ദാവീദിന്റെ ഭരണകാലത്തെ സങ്കീർത്തനങ്ങൾ, രചനാകാലം അനിശ്ചിതം (continued)

രാജാവായശേഷം ദാവീദ് എഴുതിയ, രചനാകാലവും സന്ദർഭങ്ങളും അനിശ്ചിതമായ സങ്കീർത്തനങ്ങൾ.

ക്രി.മു. 1015

Biblica® Open Malayalam Contemporary Version™ (OMCV)

സങ്കീർത്തനങ്ങൾ 24

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കുള്ളത്,

ഭൂലോകവും അതിൽ അധിവസിക്കുന്ന സകലരും;

2 കാരണം, സമുദ്രത്തിന്മേൽ അവിടന്ന് അതിന് അടിസ്ഥാനമിടുകയും

ജലവിതാനങ്ങൾക്കുമേൽ അത് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.

3 യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക?

അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക?

4 വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ,

വിഗ്രഹത്തിൽ ആശ്രയിക്കാതെയും

വ്യാജശപഥം ചെയ്യാതെയുമിരിക്കുന്നവർതന്നെ.

5 അവർ യഹോവയിൽനിന്നുള്ള അനുഗ്രഹം ആസ്വദിക്കുകയും

അവരുടെ രക്ഷകനായ ദൈവത്തിൽനിന്നു കുറ്റവിമുക്തി പ്രാപിക്കുകയും ചെയ്യും.

6 ഇങ്ങനെയുള്ളവരാകുന്നു അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറ,

യാക്കോബിന്റെ ദൈവമേ, തിരുമുഖം തേടുന്നവർ ഇവർതന്നെ. സേലാ.

7 കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക;

പുരാതന കവാടങ്ങളേ, ഉയരുക,

മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.

8 മഹത്ത്വത്തിന്റെ രാജാവ് ആരാണ്?

ശക്തനും വീരനുമായ യഹോവ,

യുദ്ധവീരനായ യഹോവതന്നെ.

9 കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക;

പുരാതന കവാടങ്ങളേ, ഉയരുക,

മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.

10 മഹത്ത്വത്തിന്റെ രാജാവ് ആരാണ്?

സൈന്യങ്ങളുടെ യഹോവ—

അവിടന്നാണ് മഹത്ത്വത്തിന്റെ രാജാവ്. സേലാ.

സങ്കീർത്തനങ്ങൾ 28–29

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;

എന്റെ പാറയായ അങ്ങ്,

അവിടത്തെ കാതുകൾ എന്റെമുമ്പിൽ കൊട്ടിയടയ്ക്കരുതേ.

അവിടന്ന് മൗനം അവലംബിച്ചാൽ,

കുഴിയിൽ വെക്കപ്പെടുന്നവരെപ്പോലെ ഞാൻ ആയിത്തീരും.

2 അവിടത്തെ അതിവിശുദ്ധ സ്ഥലത്തേക്ക്

ഞാൻ എന്റെ കരങ്ങൾ ഉയർത്തുമ്പോൾ,

സഹായത്തിനായി ഞാൻ വിളിക്കുമ്പോൾത്തന്നെ

കരുണയ്ക്കായുള്ള എന്റെ വിലാപം കേൾക്കണമേ.

3 അധർമം പ്രവർത്തിക്കുന്നവരോടും

ദുഷ്ടരോടുമൊപ്പം എന്നെ വലിച്ചിഴയ്ക്കരുതേ,

അവർ അയൽവാസികളോട് സൗഹൃദത്തോടെ സംസാരിക്കുന്നു

എന്നാൽ, ഹൃദയത്തിലവർ ദോഷം ആസൂത്രണംചെയ്യുന്നു.

4 അവരുടെ പ്രവൃത്തികൾക്കും ദ്രോഹകർമങ്ങൾക്കും

യോഗ്യമായത് അവർക്കു നൽകണമേ;

അവരുടെ കൈകളുടെ പ്രവൃത്തികൾക്ക്

അവരർഹിക്കുന്ന പ്രതിഫലംതന്നെ നൽകണമേ.

5 കാരണം അവർ യഹോവയുടെ പ്രവൃത്തികൾ ആദരിക്കുന്നില്ല

അവിടത്തെ കരവേലയോടും അങ്ങനെതന്നെ,

അവിടന്ന് അവരെ ഇടിച്ചുനിരത്തും,

പിന്നീടൊരിക്കലും പുനർനിർമിക്കുകയില്ല.

6 യഹോവ വാഴ്ത്തപ്പെടട്ടെ,

കരുണയ്ക്കായുള്ള എന്റെ യാചന അവിടന്ന് കേട്ടിരിക്കുന്നല്ലോ.

