ഭരണാധികാരികളെ അനുസരിക്കുക, നികുതി അടയ്ക്കുക, സ്നേഹമല്ലാതെ ഒന്നും കടപ്പെട്ടിരിക്കരുത്

ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമെന്ന നിലയിൽ യെഹൂദർ, സ്വന്തം ജനതയിൽപ്പെട്ടവരല്ലാത്തതും തങ്ങളുടെ ധാരണപ്രകാരം ദൈവത്താൽ പ്രത്യേകമായി നിയമിക്കപ്പെട്ടവരല്ലാത്തതുമായ ഭരണാധികാരികളെ അനുസരിക്കാനോ അവർക്ക് നികുതി അടയ്ക്കാനോ വിസമ്മതിച്ചു. യെഹൂദരുടേതായാലും ബഹുദൈവാരാധകരുടേതായാലും എല്ലാ അധികാരവും ദൈവം നിയോഗിച്ച് സ്ഥാപിച്ചതാകയാൽ എല്ലാ സിവിൽ ഭരണാധികാരികൾക്കും കീഴടങ്ങാൻ പൗലോസ് അവരോട് ആജ്ഞാപിക്കുന്നു. ദൈവം നിയമിച്ചതിനെ എതിർക്കുന്നവർ കുറ്റക്കാരായി വിധിക്കപ്പെടുന്നു. നീതിയുള്ള ഭരണം നന്മകൾ കൊണ്ടുവരുന്നു. ദൈവത്തിന്റെ ശുശ്രൂഷകരെന്ന നിലയിൽ ഭരണാധികാരികൾക്ക് നന്മ ചെയ്യുന്നവരെ സംരക്ഷിക്കാനും അവർക്ക് പ്രതിഫലം നൽകാനും, ദൈവത്തിന്റെ ദാസരെന്ന നിലയിൽ തിന്മ ചെയ്യുന്നവരെ ശിക്ഷിക്കാനും അധികാരമുണ്ട്. അതിനാൽ ഭൗമിക ശിക്ഷയെ ഭയന്നുമാത്രമല്ല, മനസ്സാക്ഷിയെക്കരുതിയും കീഴടങ്ങേണ്ടത് ആവശ്യമാണ്. നികുതി അടയ്ക്കാനും അവരോട് കൽപ്പിക്കുന്നു. എല്ലാ സിവിൽ ഭരണാധികാരികളെയും തങ്ങളുടെ ഔദ്യോഗിക കടമകൾക്കായി സ്വയം അർപ്പിച്ചിരിക്കുന്ന, ദൈവത്തിന്റെ പരിപാലനത്തിന്റെ ശുശ്രൂഷകരായി കാണേണ്ടതിനാൽ, വ്യക്തി അർഹിക്കുന്നില്ലെങ്കിൽപ്പോലും ഓരോരുത്തരുടെയും പദവിക്കും സ്ഥാനത്തിനും അർഹമായ ബഹുമാനം അവർ നൽകണം. തങ്ങളുടെ എല്ലാ കടങ്ങളും തീർക്കുന്നതിൽ അവർ നീതി പാലിക്കണം; അങ്ങനെ പരസ്പരം സ്നേഹിക്കുന്നതല്ലാതെ മറ്റൊന്നും ആരോടും കടപ്പെട്ടിരിക്കരുത്. ഈ സ്നേഹം നമ്മുടെ അയൽക്കാരെ സംബന്ധിക്കുന്ന ന്യായപ്രമാണത്തിലെ എല്ലാ കൽപ്പനകളും നിറവേറ്റി പൂർണമാക്കുന്നു.

ക്രി.പി. 58

Biblica® Open Malayalam Contemporary Version™ (OMCV)

