യെഹൂദരും യെഹൂദേതരരുമായ ക്രിസ്ത്യാനികൾക്കു പത്രോസ് എഴുതുന്നു
പീഡനകാലത്ത് തന്റെ ലേഖനത്തിന്റെ തുടക്കത്തിൽ പേരെടുത്തുപറയുന്ന പുറജാതിദേശങ്ങളിൽ അഭയം തേടിയ യെഹൂദർക്കും, വിശ്വാസത്തിലേക്കു വന്ന യെഹൂദേതരർക്കും പത്രോസ് തന്റെ ആദ്യ ലേഖനം എഴുതുന്നു. തങ്ങളുടെ മതത്തിനുവേണ്ടി സന്തോഷത്തോടെ കഷ്ടം സഹിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും, ശത്രുക്കളുടെ അപവാദങ്ങളെ ലജ്ജിപ്പിക്കേണ്ടതിന് വിശുദ്ധവും കുറ്റമറ്റതുമായ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്താനുമാണ് അദ്ദേഹം എഴുതുന്നത്.
ക്രി.പി. 65 അല്ലെങ്കിൽ 66
Biblica® Open Malayalam Contemporary Version™ (OMCV)
യെഹൂദരും യെഹൂദേതരരുമായ ക്രിസ്ത്യാനികളെ പത്രോസ് അഭിവാദനം ചെയ്യുന്നു
പ്രവാചകന്മാരിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്റെ മുന്നറിവനുസരിച്ച്, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ സുവിശേഷം അനുസരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട യെഹൂദർക്കും യെഹൂദേതരർക്കുമുള്ള പത്രോസിന്റെ അഭിവാദനവും അനുഗ്രഹവചനവും. ഇതിലൂടെ അവർ ക്രിസ്തുവിന്റെ പാപപരിഹാരരക്തത്തിൽനിന്നു ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളിലും പങ്കാളികളാകുന്നു.
1 യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രോസ്,
പൊന്തോസ്, ഗലാത്യ, കപ്പദോക്യ, ഏഷ്യ, ബിഥുന്യ എന്നീ പ്രവിശ്യകളിൽ പ്രവാസികളായി ചിതറിപ്പാർക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവർക്ക്, എഴുതുന്നത്: 2 പിതാവായ ദൈവത്തിന്റെ പൂർവജ്ഞാനത്തിന് അനുസൃതമായി തെരഞ്ഞെടുക്കപ്പെട്ടവരായ നിങ്ങൾ, പരിശുദ്ധാത്മാവിനാലുള്ള വിശുദ്ധീകരണത്താൽ യേശുക്രിസ്തുവിനെ അനുസരിക്കുന്നവരും അവിടത്തെ രക്തത്താൽ വിശുദ്ധി ലഭിച്ചവരും ആയിത്തീർന്നിരിക്കുന്നല്ലോ.
നിങ്ങൾക്കു കൃപയും സമാധാനവും സമൃദ്ധമായി ഉണ്ടാകുമാറാകട്ടെ.
അവരുടെ പുതുജനനത്തിനായി പത്രോസ് ദൈവത്തെ സ്തുതിക്കുന്നു
നശിപ്പിക്കാനാകാത്ത ഒരു അവകാശത്തിൽ പങ്കാളികളാകേണ്ടതിന്, യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ മരണാനന്തരജീവിതത്തിന്റെ പ്രത്യാശയിലേക്കു യെഹൂദരെയും യെഹൂദേതരരെയും ആത്മികമായി ജനിപ്പിച്ചതിനായി പത്രോസ് ദൈവത്തെ സ്തുതിക്കുന്നു. പലവിധ കഷ്ടതകളാൽ ദുഃഖിതരാണെങ്കിലും ഈ രക്ഷയുടെ പ്രത്യാശയിൽ അവർ അത്യന്തം ആനന്ദിക്കണം. അവരുടെ വിശ്വാസം തെളിയിക്കപ്പെടാൻ ഈ കഷ്ടതകൾ ആവശ്യമാണ്. വിശ്വാസത്തിന്റെ പരിശോധന സ്വർണത്തിന്റെ പരിശോധനയെക്കാൾ വിലയേറിയതാണ്; കാരണം യേശുക്രിസ്തുവിന്റെ വരവിൽ അത് അവർക്ക് നിത്യമായ മഹത്ത്വവും പ്രശംസയും നേടിക്കൊടുക്കുന്നു. അദ്ദേഹത്തെ കാണുന്നില്ലെങ്കിലും, തങ്ങളുടെ വിശ്വാസത്തിന്റെ പ്രതിഫലമായ ആത്മരക്ഷ അദ്ദേഹത്തിൽനിന്നു ലഭിക്കുമെന്നറിഞ്ഞ് അവർ അദ്ദേഹത്തിൽ രക്ഷകനെന്ന നിലയിൽ അത്യന്തം ആനന്ദിക്കുന്നു. പ്രവാചകന്മാർ ഈ രക്ഷയെക്കുറിച്ച് മുൻകൂട്ടി അറിയിച്ചു. