യെഹൂദേതരർക്കിടയിലെ പൗലോസിന്റെ ശുശ്രൂഷയും അദ്ദേഹത്തിന്റെ പദ്ധതികളും
തന്റെ ലേഖനത്തിന്റെ ഉപദേശപരവും പ്രായോഗികവുമായ ഭാഗങ്ങൾ ഇപ്പോൾ പൂർത്തിയാക്കിയശേഷം, പൗലോസ് കൂടുതൽ വിശേഷാൽ യെഹൂദേതരരിലേക്കു തിരിയുന്നു. അവർ നന്മയാലും തങ്ങളോടുള്ള ദൈവോദ്ദേശ്യത്തെക്കുറിച്ചുള്ള അറിവിനാലും എത്രയോ നിറഞ്ഞവരാണെന്നും അന്യോന്യം ബുദ്ധിയുപദേശിക്കാൻ അവർ പ്രാപ്തരാണെന്നും അദ്ദേഹത്തിന് ഉറപ്പുണ്ട്. എങ്കിലും, യെഹൂദേതരരുടെ മാനസാന്തരത്തിനായി ദൈവത്തിൽനിന്നു തനിക്കു ലഭിച്ച അപ്പൊസ്തലസ്ഥാനം നിമിത്തം അദ്ദേഹം അവർക്കു ധൈര്യപൂർവം എഴുതിയിരിക്കുന്നു; അവരെ അദ്ദേഹം ഇപ്പോൾ ദൈവത്തിനു സ്വീകാര്യമായ വഴിപാടായി സമർപ്പിക്കുന്നു. തന്റെ ശുശ്രൂഷയുടെ വിജയത്തിൽ അദ്ദേഹം അഭിമാനിക്കുന്നു; ക്രിസ്തു അദ്ദേഹത്തോടുകൂടെ പ്രവർത്തിച്ച്, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ വീര്യമുള്ള ചിഹ്നങ്ങളാലും അത്ഭുതങ്ങളാലും അദ്ദേഹത്തിന്റെ ഉപദേശത്തെയും ദൗത്യത്തെയും ഉറപ്പിച്ചു. സുവിശേഷം ഇതുവരെ അറിയപ്പെടാത്തിടത്ത് അതു പ്രസംഗിക്കാനുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണത, അതു മുമ്പേ നട്ടുപിടിപ്പിക്കപ്പെട്ടിരുന്ന റോം സന്ദർശിക്കുന്നതിൽനിന്ന് അദ്ദേഹത്തെ തടഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇനി ചെയ്യാൻ ഒന്നുമില്ലാത്തതിനാൽ, സ്പെയിനിലേക്കുള്ള യാത്രാമധ്യേ അവരെ കാണാനും അവിടേക്കുള്ള വഴിയിൽ അവരുടെ സഹവാസം ആസ്വദിക്കാനും അദ്ദേഹം ആശിക്കുന്നു. തന്റെ യെഹൂദേതര വിശ്വാസികളുടെ സംഭാവനകൾ ജെറുശലേമിലെ യെഹൂദരായ വിശ്വാസികൾക്ക് എത്തിക്കാനായി താൻ ജെറുശലേമിലേക്കു നടത്താനിരിക്കുന്ന യാത്രയെക്കുറിച്ച് അദ്ദേഹം പരാമർശിക്കുന്നു; ഇതുവഴി അവരെ അന്യോന്യം രഞ്ജിപ്പിക്കാമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു: യെഹൂദരിലൂടെയാണ് യെഹൂദേതരർ ആത്മീയകാര്യങ്ങൾ അറിയാനിടയായത് എന്നതിനാൽ, ഭൗതികകാര്യങ്ങളിൽ അവർക്കു പ്രതിഫലം നൽകാൻ അവർ കടപ്പെട്ടിരിക്കുന്നു. സംഭാവനകൾ ഏൽപ്പിച്ചുകഴിഞ്ഞാൽ, ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ദാനങ്ങളും അനുഗ്രഹങ്ങളും കൊണ്ടുവന്ന് അവരെ സന്ദർശിക്കാൻ താൻ ഉദ്ദേശിക്കുന്നു എന്ന് അദ്ദേഹം ആവർത്തിക്കുന്നു. തന്നെ നശിപ്പിക്കാൻ ശ്രമിച്ചിരുന്ന അവിശ്വാസികളായ യെഹൂദരിൽനിന്നു താൻ രക്ഷിക്കപ്പെടാനും, തന്റെ സംഭാവന ക്രിസ്ത്യാനികളായ യെഹൂദർക്കു സ്വീകാര്യമാകാനും ആത്മാർഥമായി പ്രാർഥിക്കാൻ അദ്ദേഹം അവരെ ഉദ്ബോധിപ്പിക്കുന്നു. ആത്മീയവരങ്ങളുടെ പങ്കുവെക്കലിലൂടെ ഇരുകൂട്ടരും ബലപ്പെടേണ്ടതിന് അവരെ കാണാനുള്ള തന്റെ പ്രത്യാശയോടും തന്റെ ആശീർവാദത്തോടുംകൂടെ അദ്ദേഹം അവസാനിപ്പിക്കുന്നു.