റോമർ 13:1–10

1 ഓരോ വ്യക്തിയും ഭരണാധികാരികൾക്കു വിധേയരാകുക. കാരണം, ദൈവത്താൽ നിയോഗിക്കപ്പെടാത്ത അധികാരി ഒരാൾപോലുമില്ല. ഇപ്പോഴുള്ള ഭരണാധികാരികളും ദൈവത്താൽ നിയമിക്കപ്പെട്ടവരാണ്. 2 അതുകൊണ്ട്, അധികാരത്തെ എതിർക്കുന്നവൻ ദൈവം ഏർപ്പെടുത്തിയ സംവിധാനത്തെയാണ് എതിർക്കുന്നത്. അങ്ങനെചെയ്യുന്നവർ സ്വയം ശിക്ഷായോഗ്യരായിത്തീരും. 3 ഭരണാധികാരികളെ ഭയപ്പെടേണ്ടത് നന്മ പ്രവർത്തിക്കുന്നവരല്ല; മറിച്ച്, തിന്മ പ്രവർത്തിക്കുന്നവരാണ്. അധികാരികളെ ഭയപ്പെടാതെ ജീവിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ? എങ്കിൽ നന്മ ചെയ്യുക. അപ്പോൾ അധികാരികളിൽനിന്ന് നിനക്ക് അഭിനന്ദനം ലഭിക്കും. 4 നിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദൈവസേവകനാണ് അദ്ദേഹം. എന്നാൽ, നീ തിന്മ പ്രവർത്തിക്കുന്നു എങ്കിൽ ഭയപ്പെടുകതന്നെ വേണം. ശിക്ഷിക്കാൻ അയാൾക്ക് അധികാരം നൽകപ്പെട്ടിരിക്കുന്നത് വെറുതേയല്ലല്ലോ! തിന്മ പ്രവർത്തിക്കുന്നവർക്കെതിരേ ജ്വലിക്കുന്ന ദൈവക്രോധം ശിക്ഷയിലൂടെ നടപ്പാക്കാൻ ദൈവം നിയോഗിച്ച ഭൃത്യനാണയാൾ. 5 ശിക്ഷ ലഭിക്കുമെന്ന ഭയംകൊണ്ടുമാത്രമല്ല, ശുദ്ധമനസ്സാക്ഷി ഉണ്ടായിരിക്കേണ്ടതിനുംകൂടിയാണ് അധികാരികളോട് വിധേയത്വം പുലർത്തേണ്ടത്.

6 ഇതുകൊണ്ടുതന്നെയാണ് നിങ്ങൾ നികുതി കൊടുക്കുന്നതും. അധികാരികൾ ഭരണകാര്യങ്ങളിൽ എപ്പോഴും ശ്രദ്ധിക്കുന്ന ദൈവസേവകരാണ്. 7 ഓരോരുത്തർക്കും നിങ്ങൾ കടപ്പെട്ടിരിക്കുന്നതു കൊടുക്കുക: കരം കൊടുക്കേണ്ടവർക്ക് കരം, നികുതി കൊടുക്കേണ്ടവർക്ക് നികുതി; ഭയപ്പെടേണ്ടവരെ ഭയപ്പെടുക, ആദരിക്കേണ്ടവരെ ആദരിക്കുകയും ചെയ്യുക.

8 പരസ്പരം സ്നേഹിക്കുക എന്ന ബാധ്യതയല്ലാതെ നിങ്ങൾക്ക് ആരോടും യാതൊരു ബാധ്യതയും ഉണ്ടായിരിക്കരുത്. കാരണം, മറ്റുള്ളവരെ സ്നേഹിക്കുന്നത് ന്യായപ്രമാണത്തിന്റെ നിവൃത്തിയാണ്. 9 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന കൽപ്പനയിൽ, “വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്” എന്നിവയും അതുപോലുള്ള മറ്റു കൽപ്പനകളും സംക്ഷിപ്തമായിരിക്കുന്നു. 10 സ്നേഹം അയൽവാസിക്കു ദോഷം ഒന്നും പ്രവർത്തിക്കുന്നില്ല. അങ്ങനെ, സ്നേഹത്തിലൂടെ ന്യായപ്രമാണം നിവർത്തിക്കപ്പെടുന്നു.