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെയും അവയെ തുടർന്നുവരുന്ന മഹത്ത്വങ്ങളെയും അനുഗ്രഹങ്ങളെയും കുറിച്ച് ദൈവത്തിന്റെ ആത്മാവ് മുൻകൂട്ടി സാക്ഷ്യപ്പെടുത്തിയപ്പോൾ, ഏതു കാലത്തെയും ഏതു ജനത്തെയുമാണ് സൂചിപ്പിച്ചതെന്ന് അറിയാൻ അവർ ശ്രദ്ധയോടെ അന്വേഷിച്ചു. അതേ പരിശുദ്ധാത്മാവിനാൽ ഈ ദൗത്യത്തിനായി ശക്തി ലഭിച്ച അപ്പൊസ്തലന്മാർ ഇപ്പോൾ ലോകത്തെ അറിയിച്ച കാര്യങ്ങളിൽ, പ്രവാചകന്മാർ ശുശ്രൂഷ ചെയ്തത് തങ്ങൾക്കുവേണ്ടിയല്ല, പിന്നീടുള്ള കാലത്തെ ഒരു ജനത്തിനുവേണ്ടിയാണെന്നും പരിശുദ്ധാത്മാവ് അവർക്കു വെളിപ്പെടുത്തി. മനുഷ്യരെപ്പോലെ ദൂതന്മാരും ഈ രഹസ്യങ്ങളിലേക്ക് “ഉറ്റുനോക്കാൻ ആഗ്രഹിക്കുന്നു” (പുറപ്പാട് 25:20).
3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം! ദൈവത്തിന്റെ മഹാകരുണയാൽ, മരിച്ചവരിൽനിന്ന് യേശുക്രിസ്തു പുനരുത്ഥാനംചെയ്തതിലൂടെ ജീവനുള്ള പ്രത്യാശയിലേക്കു നമുക്കു പുതുജനനം നൽകിയിരിക്കുന്നു. 4 ഈ പ്രത്യാശ, അനശ്വരവും നിർമലവും പ്രഭ മങ്ങാത്തതും സ്വർഗത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ഓഹരി നാം സ്വന്തമാക്കേണ്ടതിനാണ്. 5 അങ്ങനെ, അന്ത്യകാലത്തു വെളിപ്പെടാൻ സജ്ജമാക്കിയിരിക്കുന്ന രക്ഷയ്ക്കായി, വിശ്വാസത്താൽ നാം ദൈവശക്തിയിൽ സംരക്ഷിക്കപ്പെടുന്നു. 6 ഇപ്പോൾ ചുരുങ്ങിയ സമയത്തേക്ക് വിവിധ കഷ്ടതകൾമൂലം വ്യാകുലപ്പെടേണ്ടിവന്നാലും നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന രക്ഷയിൽ അത്യന്തം ആനന്ദിക്കുക. 7 ഈ സഹനം നിങ്ങളുടെ വിശ്വാസത്തിന്റെ മാറ്റുരയ്ക്കലാണ്. അഗ്നിയിൽ സ്ഫുടം ചെയ്യപ്പെടുന്ന, നശ്വരമായ തങ്കത്തെക്കാൾ അമൂല്യമാണ് നിങ്ങളുടെ വിശ്വാസത്തിന്റെ പരിശുദ്ധി. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അത് സ്തുതിക്കും മഹത്ത്വത്തിനും ബഹുമാനത്തിനും കാരണമാകും. 8 നിങ്ങൾ ക്രിസ്തുവിനെ കണ്ടിട്ടില്ലെങ്കിലും അവിടത്തെ സ്നേഹിക്കുന്നു, നിങ്ങൾ ഇപ്പോൾ അവിടത്തെ കാണുന്നില്ലെങ്കിലും വിശ്വസിക്കുന്നു, അങ്ങനെ നിങ്ങൾ തേജോമയവും അവർണനീയവുമായ ആനന്ദത്താൽ നിറഞ്ഞിരിക്കുന്നു. 9 കാരണം നിങ്ങളുടെ വിശ്വാസത്തിന്റെ അന്തിമഫലമായ പ്രാണരക്ഷ കരസ്ഥമാക്കുകയാണല്ലോ.
