ക്രൈസ്തവ ഭാര്യമാരുടെയും ഭർത്താക്കന്മാരുടെയും കടമകൾ
കുടുംബബന്ധങ്ങളിലെ ഉന്നതമായ കടമകൾ അവരോട് ഊന്നിപ്പറയാൻ പത്രോസ് തുടരുന്നു. ഭർത്താക്കന്മാർ വിജാതീയരായിരുന്നാലും, തങ്ങളുടെ വിശുദ്ധമായ പെരുമാറ്റത്താൽ അവരെ സുവിശേഷത്തിന്റെ സ്നേഹത്തിലേക്കും ആചരണത്തിലേക്കും നേടേണ്ടതിന്, ക്രൈസ്തവ ഭാര്യമാർ തങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പ്പെട്ടിരിക്കാൻ അദ്ദേഹം അവരോടു പറയുന്നു. ഭർത്താക്കന്മാരുടെ വാത്സല്യം ഉറപ്പാക്കാൻ, അവർ തങ്ങളുടെ അലങ്കാരം ബാഹ്യരൂപത്തിൽ ഒതുക്കാതെ, അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ചുകൊണ്ട് അദ്ദേഹത്തോടുള്ള തന്റെ കീഴ്പ്പെടൽ അംഗീകരിച്ച സാറയുടെ മാതൃക പിന്തുടർന്ന്, പകരം അത് ആന്തരികവും മറഞ്ഞിരിക്കുന്നതുമായ ആത്മാവിനു നൽകണം. തങ്ങളുടെ ക്രൈസ്തവസ്വഭാവത്തിനു ചേർന്നവിധം പ്രവർത്തിക്കുന്നിടത്തോളം അവർ അവളുടെ പുത്രിമാരാണ്. ക്രൈസ്തവമതത്തിന്റെ കടമകൾ പഠിപ്പിക്കപ്പെട്ടവർക്കു ചേർന്നവിധം തങ്ങളുടെ ഭാര്യമാരോടു പെരുമാറാൻ ക്രൈസ്തവ ഭർത്താക്കന്മാരോടു കൽപ്പിക്കുന്നു.
ക്രി.പി. 65 അല്ലെങ്കിൽ 66
Biblica® Open Malayalam Contemporary Version™ (OMCV)
1 ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർ വചനം അനുസരിക്കാത്തവർ ആണെങ്കിൽക്കൂടി അവർക്ക് വിധേയരാകുക. 2 വാച്യമായ ഉപദേശംകൂടാതെതന്നെ ആദരപൂർണവും നിർമലവുമായ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടാൻ സാധിക്കും. 3 വിചിത്രമായ കേശാലങ്കാരം, സ്വർണാഭരണം, മോടിയേറിയ ഉടയാടകൾ എന്നീ ബാഹ്യ അലങ്കാരങ്ങളിലാകരുത് നിങ്ങളുടെ സൗന്ദര്യം; 4 പിന്നെയോ, വിനീതവും ശാന്തവുമായ മനോഭാവത്തോടുകൂടിയ അനശ്വരസൗന്ദ്യര്യമുള്ള ആന്തരിക വ്യക്തിത്വത്തിൽ അധിഷ്ഠിതമായിരിക്കണം. ഇതാണ് ദൈവദൃഷ്ടിയിൽ അമൂല്യം. 5 ഇങ്ങനെയാണ് ദൈവത്തിൽ പ്രത്യാശ വെച്ചിരുന്ന, വിശുദ്ധവനിതകൾ പൂർവകാലങ്ങളിൽ സ്വന്തം ഭർത്താക്കന്മാർക്കു വിധേയപ്പെട്ട് സ്വയം അലങ്കരിച്ചിരുന്നത്. 6 സാറ അബ്രാഹാമിനെ “യജമാനാ” എന്നു വിളിച്ച് അനുസരിച്ചതുപോലെ യോഗ്യമായത്, അൽപ്പംപോലും പേടിയില്ലാതെ നിങ്ങൾ പ്രവർത്തിച്ചാൽ നിങ്ങളും സാറയുടെ പുത്രിമാർ.
7 അങ്ങനെതന്നെ ഭർത്താക്കന്മാരും സ്ത്രീകൾ ദുർബലപാത്രങ്ങളാണെന്ന് അറിഞ്ഞ്, അവരും ജീവന്റെ കൃപയ്ക്ക് നിങ്ങളോടൊപ്പം കൂട്ടവകാശികൾ ആയിരിക്കുകയാൽ, അവർക്ക് ബഹുമാനം നൽകി അവരോടൊപ്പം പരസ്പരധാരണയോടെ വസിക്കുക. അങ്ങനെയായാൽ നിങ്ങളുടെ പ്രാർഥനയ്ക്ക് തടസ്സം നേരിടുകയില്ല.