പാപത്തിന്റെ ഉറക്കത്തിൽനിന്ന് ഉണരുക

വെളിച്ചം പ്രകാശിക്കാൻ തുടങ്ങിയിരുന്നതിനാൽ, ഇത് സുവിശേഷത്തിന്റെ കാലമാണെന്ന് വിശ്വാസത്തിലേക്കു വന്ന റോമൻ ജനങ്ങൾക്ക് നന്നായി അറിയാമായിരുന്നിരിക്കണം. അതുകൊണ്ട് പാപത്തിന്റെ ഉറക്കത്തിൽനിന്ന് ഉണരാൻ പൗലോസ് അവരോട് ആഹ്വാനം ചെയ്യുന്നു; കാരണം, ആദ്യം വിശ്വസിച്ചപ്പോഴത്തെക്കാൾ നന്നായി സുവിശേഷത്തിന്റെ നിത്യരക്ഷയും അത് ആവശ്യപ്പെടുന്ന കടമകളും അവർ മനസ്സിലാക്കുന്നു. വിജാതീയ ലോകത്തിന്റെ അന്ധകാരത്തെ അവസാനിക്കാറായ ഒരു രാത്രിയായും സുവിശേഷത്തെ അതിനു പിന്നാലെ വരുന്ന മഹത്ത്വപൂർണമായ പകലിന്റെ വെളിച്ചമായും അദ്ദേഹം ചിത്രീകരിക്കുന്നു. അതിനാൽ, അന്ധകാരത്തിന്റെ പ്രവൃത്തികൾ ചെയ്തിരുന്നപ്പോൾ ധരിച്ച വസ്ത്രങ്ങൾ അഴിച്ചെറിഞ്ഞ് വെളിച്ചത്തിന്റെ കവചം അഥവാ വസ്ത്രങ്ങൾ ധരിക്കാൻ അദ്ദേഹം യെഹൂദേതരരെ പ്രേരിപ്പിക്കുന്നു: തങ്ങളുടെ പഴയ ശീലങ്ങളും പാപവഴികളും എല്ലാം ഉപേക്ഷിച്ച് കർത്താവായ യേശുക്രിസ്തുവിനെ ധരിക്കുക; അതായത്, അവിടത്തെ സുവിശേഷം സ്വീകരിക്കുക, അവിടത്തെ മാതൃക പിന്തുടരുക, സ്വർഗീയ കാര്യങ്ങൾ അന്വേഷിക്കുക, ജഡത്തിന്റെ മോഹങ്ങൾ തൃപ്തിപ്പെടുത്താൻ അതിനുവേണ്ടി ഒരു കരുതലും ചെയ്യാതിരിക്കുക.

റോമർ 13:11–14

11 ഈ കാലഘട്ടത്തിന്റെ സവിശേഷത തിരിച്ചറിഞ്ഞുവേണം നാം ഇതു ചെയ്യേണ്ടത്: നാം ആദ്യമായി കർത്താവിൽ വിശ്വാസമർപ്പിച്ച സമയത്തെക്കാൾ നമ്മുടെ രക്ഷ ഇപ്പോൾ ഏറ്റവും അടുത്തിരിക്കുന്നതുകൊണ്ട് ആലസ്യംവിട്ടുണരേണ്ട സമയമാണിത്. 12 രാത്രി കഴിയാറായി; രക്ഷയുടെ പകൽ അടുത്തെത്തിയിരിക്കുന്നു. അതുകൊണ്ട്, നാം അന്ധകാരത്തിന്റെ പ്രവൃത്തികൾ ഉപേക്ഷിക്കുകയും പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കുകയുംചെയ്യുക. 13 പകൽസമയത്തെന്നപോലെ നമ്മുടെ ജീവിതരീതി മാന്യമായിരിക്കട്ടെ. കാമോന്മാദത്തിലും മദ്യോന്മത്തതയിലുമല്ല, ഭോഗാസക്തിയിലും കുത്തഴിഞ്ഞ ജീവിതത്തിലുമല്ല, ലഹളയിലും അസൂയയിലുമല്ല, 14 മറിച്ച്, കർത്താവായ യേശുക്രിസ്തുവിനെ ധരിച്ചവരായി നിങ്ങൾ ജീവിക്കുക. ശാരീരികാഭിലാഷങ്ങളിൽ ചിന്താമഗ്നരാകരുത്.

ഭക്ഷണങ്ങളും വിശുദ്ധ ദിനങ്ങളും വിശ്വാസത്തിൽ ബലഹീനരായവരും

മോശ കൽപ്പിച്ച ഭക്ഷണങ്ങൾ തമ്മിലുള്ള വേർതിരിവും അദ്ദേഹം നിശ്ചയിച്ച വിശുദ്ധദിവസങ്ങളും ക്രൈസ്തവയുഗത്തിലും പാലിക്കപ്പെടണമെന്ന് റോമിലെ യെഹൂദരായ വിശ്വാസികൾ കരുതിയിരുന്നു. ഇക്കാര്യത്തിൽ വിശ്വാസത്തിൽ ബലഹീനരായിരുന്ന യെഹൂദരായ വിശ്വാസികളെ ദയാപൂർവം സ്വീകരിക്കാനും ഈ വിഷയങ്ങളെച്ചൊല്ലി തർക്കിക്കാതിരിക്കാനും, കൂടുതൽ നന്നായി ഗ്രഹിച്ചിരുന്ന യെഹൂദേതരരെ പൗലോസ് ആഹ്വാനംചെയ്യുന്നു. യെഹൂദരും യെഹൂദേതരരും പരസ്പരം നിന്ദിക്കുകയോ കുറ്റം വിധിക്കുകയോ ചെയ്യരുതെന്ന് ഉദ്ബോധിപ്പിക്കപ്പെടുന്നു; കാരണം, വേർതിരിവില്ലാതെ എന്തും ഭക്ഷിക്കുന്ന യെഹൂദേതരനെ ദൈവം തന്റെ സഭയിലേക്കു സ്വീകരിച്ചിരിക്കുന്നു; പ്രാധാന്യമില്ലാത്ത ഈ കാര്യങ്ങളിൽ തങ്ങളുടെ മനസ്സാക്ഷിക്കൊത്തവിധം പ്രവർത്തിച്ച എല്ലാവരെയും ന്യായവിധിദിവസത്തിൽ അവിടന്ന് താങ്ങിനിർത്തും, അഥവാ കുറ്റവിമുക്തരാക്കും. മനുഷ്യർ തങ്ങൾക്കുവേണ്ടിയല്ല, ക്രിസ്തുവിനുവേണ്ടിയാണ് ജീവിക്കേണ്ടത്. അവർ അന്യോന്യം കുറ്റം വിധിക്കരുത്; കാരണം, നാമെല്ലാവരും ദൈവത്താൽ വിധിക്കപ്പെടും; അവിടത്തോടു മാത്രമാണ് നാം കണക്കു ബോധിപ്പിക്കേണ്ടത്.