10 നിങ്ങൾക്ക് ഉണ്ടാകാനിരിക്കുന്ന കൃപയെക്കുറിച്ച് വളരെ ശ്രദ്ധചെലുത്തി സസൂക്ഷ്മം അന്വേഷിച്ചിട്ടാണ് ഈ രക്ഷയെക്കുറിച്ച് പ്രവാചകർ പ്രവചിച്ചത്. 11 അവരിലുള്ള ക്രിസ്തുവിന്റെ ആത്മാവ്, ക്രിസ്തു നേരിടാൻ പോകുന്ന കഷ്ടതയെയും അതിനെ തുടർന്നുള്ള മഹത്ത്വത്തെയുംകുറിച്ചു പ്രവചിക്കുകയും അതിന്റെ സമയവും സന്ദർഭവും കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. 12 അവർ ഈ ശുശ്രൂഷയിലൂടെ ചെയ്ത വെളിപ്പെടുത്തലുകൾ അവർക്കുവേണ്ടി അല്ലായിരുന്നു, പിന്നെയോ, നിങ്ങളെ ഉദ്ദേശിച്ചായിരുന്നു. സ്വർഗത്തിൽനിന്നയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവരിലൂടെയാണ് അതിപ്പോൾ നിങ്ങളോടു പ്രഘോഷിച്ചിരിക്കുന്നത്—ദൈവദൂതന്മാർപോലും ഈ വസ്തുതകളെക്കുറിച്ച് മനസ്സിലാക്കാൻ ത്വരയോടുകൂടി ഇരിക്കുന്നു.
ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവരായി വിശുദ്ധമായ ഭയത്തോടെ ജീവിക്കുക
ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളാൽ നേടിയ അനുഗ്രഹങ്ങളെ അടിസ്ഥാനമാക്കി, എല്ലാ പരീക്ഷണങ്ങളിലും ധൈര്യമുള്ളവരായിരിക്കാൻ പത്രോസ് അവരെ ആഹ്വാനം ചെയ്യുന്നു. ക്രിസ്തു വെളിപ്പെടുന്ന ദിവസത്തിൽ അവർക്കു വാഗ്ദാനം ചെയ്യപ്പെട്ട നിത്യജീവന്റെ പ്രത്യാശ ജീവിതാവസാനംവരെ അവരെ താങ്ങിനിർത്തണം. വിശ്വാസത്തിലേക്കു വരുന്നതിനുമുമ്പ് അവർ പിന്തുടർന്നിരുന്ന മോഹങ്ങൾ ഒഴിവാക്കുകയും, തന്റെ മക്കളാകാൻ അവരെ വിളിച്ച ദൈവത്തിന്റെ വിശുദ്ധി അനുകരിക്കുകയും വേണം; മോശയും ഇങ്ങനെ എഴുതിയിട്ടുണ്ട് (ലേവ്യപുസ്തകം 19:2; 1 പത്രോസ് 5:10; 2:21; 3:9). ഓരോ മനുഷ്യനും പക്ഷപാതമില്ലാതെ സ്വന്തം പ്രവൃത്തികൾക്കനുസരിച്ച് ന്യായം വിധിക്കപ്പെടുന്നതിനാൽ, ഭൂമിയിലെ വാസകാലം ഭക്തിപൂർവമായ ഭയത്തോടെ ചെലവഴിക്കാൻ അവരെ ഉദ്ബോധിപ്പിക്കുന്നു. പിതാക്കന്മാരിൽനിന്നു പാരമ്പര്യമായി ലഭിച്ച അന്ധവിശ്വാസങ്ങൾ, ആചാരങ്ങൾ, ദുഷിച്ച ആരാധനാരീതികൾ എന്നിവയിൽനിന്ന് അവർ വീണ്ടെടുക്കപ്പെട്ടത് ഊനമില്ലാത്ത ഒരു പാപയാഗത്തിന്റേതുപോലെയുള്ള ക്രിസ്തുവിന്റെ രക്തത്താലായതിനാൽ, അവർ അത്രയധികം അങ്ങനെ ജീവിക്കണം. ലോകസ്ഥാപനത്തിനു മുമ്പേ ദൈവത്തിന്റെ ഉദ്ദേശ്യത്തിൽ ക്രിസ്തു നിയമിക്കപ്പെട്ടിരുന്നു; ന്യായപ്രമാണത്തിലെ യാഗം അദ്ദേഹത്തിന്റെ മുൻനിഴലുമായിരുന്നു. എന്നാൽ അവസാന വ്യവസ്ഥയായ സുവിശേഷത്തിന്റെ കാലത്ത് അദ്ദേഹം യെഹൂദേതരർക്കും വെളിപ്പെടുത്തപ്പെട്ടു. ക്രിസ്തുവിന്റെ ഈ യാഗത്തിൽ പ്രകടമായ ദൈവകരുണയിലുള്ള വിശ്വാസത്തിലൂടെ, അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച് സ്വർഗീയമഹത്ത്വത്തിലേക്ക് ഉയർത്തിയ ദൈവത്തിൽ അവർ വിശ്വസിക്കുന്നു. അങ്ങനെ ദൈവവാഗ്ദാനങ്ങളുടെ നിറവേറ്റലിൽ അവരുടെ വിശ്വാസം ഉറച്ചതായിത്തീരുകയും, ക്രിസ്തുവിലൂടെയുള്ള നിത്യമഹത്ത്വത്തെക്കുറിച്ചുള്ള അവരുടെ പ്രത്യാശ ദൈവത്തിൽ ആയിരിക്കുകയും ചെയ്യുന്നു.