തിന്മയ്ക്കു പകരം അനുഗ്രഹം നൽകുക
ഉപസംഹാരമായി, വിവാഹിതരും അവിവാഹിതരുമായ എല്ലാവരെയും ക്രൈസ്തവ ഐക്യത്തിലേക്കും മനസ്സലിവിലേക്കും സ്നേഹത്തിലേക്കും, തിന്മയ്ക്കും അപമാനങ്ങൾക്കും പകരം അനുഗ്രഹം നൽകുന്നതിലേക്കും പത്രോസ് ഉദ്ബോധിപ്പിക്കുന്നു. തങ്ങൾ തിന്മ ചെയ്യുന്നു എന്നു വ്യാജമായി കുറ്റപ്പെടുത്തുന്നവർ ക്രിസ്തുവിലുള്ള അവരുടെ നല്ല പെരുമാറ്റത്താൽ ലജ്ജിതരാകേണ്ടതിന്, അവർ എല്ലായ്പ്പോഴും തങ്ങളുടെ മനസ്സാക്ഷിയുടെ നിർദേശപ്രകാരം പ്രവർത്തിക്കണം. ദൈവേഷ്ടം അവർക്കു കഷ്ടത നിയമിക്കുന്നെങ്കിൽ, തിന്മ ചെയ്തിട്ടു കഷ്ടം സഹിക്കുന്നതിനെക്കാൾ നന്മ ചെയ്തിട്ടു കഷ്ടം സഹിക്കുന്നതാണ് ഉത്തമം.
8 സർവോപരി, നിങ്ങൾ എല്ലാവരും ഐകമത്യത്തോടെ ജീവിക്കുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. സഹാനുഭൂതിയും സഹോദരസ്നേഹവും ദയയും താഴ്മയും ഉള്ളവരായിരിക്കുക. 9 തിന്മയ്ക്കു പകരം തിന്മ ചെയ്യാതെയും അധിക്ഷേപത്തിനു പ്രതികാരമായി അധിക്ഷേപിക്കാതെയും ഇരിക്കുക. അവയ്ക്കുപകരം അനുഗ്രഹം നൽകുക. ഇങ്ങനെ പ്രവർത്തിച്ചുകൊണ്ട് അനുഗ്രഹങ്ങൾ അവകാശമാക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്.
10 “ജീവനെ സ്നേഹിക്കുകയും
ശുഭദിനങ്ങൾ കാംക്ഷിക്കുകയുംചെയ്യുന്നവർ
അവരുടെ നാവിനെ തിന്മയിൽനിന്നും
അവരുടെ അധരങ്ങളെ കപടഭാഷണത്തിൽനിന്നും സൂക്ഷിക്കുക.
11 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക;
സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.
12 കർത്താവിന്റെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു
അവിടത്തെ കാതുകൾ അവരുടെ പ്രാർഥന ശ്രദ്ധിക്കുന്നു,
എന്നാൽ കർത്താവിന്റെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു.”
13 നിങ്ങൾ നന്മചെയ്യാൻ വ്യഗ്രരാണെങ്കിൽ ആര് നിങ്ങളെ ഉപദ്രവിക്കും? 14 നന്മ ചെയ്തിട്ടും കഷ്ടം സഹിക്കുന്നെങ്കിൽ നിങ്ങൾ അനുഗ്രഹിക്കപ്പെടും. “നിങ്ങളെ ഉപദ്രവിക്കുന്നവരുടെ ഭീഷണികൾ ഭയപ്പെടരുത്, അത് ഓർത്ത് വിഷണ്ണരാകരുത്.” 15 നിങ്ങളുടെ ഹൃദയത്തിൽ ക്രിസ്തുവിനെ കർത്താവായി പ്രതിഷ്ഠിക്കൂ. നിങ്ങൾക്കുള്ള പ്രത്യാശയെ ആരെങ്കിലും ചോദ്യംചെയ്താൽ മാന്യതയോടും ബഹുമാനത്തോടും അതിന് പ്രതിവദിക്കാൻ എപ്പോഴും സന്നദ്ധരായിരിക്കണം. 16 നല്ല മനസ്സാക്ഷി ഉള്ളവരായിരിക്കുക; അങ്ങനെയെങ്കിൽ ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെക്കുറിച്ച് അപവാദം പറയുന്നവർ ലജ്ജിതരായിപ്പോകും. 17 നിങ്ങൾ കഷ്ടത സഹിക്കുന്നതു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടു സഹിക്കുന്നതിനെക്കാൾ, നന്മ ചെയ്തിട്ടു സഹിക്കുന്നതാണ് ഉത്തമം.
ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങൾ, നോഹയുടെ പെട്ടകം, സ്നാനം
തങ്ങളുടെ കഷ്ടാനുഭവങ്ങളെ ദൈവത്തിന്റെ അപ്രീതിയുടെ അടയാളമായി അവർ കരുതാതിരിക്കേണ്ടതിന്, വിഷയത്തിൽനിന്ന് അൽപ്പം മാറി, ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങൾ പരിഗണിച്ചുകൊണ്ട് പത്രോസ് അവരെ പ്രോത്സാഹിപ്പിക്കുന്നു. പൂർണനീതിമാനായിരുന്നിട്ടും, മനുഷ്യനെ ദൈവത്തിങ്കലേക്കു കൊണ്ടുവരേണ്ടതിന് ക്രിസ്തു മറ്റുള്ളവരുടെ പാപങ്ങൾക്കുവേണ്ടി കഷ്ടമനുഭവിച്ചു. മനുഷ്യപ്രകൃതിയിൽ അവൻ കൊല്ലപ്പെട്ടു, എന്നാൽ ദൈവത്തിന്റെ ആത്മാവിനാൽ വീണ്ടും ജീവിപ്പിക്കപ്പെട്ടു. നോഹയ്ക്ക് ആത്മികശക്തി നൽകിയ ആ ആത്മാവിനാൽ അവൻ ആത്മാക്കളോടു പ്രസംഗിച്ചു; ആ ആത്മാക്കൾ ഇപ്പോൾ തങ്ങളുടെ പാപങ്ങൾക്കു തക്ക ശിക്ഷ ഏറ്റുവാങ്ങേണ്ടതിന് ദൈവനീതിയുടെ കീഴിൽ ഒരു തടവറയിലെന്നപോലെ അടച്ചുവയ്ക്കപ്പെട്ടിരിക്കുകയായിരുന്നു. പെട്ടകം പണിയപ്പെട്ടുകൊണ്ടിരുന്നപ്പോൾ, അവർ മാനസാന്തരപ്പെട്ടു രക്ഷപ്പെടുമോ എന്നറിയാൻ ദൈവം ക്ഷമയോടെ 120 വർഷം കാത്തിരുന്നു (ഉൽപ്പത്തി 6:3). തുടർന്ന് വിശ്വസിച്ച നോഹയുടെ കുടുംബം വെള്ളത്തിലൂടെ രക്ഷിക്കപ്പെട്ടു. സഭയാകുന്ന പെട്ടകത്തിൽ സ്നാനജലത്തിലൂടെ ക്രിസ്തുവിന്റെ കുടുംബം രക്ഷിക്കപ്പെടുന്നതിന്റെ ഒരു പ്രതിരൂപമായിരുന്നു ഇത്. സ്നാനത്തിലൂടെ അവർ ഒരു പുതിയ ജീവിതാവസ്ഥയിലേക്കു കൊണ്ടുവരപ്പെടുകയും യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ ശവക്കുഴിയിൽനിന്ന് രക്ഷിക്കപ്പെടുകയും ചെയ്യുന്നു. അവൻ സ്വർഗത്തിലേക്കു പോയിരിക്കുന്നു; തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കും രക്ഷ നൽകേണ്ടതിന് ദൂതന്മാരും സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ വിഭാഗം ജീവികളും അവനു കീഴ്പ്പെടുത്തപ്പെട്ടിരിക്കുന്നു.
18 അതുപോലെ നീതിമാനായ ക്രിസ്തു, നീതികെട്ടവരായ നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന്, ഒരിക്കലായി നമ്മുടെ പാപംനിമിത്തം കഷ്ടത അനുഭവിച്ചു. അവിടന്ന് ശരീരത്തിൽ വധിക്കപ്പെട്ടുവെങ്കിലും ആത്മാവിൽ ജീവിപ്പിക്കപ്പെട്ടു. 19 ആത്മാവിൽ അവിടന്ന് ചെന്ന് തടവറയിലെ ആത്മാക്കളോടു പ്രസംഗിച്ചു. 20 അവരാകട്ടെ, മുമ്പ് നോഹയുടെ കാലത്ത്, പെട്ടകം നിർമിച്ചു കൊണ്ടിരുന്നപ്പോൾ ദൈവം ദീർഘക്ഷമയോടെ കാത്തിരുന്നിട്ടും ദൈവത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചവരാണ്. പെട്ടകത്തിന്റെ പണി പൂർത്തീകരിച്ചശേഷം, കുറച്ചുപേർ, എട്ടുപേർമാത്രം, പെട്ടകത്തിലൂടെ പ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു. 21 ആ ജലം സ്നാനത്തിന്റെ ഒരു പ്രതീകം! അത് നിങ്ങളുടെ ശരീരത്തിൽനിന്ന് മാലിന്യം നീക്കിക്കളയുന്നതിനല്ല; മറിച്ച്, ദൈവത്തോടു നാം ചെയ്യുന്ന നല്ല മനസ്സാക്ഷിക്കുള്ള ഉടമ്പടിയാണ്. യേശുക്രിസ്തുവിന്റെ ഉയിർപ്പിലൂടെയാണ് നിങ്ങളുടെ രക്ഷ സാധ്യമാകുന്നത്. 22 അവിടന്ന് സ്വർഗാരോഹണംചെയ്ത് ദൈവത്തിന്റെ വലതുഭാഗത്തിരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും ക്രിസ്തുവിന് അധീനമായിരിക്കുന്നു.