റോമർ 14:1–12

1 തർക്കവിഷയങ്ങളെക്കുറിച്ചു ശണ്ഠയിടാതെ വിശ്വാസത്തിൽ ബലഹീനരായവരെ അംഗീകരിക്കുക. 2 എല്ലാം ഭക്ഷിക്കാമെന്ന് ഒരാൾ വിശ്വസിക്കുന്നു, എന്നാൽ ബലഹീനരായിരിക്കുന്ന വ്യക്തിയോ സസ്യാഹാരംമാത്രം ഭക്ഷിക്കുന്നു. 3 എല്ലാം ഭക്ഷിക്കാം എന്നു കരുതുന്നയാൾ ഭക്ഷിക്കാത്തയാളെ പുച്ഛിക്കരുത്; ഭക്ഷിക്കാത്തയാൾ ഭക്ഷിക്കുന്നയാളെ കുറ്റപ്പെടുത്താനും പാടില്ല. കാരണം, അയാളും ദൈവത്തിനു സ്വീകാര്യനാണ്. 4 മറ്റൊരാളുടെ ദാസനെ വിമർശിക്കാൻ എന്ത് അധികാരമാണ് നിനക്കുള്ളത്? അയാൾ നിന്നാലും വീണാലും അവന്റെ സ്വന്തം യജമാനനുതന്നെ. അയാളെ ഉറപ്പിച്ചുനിർത്താൻ ശക്തനായ കർത്താവ് അയാളെ ഉറപ്പിച്ചുനിർത്തുകതന്നെ ചെയ്യും.

5 ഒരാൾ ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാൾ ശ്രേഷ്ഠമായി കരുതുന്നു; മറ്റൊരാളാകട്ടെ, എല്ലാ ദിവസത്തെയും ഒരുപോലെ ശ്രേഷ്ഠമായി പരിഗണിക്കുന്നു. ഓരോരുത്തരും ചെയ്യുന്നത് അവരവരുടെ ഉത്തമബോധ്യമനുസരിച്ച് ആയിരിക്കണം. 6 ഒരു ദിവസത്തെ മറ്റു ദിവസങ്ങളെക്കാൾ മാനിക്കുന്നയാൾ കർത്താവിനുവേണ്ടി അതു ചെയ്യുന്നു; മാംസാഹാരിയും ഭക്ഷിക്കുന്നത് കർത്താവിനുവേണ്ടി. കാരണം, ദൈവത്തിനു നന്ദി അർപ്പിച്ചിട്ടാണല്ലോ അവർ ഭക്ഷിക്കുന്നത്. അതുപോലെ, മാംസം ഭക്ഷിക്കാത്തവരും കർത്താവിനുവേണ്ടി ഭക്ഷിക്കാതിരിക്കുന്നു. അവരും ദൈവത്തിനു സ്തോത്രംചെയ്യുന്നു. 7 നമ്മിൽ ആരും നമുക്കായി ജീവിക്കുന്നില്ല; നമുക്കായിത്തന്നെ മരിക്കുന്നതുമില്ല. 8 നാം ജീവിക്കുന്നു എങ്കിൽ കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നെങ്കിലോ കർത്താവിനായി മരിക്കുന്നു. അതുകൊണ്ട്, ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവരാണ്. 9 ഇങ്ങനെ, മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും കർത്താവായിരിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു മരിക്കുകയും ഉയിർക്കുകയുംചെയ്തത്.