7 യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു;

എന്റെ ഹൃദയം അങ്ങയിൽ ആശ്രയിക്കുകയും അവിടന്നെന്നെ സഹായിക്കുകയുംചെയ്യുന്നു.

എന്റെ ഹൃദയം ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു,

എന്നിൽനിന്നുയരുന്ന സംഗീതത്തോടെ ഞാൻ അവിടത്തെ സ്തുതിക്കും.

8 യഹോവ തന്റെ ജനത്തിന്റെ ശക്തിയാകുന്നു,

തന്റെ അഭിഷിക്തന് രക്ഷനൽകുന്ന ഉറപ്പുള്ള കോട്ടയും ആകുന്നു.

9 അങ്ങയുടെ ജനത്തെ രക്ഷിക്കുകയും അവിടത്തെ അവകാശത്തെ അനുഗ്രഹിക്കുകയും ചെയ്യണമേ;

അവർക്ക് ഇടയനായിരുന്ന് എപ്പോഴും അവരെ കരങ്ങളിൽ വഹിക്കണമേ.

ദാവീദിന്റെ ഒരു സങ്കീർത്തനം.

29:1 ദൈവപുത്രന്മാരേ, യഹോവയ്ക്കു കൊടുക്കുക,

യഹോവയ്ക്കു മഹത്ത്വവും ശക്തിയും കൊടുക്കുക.

2 യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക;

യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.

3 യഹോവയുടെ ശബ്ദം ആഴിക്കുമീതേ മുഴങ്ങുന്നു;

മഹത്ത്വത്തിന്റെ ദൈവം ഇടിമുഴക്കുന്നു,

യഹോവയുടെ ശബ്ദം പെരുവെള്ളത്തിനുമീതേ മുഴങ്ങുന്നു.

4 യഹോവയുടെ ശബ്ദം ശക്തിയുള്ളതാണ്;

യഹോവയുടെ ശബ്ദം പ്രതാപമേറിയതാണ്.

5 യഹോവയുടെ ശബ്ദം ദേവദാരുക്കളെ പിളർക്കുന്നു

യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു.

6 അവിടന്ന് ലെബാനോനെ ഒരു കാളക്കിടാവിനെപ്പോലെ തുള്ളിച്ചാടിക്കുന്നു,

ശിര്യോനെ ഒരു കാട്ടുകാളക്കിടാവിനെപ്പോലെയും.

7 യഹോവയുടെ ശബ്ദം

അഗ്നിജ്വാലകളെ ഉതിർക്കുന്നു

8 യഹോവയുടെ ശബ്ദം മരുഭൂമിയെ പ്രകമ്പനംകൊള്ളിക്കുന്നു;

യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു.

9 യഹോവയുടെ ശബ്ദം വന്മരങ്ങളെ ചുഴറ്റുന്നു

വനത്തെ തോലുരിച്ച് നഗ്നമാക്കുന്നു.

കർത്താവിന്റെ ആലയത്തിൽ എല്ലാവരും “മഹത്ത്വം!” എന്ന് ആർപ്പിടുന്നു.

10 യഹോവ ജലപ്രളയത്തിനുമീതേ സിംഹാസനസ്ഥനായിരിക്കുന്നു

യഹോവ എന്നേക്കും രാജാവായി വാഴുന്നു.

11 യഹോവ തന്റെ ജനത്തിനു ശക്തിനൽകുന്നു;

യഹോവ തന്റെ ജനത്തിനു സമാധാനമരുളി അനുഗ്രഹിക്കുന്നു.

സങ്കീർത്തനങ്ങൾ 38

ദാവീദിന്റെ ഒരു നിവേദനസങ്കീർത്തനം.

1 യഹോവേ അങ്ങയുടെ കോപത്താൽ എന്നെ ശാസിക്കുകയോ

അവിടത്തെ ക്രോധത്താൽ എന്നെ ശിക്ഷിക്കുകയോ അരുതേ.

2 അവിടത്തെ അസ്ത്രങ്ങളെന്നെ കുത്തിത്തുളച്ചിരിക്കുന്നു,

തിരുക്കരം എന്റെമേൽ പതിച്ചിരിക്കുന്നു.

3 അവിടത്തെ ക്രോധത്താൽ എന്റെ ശരീരത്തിൽ ആരോഗ്യം അവശേഷിച്ചിട്ടില്ല;

എന്റെ പാപംനിമിത്തം എന്റെ അസ്ഥികളുടെ ബലം നശിച്ചിരിക്കുന്നു.

4 എന്റെ പാതകം എന്നെ കീഴടക്കിയിരിക്കുന്നു

ദുസ്സഹമാം ഭാരംപോലെ അതെന്നെ ഞെരുക്കുന്നു.