പാപത്തിനു മരിച്ചവർ, ദൈവഹിതത്തിനായി ജീവിക്കുന്നവർ
ക്രിസ്തു മനുഷ്യനുവേണ്ടി ജഡത്തിൽ വേദനാജനകമായ മരണം അനുഭവിച്ചതിനാൽ, അവരും ജഡത്തെ ക്രൂശിക്കണമെന്ന് പത്രോസ് ആഹ്വാനം ചെയ്യുന്നു. കാരണം, ജഡത്തെ കൊന്നവർ പാപം ചെയ്യുന്നതു നിർത്തിയിരിക്കുന്നു, അഥവാ പാപത്തിനു മരിച്ചിരിക്കുന്നു. അവർ ശേഷിക്കുന്ന ജീവിതം ജഡത്തിന്റെ മോഹങ്ങൾക്കനുസരിച്ചല്ല, ദൈവഹിതത്തിനനുസരിച്ചാണ് ജീവിക്കുന്നത്. യെഹൂദേതരർ മുഴുകിയിരുന്ന ലജ്ജാകരമായ മ്ലേച്ഛതകളിലും ദുർവൃത്തികളിലും അവർ തങ്ങളുടെ കഴിഞ്ഞകാല ജീവിതത്തിന്റെ വളരെയധികം ഭാഗം ചെലവഴിച്ചുകഴിഞ്ഞു. അതേ അതിരുകടന്ന അഴിഞ്ഞാട്ടത്തിൽ അവർ പങ്കുചേരാത്തതിനാൽ യെഹൂദേതരർ ഇപ്പോൾ ആശ്ചര്യപ്പെടുകയും അവരെ ദുഷിക്കുകയും ചെയ്യുന്നു. നീതിമാന്മാരെയും ദുഷ്ടന്മാരെയും ന്യായം വിധിക്കുന്നവനോടു തങ്ങൾ കണക്കു ബോധിപ്പിക്കേണ്ടതുണ്ടെന്ന് അവർ മറക്കുന്നു. അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ചിരുന്ന യെഹൂദേതരരോടു സുവിശേഷം പ്രസംഗിക്കപ്പെട്ടത് ഈ കാരണത്താലാണ്: വിശ്വസിച്ചവർ ആത്മാവിൽ ദൈവഹിതമനുസരിച്ചു ജീവിക്കുമ്പോഴും, ജഡത്താൽ നിയന്ത്രിക്കപ്പെടുന്ന മനുഷ്യരാൽ ന്യായം വിധിക്കപ്പെടുകയോ കുറ്റം വിധിക്കപ്പെടുകയോ ചെയ്തേക്കാം.
1 ക്രിസ്തു ശരീരത്തിൽ കഷ്ടം സഹിച്ചതിനാൽ നിങ്ങളും അതുപോലെതന്നെ കഷ്ടം സഹിക്കാൻ സന്നദ്ധരായിരിക്കുക. കാരണം, ശാരീരിക കഷ്ടതകൾ പാപത്തിന് തടയിടുന്നു. 2 തത്ഫലമായി ശാരീരിക കഷ്ടത അനുഭവിക്കുന്ന വ്യക്തി, പാപകരമായ മാനുഷികമോഹങ്ങൾ പൂർത്തീകരിക്കാനല്ല, മറിച്ച്, ശിഷ്ടായുസ്സ് ദൈവഹിതം അന്വേഷിക്കുന്നയാളായി ജീവിക്കും. 3 കഴിഞ്ഞകാലങ്ങളിൽ, യെഹൂദേതരർ ഇഷ്ടപ്പെട്ടതും അവർ അനുവർത്തിച്ചുവന്നതുമായ, കുത്തഴിഞ്ഞ ജീവിതരീതി, ദുർമോഹം, മദ്യപാനം, മദിരോത്സവം, കൂത്താട്ടം, നിഷിദ്ധമായ വിഗ്രഹാരാധന തുടങ്ങിയവയിൽ നിങ്ങൾ ജീവിച്ചിരുന്നു. 4 അവരുടെ അപരിഷ്കൃതവും നാശകരവുമായ ചര്യകളിൽ നിങ്ങൾ അവരോടൊപ്പം പങ്കു ചേരാത്തതിൽ അവർ അത്ഭുതപ്പെടുകയും നിങ്ങളെ ദുഷിക്കുകയുംചെയ്യുന്നു. 5 എന്നാൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായംവിധിക്കാൻ തയ്യാറായിരിക്കുന്ന ദൈവത്തിനുമുമ്പാകെ അവർ കണക്കു ബോധിപ്പിക്കേണ്ടിവരും. 6 അതുകൊണ്ടാണ് ഇപ്പോൾ മൃതാവസ്ഥയിലിരിക്കുന്നവരോടും സുവിശേഷം പ്രസംഗിച്ചത്. അവർ സകലമനുഷ്യരെയുംപോലെ മരണത്തിന് വിധിക്കപ്പെടുന്നവരെങ്കിലും ആത്മാവിൽ ദൈവത്തെപ്പോലെ ജീവിക്കുന്നു.