10 പിന്നെന്തിനാണ് നീ സഹവിശ്വാസിയെ ന്യായം വിധിക്കുന്നത്? സഹവിശ്വാസിയെ നിന്ദിക്കുന്നതും എന്തിന്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നിൽക്കേണ്ടവരാണെന്ന് ഓർക്കുക.

11 “കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു,

എന്റെമുമ്പിൽ എല്ലാ മുഴങ്കാലും വണങ്ങും;

എല്ലാ നാവും ദൈവത്തെ സ്തുതിച്ച് ഏറ്റുപറയും’ ” എന്നു തിരുവെഴുത്തിൽ എഴുതിയിരിക്കുന്നല്ലോ.

12 അതേ, നാം വ്യക്തിപരമായി ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടവരാണ്.

ദുർബലനായ സഹോദരനെ ഇടറിപ്പോവാൻ ഇടയാക്കരുത്

നാമെല്ലാവരും നമ്മുടെ സ്വന്തം പ്രവൃത്തികൾക്കു കണക്കു ബോധിപ്പിക്കേണ്ടതിനാൽ, പരസ്പരം വിധിക്കുന്നത് അവസാനിപ്പിക്കാനും ദുർബലനായ ഒരു സഹോദരൻ ഇടറുകയോ വീഴുകയോ ചെയ്യുന്നതിന് കാരണമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാനും പൗലോസ് റോമൻ വിശ്വാസികളോട് അപേക്ഷിക്കുന്നു. ഒരു ഭക്ഷണവും അതിൽത്തന്നെ അശുദ്ധമല്ലെങ്കിലും, അതിനെ അശുദ്ധമെന്നു കരുതുന്നവന് അത് അശുദ്ധമാണ്. അതിനാൽ തങ്ങളുടെ മാതൃകയാൽ, ക്രിസ്തു ആർക്കുവേണ്ടി മരിച്ചുവോ അങ്ങനെയുള്ള ഒരാളെ നശിപ്പിക്കാതിരിക്കാനും, തങ്ങൾ അനുഭവിക്കുന്ന നല്ല സ്വാതന്ത്ര്യം തിന്മയ്ക്കു കാരണമാകാതിരിക്കാനും അവർ ശ്രദ്ധിക്കണം. ദൈവരാജ്യം ഭക്ഷിക്കുന്നതും പാനംചെയ്യുന്നതുമല്ല, വിശുദ്ധിയും ആത്മികസമാധാനവും ആനന്ദവുമാണ്. സമാധാനവും പരസ്പരമുള്ള ആത്മികവർധനയും പ്രോത്സാഹിപ്പിക്കുന്ന മാർഗം പിന്തുടർന്ന് അവർ ക്രിസ്തുവിനെ സേവിക്കണം; സ്വന്തം ഭക്ഷണാഭിലാഷം തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി മറ്റൊരാളുടെ സദ്ഗുണം നശിപ്പിക്കാനുള്ള അപകടസാധ്യത വരുത്തരുത്. ഭക്ഷണങ്ങളെയും ദിവസങ്ങളെയും കുറിച്ചു ശരിയായ വിശ്വാസത്തിൽ എത്തിയവർ, മറ്റുള്ളവർക്കു ദോഷമുണ്ടാക്കുന്ന വിധത്തിൽ അത് പ്രദർശിപ്പിക്കരുത്. സ്വതവേ അനുവദനീയമായ കാര്യങ്ങൾ ചെയ്യുന്നതിലൂടെ തനിക്കുതന്നെ ശിക്ഷാവിധി വരുത്താതിരിക്കുന്നവൻ തീർച്ചയായും അനുഗ്രഹിക്കപ്പെട്ടവനാണ്. മോശയുടെ ന്യായപ്രമാണപ്രകാരം ചില ഭക്ഷണങ്ങൾ നിഷിദ്ധമാണെന്നു വിശ്വസിക്കുന്ന ഒരാൾ അവ ഭക്ഷിച്ചാൽ പാപംചെയ്യുന്നു; കാരണം, നിഷിദ്ധമെന്നു താൻ വിശ്വസിക്കുന്നതു ചെയ്യുകയും അങ്ങനെ സ്വന്തം മനസ്സാക്ഷിക്കു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