13 ആകയാൽ നിങ്ങൾ അചഞ്ചലചിത്തരായി, പൂർണസുബോധത്തോടെ, യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ നിങ്ങളുടെ പ്രത്യാശ ഉറപ്പിക്കുക. 14 നിങ്ങൾ അജ്ഞതയിൽ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ദുഷ്ടമോഹങ്ങൾക്ക് അനുരൂപമാകാതെ നിങ്ങൾ അനുസരണയുള്ള മക്കളായിത്തീരുക. 15 നിങ്ങളെ തെരഞ്ഞെടുത്ത ദൈവം വിശുദ്ധനാകുകയാൽ, നിങ്ങളും സകലപ്രവൃത്തികളിലും വിശുദ്ധിയുള്ളവരാകുക. 16 “ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങളും വിശുദ്ധർ ആയിരിക്കുക” എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
17 ഓരോരുത്തരുടെയും പ്രവൃത്തികൾക്ക് അനുസൃതമായി, പക്ഷഭേദംകൂടാതെ ന്യായംവിധിക്കുന്ന ദൈവത്തെ നിങ്ങൾ പിതാവെന്ന് വിളിക്കുന്നു. അതിനാൽ ഭൂമിയിലെ നിങ്ങളുടെ പ്രവാസജീവിതം ഭയഭക്തിയോടെ ആയിരിക്കട്ടെ. 18 നിങ്ങളുടെ പൂർവികരിൽനിന്നു സ്വായത്തമാക്കിയ അർഥശൂന്യമായ പാരമ്പര്യത്തിൽനിന്നു നിങ്ങളുടെ വിമോചനം സാധിച്ചത് സ്വർണം, വെള്ളി മുതലായ നശ്വരമായ വസ്തുക്കൾകൊണ്ടല്ല, 19 പിന്നെയോ, നിർമലവും കളങ്കരഹിതവുമായ ക്രിസ്തു എന്ന കുഞ്ഞാടിന്റെ അമൂല്യരക്തത്താൽ ആണ്. 20 ലോകാരംഭത്തിനു മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തെരഞ്ഞെടുത്തിരുന്നു. എങ്കിലും ഈ അന്തിമദിനങ്ങളിലാണ് ദൈവം ക്രിസ്തുവിനെ നിങ്ങൾക്കുവേണ്ടി പ്രത്യക്ഷനാക്കിയത്. 21 ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും തേജസ്കരിക്കുകയുംചെയ്ത ദൈവത്തിൽ, ക്രിസ്തു മുഖാന്തരം നിങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ ആയിരിക്കുകയും ചെയ്യുന്നു.
വീണ്ടും ജനിച്ചവരായി പരസ്പരം സ്നേഹിക്കുക
ക്രിസ്തുയേശുവിൽ വിശ്വസിച്ചതിലൂടെ ജഡികമോഹങ്ങളിൽനിന്ന് ഹൃദയം ശുദ്ധീകരിക്കപ്പെട്ടവരോട്, വീണ്ടും ജനിച്ച സഹോദരന്മാരെന്ന നിലയിൽ പരസ്പരം സ്നേഹിക്കാൻ പത്രോസ് ആഹ്വാനം ചെയ്യുന്നു. കപടമായ ആചാരങ്ങളാലും വാക്കുകളാലുമല്ല, ജഡികവികാരങ്ങളിൽനിന്നു സ്വതന്ത്രമായ ശുദ്ധഹൃദയത്തോടെയാണ് അവർ സ്നേഹിക്കേണ്ടത്. മാനുഷിക മാതാപിതാക്കളിൽനിന്നുള്ള വംശപരമ്പരയാലല്ല, ദിവ്യവും സ്വർഗീയവുമായ ഒരു ഉറവിടത്താൽ, അതായത് എന്നേക്കും നിലനിൽക്കുന്ന ജീവനുള്ള ദൈവത്തിന്റെ ഉപദേശത്താലാണ് അവർ വീണ്ടും ജനിച്ചിരിക്കുന്നത്.
22 നിങ്ങൾ സത്യം അനുസരിച്ചതിലൂടെ നിങ്ങൾക്ക് വിശുദ്ധീകരണം ലഭിച്ചു; അത് നിഷ്കപടമായ സഹോദരസ്നേഹത്തിനുവേണ്ടിയാണ്, അതുകൊണ്ട് നിങ്ങൾ ഹൃദയശുദ്ധിയോടെ പരസ്പരം ഗാഢമായി സ്നേഹിക്കുക. 23 നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരബീജത്താലല്ല; അനശ്വരവും ജീവനുള്ളതും ശാശ്വതവുമായ ദൈവവചനത്താൽത്തന്നെ.