അവരെ പീഡിപ്പിക്കുന്നവരുടെ അധികാരം ഉടൻ അവസാനിക്കും
യെഹൂദജനതയുടെയും രാഷ്ട്രത്തിന്റെയും ആസന്നമായ നാശത്തിൽ, അവരെ കഠിനമായി പീഡിപ്പിക്കുന്നവരുടെ അധികാരം ഉടൻ നശിപ്പിക്കപ്പെടുമെന്ന ഉറപ്പു നൽകി പത്രോസ് അവരെ ആശ്വസിപ്പിക്കുന്നു. അതിൽനിന്ന് രക്ഷപ്പെടേണ്ടതിന് എല്ലാ അശുദ്ധിക്കുമെതിരെ ജാഗരൂകരായിരിക്കാനും പ്രാർഥിക്കാനും, പരസ്പരമുള്ള തെറ്റുകൾ സഹിക്കുകയോ മായിച്ചുകളയുകയോ ചെയ്യുന്ന ഉറ്റസ്നേഹം പുലർത്താനും അദ്ദേഹം അവരെ ഉദ്ബോധിപ്പിക്കുന്നു. ഈ പീഡനകാലത്ത് അസൗകര്യം വകവയ്ക്കാതെ അവർ പരസ്പരം അതിഥിസൽക്കാരം ചെയ്യണം. കർത്താവിൽനിന്ന് തനിക്കു ലഭിച്ച ദൈവിക പരിപാലനത്തിന്റെയും കൃപയുടെയും ദാനങ്ങൾക്കനുസരിച്ച് ഓരോരുത്തനും സേവിക്കണം. ദൈവവചനത്തെക്കുറിച്ചു സംസാരിക്കുന്നവൻ “ദൈവത്തിന്റെ വചനങ്ങൾ അറിയിക്കുന്നവനെപ്പോലെ” സംസാരിക്കണം. ദരിദ്രരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശുശ്രൂഷിക്കുന്നവൻ, ദൈവം തനിക്കു നൽകിയ വിഭവങ്ങളിൽനിന്നെന്നപോലെ അതു ചെയ്യുകയും യേശുക്രിസ്തുവിലൂടെ ദൈവത്തിനു മഹത്ത്വം നൽകുകയും വേണം.
7 എന്നാൽ, സകലത്തിന്റെയും അന്ത്യം ആസന്നമായിരിക്കുന്നു. അതുകൊണ്ടു നിങ്ങൾ പ്രാർഥനയിൽ സമചിത്തതയും ജാഗ്രതയും പുലർത്തുക. 8 സർവോപരി പരസ്പരം അഗാധമായി സ്നേഹിക്കുക; സ്നേഹം സംഖ്യാതീതമായ പാപങ്ങൾ മറയ്ക്കുന്നു. 9 പരാതികൂടാതെ പരസ്പരം ആതിഥ്യമര്യാദ കാണിക്കുക. 10 ദൈവത്തിൽനിന്നു ലഭിച്ച വിവിധ കൃപാദാനങ്ങളുടെ നല്ല കാര്യസ്ഥരായി ഓരോരുത്തരും തങ്ങൾക്കു ലഭിച്ചിരിക്കുന്ന ദാനങ്ങൾ മറ്റുള്ളവരെ സേവിക്കുന്നതിനായി ഉപയോഗിക്കുക. 11 പ്രസംഗിക്കുന്നയാൾ ദൈവത്തിന്റെ അരുളപ്പാടുകൾ പ്രസ്താവിക്കട്ടെ. ശുശ്രൂഷിക്കുന്നയാൾ ദൈവം നൽകിയ ശക്തിക്കനുസൃതമായി അതു ചെയ്യട്ടെ. അങ്ങനെ യേശുക്രിസ്തുവിലൂടെ ദൈവത്തിന്റെ നാമം എല്ലാവിധത്തിലും മഹത്ത്വപ്പെടട്ടെ. അവിടത്തേക്ക് മഹത്ത്വവും അധികാരവും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ. ആമേൻ.
ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളിൽ പങ്കുചേരുന്നതിൽ ആനന്ദിക്കുക
തങ്ങളുടെ വിശ്വാസം പരിശോധിക്കാൻ ഉദ്ദേശിച്ചുള്ള, തങ്ങളുടെമേൽ വരുന്ന വിപത്തുകളിലും പീഡനങ്ങളിലും ആശ്ചര്യപ്പെടാതെ, പകരം ആനന്ദിക്കാൻ പത്രോസ് ക്രിസ്ത്യാനികൾക്കു മുന്നറിയിപ്പു നൽകുന്നു; കാരണം, അവയിലൂടെ അവർ ക്രിസ്തുവിന്റെ കഷ്ടതകളിൽ പങ്കുചേരുന്നു, അവിടത്തോടുകൂടെ മഹത്ത്വപ്പെടേണ്ടതിനുതന്നെ. ക്രിസ്ത്യാനികളായിരിക്കുന്നതിനാൽ അപമാനിക്കപ്പെടുന്നവർ അനുഗൃഹീതരാണ്; കാരണം, യേശുവിന്മേൽ ആവസിച്ച ദിവ്യാത്മാവ് അവരുടെമേലും ആവസിക്കുന്നു: അവരെ പീഡിപ്പിക്കുന്നവരാൽ ക്രിസ്തു ദുഷിക്കപ്പെടുന്നു, എന്നാൽ അവരുടെ കഷ്ടതകളാൽ അവിടന്ന് ബഹുമാനിക്കപ്പെടുന്നു. ഇക്കാരണത്താൽ, മഹത്ത്വമോ പ്രതിഫലമോ നൽകാത്ത, തങ്ങളുടെതന്നെ യാതൊരു കുറ്റകൃത്യത്തിനുംവേണ്ടി കഷ്ടം സഹിക്കരുതെന്ന് (അവിശ്വാസികളായ യെഹൂദർ അടിമപ്പെട്ടിരുന്നവയുടെ പേരുകൾ പറഞ്ഞുകൊണ്ട്) അദ്ദേഹം അവർക്കു മുന്നറിയിപ്പു നൽകുന്നു. എന്നാൽ ഒരു ക്രിസ്ത്യാനി ആയിരിക്കുന്നതിനാൽ കഷ്ടം സഹിക്കുന്ന ഏവനും, ശിക്ഷ എത്ര ലജ്ജാകരമായിരുന്നാലും, ലജ്ജിക്കാതെ, പകരം വിശുദ്ധനായിരുന്നതിനാൽ കഷ്ടം സഹിച്ച കർത്താവിനെ മഹത്ത്വപ്പെടുത്തണം. ഒരു ജനത എന്ന നിലയിൽ യെഹൂദരുടെ ശിക്ഷയ്ക്കുള്ള സമയം ഇപ്പോൾ വന്നിരിക്കുന്നു; അതു ദൈവഭവനത്തിൽ ആരംഭിക്കേണ്ടതാണ് (യോഹന്നാൻ 16:2; മത്തായി 23:35; യെഹെസ്കേൽ 9:6). അത് ആദ്യം വിശ്വസിക്കുന്ന യെഹൂദരിൽ ആരംഭിക്കുന്നെങ്കിൽ, സുവിശേഷം അനുസരിക്കാത്തവരുടെമേൽ എത്ര ഭയാനകമായ നാശം വരും? ജെറുശലേമിന്മേലുള്ള ദൈവത്തിന്റെ ന്യായവിധിയിൽനിന്നു ക്രിസ്ത്യാനികൾ വളരെ പ്രയാസപ്പെട്ടുമാത്രം രക്ഷപ്പെടുന്നെങ്കിൽ, ഭക്തികെട്ടവർക്കും പാപികൾക്കും എങ്ങനെ വിടുതൽ പ്രത്യാശിക്കാൻ കഴിയും? നീതിനിമിത്തം കഷ്ടം സഹിക്കുന്ന യെഹൂദേതരരോടും യെഹൂദരോടും, വിശ്വസ്തനായ സ്രഷ്ടാവിന് എന്നപോലെ തങ്ങളുടെ ജീവനെ ദൈവത്തിനു ഭരമേൽപ്പിക്കാൻ പത്രോസ് പറയുന്നു; അവർ നന്മ ചെയ്യുന്നതിൽ തുടരുന്നെങ്കിൽ, തന്റെ സൃഷ്ടികളും മക്കളും എന്ന നിലയിൽ അവിടന്ന് അവരെ പരിപാലിക്കുകയും അവർക്കു നിത്യജീവൻ നൽകുകയും ചെയ്യും.
12 പ്രിയരേ, നിങ്ങളുടെ മാറ്റുരയ്ക്കുന്ന അഗ്നിപരീക്ഷകൾ നേരിടുമ്പോൾ അസാധാരണമായത് എന്തോ സംഭവിച്ചു എന്നതുപോലെ അത്ഭുതപ്പെടരുത്; 13 ക്രിസ്തുവിന്റെ കഷ്ടതകളിൽ നിങ്ങൾ പങ്കാളികളാകുന്നതിൽ ആനന്ദിക്കുകയാണ് വേണ്ടത്. അങ്ങനെ അവിടത്തെ മഹത്ത്വം വെളിപ്പെടുമ്പോൾ നിങ്ങൾക്ക് അത്യധികം ആനന്ദിക്കാൻ സാധിക്കും. 14 നിങ്ങൾ ക്രിസ്തുവിന്റെ നാമംമൂലം അവഹേളിക്കപ്പെടുന്നെങ്കിൽ, അനുഗ്രഹിക്കപ്പെട്ടവരാണ്. കാരണം, മഹത്ത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെമേൽ അധിവസിക്കുന്നു. 15 നിങ്ങൾ കൊലപാതകിയോ മോഷ്ടാവോ ദുഷ്കർമിയോ അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നയാളോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്. 16 ക്രിസ്ത്യാനിയായിട്ട് പീഡനം സഹിക്കുന്നതിൽ ലജ്ജിക്കേണ്ടതില്ല; മറിച്ച്, ക്രിസ്തുവിന്റെ നാമം വഹിച്ചുകൊണ്ട് ദൈവത്തെ മഹത്ത്വപ്പെടുത്തുകയാണു വേണ്ടത്. 17 ദൈവഭവനത്തിൽ ന്യായവിധി ആരംഭിക്കാൻ സമയം ആസന്നമായിരിക്കുന്നു; അത് നമ്മിലാണ് ആരംഭിക്കുന്നതെങ്കിൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ ഗതി എന്തായിരിക്കും!
18 “നീതിനിഷ്ഠർ രക്ഷപ്രാപിക്കുന്നത് ദുഷ്കരമെങ്കിൽ,
അഭക്തരുടെയും പാപികളുടെയും ഗതി എന്താകും!”
19 അതുകൊണ്ട്, ദൈവഹിതപ്രകാരം കഷ്ടം അനുഭവിക്കുന്നവർ, വിശ്വസ്തനായ സ്രഷ്ടാവിനു തങ്ങളെത്തന്നെ സമർപ്പിച്ചുകൊണ്ട് നന്മ പ്രവർത്തിച്ചുകൊണ്ടിരിക്കട്ടെ.