5 എന്റെ പാപപങ്കിലമാം ഭോഷത്തങ്ങളാൽ

എന്റെ മുറിവുകൾ അറപ്പുളവാക്കുന്ന വ്രണങ്ങളായി മാറിയിരിക്കുന്നു.

6 ഞാൻ കുനിഞ്ഞു നിലംപറ്റിയിരിക്കുന്നു;

ദിവസംമുഴുവനും വിലാപത്താൽ ഞാനുഴലുന്നു.

7 എന്റെ അരക്കെട്ട് ദുസ്സഹവേദനയാൽ നിറഞ്ഞുകത്തുന്നു;

എന്റെ ശരീരത്തിനു യാതൊരു സൗഖ്യവുമില്ല.

8 ഞാൻ ബലം ക്ഷയിച്ചു പൂർണമായും തകർന്നിരിക്കുന്നു;

ഹൃദയവ്യഥകൊണ്ട് ഞാൻ ഉച്ചത്തിൽ ഞരങ്ങുന്നു.

9 കർത്താവേ, എന്റെ സകല അഭിലാഷങ്ങളും അവിടത്തെ മുമ്പാകെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു;

എന്റെ നെടുവീർപ്പ് തിരുമുമ്പിൽ മറഞ്ഞിരിക്കുന്നതുമില്ല.

10 എന്റെ ഹൃദയം നിയന്ത്രണമില്ലാതെ തുടിക്കുന്നു, എന്റെ ശക്തി ചോർന്നൊലിക്കുന്നു;

എന്റെ കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടിരിക്കുന്നു.

11 എന്റെ വ്രണംനിമിത്തം എന്റെ സ്നേഹിതരും ചങ്ങാതികളും എന്നെ തിരസ്കരിച്ചിരിക്കുന്നു;

എന്റെ അയൽവാസികൾ എന്നിൽനിന്ന് അകലം പാലിക്കുന്നു.

12 എനിക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവർ എനിക്കെതിരേ കെണിവെക്കുന്നു,

എന്നെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർ എന്റെ നാശത്തെപ്പറ്റി ചർച്ചചെയ്യുന്നു;

ദിവസംമുഴുവനും അവർ കുതന്ത്രങ്ങൾ മെനയുന്നു.

13 ഒന്നും കേൾക്കാൻ കഴിയാത്ത ബധിരനെപ്പോലെ ഞാൻ ആയിരിക്കുന്നു,

സംസാരിക്കാനാകാത്ത മൂകനെപ്പോലെയും

14 അധരങ്ങളിൽ മറുപടിയൊന്നും അവശേഷിച്ചിട്ടില്ലാത്ത ഒരുവനെപ്പോലെയും

കേൾക്കാൻ കഴിയാത്ത ബധിരനെപ്പോലെയും ഞാൻ ആയിരിക്കുന്നു

15 യഹോവേ, ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു;

എന്റെ ദൈവമായ കർത്താവേ, അവിടന്നെനിക്ക് ഉത്തരമരുളണമേ.

16 “എന്റെ കാൽവഴുതുമ്പോൾ അഹങ്കരിക്കുന്നവരോ

ആഹ്ലാദത്തിൽ തിമിർക്കുന്നവരോ ആയിത്തീരാതിരിക്കട്ടെ,” എന്നു ഞാൻ പറഞ്ഞു.

17 കാരണം ഞാൻ വീഴാറായിരിക്കുന്നു,

എന്റെ വേദന എപ്പോഴും എന്റെ കൂടെയുണ്ട്.

18 എന്റെ അകൃത്യങ്ങൾ ഞാൻ ഏറ്റുപറയുന്നു;

എന്റെ പാപത്തെക്കുറിച്ചു ഞാൻ വ്യാകുലപ്പെടുന്നു.

19 എനിക്ക് പ്രബലരായ അനവധി ശത്രുക്കളുണ്ട്;

അകാരണമായി എന്നെ വെറുക്കുന്നവരും അസംഖ്യം.

20 ഞാൻ ചെയ്യുന്ന നന്മകൾക്കുപകരം അവരെന്നോട് തിന്മചെയ്യുന്നു

ഞാൻ നന്മമാത്രം അന്വേഷിക്കുന്നതിനാൽ,

അവർ എനിക്കു വിരോധികളായിരിക്കുന്നു.

21 യഹോവേ, എന്നെ ഉപേക്ഷിക്കരുതേ;

എന്റെ ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ.

22 എന്റെ രക്ഷകനായ കർത്താവേ,

എന്റെ സഹായത്തിനായി അതിവേഗം വരണമേ.

യെദൂഥൂൻ എന്ന സംഗീതസംവിധായകന്.