24 “എല്ലാ മാനവരും തൃണസമാനരും,
അവരുടെ സർവമഹിമയും വയലിലെ പൂപോലെയും!
പുല്ലു വാടുന്നു, പൂക്കൾ കൊഴിയുന്നു;
25 കർത്താവിന്റെ വചനമോ ചിരകാലത്തേക്കുമുള്ളത്.”
ആ തിരുവചനംതന്നെയാണ് ഞങ്ങൾ നിങ്ങളോട് അറിയിച്ച സുവിശേഷം.
ദൈവത്തിന്റെ ആത്മിക ആലയത്തിലെ ജീവനുള്ള കല്ലുകൾ
മുൻസ്വഭാവത്തിലെ എല്ലാ ദുഷ്പ്രവണതകളും ഉപേക്ഷിക്കാനും, ദിവ്യകൃപയാൽ വീണ്ടും ജനിച്ച ശിശുക്കളെന്നപോലെ സുവിശേഷത്തിന്റെ ശുദ്ധമായ പാലിനായി വാഞ്ഛിക്കാനും പത്രോസ് അവരെ ഉദ്ബോധിപ്പിക്കുന്നു. അവരുടെ പുതിയ സ്വഭാവം പോഷണം ലഭിച്ച് പക്വതയിലേക്കു വളരേണ്ടതിനാണിത്; കാരണം രണ്ടാമത്തേതും ആത്മികവുമായ ജനനത്തിൽ കർത്താവിന്റെ നന്മയും ശ്രേഷ്ഠതയും അവർ ഇതിനകം രുചിച്ചറിഞ്ഞിട്ടുണ്ട് (സങ്കീർത്തനങ്ങൾ 34:8). ജീവനുള്ള അടിസ്ഥാനക്കല്ലിന്റെ അടുക്കലെന്നപോലെ വിശ്വാസത്താൽ അദ്ദേഹത്തിന്റെ അടുക്കൽ വരുമ്പോൾ, അവർ അദ്ദേഹത്തിന്മേൽ പണിയപ്പെടുകയും അദ്ദേഹത്തിന്റെ ജീവനിൽ പങ്കാളികളാകുകയും ചെയ്യുന്നു. അങ്ങനെ അവർ ഒരു ആത്മിക ആലയവും, ക്രിസ്തുവിലൂടെ പ്രാർഥനയുടെയും സ്തുതിയുടെയും യാഗങ്ങൾ അർപ്പിക്കാൻ നിയമിക്കപ്പെട്ട പുരോഹിതസമൂഹവുമായിത്തീരുന്നു (പുറപ്പാട് 19:6; വെളിപ്പാട് 1:6). അതുകൊണ്ടാണ് സീയോനിൽ “തിരഞ്ഞെടുക്കപ്പെട്ടതും വിലയേറിയതുമായ ഒരു മൂലക്കല്ല്” സ്ഥാപിക്കപ്പെടുമെന്ന് യെശയ്യാവ് പ്രഖ്യാപിച്ചത് (യെശയ്യാവ് 28:16). ദൈവത്തിന്റെ പുതിയ ആലയത്തിന്റെ അടിസ്ഥാനമായി അത് കെട്ടിടത്തിന്റെ രണ്ടു വശങ്ങളായ യെഹൂദരെയും യെഹൂദേതരരെയും ഒരു സഭയായി ഒന്നിപ്പിക്കുന്നു (എഫേസ്യർ 2:21). വിശ്വസിക്കുന്നവർ ഈ കെട്ടിടത്തിന്റെ ഭാഗമാണ്. എന്നാൽ അനുസരിക്കാത്തവരെക്കുറിച്ച്, തള്ളിക്കളയപ്പെട്ട ഈ അടിസ്ഥാനക്കല്ല് ദൈവത്തിന്റെ പുതിയ ആലയത്തിന്റെ “മൂലക്കല്ലായിത്തീർന്നിരിക്കുന്നു” എന്നും (സങ്കീർത്തനങ്ങൾ 118:22), ക്രിസ്തുവിൽ വിശ്വസിക്കാത്തവർക്ക് “ഇടർച്ചക്കല്ല്” ആയിത്തീർന്നിരിക്കുന്നു എന്നും എഴുതിയിരിക്കുന്നു. യെശയ്യാവ് മുൻകൂട്ടി പറഞ്ഞതുപോലെ, അവർ അതിന്മേൽ വീണ് തകർന്നുപോകും (യെശയ്യാവ് 8:14–15). ഒരിക്കൽ യെഹൂദസഭയ്ക്ക്, ദൈവവുമായുള്ള ഉടമ്പടിയിൽ ഉൾപ്പെട്ട എല്ലാവർക്കും, നൽകിയിരുന്ന സ്ഥാനപ്പേരുകൾ ഉപയോഗിച്ച് പത്രോസ് ക്രിസ്ത്യാനികളുടെ ഉന്നതമായ അവകാശങ്ങളെ വിവരിക്കുന്നു.