മൂപ്പന്മാർ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കണം
ക്രിസ്തുവിന്റെ കഷ്ടതകളുടെ (തോട്ടത്തിലും, അവിടത്തെ ബന്ധനസമയത്തും, മഹാപുരോഹിതന്റെ അരമനയിലും) ഒരു ദൃക്സാക്ഷിയും, രൂപാന്തരത്തിന്റെ മഹത്ത്വം കാണുകയും അതിൽ പങ്കുചേരുകയും ചെയ്തവനുമെന്ന നിലയിൽ, ക്രിസ്തുവിന്റെ ആട്ടിൻകൂട്ടത്തെ വിശ്വസ്തതയോടെ മേയിക്കാൻ പത്രോസ് മൂപ്പന്മാരെ ഉദ്ബോധിപ്പിക്കുന്നു. പീഡനത്തിന്റെ ഈ കാലത്ത് അവർ അധ്യക്ഷന്മാരുടെ, അഥവാ മേൽവിചാരകന്മാരുടെ, വേല ചെയ്യണം; നിർബന്ധിക്കപ്പെട്ടിട്ടല്ല, മനസ്സോടെ; ഉപജീവനത്തിനുവേണ്ടിയല്ല, ദൈവമഹത്ത്വം പരിപോഷിപ്പിക്കാനുള്ള ഉത്സാഹമുള്ള ആഗ്രഹത്തോടെ. ദൈവത്തിന്റെ അവകാശമായ ആട്ടിൻകൂട്ടങ്ങളുടെമേൽ അവർ കർത്തൃത്വം നടത്താതെ, താഴ്മയുടെയും എല്ലാ ക്രൈസ്തവസദ്ഗുണങ്ങളുടെയും മാതൃകകളായി അവർക്കു മുമ്പിൽ ഇരിക്കണം. ആട്ടിൻകൂട്ടങ്ങൾ ആർക്കുള്ളതോ ആ പ്രധാന ഇടയൻ പ്രത്യക്ഷനാകുമ്പോൾ, തങ്ങളുടെ കടമ നിറവേറ്റിയവർക്ക് അവിടന്നിൽനിന്നു മഹത്ത്വത്തിന്റെ കിരീടം ലഭിക്കും.
1 ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾക്ക് സാക്ഷിയും ഇനി വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തിന്റെ പങ്കാളിയും നിങ്ങളുടെ ഒരു കൂട്ടുമുഖ്യനുമായ ഞാൻ നിങ്ങളുടെ മധ്യത്തിൽ ശുശ്രൂഷചെയ്യുന്ന സഭാമുഖ്യന്മാരെ ഉദ്ബോധിപ്പിക്കുന്നത്: 2 നിങ്ങളുടെ പരിപാലനത്തിന് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയിക്കുക; നിങ്ങൾ അതു ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്ന തരത്തിൽ, പിറുപിറുക്കലോടെയല്ല, പൂർണമനസ്സോടെ; ലാഭേച്ഛയോടെയല്ല, നിസ്വാർഥതയോടെതന്നെ ചെയ്യുക. 3 നിങ്ങളുടെ പരിപാലനത്തിൻകീഴിലുള്ള ജനങ്ങളെ അടക്കിഭരിക്കുകയല്ല; പിന്നെയോ അവരുടെമുമ്പാകെ നല്ല മാതൃകകളായിരിക്കുകയാണ് വേണ്ടത്. 4 ഇങ്ങനെയായാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് ഒളിമങ്ങാത്ത മഹത്ത്വത്തിന്റെ കിരീടം ലഭിക്കും.
വിനയമുള്ളവരായിരിക്കുക, പിശാചിനെ ചെറുത്തുനിൽക്കുക
സഭയിൽ താഴ്ന്ന പദവികൾ വഹിക്കുന്നവർ മൂപ്പന്മാർക്ക് കീഴടങ്ങണമെന്ന് പത്രോസ് കൽപ്പിക്കുന്നു. തുടർന്ന് എല്ലാവരും ഒരുപോലെ കീഴടങ്ങാനും, ഓരോരുത്തരും താന്താങ്ങളുടെ സ്ഥാനങ്ങളിൽ അന്യോന്യം സേവിക്കാനും, വിനയം ധരിച്ച് അതിനാൽ കാക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ദൈവം അഹങ്കാരികളെ എതിർക്കുന്നതിനാൽ, അവർ തങ്ങളെത്തന്നെ താഴ്ത്തി, എല്ലാ ആപത്തുകളിലും കഷ്ടതകളിലും ദൈവത്തിന്റെ ഇടപെടലുകൾക്ക് ക്ഷമയോടെ കീഴടങ്ങുകയും തങ്ങൾക്കായി കരുതുന്ന ദൈവത്തിന്മേൽ തങ്ങളുടെ സകല ഉത്കണ്ഠകളും ഇട്ടുകൊടുക്കുകയും വേണം (സങ്കീർത്തനങ്ങൾ 55:22). തങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ മാത്രമേ അവർ ഉത്കണ്ഠപ്പെടാവൂ; ആത്മസംയമനം പാലിച്ച് തങ്ങളെക്കുറിച്ച് എപ്പോഴും ജാഗ്രതയുള്ളവരായിരിക്കണം. കാരണം, പരീക്ഷണങ്ങളും വിപത്തുകളും നിറഞ്ഞ ഈ സമയത്ത് അവരുടെ ആത്മീയ എതിരാളി അവരെ വിശ്വാസത്തിൽനിന്ന് വീഴിക്കാമെന്ന പ്രതീക്ഷയോടെ, “ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ച്” ചുറ്റിനടക്കുന്നു. മനുഷ്യരിൽനിന്നും പിശാചുക്കളിൽനിന്നും പീഡനം സഹിക്കുക എന്നത് ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ ഓഹരിയാണെന്ന് അറിഞ്ഞ്, ദൈവപുത്രനിലുള്ള വിശ്വാസത്തിൽ ഉറച്ചുനിന്ന് അവർ അവനെ എതിർക്കണം. അവരെ ശക്തിപ്പെടുത്താനും ക്രിസ്തുവിലുള്ള വിശ്വാസത്തിൽ പൂർണരാക്കാനും പത്രോസ് ദൈവത്തോട് പ്രാർഥിക്കുന്നു.