ക്രി.പി. 58
Biblica® Open Malayalam Contemporary Version™ (OMCV)
14 എന്റെ സഹോദരങ്ങളേ, നിങ്ങൾ നന്മ നിറഞ്ഞവരാണെന്നും, പരസ്പരം പ്രബോധിപ്പിക്കുന്നതിന് ജ്ഞാനവും നൈപുണ്യവും ഉള്ളവരാണെന്നും എനിക്കു നിശ്ചയമുണ്ട്. 15 എന്നാൽ, നിങ്ങളെ ഓർമപ്പെടുത്തുന്നത് ആവശ്യമായതുകൊണ്ടാണ് ഞാൻ ചില വിഷയങ്ങളെക്കുറിച്ച് ധൈര്യപൂർവം നിങ്ങൾക്ക് എഴുതിയിരിക്കുന്നത്. അതിനു കാരണം, 16 യെഹൂദേതരരുടെ മധ്യേ സുവിശേഷം അറിയിക്കുന്നതിനായി ദൈവം എനിക്കരുളിയ കൃപയാൽ ഞാൻ ക്രിസ്തുയേശുവിന്റെ പൗരോഹിത്യശുശ്രൂഷ ചെയ്യുന്നവനായിരിക്കുന്നു എന്നതാണ്. പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെട്ട് ദൈവത്തിനു സ്വീകാര്യയാഗമായി നിങ്ങൾ തീരേണ്ടതിന് ഞാൻ സുവിശേഷം യെഹൂദേതരരായ നിങ്ങളോട് അറിയിക്കുന്നു.
17 അതുകൊണ്ട്, ഞാൻ നിർവഹിക്കുന്ന ദൈവികശുശ്രൂഷയെക്കുറിച്ച് ക്രിസ്തുയേശുവിൽ അഭിമാനിക്കുന്നു. 18 എങ്കിലും, യെഹൂദേതരർ ദൈവത്തെ അനുസരിക്കാൻ ക്രിസ്തു എന്നെ ഒരു ഇടനിലക്കാരനായി ഉപയോഗിച്ചതിനെക്കുറിച്ചുമാത്രമേ ഞാൻ പ്രശംസിക്കാൻ തുനിയുകയുള്ളൂ. ഇത് വചനത്താലും പ്രവൃത്തിയാലും, 19 ശക്തിയാലും ചിഹ്നങ്ങളാലും അത്ഭുതങ്ങളാലും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയാലും അവിടന്ന് എന്നിലൂടെ പ്രവർത്തിച്ചു. അങ്ങനെ ജെറുശലേംമുതൽ ഇല്ലൂര്യവരെ ചുറ്റിസഞ്ചരിച്ച് ക്രിസ്തുവിനെ സംബന്ധിച്ചുള്ള സുവിശേഷം ഞാൻ പൂർണമായി പ്രഘോഷിച്ചിരിക്കുന്നു. 20 മറ്റൊരാൾ ആരംഭിച്ച പ്രവർത്തനം തുടരുന്നതിനെക്കാൾ ക്രിസ്തുവിനെക്കുറിച്ചു കേട്ടിട്ടില്ലാത്ത സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കുകയായിരുന്നു എപ്പോഴും എന്റെ ആഗ്രഹം.