1 അതുകൊണ്ട് സകലവിദ്വേഷവും സകലവഞ്ചനയും കപടഭാവവും അസൂയയും എല്ലാവിധ അപവാദപ്രചാരണങ്ങളും ഉപേക്ഷിക്കുക. 2-3 കർത്താവ് നല്ലവനെന്ന് നിങ്ങൾ രുചിച്ചറിഞ്ഞിട്ടുണ്ടല്ലോ. ആകയാൽ, ശുദ്ധമായ ആത്മികപാൽ കുടിക്കാൻ നവജാതശിശുക്കളെപ്പോലെ അതിയായി ആഗ്രഹിക്കുക. അങ്ങനെ നിങ്ങൾക്ക് രക്ഷയിൽ വളരാൻ സാധിക്കും.
4 മനുഷ്യർ ഉപേക്ഷിച്ചതും എന്നാൽ ദൈവം തെരഞ്ഞെടുത്തതും അമൂല്യവും ജീവനുള്ള പാറയുമായ ക്രിസ്തുവിന്റെ അടുത്തേക്കാണ് നിങ്ങൾ വന്നുചേർന്നിരിക്കുന്നത്. 5 യേശുക്രിസ്തുമുഖേന ദൈവത്തിന് സ്വീകാര്യമായ ആത്മികയാഗങ്ങൾ അർപ്പിക്കുന്നതിനുള്ള വിശുദ്ധപുരോഹിതഗണമായിത്തീരണം നിങ്ങൾ. അതിനായി ജീവനുള്ള കല്ലുകളെപ്പൊലെ ഒരു ആത്മികഗൃഹമായി പണിയപ്പെടുകയാണ്. 6 തിരുവെഴുത്തിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു,
“ഇതാ, സീയോനിൽ ഞാനൊരു കല്ല് സ്ഥാപിക്കുന്നു,
തെരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ ഒരു മൂലക്കല്ലുതന്നെ;
കർത്താവിൽ വിശ്വസിക്കുന്ന ആരും
ഒരിക്കലും ലജ്ജിതരാകുകയില്ല.”
7 വിശ്വസിക്കുന്ന നിങ്ങൾക്ക് ഈ ശില അമൂല്യമാണ്, എന്നാൽ വിശ്വസിക്കാത്തവർക്കോ,
“ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ
മൂലക്കല്ലായിത്തീർന്നിരിക്കുന്നു.”
8 മാത്രമല്ല,
“ഇത് കാലിടറിക്കുന്ന കല്ലും
നിലംപരിചാക്കുന്ന പാറയുമാണ്.”
വചനം അനുസരിക്കാത്തവർക്ക് കാലിടറുന്നു. അതാണ് അവരുടെ നിയോഗം.
9 എന്നാൽ, അന്ധകാരത്തിൽനിന്ന് നിങ്ങളെ അത്ഭുതജ്യോതിയിലേക്കു വിളിച്ച്, തെരഞ്ഞെടുക്കപ്പെട്ട ജനവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം അവകാശവുമാക്കിത്തീർത്തത് അവിടത്തെ മാഹാത്മ്യത്തെ വർണിക്കുന്നതിനുവേണ്ടിയാണ്. 10 ഒരുകാലത്ത് നിങ്ങൾ ദൈവജനം ആയിരുന്നില്ല. എന്നാൽ ഇപ്പോൾ ദൈവത്തിന്റെ ജനമാണ്. ഒരിക്കൽ നിങ്ങൾ കരുണ ലഭിക്കാത്തവർ ആയിരുന്നു, എന്നാൽ ഇപ്പോഴോ, നിങ്ങൾക്ക് കരുണ ലഭിച്ചിരിക്കുന്നു.
