണനിഴലിൻ താഴ്വരയിൽക്കൂടി

ഞാൻ സഞ്ചരിച്ചെന്നാലും,

ഒരു അനർഥവും ഞാൻ ഭയപ്പെടുകയില്ല,

എന്നോടൊപ്പം അവിടന്നുണ്ടല്ലോ;

അവിടത്തെ വടിയും കോലും

എന്നെ ആശ്വസിപ്പിക്കുന്നു.

5 എന്റെ ശത്രുക്കളുടെമുമ്പിൽ,

അങ്ങ് എനിക്കൊരു വിരുന്നൊരുക്കുന്നു.

എന്റെ ശിരസ്സിൽ അവിടന്ന് തൈലാഭിഷേകം നടത്തുന്നു;

എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

6 എന്റെ ആയുഷ്കാലമെല്ലാം

നന്മയും കരുണയും എന്നെ പിൻതുടരും, നിശ്ചയം,

ഞാൻ യഹോവയുടെ ആലയത്തിൽ

നിത്യം വസിക്കും.