21 “അവിടത്തെക്കുറിച്ച് അറിവു ലഭിച്ചിട്ടില്ലാത്തവർ കാണും;
കേട്ടിട്ടില്ലാത്തവർ മനസ്സിലാക്കും,”
എന്നു തിരുവെഴുത്തിൽ എഴുതിയിട്ടുണ്ടല്ലോ. 22 ഈ ശുശ്രൂഷകൾനിമിത്തം നിങ്ങളുടെ അടുത്തുവരുന്നതിന് എനിക്കു വളരെ തടസ്സം ഉണ്ടായി.
23 എന്നാൽ ഇപ്പോഴാകട്ടെ, മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ ശുശ്രൂഷകൾക്ക് ഇനിയും സ്ഥലം ഇല്ല; മാത്രവുമല്ല, റോമൻ നിവാസികളായ നിങ്ങളെ കാണാൻ അനേകവർഷങ്ങളായി ഞാൻ ആഗ്രഹിക്കുന്നതുമാണല്ലോ. 24 അതുകൊണ്ട്, സ്പെയിനിലേക്കുള്ള യാത്രയ്ക്കിടയിൽ ആദ്യം നിങ്ങളുടെ അടുത്തുവന്ന് അൽപ്പനാൾ നിങ്ങളോടൊപ്പം ആനന്ദിക്കാമെന്നും നിങ്ങളാൽ യാത്രയയയ്ക്കപ്പെട്ട് യാത്ര തുടരാമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. 25 എങ്കിലും ജെറുശലേമിലുള്ള ദൈവജനത്തിനു ശുശ്രൂഷചെയ്യാൻ ഞാൻ ഇപ്പോൾ അവിടേക്കു പോകുകയാണ്. 26 കാരണം, ജെറുശലേമിലെ ദൈവജനത്തിന്റെ മധ്യേ ദരിദ്രരായവരെ സഹായിക്കുന്നതിനുവേണ്ടി അഖായയിലെയും മക്കദോന്യയിലെയും സഭകളിലുള്ളവർ സംഭാവന നൽകാൻ ആനന്ദത്തോടെ തീരുമാനിച്ചു. 27 അവരുടെ സന്മനസ്സുമാത്രമല്ല, ഇങ്ങനെ ചെയ്യാനുള്ള കടപ്പാടും അവർക്കുണ്ട്. ജെറുശലേമിലെ ദൈവജനത്തിന്റെ ശുശ്രൂഷനിമിത്തം ആണല്ലോ അവർ സുവിശേഷം വിശ്വസിച്ച് ആത്മികാനുഗ്രഹങ്ങൾക്കു പങ്കുകാരായത്. അതുകൊണ്ട്, അവരുടെ ഭൗതികാനുഗ്രഹങ്ങൾ ജെറുശലേമിലെ ദൈവജനവുമായി പങ്കുവെക്കാനുള്ള കർത്തവ്യവും അവർക്കുണ്ട്. 28 ഈ തുക സുരക്ഷിതമായി ഏൽപ്പിച്ച് അഖായയിലെയും മക്കദോന്യയിലെയും സഭകളുടെ ഈ സൽപ്രവൃത്തി പൂർത്തിയാക്കിയശേഷം ഞാൻ സ്പെയിനിലേക്കു പോകുകയും യാത്രയ്ക്കിടയിൽ നിങ്ങളെ കാണുകയും ചെയ്യും. 29 ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ ക്രിസ്തുവിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ ഉണ്ടാകുമെന്ന് എനിക്കറിയാം.