റോമർ 14:13–23

13 അതുകൊണ്ട് നാം ഇനിമേൽ പരസ്പരം ന്യായംവിധിക്കാതിരിക്കാം. പകരം, സഹോദരങ്ങൾക്ക് വിശ്വാസത്തിൽ ഇടർച്ചയ്ക്കു കാരണമാകുന്ന തടസ്സമോ അവർ പാപത്തിൽ വീഴുന്നതിനു കാരണമായിത്തീരുന്ന കെണിയോ വെക്കുകയില്ല എന്നു തീരുമാനിക്കാം. 14 കർത്താവായ യേശുവിൽ എനിക്കു ലഭിച്ച അധികാരത്താൽ ഒരു കാര്യം ഞാൻ അറിഞ്ഞും അതേക്കുറിച്ചു ദൃഢനിശ്ചയമുള്ളവനായുമിരിക്കുന്നു: ഒരു ഭക്ഷണവും സ്വതവേ അശുദ്ധമല്ല; എന്നാൽ, ഏതെങ്കിലും ഒരു ഭക്ഷണപദാർഥം അശുദ്ധമാണെന്ന് ഒരാൾ വിചാരിക്കുന്നു എങ്കിൽ അത് അയാൾക്ക് അശുദ്ധംതന്നെയാണ്. 15 നിന്റെ ഭക്ഷണംമൂലം സഹോദരങ്ങൾക്കു വ്യസനം ഉണ്ടാക്കുന്നു എങ്കിൽ നിങ്ങൾ സ്നേഹത്തിൽ ജീവിക്കുന്നില്ല. ക്രിസ്തു ആർക്കുവേണ്ടി മരിച്ചുവോ ആ ആൾക്കു നിന്റെ ഭക്ഷണം നാശകരമാകരുത്. 16 ഇങ്ങനെചയ്താൽ നീ നന്മയെന്നു പരിഗണിക്കുന്നവ മറ്റുള്ളവരുടെ ദൃഷ്ടിയിൽ തിന്മയായിത്തീരുകയില്ല. 17 ദൈവരാജ്യം അനുഭവിക്കാൻ കഴിയുന്നത് ഭക്ഷണപാനീയങ്ങളിലൂടെയല്ല; മറിച്ച്, നീതിയിലൂടെയും സമാധാനത്തിലൂടെയും പരിശുദ്ധാത്മാവു നൽകുന്ന ആനന്ദത്തിലൂടെയുമാണ്. 18 മേൽപ്പറഞ്ഞപ്രകാരം ക്രിസ്തുവിനെ സേവിക്കുന്നയാൾ ദൈവപ്രസാദവും മനുഷ്യസ്വീകാര്യതയും ഉള്ളയാൾ ആയിരിക്കും.

19 അതുകൊണ്ട് സമാധാനത്തിനും പരസ്പര ആത്മികാഭിവൃദ്ധിക്കും ഉതകുന്ന കാര്യങ്ങൾക്കായി നമുക്ക് പ്രയത്നിക്കാം. 20 ഭക്ഷണം ദൈവത്തിന്റെ പ്രവൃത്തിയെ ശിഥിലമാക്കാൻ കാരണമാകരുത്. എല്ലാം ശുദ്ധമാണ്, എന്നാൽ ഒരു വസ്തു ഭക്ഷിക്കുന്നതിലൂടെ സഹവിശ്വാസി പാപത്തിലേക്കു നയിക്കപ്പെടുന്നു എങ്കിൽ ആ ഭക്ഷണം അശുദ്ധമാണ്. 21 മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും നിന്റെ സഹവിശ്വാസിയെ പാപത്തിലേക്കു നയിക്കുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതാണ് നല്ലത്.

22 ഈ വിഷയത്തെക്കുറിച്ചുള്ള നിന്റെ വിശ്വാസം നീയും ദൈവവുമായുള്ള ഒരു കാര്യമായി ചിന്തിക്കുക. ഒരാൾ ശരിയെന്ന് അംഗീകരിച്ചു പ്രവർത്തിക്കുന്നത് അയാൾക്കു കുറ്റബോധം ഉണ്ടാക്കുന്നില്ല എങ്കിൽ ആ വ്യക്തി അനുഗ്രഹിക്കപ്പെട്ടവൻ. 23 എന്നാൽ, സന്ദേഹത്തോടെ ഭക്ഷിക്കുന്നയാൾ അത് ഉത്തമവിശ്വാസത്തോടുകൂടിയല്ല ചെയ്യുന്നത് എന്നതുകൊണ്ട് കുറ്റക്കാരനാണ്. ശരിയാണെന്ന ഉത്തമവിശ്വാസത്തിൽനിന്ന് ഉത്ഭവിക്കാത്തതെല്ലാം പാപമാണ്.