അന്യദേശക്കാരെന്ന നിലയിൽ എല്ലാ മാനുഷിക ഭരണകൂടങ്ങൾക്കും കീഴടങ്ങുക
പുരാതന ഇസ്രായേല്യരെ സൂചിപ്പിച്ചുകൊണ്ട് (എബ്രായർ 11:13), ഭൂമിയിൽ അവകാശമില്ലാത്ത അന്യദേശക്കാരും തീർഥാടകരുമെന്ന നിലയിൽ സ്വർഗീയദേശത്തെ അന്വേഷിക്കാനും, ആത്മാവിനെ അടിമപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്ന ജഡികമോഹങ്ങളിൽനിന്ന് അകന്നിരിക്കാനും പത്രോസ് അവരെ ആഹ്വാനം ചെയ്യുന്നു. ഏഷ്യയിലും പൊന്തോസിലും മറ്റു ദേശങ്ങളിലും അവർ യഥാർഥത്തിൽ അന്യദേശക്കാരും തീർഥാടകരുമായിരുന്നു. തങ്ങളുടെ സൽപ്രവൃത്തികളാൽ ശത്രുക്കളുടെ അപവാദങ്ങൾ ഖണ്ഡിക്കപ്പെടുന്ന വിധത്തിൽ അവർ ജീവിക്കണം. തങ്ങളുടെ മതം രാജാക്കന്മാർക്കും ഭരണാധികാരികൾക്കും കീഴടങ്ങാൻ അവരെ വിമുഖരാക്കുന്നുവെന്ന് അവകാശപ്പെട്ട ഭോഷന്മാരുടെ അജ്ഞതയെ നിശ്ശബ്ദമാക്കേണ്ടതിന്, കർത്താവിനുവേണ്ടി എല്ലാ രൂപത്തിലുള്ള മാനുഷിക ഭരണകൂടങ്ങൾക്കും അവർ കീഴടങ്ങണം. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന നിലയിൽ, സ്വന്തം നിയമങ്ങളാൽ ഭരിക്കപ്പെടുന്ന സ്വതന്ത്രരാണെന്നു യെഹൂദർ അഭിമാനിച്ചിരുന്നു. ഇതു മനസ്സിൽ വെച്ചുകൊണ്ട്, തങ്ങളുടെ മതത്തിന്റെ നിയമങ്ങൾ അകമേ തങ്ങളെ ഭരിക്കാൻ അനുവദിക്കണമെന്നും, എന്നാൽ യെഹൂദർ ചെയ്തതുപോലെ സ്വാതന്ത്ര്യത്തെ കലാപത്തിനുള്ള മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായി ജീവിക്കണമെന്നും പത്രോസ് അവരോട് ആവശ്യപ്പെടുന്നു.
11 പ്രിയരേ, വിദേശികളും അഭയാർഥികളുമായി ഈ ലോകത്ത് വസിക്കുന്ന നിങ്ങളുടെ പ്രാണനോടു പോരാടുന്ന എല്ലാ പാപകരമായ ആസക്തികളിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ ഞാൻ നിങ്ങളെ നിർബന്ധിക്കുന്നു. 12 യെഹൂദേതരരുടെ ഇടയിൽ നിങ്ങളുടെ പെരുമാറ്റം മാന്യമായിരിക്കണം, നിങ്ങൾ ദുർവൃത്തരെന്ന് അവർ വ്യാജപ്രചാരണം നടത്തിയാലും നിങ്ങളുടെ സൽപ്രവൃത്തികൾ വീക്ഷിച്ച് കർത്താവിന്റെ സന്ദർശനദിവസത്തിൽ അവർ ദൈവത്തെ മഹത്ത്വപ്പെടുത്തും.
13 കർത്താവിനെ ഓർത്ത്, മാനുഷികമായ എല്ലാ വ്യവസ്ഥാപിത അധികാരികൾക്കും വിധേയരാകുക; പരമാധികാരി എന്നനിലയിൽ രാജാവിനും 14 അദ്ദേഹം നിയമിച്ചിരിക്കുന്ന ഭരണാധികാരികൾക്കും വിധേയരാകുക. കുറ്റവാളികളെ ശിക്ഷിക്കാനും നന്മ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കാനുമാണ് ഇവർ നിയമിക്കപ്പെട്ടിരിക്കുന്നത്. 15 വ്യാജപ്രചാരണം നടത്തുന്നവരുടെ അറിവില്ലായ്മയെ നിങ്ങൾ നന്മ ചെയ്തുകൊണ്ട് നിശ്ശബ്ദമാക്കണം എന്നതാണ് ദൈവഹിതം. 16 നിങ്ങൾ സ്വതന്ത്രരാണ്, എന്നാൽ ദൈവത്തിന്റെ ദാസരുമാണ്. അതുകൊണ്ട് നിങ്ങളുടെ സ്വാതന്ത്ര്യം തിന്മചെയ്യുന്നതിനു മറയാക്കരുത്. 17 എല്ലാവരെയും ബഹുമാനിക്കുക. സഹോദരസമൂഹത്തെ സ്നേഹിക്കുക, ദൈവത്തെ ഭയപ്പെടുക, ഭരണാധികാരിയെ ബഹുമാനിക്കുക.