30 സഹോദരങ്ങളേ, എനിക്ക് കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലും ആത്മാവ് നമുക്കു നൽകിയിട്ടുള്ള സ്നേഹത്താലും ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്: എനിക്കുവേണ്ടി, ദൈവത്തോട് ഹൃദയം നുറുങ്ങിയുള്ള പ്രാർഥനയിൽ എന്നോടു സഹകരിക്കണം. 31 യെഹൂദ്യയിലെ അവിശ്വാസികളിൽനിന്ന് ഞാൻ സുരക്ഷിതനായിരിക്കേണ്ടതിനും ജെറുശലേമിലേക്കു കൊണ്ടുപോകുന്ന എന്റെ സഹായധനം അവിടെയുള്ള വിശ്വാസികൾക്കു സ്വീകാര്യമാകേണ്ടതിനും വേണ്ടിയാണ് നിങ്ങൾ പ്രാർഥിക്കേണ്ടത്. 32 അങ്ങനെ, ദൈവഹിതമായാൽ ആനന്ദത്തോടുകൂടെ നിങ്ങളുടെ അടുത്തുവന്നു നിങ്ങളുടെ സാമീപ്യത്താൽ നവോന്മേഷം ലഭിക്കാൻ സാധിക്കും. 33 സമാധാനത്തിന്റെ ഉറവിടമായ ദൈവം നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
പൗലോസ് ഫേബയെ ശുപാർശ ചെയ്യുകയും തന്റെ സുഹൃത്തുക്കളെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു
ഈ ലേഖനം കൊണ്ടുപോയ ഫേബയെ റോമിലെ ക്രിസ്ത്യാനികളുടെ സഹായത്തിനായി പൗലോസ് ശുപാർശചെയ്യുന്നു. താൻ ഏറെ പ്രശംസിക്കുന്ന അക്വിലായെയും പ്രിസ്കില്ലയെയും അവരുടെ ഭവനത്തിലെ സഭയെയും അദ്ദേഹം അഭിവാദനംചെയ്യുന്നു. ഇപ്പോൾ റോമിൽ താമസമാക്കിയിരുന്ന തന്റെ അനേകം ക്രൈസ്തവ സുഹൃത്തുക്കളെ അദ്ദേഹം അഭിവാദനംചെയ്യുന്നു; അവരിൽ ചിലർ ഒരുപക്ഷേ അദ്ദേഹത്തിലൂടെതന്നെ വിശ്വാസത്തിലേക്കു വന്നവരായിരുന്നു.
1 കെംക്രയാപ്പട്ടണത്തിലുള്ള സഭയിലെ ശുശ്രൂഷക്കാരിയായ നമ്മുടെ സഹോദരി ഫേബയെ ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്തുകയാണ്. 2 ദൈവജനത്തിന്റെ മധ്യേ ആദരണീയർക്ക് അനുയോജ്യമായവിധം കർത്താവിന്റെ നാമത്തിൽ നിങ്ങൾ അവളെ സ്വീകരിക്കുകയും നിങ്ങളുടെ സഹായം ആവശ്യമുള്ള ഏതുകാര്യത്തിലും സഹായിക്കുകയുംചെയ്യുക. കാരണം, അവൾ ഞാൻ ഉൾപ്പെടെ അനേകർക്ക് സഹായിയായിത്തീർന്നിട്ടുണ്ട്.
3 ക്രിസ്തുയേശുവിന്റെ ശുശ്രൂഷയിൽ എന്റെ സഹപ്രവർത്തകരായിരുന്ന പ്രിസ്കില്ലയെയും അക്വിലായെയും വന്ദനം അറിയിക്കുക. 4 എനിക്കുവേണ്ടി സ്വന്തം ജീവനെപ്പോലും അപകടത്തിലാക്കിയവരാണ് അവർ. ഞാൻമാത്രമല്ല, യെഹൂദേതരരുടെ മധ്യേയുള്ള എല്ലാ സഭകളും അവരോട് നന്ദിയുള്ളവരായിരിക്കുന്നു.
5 അവരുടെ വീട്ടിൽ കൂടിവരുന്ന സഭയെ വന്ദനം അറിയിക്കുക.