ശക്തർ ദുർബലരോടു ക്ഷമ കാണിക്കണം

വിശ്വാസത്തിൽ ശക്തരായവർ ദുർബലരുടെ ബലഹീനതകൾ സഹിക്കുകയും സ്വന്തം സംതൃപ്തിയല്ല, അയൽക്കാരന്റെ ആത്മികവർധന ലക്ഷ്യമാക്കുകയും ചെയ്യേണ്ടത് പ്രത്യേകിച്ചും ആവശ്യമാണ്. തിരുവെഴുത്ത് മുൻകൂട്ടി പറഞ്ഞതുപോലെ (സങ്കീർത്തനങ്ങൾ 69:9), ക്രിസ്തുതന്നെ സ്വന്തം മാതൃകയിലൂടെ ഇതു പഠിപ്പിച്ചു. ക്രിസ്തുവിന്റെയും പഴയനിയമത്തിലെ വിശുദ്ധരുടെയും കഷ്ടതകളെക്കുറിച്ചു രേഖപ്പെടുത്തിയതെല്ലാം അവരുടെ പ്രബോധനത്തിനായി എഴുതപ്പെട്ടതാണെന്ന് പൗലോസ് അവർക്ക് ഉറപ്പുനൽകുന്നു; തിരുവെഴുത്തുകളിലൂടെ അവർക്കും അതേ പ്രത്യാശയും അതേ പ്രോത്സാഹനവും ലഭിക്കേണ്ടതിനാണിത്. അവർ ക്രിസ്തുവിന്റെ മാതൃകയനുസരിച്ച് പരസ്പരം പെരുമാറണമെന്ന് അദ്ദേഹം പ്രാർഥിക്കുന്നു. അങ്ങനെ അവർ വഴക്കിടാതെ ഒരുമിച്ചു ദൈവത്തെ മഹത്ത്വപ്പെടുത്തുകയും, പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി ക്രിസ്തു ഇരുകൂട്ടരെയും തന്റെ സഭയിൽ സ്വീകരിച്ചതുപോലെ പരസ്പരം സ്വീകരിച്ച് കൂട്ടായ്മ പുലർത്തുകയും ചെയ്യട്ടെ.

റോമർ 15:1–7

1 എന്നാൽ, വിശ്വാസത്തിൽ ശക്തരായ നാം വിശ്വാസത്തിൽ ബലഹീനരുടെ പരാജയങ്ങളെ സഹിക്കുകയും നമ്മുടെ ആനന്ദംമാത്രം ലക്ഷ്യമാക്കാതിരിക്കുകയും വേണം. 2 നാം ഓരോരുത്തരും മറ്റുള്ളവരുടെ നന്മ ലക്ഷ്യമാക്കി, അവരുടെ ആത്മികോന്നതിക്കായി അവരെ പ്രോത്സാഹിപ്പിക്കണം. 3 കാരണം, ക്രിസ്തുവും സ്വന്തം ആനന്ദമല്ല ലക്ഷ്യമാക്കിയത്: “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണു” എന്നാണല്ലോ തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 4 ഇപ്രകാരം, മുമ്പേ രേഖപ്പെടുത്തപ്പെട്ട തിരുവെഴുത്തുകൾ എല്ലാം നമുക്ക് അഭ്യസനം ലഭിച്ചിട്ട് തിരുവെഴുത്ത് ഉപദേശിക്കുന്ന സഹനത്തിലൂടെയും ആശ്വാസത്തിലൂടെയും നമുക്ക് പ്രത്യാശ ലഭിക്കേണ്ടതിനാണ്.

5 സഹനവും ആശ്വാസവും നൽകുന്ന ദൈവം ക്രിസ്തുയേശുവിന്റെ അനുയായികൾക്ക് ഉചിതമാകുംവിധം പരസ്പരം സ്വരച്ചേർച്ചയിൽ ജീവിക്കാൻ നിങ്ങളെ സഹായിക്കട്ടെ. 6 ഇങ്ങനെ നിങ്ങൾ എല്ലാവരും ഒരുമിച്ച് ഏകസ്വരത്തോടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ പുകഴ്ത്തുന്നവരാകട്ടെ.

7 അതുകൊണ്ട്, ദൈവത്തിന്റെ പുകഴ്ചയ്കായി ക്രിസ്തു നിങ്ങളെ അംഗീകരിച്ചതുപോലെ നിങ്ങളും പരസ്പരം അംഗീകരിക്കണം.