5 അതുപോലെതന്നെ യുവാക്കളേ, നിങ്ങൾ സഭാമുഖ്യന്മാർക്കു വിധേയരാകുക. നിങ്ങൾ എല്ലാവരും വിനയം ധരിച്ചുകൊണ്ട് പരസ്പരം ശുശ്രൂഷിക്കുക. കാരണം,
“ദൈവം അഹങ്കാരികളെ എതിർക്കുന്നു,
എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.”
6 അതുകൊണ്ട്, ദൈവത്തിന്റെ ശക്തിയേറിയ കരത്തിൻകീഴിൽ വിനയാന്വിതരായിരിക്കുക. അപ്പോൾ അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തും. 7 ദൈവം നിങ്ങളുടെ സകലകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക.
8 ജാഗ്രതയുള്ളവർ ആയിരിക്കുക! സമചിത്തത പാലിക്കുക! നിങ്ങളുടെ വൈരിയായ പിശാച് ഗർജിക്കുന്ന സിംഹത്തെപ്പോലെ ആരെ കടിച്ചുകീറി തിന്നേണ്ടൂ എന്നു പരതിക്കൊണ്ട് പതുങ്ങി നടക്കുന്നു. 9 വിശ്വാസത്തിൽ അടിയുറച്ച് നിന്നുകൊണ്ട് അവനെ ശക്തിയുക്തം എതിർക്കുക. ലോകമെമ്പാടുമുള്ള നിങ്ങളുടെ സഹോദരസമൂഹം ഇതേ ദുരിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നു എന്നുള്ള കാര്യം നിങ്ങളും അറിയുക.
10 അൽപ്പകാലത്തേക്കുള്ള ഈ ഉപദ്രവസഹനത്തിനുശേഷം, ക്രിസ്തുവിലുള്ള ശാശ്വതതേജസ്സിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന സർവകൃപാലുവായ ദൈവം നിങ്ങളെ പുനഃസ്ഥാപിച്ച് ശക്തരാക്കി സുസ്ഥിരരായി നിലനിർത്തും. 11 സർവാധിപത്യം എന്നെന്നേക്കും അവിടത്തേക്കുള്ളതാകുന്നു. ആമേൻ.
പത്രോസ് സില്വാനൊസ് മുഖേന തന്റെ കത്ത് അയയ്ക്കുന്നു
താൻ ഈ ലേഖനം സില്വാനൊസ് (ശീലാസ്തന്നെ, അപ്പൊസ്തലപ്രവൃത്തികൾ 15:40; 16:19) മുഖാന്തരം അയയ്ക്കുന്നു എന്നും, താൻ കരുതുന്നതുപോലെ ചുരുക്കമായി അവർക്ക് എഴുതിയിരിക്കുന്നു എന്നും, അവരോടു പ്രസംഗിക്കപ്പെട്ടതു ക്രിസ്തുവിന്റെ സത്യസുവിശേഷമാണെന്ന് അവരോടു സാക്ഷ്യപ്പെടുത്തുന്നു എന്നും പത്രോസ് അവരോടു പറയുന്നു. തങ്ങളുടെ ക്രൈസ്തവസ്നേഹത്തിന്റെ അടയാളമായി അന്യോന്യം അഭിവാദനംചെയ്യാൻ അദ്ദേഹം അവരോട് ആവശ്യപ്പെടുന്നു; തന്റെ അപ്പൊസ്തലിക ആശീർവാദത്തോടെ അവസാനിപ്പിക്കുന്നു.
12 ഞാൻ വിശ്വസ്തസഹോദരനായി കാണുന്ന സില്വാനൊസിന്റെ സഹായത്താൽ, ഇതാണ് വാസ്തവമായി ദൈവകൃപയെന്ന്, നിങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സാക്ഷ്യപ്പെടുത്താനായിട്ടാണ് വളരെ ചുരുക്കമായി ഈ കാര്യങ്ങൾ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്. നിങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ദൈവകൃപയാണ്; അതിൽ സുസ്ഥിരരായിരിക്കുക.
13 ബാബേലിൽ ഉള്ള നിങ്ങളുടെ സഹോദരിസഭയും എന്റെ മകൻ മർക്കോസും അഭിവാദനങ്ങൾ അറിയിക്കുന്നു.
14 സ്നേഹചുംബനത്താൽ പരസ്പരം അഭിവാദ്യം ചെയ്യുക.
ക്രിസ്തുവിലുള്ള നിങ്ങൾക്ക് എല്ലാവർക്കും സമാധാനം ഉണ്ടാകുമാറാകട്ടെ.