ഏഷ്യാപ്രവിശ്യയിൽ ആദ്യം ക്രിസ്തുവിൽ വിശ്വസിച്ച, എനിക്ക് പ്രിയനായ, എപ്പെനേത്തോസിനെ വന്ദനം അറിയിക്കുക.
6 നിങ്ങളുടെ നന്മയ്ക്കുവേണ്ടി വളരെ അധ്വാനിച്ചവളായ മറിയയെ വന്ദനം അറിയിക്കുക.
7 എന്നോടൊപ്പം കാരാഗൃഹത്തിൽ ആയിരുന്നിട്ടുള്ള എന്റെ ബന്ധുക്കളായ അന്ത്രൊനിക്കോസിനെയും യൂനിയയെയും വന്ദനം അറിയിക്കുക. അവർ എനിക്കുമുമ്പേ ക്രിസ്തുവിൽ വിശ്വസിച്ചവരും അപ്പൊസ്തലന്മാരുടെ മധ്യേ സുപ്രസിദ്ധരുമാണ്.
8 കർത്താവുമായുള്ള കൂട്ടായ്മയിൽ ഞാൻ വളരെ സ്നേഹിക്കുന്ന അംപ്ളിയാത്തോസിനെ വന്ദനം അറിയിക്കുക.
9 ക്രിസ്തുവിന്റെ ശുശ്രൂഷയിൽ ഞങ്ങളുടെ സഹപ്രവർത്തകനായിരുന്ന ഉർബനൊസിനെയും ഞാൻ വളരെ സ്നേഹിക്കുന്ന സ്റ്റാക്കിസിനെയും വന്ദനം അറിയിക്കുക.
10 ക്രിസ്തുവിനോടുള്ള ഭക്തിയിൽ പൊതുസമ്മതനായ അപ്പെലേസിനെ വന്ദനം അറിയിക്കുക.
അരിസ്റ്റോബുലോസിന്റെ കുടുംബാംഗങ്ങളെയും വന്ദനം അറിയിക്കുക.
11 എന്റെ ബന്ധുവായ ഹെരോദിയോനെ വന്ദനം അറിയിക്കുക.
നർക്കിസുസിന്റെ കുടുംബത്തിൽ കർത്താവിൽ വിശ്വസിക്കുന്നവരെ വന്ദനം അറിയിക്കുക.
12 കർത്താവിന്റെ ശുശ്രൂഷയിൽ അധ്വാനിക്കുന്ന സഹോദരിമാരായ ത്രുഫൈനെയെയും ത്രുഫോസെയെയും വന്ദനം അറിയിക്കുക.
കർത്താവിന്റെ ശുശ്രൂഷയിൽ വളരെയേറെ അധ്വാനിച്ചിട്ടുള്ള സഹോദരി പ്രിയ പെർസിസിനെയും വന്ദനം അറിയിക്കുക.
13 ശുശ്രൂഷയ്ക്കുവേണ്ടി കർത്താവിനാൽ തെരഞ്ഞെടുക്കപ്പെട്ട രൂഫൊസിനെയും അവന്റെ മാതാവിനെയും വന്ദനം അറിയിക്കുക, അവർ എന്റെയും മാതാവുതന്നെ.
14 അസുംക്രിതോസ്, ഫ്ലേഗോൺ, ഹെർമെസ് ഇവരെയും കൂടെയുള്ള സഹോദരങ്ങളെയും വന്ദനം അറിയിച്ചാലും. പത്രൊബാസിനും ഹെർമാസിനും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുക.
15 ഫിലോലോഗോസ്, യൂനിയ, നെരെയുസ്, അവന്റെ സഹോദരി, ഒലുമ്പാസ് എന്നിവരെയും അവരുടെ കൂടെയുള്ള എല്ലാ ക്രിസ്തുവിശ്വാസികളെയും വന്ദനം അറിയിക്കുക.
16 ക്രിസ്തീയ സ്നേഹചുംബനത്താൽ എല്ലാവരും പരസ്പരം അഭിവാദനംചെയ്യുക.
ക്രിസ്തുവിന്റെ എല്ലാ സഭയും വന്ദനം അറിയിക്കുന്നു.
ഭിന്നതകൾ ഉണ്ടാക്കുന്നവരെ ഒഴിവാക്കുക
ഭിന്നതകളെയും അവയ്ക്കു കാരണക്കാരായവരെയും ഒഴിവാക്കാൻ പൗലോസ് അവർക്കു വീണ്ടും മുന്നറിയിപ്പു നൽകുന്നു. അത്തരക്കാർ ക്രിസ്തുവിന്റെ ഉപദേശം പ്രസംഗിച്ചുകൊണ്ട് അവിടത്തെ സേവിക്കുന്നില്ല; അവർ ലൗകികലാഭത്തിനുമാത്രം ആർത്തിയുള്ളവരാണ്; ആത്മീയവരങ്ങൾ ഒന്നുമില്ലാത്ത അവർ മധുരവാക്കുകളാലും മുഖസ്തുതിയാലും നിഷ്കളങ്കരായ ക്രൈസ്തവ വിശ്വാസികളുടെ ഹൃദയങ്ങളെ വഞ്ചിക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നു. അവരുടെ ഇപ്പോഴത്തെ അനുസരണത്തിൽ അദ്ദേഹം ആനന്ദിക്കുന്നു; നല്ലതു തിരിച്ചറിയുന്നതിലും ചെയ്യുന്നതിലും തുടരാനും, തിന്മയെ സംബന്ധിച്ചു നിർമലരും, അഥവാ നിഷ്കളങ്കരും ആയിരിക്കാനും, അതായത് എല്ലാ വ്യാജോപദേശങ്ങളും എല്ലാ ദുർമാതൃകകളും ഒഴിവാക്കാനും, അദ്ദേഹം അവരെ ഉദ്ബോധിപ്പിക്കുന്നു. സഭയിൽ ഭിന്നതകൾ കൊണ്ടുവരുന്ന സാത്താന്റെ ദൂതന്മാരുടെ അതിവേഗമുള്ള നാശം അദ്ദേഹം മുൻകൂട്ടിപ്പറയുന്നു; തന്റെ ആശീർവാദത്തോടെ അവസാനിപ്പിക്കുന്നു.
17 സഹോദരങ്ങളേ, ഞാൻ നിങ്ങളോട് അപേക്ഷിക്കട്ടെ: നിങ്ങൾ പഠിച്ച ഉപദേശസത്യങ്ങൾക്ക് എതിരായുള്ളവ ഉപദേശിച്ച് ഭിന്നതയും വിശ്വാസജീവിതത്തിനു തടസ്സവും സൃഷ്ടിക്കുന്നവരെ സൂക്ഷിക്കുക. അവരുമായുള്ള ബന്ധം ഒഴിവാക്കുക. 18 അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനല്ല, സ്വന്തം താത്പര്യങ്ങൾക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നവരാണ്. മധുരഭാഷണത്തിലൂടെയും മുഖസ്തുതിയിലൂടെയും നിഷ്കളങ്കരായവരുടെ ഹൃദയങ്ങളെ അവർ വശീകരിച്ചു വഞ്ചിക്കുന്നു. 19 നിങ്ങളുടെ അനുസരണശീലത്തെക്കുറിച്ച് എല്ലാവരും അറിയുന്നതുകൊണ്ട് ഞാൻ ആനന്ദിക്കുന്നു; എങ്കിലും, നിങ്ങൾ നല്ലതിനെക്കുറിച്ചു ജ്ഞാനമുള്ളവരും തിന്മയായുള്ളതിനെക്കുറിച്ചു നിഷ്കളങ്കരും ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
20 സമാധാനത്തിന്റെ ഉറവിടമായ ദൈവം വളരെവേഗം സാത്താനെ നിങ്ങളുടെ കാൽക്കീഴിൽ തകർക്കും.
കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
അഭിവാദനങ്ങളും ഏകജ്ഞാനിയായ ദൈവത്തിനു മഹത്ത്വവും
ഒരു അനുബന്ധക്കുറിപ്പിൽ പൗലോസ് തന്നോടൊപ്പമുണ്ടായിരുന്ന പലരുടെയും അഭിവാദനങ്ങൾ അറിയിക്കുന്നു. മോശയുടെ ന്യായപ്രമാണം കൂടാതെ ക്രിസ്തുവിലുള്ള യഥാർഥ വിശ്വാസത്തിൽ അവരെ ഉറപ്പിക്കാൻ ഏകമായി ശക്തിയുള്ള ദൈവത്തിനു മഹത്ത്വം നൽകിക്കൊണ്ട് അദ്ദേഹം എല്ലാം സംഗ്രഹിക്കുന്നു. ഇത് ഒരിക്കൽ രഹസ്യമായി സൂക്ഷിക്കപ്പെട്ട ഒരു മർമ്മമായിരുന്നു (യെഹൂദേതരരുടെ വിളിയെക്കുറിച്ച് മുൻകൂട്ടി പ്രവചിക്കപ്പെട്ടിരുന്നെങ്കിലും). എന്നാൽ ഇപ്പോൾ, പൗലോസിനു വെളിപ്പെടുത്തപ്പെട്ട നിത്യനായ ദൈവത്തിന്റെ കൽപ്പനയാൽ ഇത് അറിയിക്കപ്പെട്ടിരിക്കുന്നു; അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ എല്ലാ ജനതകളും വിശ്വാസത്തിന്റെ അനുസരണം അറിഞ്ഞ് വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതിനാണിത്. “ഏകജ്ഞാനിയായ ദൈവത്തിന് എന്നേക്കും മഹത്ത്വം ഉണ്ടാകട്ടെ.”
21 എന്റെ സഹപ്രവർത്തകനായ തിമോത്തിയോസും എന്റെ ബന്ധുക്കളായ ലൂക്യൊസ്, യാസോൻ, സോസിപത്രോസ് എന്നിവരും നിങ്ങളെ വന്ദനംചെയ്യുന്നു.
22 ഈ ലേഖനം കേട്ടെഴുതിയ തെർതോസ് എന്ന ഞാൻ കർത്താവിലുള്ള കൂട്ടായ്മയിൽ നിങ്ങളെ വന്ദനംചെയ്യുന്നു.
23 എനിക്കും ഇവിടെയുള്ള സഭയ്ക്കുമുഴുവനും ആതിഥ്യം അരുളുന്ന ഗായൊസ് നിങ്ങളെ വന്ദനംചെയ്യുന്നു.
നഗരത്തിലെ ധനകാര്യ ഉദ്യോഗസ്ഥനായ എരസ്തൊസും നമ്മുടെ സഹോദരനായ ക്വർത്തോസും നിങ്ങളെ വന്ദനംചെയ്യുന്നു.
24 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ, ആമേൻ!
25 യേശുക്രിസ്തുവിനെക്കുറിച്ച് ഞാൻ ഘോഷിക്കുന്ന എന്റെ സുവിശേഷത്തിന് അനുസൃതമായി, നിങ്ങളെ സുസ്ഥിരരാക്കാൻ കഴിയുന്ന ദൈവത്തിന് എല്ലാ മഹത്ത്വവും ഉണ്ടാകട്ടെ. ഈ സുവിശേഷമാണ്, അനാദികാലത്തിനുമുമ്പേ യെഹൂദേതരരെക്കുറിച്ച് ഗുപ്തമായിരുന്നതും 26 നിത്യനായ ദൈവത്തിന്റെ നിയോഗമനുസരിച്ച് പ്രവാചകലിഖിതങ്ങളിലൂടെ ഇപ്പോൾ വെളിപ്പെട്ടതുമായ ദൈവികരഹസ്യം; വിശ്വാസത്തിലൂടെ സംജാതമാകുന്ന അനുസരണത്തിലേക്ക് യെഹൂദേതരരും വന്നുചേരും എന്നതാണ്. 27 സർവജ്ഞാനിയായ ഏകദൈവത്തിന് യേശുക്രിസ്തുവിലൂടെ എന്നെന്നേക്കും മഹത്ത്വം! ആമേൻ.