ക്രിസ്തു കഷ്ടം സഹിച്ചതുപോലെ ദാസന്മാരും കഷ്ടം സഹിക്കണം
ഗൃഹാടിമകളെയും ദാസന്മാരെയും തങ്ങളുടെ യജമാനന്മാരെ കീഴ്വണക്കത്തോടും ബഹുമാനത്തോടുംകൂടെ അനുസരിക്കാൻ പത്രോസ് ഉദ്ബോധിപ്പിക്കുന്നു; അവർ ക്രൂരരും അനീതിയുള്ളവരുമാണെങ്കിലും അങ്ങനെ ചെയ്യണം. തങ്ങൾ സേവിക്കുന്നവരുടെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കരുത് അവരുടെ അനുസരണം. തങ്ങൾക്കുവേണ്ടി കഷ്ടം സഹിച്ച ക്രിസ്തുവിന്റെ കാൽച്ചുവടുകൾ പിന്തുടരേണ്ടതിന്, അദ്ദേഹത്തിന്റെ മാതൃക അനുസരിച്ച് നന്മ ചെയ്യുന്നതിനായി അവർ കഷ്ടം സഹിക്കണം. അദ്ദേഹത്തിൽ പാപം ഉണ്ടായിരുന്നില്ല (യെശയ്യാവ് 53:6). പാപത്തിന്റെ അധികാരത്തിൽനിന്ന് മനുഷ്യനെ മോചിപ്പിക്കേണ്ടതിന്, പാപത്തിനു ലഭിക്കേണ്ട ശിക്ഷ അദ്ദേഹം വഹിച്ചു.
18 ദാസരേ, നിങ്ങളുടെ യജമാനന്മാർക്ക് എല്ലാ അർഥത്തിലും ബഹുമാനം നൽകി അവർക്ക് കീഴടങ്ങിയിരിക്കുക. നല്ലവരെയും മാന്യരെയുംമാത്രമല്ല ക്രൂരരെയും ബഹുമാനിക്കുക. 19 ഒരാൾ അന്യായമായി കഷ്ടത അനുഭവിക്കുമ്പോൾ ദൈവാവബോധം നിമിത്തം സഹിക്കുകയാണെങ്കിൽ അതു പ്രശംസനീയമാണ്. 20 തെറ്റു ചെയ്തതിന് ശിക്ഷ അനുഭവിച്ചിട്ട്, പിന്നീട് “ഞാൻ അതു ക്ഷമയോടുകൂടി സഹിച്ചു” എന്നു പറയുന്നതിൽ എന്തു നേട്ടമാണുള്ളത്? നന്മ ചെയ്തിട്ടു ശിക്ഷ അനുഭവിക്കേണ്ടിവരികയും അതു ക്ഷമയോടെ സഹിക്കുകയുംചെയ്യുന്നത് ദൈവത്തിനു പ്രസാദകരമാണ്. 21 ഇങ്ങനെ കഷ്ടത സഹിക്കുന്നതിനുവേണ്ടിയാണ് ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തു നിങ്ങൾക്കുവേണ്ടി കഷ്ടം സഹിച്ചത് നിങ്ങൾ അവിടത്തെ മാതൃക പിൻതുടരേണ്ടതിനുവേണ്ടിയായിരുന്നു.
22 “അവിടന്ന് ഒരു പാപവും ചെയ്തിട്ടില്ല,
അവിടത്തെ നാവിൽ ഒരു വഞ്ചനയും ഉണ്ടായിരുന്നില്ല.”
23 അധിക്ഷേപിക്കപ്പെട്ടുവെങ്കിലും അവിടന്ന് അതിനു പകരംചോദിച്ചില്ല, പീഡിപ്പിക്കപ്പെട്ടപ്പോൾ ആരെയും ഭീഷണിപ്പെടുത്തിയതുമില്ല; പിന്നെയോ, ന്യായമായി വിധി നടപ്പാക്കുന്ന ദൈവത്തിൽ സ്വയം ഭരമേൽപ്പിക്കുകയാണു ചെയ്തത്. 24 നാം പാപത്തിനു മരിക്കുകയും നീതിക്കുവേണ്ടി ജീവിക്കുകയുംചെയ്യേണ്ടതിന്, “ക്രിസ്തു നമ്മുടെ പാപം സ്വശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിന്മേൽ കയറി; അവിടത്തെ മുറിവുകളാൽ നിങ്ങൾക്കു സൗഖ്യം ലഭിച്ചിരിക്കുന്നു; 25 നിങ്ങൾ വഴിതെറ്റി സഞ്ചരിക്കുന്ന ആടുകളെപ്പോലെയായിരുന്നു;” എന്നാൽ ഇപ്പോൾ നിങ്ങളുടെ ഇടയനും പ്രാണന്റെ നാഥനുമായ ക്രിസ്തുവിന്റെ അടുക്കലാണ് നിങ്ങൾ തിരികെ എത്തിച്ചേർന്നിരിക്കുന്നത്.