യെഹൂദേതരരും ദൈവത്തിന്റെ കരുണയ്ക്കായി അവിടത്തെ മഹത്ത്വപ്പെടുത്തുന്നു

യെഹൂദേതരരെ ക്രിസ്തുവിന്റെ സഭയിൽ ഉൾപ്പെടുത്തുന്നതിനെതിരെ യെഹൂദർ ഉന്നയിക്കാനിടയുള്ള ഒരു എതിർപ്പാണ് ഇവിടെ പൗലോസിന്റെ മനസ്സിലുള്ളതെന്നു തോന്നുന്നു: ക്രിസ്തു അവരോടു പ്രസംഗിച്ചിരുന്നില്ല എന്നത്. പിതാക്കന്മാർക്കു നൽകിയ വാഗ്ദാനങ്ങൾ കൂടുതൽ നന്നായി നിറവേറ്റുന്നതിനായി യേശുക്രിസ്തു ഒരു യെഹൂദനായി ജനിക്കുകയും പരിച്ഛേദനയേറ്റവരുടെ ദാസനായിത്തീരുകയും ചെയ്തുവെന്ന് പൗലോസ് ഉറപ്പിച്ചു പറയുന്നു. അവരുടെ സ്വന്തം പ്രവാചകന്മാർ മുൻകൂട്ടി പറഞ്ഞതുപോലെ, ഇതിലൂടെ യെഹൂദേതരർക്കും ദൈവത്തിന്റെ കരുണയ്ക്കായി അവിടത്തെ മഹത്ത്വപ്പെടുത്താൻ കാരണമുണ്ടാകും. യെഹൂദരെപ്പോലെതന്നെ യെഹൂദേതരരെയും തന്റെ ജനമാക്കാൻ ദൈവം ആദിമുതൽ തീരുമാനിച്ചിരുന്നുവെന്ന് ഈ പ്രവചനങ്ങൾ വ്യക്തമായി തെളിയിക്കുന്നു. യെഹൂദേതരർക്ക് ഈ പ്രത്യാശ നൽകിയ ദൈവം, യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെ സകല ആത്മികസമാധാനവും ആനന്ദവുംകൊണ്ട് അവരെ നിറയ്ക്കണമെന്നും, അവനിലുള്ള അവരുടെ എല്ലാ പ്രത്യാശകളും പ്രതീക്ഷകളും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിറവേറണമെന്നും പൗലോസ് പ്രാർഥിക്കുന്നു.

റോമർ 15:8–13

8 ഞാൻ പറയട്ടെ, പിതാക്കന്മാരോട് ചെയ്ത വാഗ്ദാനം നിവർത്തിക്കുന്ന കാര്യത്തിൽ ദൈവം സത്യസന്ധൻ എന്നു തെളിയിക്കാനാണ് യെഹൂദന്മാരുടെ മധ്യേതന്നെ ശുശ്രൂഷചെയ്യാൻ ക്രിസ്തു വന്നത്. 9 മാത്രമല്ല, ക്രിസ്തു വന്നതിലൂടെ ദൈവം യെഹൂദേതരരോട് കരുണ കാണിച്ചതു നിമിത്തം,

“അവരും ദൈവത്തെ പുകഴ്ത്തും.

അതുകൊണ്ട് യെഹൂദേതരരുടെ മധ്യേ ഞാൻ നിന്നെ പുകഴ്ത്തും;

ഞാൻ നിന്റെ നാമത്തിനു സ്തുതിപാടും”

എന്നു രേഖപ്പെടുത്തിയിരിക്കുന്നു.

10 “യെഹൂദേതരരേ, അവന്റെ ജനത്തോടുചേർന്ന് ആനന്ദിക്കുക,”

എന്നും എഴുതിയിരിക്കുന്നു.

11 “യെഹൂദേതരർ എല്ലാവരുമേ കർത്താവിനെ വാഴ്ത്തുക,

ഭൂമിയിലെ സകലജനതകളുമേ അവിടത്തെ പുകഴ്ത്തുക,”

എന്നും പറയുന്നു. 12 യെശയ്യാവ് പിന്നെയും പറയുന്നത്:

“യിശ്ശായിയുടെ വേര് രാജാധികാരത്തിൽ വരും.

അദ്ദേഹം എല്ലാ രാഷ്ട്രങ്ങളെയും ഭരിക്കും,

യെഹൂദേതരർ എല്ലാവരും അദ്ദേഹത്തിൽ പ്രത്യാശവെക്കും.”

13 പ്രത്യാശയുടെ ഉറവിടമായ ദൈവത്തിൽ നിങ്ങൾ വിശ്വാസം അർപ്പിച്ചതിനാൽ അവിടന്ന് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങളെ ആനന്ദത്തിലും സമാധാനത്തിലും സമൃദ്ധിയുള്ളവരാക്കി നിങ്ങളിൽ പ്രത്യാശ വഴിഞ്ഞൊഴുകുമാറാക്കട്ടെ.